SCTIMST ബയോ മെഡിക്കൽ റിസർച്ച്

​സ്ഥാപനങ്ങളിലൂടെ കയറിയും ഇറങ്ങിയും, ജീവിതം

എഴുകോൺ- 23

നമ്മൾ കയറിയിറങ്ങി പോകുന്ന സ്ഥാപനങ്ങൾ നമ്മളെ രൂപപ്പെടുത്തുന്നതിൽ നല്ലൊരു പങ്കുവഹിക്കുന്നുണ്ട്. സ്ഥാപനങ്ങളിൽ പെട്ടുപോകാതെ അതോടൊപ്പം ചേരുകയും പുറത്തുള്ള ചലനാത്മകസമൂഹത്തിലേക്ക് ഇടക്കിടെ ഇറങ്ങി നടക്കുകയും ചെയ്താൽ ജീവിതം രസകരമാക്കാം

മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ രക്തദാനം ചെയ്യുന്നത് പതിവാണ്. അടുത്ത ബന്ധുക്കളാരും രക്തം കൊടുക്കാനില്ലാത്ത രോഗികൾക്കായിരിക്കും അത് നൽകുന്നത്. ബ്ലഡ് ബാങ്കിൽ പോയി രക്തം നൽകിയ ശേഷം രോഗിയുടെ ബന്ധുക്കളെ കാണുമ്പോൾ അവരുടെ മുഖത്ത് തെളിയുന്ന ആശ്വാസമാണ് നമുക്ക് ഇൻസെന്റീവ് ആകുന്നത്. അങ്ങനെ പോകുമ്പോൾ ഒരിക്കൽ മെഡിക്കൽ കോളേജിന് തൊട്ടടുത്തുള്ള എസ്.സി.റ്റി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻറ്​ ടെക്നോളജിയിൽ (Sree Chitra Tirunal Institute of Medical Science and Technology) നിന്നും ബ്ലഡ് ആവശ്യമുണ്ടെന്ന് അറിയിപ്പ് വന്നു. അവിടെ പോയപ്പോൾ ലഭിച്ച സ്വീകരണം ഞങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു.

മെഡിക്കൽ കോളേജിലെ പോലെ അവിടെ തിക്കും തിരക്കുമില്ല. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ വന്ന് പുഞ്ചിരിയോടെ ബ്ലഡ് ബാങ്കിലേക്ക് കൂട്ടികൊണ്ടുപോയി. ഞങ്ങൾക്ക് ഉണ്ടായേക്കാവുന്ന ആശങ്കകൾ അകറ്റാനെന്നോണം തമാശകൾ പറഞ്ഞു. വളരെ വൃത്തിയായി ഒരുക്കിയ കോട്ടിൽ നഴ്സുമാർ ഞങ്ങളെ കിടത്തുകയും മൃദുവായി സൂചി ഉള്ളിൽ കടത്തുകയും ചെയ്തു. ബ്ലീഡിംഗ് കഴിഞ്ഞ ഉടനെ അടുത്ത് മുറിയിൽ കൊണ്ടിരുത്തി ചൂടുള്ള ഹോർലിക്സും ബിസ്‌കറ്റും കഴിക്കാൻ തന്നു. മെഡിക്കൽ കോളേജിൽ നിന്ന്​ വളരെ വ്യത്യസ്തമായ അന്തരീക്ഷമായിരുന്നു അവിടെ.

ശ്രീ ചിത്ര എന്ന് കേൾക്കുമ്പോൾ മനസ്സിലെത്തുന്നത് മഹാരാജാവിന്റെ മുഖമല്ല, ഗുണനിലവാരമുള്ള ആരോഗ്യ സേവനം നടത്തുന്ന നമ്മുടെ നാട്ടിലെ ഒരു വലിയ ആശുപത്രിയാണ്.

അന്തർദ്ദേശീയ നിലവാരം പുലർത്തുന്ന ദേശീയ മെഡിക്കൽ സ്ഥാപനമാണ് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻറ്​ ടെക്​നോളജി. കാർഡിയോളജി, ന്യൂറോളജി സ്‌പെഷ്യാലിറ്റി സേവനങ്ങളാണ് ഇവിടെ പ്രധാനമായുള്ളത്. ചിത്തിര തിരുനാൾ മഹാരാജാവ് നൽകിയ കെട്ടിടത്തിൽ ശ്രീ ചിത്ര മെഡിക്കൽ സെന്ററായാണ് ആദ്യം ഇത് പ്രവർത്തിച്ചത്. ബയോമെഡിക്കൽ ടെക്​നോളജിയിൽ ഗവേഷണം നടത്തുന്ന വിഭാഗം പൂജപ്പുരയിൽ പ്രവർത്തിക്കുന്നു. മഹാരാജാവിന്റെ പേരിൽ തുടങ്ങി ടെക്​നോളജിയിൽ അവസാനിക്കുന്ന ഈ സ്ഥാപനത്തിന്റെ പേര് കൗതുകകരമാണ്. ഇത് രണ്ട് മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങളും ഇതുപോലെ പരമ്പരാഗത മൂല്യങ്ങളെയും ആധുനിക മൂല്യങ്ങളെയും ഒരുമിച്ച് ചേർത്തുകൊണ്ട് പോകുന്നതാണ്.

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി

അടുത്തിടെ സവർക്കറുടെ പേരിൽ ഒരു സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ സ്ഥാപനങ്ങൾക്ക് മനുഷ്യരുടെ പേരുകൾ നൽകുന്നതിനെ കുറിച്ച് ചിന്തിച്ചു. സ്ഥാപനങ്ങളിലൂടെ നമുക്കിഷ്ടപ്പെട്ടവരെ അനശ്വരരാക്കി തീർക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഏതായാലും ഈ സ്ഥാപനങ്ങളിലൂടെ കയറി ഇറങ്ങി പോകുന്ന ആയിരങ്ങൾ മരണത്തിനുശേഷം വളരെ പെട്ടെന്ന് തന്നെ വിസ്മരിക്കപ്പെടുന്നു.

ശ്രീ ചിത്ര എന്ന് കേൾക്കുമ്പോൾ മനസ്സിലെത്തുന്നത് മഹാരാജാവിന്റെ മുഖമല്ല, ഗുണനിലവാരമുള്ള ആരോഗ്യ സേവനം നടത്തുന്ന നമ്മുടെ നാട്ടിലെ ഒരു വലിയ ആശുപത്രിയാണ്. അവിടെ ഹൃദയ ശസ്ത്രക്രിയ നടത്തി സുഖമായി തിരിച്ചെത്തിയവരെ കണ്ടിട്ടുണ്ട്. അർപ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന അവിടെത്തെ പല ഡോക്ടർമാരെയും അറിയാം. ചിലർ സുഹൃത്തുക്കളാണ്. അവിടെ ജോലി ചെയ്യുന്നവർക്ക് സ്വകാര്യ പ്രാക്ടീസ് ഇല്ലാത്തതിനാൽ മുഴുവൻ സമയവും അവർ രോഗീ പരിചരണത്തിലും അക്കാദമിക പ്രവർത്തനങ്ങളിലും മുഴുകുന്നു.

പല സ്ഥാപനങ്ങളിൽ നിന്നും പുതുതായി ഒന്നും ഉണ്ടാകാത്തത് ഗവേഷകരും അധ്യാപകരും അവിടെ കുടുങ്ങി പോവുകയും സ്ഥാപനം അങ്ങനെ ജഡമായി പോവുകയും ചെയ്യുന്നതുകൊണ്ടാണ്. രോഗികൾ കിടക്കുന്ന ആശുപത്രികൾ ഗവേഷണസ്ഥാപനങ്ങൾ കൂടിയാകുമ്പോൾ സ്ഥിതി കുറച്ച് കൂടി സങ്കീർണമാണ്.

അന്താരാഷ്ട നിലവാരത്തിൽ മികവ് പുലർത്തുന്നതിന് ഇതാവശ്യമാണ്. ഗവേഷണത്തിന് തീരെ പ്രാമുഖ്യമില്ലാത്ത നമ്മുടെ നാട്ടിൽ മെഡിക്കൽ ടെക്​നോളജിയിൽ ഗവേഷണം നടത്തി ഹൃദയ ശസ്ത്രക്രിയക്കാവശ്യമായ വാൽവ് ഒക്കെ വികസിപ്പിച്ചെടുക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. മികവുള്ള സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം കഴിഞ്ഞുവന്ന ഡോ:എം.എസ്. വല്യത്താനാണ് സ്ഥാപനം വളർത്തിയെടുത്തത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ അദ്ദേഹത്തെ ഈ ജോലി ഏൽപ്പിക്കുകയാണുണ്ടായത്.
ആരോഗ്യഗവേഷണത്തിൽ അന്തർവിഷയപരമായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. ചിത്രയിൽ നിന്ന് വിരമിച്ചശേഷം അദ്ദേഹം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ വൈസ്ചാൻസലർ ആയിരുന്നു. ആ സമയത്ത് പരമ്പരാഗതമായ ആയുർവ്വേദ ആരോഗ്യവിജ്ഞാനീയം ഗവേഷണത്തിലൂടെ വളർത്തിയെടുക്കാനും അദ്ദേഹം ശ്രമിച്ചു.

ഡോ:എം.എസ്. വല്യത്താൻ

ശ്രീ ചി​ത്രയിലേയും മെഡിക്കൽ കോളേജിലേയും സേവനങ്ങൾ താരതമ്യം ചെയ്തു കൊണ്ടുള്ള സംഭാഷണങ്ങളിൽ പലപ്പോഴും ഏർപ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങളുടെ രൂപവൽക്കരണം, അവക്ക് സമൂഹവുമായുള്ള ജൈവബന്ധം എന്നിവ സാമൂഹ്യശാസ്ത്രപഠനങ്ങൾക്ക് വിധേയമാക്കാവുന്നതാണ്. ശ്രീ ചിത്ര, സേവനത്തിൽ മികവ് പുലർത്തുന്നു എങ്കിലും ജനങ്ങൾക്ക് പ്രാപ്യത അത്ര എളുപ്പമല്ല. ശസ്ത്രക്രിയക്ക് ചിലപ്പോൾ ഒരുപാട് കാലം കാത്തിരിക്കേണ്ടിവരും. രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരെ അനുവദിക്കാത്തത് ചിലർക്ക് വല്ലാത്ത മാനസിക പ്രശ്‌നം ഉണ്ടാക്കാറുണ്ട്. എല്ലാ സ്‌പെഷ്യാലിറ്റികളും ഇല്ലാത്തതിനാൽ വേറെ വകുപ്പുകളിൽ കൺസൾട്ടേഷൻ ആവശ്യമാണെങ്കിൽ അതിന് പ്രയാസം നേരിടും.

മെഡിക്കൽ കോളേജിൽ, നിയന്ത്രണങ്ങളുണ്ടെങ്കിലും അത് ജനങ്ങൾ വസിക്കുന്ന സ്ഥലമെന്ന തോന്നലുണ്ടാക്കും. സമൂഹത്തിന്റെ ഒരു പരിഛേദം അവിടെ എപ്പോഴുമുണ്ടാകും. ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് ഉണ്ടായിരുന്ന സമയത്ത് ചികിത്സ സൗജന്യമായിരുന്നു എങ്കിലും ഡോക്ടർമാരെ വീട്ടിൽപോയി കാണുക എന്ന സമ്പ്രദായമുണ്ടായിരുന്നു. അത് നിർത്തലാക്കിയശേഷം രോഗികൾക്ക് അത് ചെയ്യേണ്ടി വരുന്നില്ല. പഠനങ്ങൾക്കും പഠിപ്പിക്കുന്നതിനും കൂടുതൽ സമയം ലഭിക്കുകയും ശ്രീചിത്രയിലെ പോലെ അക്കാദമിക് മികവുണ്ടാക്കുകയുമായിരുന്നു ഉദ്ദേശ്യം. അതെന്തായാലും എല്ലാകാലത്തും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കാണാനെത്തുന്നവരുടെയും തിക്കും തിരക്കുമാണ്. കോവിഡിന്റെ സാഹചര്യത്തിൽ ഇപ്പോൾ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

എത്രത്തോളമാണ് സാധാരണ ലോകത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടത്? സ്ഥിരമായി വിട്ടു നിൽക്കുന്ന അവസ്ഥയിലേക്ക് പോയാൽ ഒന്നും പുതുതായി സൃഷ്ടിക്കാൻ കഴിയില്ല. സംസാരത്തിലേക്ക് വീണ്ടും ഇറങ്ങി വരുകയും അതിലേക്ക് ശ്രദ്ധ തിരിക്കുകയും വേണം.

അക്കാദമിക് - ഗവേഷണസ്ഥാപനങ്ങൾ എത്രത്തോളം സാമൂഹിക അകലം പാലിക്കണമെന്നത് ചിന്തിക്കേണ്ട വിഷയമാണ്. കോവിഡ് നിയന്ത്രിക്കാനുള്ള ഡിസ്റ്റൻസിംഗ് അല്ല, സമൂഹത്തിൽ നിന്ന് എത്രത്തോളം അകലം പാലിക്കണമെന്നതാണ് ഉദ്ദേശിച്ചത്. വലിയ ഗവേഷണ സ്ഥാപനങ്ങളിലേക്കും യൂണിവേഴ്‌സിറ്റികളിലേക്കും കടക്കുമ്പോൾ വിശാലമായ കാമ്പസും മനുഷ്യർ കുറവുള്ള കൂറ്റൻ കെട്ടിടങ്ങളുടെ ഉള്ളകങ്ങളും തിരക്കില്ലാത്ത പഴയ ദേവാലയങ്ങളുടെ പ്രതീതി ഉണ്ടാക്കാറുണ്ട്. ദൈനംദിന ജീവിതത്തിന്റെ മുഷിപ്പിൽ നിന്ന്​ ശാന്തവും സ്വസ്ഥവും ചിന്തിക്കാൻ പ്രേരണ നൽകുന്നതുമായ അന്തരീക്ഷത്തിലേക്ക് നമ്മളെത്തും. ലൈബ്രറികളിലെ നിശ്ശബ്ദത വിദ്യാർത്ഥികളിൽ ചിന്താതരംഗങ്ങൾ ഉണർത്തുന്നുണ്ടാവും. എന്നാൽ, എത്രത്തോളമാണ് സാധാരണ ലോകത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടത്? സ്ഥിരമായി വിട്ടു നിൽക്കുന്ന അവസ്ഥയിലേക്ക് പോയാൽ ഒന്നും പുതുതായി സൃഷ്ടിക്കാൻ കഴിയില്ല. സംസാരത്തിലേക്ക് വീണ്ടും ഇറങ്ങി വരുകയും അതിലേക്ക് ശ്രദ്ധതിരിക്കുകയും വേണം. അപ്പോഴാണ് ഗവേഷണം അർത്ഥവത്താകുന്നത്. പല സ്ഥാപനങ്ങളിൽ നിന്നും പുതുതായി ഒന്നും ഉണ്ടാകാത്തത് ഗവേഷകരും അധ്യാപകരും അവിടെ കുടുങ്ങി പോവുകയും സ്ഥാപനം അങ്ങനെ ജഡമായി പോവുകയും ചെയ്യുന്നത് കൊണ്ടാണ്. രോഗികൾ കിടക്കുന്ന ആശുപത്രികൾ ഗവേഷണസ്ഥാപനങ്ങൾ കൂടിയാകുമ്പോൾ സ്ഥിതി കുറച്ച് കൂടി സങ്കീർണ്ണമാണ്.

1990 ൽ ഞാൻ ഒരു ഗവേഷണസഹായിയായി ശ്രീ ചിത്രയിൽ കടന്നു ചെന്നു. കാമ്പസ് വിശാലമല്ലെങ്കിലും അതിന്റെ അകം പഠനത്തിനും ഗവേഷണത്തിനും പറ്റിയ ഗംഭീരമായ അന്തരീക്ഷമാണ് ഒരുക്കിയിരുന്നത്. ഡോ. വി.രാമൻകുട്ടി അവിടെ ഒരു ഗവേഷകനായി വന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ പഠനത്തെ സഹായിക്കാൻ ഒരു ഡോക്ടർ വേണമെന്നും എനിക്കത് ചെയ്യാനാവുമെന്നും പരിഷത് സുഹൃത്തുക്കളായ ഡോക്ടർമാരാരോ ആണ് നിർദ്ദേശിച്ചത്. ഡോ. രാമൻകുട്ടിയും പരിഷത്ത്​ പഠനങ്ങളിൽ പങ്കെടുക്കുന്ന ആളാണ്. ശിശുരോഗ വിദഗ്ദ്ധനാണെങ്കിലും ഹെൽത്ത് എക്കണോമിക്‌സിലും അദ്ദേഹം പ്രാവീണ്യം നേടി. ആരോഗ്യത്തിന്റെ സാമൂഹിക- സാമ്പത്തിക മാനങ്ങൾ അന്ന് മെഡിക്കൽ ഫീൽഡിൽ അധികം ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോഴും അത് മിക്കവാറും കമ്യൂണിറ്റി മെഡിസിനിൽ മാത്രമായി ഒതുങ്ങുകയാണ്. വളരെ കുറച്ച് ചികിത്സകർ മാത്രമാണ് ഈ വിഷയത്തിൽ താത്പര്യമെടുക്കുന്നത്. മുൻപ് കമ്യൂണിറ്റി മെഡിസിൻ വിദഗ്ദ്ധരും, പബ്ലിക് ഹെൽത്തുമായി ബന്ധപ്പെട്ട ചില നടപടി ക്രമങ്ങളിൽ മാത്രം ഒതുങ്ങുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ കൂടുതൽ ശാസ്ത്രീയ വിശകലനങ്ങളും പഠനങ്ങളും ഈ വകുപ്പ് ചെയ്യുന്നുണ്ട്. ശാസ്ത്ര സാഹിത്യപരിഷത് നടത്തിയ ആരോഗ്യസർവ്വേയാണ് എനിക്ക് ആരോഗ്യ പഠനത്തിൽ താത്പര്യമുണ്ടാക്കിയത്.

അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്

സയൻസ് ആൻറ്​ ടെക്​നോളജി ഇൻസ്റ്റിറ്റ്യൂട്ട്​ ആയ ശ്രീ ചിത്ര, സാമൂഹ്യ പഠനത്തിൽ കൂടി ഗവേഷണം തുറന്നത് അതിന്റെ വികാസമായി കാണാം. വല്യത്താനെ പോലെ ക്രാന്തദർശിയായ ഒരാൾ അതിനു നേതൃത്വം നൽകിയത് കൊണ്ടാവണം അത് സാധിച്ചത്. ഇപ്പോൾ അവിടുത്തെ പബ്ലിക് ഹെൽത്ത് വിഭാഗം അന്താരാഷ്ട്ര നിലവാരമുള്ള അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്(AMCHSS) എന്ന പേരിൽ കോഴ്സുകളും ഗവേഷണങ്ങളും നടത്തുന്ന ഒരു വലിയ സ്ഥാപനമായി ഉയർന്നു. അന്ന് അത് ഡോ. രാമൻ കുട്ടി മാത്രമുണ്ടായിരുന്ന ഒരു വകുപ്പായിരുന്നു. ഏതു സ്ഥാപനത്തിന്റെയും രൂപീകരണഘട്ടം വളരെ ജീവത്തായിരിക്കും. അവിടെ പദവി വ്യത്യാസങ്ങളും മത്സരങ്ങളും നമ്മളെ ഭയപ്പെടുത്തുകയോ അസ്വസ്ഥപ്പെടുത്തുകയോ ഇല്ല. ഞാൻ അവിടെ ചേരുമ്പോൾ എന്നോട് മത്സരിക്കാൻ ആരുമുണ്ടായിരുന്നില്ല. ഡോ. രാമൻ കുട്ടി വളരെ സൗമ്യനും നർമ്മബോധമുള്ളയാളുമാണ്. അധികാരഭാവം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാവില്ല. അറിവിലും കലയിലുമാണ് അദ്ദേഹത്തിന് താത്പര്യം. സ്വന്തം ജോലിയിൽ ആത്മവിശ്വാസമുള്ളതു കൊണ്ട് മറ്റുള്ളവരുടെ മേൽ ആധിപത്യത്തിന് ശ്രമിക്കാത്ത അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഡോ. രാമൻ കുട്ടി.

തിരുവനന്തപുരം ജില്ലയിലെ ഹൃദ്രോഗത്തിന്റെ വ്യാപ്തിയെ കുറിച്ച് പഠിക്കുകയായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതേക്കുറിച്ചുള്ള ഡേറ്റ ഒന്നും അന്ന് ലഭ്യമായിരുന്നില്ല. കേരളത്തിൽ ഹൃദ്രോഗം ഒരു പ്രധാന മരണ കാരണമായിരിക്കുന്നതുകൊണ്ട് ഇന്നും ആ പഠനം വളരെ പ്രസക്തമാണ്. ഇതിലേക്ക് നയിക്കുന്ന പ്രമേഹം, രക്താതിമർദ്ദം എന്നിവയെക്കുറിച്ചുള്ള ഡേറ്റയും ഞങ്ങൾക്ക് ഇതിൽ നിന്ന് കിട്ടി. ശാസ്ത്രീയമായ സാമ്പിൾ ശേഖരണം ഫീൽഡിൽ പോയി നടത്തിയാലേ കൃത്യമായ വിവരം നമുക്ക് ലഭിക്കുകയുള്ളൂ. ആശുപത്രിയിൽ വരുന്ന രോഗികളുടെ കണക്കിൽ നിന്നും ഇത് ലഭിക്കുകയില്ല. അതുകൊണ്ടാണ് ഇത്തരം പഠനങ്ങൾ ആവശ്യമായിരിക്കുന്നത്.

ഡോ:രാമൻ കുട്ടി

ആദ്യ ദിവസങ്ങളിൽ ലൈബ്രറിയിൽ പോയി ഇത് സംബന്ധിച്ച് മറ്റു സ്ഥലങ്ങളിൽ ഉണ്ടായിട്ടുള്ള പഠനങ്ങൾ റിവ്യൂ ചെയ്യുകയായിരുന്നു ഞങ്ങളുടെ ജോലി. അന്ന് പഞ്ചിംഗ് സമ്പ്രദായമൊക്കെ ഉണ്ടായിരുന്ന സ്ഥാപനങ്ങൾ അധികം ഉണ്ടായിരുന്നില്ല. അവിടെ അതൊക്കെ ഉണ്ടായിരുന്നതുകൊണ്ട് അവരവരുടെ ഡ്യൂട്ടി സമയങ്ങളിൽ ആരും പുറത്ത് പോവുകയുമൊന്നും ചെയ്തിരുന്നില്ല. പ്രൊഫഷണൽ എന്ന് പറയാവുന്ന ആ അന്തരീക്ഷം മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി തോന്നി. ലൈബ്രറിയിലും എല്ലാവരും തികഞ്ഞ അച്ചടക്കം പാലിച്ചു.

പഠനത്തിനുള്ള ആവശ്യമായ തയാറെടുപ്പുകൾക്ക് ശേഷം ഞങ്ങൾ ഫീൽഡിലേക്ക് പോകാനൊരുങ്ങി. എന്നോടൊപ്പം സോഷ്യൽ സയൻറിസ്റ്റായ ജെസ്സി, ടെക്‌നിഷ്യന്മാരായ സുഷമ, ഹരി, ഫീൽഡ് അസിസ്റ്റന്റ് ദിലീപ് എന്നിവർ ഉണ്ടായിരുന്നു. ഇപ്പോൾ അച്യുതമേനോൻ സെന്ററിന്റെ തലവനായ ശങ്കർ ശർമയായിരുന്നു സ്റ്റാറ്റിസ്റ്റിക്‌സിൽ നിർദ്ദേശങ്ങൾ നൽകിയിരുന്നത്. തെരഞ്ഞെടുത്ത വീടുകളിൽ ദിലീപ് ആദ്യം പോയി പഠനത്തെ കുറിച്ച് വിവരം കൊടുക്കുകയും വീട്ടുകാരുടെ സമ്മതം വാങ്ങുകയും ചെയ്തു. അതിനു ശേഷം ഞങ്ങൾ പോയി വിവരങ്ങൾ ശേഖരിക്കുകയും പരിശോധന നടത്തുകയുമാണ് പതിവ്. വാഹനത്തിൽ കൊണ്ടുപോകാവുന്ന തരത്തിലുള്ള ഇ.സി.ജി. (Electro Cardiogram) മെഷിൻ ഉപയോഗിച്ച് ഹൃദയപരിശോധന നടത്തി. അവ ഓരോന്നും ചിത്രയിലെ ഹൃദ്രോഗവിദഗ്ധനായ ഡോ: ബാലകൃഷ്ണൻ വിശദമായി പരിശോധിക്കുകയും ഞങ്ങൾക്ക് റിപ്പോർട്ട് തരികയും ചെയ്തു. പരിമിതമായി മാത്രം ജനങ്ങൾക്ക് പ്രവേശനമുള്ള ഒരു ഗവേഷണ സ്ഥാപനത്തിൽ നിന്നും ഞങ്ങൾ അവരുടെ വാസസ്ഥലങ്ങളിലേക്കു പോവുകയും പ്രശ്‌നങ്ങൾ കണ്ടെത്തി ആവശ്യമുള്ളവരെ ആശുപത്രിയിൽ വരാൻ പ്രേരിപ്പിക്കുകയുമായിരുന്നു.

സി.ഡി.എസിൽ പബ്ലിക് ഹെൽത്തുമായി ബന്ധപ്പെട്ട് ഇന്റർ ഡിസിപ്ലിനറി ആയി പഠനം നടത്താൻ ഞാൻ ആഗ്രഹിച്ചു. ഇന്റർവ്യൂവിന് പോയെങ്കിലും ഞാൻ പിന്തള്ളപ്പെട്ടു. ഞാൻ ചെയ്യാനുദ്ദേശിച്ച പഠനത്തിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല.

അതിനേക്കാളുപരി, നമ്മുടെ സമൂഹത്തിൽ എത്രത്തോളം ആളുകളെ ഹൃദ്രോഗം ബാധിച്ചിട്ടുണ്ട് എന്നറിയേണ്ടത് ചികിത്സയിലെയും പ്രതിരോധത്തിലെയും പ്ലാനിംഗിന് വളരെ ആവശ്യമുള്ളതാണ്. ഗ്രാമീണ മേഖലയിലായിരുന്നു ഞങ്ങളുടെ പഠനം. തീരപ്രദേശത്ത് നിന്നും മലമ്പ്രദേശത്ത് നിന്നും ഇടപ്രദേശത്ത് നിന്നും ഗ്രാമങ്ങൾ തെരഞ്ഞെടുത്തു. മൂന്നു സ്ഥലങ്ങളിലും വ്യത്യസ്ത ജീവിതരീതികൾ നയിക്കുന്ന മനുഷ്യരാണ്. തീരപ്രദേശത്ത് മീൻ പിടിച്ച് ഉപജീവനം നടത്തുന്നവർ അടുത്തടുത്ത വീടുകളിൽ തിങ്ങി പാർത്തിരുന്നു. അവർ ജോലിക്ക് പോകാതെ ഞങ്ങളെ കാത്തിരിക്കുകയും പരിശോധനയിൽ സഹകരിക്കുകയും ചെയ്തു. ഏറ്റവും ദൂരെയുള്ള സ്ഥലം പൊന്മുടി ഭാഗത്തുള്ള പെരിങ്ങമല ആയിരുന്നു. അവിടേക്കുള്ള യാത്ര ഞാൻ നന്നായി ആസ്വദിച്ചു. കാടും മലയുമുള്ള പ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന പച്ചിലയുടെ സുഗന്ധം എപ്പോഴും എന്നെ ആകർഷിക്കും. ചിലപ്പോൾ യാത്രക്കിടയിൽ ജീപ്പിൽ കിടന്നുറങ്ങും. അവിടത്തെ ആളുകൾ ഞങ്ങൾക്ക് പനനൊങ്കും പനങ്കള്ളും നൽകി സൽക്കരിച്ചു. വലിയ ആശുപത്രിയിൽ നിന്ന് പഠിക്കാനെത്തിയവരെന്ന് നിലയിൽ എല്ലായിടത്ത് നിന്നും നല്ല സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. അന്നത്തെ പഠനത്തിൽ 1.4 ശതമാനം ആളുകൾക്കാണ് ഹൃദ്രോഗമുണ്ടായതായി കണ്ടത്. 2016 ൽ നടത്തിയ ഒരു പഠനത്തിൽ അന്നത്തേതിന്റെ മൂന്നിരട്ടിയായി ഇത് കാണുന്നുണ്ട്.

സെന്റർഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്‌

തിരുവനന്തപുരത്ത് അന്തർദ്ദേശീയ തലത്തിൽ ഗുണനിലവാരം പുലർത്തുന്നതും സ്വതന്ത്രമായ നിലനിൽപ്പുള്ളതുമായ സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്‌മെൻറ്​ സ്റ്റഡീസ്. ലാറി ബേക്കറുടെ ചെലവ് കുറഞ്ഞതും മനോഹരവുമായ നിർമിതികൊണ്ടും വിപുലമായ ലൈബ്രറി കൊണ്ടും ധാരാളം പഠിതാക്കളെ ആ സ്ഥാപനം ആകർഷിച്ചു. ഞങ്ങൾ അതിനടുത്തുള്ള പ്രശാന്ത് നഗറിലേക്ക് താമസം മാറ്റിയിരുന്നു. കേരളത്തിൽ നിന്നും പുറത്ത് നിന്നുമുള്ള അവിടുത്തെ പ്രൊഫസർമാർ അവിടെ വരുന്നവരോട് തുല്യരെ പോലെ പെരുമാറി. പുറം രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളൊക്കെ ഉണ്ടായിരുന്നതിനാൽ താരതമ്യേന സ്ത്രീ വിവേചനം കുറഞ്ഞ സ്ഥലമായിരുന്നു അത്.

പ്രശാന്ത് നഗർ നാട്ടിൻപുറം പോലെ ആയിരുന്നെങ്കിലും സി.ഡി.എസിനടുത്ത് താമസിച്ചിരുന്നത് കൊണ്ട് ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കുന്നതിനും സ്വതന്ത്രമായി രാത്രിയിലും മറ്റും അതിനടുത്തൊക്കെ നടക്കുന്നതിനും ചായ കുടിക്കാൻ പോകുന്നതിനുമൊക്കെ സ്ത്രീകൾക്കും അവിടെ സാധിച്ചിരുന്നു. ആ സ്ഥാപനം അതിന്റെ ചുറ്റുമുള്ള ആളുകളുടെ മനോഭാവത്തെ ചെറുതായെങ്കിലും സ്വാധീനിച്ചു. ശ്രീചിത്രയിലെ ജോലിയും തരക്കേടില്ലാത്ത ശമ്പളവും എന്റെ പദവി ഉയർത്തിയത് പോലെ തോന്നിപ്പിച്ചു. എന്നാൽ അത് അവസാനിക്കാറായിരുന്നു. അത് കഴിയുമ്പോഴേക്കും സി.ഡി.എസിൽ പബ്ലിക് ഹെൽത്തുമായി ബന്ധപ്പെട്ട് ഇന്റർ ഡിസിപ്ലിനറി ആയി പഠനം നടത്താൻ ഞാൻ ആഗ്രഹിച്ചു. അവിടെ ഇന്റർവ്യൂവിന് പോയെങ്കിലും ഞാൻ പിന്തള്ളപ്പെട്ടു. ഞാൻ ചെയ്യാനുദ്ദേശിച്ച പഠനത്തിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല.

അച്ഛനില്ലാതെ കുട്ടികളെ സ്‌കൂളിൽ ചേർക്കുക അന്ന് പതിവായിരുന്നില്ല. രക്ഷകർത്താവിന്റെ പേര് അച്ഛന്റെ അയിരിക്കുകയും അച്ഛൻ ഒപ്പിടുകയും വേണം. അച്ഛൻ വന്നില്ലെങ്കിലും അച്ഛന്റെ പേര് രക്ഷകർത്താവായി വെക്കാൻ സ്‌കൂൾ അധികാരികൾ ആവശ്യപ്പെട്ടു.

പ്രശാന്ത് നഗറിനടുത്ത് സി.ഡി.എസ് പോലെ ഇടക്കിടെ സന്ദർശിക്കാൻ പറ്റിയ മറ്റു സ്ഥലങ്ങൾ പുലയനാർകോട്ടയും ആക്കുളം ബോട്ട് ക്ലബ്ബും ആയിരുന്നു. മെഡിക്കൽ കോളേജിലെ പഠനത്തിന്റെ ഭാഗമായി പല പ്രാവശ്യം പുലയനാർകോട്ടയിലെ ടി.ബി. സെന്റർ സന്ദർശിച്ചിട്ടുണ്ട്. അന്നത്തെ കാലത്ത് ടിബി (ക്ഷയം) വളരെ സഹതാപം അർഹിക്കുന്ന രോഗമായിരുന്നു. രോഗികളുടെ ശരീരം വല്ലാതെ ക്ഷീണിച്ചിരുന്നു. ഇപ്പോഴത്തെ അത്രയും ഫലപ്രദമായ മരുന്നുകളില്ലായിരുന്നു. അവിടെ കൂടെ ആരെയും നിർത്തിയിരുന്നില്ല. ഒറ്റപ്പെട്ടതും വേദന നിറഞ്ഞതുമായ ജീവിതമാണ് അവിടെ അവർ നയിച്ചിരുന്നത്. ഇപ്പോൾ ശക്തവും ഫലപ്രദവുമായ മരുന്നുകൾ ലഭ്യമാണ്. അത് ആറു മാസം വീട്ടിൽ വച്ച് തന്നെ കഴിച്ചാൽ മതി. പോഷകാഹാരം നൽകുന്നതിനും കൂടുതൽ ശ്രദ്ധയുണ്ട്. വീട്ടിൽ തന്നെ ബന്ധുക്കളോടൊപ്പം കഴിയാം. 2030 ആകുമ്പോഴേക്കും, ക്ഷയം നിർമ്മാർജ്ജനം ചെയ്യാൻ പദ്ധതി ഉണ്ടാക്കിയിരിക്കുകയുമാണ്.

വളരെ ഉയർന്ന ഒരു കുന്നിന്റെ മുകളിലായതിനാൽ ടി.ബി. സെന്ററിന് പുറത്തിറങ്ങി നോക്കുമ്പോൾ ചക്രവാളത്തിന്റെ മുക്കാൽ ഭാഗവും ചുറ്റിക്കിടക്കുന്ന സമുദ്രം കാണാമായിരുന്നു. സമുദ്രവും ആകാശവും തമ്മിൽ വേർതിരിക്കാനാകാത്ത ആ കാഴ്ച സമ്പന്നമായ ഒരനുഭവം നൽകി. ശുദ്ധവായുവും മനോഹരമായ കാഴ്ചയും നൽകുന്ന ആ പരിസരത്ത് രോഗികൾക്ക് ഇറങ്ങി നടക്കാൻ കഴിഞ്ഞിരുന്നോ എന്നറിയില്ല. അതാസ്വദിക്കാനുള്ള മാനസികസാന്നിധ്യം അവർക്കുണ്ടായിരുന്നോ എന്നും അറിയില്ല. അതിനടുത്ത് താമസമാക്കിയപ്പോൾ എനിക്ക് അതിരാവിലെയും സന്ധ്യക്കും അവിടെ പോയി കടൽ കാണാനും നല്ല വായു ശ്വസിക്കാനും കഴിഞ്ഞു. രാവിലെ പോകുമ്പോൾ നൂറു കണക്കിന് കരിയിലക്കിളികൾ കലപില എന്ന് ചിലച്ച് ജീവന്റെ ഓരോ കോശങ്ങളെയും ഉണർത്തി. ആ മനോഹരദേശത്ത് പോയി ഇപ്പോൾ പ്രകൃതിയുടെ കലപില കേൾക്കാനാവില്ല. ആ പ്രദേശം മുഴുവൻ ആംഡ് ഫോഴ്‌സിന്റെ കൈവശമാണ്. സെക്യൂരിറ്റി ഗേറ്റുകളിലൂടെ കടന്ന് അവരുടെ റോഡിലൂടെ നമുക്ക് സഞ്ചരിക്കാം. അതുവഴി കടന്നു പോകുമ്പോഴെല്ലാം വിദൂരമായ കടലിന്റെ പഴയ ഓർമകൾ ഉള്ളിൽ തിരയിളക്കി.

ഡോ. എ.കെ ജയശ്രീ

ആക്കുളം ബോട്ട് ക്ലബ് ടൂറിസം വികസനത്തിന്റെ ഭാഗമായിരുന്നു എങ്കിലും ആകർഷകമായി വലുതായൊന്നുമില്ലായിരുന്നു. അവിടെ പോയി സ്വസ്ഥമായി കുറച്ച് നേരം ഇരിക്കാമെന്നു മാത്രം. എന്നാൽ പോകുന്ന വഴിയിൽ എർത്ത് സയൻസസിന്റെ (Earth sciences) കാടുപിടിച്ച സ്ഥലമുണ്ട്. അവിടെ വളരുന്ന കാട്ടു ചെടികൾ ആരും വെട്ടി മാറ്റിയിരുന്നില്ല. അതിനാൽ ഇതുവരെ കാണാത്ത പൂക്കളും പഴങ്ങളുമൊക്കെ കാണും. ഓരോ തവണ പോകുമ്പോഴും കാണുന്ന പുതിയ ചെടികളും വല്ലികളും ആക്കുളത്തേക്ക് നടക്കാൻ പ്രേരണയായി. കനിക്കും അവളുടെ പ്രായത്തിലുള്ള കുട്ടികൾക്കും ആ നടത്തം ഉത്സാഹം നൽകി.
ആ വർഷം കനിയെ പട്ടം ഗവണ്മെന്റ് ഗേൾസ് സ്‌കൂളിൽ ചേർക്കാൻ ഞാൻ കൊണ്ട് പോയി. മൈത്രേയൻ സ്ഥലത്തില്ലാതിരുന്നതുകൊണ്ടാണ് ഞാൻ മാത്രമായി പോയത്. എന്നാൽ, അച്ഛനില്ലാതെ കുട്ടികളെ സ്‌കൂളിൽ ചേർക്കുക അന്ന് പതിവായിരുന്നില്ല. രക്ഷാകർത്താവിന്റെ പേര് അച്ഛന്റെ അയിരിക്കുകയും അച്ഛൻ ഒപ്പിടുകയും വേണം. അച്ഛൻ വന്നില്ലെങ്കിലും അച്ഛന്റെ പേര് രക്ഷാകർത്താവായി വക്കാൻ സ്‌കൂൾ അധികാരികൾ ആവശ്യപ്പെട്ടു. ഞാൻ അതിന് ഒരുക്കമല്ലെന്ന് അറിയിച്ചു. അച്ഛൻ വരാതിരിക്കുമ്പോൾ എന്തോ ഉത്തരവാദിത്വക്കുറവുള്ളതായി അവർ അനുഭവിക്കുന്നതായി തോന്നി. ലൈംഗിക തൊഴിലാളികൾ അവരുടെ കുട്ടികളുടെ രക്ഷാകർതൃത്വം നിയമപോരാട്ടം നടത്തിയാണ് നേടിയെടുത്തിട്ടുള്ളതെന്ന് ഒരു ദേശീയ സമ്മേളനത്തിൽ അവർ പറഞ്ഞിട്ടുണ്ട്.

നമ്മുടെ പേരിന്റെ കൂടെ അച്ഛന്റെയോ കുടുംബപ്പേരോ ചേർക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അതുകൊണ്ട് കനിക്ക് അവളുടെ പേര് മാത്രം മതിയെന്ന് ഞാൻ പറഞ്ഞു. അച്ഛന്റെ പേര് വേണമെന്ന് അവരും

ജാതിയും മതവും എഴുതാനുള്ള കോളത്തിൽ ഒന്നും എഴുതേണ്ട എന്ന് പറഞ്ഞതും അവർക്ക് പ്രശ്‌നമുണ്ടാക്കി. കുറെ സമയം അവരോട് വാദിക്കേണ്ടി വന്നു. കുറച്ച് കഴിയുമ്പോൾ നിങ്ങൾ വന്ന് ആനുകൂല്യത്തിനായി ഇത് തിരുത്താൻ ശ്രമിക്കുമെന്നും അപ്പോൾ അവർക്ക് ജോലി കൂട്ടുമെന്നുമായിരുന്നു അവരുടെ വാദം. നമ്മുടെ പേരിന്റെ കൂടെ അച്ഛന്റെയോ കുടുംബപ്പേരോ ചേർക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അതുകൊണ്ട് കനിക്ക് അവളുടെ പേര് മാത്രം മതിയെന്ന് ഞാൻ പറഞ്ഞു. അച്ഛന്റെ പേര് വേണമെന്ന് അവരും. അതു വേണ്ട എന്ന് ഞാൻ ഉറപ്പിച്ച് പറഞ്ഞപ്പോൾ പിന്നെ എന്തെങ്കിലും ഇനിഷ്യൽ വേണമെന്നായി. എന്നാൽ പിന്നെ അവളുടെ പേരിന്റെ ആദ്യത്തെ അക്ഷരമാകട്ടെ എന്ന് കരുതി ‘കെ’ എന്ന് പറഞ്ഞു. പിന്നീട് അവൾ വളരുകയും അത് മുഴുപേരാക്കണമെന്ന നിർബ്ബന്ധമുണ്ടാവുകയും ചെയ്തപ്പോൾ അവൾ തന്നെ അത് കുസൃതിയായി വികസിപ്പിച്ചു.

അക്കാലത്ത് മാസത്തിലൊരിക്കലെങ്കിലും സന്ദർശിച്ചിരുന്ന ഒരു സ്ഥാപനമാണ് പാലക്കാട് മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC). ശാസ്ത്ര സാഹിത്യ പരിഷത്ത്​ ഗ്രാമീണ ജനങ്ങൾക്കാവശ്യമായ ടെക്​നോളജി ഗവേഷണം ചെയ്ത് വികസിപ്പിക്കാൻ 1987ൽ രൂപീകരിച്ച സ്ഥാപനമാണ് അത്. പാലക്കാടൻ കാറ്റും കാടും നേരിട്ടനുഭവിക്കാൻ കിട്ടുന്ന ആ അവസരങ്ങൾ ഞാൻ ഒഴിവാക്കിയിരുന്നില്ല. ടൗണിൽ നിന്ന്​ എട്ട് കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് ഈ ഗ്രാമം. തുടങ്ങുമ്പോൾ പുകയില്ലാത്ത അടുപ്പ് പോലെ വളരെ കുറച്ച് ഗവേഷണങ്ങൾ മാത്രമാണ് അവിടെ നടന്നിരുന്നത്. കൂടുതൽ ആലോചനകളും പഠനങ്ങളും വേണ്ടി വരുന്ന സമ്മേളനങ്ങൾ അവിടെ വച്ച് നടത്താറുണ്ട്. അവിടെ തന്നെ വച്ചുണ്ടാക്കുന്ന നല്ല നാടൻ ഭക്ഷണവും താമസ സൗകര്യവും അതിന് അനുയോജ്യമാണ്. മറ്റ് ഗവേഷണസ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി സമൂഹത്തിൽ ഉയർന്നുവരുന്ന ആവശ്യങ്ങൾക്കനുസരിച്ചുള്ള ടെക്​നോളജിയാണ് അവിടെ വികസിപ്പിക്കുന്നത്.

ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ

ആദ്യകാലത്ത് ജനകീയാസൂത്രണത്തിന് സഹായകമായ വിഭവ ഭൂപട നിർമ്മാണ (Resource mapping) ത്തിനുള്ള പരിശീലനവും മറ്റും അവിടെ നടന്നിരുന്നു. കുറെ വർഷങ്ങളുടെ ഇടവേളക്കുശേഷം അവിടെ പോകുമ്പോൾ അത് വളരെ വികസിച്ചതായി കണ്ടു. പ്രാദേശിക വികസനത്തിനാവശ്യമായ ജൈവ കൃഷി, ജലസേചനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മാലിന്യ നിർമ്മാർജ്ജനം എന്നിവയിലെല്ലാം പല മാതൃകകളും ഇവിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നൂറിലധികം ആളുകൾ പല പ്രോജക്ടുകളിലായി പ്രവർത്തിക്കുന്നു. മറ്റു സ്ഥാപനങ്ങളിലെ പോലെ അനാവശ്യമായ ഔപചാരികതകളില്ലാത്ത സമീപനവും ജനങ്ങളുടെ പ്രശ്‌നങ്ങളോട് ചേർന്ന് നിന്നുള്ള ഗവേഷണവും എന്തെല്ലാം കുറവുകളുണ്ടായാലും ഈ സ്ഥാപനത്തിന്റെ തനിമ നില നിർത്തുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ പിന്തുണക്കുന്നതാണ് ഇവിടുത്തെ പദ്ധതികൾ. ആത്മാർത്ഥതയുള്ള ഗവേഷകരുടെ നൂതന സംരംഭങ്ങളെ കില, നബാർഡ്, ലോകാരോഗ്യസംഘടന, യൂനിസെഫ്​, യു.എൻ.ഡി.പി പോലുള്ള ഏജൻസികൾ സഹായിക്കുകയും ചെയ്യുന്നു. ഈ സ്ഥാപനത്തിന്റെ പ്രയോക്താക്കൾ പങ്കുവയ്ക്കുന്ന ആശയങ്ങൾ ഗവേഷണങ്ങളെ ജനോപകാരപ്രദമായ ദിശയിലേക്ക് വഴി തിരിച്ച് വിടുകയാണ്.

ശ്രീ ചിത്ര വിട്ടപ്പോഴേക്കും എനിക്ക് തൃശൂർ മുളങ്കുന്നത്തുകാവിലെ ഇ.എസ്.ഐ ആശുപത്രിയിൽ എംപ്ലോയ്​മെൻറ്​ എക്‌സ്‌ചേഞ്ചിൽ മെഡിക്കൽ ഓഫീസറായി താൽക്കാലിക നിയമന ഓർഡർ കിട്ടി. അതിന് പരീക്ഷയോ ഇന്റർവ്യൂവോ വേണ്ടി വന്നില്ല. അവിടെ ഞാൻ ഒറ്റക്ക് താമസിക്കുകയായതുകൊണ്ട് ആശുപത്രി ക്വാർട്ടേഴ്‌സ് തന്നെ തെരഞ്ഞെടുത്തു. ഒന്നോ രണ്ടോ ചെറിയ മുറികളും അടുക്കളയുമുള്ള തീരെ ചെറിയ കെട്ടിടമായിരുന്നു അത്. അവിടെ ഫർണീച്ചറോ അലങ്കാര വസ്തുക്കളോ ഒന്നും കൊണ്ട് നിറച്ചില്ല. ഭക്ഷണവും ഉണ്ടാക്കിയില്ല. നെഞ്ചു രോഗമുള്ളവർക്ക് മാത്രമായുള്ള ആശുപത്രിയായിരുന്നു അത്. കൂടുതലും ക്ഷയരോഗമുള്ളവരായിരുന്നു. രോഗികൾക്ക് നൽകിയിരുന്ന ഭക്ഷണത്തിന്റെ പങ്ക് ചിലപ്പോഴൊക്കെ കഴിച്ചു. അല്ലാത്ത സമയങ്ങളിൽ തൊട്ടടുത്തുള്ള മെഡിക്കൽ കോളേജ് കാന്റീനിൽ നിന്നും.

പഴയ കൂട്ടുകാരൊക്കെ അവിടെ ഉണ്ടെന്ന് വെറുതെ സങ്കൽപ്പിക്കും. താമസസ്ഥലത്ത് എനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അന്നുപയോഗിച്ച സോപ്പിന്റെ മണമാണ് ഇപ്പോഴും അവിടുത്തെ എല്ലാ ഓർമകളിലും തങ്ങിനിൽക്കുന്നത്.

വളരെ നന്നായി ജോലി ആസ്വദിച്ച സമയമായിരുന്നു അത്. സൂപ്രണ്ട് ഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഏതാണ്ട് ഒരേ പ്രായക്കാർ. ആറേഴു പേരുണ്ടായിരുന്നതിനാൽ ആഴ്ചയിൽ ഒരിക്കൽ മാത്രമായിരുന്നു നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നത്. അറുപതോളം രോഗികൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അപൂർവ്വം ചിലപ്പോൾ ചിലർക്ക് നെഞ്ചു വേദനയോ ശ്വാസംമുട്ടോ വന്നതൊഴിച്ചാൽ രാത്രിയിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പകലും മിക്കവാറും ശാന്തമായിരുന്നു. പതിനൊന്നു മണിക്ക് ആൺ- പെൺ വ്യത്യാസമില്ലാതെ ഓരോ ഡോക്ടർമാരും മാറി മാറി ചായയുണ്ടാക്കി. അതെനിക്ക് പുതിയ അനുഭവമായിരുന്നു. അന്ന് മെഡിക്കൽ കോളേജിന്റെ പ്രധാന ഭാഗം ടൗണിലായിരുന്നതിനാൽ വൈകുന്നേരങ്ങളിൽ നടക്കാൻ മുളങ്കുന്നത്ത് കാവിൽ കുറ്റിക്കാടുകളും മരങ്ങളും നിറഞ്ഞ ധാരാളം സ്ഥലം ഉണ്ടായിരുന്നു. അതിനിടെ പോസ്റ്റ് ഗ്രാജുവേഷൻ താല്പര്യമുണ്ടായിരുന്നവർ എൻട്രൻസ് പരീക്ഷക്കുവേണ്ടി അവിടെ തന്നെ കൂടി രാത്രിയിൽ ഒരുമിച്ച് പഠിക്കാൻ തുടങ്ങി. അവരുടെ കൂടെ കൂടാൻ എനിക്കും താല്പര്യമുണ്ടായി. പഠനത്തോടൊപ്പം നാട്ടുകാര്യങ്ങളും രാഷ്ട്രീയവും വ്യക്തിപരമായ കാര്യങ്ങളുമൊക്കെ ഞങ്ങൾ സംസാരിച്ചു. ചിലരുമായി വളരെ അടുത്ത ബന്ധമുണ്ടായി. എങ്കിലും അവിടന്ന് പോന്ന ശേഷം മിക്ക ആളുകളുമായുള്ള കണക്ഷൻ വിട്ടു പോയി. ഇപ്പോൾ ഹെൽത്ത് യൂണിവേഴ്‌സിറ്റിയിൽ പോകുമ്പോൾ ദൂരെ നിന്ന് അന്നത്തെ ആ ആശുപത്രി നോക്കി നിൽക്കാറുണ്ട്. പഴയ കൂട്ടുകാരൊക്കെ അവിടെ ഉണ്ടെന്ന് വെറുതെ സങ്കൽപ്പിക്കും. താമസസ്ഥലത്ത് എനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അന്നുപയോഗിച്ച സോപ്പിന്റെ മണമാണ് ഇപ്പോഴും അവിടുത്തെ എല്ലാ ഓർമകളിലും തങ്ങിനിൽക്കുന്നത്.

നമ്മൾ കയറിയിറങ്ങി പോകുന്ന സ്ഥാപനങ്ങൾ നമ്മളെ രൂപപ്പെടുത്തുന്നതിൽ നല്ലൊരു പങ്കുവഹിക്കുന്നുണ്ട്. മിക്കപ്പോഴും ഏതെങ്കിലും ഒരു സ്ഥാപനത്തിൽ തട്ടി തടഞ്ഞു പോവുകയാണ് പതിവ്. മുകളിലേക്ക് കയറാവുന്ന ഏണികളുടെ ഇടയിൽ താഴോട്ടു തള്ളിയിടുന്ന അപകടങ്ങളും "ഏണിയും പാമ്പും' കളിയിലെ പോലെ പതിയിരിപ്പുണ്ടാവും. സ്ഥാപനങ്ങളിൽ പെട്ടുപോകാതെ അതോടൊപ്പം ചേരുകയും, അതേസമയം അതിനു പുറത്തുള്ള ചലനാത്മകമായ സമൂഹത്തിലേക്ക് കൂടി ഇടക്കിടെ ഇറങ്ങി നടക്കുകയും ചെയ്താൽ ജീവിതം കുറച്ച് കൂടി രസകരമാക്കാം.▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments