എ.കെ ജയശ്രീയും എം.എസ്.സി കാലം മുതൽ മെഡിക്കൽ കോളജിൽ വരെ സഹപാഠിയായിരുന്ന വൽസലയും

എണ്ണിയാലും എണ്ണിയാലും ഒടുങ്ങാത്ത മനസ്സ്

എഴുകോൺ-6

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ ട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കു പോലുള്ളം നിന്നിലസ്പന്ദമാകണംനാരായണഗുരു

സംസ്‌കൃതവും ഇംഗ്ലീഷുമൊഴികെ സ്‌കൂൾ ക്ലാസുകൾ ഒന്നും തന്നെ എക്സൈറ്റ്‌മെന്റുണ്ടാക്കിയില്ല. സാമൂഹ്യപാഠം പഠിപ്പിക്കുന്ന ടീച്ചറിന്റെ സ്വരവും ഭാവവും കുട്ടികളോടുള്ള സമീപനവും എനിക്കിഷ്ടമായിരുന്നു. ഒട്ടും ടെൻഷനില്ലാതെ ക്ലാസിലിരിക്കാം. ആ സമയത്ത് ബെഞ്ചിൽ നിന്നിറങ്ങി തറയിൽ ഇരിക്കാനൊക്കെ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. താഴെയിരിക്കുമ്പോൾ ബഞ്ചിലിരിക്കുന്നവർ മുടിയിഴകളിലൂടെ വിരലോടിക്കും. രോമാഞ്ചമുണ്ടാക്കുന്ന ആ സ്പർശത്തോടൊപ്പം ക്ലാസ് കേൾക്കുന്നത് ഒരു പ്രത്യേക സുഖമായിരുന്നു. കർശന നിയന്ത്രണങ്ങൾ ഏൽപ്പിക്കാതിരുന്ന ആ അധ്യാപികയെ ഇപ്പോഴും സ്നേഹത്തോടെ ഓർക്കുന്നു.

പരീക്ഷക്ക് മാർക്ക് കുറയുമോ എന്ന ഭയം ഒഴിച്ചാൽ കണക്ക് ചെയ്യുന്നത് മായാജാലം പോലെ രസമുള്ള കാര്യമാണ്. പ്രപഞ്ച രഹസ്യങ്ങൾ ചുരുളഴിയുന്നതു പോലെയുള്ള അനുഭവമാണ് സയൻസും കണക്കും മനസ്സിലാക്കുമ്പോൾ. അത് അങ്ങനെ അനുഭവിപ്പിക്കാനുള്ള അന്തരീക്ഷം അന്ന് സ്‌കൂളുകളിൽ ഉണ്ടായിരുന്നില്ല. ലബോറട്ടറികൾ അടഞ്ഞ മുറികളായിരുന്നു. യൂക്ലിഡിന്റെ ജ്യാമിതിയും ന്യൂട്ടന്റെ ക്ലാസിക്കൽ ഫിസിക്സുമൊക്കെയായിരുന്നു അന്ന് പഠനവിഷയമായിരുന്നത്. നിരന്തരം അന്വേഷിച്ച് കൊണ്ടിരിക്കുകയും കണ്ടെത്തലുകളും സിദ്ധാന്തങ്ങളും മാറി കൊണ്ടിരിക്കുകയും ചെയ്യുന്നതാണ് സയൻസിനെ നവോന്മേഷശാലിനിയാക്കുന്നത്.

ഗോസിയൻ(Gaussian) ജ്യാമിതിയോടും ക്വാന്റം ഫിസിക്സിനോടും ഒപ്പം യൂക്ലിഡിയൻ ജ്യാമിതിയും ക്ലാസ്സിക്കൽ ഫിസിക്‌സും അതാതിന്റെ പ്രാധാന്യത്തോടെ ഇന്നും നില കൊള്ളുന്നുണ്ട്. സൂക്ഷ്മാണുജീവിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെട്ട ഡച്ചുകാരനായ ആന്റണി വാൻ ലൂവൻ ഹോക് ആയിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ മനസ്സിൽ പതിഞ്ഞത്. അദ്ദേഹം വാസ്തവത്തിൽ ഒരു ഔദ്യോഗിക ശാസ്ത്രജ്ഞനായിരുന്നില്ല. തുണിക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന ഹോക് അതിന്റെ ഗുണം നിർണ്ണയിക്കാനായി ലെൻസുകൾ ഉണ്ടാക്കിയിരുന്നു. അതിനിടെയാണ് ഈ ലെൻസിലൂടെ കുഞ്ഞു കുഞ്ഞു ജീവികളെ കണ്ടെത്താനുള്ള താത്പര്യം അദ്ദേഹത്തിനുണ്ടാകുന്നത്. ബഹുകോശജീവികളോടൊപ്പം ഏക കോശജീവികളെയും അതിലൂടെ കണ്ടെത്തി. ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമൊക്കെ വഴിത്തിരിവായ കണ്ടുപിടിത്തമായിരുന്നു അത്. ഇന്ന് ശക്തിയേറിയ ഇലക്ട്രോൺ മൈക്രോസ്‌കോപ്പുകളും ഫ്ലൂറസെന്റ് (Fluorescent) മൈക്രോസ്‌കോപ്പുകളും മറ്റും ലഭ്യമാണ്. ആദ്യ കാലത്തെ ലളിതമായ ഉപകരണത്തിന്റെ തുടർച്ചയാണതെല്ലാം. ഇന്നത്തെ പോലെ ഔദ്യോഗികമായ രീതിയിലല്ലെങ്കിലും മനുഷ്യർ ചരിത്രാതീതകാലം മുതൽ ചുറ്റുപാടുകളെ മനസ്സിലാക്കാനും അനുകൂലപ്പെടുത്താനുമുള്ള അന്വേഷണങ്ങൾ നടത്തിയിരുന്നു. സയൻസിന്റെ രീതിശാസ്ത്രം ഉരുത്തിരിഞ്ഞത് ഇക്കഴിഞ്ഞ നാല് നൂറ്റാണ്ടുകളിലാണെന്നു മാത്രം.

സ്വതന്ത്രമായി കുറെയൊക്കെ നിരീക്ഷണങ്ങൾ നടത്താനുള്ള അവസരം എനിക്ക് ലഭിച്ചത് സുവോളജിയിൽ എം.എസ്.സിക്ക് പഠിച്ച കാലത്താണ്. സ്വന്തമായി ഒരു മൈക്രോസ്‌കോപ്പ് ഒക്കെ അന്ന് ലഭിച്ചത് വേറിട്ട അനുഭവമായി

ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ ചലനങ്ങളും സയൻസിനെയും ടെക്​നോളജിയെയും ആശ്രയിച്ച് നിൽക്കുന്നതാണ്. എങ്കിലും അതിന്റെ അറിവുണ്ടാക്കുന്ന രീതിയോട് പൊതുവെ കൂടുതൽ പേരും ആഭിമുഖ്യം കാണിക്കാറില്ല. എല്ലാ കാര്യത്തിലും അവരവരുടേതായ ഊഹാപോഹങ്ങൾക്കനുസരിച്ച് ഒരു സിദ്ധാന്തം ഉണ്ടാക്കുകയും അതിൽ ഉറച്ച് വിശ്വസിക്കുകയുമാണ് സാധാരണ നടക്കുന്നത്. കൂടുതൽ ആളുകൾ പങ്ക് ചേർന്നാൽ അതൊരു പൊതുവിശ്വാസമായി സമൂഹത്തിൽ പ്രചരിക്കും. വിശ്വാസമുണ്ടാവുക എന്നത് മനുഷ്യജീവിതത്തിന് അത്യാവശ്യമാണ്. എന്നാൽ, അന്വേഷണങ്ങൾ തുടരുന്നതിനും വിജ്ഞാനം വളരുന്നതിനും, സന്ദേഹം (skepticism) ഉണർത്തുന്നതും ആവശ്യമാണ്. പ്രത്യേകിച്ച് സയൻസിന്റെ രീതിശാസ്ത്രത്തിൽ ഇത് അനിവാര്യമാണ്. സയൻസ് ഗവേഷണം വളരെ പ്രതിബദ്ധത ആവശ്യമുള്ളതാണ്. അതുവരെ നേടിയ അറിവിനോട് വിധേയപ്പെട്ടിരിക്കുകയും ധ്യാനസമാനമായശ്രദ്ധ അർപ്പിക്കുകയും വേണം. ശാസ്ത്രജ്ഞർ ഒരു സന്ദർഭത്തിൽ കണ്ടെത്തുന്നത് അറിവിന്റെ ഒരു ചെറിയ കഷ്ണം മാത്രമാവും. അത് മാനവരാശിക്കാകെ അവകാശപ്പെട്ടതുമാണ്. അതിനാൽ സ്വയം നിസ്സാരപ്പെടാനുള്ള സന്നദ്ധത ശാസ്ത്രജ്ഞർക്കുണ്ടാവണം. ഇതിന്റെ സത്ത ഉൾക്കൊണ്ട് അർപ്പണബുദ്ധിയോടെ ഗവേഷണം നടത്താൻ യുവാക്കളെ സന്നദ്ധമാക്കുന്ന ഒരന്തരീക്ഷം നമ്മുടെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും വിരളമാണ്. ശാസ്ത്രപരീക്ഷണങ്ങൾ പരീക്ഷക്ക് വേണ്ടിയുള്ള പരിശീലനം മാത്രമാണ്. ഓരോ മേഖലയിലും നേടിയ അറിവിന്റെ വെളിച്ചത്തിൽ പുതിയ ചോദ്യങ്ങൾ ഉയർത്താനും അന്വേഷണം നടത്താനുമുള്ള പ്രേരണ വിദ്യാഭ്യാസം നൽകുന്നില്ല.

എ.കെ. ജയശ്രീയും എം.എസ്.സി കാലത്തെ സഹാപാഠികളും അടുത്തിടെ ഒത്തുകൂടിയപ്പോൾ

സ്വതന്ത്രമായി കുറെയൊക്കെ നിരീക്ഷണങ്ങൾ നടത്താനുള്ള അവസരം എനിക്ക് ലഭിച്ചത് സുവോളജിയിൽ എം.എസ്.സിക്ക് പഠിച്ച കാലത്താണ്. സ്വന്തമായി ഒരു മൈക്രോസ്‌കോപ്പ് ഒക്കെ അന്ന് ലഭിച്ചത് വേറിട്ട അനുഭവമായി. ജെനറ്റിക്സ് (Genetics), എംബ്രിയോളജി (Embryology), ഇക്കോളജി (Ecology), സൈറ്റോളജി (Cytology) എന്നിവയിലെല്ലാം കുറച്ച് ആഴത്തിലുള്ള പഠനം ഈ കോഴ്‌സിന്റെ ഭാഗമാണ്. ക്ലാസുകളെക്കാൾ സ്വന്തം അന്വേഷണത്തിനും പ്രവർത്തനങ്ങൾക്കുമാണ് പ്രാമുഖ്യം. പഴയീച്ച (Drosophila melanogaster) യുടെ ലാർവകളുടെ ഉമിനീർ ഗ്രന്ഥികളും, ഉള്ളിയുടെ മുളകളും വിട്ടിലുകളുടെ പ്രത്യുത്പാദന കോശങ്ങളുമാണ് ജനിതക പഠനത്തിന് ഉപയോഗിച്ചിരുന്നത്. ഇതിനായി ഏത്തപ്പഴം അരച്ചെടുത്ത് വേവിച്ച് അതിൽ പഴയീച്ചകളെ വളർത്തുകയും പറമ്പിലെ പുല്ലിനിടയിൽ നിന്ന് വിട്ടിലുകളെ പിടിച്ച് കൊണ്ട് വരികയും ചെയ്യുകയൊക്കെ ഞങ്ങൾ തന്നെ ചെയ്തിരുന്നു. ഈ ജീവികളുടെ പ്രത്യേക ഭാഗങ്ങളിൽ നിന്നുള്ള കലകൾ Tissue) അരച്ചെടുത്ത് യോജിച്ച നിറങ്ങൾ (അസെറ്റോ കാർമിൻ -Aceto carmine, മെഥിലീൻ ബ്ലൂ -Methylene blue തുടങ്ങിയവ) പിടിപ്പിച്ച് ‌മൈക്രോസ്‌കോപ്പിനടിയിൽ വച്ച് പരിശോധിക്കുകയാണ് ‌ചെയ്തിരുന്നത്. ക്രോമോസോമുകളും അവയുടെ വിഭജനവും നേരിൽ കണ്ട് പഠിക്കുന്നത് സിദ്ധാന്ത പഠനത്തിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്. വലിയ കുതിച്ചു ചാട്ടങ്ങൾ നടന്നു കൊണ്ടിരിക്കുന്ന, പുതിയ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന ഇന്നത്തെ ജനിതക വിജ്ഞാനത്തിന്റെ ലോകത്ത്, നാൽപ്പതു വർഷം മുമ്പ് നടന്നിരുന്ന ഈ പഠനങ്ങൾക്ക് പ്രസക്തി ഉണ്ടാകണമെന്നില്ല. സയൻസിനോടുള്ള താത്പര്യം നില നിർത്താൻ ഈ പഠനങ്ങൾ എന്നെ അന്ന് സഹായിച്ചിരുന്നു.

ഗുരുവിനെ തേടി അലയുന്ന ശിഷ്യരും ശിഷ്യരെ കാത്തിരിക്കുന്ന ഗുരുക്കന്മാരുമുണ്ട്. സയൻസ് കൂടി ഉൾപ്പെടുത്താവുന്ന ഒരു ചിന്താപദ്ധതി അവതരിപ്പിക്കാൻ കഴിയുന്ന ഗുരുവിനെയാണ്‌ സംശയനിവാരണങ്ങൾക്കായി ഞാൻ തേടിയത്

തൊഴിൽ കിട്ടാനുള്ള ഉപാധിയായാണ് വിദ്യാഭ്യാസത്തെ നമ്മൾ കാണുന്നത്. അവിടെ നന്നായി മത്സരിക്കേണ്ടി വരുകയും ചെയ്യും. വിദ്യാഭ്യാസം കഴിയുന്ന കൂടുതൽ പേരുടെയും ഭാവി എന്തായി തീരുമെന്നതിന് നിശ്ചയമില്ല. പുതിയ രീതിയിലുള്ള വിദ്യാഭ്യാസമാണെങ്കിലും സാമൂഹ്യഘടനയിലും മൂല്യങ്ങളിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. വളരെ കുറച്ച് പേർക്ക് മാത്രമാണ് വിദ്യാഭ്യാസം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കുക. ബാക്കിയുള്ളവർ സ്വന്തമായ ഇനിഷ്യേറ്റിവിൽ പല തരത്തിൽ ഉപജീവനം കണ്ടെത്തണം. കൃഷിയും വ്യവസായവും പരമ്പരാഗത തൊഴിലുകളും അതോടൊപ്പം വിശ്വാസത്തിന്റേതായ പലതരം കച്ചവടവും നടത്തിയൊക്കെയാണ് മനുഷ്യർ ജീവിച്ചു പോകുന്നത്. ആധുനിക മൂല്യങ്ങളും പരമ്പരാഗത മൂല്യങ്ങളും തനതായും ഇട കലർന്നും ആളുകൾ ഉൾക്കൊള്ളുന്നു. അതിൽ ഉയർന്ന വിദ്യാഭ്യാസം ലഭിച്ചവരും മറ്റുള്ളവരും തമ്മിലും ചിലപ്പോൾ വ്യത്യാസം കാണില്ല. ക്ലാസുകളിൽ സയൻസ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാനും അതിന്റെ മേഖലയിൽ വരുന്ന കാര്യങ്ങൾ തന്നെ സംഘർഷങ്ങളൊന്നും കൂടാതെ ജീവിതത്തിൽ അവഗണിക്കാനും ആളുകൾക്ക് കഴിയുന്നുണ്ട്. ഉദാഹരണത്തിന്, രോഗാണുക്കൾ ഉണ്ടാകാൻ സാധ്യതയുള്ള നദീ ജലം തീർത്ഥമായി സങ്കൽപ്പിച്ച് രോഗശാന്തിക്കായി ഉപയോഗിക്കുന്ന വിദ്യാസമ്പന്നരെയും കാണാം. സയൻസിനോടൊപ്പം തന്നെ മാനവിക വിഷയങ്ങളും ലോകമാകെ വികസിച്ച് വന്നിട്ടുണ്ട്. ജനങ്ങളുടെ ജീവിത വീക്ഷണത്തെ ഇവയെല്ലാം സ്വാധീനിക്കുന്നു. ഓരോരുത്തരും അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് പല അറിവുകളും ചേർത്ത് വച്ചാണ് ജീവിത വീക്ഷണം രൂപപ്പെടുത്തുന്നത്. തെരുവ് കച്ചവടക്കാർക്കും വൻകിടവ്യവസായികൾക്കും മറ്റേതൊരാൾക്കും, അവരവർ ഒരുക്കൂട്ടിയെടുത്ത ഉറച്ച കാഴ്ചപ്പാടും വിശ്വാസവുമുണ്ടാകും. ഇത് പെട്ടെന്നുറപ്പിക്കാൻ കഴിയാത്തവർ ചിന്തയിൽ അലഞ്ഞു തിരിയും. നമ്മുടെ പാരമ്പര്യത്തിൽ ഇങ്ങനെ അലഞ്ഞു തിരിയുന്നവർ ഗുരുക്കന്മാരായിട്ടുണ്ട്. ഗുരുവിനെ തേടി അലയുന്ന ശിഷ്യരും ശിഷ്യരെ കാത്തിരിക്കുന്ന ഗുരുക്കന്മാരുമുണ്ട്. സയൻസ് കൂടി ഉൾപ്പെടുത്താവുന്ന ഒരു ചിന്താപദ്ധതി അവതരിപ്പിക്കാൻ കഴിയുന്ന ഗുരുവിനെയാണ്‌ സംശയനിവാരണങ്ങൾക്കായി ഞാൻ തേടിയത്.

ബന്ധങ്ങളിൽ വച്ച് ഏറ്റവും തീവ്രമായത് ഗുരുശിഷ്യബന്ധം എന്നാണ് അക്കാലത്ത് ഞാൻ കരുതിയത്. യോജിച്ച ഗുരുവിനെ കണ്ടെത്തുകയും പഠനത്തിൽ മുഴുകുകയുമാണ് വേണ്ടെതെന്നും വിചാരിച്ചു. സ്‌കൂൾ അത് വരെയുള്ള ഇടത്താവളം മാത്രം. മോഹങ്ങളിലും സങ്കല്പങ്ങളിലും മുഴുകി അലയുന്ന മനസ്സിനെ അടക്കാൻ കഴിയുന്നില്ല. അങ്ങനെ അടക്കേണ്ട ആവശ്യമുണ്ടോ എന്നൊന്നും അറിയില്ല. ഏറെക്കുറെ സ്വാധീനിച്ചിട്ടുള്ള ഒരാൾ എപ്പോഴും മറുവശത്തുണ്ടാകും. അയാൾക്ക് മതിപ്പുണ്ടാക്കുന്ന തരത്തിൽ സാങ്കല്പികമായി പെരുമാറുകയും ഒരു ഘട്ടത്തിൽ അയാളെ മറി കടക്കുകയും ചെയ്യുക എന്ന ഒരു ഒബ്‌സഷനിൽ ഞാൻ പെട്ട് പോയിരുന്നു. ഇതൊരു വൃത്തികെട്ട സ്വഭാവമായി സ്വയം കരുതുകയും അതിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലുംഅതിന് കഴിഞ്ഞില്ല. ഇത്തരം ചാപല്യങ്ങളിൽ നിന്ന് എപ്പോഴെങ്കിലും മോചിക്കാൻ ഞാൻ അതിയായി കൊതിച്ചു. യാഥാർഥ്യത്തിൽ നിന്ന് തെന്നി പോകുന്നതിനാൽ ഈ സ്വഭാവം മൂലം ഒന്നും നന്നായി ചെയ്യാൻ സാധിക്കില്ല എന്ന് ഞാൻ ഭയന്നു. സ്വന്തം മനസ്സിനെ വിചാരിച്ച തരത്തിൽ കൊണ്ട് നടക്കുകയാണ് ഏറ്റവും വലിയ പണി. കൈക്കുമ്പിളിൽ കോരിയവെള്ളം തുളുമ്പാതെ കൊണ്ട് നടക്കുന്ന പോലെയാണത്.

1968 ൽ ശിവഗിരിയിൽ നാരായണ ഗുരുവിന്റെ ഒരു പ്രതിമാ പ്രതിഷ്ഠനടന്നു. അതോടൊപ്പം ഒരു എക്സിബിഷനും ഉണ്ടായിരുന്നു. ഞാനന്ന് ആറാം ക്ലാസിൽ പഠിക്കുന്ന സമയമാണ്. പൊതുവെ, യാത്രക്ക് വലിയ താത്പര്യമില്ലാത്ത അച്ഛൻ ബന്ധുക്കളായ മറ്റു കുട്ടികളുൾപ്പെടെ ഞങ്ങളെ എക്സിബിഷനുകൊണ്ട് പോകാൻ തയാറായി. കുട്ടികൾക്ക് ഇത്തരം യാത്രകൾ പുതിയ ലോകത്തിലേക്കുള്ള വാതിലാണ്. അന്ന്, സി.ആർ കേശവൻ വൈദ്യർ പത്രാധിപരായി പുറത്തിറക്കിയിരുന്ന വിവേകോദയം മാസിക വീട്ടിൽ വരുത്തിയിരുന്നു. ആദ്ധ്യാത്മിക വിഷയങ്ങളിലുള്ള പല ലേഖനങ്ങളും അതിലുണ്ടാവും. മറ്റ് ആനുകാലികങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു അതിന്റെ ഉള്ളടക്കം. കേശവൻ വൈദ്യർ നിർമ്മിച്ച് വിറ്റിരുന്ന ചന്ദ്രിക സോപ്പിന്റെ പരസ്യവും അതിലുണ്ടായിരുന്നു. അതിൽ മരോട്ടി ഇലകളുടെ ചിത്രവും ഉണ്ട്. മരോട്ടി എണ്ണ ചേർത്താണ് ചന്ദ്രിക സോപ്പുണ്ടാക്കിയിരുന്നതത്രെ. മരോട്ടി എണ്ണ കണ്ണിന് കുളിർമ നൽകുമെന്ന് വീട്ടിലുള്ളവർ പറഞ്ഞു. ഇപ്പോൾ ടി.വി യിലും മറ്റും കാണുന്ന ചന്ദ്രിക സോപ്പിന്റെ പരസ്യവും അതിന്റെ രൂപവും വ്യത്യസ്തമാണ്. അന്ന് കടും പച്ച നിറവും, ധാരാളം പതയും തൊണ്ടയിൽ നിന്ന് കിനിയുന്ന പോലെയുള്ള മണവുമുള്ള, നടുവിൽ ചന്ദ്രിക എന്നെഴുതിയ ചെറിയ ചതുരക്കട്ടയായിരുന്നു അത്. എനിക്ക് ഓർമ്മയുള്ള കാലം മുതൽ മരിക്കുന്നതു വരെ അച്ഛൻ ഉപയോഗിച്ചിരുന്നത് ഈ സോപ്പാണ്. കുട്ടികൾക്ക് ചൊറിയും മറ്റും വരാൻ സാധ്യത ഉള്ളത് കൊണ്ട് അത് തടയുമെന്ന വിശ്വാസത്തിൽ മരുന്നിന്റെ മണമുള്ള ചുവന്ന ലൈഫ്‌ബോയ് സോപ്പാണ് എനിക്ക് കിട്ടിയിരുന്നത്.

ചെറിയ തോതിൽ കൃഷി നടത്താനും സ്‌കൂൾ പാഠത്തിൽ നിന്ന് മനസ്സിലായ തരത്തിൽ കമ്പോസ്റ്റുണ്ടാക്കാനുമൊക്കെ ഞാൻ ശ്രമിച്ചു. പുസ്തകം നോക്കി സോപ്പുണ്ടാക്കാനും നോക്കി. അത് വ്യവസായത്തിലേക്കും വാണിജ്യത്തിലേക്കുമൊക്കെ നയിക്കുമെന്നാണ് ഞാൻ കരുതിയത്. ഇതൊന്നും അൽപ്പം പോലും വിജയിച്ചില്ല

നാരായണ ഗുരുവിന്റെ കൃതികളും അവയുടെ വ്യാഖ്യാനങ്ങളും മറ്റു പല വിഷയങ്ങളിലുമുള്ള ഗൗരവമുള്ള ലേഖനങ്ങളുമായിരുന്നു വിവേകോദയം മാസികയിലുണ്ടായിരുന്നത്. കഥകളും കവിതകളും അപൂർവ്വമായി മാത്രം. ശിവഗിരി പ്രതിഷ്ഠയോട് ബന്ധപ്പെട്ട ഒരു പ്രത്യേക പതിപ്പുണ്ടായിരുന്നു. അതിലൊരു ലേഖനത്തിൽ, ആദ്ധ്യാത്മികതക്കുപരിയായി, സമൂഹത്തിന്റെ ഭൗതികമായ വളർച്ചക്ക് ഗുരുവിനുണ്ടായിരുന്ന താത്പര്യത്തെപ്പറ്റി ഒരു ലേഖനം ഉണ്ടായിരുന്നതായി ഓർക്കുന്നു. കൃഷി, വ്യവസായം, വാണിജ്യം, സയൻസ്, ആശയ വിനിമയം തുടങ്ങിയവയൊക്കെ പ്രധാനമായി ഗുരു കരുതിയിരുന്നു എന്നൊരാശയമാണ് എനിക്കതിൽ നിന്ന് കിട്ടിയത്. ഗുരുവിനോട് മതിപ്പുണ്ടായിരുന്നതിനാൽ ഞാനതിന് വലിയ പ്രാധാന്യം കൽപ്പിക്കുകയും എന്റെ ജീവിത പദ്ധതികൾക്ക് ഒരു റഫറൻസ് ആയി കുറെ കാലം അത് മനസ്സിൽ കൊണ്ട് നടക്കുകയും ചെയ്തു. ചെറിയ തോതിൽ കൃഷി നടത്താനും സ്‌കൂൾ പാഠത്തിൽ നിന്ന് മനസ്സിലായ തരത്തിൽ കമ്പോസ്റ്റുണ്ടാക്കാനുമൊക്കെ ഞാൻ ശ്രമിച്ചു. പുസ്തകം നോക്കി സോപ്പുണ്ടാക്കാനും നോക്കി. അത് വ്യവസായത്തിലേക്കും വാണിജ്യത്തിലേക്കുമൊക്കെ നയിക്കുമെന്നാണ് ഞാൻ കരുതിയത്. ഇതൊന്നും അൽപ്പം പോലും വിജയിച്ചില്ല. ആവശ്യത്തിനുള്ള സാമഗ്രികൾ വീട്ടിൽ ഉണ്ടായിരിക്കുകയില്ല. യാതൊരു പ്രോത്സാഹനവും കിട്ടില്ലെന്ന് മാത്രമല്ല, അനാവശ്യമായ ചില കളികളായാണ് മുതിർന്നവർ ഇതൊക്കെ കാണുന്നത്. വളരുമ്പോൾ ഇതൊക്കെ ആണുങ്ങൾക്ക് ചെയ്യാൻ കഴിയുന്നതോ അല്ലെങ്കിൽ അവരുടെ ഔദാര്യത്തിൽ മാത്രം ചെയ്യാൻ കഴിയുന്നതോ ആയ കാര്യങ്ങളായി മനസ്സിലാക്കാനുള്ള ജെന്റർ ബോധമൊന്നും അന്നുണ്ടായിരുന്നില്ല. മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ സ്ത്രീകളടക്കമുള്ള മനുഷ്യർ ചെയ്യുന്നതാണെന്നതായിരുന്നു എന്റെ വിചാരം. സ്ത്രീകൾ വിവേചനം നേരിടുന്നവരാണെന്ന ബോധമുണ്ടാവുക തന്നെ ഒരപൂർവ്വ സംഭവമാണ്.

വത്സലയ്ക്കൊപ്പം ജയശ്രീ

എക്സിബിഷൻ നമ്മുടെ വികസനത്തിന്റെ ഒരു ഘട്ടത്തിൽ കടന്നു വന്ന ഒരു പ്രതിഭാസമാണ്. അത്യധികം ഉത്സാഹത്തോടെയാണ് ഞങ്ങൾ വർക്കലയിൽ നടന്ന എക്സിബിഷൻ കാണാൻ പോയത്. ട്രെയിൻ യാത്രയിൽ, പോകുന്ന വഴിയിലെ കാഴ്ചകളാണ് എനിക്ക് എന്നും എത്തിച്ചേരുന്നിടത്തേക്കാൾ കൗതുകകരം. നീണ്ടു കിടന്ന പ്രദർശനത്തിൽ ചില കൗതുകങ്ങളൊക്കെ ഉണ്ടായി എന്നത് നേരാണ്. മിക്ക എക്സിബിഷനുകളിലും മെഡിക്കൽ സ്റ്റാളുകളാണ് ആളുകൾക്ക് താത്പര്യമുണ്ടാക്കുന്നത്. അവിടെ പ്രദർശനത്തിനുണ്ടായിരുന്ന ഫോർമാലിനിൽ കുതിർന്ന ഒരു സ്ത്രീശവശരീരം, ദീർഘകാലം എനിക്ക് ഓക്കാനമുണ്ടാക്കി. ഒരു മേശ മേൽ കിടത്തിയിരുന്ന "ഇരട്ടത്തല രാജൻ' എന്ന് പേരിട്ടരണ്ട് തലയുള്ള ഒരു ബാലനെ കണ്ടതും ഓർക്കുന്നു. പേര് ചോദിക്കുമ്പോൾ രണ്ട് തലകളിൽ നിന്നും ഒരേ സമയം ഉത്തരം വന്നു. അത് യഥാർത്ഥത്തിൽ ഉള്ളതാണെന്നും, കൃതൃമം കാട്ടി കാഴ്ചക്കാരെ കബളിപ്പിക്കുന്നതാണെന്നും രണ്ടഭിപ്രായത്തിൽ ഞങ്ങൾക്കൊപ്പം നടന്നു പോയവർ തർക്കിച്ചു. രണ്ടായാലും ഇത്തരം പ്രദർശനം എന്ത് വികാരമാണ് കാഴ്ചക്കാരിൽ ഉണ്ടാക്കുന്നതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഏതായാലും എനിക്ക് അവിടെ നിന്ന് ഓടി പോവാനാണ് ‌തോന്നിയത്. എക്‌സിബിഷനിൽ വിജ്ഞാനപ്രദമായ പല കാര്യങ്ങളും ഉണ്ടായിരുന്നിരിക്കാം. പ്രദർശനങ്ങളും വലിയ മ്യൂസിയങ്ങളും കാണാൻ പോയിട്ടുള്ളപ്പോഴെല്ലാം ഞാൻ ശാരീരികമായും മാനസികമായും ക്ഷീണിക്കുകയാണുണ്ടായിട്ടുള്ളത്. മെഡിക്കൽ എക്സിബിഷനുകളുടെ ചുമതല വന്നാൽ ഞാൻ ഇപ്പോഴും അതിൽ നിന്നൊഴിഞ്ഞു മാറാൻ ശ്രമിക്കും. വിജ്ഞാനവും വിനോദവും ഉണ്ടെങ്കിലും ഞാൻ കൂടുതലും ക്ഷീണിക്കുകയാണ് ചെയ്യുന്നത്. ഇതിനപവാദമായത് ഒന്ന് രണ്ട് തവണയാണ്. കൊല്ലത്തു പഠിക്കുമ്പോൾ ഞങ്ങൾ ഡി.എൻ.എയിൽ നിന്ന് പ്രോട്ടീൻ ഉണ്ടാകുന്ന ട്രാൻസ്‌ക്രിപ്ഷൻ (transcription) മോഡൽ ഉണ്ടാക്കി പ്രദർശിപ്പിച്ചു. സയൻസ് ക്രിയേറ്റീവ് ആയി പ്രകടിപ്പിക്കാൻ കിട്ടിയ അവസരമാണ് ആ വ്യത്യാസമുണ്ടാക്കിയത്. പിന്നീട് കഴിഞ്ഞ വർഷം, തിരുവന്തപുരത്ത് അമ്യൂസിയം നടത്തുന്ന ഡോ: അജിത് സംഘടിപ്പിക്കുന്ന പ്രദർശനങ്ങളിലെ ക്രിയേറ്റിവിറ്റിയും ആകർഷണീയമായി തോന്നി.

ജീവിതത്തിൽ ഏറ്റവും ആദ്യം നമ്മെ വലിച്ചടുപ്പിക്കുന്ന ആൾ പോലൊന്ന് അതേ തീക്ഷ്ണതയിൽ പിന്നീട് സംഭവിക്കില്ലെന്ന് ടി.എൻ. ജോയ് ഒരിക്കൽ പറയുകയുണ്ടായി. ശരിയാണോ എന്നറിയില്ല

മഞ്ഞ വസ്ത്രധാരികളുടെ തിരക്കേറിയ, ഗുരു പ്രതിഷ്ഠ നടന്ന ശിവഗിരിയും എന്റെ ക്ഷീണം വർധിപ്പിച്ചതേയുള്ളൂ. എന്നാൽ, എന്റെ ജീവിതത്തിന് വേറൊരു ദിശ നൽകിയ സംഭവമുണ്ടായതും ഈ യാത്രയിലാണ്. ശിവഗിരിയിൽ നിന്ന് കുറച്ചകലെ മാറി മറ്റൊരു കുന്നിൽ സ്ഥിതി ചെയ്യുന്ന ഗുരുകുലത്തിലേക്ക് പോകാനും അച്ഛൻ സന്നദ്ധനായി. പിറ്റേദിവസമായിരുന്നു അത്. തലേദിവസം രാത്രി മഠത്തിന്റെ മുറ്റത്ത് തന്നെയാണ് ഉറങ്ങിയത്. രാത്രിയിൽ എനിക്ക് വയറു വേദനയൊക്കെ ഉണ്ടായിട്ടും ഉറക്കം ഒഴിഞ്ഞിട്ടും ഗുരുകുലത്തിലെ ശാന്തമായ അന്തരീക്ഷം എനിക്ക് ഉണർവ്വ് നൽകി. ആദ്യമായും അവസാനമായും നടരാജഗുരുവിനെ അന്നാണ് ഞാൻ കണ്ടത്.

ഡോ.​എ.കെ. ജയശ്രീയും കുടുംബവും ടി.എൻ. ജോയിക്കൊപ്പം

വളരെ തടിച്ച ദേഹവും നീണ്ട താടിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബ്ലാക്‌ബോർഡിൽ ചോക്ക് കൊണ്ട് വരച്ചും മറ്റും അദ്ദേഹം പഠിപ്പിക്കുകയായിരുന്നു. ക്രോസ് രൂപത്തിൽ ബോർഡിൽ വരച്ചത് കാർട്ടീഷ്യൻ കോ- റിലേട് പാരഡൈം (Cartesian Co-relate paradigm), ആയിരുന്നു എന്നൊക്കെ പിന്നീടാണ് എനിക്ക് മനസിലായത്. നാരായണ ഗുരുവിന്റെ ദർശനം വിവരിക്കാൻ അദ്ദേഹം അതുപയോഗിച്ചു. ഞാൻ അന്വേഷിക്കുന്ന, സയൻസും ദർശനവും സംസാരിക്കുന്ന ഗുരു ഇതാണെന്ന് ഒരു ഉൾകാഴ്ച പോലെ എനിക്ക് തോന്നി. അദ്ദേഹം ഞങ്ങൾക്കെല്ലാം പ്രസാദമെന്നപോലെ ഭസ്മം നൽകിയ ശേഷം പഠിപ്പിക്കൽ തുടർന്നു. ട്രെയിൻ പിടിക്കേണ്ടത് കൊണ്ട് ഞങ്ങൾ പെട്ടെന്ന് തിരിച്ചു പോരികയും ചെയ്തു. വളരെ ഹ്രസ്വമായ ഒരു സന്ദർശനം ആയിരുന്നെങ്കിലും വളരെ ആഴത്തിൽ അദ്ദേഹത്തിന്റെ ചിത്രം എന്റെ ഉള്ളിൽ പതിഞ്ഞു. ഞാൻ സ്‌കൂൾ പഠനത്തിന് ശേഷം അവിടെ പോയി പഠിക്കുമെന്ന് തീരുമാനിച്ചു. ജീവിതത്തിൽ ഏറ്റവും ആദ്യം നമ്മെ വലിച്ചടുപ്പിക്കുന്ന ആൾ പോലൊന്ന് അതേ തീക്ഷ്ണതയിൽ പിന്നീട് സംഭവിക്കില്ലെന്ന് ടി.എൻ. ജോയ് ഒരിക്കൽ പറയുകയുണ്ടായി. ശരിയാണോ എന്നറിയില്ല.

അതിന് ശേഷം വേദാന്ത പഠനവുമായി ബന്ധപ്പെട്ട് കയ്യിൽ കിട്ടുന്നതൊക്കെ വായിച്ച് തുടങ്ങി. വായനയെക്കാൾ, അറിവ് ശരീരത്തിലുണ്ടാക്കുന്ന ആഘാതമാണ് ഞാൻ എല്ലാ കാലത്തും ശ്രദ്ധിച്ചിട്ടുള്ളത്. ഓരോ പുതിയ തിരിച്ചറിവും അൽപ നേരത്തേക്ക്, നിമിഷത്തിലും ചെറുതായ മാത്രയിൽ, ബോധം മറയ്ക്കും. മൃദുവായതും സുഖകരവുമായ ഒരു വിദ്യുത്പ്രവാഹമാണത്. ഇങ്ങനെയുണ്ടാകുന്ന അറിവും പിന്നീട് മാറ്റി മറിക്കപ്പെട്ടേക്കാം. നാരായണഗുരു വേദാന്തം, കവിത പോലെ പറയുന്നത് ഇത് പോലെ സംവേദ്യമാണ്. വേദാന്തത്തിലെ ""നേതി നേതി'' ക്രിയയൊക്കെ ഗുരു ലളിതമായി അവതരിപ്പിക്കുമ്പോൾ ഇതനുഭവിക്കാം..

പ്രപഞ്ചാനുഭവങ്ങൾ എണ്ണി ഒടുങ്ങുമ്പോൾ സത്യത്തിന്റെ സ്വരൂപത്തിന്‌ സാക്ഷിയാകാമെന്നാണ് വേദാന്തം പറയുന്നത്. എന്നിരുന്നാലും, പുതിയ അറിവുകളും അനുഭവങ്ങളും ജീവിതത്തിൽ തുടർന്ന് കൊണ്ടേയിരിക്കും എന്നാണ് എന്റെ തോന്നൽ. പ്രപഞ്ചാനുഭവങ്ങൾ എണ്ണി തീർക്കണോ എണ്ണി കൊണ്ടിരിക്കണോ എന്ന സന്ദിഗ്ധതയിലാണ് ഇപ്പോഴും ഞാൻ.▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments