പുരുഷന്മാരുമായുള്ള പ്രണയത്തിൽ ഫെമിനിസ്റ്റുകൾക്ക് എത്രത്തോളം മുങ്ങിത്താഴാൻ പറ്റുമെന്നതിൽ ഞാൻ സംശയാലുവാണ്.
തൃശൂർ കാലത്ത് നല്ല സൗഹൃദങ്ങളെ പോലെ നല്ല പ്രണയങ്ങളും ഉണ്ടായി. സ്ത്രീകൾക്ക് ഏറ്റവും നല്ല പ്രണയകാലം മുപ്പതുകളിലും നാല്പതുകളിലുമാണെന്നാണ് എനിക്ക് തോന്നാറുള്ളത്. മുപ്പത് വയസ്സിന് ശേഷമാണ് എന്റെ കൗമാരപ്രണയങ്ങൾ തുടങ്ങിയത്. കാലം പരിഗണിക്കുമ്പോൾ ഇതിൽ ഒരു പൊരുത്തക്കേടുണ്ട്. പക്ഷേ, പ്രണയത്തിന്റെ സ്വഭാവവിശേഷങ്ങൾ നോക്കുമ്പോൾ ആ വിശേഷണമാണ് ചേരുന്നത്. കൂടുതൽ റൊമാൻസ്, ഉത്തരവാദിത്വങ്ങളുടെ ഭാരമില്ലാതിരിക്കൽ, വെറുതെ സ്വപ്നം കാണുക, കൂടുതൽ സമയം അകന്നിരിക്കുന്നതിനാൽ അടുക്കാനുള്ള ആഗ്രഹം എന്നിങ്ങനെയൊക്കെ ഉള്ളത്. ഒരു സന്ധ്യക്ക് അയാൾ പെട്ടെന്ന് വന്ന്, "നമുക്കൊന്ന് നടക്കാൻ പോയാലോ' എന്ന് പറഞ്ഞു. അതപ്പോൾ പ്രണയത്തിലേക്ക് വഴുതി വീഴും എന്ന് കരുതിയില്ലെങ്കിലും പതിയെ നോവാതെ അതിലേക്ക് വീണു എന്ന് പറയാം. പ്രണയത്തിലേക്ക് വീഴുകയാണോ അതിലേക്ക് ഉയരുകയാണോ വേണ്ടത് എന്ന് ചിന്തിക്കാവുന്നതാണ്. "ഫാൾ ഇൻ ലവ്' ആണോ "റൈസ് ഇൻ ലവ്' ആണോ എന്നത്.
പ്രണയങ്ങളിലേക്ക് ഞാൻ വഴുതി വീഴാൻ ഒരു പരിധി വരെ കാരണം മൈത്രേയനാണ്. പ്രണയങ്ങളെ വളരെ അധികം പ്രോത്സാഹിക്കുന്ന ആളാണ് അദ്ദേഹം. മൈത്രേയൻ അതേക്കുറിച്ച് പറയുന്നത് കേട്ടാൽ, പ്രണയിക്കാത്തവരുടെ ജീവിതം പാഴാണെന്നു തോന്നും
പ്രണയത്തിലേക്ക് വീഴുന്നത് ഉറക്കത്തിലേക്ക് ആലസ്യത്തോടെ വീഴുന്നത് പോലെയാണ്. ഉറക്കത്തിൽ നിന്ന് ഉണർന്നു വരാനുള്ള എല്ലാ സംവിധാനങ്ങളും ശരീരം ഒരുക്കി വച്ചിട്ടുണ്ട്. പരിണാമപരമായി നോക്കിയാൽ, പ്രണയം മനുഷ്യർ അടുത്ത കാലത്ത് കണ്ടെത്തിയതായതിനാൽ അതിൽ നിന്ന് കര കയറാനുള്ള സംവിധാനങ്ങൾ ശരീരം ഒരുക്കിയിട്ടില്ല. പ്രണയനൈരാശ്യം മൂലം പലരും ഇപ്പോഴും ആത്മഹത്യ ചെയ്യുന്നുണ്ടല്ലോ. അതിൽ മുങ്ങിത്താഴാൻ കഴിഞ്ഞാലേ യഥാർത്ഥ പ്രണയമാകൂ എന്ന് കാണുന്നവരുമുണ്ട്. ഏതായാലും പുരുഷന്മാരുമായുള്ള പ്രണയത്തിൽ ഫെമിനിസ്റ്റുകൾക്ക് എത്രത്തോളം മുങ്ങിത്താഴാൻ പറ്റുമെന്നതിൽ ഞാൻ സംശയാലുവാണ്.
നളിനി (ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ എഴുതിയ നളിനി ജമീല) പറയാറുണ്ട് , "ജയശ്രീക്ക് എട്ടു മണിക്കൂറിൽ കൂടുതൽ ഒരാളെ പ്രണയിക്കാൻ കഴിയില്ലെന്ന്'. വേറൊരു സന്ദർഭത്തിലാണെങ്കിലും പൗലോ കൊയ്ലോയുടെ ലെവൻ മിനുട്‌സ് ആണ് അപ്പോൾ എനിക്കോർമ്മ വന്നത്. നല്ല നിരീക്ഷണ പാടവമുള്ള ആളാണ് നളിനി. അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി. എട്ടു മണിക്കൂർ എന്നത് കുറച്ച് കൂടി വലിച്ച് നീട്ടാൻ കഴിയുമായിരിക്കും. ""സ്ത്രീകൾ, ശുക്രനിൽ നിന്നും, പുരുഷൻമാർ, ചൊവ്വയിൽ നിന്നുമാണെ''ന്ന വചനം ഏറെക്കുറെ ശരിയാണ്. അവർ വ്യത്യസ്ത ലോകങ്ങളിൽ നിലകൊള്ളുന്നതിനാൽ, പ്രണയത്തിന്റെ കാര്യത്തിലും ഒരേ വേവ്‌ലെങ്ങ്തി(wavelength)ൽ വരുന്നത് ചുരുങ്ങിയ സമയം മാത്രമായിരിക്കും.
സമൂഹത്തിൽ എല്ലാ മേഖലകളിലും ആനുകൂല്യം കിട്ടുന്നവരാണ് പുരുഷന്മാർ. അവർക്ക് സ്ത്രീകളുടെ സേവനം ലഭിക്കുകയും അത് അവർ നന്നായി ആസ്വദിക്കുകയും ചെയ്യും. വേറെ സ്ത്രീകളൊന്നുമില്ലെങ്കിൽ പോലും "അമ്മ' എന്ന സ്ത്രീ എപ്പോഴുമുണ്ടായിരിക്കും. അമ്മയുടെ "കെയറി'ൽ നിന്ന് മുക്തരാകാൻ അവർക്ക് പ്രയാസമാണ്. മുക്തരാകണമെങ്കിൽ മറ്റുള്ളവർക്ക് കെയർ നൽകാൻ അവർ പഠിക്കുകയും പ്രാപ്തരാകുകയും വേണം. സ്ത്രീകളെ പ്രണയിക്കുന്നതിന്റെ ആദ്യഘട്ടത്തിൽ പുരുഷന്മാർ ഇത് ചെയ്യാറുണ്ട്. പക്ഷെ, ഇത് നിലനിർത്തി കൊണ്ട് പോകാൻ അവർക്ക് പ്രയാസമാണ്. അതുകൊണ്ട് അവരുമായുള്ള ബന്ധം ആ ആദ്യഘട്ടത്തിൽ ഒതുക്കി നിർത്താനാണ് എനിക്കിഷ്ടം. പുരുഷന്മാരെ പോലെ കെയർ ലഭിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. മൈത്രേയനുമായുള്ള ബന്ധം ദീർഘകാലം നിലനിൽക്കാനുള്ള ഒരു കാരണം, കെയർ നൽകാൻ കഴിവുള്ള ആളായത് കൊണ്ടാണ്. അത് പ്രണയം മാത്രമായ ബന്ധവുമല്ല; പ്രണയം അതിൽ ഒരുഘടകം മാത്രമാണ്.
പ്രണയങ്ങളിലേക്ക് ഞാൻ വഴുതി വീഴാൻ ഒരു പരിധി വരെ കാരണം മൈത്രേയനാണ്. പ്രണയങ്ങളെ വളരെ അധികം പ്രോത്സാഹിക്കുന്ന ആളാണ് അദ്ദേഹം. മൈത്രേയൻ അതേക്കുറിച്ച് പറയുന്നത് കേട്ടാൽ, പ്രണയിക്കാത്തവരുടെ ജീവിതം പാഴാണെന്നു തോന്നും. മൈത്രേയൻ പറയുന്നത് കേട്ട് പ്രണയിച്ച ധാരാളം പേരുണ്ട്. ചിലരൊക്കെ പെട്ട് പോവുകയും ചിലർ രക്ഷപ്പെടുകയും ചെയ്തു. ഏതനുഭവമായാലും അത് ജീവിതത്തെ സമ്പന്നമാക്കുന്നതാണ്. കരകയറി വരുമ്പോൾ രണ്ടുപേർക്കും ഇടയിലുള്ള അസന്തുലിതയെ കുറിച്ച് ബോധമുണ്ടാവണമെന്നു മാത്രം.
എന്നെ അതിശയിപ്പിച്ചു കൊണ്ട്, സ്വന്തം പങ്കാളിയെ അയാളുടെ പുതിയ കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു യുവതിയെ അടുത്തിടെ പരിചയപ്പെട്ടു. അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി അങ്ങനെ ചെയ്ത ആ സ്ത്രീയോട് വളരെ ആദരവ് തോന്നി.
എല്ലാ ആനുകൂല്യങ്ങളുമുള്ളതിനാൽ പുരുഷന്മാർക്ക് പ്രണയം ഒരു ആഡംബരമാണ്. ചാരിത്യ്രം സൂക്ഷിക്കുന്നതായി തെളിയിക്കേണ്ടതുമില്ല. അതു നൽകുന്ന മാനസിക സ്വാതന്ത്ര്യം പ്രണയത്തിൽ അവർക്ക് പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ, സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. വിവാഹ പൂർവ പ്രണയമാണെങ്കിൽ അത് വിവാഹത്തിൽ അവസാനിക്കണമെന്ന് കാമുകിക്കും ചിന്തിക്കേണ്ട സാഹചര്യമാണുള്ളത്. മറ്റുള്ളവരും അതിനായി നിർബ്ബന്ധം പിടിക്കും. അതുകൊണ്ട് അപ്പോൾ തന്നെ കാമുകന് എല്ലാ അധികാരവും പ്രകടിപ്പിക്കാൻ കഴിയും. ബന്ധം അവസാനിപ്പിച്ചാൽ കാമുകന്മാർ ബ്ലാക് മെയിൽ ചെയ്യുന്ന സംഭവങ്ങളുമുണ്ട്. വിവാഹേതര ബന്ധങ്ങളാണെങ്കിലോ, ജീവിതം തന്നെ അപകടത്തിലാകുന്ന അവസ്ഥയായിരിക്കും സ്ത്രീകൾക്കുള്ളത്. ജാരന്മാർക്കും അപൂർവ്വം ചിലപ്പോൾ ജീവൻ നഷ്ടപ്പെട്ടു കൂടായ്കയില്ല. ‘ഞാൻ അവളെ ഇന്ന് കൊല്ലും' എന്ന് പറഞ്ഞ് വിറയ്ക്കുന്ന കൈകളോടെ എന്റെ കൗൺസിലിംഗ് മുറിയിൽ ഇരുന്നിട്ടുള്ള ഭർത്താക്കന്മാരെ ഞാനോർക്കുന്നു. ഒരു പക്ഷെ, അവരുടെ മതിഭ്രമം മാത്രമാകാമത്. ചിത്തഭ്രമം ഉണ്ടാകുന്ന തരത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന പൊസ്സസ്സീവ്‌നെസ്സ് ആണ് നമ്മൾ വളർത്തിയെടുത്തിട്ടുള്ളത്. ഇത് സ്ത്രീക്കുമുണ്ടാകുമെങ്കിലും, അവളെ സമൂഹം പിന്തുണക്കുന്നില്ല. സമൂഹത്തിൽ ഉന്നതനിലയിൽ ജീവിക്കുന്ന സ്ത്രീകൾ, അവരുടെ കാമുകന്മാർ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നതായി അറിയിച്ചു കൊണ്ട് സഹായത്തിനായി എന്നെ വിളിക്കാറുണ്ട്. " "നോക്കൂ, ജീവൻ നില നിർത്തുക തന്നെയാണ് ഏറ്റവും പ്രധാനം. പ്രണയത്തെ കുറിച്ച് രണ്ടാമത് ചിന്തിക്കാം '' എന്ന് വിവാഹിതകളായ സ്ത്രീകളോട് പറയാൻ തോന്നും. പക്ഷെ, ഉടൻ തന്നെ എന്റെ ചിന്ത മറ്റൊരു വഴിക്ക് നീങ്ങും. ഇത്രയധികം വിലക്കുകളുണ്ടായിട്ടും അപകടങ്ങളുണ്ടാകാമെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് വിവാഹിതകളിൽ കുറച്ച് പേരെങ്കിലും മറ്റു പ്രണയങ്ങളിൽ പെടുന്നത്? അത് അത്ര മേൽ സ്വാഭാവികവും ജൈവികവുമായതു കൊണ്ടല്ലേ? ഇപ്പോഴത്തെ അവസ്ഥയിൽ സ്ത്രീകളും അവരുടെ പങ്കാളികളുടെ മേൽ വളരെ പൊസ്സസീവ് ആണ്. അവർക്ക് പ്രണയിക്കാൻ സാധ്യത കുറവായതു കൊണ്ടാവാം. മറ്റു സാധ്യതകൾ ഉള്ളപ്പോഴും ഞാൻ മൈത്രേയന്റെ കാര്യത്തിൽ വളരെ പൊസ്സസ്സീവ് ആയിരുന്നു. അതിനെ സ്വയം പരിശോധിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് മാത്രം. എന്നെ അതിശയിപ്പിച്ചു കൊണ്ട് സ്വന്തം പങ്കാളിയെ അയാളുടെ പുതിയ കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു യുവതിയെ അടുത്തിടെ പരിചയപ്പെട്ടു. അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി അങ്ങനെ ചെയ്ത ആ സ്ത്രീയോട് വളരെ ആദരവ് തോന്നി.
എട്ടു മുതൽ എണ്ണൂറു മണിക്കൂർ മാത്രം നീളുന്ന എന്റെ പ്രണയങ്ങൾ മുറിയാനുള്ള കാരണങ്ങളിലൊന്ന് ഭാര്യമാരോടുള്ള അനുതാപമാണ്. തുടങ്ങിവച്ചാലും അവരുടെ കുടുംബത്തോടും പങ്കാളിയോടും തുറന്ന് നിൽക്കാൻ കഴിയുന്നില്ലെങ്കിൽ മനഃസാക്ഷിക്ക് പ്രശ്‌നമുണ്ടാകും. കമല സുരയ്യയും ഒരു സ്വകാര്യ സംഭാഷണത്തിൽ ഇതുതന്നെ പറഞ്ഞിട്ടുണ്ട്. "നമ്മൾ അവരുടെ കുടുംബത്തെയും ഭാര്യയേയും ഓർക്കണ്ടെ' എന്ന്. എപ്പോഴെങ്കിലും നിൽക്കുന്നിടം ഇളകിയെന്ന് തോന്നിയാൽ അവരെയാണ് വിളിച്ചിരുന്നത്. "ജയശ്രീ, കുറച്ച് ദിവസം വന്ന് എന്നോടൊപ്പം താമസിക്കൂ ' എന്ന് കേൾക്കുമ്പോൾ തന്നെ ഉറച്ചു നിൽക്കാനുള്ള കരുത്ത് എനിക്ക് കിട്ടും.
എന്റെ പ്രണയികളാരും എന്നെ വേദനിപ്പിച്ചിട്ടില്ല. മറിച്ച് അവർക്കങ്ങനെ എന്നിൽ നിന്നുണ്ടായോ എന്നറിയില്ല. മൃദുചുംബനങ്ങളും, ഒഴുകിയെത്തുന്ന നൂറു കണക്കിന് കവിതകളും ഒരുമിച്ചുള്ള വായനകളും പ്രണയിനികളെ ഔന്നത്യത്തിലേക്കുയർത്തും. എന്നെ പ്രണയിക്കുന്നു എന്ന് പറയുകയും അതേ സമയം മറ്റ് സ്ത്രീകളുടെ സൗന്ദര്യത്തെ പുകഴ്ത്തുകയും ചെയ്യുന്നവരെ ഞാൻ സ്വീകരിക്കാറില്ല. പ്രണയിക്കുന്ന സമയത്ത് പ്രണയിനിയിൽ മാത്രം സൗന്ദര്യം കണ്ടെത്തുക എന്നത് ഒരു മിനിമം യോഗ്യതയായിട്ടാണ് ഞാൻ കാണുന്നത്. ധ്യാനസമാനമായ സമർപ്പണമാണ് പ്രണയം.
വ്യക്തി ബന്ധങ്ങളിൽ വീണ് തകരാതിരിക്കണമെങ്കിൽ സാമൂഹ്യമായ നില ഉറപ്പിച്ചെടുക്കേണ്ടതുണ്ട്. സ്ത്രീകൾ കൂട്ട് ചേരേണ്ട ആവശ്യം അവിടെ ഏറ്റവും ആവശ്യമായി വരും. ബ്ലാക് മെയിലിംഗിന് വിധേയമായി ശ്വാസം മുട്ടി ജീവിക്കുന്ന സ്ത്രീകളെ അറിയുമ്പോഴെല്ലാം ഇത് തോന്നാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ കൂട്ട് ചേരാനുള്ള അവസരങ്ങൾ നൽകുകയും കുറെ സ്ത്രീകളെങ്കിലും അതുപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇന്റിമസി (Intimacy) എവിടെയെങ്കിലും തളച്ചിടുന്നത് കൊണ്ട് സ്ത്രീകൾക്ക് പ്രയോജനമൊന്നുമില്ല. പുരുഷന്മാർക്ക് പ്രയോജനമുണ്ട് താനും. പുറമേക്ക് സൗഹൃദങ്ങളെങ്കിലും സ്ത്രീകൾ നിർബ്ബന്ധമായും വളർത്തി എടുക്കണം. വ്യക്തിപരം, സാമൂഹ്യം എന്നതിന്റെ അതിർ വരമ്പ് ഭേദിച്ചാലേ സ്ത്രീകൾക്ക് രക്ഷപ്പെടാൻ കഴിയൂ.
ആരോഗ്യത്തിന്റെ ജനകീയമായ വശവും സാമ്പത്തിക രാഷ്ട്രീയമാനങ്ങളും തിരിച്ചറിയാൻ പരിഷത്ത് കാഴ്ചപ്പാട് എന്നെ സഹായിച്ചു. രോഗചികിത്സയെ പറ്റി എനിക്കുണ്ടായിരുന്ന പല ധാർമിക പ്രശ്‌നങ്ങളെയും വേറൊരു കാഴ്ചപ്പാടിൽ നിന്ന് കാണാനായി. ഇതൊരളവുവരെ വലിയ ആശ്വാസമായിരുന്നു.
ഒരു ദിവസം സമതയുടെ ക്യാമ്പിൽ വന്ന പത്മാലയ, സരസ്വതി എന്ന രണ്ട് സ്ത്രീകളെ ഉഷാകുമാരി ടീച്ചർ എനിക്ക് പരിചയപ്പെടുത്തി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകരായിരുന്നു അവർ. ജയശ്രീക്ക് പ്രവർത്തിക്കാൻ പറ്റിയ മേഖലയാണ് ഇവരുടേത് എന്ന് പറയുകയും ചെയ്തു. അതിനു മുമ്പ് പരിഷത്തുമായി കുറച്ച് അകന്നു നിന്ന് കൊണ്ടുള്ള പരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.
അവർ എന്നെ പരിഷത്തിന്റെ ഓഫീസിലേക്ക് ക്ഷണിച്ചു. അവിടെ അപ്പോൾ കേരളത്തിന്റെ ആരോഗ്യ സർവേയെ പറ്റിയുള്ള ചർച്ച നടക്കുകയായിരുന്നു. ഡോ. ബി.ഇക്ബാൽ, ഡോ. കെ.പി.അരവിന്ദൻ, ഡോ. കെ.ആർ. തങ്കപ്പൻ എന്നിവരൊക്കെ അതിലുണ്ടായിരുന്നു. എന്റെ ഫീൽഡ് ആയതു കൊണ്ട് പെട്ടെന്ന് അതുമായി ഞാൻ കണക്ടഡ് ആയി. പെട്ടെന്ന് സൗഹൃദമുണ്ടാക്കാൻ അസാമാന്യമായ കഴിവുള്ള ആളാണ് ഡോ. ഇക്ബാൽ. ആ പഠനത്തിന്റെ ചർച്ചയും അതേ തുടർന്ന് മനസ്സിലാക്കിയ ആരോഗ്യത്തെ പറ്റിയുള്ള പരിഷത്ത് കാഴ്ചപ്പാടും എല്ലാം ആരോഗ്യത്തിന്റെ ജനകീയമായ വശവും സാമ്പത്തിക രാഷ്ട്രീയമാനങ്ങളും തിരിച്ചറിയാൻ സഹായിച്ചു.
രോഗചികിത്സയെ പറ്റി എനിക്കുണ്ടായിരുന്ന പല ധാർമിക പ്രശ്‌നങ്ങളെയും വേറൊരു കാഴ്ചപ്പാടിൽ നിന്ന് കാണാനായി. ഇതൊരളവുവരെ വലിയ ആശ്വാസമായിരുന്നു. ചികിത്സാ സൗകര്യങ്ങൾ പാവപ്പെട്ടവരിലും എത്തിക്കുന്നതിന് ചാരിറ്റിക്കപ്പുറം ഘടനാപരവും നയപരവുമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് തോന്നി തുടങ്ങി. അന്നത്തെ പഠനം, പരിഷത്ത് പത്ത് വർഷം ഇടവിട്ട് മൂന്ന് പ്രാവശ്യം കൂടി ആവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടായ മാറ്റങ്ങൾ അറിയാൻ വിലപ്പെട്ട ഒരു പഠനമാണത്. അതോടെ പരിഷത്തുമായി കൂടുതൽ അടുക്കാനും കേരളത്തിന്റെ അതുവരെ അറിയാത്ത മറ്റൊരു മുഖം പരിചയപ്പെടുവാനും കഴിഞ്ഞു.
1984 ലാണ് ഭോപാൽ ദുരന്തമുണ്ടായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ ദുരന്തമായിരുന്നു അത്. എവറെഡി ബാറ്ററി ഒക്കെ ഉണ്ടാക്കുന്ന യൂണിയൻ കാർബൈഡ് ഫാക്ടറിയിലാണ് ഇതുണ്ടായത്. രണ്ടായിരത്തിലധികം ആളുകൾ ഉടൻ മരിക്കുകയും അഞ്ചു ലക്ഷത്തോളം പേരെ ബാധിക്കുകയും ചെയ്ത ദുരന്തമായിരുന്നു അത്. അതുണ്ടായപ്പോൾ തന്നെ ആ നടുക്കുന്ന വാർത്ത റേഡിയോയിൽ കേട്ടു. അന്ന് അതുവഴി പോകുന്ന ട്രെയിനുകളെല്ലാം വിഷവാതകങ്ങൾ ഏൽക്കാതെ ഷട്ടറുകൾ അടച്ചാണ് കടന്നു പോകുന്നതെന്നും വാർത്തയിൽ ഉണ്ടായിരുന്നു. ആ ദുരന്തത്തിന്റെ ഇരകളാക്കപ്പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടി ദീർഘകാലം സമരങ്ങൾ നടന്നിരുന്നു.
അന്നത്തെ സാഹചര്യത്തിലും ചുറ്റുമുള്ളവരുടെ സമ്പർക്കത്തിലും മാർക്‌സിസമാണ് അനുയോജ്യമായി കണ്ടത്. ജീവിതവീക്ഷണം ഉൾക്കൊള്ളാൻ വായിച്ചത് കൊണ്ട് മാത്രം ആവുകയില്ല. ബൗദ്ധികമായ അറിവിനോടൊപ്പം വൈകാരിക തലത്തിലും നിത്യജീവിതത്തിലെ എല്ലാ ഇടപാടുകളിലും മാറ്റങ്ങൾ വരുമ്പോഴേ നമുക്ക് പുതിയൊരു ജീവിതത്തിലേക്ക് മാറാൻ കഴിയൂ.
ഇപ്പോഴും ഹിരോഷിമ പോലെയും നാഗസാക്കി പോലെയുമുള്ള ഒരു മനുഷ്യ നിർമിത ദുരന്തത്തിന്റെ പ്രതീകമായി ഭോപാൽ നില കൊള്ളുന്നു. 1987 ൽ സയൻസ് പ്രചാരണ സംഘടനകളെല്ലാം ചേർന്ന് ""ഭാരത് ജൻ വിജ്ഞാൻ ജാഥ'' സംഘടിപ്പിച്ചിരുന്നു. നാല് ദിക്കുകളിൽ നിന്നും നാല് ജാഥകൾ ഭോപ്പാലിൽ വലിയ പ്രകടനത്തോടെ അവസാനിക്കാനായിരുന്നു പദ്ധതി.
പരിഷത്ത് പ്രവർത്തകരിൽ പ്രധാനിയായ എം.പി.പരമേശ്വരനായിരുന്നു അതിന് ദേശീയ തലത്തിൽ നേതൃത്വം നൽകിയിരുന്നത്. ശാസ്ത്രത്തെ ജനപക്ഷത്ത് കൊണ്ടുവരുകയും മനുഷ്യർക്കും പ്രകൃതിക്കും നാശമുണ്ടാക്കാത്ത തരത്തിൽ ശാസ്ത്രത്തിന്റെ ദിശ മാറ്റുകയും ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനമായിരുന്നു പരിഷത്ത് നടത്തിയത്. കേരളത്തിൽ നിന്ന് ഒരു ട്രെയിൻ മൊത്തമായാണ് ആ യാത്രക്കൊരുങ്ങിയത്. ഒരു ട്രെയിൻ മുഴുവൻ സ്വന്തം ആൾക്കാരുമായി യാത്ര ചെയ്യുക എന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു. എം.പി.പരമേശ്വരൻ, തോമസ് ഐസക്, ബി. ഇക്ബാൽ, കെ.കെ. കൃഷ്ണകുമാർ തുടങ്ങി പരിഷത്ത് നേതാക്കളെല്ലാം ആ യാത്രയിലുണ്ടായിരുന്നു. കമ്പാർട്ട്‌മെന്റുകൾ ജില്ല തിരിച്ചായിരുന്നു എങ്കിലും എല്ലാവരും ട്രെയിനിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഒറ്റക്കും കൂട്ടായും അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. എത്ര രസമായിരിക്കും എന്നാലോചിച്ച് നോക്കൂ. എഴുത്തുകാരും പാട്ടുകാരുമൊക്കെ ഉള്ള സംഘമായിരുന്നതുകൊണ്ട് പാട്ടുകൾ പാടുകയും രചിക്കുകയും, പല വിഷയങ്ങൾ ചർച്ച ചെയ്യുകയുമൊക്കെയായി ട്രെയിനിൽ കഴിഞ്ഞ മുഴുവൻ സമയവും ആവേശം നിറഞ്ഞതായിരുന്നു.
""എവറെഡി ബാറ്ററി ച്ചോഡ് ദോ, എവറെഡി ബാറ്ററി, ഹത്യാരീ ബാറ്ററി'' എന്നിങ്ങനെ യൂണിയൻ കാർബൈഡിനെതിരെ പലരും ഹിന്ദിയിൽ മുദ്രാവാക്യങ്ങളും ചമച്ചു. ജെ. ദേവികയും ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നതായി ഓർക്കുന്നു. അവിടെ എത്തിയ ദിവസം വൈകുന്നേരവും പിറ്റേന്ന് പകലുമൊക്കെ ജാഥയും സമ്മേളനങ്ങളും ഉണ്ടായിരുന്നു. നാല് ജാഥകളും ഒന്ന് ചേർന്ന് നഗരം മുഴുവനും ജനങ്ങൾ ഒഴുകി. സംഘടനകളിലെ ആളുകൾക്കിടയിൽ വൈകാരികവും ആശയപരവുമായ ബന്ധങ്ങൾ വളരുന്നതിന് ഒരുമിച്ചുള്ള യാത്രകൾ സഹായിക്കും. ആ യാത്രയിൽ ധാരാളം സ്ത്രീകളും ഉണ്ടായിരുന്നു. വടക്കേ ഇന്ത്യയിലേക്കുള്ള എന്റെ ആദ്യത്തെ യാത്ര കൂടി ആയിരുന്നു അത്. മൈത്രേയനോടൊപ്പം യാത്ര ചെയ്യാൻ ഞാൻ വളരെ ആഗ്രഹിച്ചിരുന്ന കാലമായിരുന്നു അത്. എന്നാൽ, എന്തോ തിരക്ക് കാരണം റയിൽവേ സ്റ്റേഷൻ വരെ വരാൻ പോലും സാധിച്ചില്ല എന്നത് യാത്രയിലെ സന്തോഷത്തിനിടയിലും ഒരു കരച്ചിൽ പോലെ ഇടക്കിടെ എന്റെ തൊണ്ടയിൽ തടഞ്ഞു വന്നു.
ജീവിതം മാറുന്നതിനനുസരിച്ച് ജീവിതവീക്ഷണവും മാറി കൊണ്ടിരുന്നു. മുന്നിൽ വരുന്ന എല്ലാറ്റിനെയും സമചിത്തതയോടെ നേരിടാൻ വേദാന്തത്തിന്റെ പരിചയം കൊണ്ട് ഞാൻ ശീലിച്ചിരുന്നു. മറ്റൊരു തരത്തിലും അത് വ്യാഖ്യാനിക്കാം. പ്രതിസന്ധികളൊന്നുമില്ലാത്ത സ്വസ്ഥമായ ജീവിതത്തെ ഒന്ന് ചിട്ടപ്പെടുത്തി നോക്കാൻ വേദാന്തത്തെ ഉപയോഗിച്ചു എന്ന തരത്തിൽ. എന്നാൽ, സമൂഹത്തിന്റെ ചിട്ടവട്ടങ്ങളിൽ നിന്ന് മാറുകയും അവ മാറ്റാൻ നോക്കുകയും ചെയ്യുമ്പോൾ പുതിയ കാഴ്ചകൾ വേണ്ടി വരും. അന്നത്തെ സാഹചര്യത്തിലും ചുറ്റുമുള്ളവരുടെ സമ്പർക്കത്തിലും മാർക്‌സിസമാണ് അനുയോജ്യമായി കണ്ടത്. ജീവിതവീക്ഷണം ഉൾക്കൊള്ളാൻ വായിച്ചത് കൊണ്ട് മാത്രം ആവുകയില്ല. ബൗദ്ധികമായ അറിവിനോടൊപ്പം വൈകാരിക തലത്തിലും നിത്യജീവിതത്തിലെ എല്ലാ ഇടപാടുകളിലും മാറ്റങ്ങൾ വരുമ്പോഴേ നമുക്ക് പുതിയൊരു ജീവിതത്തിലേക്ക് മാറാൻ കഴിയൂ. സിദ്ധാന്തമെന്ന നിലയിൽ വൈരുദ്ധ്യാത്മക ഭൗതികവാദവും, രീതിശാസ്ത്രമെന്ന നിലക്ക് ചരിത്രപരവും ഭൗതികവുമായ സമീപനങ്ങളുമാണ് മാർക്‌സിസം മുന്നോട്ടു വച്ചത്. എന്നാൽ, പ്രയോഗത്തിൽ നിന്ന് വേറിട്ട സിദ്ധാന്തത്തിന് ഇവിടെ അർത്ഥമില്ല. മൂല്യശാസ്ത്രപര (Axiological) മായി അത് രാഷ്ട്രീയ പ്രയോഗത്തെ കേന്ദ്രത്തിൽ വെക്കുന്നു. ഇങ്ങനെയുണ്ടായ ബോധ്യത്തിൽ നിന്ന് ഞാൻ രാഷ്ട്രീയ പ്രയോഗത്തിന് പരമാവധി പ്രാധാന്യം നൽകി. ഫെമിനിസ്റ്റ് പ്രയോഗത്തെ പൊതു സംഘടനകളിലേക്കെത്തിക്കുന്നതോടൊപ്പം ഇടതുപക്ഷ സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുകയും ആവശ്യമാണെന്ന് തോന്നി. ശാസ്ത്രസാഹിത്യപരിഷത്തിലെ ആരോഗ്യവിഭാഗം അതിന്റെ രാഷ്ട്രീയം കൂടി ഉൾക്കൊള്ളുന്നതിനാൽ അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായി. ക്സാസെടുക്കുന്നത് പൊതുവെ ഇഷ്ടമല്ലെങ്കിലും ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ആളുകൾക്ക് ക്ലാസെടുത്തു. അവരുടെ പ്രവർത്തനങ്ങൾ പ്രചോദിപ്പിച്ചില്ലെങ്കിലും എന്റെ ബോധ്യം കൊണ്ട് മാത്രം പുരോഗമന കലാസാഹിത്യസംഘത്തിന്റെ ജാഥകളിൽ പോലും പങ്കെടുത്തു.
അക്കാലത്ത് ഡോ. ഇക്ബാലിന്റെയൊക്കെ നേതൃത്വത്തിൽ ഇടതുപക്ഷ ചിന്തയുള്ള ഡോക്ടർമാരുടെ ഒരു സംഘത്തിന് രൂപം നൽകിയിരുന്നു. ഡോ:പി.കെ.ആർ.വാര്യർ, ഇ.എം.എസിന്റെ മകൾ, ഡോ. മാലതീ ദാമോദരൻ, ഡോ. സി.എൻ. പരമേശ്വരൻ, ഡോ. എം.ആർ ഗോവിന്ദൻ എന്നിവരൊക്കെ അതിലേക്ക് വന്നു. കിലോമീറ്ററുകളോളം സഞ്ചരിച്ച് താല്പര്യമുള്ള ഡോക്ടർമാരെ കണ്ടെത്തി മെമ്പർഷിപ് എടുപ്പിച്ചു. തൃശൂർ ജില്ലയുടെ ചുമതല എനിക്കായിരുന്നു. മെഡിക്കൽ വിദ്യാർത്ഥികളിൽ ഒരു വിഭാഗവും ഞങ്ങളോടോപ്പമുണ്ടായിരുന്നു. കുറെ ചർച്ച ചെയ്ത് മാനിഫെസ്റ്റോ തയാറാക്കുകയുവും സംസ്ഥാനതലസമ്മേളനം നടത്തുകയുമൊക്കെ ചെയ്തിരുന്നു. ഡോ:പി.കെ.ആർ. വാര്യർ പ്രസിദ്ധനായ തൊറാസിക് സർജനും അതോടൊപ്പം വളരെ ജനകീയമായ രീതിയിൽ ചികിത്സ നടത്തിയ ആളുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായിരുന്ന ദേവകീവാര്യർ സ്ത്രീ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. സംഘടന അധികം മുന്നോട്ടു പോയില്ലെങ്കിലും ഡോ:വാര്യരെയും കുടുംബത്തെയും പരിചയപ്പെടാനായത് വലിയ നേട്ടമായി വിചാരിക്കുന്നു. അവരുടെ വീട്ടിലെത്തിയാൽ യാതൊരു അപരിചിതത്വവും തോന്നുകയില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ടെലിഗ്രാം വന്നു. എന്റെ അമ്മക്ക് വലിയ ഒരു ട്രാഫിക് ആക്‌സിഡന്റുണ്ടായി എന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു എന്നുമുള്ള ടെലിഗ്രാം മൈത്രേയന്റെ അമ്മ അയച്ചതായിരുന്നു.
എല്ലാവരുമായും വളരെ സാതന്ത്ര്യത്തോടെ ഇടപെടാനാവും. തിരുവനന്തപുരത്ത് പട്ടത്താണ് ഡോക്ടറുടെ മകൻ ബാബുവും, ഭാര്യ ഷീലയും താമസിച്ചിരുന്നത്. ഡോക്ടർ അവിടെ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അവിടെയും പോകാറുണ്ടായിരുന്നു. വിശാലമായ ഒരിടമായാണ് അവരുടെ കുടുംബം അനുഭവപ്പെട്ടിട്ടുള്ളത്. എത്തിയാലുടൻ അദ്ദേഹം ദേവകീ എന്ന് വിളിച്ച്, ഒരുമിച്ച് സംസാരിക്കാനിരിക്കും. ചെറുവക്കൽ ഉണ്ടായിരുന്ന എന്റെ ക്ലിനിക് ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. വാർധക്യത്തിൽ അദ്ദേഹത്തിന് ഓർമ നഷ്ടപ്പെടുകയും കാണുമ്പോൾ തിരിച്ചറിയാതിരിക്കുകയും ചെയ്തു. മകൾ അനസൂയ ഓർമിപ്പിക്കാൻ ശ്രമിച്ചിട്ടും എന്നെ അദ്ദേഹത്തിന് ഓർക്കാൻ കഴിയാതെ വന്നത് വേദനിപ്പിച്ചു.
കോലഴിയിൽ നിന്ന് മാറി താമസിച്ചത് ചേറ്റുപുഴയിലേക്കാണ്. അവിടെ നിന്ന്അമലയിലേക്കുള്ള ദൂരം പഴയതു പോലെ തന്നെ. എനിക്ക് കോലഴി വീടായിരുന്നു കൂടുതൽ ഇഷ്ടമെങ്കിലും മറ്റുള്ളവർക്കെല്ലാം പൂമുഖത്ത് അരഭിത്തിയൊക്കെയുള്ള ചേറ്റുപുഴയിലെ പഴയ വീട് വളരെ ഇഷ്ടപ്പെട്ടു. കുറച്ച് കൂടി ഗ്രാമീണമായ അന്തരീക്ഷമായിരുന്നു അവിടെ. അടുത്തുള്ള ലൈബ്രറിയിൽ പുരോഗമനചിന്തയുള്ള ചെറുപ്പക്കാരെല്ലാം ഒത്തു കൂടിയിരുന്നു. ഓരോരുത്തരും എടുത്ത് പറയത്തക്ക വിശേഷഗുണങ്ങളുള്ളവർ. തൊഴിലാളികളും ഉദ്യോഗസ്ഥരും അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരും ഇടതു പക്ഷരാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്നവർ. എല്ലാ ദിവസവും വൈകുന്നേരം ഞങ്ങളും അവരോടൊപ്പം ലൈബ്രറിയിൽ ഒത്തു ചേർന്നു. രാഷ്ട്രീയം മാത്രമല്ല, ലോകത്തുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു. ചിലപ്പോൾ കനിയേയും കൂട്ടി. കുറച്ച് ഉള്ളിലേക്ക് നടന്നാൽ പാടത്തിന്റെ കരയിലെത്തും. അവിടെ മിക്കപ്പോഴും രാത്രി കുറെ എത്തുന്നത് വരെ എല്ലാവരും ചേർന്ന് സംസാരിച്ചു കൊണ്ടിരിക്കും. വൈകുന്നേരം ഞാൻ ആശുപത്രിയിൽ നിന്ന് വരാൻ താമസിച്ചാൽ, ഞാനൊറ്റക്ക് അവിടേക്ക് എത്തേണ്ടി വരും. ബാക്കി എല്ലാവരും നേരത്തെ പോയിട്ടുണ്ടാവും. പല പല ഇട വഴികളിലൂടെയും പാടത്തിന്റെ കരയിലെത്താം. പൊതുവെ, വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള എനിക്ക് ഒറ്റക്ക് അവിടെ എത്തുക എന്നത് റൂട്ട് പസിൽ ഗെയിം (Route puzzle game) പോലെയായിരുന്നു. എന്നാലും ഞാൻ കഷ്ടപ്പെട്ട് അവിടെ എത്തിയിരുന്നു. ഞാനൊഴികെ സ്ത്രീകളായി വേറാരും ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാൽ ചേറ്റുപുഴയിലെ ഏറ്റവും നല്ല ഓർമ ആ പാടത്തിന്റെ കരയിൽ ചെലവഴിച്ച സമയങ്ങളാണ്. അങ്ങേയറ്റം സമർപ്പണത്തോടെ ഇടതു പക്ഷരാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന യുവാക്കളെ അടുത്തറിയാൻ കഴിഞ്ഞു. ഇപ്പോഴും അന്നത്തെ പോലെ ആ നാട്ടിലേക്ക് ചെല്ലാം. പലരും രാഷ്ട്രീയമായി പല ദിശയിലേക്ക് മാറിയിട്ടുണ്ടെങ്കിലും സൗഹൃദം പഴയപോലെ നിലനിൽക്കുന്നു.
അമലയിൽ മൂന്നാമത്തെ വർഷം ഞാൻ ഗൈനക്കോളജി വകുപ്പിലേക്ക് മാറി.
ജെ.മേഴ്‌സിക്കുട്ടി അമ്മയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ബെറ്റിയും മകനും ആ ട്രെയിനിൽ ഉണ്ടായിരുന്നു. ആ വിവാഹത്തിൽ പങ്കെടുക്കാൻ അതെ ട്രെയിനിൽ പോകാൻ ഞാനും തീരുമാനിച്ചിരുന്നതാണ്. പക്ഷെ, അന്ന് ഡ്യൂട്ടി എടുക്കേണ്ടി വന്നതിനാൽ പോകാൻ സാധിച്ചില്ല. അത് നന്നായെന്ന് പിന്നീട് തോന്നി.
കട്ടിയുള്ള ചുരുണ്ട മുടി ഭംഗിയായി ചീകി ഒതുക്കിയ സൗമ്യനും സുമുഖനായ ഡോ:സ്റ്റാൻലിയോടോപ്പമായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്. അധികം ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാതിരുന്ന ഡോക്ടറുടെ കൺസൾട്ടേഷൻ റൂമിൽ എപ്പോഴും ശാന്തത നിറഞ്ഞു നിന്നു. ഓപ്പറേഷൻ തിയേറ്ററിലും സമാധാനപൂർണ്ണമായ അന്തരീക്ഷമായിരുന്നു. ഡോക്ടർ ആരെയും ശകാരിക്കുന്നത് ഞാൻ കേട്ടില്ല. സാധാരണ ഗൈനക്കോളജി തിയേറ്ററിൽ ആകെ ടെൻഷൻ ആയിരിക്കും. പൊതുവെ, അത് എന്നെയും ബാധിക്കുകയും ആത്മവിശ്വാസം കുറക്കുകയും ചെയ്തിരുന്നു. അത് വീണ്ടെടുക്കാനും സിസേറിയനും മറ്റു സർജ്ജറിയും അസിസ്റ്റ് ചെയ്യുന്നത് ആസ്വദിക്കാനും എനിക്ക് ആ കാലത്ത് കഴിഞ്ഞു.
ജർമനിയിൽ നിന്ന് ഇന്റേൺഷിപ് ചെയ്യാനെത്തിയ തോമസും അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. സാധാരണ പ്രസവം അറ്റൻഡ് ചെയ്യാൻ പോലും അവർക്കവിടെ അവസരം കിട്ടാതിരുന്നതിനാൽ, ഇവിടെ മാക്‌സിമം അവസരങ്ങൾ അതിനായി അയാൾ ഉപയോഗപ്പെടുത്തുകയും എന്റെ ജോലി കുറക്കുകയും ചെയ്തു. മനുഷ്യരുടെ എണ്ണം കൂടിയിരിക്കുകയും എല്ലാവരും ആശുപത്രിയിൽ പ്രസവിക്കുകയും ചെയ്യുന്ന നമ്മുടെ നാടും, പൊതുവെ ആളുകൾ കുറഞ്ഞിരിക്കുകയും, സ്ത്രീകൾ കുറെ പേരെങ്കിലും സ്വന്തം വീടുകളിൽ പ്രസവിക്കുകയും ചെയ്യുന്ന ജർമ്മനിയും തമ്മിലുള്ള അന്തരം തോമസ് വിവരിച്ചു തന്നു. ഡോ:സ്റ്റാൻലി ഏതാനും വർഷങ്ങൾക്ക് മുൻപ് അകാലത്തിൽ മരണമടഞ്ഞു എന്ന് ഈയിടെ അറിഞ്ഞപ്പോൾ വല്ലാതെ വിഷമം തോന്നി.
ആ സമയത്ത് ജോലി ആസ്വദിച്ചിരുന്നു എങ്കിലും അങ്ങനെ തന്നെ തുടർന്ന് പോകാൻ കഴിയില്ല എന്ന തോന്നൽ ശക്തമായി. മത്സര പരീക്ഷകൾ എഴുതാൻ എനിക്ക് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും ഒരു മാറ്റം അനിവാര്യമായി തോന്നിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ടെലിഗ്രാം വന്നു. എന്റെ അമ്മക്ക് വലിയ ഒരു ട്രാഫിക് ആക്‌സിഡന്റുണ്ടായി എന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു എന്നുമുള്ള ടെലിഗ്രാം മൈത്രേയന്റെ അമ്മ അയച്ചതായിരുന്നു. അന്ന് കനിയും എന്റെ വീട്ടിലുണ്ടായിരുന്നു. അച്ഛന് ആയിടക്ക് ഒരു ഹാർട്ട് അറ്റാക് വന്നിരുന്നതിനാൽ ഞാൻ വല്ലാതെ അസ്വസ്ഥപ്പെട്ടു. കുറച്ച് നേരത്തേക്ക് അപ്‌സെറ്റ് ആയെങ്കിലും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയാൻ ശ്രമിച്ചു. എം.എ.ബേബി അന്ന് തൊട്ടടുത്ത വീട്ടിലാണ് ഉണ്ടായിരുന്നത്.
ബെറ്റിബേബിയുടെ അച്ഛനും അമ്മയും താമസിച്ചിരുന്ന അവരുടെ സ്വന്തം വീടായിരുന്നു അത്. ഇടക്കിടെ അവിടെ പോവുകയും സുഹൃത്തുക്കളാവുകയും ചെയ്തിരുന്നു. അതിനു കുറച്ച് മാസങ്ങൾക്ക് മുൻപാണ് കൊല്ലത്തിനടുത്ത് പെരുമണിൽ ഐലന്റ് എക്‌സ്പ്രസ് മറിഞ്ഞ് വലിയൊരു ദുരന്തം സംഭവിച്ചത്. ജെ.മേഴ്‌സിക്കുട്ടി അമ്മയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ബെറ്റിയും മകനും ആ ട്രെയിനിൽ ഉണ്ടായിരുന്നു. ആ വിവാഹത്തിൽ പങ്കെടുക്കാൻ അതെ ട്രെയിനിൽ പോകാൻ ഞാനും തീരുമാനിച്ചിരുന്നതാണ്. പക്ഷെ, അന്ന് ഡ്യൂട്ടി എടുക്കേണ്ടി വന്നതിനാൽ പോകാൻ സാധിച്ചില്ല. അത് നന്നായെന്ന് പിന്നീട് തോന്നി. അന്ന് വൈകുന്നേരം ആശുപത്രിയിലെ ടെലിവിഷനിൽ പെരുമൺ ദുരന്തം അപ്രതീക്ഷിതമായി കണ്ട് ഞെട്ടി തരിച്ചിരുന്നു പോയി. ബെറ്റിയും മകനും രക്ഷപ്പെട്ടതൊക്കെ ഞങ്ങൾ ഒരുമിച്ചിരുന്ന് പലപ്പോഴും സംസാരിച്ചിരുന്നു.
അമ്മയുടെ വിവരം അറിഞ്ഞ ഉടനെ പെട്ടെന്ന് തന്നെ ബേബി മെഡിക്കൽ കോളേജിലേക്ക് വിളിച്ച് കാര്യങ്ങൾ അറിയുകയും മറ്റും ചെയ്തു. ഒരുവിധം ആശ്വാസത്തോടെ ഞാനും മൈത്രേയനും അപ്പോൾ തന്നെ തിരുവനന്തപുരത്തേക്ക് ബസ് കയറി. ബസ്സിൽ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നപ്പോൾ ഭാവി പുതിയൊരു ദിശയിലേക്ക് തിരിയുന്നതായി തോന്നി. തിരമാലകൾ പോലെ ഉയർന്നും താണും നീങ്ങുന്ന ജീവിതത്തിനു മുന്നിൽ ഒരു നിമിഷം അന്ധാളിച്ചു. ▮
(തുടരും)