ഡോ. എ.കെ.ജയശ്രീ

സ്വാതന്ത്ര്യം തേടുന്ന വിധങ്ങൾ

എഴുകോൺ- 22

വ്യവസ്ഥയിൽ നിന്നു വിട്ടു നിൽക്കുന്ന ഇടവേളകളാണ് സ്വാതന്ത്ര്യത്തിന് അൽപ്പസ്വൽപ്പം ഇടം നൽകുന്നത്. ജീവിതത്തിന് പുതുമയും ഉന്മേഷവും പകരുന്നത്.

ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും കൂടുതൽ ശ്രദ്ധ കിട്ടാൻ വേണ്ടി, പേ വാർഡ് ഒഴിവാക്കി ജനറൽ വാർഡിലായിരുന്നു അമ്മയെ കിടത്തിയിരുന്നത്. കൊട്ടാരക്കര വച്ച് അമ്മ സഞ്ചരിച്ചിരുന്ന ടെമ്പോ വാനിൽ ഒരു ലോറി വന്നിടിക്കുകയായിരുന്നു. അച്ഛന് ആയിടെ ഒരു ഹാർട്ട് അറ്റാക്ക് വന്നിരുന്നു എങ്കിലും വിവരമറിഞ്ഞ് സമചിത്തതയോടെ അമ്മയെ അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അടിയന്തര ചികിത്സക്ക് ശേഷമുള്ള പരിശോധനയിൽ മുഖത്ത് ചുണ്ടിനോടടുപ്പിച്ച് ആഴത്തിലുള്ള മുറിവും കാലിന്റെ എല്ലിന് പൊട്ടലും കണ്ടു. സ്ത്രീകളുടെ വാർഡ് ആയതിനാൽ ആശുപത്രിയിലെ പരിചരണം ഞാനും രാജശ്രീയും ഏറ്റെടുത്തു. അമ്മക്ക് ഇടക്ക് ബെഡ്പാൻ ഒക്കെ വച്ച് കൊടുക്കുകയും നഴ്‌സുമാർ ആവശ്യപ്പെടുമ്പോൾ മരുന്ന് എടുത്ത് കൊടുക്കുകയും ഒക്കെ വേണ്ടിയിരുന്നത് കൊണ്ട് ഉറക്കം ശരിയായിരുന്നില്ല. ഞങ്ങൾ തറയിൽ ഒരു ഷീറ്റ് വിരിച്ചാണ് കിടന്നിരുന്നത്. വെളുപ്പിന് സുഖമായി ഉറക്കം പിടിക്കുമ്പോൾ ക്ലീനിംഗ് ചെയ്യുന്ന സ്ത്രീകൾ വന്ന് ഞങ്ങളെ ശകാരിക്കുകയും എഴുന്നേൽപ്പിക്കുകയും ചെയ്യും. ഞാൻ ഡോക്ടർ ആണെന്നറിയുമ്പോൾ അവർ പെരുമാറ്റത്തിൽ മാറ്റം വരുത്തിയിരുന്നു.

ഞാൻ എന്റെ തന്ത്രവും മാറ്റി. റെയിൽവേ സ്റ്റേഷനിലെ തറയിൽ ഉറങ്ങണമെങ്കിൽ ഞാൻ സ്ത്രീകളുടെ മുറിക്ക് പകരം പൊതുവിശ്രമമുറികളാണ് ഉചിതമെന്ന് കണ്ട് അവിടെ പോയി ഉറങ്ങി തുടങ്ങി. എനിക്ക് ഉടമസ്ഥനായ ഒരു പുരുഷൻ അവിടെ എവിടെയെങ്കിലും ഉണ്ടാവുമെന്ന് അവർ കരുതുന്നുണ്ടാവും.

റെയിൽവേ സ്റ്റേഷനിലും ഇതേ അനുഭവം ഉണ്ടാകാറുണ്ട്. തൃശൂരും മറ്റും വെളുപ്പിന് ട്രെയിനിൽ എത്തിയാൽ നേരം വെളുക്കുന്നതു വരെ സ്റ്റേഷനിൽ കഴിച്ച് കൂട്ടും. ലേഡീസ് വെയിറ്റിങ് റൂമിൽ ഇതുപോലെ തുണിയോ പേപ്പറോ വിരിച്ച് കിടക്കും. എനിക്ക് ഏറ്റവും സുഖമുള്ള വെളുപ്പാൻ കാലത്തെ ഉറക്കം നശിപ്പിച്ച് കൊണ്ട് നിലം വൃത്തിയാക്കുന്ന സ്ത്രീകളെത്തും. അവർക്ക് വായിൽ തോന്നിയതൊക്കെ വിളിച്ച് പറയും. ഉറക്കമിളക്കുകയും മറ്റുള്ളവരുടെ അഴുക്കുകൾ തുടച്ചു നീക്കുകയും ചെയ്യുന്ന അവരോട് അനുതാപം തോന്നുമെങ്കിലും എന്റെ ഉറക്കം കളയുന്നതിന്റെ അസ്വസ്ഥത മനസ്സിൽ ഉറഞ്ഞു നിൽക്കും.

ജയശ്രീയുടെ അമ്മയ്ക്കൊപ്പം കനി

ജീവിതത്തിൽ കഠിന പ്രയത്‌നം ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് അടക്കത്തോടെ പതിഞ്ഞ സ്വരത്തിലൊന്നും സംസാരിച്ചു കൊണ്ട് അതിജീവനം സാധ്യമല്ല. ദൈനംദിന ജീവിതത്തിൽ ഉച്ചത്തിൽ സംസാരിച്ചും മറ്റും അവർക്ക് പൊരുതേണ്ടി വരും. നാലു വശത്ത് നിന്നും വീർപ്പു മുട്ടിക്കുന്ന വ്യവസ്ഥയുടെ ഞെരുക്കത്തിൽ നിന്നും മോചനത്തിനായി അല്പമൊരിടം കണ്ടെത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. അതിന് പലവിധ തന്ത്രങ്ങൾ മെനയേണ്ടി വരും. കൂടുതൽ അനുകൂലമായ സാഹചര്യങ്ങളുള്ളവർ വ്യവസ്ഥയോട് പൊരുത്തപ്പെട്ടു പോകാനാണ് ശീലിക്കുന്നത്. അങ്ങനെയില്ലാത്തവർ കഴിയുന്നിടത്തൊക്കെ ചെറുക്കാൻ ശ്രമിക്കും. അധികാരമുള്ളവരോട് സൂക്ഷിച്ച് മാത്രമേ ഒറ്റക്ക് ചെറുത്തു നിൽക്കാൻ കഴിയൂ. അതല്ലെങ്കിൽ സംഘടനയുടെയും ആശയത്തിന്റെയും പിൻബലം വേണം.

പുരുഷന്മാരുള്ളിടത്ത് സ്ത്രീകൾ ഇതുപോലെ വന്ന് ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിക്കുകയോ ശകാരിക്കുകയോ ചെയ്യാറില്ല എന്ന് കണ്ട് പിടിച്ച് ഞാൻ എന്റെ തന്ത്രവും മാറ്റി. റെയിൽവേ സ്റ്റേഷനിലെ തറയിൽ ഉറങ്ങണമെങ്കിൽ ഞാൻ സ്ത്രീകളുടെ മുറിക്ക് പകരം പൊതുവിശ്രമമുറികളാണ് ഉചിതമെന്ന് കണ്ട് അവിടെ പോയി ഉറങ്ങി തുടങ്ങി. എനിക്ക് ഉടമസ്ഥനായ ഒരു പുരുഷൻ അവിടെ എവിടെയെങ്കിലും ഉണ്ടാവുമെന്ന് അവർ കരുതുന്നുണ്ടാവും. ആരും വന്ന് ശല്യപ്പെടുത്തില്ല. ഇപ്പോൾ സ്റ്റേഷനുകളിൽ കുടുംബശ്രീ നടത്തുന്ന വിശ്രമ മുറികളുണ്ട്. സംഘടിതരായ സ്ത്രീകൾ നടത്തുന്നതിനാൽ അവരുടെ പെരുമാറ്റവും സേവനവും ആകർഷകമാണ്.

അധികാര ബന്ധങ്ങളില്ലാതെ ഒരു സ്ഥാപനങ്ങളും നിലനിൽക്കുന്നില്ല. കുടുംബവും ജോലിസ്ഥലവും എല്ലാം അങ്ങനെ തന്നെയാണ്. ഇവ രണ്ടും വിട്ട് മോചനത്തിനായി ഇറങ്ങുന്നവരായിരിക്കാം ഭിക്ഷാംദേഹികളായ സന്യാസിമാർ.

അമ്മയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലും കുറേ നാൾ കൂടി പ്ലാസ്റ്ററിലും മറ്റു പരിചരണങ്ങളിലും തുടരേണ്ടിയിരുന്നതിനാൽ തിരുവനന്തപുരത്തേക്ക് താമസം മാറ്റാൻ അച്ഛൻ തീരുമാനിച്ചു. തിരുവനന്തപുരത്താകുമ്പോൾ ഞങ്ങൾക്കും മറ്റു പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാവില്ല. രാജശ്രീയും അക്കാലത്ത് തിരുവനന്തപുരത്തുണ്ടായിരുന്നു. കോസ്‌മോപോളിറ്റൻ ആശുപത്രിയുടെ അടുത്ത് ഒരു വീട് വാടകക്കെടുത്ത് അമ്മയെ അങ്ങോട്ടു മാറ്റി. പരിചരണത്തിനായി നെടുമങ്ങാട്ടു നിന്ന് വന്ന ഭാരതിയും ഉണ്ടായിരുന്നു. കോസ്‌മോ ആശുപത്രിയിൽ നിന്നും ഒരു നഴ്‌സ് ദിവസവും വന്ന് ഡ്രസ്സിംഗും മറ്റും ചെയ്തു. കനിയെ "ടോം ആന്റ് ജെറി' എന്ന പ്ലേ സ്‌കൂളിൽ ചേർത്തു. അമ്മയുടെ അപകടത്തിനു ശേഷം അവൾ ദുഃഖിതയായതായി എനിക്ക് തോന്നി .

രാജശ്രീയും അജിത്തും

രാജശ്രീ അപ്പോഴേക്ക് അജിത്തിനെ ജീവിതപങ്കാളിയായി കണ്ടെത്തിയിട്ടുണ്ടായിരുന്നു. അജിത്ത് ഞങ്ങളുടെ സുഹൃത്തും പല പ്രവർത്തനങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന ആളുമാണ്. അവർ രണ്ട് പേരും രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ, അച്ഛന് കുറച്ച് പേരെ വീട്ടിൽ വിളിച്ച് ചായ കൊടുക്കണമെന്ന് പറഞ്ഞതനുസരിച്ച് എഴുകോണിൽ വച്ച് അങ്ങനെ ഒരു ചെറിയ പരിപാടി നടത്തി. പെട്ടെന്ന് തന്നെ തിരുവനന്തപുരത്തേക്ക് വീട് മാറാൻ തീരുമാനിച്ചതിനാൽ ചടങ്ങ് നീട്ടിവെക്കാൻ കഴിയുമായിരുന്നില്ല. മുപ്പതോളം പേര് മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്. അതിൽ പങ്കെടുക്കാൻ അമ്മക്ക് സാധിച്ചില്ല. എനിക്ക് അമ്മയോടൊപ്പം നിൽക്കേണ്ടിയിരുന്നത് കൊണ്ട് ഞാനും അതിൽ പങ്കെടുത്തില്ല. അവളുടെ വിവാഹം ഞങ്ങളുടെ സങ്കല്പത്തിൽ ഒതുങ്ങി നിന്നു. ഫോട്ടോയും എടുത്തിട്ടുണ്ടായിരുന്നില്ല. അജിത്തിന്റെ വീട് ആലപ്പുഴ ആയതിനാൽ അവരുടെ വീട്ടിൽ അത് പോലെ വേറൊരു ചായ സൽക്കാരം വീണ്ടും നടത്തി. അമ്മയുടെ പരിചരണത്തിനായി അവൾ തിരുവനന്തപുരത്തേക്ക് പോരുകയും ചെയ്തു. അജിത് ഇപ്പോഴും ബന്ധു എന്നതിനേക്കാളുപരി നല്ല സുഹൃത്താണ്. കുടുംബപരമായ കാര്യങ്ങളോടൊപ്പം ഫെമിനിസം ഉൾപ്പെടെ രാഷ്ട്രീയം പങ്കുവെക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ പരസ്പരം മാനിക്കുകയും ചെയ്യാൻ കഴിയുന്ന നല്ല സുഹൃത്താണ് അജിത്. കനിയുടെ പേരന്റിംഗിൽ അവരും പങ്കുവഹിച്ചിട്ടുണ്ട്.

തികഞ്ഞ ദാരിദ്ര്യത്തിലും, ശാന്തത പകരുന്ന ക്രാഫ്ട് ആസ്വദിക്കാനായിരുന്നു ഞാൻ അവിടെ പോയത്. ഒരു ദിവസത്തിൽ കൂടുതൽ അതെനിക്ക് സാധിക്കുകയുമില്ല. കഞ്ഞിയും അച്ചാറും മാത്രമായിരുന്നു അവിടുത്തെ ആഹാരം. രാത്രിയിൽ ഇടുങ്ങിയ മുറിയിൽ എനിക്ക് ജലദോഷവും ശ്വാസംവിടാൻ പ്രയാസവും തോന്നി.

അമലയിലെ ജോലി വിടാൻ ആഗ്രഹിച്ചിരുന്ന സമയത്താണ് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നത്. വീണ്ടും അതുപോലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി ജോലി ചെയ്യാൻ എനിക്ക് താൽപ്പര്യം തോന്നിയില്ല. അധികാര ബന്ധങ്ങളില്ലാതെ ഒരു സ്ഥാപനങ്ങളും നിലനിൽക്കുന്നില്ല. കുടുംബവും ജോലിസ്ഥലവും എല്ലാം അങ്ങനെ തന്നെയാണ്. ഇവ രണ്ടും വിട്ട് മോചനത്തിനായി ഇറങ്ങുന്നവരായിരിക്കാം ഭിക്ഷാംദേഹികളായ സന്യാസിമാർ. ഏറെ നാൾ അലഞ്ഞ ശേഷം അവരും ഒരു പ്രസ്ഥാനത്തിന്റെയോ സ്ഥാപനത്തിന്റെയോ ഭാഗമായി മാറുന്നതാണ് കാണുന്നത്. അങ്ങനെയല്ലാതെ സ്ഥിരമായി അലയുന്നവരും ഉണ്ടാവാം. ഇപ്പോഴത്തെ ഭരണ സംവിധാനത്തിൽ അവർ അധികാരമില്ലാത്തവരാണെങ്കിൽ പൊലീസിന്റെ ചോദ്യം ചെയ്യലുകൾക്ക് വിധേയരായേക്കാം. അതിൽ നിന്നും ഒഴിവാകണമെങ്കിൽ സ്വയംകൃതമെങ്കിലുമായ ഒരു ഉന്മാദാവസ്ഥയിൽ നിലകൊള്ളേണ്ടിവരും.

വ്യവസ്ഥയോട് അധികം വിട്ടുവീഴ്ച ചെയ്യാതെ സ്വന്തമായി ഒരു ഇടം കണ്ടെത്തി സർഗ്ഗാത്മകമായ ജീവിതം നയിക്കുന്നവരുമുണ്ട്. അവർ അറിയപ്പെടണമെന്നില്ല. ഒരു കവിതപോലെ അവരുടെ ജീവിതം കടന്നുപോകുന്നു. തൃശൂരിനടുത്ത് കൊണ്ടയൂരിൽ ഒരു ചെറിയ ആശ്രമവും ഒരു സന്യാസിയും ഉണ്ടായിരുന്നു. അഖണ്ഡാനന്ദസ്വാമി എന്നറിയപ്പെട്ട സ്വാമിയെ മൈത്രേയന്റെ പഴയ സുഹൃത്ത് എന്ന നിലക്കാണ് പരിചയപ്പെട്ടത്. അവിടെ പോകുമ്പോൾ സ്വാമിയും മൈത്രേയനും തമ്മിൽ ആശയപരമായ തർക്കത്തിലേർപ്പെട്ടു. വരുമാനം ഇല്ലാത്തതോ തീരെ കുറഞ്ഞതോ ആയ ആശ്രമത്തിൽ അദ്ദേഹം ലളിത ജീവിതം നയിച്ചു വന്നു. ചെറുപ്പക്കാരനായ സ്വാമി എപ്പോഴും ശാന്തനായി, സിഗരറ്റ് വലിച്ചുകൊണ്ട് ചിന്തയിൽ മുഴുകി.

വ്യവസ്ഥയിൽ നിന്ന് താൽക്കാലികമായെങ്കിലും ഒരു മോചനം എല്ലാവരും കൊതിക്കും. ഉയർന്ന ഉദ്യോഗത്തിൽ വിരാജിക്കുന്നവരും അടിമകളും ഫാക്ടറി തൊഴിലാളികളും ഭാര്യമാരും അധ്യാപകരും സെക്‌സ് തൊഴിലാളികളും എല്ലാം.

മൈത്രേയനെ കൂടാതെ വേറൊരു സുഹൃത്തിനോടൊപ്പം ഞാൻ ചിലപ്പോഴൊക്കെ രാത്രിയിൽ തപ്പി തടഞ്ഞ് അവിടെ പോയി. വഴിയിലൊന്നും ലൈറ്റില്ലാതെ ഇരുൾ നിറഞ്ഞിരുന്നു. ഭാരതപ്പുഴയിൽ നിന്ന് വേർപിരിഞ്ഞ ഒരു ചെറിയ പുഴയുടെ കരയിലായിരുന്നു അത്. ഇപ്പോൾ നിലനിൽക്കുന്നുണ്ടോ എന്നറിയില്ല. തികഞ്ഞ ദാരിദ്ര്യത്തിലും, ശാന്തത പകരുന്ന ക്രാഫ്ട് ആസ്വദിക്കാനായിരുന്നു ഞാൻ അവിടെ പോയത്. ഒരു ദിവസത്തിൽ കൂടുതൽ അതെനിക്ക് സാധിക്കുകയുമില്ല. കഞ്ഞിയും അച്ചാറും മാത്രമായിരുന്നു അവിടുത്തെ ആഹാരം. രാത്രിയിൽ ഇടുങ്ങിയ മുറിയിൽ എനിക്ക് ജലദോഷവും ശ്വാസംവിടാൻ പ്രയാസവും തോന്നി. എങ്കിലും സ്വാമിയുടെ ജീവിതത്തിലും മരണത്തിലും സവിശേഷമായ എന്തോ ഒന്ന് രുചിക്കാനുണ്ടായിരുന്നു. നിരന്തരമായ പുകവലി മൂലമാകണം, അദ്ദേഹത്തിന്റെ ഹൃദയത്തിന് വീക്കമുണ്ടായി. നാല്പതുകളുടെ തുടക്കത്തിൽ തന്നെ ജീവിതം നഷ്ടമായി. അവസാന നാളുകളിൽ ആശുപത്രിയിലായപ്പോൾ ഞാൻ മൈത്രേയനോടൊപ്പം കാണാൻ പോയി. അന്ന് ടി.എൻ.ജോയ് ഒരു അപകടത്തിൽപെട്ട് മറ്റൊരു ആശുപത്രിയിൽ ആയിരുന്നതിനാൽ മൈത്രേയൻ ഒപ്പം നിൽക്കുകയായിരുന്നു. അതറിഞ്ഞപ്പോൾ, സ്വാമിക്ക് ആവശ്യമുണ്ടായിരുന്നിട്ടുകൂടി പെട്ടെന്ന് തന്നെ തിരിച്ചു പൊയ്ക്കൊള്ളാൻ പറഞ്ഞു.

സ്വാമി തന്മയ (ഡോ. തമ്പാൻ) / ഫോട്ടോ: ഹരി നീലഗിരി, ഫേസ്ബുക്ക്

മെഡിക്കൽ കോളേജിൽ നിന്ന് ഡിഗ്രി സമ്പാദിച്ച ഡോ. തമ്പാൻ, നാരായണഗുരുകുലത്തിൽ ചേർന്ന് സന്യാസിയായി ജീവിക്കുന്നു. ഇപ്പോൾ ‘സ്വാമി തന്മയ' എന്നാണ് അറിയപ്പെടുന്നത്. ഒരു ഡോക്ടറുടെ ജീവിതത്തിൽ നിന്ന് അകന്ന് മറ്റൊരു പാതയിലൂടെയാണ് അദ്ദേഹം സഞ്ചരിക്കുന്നത്. നാട്ടുവൈദ്യവും അമ്മൂമ്മവൈദ്യവും ഒക്കെ പഠിപ്പിക്കുകയും മെഡിക്കൽ സയൻസിന്റെ അറിവ് കൂടി ഉൾക്കൊണ്ട് ആളുകൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. പ്രവൃത്തിയിലൂടെ ലക്ഷ്യം നേടുക എന്നതിനേക്കാൾ അറിവിലൂടെ ചരിച്ച് നീങ്ങുക എന്ന മാർഗമാണ് അവർ സ്വീകരിച്ചിട്ടുള്ളത്. ഏതെങ്കിലും ഒന്ന് ശരി എന്ന് പറയാനല്ല, വ്യത്യസ്തമായ ജീവിതങ്ങൾ സാധ്യമാണ് എന്ന് സൂചിപ്പിക്കുക മാത്രമാണ്.

വ്യവസ്ഥയിൽ നിന്ന് താൽക്കാലികമായെങ്കിലും ഒരു മോചനം എല്ലാവരും കൊതിക്കും. ഉയർന്ന ഉദ്യോഗത്തിൽ വിരാജിക്കുന്നവരും അടിമകളും ഫാക്ടറി തൊഴിലാളികളും ഭാര്യമാരും അധ്യാപകരും സെക്‌സ് തൊഴിലാളികളും എല്ലാം. രാജാക്കന്മാരും മന്ത്രിമാരും അങ്ങനെ എപ്പോഴെങ്കിലും ചിന്തിക്കുമോ എന്ന് പറയാനാവുന്നില്ല. അധികമൊന്നും ചിന്തിക്കാതെ വ്യവസ്ഥയുമായി പൊരുത്തപ്പെട്ടു പോകുന്നവർ എല്ലാ വിഭാഗത്തിലുമുണ്ട്. എന്നാൽ, ചിന്ത സഹജമായതുകൊണ്ട് അത് എല്ലാവരിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിനുള്ള സാഹചര്യം ഒരുങ്ങണമെന്നു മാത്രം. ചില പ്രതിസന്ധികളിൽ ചെന്നുപെടുമ്പോഴോ ചുറ്റും ചില മാറ്റങ്ങൾ സംഭവിക്കുമ്പോഴോ ഒക്കെ ആകാമത്.

ഓരോ അഭിപ്രായ പ്രകടനങ്ങളിലും ഇടപെടലുകളിലും ഉയർന്നുവരുന്ന പുരുഷാധിപത്യ പ്രവണതകളെ ഞങ്ങൾ ഇഴകീറി പരിശോധിച്ചു. ഞങ്ങൾക്കിടയിലുള്ള വ്യത്യാസങ്ങൾ പരസ്പരം സംസാരിച്ചു. ആൺ സുഹൃത്തുക്കളുമായി ദീർഘനേരം സംസാരിക്കുകയും ഒരുമിച്ച് കാപ്പി കുടിക്കാനും ഐസ്‌ക്രീം കഴിക്കാനും പോവുകയും ചെയ്തു

പഠനം കഴിഞ്ഞാൽ താരതമ്യേന സർഗാത്മകമായി, ജനങ്ങളുമായി നേരിട്ട് ഇടപെട്ട് പ്രവർത്തിക്കാൻ കഴിയുന്ന മേഖലയാണ് ആരോഗ്യസേവനത്തിന്റേത്. എങ്കിലും അതിലും ചില പ്രശ്‌നങ്ങൾ അനുഭവപ്പെട്ടു. പഠിക്കുന്ന സമയത്ത് രോഗികളെ യാതൊരു വിവേചനവുമില്ലാതെ കഷ്ടപ്പെടുത്തിയുള്ള സമ്പ്രദായമായിരുന്നു എനിക്കേറ്റവും ധാർമ്മിക പ്രതിസന്ധി ഉണ്ടാക്കിയിരുന്നത്. അത് പരീക്ഷയും യോഗ്യതാ നിർണ്ണയവുമായി ബന്ധപ്പെട്ടാണ് ചെയ്യേണ്ടിയിരുന്നത്. ആളുകൾക്ക് സഹകരണമനോഭാവത്തോടെ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുന്നതിന് ഏറ്റവും തടസ്സം നിൽക്കുന്നത് മത്സര പരീക്ഷകളാണ്. ചെയ്യേണ്ട പ്രവൃത്തിയുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലാണ് മിക്കയിടത്തും പഠനവും പരീക്ഷയും നടത്തുന്നത്. പരീക്ഷകൾ ആളുകളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും അവർക്ക് ജീവിക്കാൻ സൗകര്യം കൊടുക്കുന്നതിനുമാണെങ്കിൽ കുഴപ്പമില്ല. പകരം കൂടുതൽ പേരെയും ഒഴിവാക്കാൻ വേണ്ടി പരീക്ഷകൾ നടത്തുന്നതാണ് പ്രശ്‌നം. നിങ്ങളെ സ്‌നേഹപൂർവ്വം വിളിച്ചിരുത്തി ഉപചരിച്ച ശേഷം ഒന്നിനും കൊള്ളില്ല എന്നു പറഞ്ഞു വലിച്ചെറിയുകയാണ് പരീക്ഷയും ഇന്റർവ്യൂവും ചെയ്യുന്നത്. അതിൽ അപമാനവും അപമാനവീകരണവുമുണ്ട്. എങ്കിലും നമ്മൾ അതുമായി പൊരുത്തപ്പെട്ടു പോകുന്നു. എനിക്ക് അതിന് കുറെ സമയം വേണ്ടി വന്നു.

അമല വിട്ടതിനു ശേഷം എന്ത് ചെയ്യണമെന്നറിയാതെ ആയപ്പോഴേക്കും പരിഷത്തിൽ, എറണാകുളത്ത് സമ്പൂർണ സാക്ഷരതാ യജ്ഞത്തോടൊപ്പം സാർവ്വത്രിക രോഗപ്രതിരോധ പരിപാടികൂടി നടപ്പാക്കാനുള്ള തീരുമാനം വന്നു. അവിടെ പോയി സേവനം ചെയ്യാനുള്ള നിർദ്ദേശം വന്നപ്പോൾ സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു. ശമ്പളം കിട്ടുന്ന സേവനം ആയിരുന്നില്ലെങ്കിലും വ്യത്യസ്തവും പുതുമയുള്ളതുമായ ഒരു ഫീൽഡ് തുറന്നു കിട്ടിയത് നന്നായി തോന്നി. ദേശീയസാക്ഷരതാ മിഷന്റെ പരിപാടിയായ സാക്ഷരതായജ്ഞം കേരളത്തിൽ ഒരു ജനകീയ പരിപാടിയായി പരിഷത്ത്​ ഏറ്റെടുക്കുകയായിരുന്നു. ഗവൺമെന്റിൽ നിന്ന്​താല്പര്യമുള്ള ആളുകൾ ഡെപ്യൂട്ടേഷനിൽ വന്നു. ജനകീയമായി സംഘടിപ്പിച്ചതുകൊണ്ടും താല്പര്യമുള്ള ആളുകളായതുകൊണ്ടും അത് ഉത്സവം പോലെ ആഘോഷത്തോടെയാണ് നടന്നു വന്നത്. തെരുവ് പ്രസംഗങ്ങൾ, കലാജാഥകൾ, നാടകങ്ങൾ, പാട്ടുകൾ തുടങ്ങി അത് സാധാരണ ജനങ്ങളെ ഒന്നാകെ ഇളകി മറിച്ചു. പ്രായം ചെന്ന സ്ത്രീകളും പുരുഷന്മാരും സാക്ഷരതാ ക്ലാസുകളിലെത്തി. അവരെ പഠിപ്പിക്കാനും പ്രചോദിപ്പിക്കാനും ചെറുപ്പക്കാരുടെ കൂട്ടം മുന്നിട്ടു നിന്നു. രാത്രിയും പകലുമില്ലാതെ അവർ കൂട്ടായി അധ്വാനിച്ചു. ഒരുമിച്ച് ജോലി ചെയ്തവർക്കിടയിൽ പ്രണയങ്ങളുണ്ടായി. സദാചാര പൊലീസിംഗ് ഒപ്പം വന്നു. എന്നാൽ, അതിനെയൊക്കെ കടന്നുനിന്നത് സാമൂഹ്യമായ ഉണർവ്വാണ്.

പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ പുത്തനൊരായുധമാണ് നിനക്കത് പുസ്തകം കയ്യിലെടുത്തോളൂ
എന്ന ബ്രെഹ്റ്റിന്റെ ശക്തമായ വാക്കുകൾ ഏറ്റവും കൂടുതൽ കേട്ടത് ആ സമയത്തായിരുന്നു. (കഴിഞ്ഞ നൂറ്റാണ്ടിൽ ജർമനിയിൽ ജീവിച്ച സർഗാത്മക രാഷ്ട്രീയപ്രവർത്തകനും നാടകരചയിതാവുമായ ബ്രെഹ്റ്റ് )

ഡോ: ജോയ് ഇളമൺ

ചെറുപ്പക്കാരെയും പാവപ്പെട്ടവരെയും ഇടത്തരക്കാരെയും വിദ്യാർത്ഥികളെയും എല്ലാം അത് ഒരേപോലെ ആവേശം കൊള്ളിച്ചു. ഞാൻ പോയത് രോഗപ്രതിരോധപരിപാടിക്കാണെങ്കിലും അതിനു വേണ്ടി അധികം പണിയെടുക്കേണ്ടി വന്നില്ല. ഡോ. കെ.പി. അരവിന്ദനും ഡോ. ജോയ് ഇളമണും മിക്കവാറും അതുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നു. യൂണിസെഫിന്റെ പിന്തുണയോടെ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും രോഗപ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുകയായിരുന്നു അതിന്റെ ലക്ഷ്യം. എനിക്ക് താമസിക്കാൻ മറ്റുള്ളവരെ പോലെ തന്നെ പഴയ കളക്​ടറേറ്റിലാണ് ആദ്യം സൗകര്യം ലഭിച്ചത്. എറണാകുളം പുതിയ അനുഭവമായിരുന്നു എങ്കിലും ആ നഗരം വൈകാരികമായി എന്നെ അടുപ്പിച്ചില്ല. താമസിക്കുന്ന ഇടത്ത് നിന്നും സാക്ഷരതാ ഓഫീസിലെത്തുമ്പോഴും തിരിച്ചു നടക്കുമ്പോഴും ഒരു കാർ എന്നെ പിന്തുടർന്നു. അവിടെ ഒരു അപകടം പതിയിരിക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു. എങ്കിലും സാക്ഷരതാ പരിപാടിക്കാരായ ഞങ്ങളുടെ ലോകം സന്തോഷവും ഉത്സാഹവും നിറഞ്ഞതായിരുന്നു.

അധികാര കേന്ദ്രീകരണവും പുരുഷസ്വഭാവവുമില്ലാതെ കൂടുതൽ ജനാധിപത്യപരമായി എങ്ങനെ കൂട്ട് ചേരാമെന്നത് സ്ത്രീ സംഘടനകൾ എപ്പോഴും നേരിടുന്ന വെല്ലുവിളിയാണ്.

അവിടെ ഞങ്ങൾ സ്ത്രീകളുടെ ഒരു കൂട്ടായ്മ സ്വാഭാവികമായി തന്നെ രൂപപ്പെട്ടു. ഞാൻ ആനന്ദം കണ്ടെത്തിയത് അതിലായിരുന്നു. അവരിൽ മിക്കപേരും ഫെമിനിസ്റ്റ് കാഴ്ചപ്പാടിലേക്ക് മാറിവരുന്ന സമയമായിരുന്നു അത്. രാത്രിയിൽ ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തു. സാക്ഷരതാ പരിപാടിയിലെ അനുഭവങ്ങൾ കൈമാറി. ഓരോ അഭിപ്രായ പ്രകടനങ്ങളിലും ഇടപെടലുകളിലും ഉയർന്നുവരുന്ന പുരുഷാധിപത്യ പ്രവണതകളെ ഞങ്ങൾ ഇഴകീറി പരിശോധിച്ചു. ഞങ്ങൾക്കിടയിലുള്ള വ്യത്യാസങ്ങൾ പരസ്പരം സംസാരിച്ചു. ആൺ സുഹൃത്തുക്കളുമായി ദീർഘനേരം സംസാരിക്കുകയും ഒരുമിച്ച് കാപ്പി കുടിക്കാനും ഐസ്‌ക്രീം കഴിക്കാനും പോവുകയും ചെയ്തു. വിവാഹം ചെയ്യാതെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരും ജാതിയും മതവും നോക്കാതെ രജിസ്റ്റർ വിവാഹം ചെയ്തവരും അതിനിടയിലുണ്ടായി. മുൻകൂട്ടി കാണാത്ത പരിണിതഫലമായി, ഒരു മൈക്രോ ലെവൽ സാമൂഹ്യ പരിവർത്തനം സാക്ഷരതാ പ്രവർത്തനത്തിനുണ്ടായി എന്നുപറയാം.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല കലാജാഥയിലെ അംഗങ്ങൾ

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര ജില്ലയായി എറണാകുളം മാറിയെങ്കിലും അതിനേക്കാൾ എനിക്ക് വിലപ്പെട്ടതായി തോന്നിയത് ഇതാണ്. അന്ന് സ്ഥിരമായി പോയിരുന്ന ഒരു സ്ഥലം ജ്യോതി നാരായണനോടൊപ്പം അവരുടെ സഹോദരനായ സി.ആർ. നീലകണ്ഠന്റേയും അദ്ദേഹത്തിന്റെ സഹധർമ്മിണിയും കവിയുമായ വി.എം.ഗിരിജയുടെയും വീടാണ്. അവിടെ ജ്യോതിയെ കൂടാതെ ധാരാളം മറ്റു സുഹൃത്തുക്കളുമുണ്ടാവും. അവിടുത്തെ അമ്മ സന്തോഷത്തോടെ എല്ലാവർക്കും ഭക്ഷണവും കാപ്പിയും ഒരുക്കി തന്നു. ലോ കോളേജ് പ്രിൻസിപ്പൽ ആയ ടി.ജി. അജിതയുമായി കൂട്ടു ചേർന്നത് ആ നാളുകളിലാണ്. അന്ന് അജിത വിദ്യാർത്ഥിനി ആയിരുന്നു.

പരിഷത്തിനുള്ളിലെ സ്ത്രീ കൂട്ടായ്മ അതിനു മുൻപ് തന്നെ ആരംഭിച്ചിരുന്നു. ഞാൻ തൃശൂരിൽ താമസിക്കുന്ന സമയത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളെ ഒരുമിച്ചുചേർത്ത് വലപ്പാടുവെച്ച് വലിയ ഒരു സമ്മേളനം നടന്നു. വലപ്പാട് വനിതാ ശിബിരം എന്ന പേരിൽ അത് പരിഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹ്യപദവിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവിടെ ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു. സംഘടനാ സ്വഭാവത്തിൽ അച്ചടക്കത്തോടെ നടത്തിയ സമ്മേളനമായിരുന്നു അത്. വലിയ സംഘടനയാകുമ്പോൾ അച്ചടക്കവും നിയന്ത്രണവും പുറമേ നിന്ന് ഏൽപ്പിക്കുന്നതായാണ് കാണുന്നത്. ചെറിയ ഗ്രൂപ്പുകളിൽ അത് ആന്തരികമായി സൗഹാർദ്ദത്തിലൂടെയും ആശയങ്ങളിലൂടെയും വളർന്നു വരും. വലിയ സംഘടനകളിൽ പലപ്പോഴും പുരുഷന്മാരെപോലെ നിയന്ത്രണത്തിന് കഴിവുള്ളവരാണ് നേതൃത്വത്തിലേക്കെത്തുക. അധികാര കേന്ദ്രീകരണവും പുരുഷസ്വഭാവവുമില്ലാതെ കൂടുതൽ ജനാധിപത്യപരമായി എങ്ങനെ കൂട്ട് ചേരാമെന്നത് സ്ത്രീ സംഘടനകൾ എപ്പോഴും നേരിടുന്ന വെല്ലുവിളിയാണ്. സമൂഹത്തിലെ വിവിധ സ്ഥാപനങ്ങളോട് ഇടപെടുകയും, പേശലുകൾ നടത്തേണ്ടി വരുകയും ചെയ്യുമ്പോൾ അവയുടെ സ്വഭാവം അറിഞ്ഞോ അറിയാതെയോ സ്ത്രീ സംഘങ്ങൾക്കുമുണ്ടാകും. ചെറുഗ്രൂപ്പുകളും എപ്പോഴും ഇതിൽ നിന്ന് സ്വതന്ത്രമാണെന്നു പറയാൻ കഴിയില്ല. പലപ്പോഴും വർഗം, ജാതി, പദവി എന്നിവയെല്ലാം അധികാരഘടനയെ നിർണയിക്കും. നിരന്തരമുള്ള ആത്മപരിശോധന കൊണ്ട് ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ ഇത് മറികടക്കേണ്ടതാണ്.

വലപ്പാട് വനിതാ ശിബിരത്തിനു ശേഷം പരിഷത്ത് സ്ത്രീപ്രശ്‌നങ്ങളും മറ്റു വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനങ്ങളും ശില്പശാലകളും നടത്തി. അവ ഒരു വർഷത്തോളം നീണ്ടു. അതിനുശേഷം ഈ ആശയങ്ങൾ പൊതുധാരയിലെത്തിക്കാനുള്ള ആലോചനകളുണ്ടായി. പുസ്തകങ്ങൾക്ക് പുറമെ, വനിതാ കലാജാഥ നടത്താനും തീരുമാനിച്ചു. സയൻസിന്റെ ആശയങ്ങളും മറ്റും ജനങ്ങളിലേക്കെത്തിക്കാൻ കാലങ്ങളായി പരിഷത്ത്​ സ്വീകരിച്ചിട്ടുള്ള ഉപാധിയാണ് കലാജാഥ. ബ്രെഹ്റ്റിന്റെയും മറ്റും തെരുവ് നാടകങ്ങൾ അതിനു പ്രചോദനമായിട്ടുണ്ടാകണം. സംസ്ഥാനതലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ളതും ഗ്രാമങ്ങളിലെല്ലാം വേരുകളുള്ളതുമായ സംഘടനയായതു കൊണ്ട് ധാരാളം ജനങ്ങളിലേക്ക് ആശയങ്ങളെത്തിക്കാൻ ഇതുവഴി പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്.
സ്ത്രീവിമോചനത്തിന്റെ ആശയങ്ങൾ പേറി കൊണ്ടുള്ള കലാജാഥ പുതിയ ആശയവും ആവേശവുമായി. സ്‌ക്രിപ്റ്റ് എഴുതാനും റിഹേഴ്സൽ നടത്താനും ക്യാമ്പ് സംഘടിപ്പിച്ചു. അവിടെ എഴുത്തുകാരും സ്ത്രീകളും പരിഷത് പ്രവർത്തകരും തമ്മിൽ ഈ വിഷയത്തിൽ ചർച്ചകൾ നടന്നു. പലതരം കലാരൂപങ്ങൾ ഒന്നൊന്നായി രൂപപ്പെട്ടു. ഇതിനായി നടത്തിയ ചർച്ചകൾ തന്നെ ധാരാളം പേർക്ക് അവബോധത്തിന് വഴിയൊരുക്കി. കലാജാഥാംഗങ്ങളിൽ സമതയിൽ പ്രവർത്തിച്ചവരും ഉണ്ടായിരുന്നു. കലാജാഥാംഗങ്ങൾ ഒരു വാഹനത്തിൽ സഞ്ചരിക്കുകയും അവർക്ക് ഓരോ സ്ഥലത്തും പരിപാടി നടത്താനുള്ള അവസരം സംഘടനാപ്രവർത്തകർ ഒരുക്കുകയുമാണ് പതിവ്. കേരളം മുഴുവൻ യാത്ര ചെയ്യാൻ ഏതാണ്ട് ഒരു മാസത്തോളമെടുക്കും.

കൂടുതൽ സുഖം കിട്ടാനായി ഞങ്ങൾക്കുണ്ടായിരുന്ന ചാരുകസേര പുറത്ത് എടുത്തിട്ട് ഞാൻ അതിൽ രാജകീയമായി വിരാജിച്ചു. അവിടുത്തെ ഗൃഹനാഥനായ പുരുഷന് അതത്ര രസിച്ചില്ല. പക്ഷെ, ഞാനത് ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. ചാരുകസേരയുടെ കാലിൽ നമ്മുടെ കാൽ കയറ്റി വച്ച് പുസ്തകം വായിച്ചു കിടക്കുന്നതാണ് ഏറ്റവും സുഖമുള്ള കിടപ്പ്.

കലാജാഥയോടൊപ്പം പറ്റുന്ന സ്ഥലങ്ങളിലൊക്കെ പോകാൻ ഞാൻ തീരുമാനിച്ചു. ജോലിക്കൊന്നും ചേരാതെ സ്വതന്ത്രമായ കാലമായിരുന്നല്ലോ അത്. കേരളത്തിലെ ഏറ്റവും മനോഹാരിതയുള്ളതും എന്നാൽ സഞ്ചരിക്കാൻ പ്രയാസമുള്ളതുമായ ഇടുക്കി, വയനാട് ജില്ലകളിൽ മൊത്തമായും മറ്റു ജില്ലകളിൽ പറ്റുന്ന സ്ഥലങ്ങളിലും പോകാൻ ഞാൻ തയാറായി. വല്ലാത്ത അനുഭവമാണ് ആ യാത്രയിലുണ്ടായത്. കേരളത്തിലെ വ്യത്യസ്തമായ സ്ഥലങ്ങളും ജനജീവിതവും കാണാനായി എന്നതിനേക്കാൾ, നൂറു കണക്കിന് സ്ത്രീകൾ കലാജാഥയിൽ അവതരിപ്പിച്ച കാര്യങ്ങളോട് താദാത്മ്യപ്പെടുന്നതിന്റെ നേരിട്ടനുഭവമുണ്ടായത് ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു. ധാരാളം സ്ത്രീകൾ കാണാനെത്തുകയും കരയുകയും സംസാരിക്കുകയും അവരുടെ ജീവിതവുമായി അതെല്ലാം ചേർത്തുവെക്കുകയും ചെയ്തു. സ്ത്രീവിമോചനത്തിന്റെ ആശയങ്ങൾ എല്ലാവരിലും ഉറങ്ങിക്കിടപ്പുണ്ടെന്ന് അറിയാൻ കഴിഞ്ഞു. കലാജാഥയിൽ ഉണ്ടായിരുന്ന, വേറെ ഏതോ ഭാഷയിൽ നിന്ന് ജെ.ദേവിക പരിഭാഷപ്പെടുത്തിയ ഗാനശിൽപ്പത്തിലെ ചില വരികൾ സ്ത്രീകളെ ആഴത്തിൽ സ്പർശിക്കുകയും അവരത് സ്വന്തമെന്ന പോലെ അറിയുകയും ചെയ്തതായി തോന്നി.

"ഒന്നുമറിയാത്ത പ്രായത്തിൽ തന്നെ ഞാൻ എൻ ജാതിയെന്തെന്നറിഞ്ഞൂ അച്ഛന്റെ തല്ലു കൊണ്ടമ്മ കരഞ്ഞപ്പോൾ എൻ ജാതിയെന്തെന്നറിഞ്ഞൂ ജോലിക്കായ് വാതിലുകൾ മുട്ടിവിളിച്ചപ്പോൾ എൻ ജാതിയെന്തെന്നറിഞ്ഞൂ ആളുകളില്ലാത്ത വഴികളിൽ വച്ച് ഞാൻ എൻ ജാതിയെന്തെന്നറിഞ്ഞൂ'
ഇങ്ങനെ നീണ്ടുപോകുന്ന വരികളിൽ സ്ത്രീകൾ അവരെ തിരിച്ചറിയുന്നതു കാണാമായിരുന്നു.

അക്കാലത്ത് എനിക്ക് പോകാൻ മൂന്നു വീടുകളുണ്ടായിരുന്നു. ഒന്ന്, തിരുവനന്തപുരത്ത് അമ്മയും അച്ഛനും പുതുതായി വാടകക്കെടുത്ത വീട്. കനിയും മൈത്രേയനും അവരോടോപ്പമായിരുന്നു. മൈത്രേയൻ മിക്കവാറും യാത്രയിലും ആയിരിക്കും. രണ്ടാമത്തേത്, ഇടപ്പള്ളിയിലെ ഒരു പരിഷത്ത്​ പ്രവർത്തകൻ സാക്ഷരതാ പ്രവർത്തനത്തിനായി താമസിക്കാൻ മനോഹരമായ അവരുടെ വീടിന്റെ ഒരു ഭാഗം എനിക്ക് തന്നതായിരുന്നു. അവരുടെ രണ്ട് പെൺമക്കളും അദ്ദേഹവും ഭാര്യയും അവിടെ താമസിച്ചിരുന്നു. അതെനിക്ക് സ്വന്തം വീട് പോലെയായി. മൂന്നാമത്തേത്, ചേറ്റുപുഴയിലെ വാടക വീട് വിടുകയും, കുറച്ച് വീട്ടു സാമാനങ്ങളും പുസ്തകങ്ങളും വക്കാനും, അത്യാവശ്യത്തിനു കിടക്കാനുമായി രണ്ട് മുറികൾ വാടകക്കെടുത്ത അതിന്റെ അയൽപക്കത്തെ വീടായിരുന്നു. ആ വീട്ടുകാർക്ക് കടബാധ്യത ഉണ്ടായിരുന്നതുകൊണ്ട്, വീടിന്റെ ഒരു ഭാഗം വാടകക്ക് കൊടുക്കാൻ നിർബ്ബന്ധിതരായതാണ്. അതോടൊപ്പം തന്നെ അവർ മുറ്റത്ത് തന്നെ ഒരു ഷെഡ് കെട്ടി ഭക്ഷണം ഉണ്ടാക്കി വിൽക്കാനും തുടങ്ങി. എനിക്ക് വേറെ ഭക്ഷണം പാചകം ചെയ്യേണ്ടി വന്നില്ല. ആവശ്യമുള്ളപ്പോൾ കാപ്പിയും ആംപ്‌ളേറ്റ് എന്ന് അവിടത്തുകാർ പറഞ്ഞിരുന്ന ഓംലെറ്റും പൊറോട്ടയും ബീഫുമെല്ലാം ഓർഡർ ചെയ്തു. മുറിയിലിരുന്ന് പറഞ്ഞാൽ മതി, ഹോട്ടൽ ഭക്ഷണം അവിടെ തന്നെ വിളമ്പി കിട്ടി. കൂടുതൽ സുഖം കിട്ടാനായി ഞങ്ങൾക്കുണ്ടായിരുന്ന ചാരുകസേര പുറത്ത് എടുത്തിട്ട് ഞാൻ അതിൽ രാജകീയമായി വിരാജിച്ചു. അവിടുത്തെ ഗൃഹനാഥനായ പുരുഷന് അതത്ര രസിച്ചില്ല. പക്ഷെ, ഞാനത് ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. ചാരുകസേരയുടെ കാലിൽ നമ്മുടെ കാൽ കയറ്റി വച്ച് പുസ്തകം വായിച്ചു കിടക്കുന്നതാണ് ഏറ്റവും സുഖമുള്ള കിടപ്പ്. അവിടുത്തെ ഗൃഹനാഥയും മകനും വളരെ സ്‌നേഹമുള്ളവരായിരുന്നു. അവരുടെ സാന്ത്വനത്തിൽ ഞാനവിടെ സ്വസ്ഥമായുറങ്ങി .

വ്യവസ്ഥയിൽ നിന്നു വിട്ടുനിൽക്കുന്ന ഇത്തരം ഇടവേളകളാണ് സ്വാതന്ത്ര്യത്തിന് അൽപ്പസ്വൽപ്പം ഇടം നൽകുന്നത്. ജീവിതത്തിന് പുതുമയും ഉന്മേഷവും പകരുന്നത്. മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ആധിയും ആശങ്കയും വേണ്ടതല്ലേ എന്ന് എല്ലാവരും അതിശയിക്കാറുണ്ട്. പൂർണമായ സ്വാതന്ത്ര്യമെന്നത് അസാധ്യമായിരിക്കെ തന്നെ, ഇടക്ക് അൽപ്പം ഇടറി മാറി കൊണ്ട് ചെറിയ ചെറിയ സ്വാതന്ത്ര്യങ്ങൾ ആസ്വദിക്കാം. ▮


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments