ഡോ. എ.കെ ജയശ്രീ മെഡിക്കൽ കോളജിലെ സഹപാഠികൾക്കൊപ്പം 2018ലെ ഗെറ്റ് ടുഗതറിൽ. രണ്ടാമത്തെ നിരയിൽ കപ്പുമായി ഇരിക്കുന്നത് ജയശ്രീ.

​പലായനങ്ങൾ; തേടലുകൾ

എഴുകോൺ- 14

വൈജ്ഞാനികവും വൈകാരികവുമായ ആവശ്യങ്ങൾ ഒരുമിച്ച് ലഭിക്കുന്ന ഇടങ്ങൾ അക്കാദമിക് മേഖലയിൽ അപൂർവമാണ്.

ശുപത്രിയിൽ കണ്ട് മുട്ടുന്ന ഓരോ രോഗിയും മെഡിക്കൽ വിദ്യാർത്ഥിക്ക് പാഠപുസ്തകമാണ്. ആദരവോടെ അവരുടെ ശരീരത്തെ നോക്കുകയും തൊടുകയും സംഭാഷണത്തിൽ ഏർപ്പെടുകയും വേണം.
മെഡിക്കൽ കോളേജിലെ ജനറൽ വാർഡിലുള്ള രോഗികളെയാണ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി ലഭിക്കുക. രോഗികൾക്ക് യാതൊരു വിധ ഉപദ്രവവുമുണ്ടാക്കരുതെന്നത് ഹിപ്പോക്രാറ്റസ് പ്രതിജ്ഞ മുതൽ പറഞ്ഞു വരുന്നതാണ്. എന്നാൽ, ഇതെപ്പോഴും നടന്നു കാണാറില്ല. മെഡിക്കൽ പരീക്ഷകളുടെ രീതി അന്നങ്ങനെ ആയിരുന്നു. രോഗം ബാധിച്ച ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ പരിശോധനയിലൂടെ കണ്ടെത്തി തെറ്റാതെ അവതരിപ്പിച്ചാൽ മാത്രമേ പരീക്ഷക്ക് ജയിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഈ വൈദഗ്ധ്യം നേടേണ്ടത് ആവശ്യവുമാണ്. എന്നാൽ, രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ അതെങ്ങനെ സാധിക്കാമെന്നത് അന്നും പല ചികിത്സകരും കാണിച്ചു തന്നിരുന്നു. ഇപ്പോൾ മനുഷ്യശരീരം പോലെ തന്നെ ഉപയോഗിക്കാവുന്ന മാനിക്യൂനുകൾ (Mannequin) ലഭ്യമാണ്. സ്‌കിൽ ലാബുകൾ (skill lab) മെഡിക്കൽ പഠനത്തിന്റെ ഭാഗമാകുന്നത് ഗുണപരമായ മാറ്റമാണ്.

ചില അദ്ധ്യാപകരും ഈ കാര്യത്തിൽ തീരെ സെൻസിറ്റീവ് അല്ലാതെ അന്ന് അനുഭവപ്പെട്ടിട്ടുണ്ട്. രോഗികളുടെ ശരീരം അവരുടെ അനുവാദമില്ലാതെ പല ആളുകൾ ഒരുമിച്ച് നിൽക്കുമ്പോൾ തുറന്ന് പ്രദർശിപ്പിക്കുന്നതൊക്കെ എനിക്ക് ശ്വാസം മുട്ടുണ്ടാക്കിയിരുന്നു. വളരെ കരുതലോടെ രോഗികളെ സമീപിക്കുന്നവരും ഉണ്ടായിരുന്നു എന്നതും എടുത്ത് പറയേണ്ടതുണ്ട്. പരീക്ഷ മാത്രം ലക്ഷ്യം വച്ച് വിദ്യാർത്ഥികളും പലപ്പോഴും പല പ്രാവശ്യം കൂട്ടത്തോടെ ഒരേ അവയവം അമർത്തി നോക്കാറുണ്ടായിരുന്നു. ആ രീതി പ്രാകൃതവും വികാരശൂന്യവുമായി എനിക്ക് തോന്നി. ഇപ്പോഴത്തെ പുതിയ സ്‌കാനിംഗ് ടെക്നോളജിയും മറ്റും വലിയ ആശ്വാസം നൽകുന്നു.

2019ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ഗെറ്റ് ടുഗതറിൽ മെഡിക്കൽ കോളജിലെ സഹപാഠികൾക്കൊപ്പം ജയശ്രീ

അറിവുണ്ടാക്കാനായി മൃഗങ്ങളുടെയും കുറ്റാരോപിതരായവരുടെയും ജീവനുള്ളതും ഇല്ലാത്തതുമായ ശരീരങ്ങൾ ഉപയോഗിക്കുന്നത് ചരിത്രത്തിൽ കാണാവുന്നതാണ്. രണ്ടാമത്തെ ലോകമഹായുദ്ധത്തിനുശേഷം ന്യൂറംബർഗ്ഗ് വിചാരണ എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധകുറ്റവാളികളുടെ ട്രയലിൽ ഡോക്ടർമാരും ഉണ്ടായിരുന്നു. നാസി ജർമനിയിൽ തടവുകാരാക്കപ്പെട്ടവരെ സമ്മതമില്ലാതെ ക്രൂരമായ പരീക്ഷണങ്ങൾക്കും ചിലപ്പോൾ മരണത്തിനു പോലും വിധേയരാക്കിയവരായിരുന്നു അവർ. അതോടനുബന്ധിച്ച് രൂപപ്പെടുത്തിയ ന്യൂറംബർഗ്ഗ് തത്വങ്ങൾ (Nuremberg principles) വൈദ്യശാസ്ത്ര നൈതികതയെ മാറ്റിയെടുത്തിട്ടുണ്ട്. നൈതികതക്ക് വലിയ സ്ഥാനമാണ് ഇപ്പോൾ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നത്. രോഗികേന്ദ്രിതമായ ഒരു വ്യവസ്ഥയാണ് അത് ലക്ഷ്യം വക്കുന്നത്. മാർഗനിർദ്ദേശങ്ങൾ പിന്തുടരാതെ പ്രായോഗികമായ പിഴവുകൾ വരുത്തിയാലും, അത് ചോദ്യം ചെയ്യാനുള്ള വേദികളുണ്ട്.

പരീക്ഷ കഴിഞ്ഞ് ഞങ്ങൾ നേരെ ക്ഷീണം തീർക്കാൻ സിനിമാ തിയേറ്ററിലേക്ക് ഓടി പോകും. പലപ്പോഴും പൊരി വെയിലത്ത് ക്യൂ നിന്നാണ് ടിക്കറ്റെടുക്കുന്നത്

ഇത്തരം കാര്യങ്ങൾ പലപ്പോഴും മെഡിക്കൽ വ്യവസ്ഥയിൽ നിന്നും പഠനത്തിൽ നിന്നും എനിക്ക് അകൽച്ച ഉണ്ടാക്കി. ചികിത്സയിൽ രോഗിക്ക് തീരെ പങ്കില്ലാത്ത തരത്തിലാണ് ആധുനിക ചികിത്സ വളർന്നു വന്നതെന്ന തോന്നലുണ്ടായി കൊണ്ടിരുന്നു. ഗൗരവത്തോടെയുള്ള പഠനത്തിന് ഏറ്റവും വലിയ തടസ്സം പരീക്ഷകളാണെന്നും എനിക്ക് അനുഭവപ്പെട്ടു. ഇടക്കിടെയുള്ള പരീക്ഷ എത്തുന്നത് വരെ പുസ്തകം കയ്യിലെടുത്ത് റേഡിയോ റൂമിലും കോമ്പൗണ്ടിലും ടെറസ്സിലും മറ്റു കാര്യങ്ങൾ ചിന്തിച്ചു നടക്കുകയായിരുന്നു എന്റെ പതിവ്. സർപ്പഗന്ധിപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്ന മരച്ചുവട്ടിലിരുന്ന് പാത്തോളജിയും ഫാർമകോളജിയും വായിക്കുമ്പോഴും മനസ്സ് കാല്പനികതയിലും തത്വചിന്തയിലും അലഞ്ഞു തിരിയും. വിശേഷപ്പെട്ട ആകൃതിയും ഇളം പിങ്ക് നിറവുമുള്ള സർപ്പഗന്ധിയെ പോലെ മനോഹരമായ മറ്റൊരു പൂവില്ല. രക്താതിമർദ്ദത്തിനുള്ള, റിസർപ്പിൻ (Reserpine) എന്ന മരുന്ന് ഈ മരത്തിൽ നിന്നാണെടുക്കുന്നതെന്ന് മനസ്സിലായപ്പോഴാണ് ഇത് ശ്രദ്ധിച്ചത്. കരിയിലയും കാറ്റും മണ്ണുമൊക്കെ മതിയായിരുന്നു എനിക്ക് പ്രകൃതിയോട് ചേർന്ന് മറ്റെല്ലാം മറക്കുന്ന കാല്പനികലോകത്തിലെത്താൻ. മെഡിക്കൽ സയൻസിനെയും മറ്റെല്ലാ സയൻസുകളെയും ഉദ്ഗ്രഥിക്കാൻ പാകത്തിലുള്ള ഒരു ഏകീകൃത പദ്ധതിയെ പറ്റി ചുമ്മാതെ ആലോചിച്ച് കൂട്ടും. പക്ഷേ, എന്തായാലും പരീക്ഷ നേരിട്ടേ മതിയാകൂ എന്ന തിരിച്ചറിവ് വരുമ്പോൾ ആരുടെയെങ്കിലും കൂടെ കംബൈൻഡ് സ്റ്റഡി ആകാമെന്ന് തീരുമാനിക്കും. മിക്കവാറും എന്നെ പോലെ എം.എസ്.സി കഴിഞ്ഞു വന്ന അനിതയോടൊപ്പമാവും അത്. സ്വപ്‌നം കണ്ട് കറങ്ങി പോകാനിടനൽകാതെ വളരെ വേഗത്തിൽ അനിത പഠിച്ചു പോകുമ്പോൾ ഞാനും കൂടെ പഠിച്ചു പോകും. പരീക്ഷ കഴിഞ്ഞ് ഞങ്ങൾ നേരെ ക്ഷീണം തീർക്കാൻ സിനിമാ തിയേറ്ററിലേക്ക് ഓടി പോകും. പലപ്പോഴും പൊരി വെയിലത്ത് ക്യൂ നിന്നാണ് ടിക്കറ്റെടുക്കുന്നത്.

മെഡിക്കൽ കോളജിലെ സഹപാഠി ഡോ. ഉമയ്‌ക്കൊപ്പം ജയശ്രീ

എങ്കിലും അത് വലിയ ആശ്വാസമായിരുന്നു. പലതരം പരീക്ഷകൾക്കിടയിൽ സ്പോട്ടിംഗ് എന്ന കസേര കളി പോലെയുള്ള ഇനം കുറച്ച് രസകരമാണ്. ഓരോ വിഷയത്തിലും അതുമായി ബന്ധപ്പെട്ട ചില ഐറ്റങ്ങൾ നിരത്തി, ഓരോന്നിന്റെയും മുന്നിൽ പൊക്കത്തിലുള്ള ഒരു സ്റ്റൂൾ ഇട്ടിട്ടുണ്ടാവും. അതിനെ പറ്റി എഴുതാൻ ഒന്നോ രണ്ടോ മിനിറ്റു കിട്ടും. ബെല്ലടിക്കുമ്പോൾ അടുത്ത സ്‌പോട്ടിലേക്ക് നീങ്ങണം. ചിലപ്പോൾ, ഐറ്റം എന്താണെന്ന് മനസ്സിലാക്കി വരുമ്പോൾ തന്നെ സമയം തീരും. ഇരിക്കുന്ന ആളും അടുത്ത സ്‌പോട്ടിൽ നിന്ന് ഓടിയെത്തുന്ന ആളും തമ്മിൽ ക്ലാഷ് ആവുകയും ചെയ്യാം.

പരീക്ഷകളുടെ പിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുള്ളത്, കൂട്ടുകാരിലേക്കുള്ള എന്റെ പ്രയാണങ്ങളാണ്. ഇടക്കിടെ ഞാൻ അവരുടെ ഹോസ്റ്റലിൽ പോയി താമസിച്ചു. അവരുടെ തമാശകളിൽ ഞാനും പങ്ക് ചേർന്നു. മനോഹരമായ കാമ്പസിൽ ചുറ്റി നടന്നു.

ഹോസ്റ്റലിൽ എന്റെ റൂംമേറ്റ് ആയിരുന്ന റേച്ചൽ എപ്പോഴും സ്‌നേഹം ചൊരിഞ്ഞു കൊണ്ടിരുന്നു. എങ്കിലും ഞാൻ മറ്റുള്ളവരുടെ റൂമിലൊക്കെ ഇടക്ക് ചേക്കേറി. എനിക്ക് പാട്ടു കേൾക്കാൻ ഇഷ്ടമായിരുന്നതു കൊണ്ട് കൊല്ലത്ത് വച്ച് കൂടെ പഠിക്കുകയും മെഡിക്കൽ കോളേജിൽ സീനിയർ ആകുകയും ചെയ്ത ജയകുമാരി അവരുടെ മുറിയും റെക്കോർഡറും എപ്പോഴും എനിക്കായി തുറന്നു വച്ചു. നന്നായി കവിത എഴുതുന്ന ശ്രീലതയോടും ചിത്രം വരച്ചിരുന്ന ഗംഗയോടും ഒപ്പം ഞാൻ ഇടക്കിടെ കൂടി. എന്നെ പോലെ അന്തർമുഖിയായിരുന്ന ഗംഗയുടെ ചിത്രങ്ങൾ എന്റെ നോട്ടു ബുക്കുകളുടെയെല്ലാം പേജുകളിൽ നിറഞ്ഞു. ചിലപ്പോൾ കഥകളും എഴുതിയിരുന്ന ഗംഗ, ഈയിടെ നോവലുകൾ എഴുതുന്നതായി ഞാൻ മനസ്സിലാക്കി. ഡെന്റൽ കോളേജിൽ ചേർന്ന പവിഴം അവിടെ ഉണ്ടായിരുന്നതു കൊണ്ട് ആ ബാച്ചിൽ ഉള്ളവരെല്ലാം കൂട്ടുകാരായി. ഇവരെല്ലാം എന്ത് വിചാരിച്ചാലും എല്ലാവരുടെയും മുറികൾ എനിക്ക് സ്വന്തം പോലെയായിരുന്നു.
പരീക്ഷകളുടെ പിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുള്ളത്, കൂട്ടുകാരിലേക്കുള്ള എന്റെ പ്രയാണങ്ങളാണ്. നേരത്തെയുള്ള കൂട്ടുകാരിൽ ചിലർ കാര്യവട്ടം യൂണിവേഴ്സിറ്റിയിൽ എം.ഫിൽ ചെയ്യുന്നുണ്ടായിരുന്നു. കൊല്ലത്ത് വച്ച് വളരെ അടുപ്പമുണ്ടായ സുധ അവിടെ വന്നപ്പോൾ ഇടക്കിടെ ഞാൻ അവരുടെ ഹോസ്റ്റലിൽ പോയി താമസിച്ചു. അവരുടെ തമാശകളിൽ ഞാനും പങ്ക് ചേർന്നു. മനോഹരമായ കാമ്പസിൽ ചുറ്റി നടന്നു. രാത്രിയിൽ പെൺകുട്ടികൾ ഓട്ടൻ തുള്ളലും കഥാ പ്രസംഗവും നടത്തി. ഒരു രാത്രി അവിടെ താമസിക്കുമ്പോൾ കറന്റു പോയി. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കൂട്ടം ആൺ കുട്ടികൾ റോഡിലൂടെ മുദ്രാവാക്യം മുഴക്കി കൊണ്ട് നീങ്ങി. ഇലക്​ട്രിസിറ്റിക്കുവേണ്ടി അവർ സമരം ചെയ്യുകയാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ശ്രദ്ധിച്ചപ്പോഴാണ് അവരുടെ ഉദ്ബോധനം മനസ്സിലായത്. ഇതേ വിദ്യാർഥിനികൾക്കൊപ്പം പഠിക്കുന്നവരാണവർ.

""കെളവികളെ, കെളവികളെ റിസർച്ചും പഠനവും മതിയാക്കൂ ഊതൂ ഊതൂ മെഴുകുതിരി ’’
എന്നൊക്കെയാണ് അവർ വിളിച്ച് പറഞ്ഞ് വരിവരിയായി ജാഥയായി നീങ്ങിയത്. തികച്ചും തമാശയാണത്. എന്നാൽ, പി. ജി കോഴ്‌സ് കഴിഞ്ഞും പെൺകുട്ടികൾ പഠിക്കുന്നതിലെ ഒരു രസക്കുറവും ആ തമാശയിൽ അടങ്ങുന്നുണ്ട്. എം.ഫിലിന് താഴെയുള്ളവരെ അവർ കിളികളെന്നും, എം.ഫിലും പി.എച്ഛ്.ഡിയും ചെയ്യുന്നവരെ കിളവികൾ എന്നുമാണ് പറഞ്ഞിരുന്നതത്രെ. അങ്ങനെ പറഞ്ഞു പറഞ്ഞ് പെൺ കുട്ടികൾക്ക് ഒരു കെളവി ഭാവം വരാവുന്നതാണ്. എന്നാൽ, അവിടെ ഉണ്ടായിരുന്നവർ നല്ല സ്പിരിറ്റോടെ അതിന്റെ നർമ്മം ഉൾക്കൊള്ളുന്നവരായിരുന്നു.

2019ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ഗെറ്റ് ടുഗതറിൽ സഹപാഠികൾക്കൊപ്പം ജയശ്രീ

ചികിത്സകരും രോഗികളും തമ്മിലുണ്ടാകേണ്ട പാരസ്പര്യത്തിന്റെ തലം സയൻസിനും ടെക്‌നൊളജിക്കും പുറത്താണെന്ന് ഞാൻ കരുതി. അവർ രണ്ടു ഭാഷകളാണ് സംസാരിക്കുന്നത്. എങ്കിലും അതിന്റെ പരിമിതികൾ മറികടക്കാൻ നല്ല ചികിത്സകർക്ക് കഴിയുന്നുണ്ട്. ചിലർ പുതിയൊരു ഭാഷ കണ്ടെത്തുകയും, മറ്റു ചിലർ ഭാഷക്കതീതമായ ആശയ വിനിമയത്തിലേർപ്പെടുകയും ചെയ്യും. ഇതേ സംബന്ധിച്ച് ഒന്നും റിഫ്‌ളക്ട് ചെയ്യാനുള്ള ഒരു ഇടം മെഡിക്കൽ പഠനത്തിൽ ഉണ്ടായിരുന്നില്ല. അതിൽ ആരും വലിയ അസ്വാഭാവികത ഒന്നും കണ്ടതുമില്ല. വളരെ വേഗത്തിൽ വസ്തുതകൾ പഠിച്ചെടുക്കേണ്ടിയിരുന്നു. അതിൽ സംഘർഷമൊന്നുമനുഭവിക്കാതെ വ്യവസ്ഥയോടോപ്പം നീങ്ങുന്നവരെ കാണുമ്പോൾ കൊതിയും അസൂയയും തോന്നും. അവരോടൊപ്പം സമയം ചെലവിടുന്നത് ആനന്ദകരമാണ്. ഇപ്പോഴും ഞാനത് ഇഷ്ടപ്പെടുന്നു. മെഡിക്കൽ പഠന രീതികളിലും സങ്കല്പനങ്ങളിലും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഒരു പക്ഷേ സംഘർഷങ്ങൾ അനുഭവിച്ചവരുടെ പല തലത്തിലുള്ള ഇടപെടലുകളാകാം ഈ മാറ്റങ്ങൾക്ക് പ്രേരകമായത്.

ആധുനിക വൈദ്യശാസ്ത്രത്തോടുള്ള പല വിമർശങ്ങളും അന്ന് നിലനിന്നിരുന്നു. നടരാജഗുരു മുന്നോട്ടു വച്ചതു പോലെയുള്ള ഒരു ഏകീകൃതവിജ്ഞാനപദ്ധതിയിൽ മെഡിക്കൽ സയൻസ് ഉൾപ്പെടുത്തി കൊണ്ട് അതിന്റെ വിടവുകൾ നികത്താൻ കഴിയുമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. രോഗിയുടെ വശത്ത് നിന്നുള്ള ഉൾക്കാഴ്ചകളിലൂടെയും റിഫ്‌ളക്ഷനിലൂടെയും വികസിപ്പിച്ചെടുക്കേണ്ട കാര്യങ്ങൾ മെഡിക്കൽ സയൻസ് ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്. എന്നാൽ, അന്ന് ചിന്തിച്ച മാതിരി എല്ലാ അറിവുകളെയും ഏകീകരിക്കേണ്ട ആവശ്യമുണ്ടെന്ന് ഇന്ന് ഞാൻ വിചാരിക്കുന്നില്ല. അവ എല്ലാം ഒരുമിച്ച് അടുത്തടുത്ത് നില കൊള്ളുന്നത് കൊണ്ട് പ്രശ്‌നമൊന്നുമില്ല. ഒന്നിൽ നിന്ന് കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളെ, മറ്റു വിഷയത്തിലേക്ക് കൂടി വ്യാപിപ്പിച്ചു കൊണ്ട് ഉത്തരം തേടാൻ കഴിയും. പക്ഷെ, അങ്ങനെ ചെയ്യുമ്പോൾ ഒരു വിഷയത്തിന്റെയും ആന്തരിക ഭദ്രത തകർക്കുകയോ അവയെ തരം താഴ്ത്തുകയോ ചെയ്യാതിരിക്കണമെന്നു മാത്രം.

ആത്മീയം, രാഷ്ട്രീയം, കല തുടങ്ങിയ സാമൂഹ്യ മേഖലയിൽ വിജ്ഞാനത്തോടൊപ്പമുണ്ടാകുന്ന വൈകാരികമായ പങ്കുവെക്കലുകളിൽ നിന്ന് സ്ത്രീകൾ ഒരു ഘട്ടമാകുമ്പോഴേക്കും ഒഴിവാക്കപ്പെടുന്നു

വൈജ്ഞാനികവും വൈകാരികവുമായ ആവശ്യങ്ങൾ ഒരുമിച്ച് ലഭിക്കുന്ന ഇടങ്ങൾ അക്കാദമിക് മേഖലയിൽ അപൂർവമാണ്. മൂല്യങ്ങൾ പങ്കുവക്കുകയും ഒരുമിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് വഴി ഉണ്ടാകുന്ന ദൃഢവും ഗാഢവുമായ സൗഹൃദമാണിത്. മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇതിനുള്ള സാധ്യത ഉണ്ടെങ്കിലും പരീക്ഷയും മത്സരവും ചേർന്ന് അത് അടച്ചു കളയുന്നു. ഇന്റേൺഷിപ്പ്​ സമയത്ത് ഇത് ഏറെക്കുറെ സാധ്യമാകുന്നുണ്ട്. മനുഷ്യർക്ക് പരസ്പരവിശാസവും സുരക്ഷിതബോധവും ഉണ്ടാകുന്നതിന് ഇതാവശ്യമാണ്. കോളേജുകളിൽ യൂണിയൻ പോലെയുള്ള സംഘടനാ പ്രവർത്തനങ്ങളാണ് ഇതിനുള്ള അവസരം നൽകുന്നത്. സ്ത്രീകളുടെ കാര്യത്തിൽ ഇത്തരം ബന്ധങ്ങൾ, പ്രണയം, വിവാഹം എന്ന ഘട്ടത്തിലെത്തുമ്പോൾ അഴിഞ്ഞു പോകുന്നു. സ്ത്രീകളുടെ വൈകാരിക നിക്ഷേപം മുഴുവനും കുടുംബ ബന്ധങ്ങളിലേക്ക് ചുരുങ്ങുന്നു. ആത്മീയം, രാഷ്ട്രീയം, കല തുടങ്ങിയ സാമൂഹ്യ മേഖലയിൽ വിജ്ഞാനത്തോടൊപ്പമുണ്ടാകുന്ന വൈകാരികമായ പങ്കുവെക്കലുകളിൽ നിന്ന് സ്ത്രീകൾ ഒരു ഘട്ടമാകുമ്പോഴേക്കും ഒഴിവാക്കപ്പെടുന്നു.

അങ്ങനെ പിന്തള്ളപ്പെടാത്ത ഒരിടമാണ് ഗുരുകുലവുമായുള്ള ബന്ധത്തിലൂടെ ഞാൻ തേടിയിരുന്നത്. ഇതൊന്നും ഒരിക്കലും അവിടത്തെ വിഷയങ്ങളായിരുന്നില്ലെങ്കിലും സ്ത്രീകൾക്ക് ബഹുമാന്യത കിട്ടുന്ന ഇടമായി അത് തോന്നിപ്പിച്ചു. സ്ത്രീപ്രശ്‌നത്തെക്കുറിച്ച് പ്രകടമായി പ്രതിപാദിക്കുന്നത് നടരാജഗുരുവിന്റെ ഡയലക്ടിക്കൽ മെത്തഡോളജി (Dialectical Methodology) യിലെ മാൻ വുമൺ ഡയലറ്റിക്‌സി (Man woman dialectics) ലാണ്. പാശ്ചാത്യതത്വചിന്തയിലെ വൈരുദ്ധ്യാത്മക സമീപനമാണ് സ്ത്രീപുരുഷബന്ധത്തെ വിശദീകരിക്കാൻ നടരാജഗുരു ഉപയോഗിച്ചത്. ഒന്നിന്റെ തന്നെ വിരുദ്ധസ്വഭാവങ്ങളായാണ് സ്ത്രീയും പുരുഷനും നില കൊള്ളുന്നത്. ""സ്ത്രീയും പുരുഷനും'' എന്നല്ല, സ്ത്രീ- പുരുഷ വൈരുദ്ധ്യാത്മകത എന്ന് അദ്ദേഹം എടുത്ത് പറയുന്നു. മറ്റു വിഷയങ്ങളിലെന്ന പോലെ കാർട്ടീഷ്യൻ കോ റിലേറ്റിലൂടെ വൈരുദ്ധ്യങ്ങൾ പൂർണ്ണത പ്രാപിക്കുന്ന സങ്കൽപ്പനമാണത്.

ജയശ്രീയുടെ ക്ലാസ്മേറ്റ് ഡോ. അബ്ദുൽ ലത്തീഫ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജ്ജറി വിഭാഗം മേധാവിയാണ് അദ്ദേഹമിപ്പോൾ.

സാമൂഹ്യജീവിതത്തിന്റെ തലത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെ വിശദീകരിക്കുന്നുണ്ടെങ്കിലും അത് അറിവിലൂടെ പരിഹരിച്ച് പോവുകയാണ് ചെയ്യുന്നത്. സാമൂഹ്യമാറ്റത്തിനായി പ്രവർത്തിക്കാതിരിക്കുന്ന സമയത്ത് ഇതിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയില്ല. മറിച്ച്, എല്ലാ വ്യത്യാസങ്ങളെയും പരിഹരിക്കുന്ന ഒരു മണ്ഡലത്തിൽ എത്തിയതായി തോന്നുകയും ചെയ്യും. ഈ ഏകീകരണ ജ്ഞാനപദ്ധതി ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളുമായി ഒത്തു പോകുന്നതല്ല. ഏതായാലും ഗുരുകുലത്തിലെ സദസ്സുകളിൽ സ്ത്രീയെന്ന തരത്തിൽ വ്യത്യാസം അനുഭവപ്പെട്ടിരുന്നില്ല.

അക്കാലത്ത് നിത്യചൈതന്യയതിയുമായി പല വിഷയങ്ങളും കത്തുകളിലൂടെ സംസാരിച്ചു കൊണ്ടിരുന്നു. കൂടുതലും വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളാണ് എന്നെ അലട്ടിയിരുന്നത്. ഒരു വിഷയത്തിലുള്ള വൈദഗ്ധ്യം നേടുക മാത്രമല്ല, മനുഷ്യരുടെ ധാർമികവും വൈകാരികവും ആത്മീയവുമായ പ്രശ്‌നങ്ങളെ കൂടി പരിഹരിക്കാൻ കഴിയുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് ഞാൻ കൊതിച്ചിരുന്നത്. ഇതിനൊരു പക്ഷേ, ഗുരുകുലം പരിഹാരമാവുമായിരുന്നോ? അങ്ങനെയെങ്കിൽ ഞാൻ അവിടെ പോകുന്നതിനു പകരം എന്തിന് മെഡിക്കൽ കോളേജിൽ പോയി? സങ്കല്പനമെന്നതിനപ്പുറം ഗുരുകുലത്തിന് തന്നെ അത് സാധിച്ചെടുക്കാൻ കഴിയുന്നതാണോ? അങ്ങനെ പല ചിന്തകളിലൂടെയും ഞാൻ കടന്നു പോയി.
ഹോസ്റ്റലിലെ വലിയ ടെറസ്സിൽ ഇതെല്ലാം ചിന്തിച്ച് നടക്കുക പതിവായിരുന്നു. ഒരു ദിവസം അങ്ങനെ നടക്കുന്നതിനിടെ രേണുക വന്നു വിളിച്ചു. ഗുരു എന്നെ കാണാനായി താഴെ കാത്തിരിക്കുന്നുണ്ടെന്നു പറഞ്ഞു. യതിയുടെ സഹോദരിയുടെ മകനെ വിവാഹം ചെയ്യാൻ പോകുന്ന രേണുകയും ഹോസ്റ്റലിൽ ഉണ്ടായിരുന്നു. ഗുരു ഇങ്ങോട്ട് വന്നു കണ്ടത് എന്നെ സന്തോഷിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തു. ഗുരുവിന്റെ അമ്മ അന്ന് തിരുവനന്തപുരത്ത് പാങ്ങപ്പാറയിൽ താമസിച്ചിരുന്നു. തിരുവനന്തപുരത്തെത്തിയാൽ അദ്ദേഹം അവിടെയോ മറ്റു സുഹൃത്തുക്കളുടെ കൂടെയോ താമസിച്ചു. എവിടെ ആയാലും അവിടെ പോയി കഴിയുന്നത്ര സമയം ചെലവഴിക്കാൻ ഞാൻ ശ്രമിച്ചു. എന്റെ കൂട്ടുകാരും ചിലപ്പോൾ ഒപ്പമുണ്ടാകും. ഗുരുവിനെ കാണാനെത്തുന്ന പല വ്യക്തികളെയും അവിടെ വച്ച് പരിചയപ്പെട്ടു. സുഗതകുമാരി ടീച്ചറെ ആദ്യം പരിചയപ്പെടുന്നത് അവിടെ വച്ചാണ്. അവിടെ എല്ലാം ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും എന്തെങ്കിലും ജോലികളിലോ ബൗദ്ധികമായ സംവാദങ്ങളിലോ മുഴുകുന്നതാണ് കണ്ടത്. എല്ലാവരും സ്വതന്ത്രരായി ആരെയും ഭയക്കാതെ സ്വസ്ഥരായിരുന്നു.
ആസ്ട്രേലിയയിൽ നിന്നുള്ള എഡ വാക്കറും അമേരിക്കയിൽ നിന്ന് നാൻസിയും ഓമന ടീച്ചറും മഹിളാ മണി ടീച്ചറും ഒക്കെ ഉണ്ടാവും. അവിടെ യുവതീയുവാക്കൾ അടുത്ത് ഇടപെടുന്നത് മെഡിക്കൽ കോളേജിൽ നിന്ന് വന്ന ചില സുഹൃത്തുക്കൾക്ക് അസ്വസ്ഥത ഉണ്ടാക്കിയതു കണ്ടപ്പോൾ ഗുരുകുലം നമ്മളെക്കാൾ മുന്നിലാണല്ലോ എന്നാണ് എനിക്ക് തോന്നിയത്.

തിരക്കും ബഹളവും കുറയുന്ന സമയം നോക്കി ഞങ്ങൾ ഗുരുവിന്റെ അടുത്ത് പോയി സംസാരിക്കും. തുല്യതയോടെയും സരസമായുമാണ് ഗുരു ഞങ്ങളോട് സംസാരിച്ചിരുന്നത്

അന്ന്, ഗുരുകുലത്തിൽ പോകാൻ എനിക്ക് കൂട്ടുണ്ടായിരുന്ന ഒരാൾ, ഐഷാ രാജൻ ആണ്. എനിക്ക് അമ്മയെ പോലെ കരുതാമെങ്കിലും യൗവ്വനത്തിന്റെ പ്രസരിപ്പോടെ എന്നെ കൂടെ കൂട്ടിയ ആളെ സുഹൃത്തായി കാണാനാണെനിക്കിഷ്ടം. കോളേജ് വിദ്യാർത്ഥിനികൾക്ക് വേണ്ടി കലാകൗമുദിയിൽ അവർ ഒരു പംക്തി ചെയ്തിരുന്നു. 1950 ൽ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ മകളാണ് ഐഷാ രാജൻ. അവരുടെ മകൾ രശ്മി എന്റെ കൂടെ മെഡിസിന് പഠിച്ചിരുന്നു. രശ്മിയാണ് അമ്മയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. വെളുപ്പിന് ഞാൻ പേട്ടയിലുള്ള അവരുടെ വീട്ടിലെത്തുകയും ഞങ്ങൾ രണ്ട് പേരും കൂടി ഗുരുവിനെ കാണാൻ വർക്കലയിലേക്ക് പോവുകയും ചെയ്തു. തിരക്കും ബഹളവും കുറയുന്ന സമയം നോക്കി ഞങ്ങൾ ഗുരുവിന്റെ അടുത്ത് പോയി സംസാരിക്കും. തുല്യതയോടെയും സരസമായുമാണ് ഗുരു ഞങ്ങളോട് സംസാരിച്ചിരുന്നത്. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ പോലെയുള്ള മുഖഛായ ഉള്ളതിനാൽ ഒരു വീട്ടിൽ നിന്ന് വരുന്നവരാണെന്ന് എല്ലാവരും കരുതി. ആ മഹതി ഇന്ന് നമ്മളോടൊപ്പമില്ല.

ഒന്ന് രണ്ട് തവണ പോയപ്പോൾ ഗുരു ഇല്ലാതിരുന്നതിനാൽ മൈത്രേയനെയാണ് കണ്ടത്. അപ്പോഴൊക്കെ എന്റെ കൂടെ ഉണ്ടായിരുന്നത് കോളേജിലെ സുഹൃത്തുക്കളാണ്. കോളേജിൽ നിന്നുള്ള എന്റെ ഇത്തരം പലായനങ്ങളിൽ ഒപ്പം കൂടിയെങ്കിലും പലർക്കും ഇതൊക്കെ തമാശ മാത്രമായിരുന്നു. മൈത്രേയന്റെ നീട്ടി വളർത്തിയ താടിയും മുടിയുമൊക്കെ അവർക്ക് കമന്റ് ചെയ്യാനുള്ള കൗതുകമുണ്ടാക്കി. എല്ലാവരുടെയും സവിശേഷ ശ്രദ്ധ പിടിച്ച് പറ്റുന്ന തരം സംഭാഷണവും ഭാവവുമായിരുന്നു മൈത്രേയന്റേത്. അവിടെയുണ്ടായിരുന്ന സ്വാമി വിനയ ചൈതന്യ, സഹചാരിണിയായ മാർഗററ്റ്, അവരുടെ കുട്ടികൾ, ജ്യോതി, ജീവ തുടങ്ങി എല്ലാവരോടും എനിക്ക് പെട്ടെന്ന് തന്നെ അടുപ്പം തോന്നി. സ്വാമി വിനയയുടെ കുട്ടികളെ സ്വന്തമെന്നോണം മൈത്രേയൻ കരുതുന്നുണ്ടായിരുന്നു. പേരു പോലെ തന്നെ കുട്ടികളോടും മുതിർന്നവരോടും ഒരു പോലെ പെട്ടെന്നിണങ്ങി ചേരുന്ന ആളാണ് മൈത്രേയൻ. ഇപ്പോഴും അത് തുടരുന്നു.

ഗുരു ഉള്ള സദസ്സുകളിൽ പ്രഭാഷണങ്ങളോടൊപ്പം ഈശാവാസ്യോപനിഷത്തും മറ്റും ചൊല്ലിയിരുന്നു. അതിന്റെ അവസാനഭാഗത്തുള്ള ശാന്തിമന്ത്രം ഞങ്ങൾ ചെറുപ്പക്കാർ കൂടി സംവദിച്ചിരുന്നത് ഇപ്പോഴും ഓർക്കുന്നു. എവിടെ നിന്നൊക്കെയോ വരുന്ന ആളുകൾ ആണെങ്കിലും പെട്ടെന്ന് തന്നെ ഞങ്ങൾക്കിടയിൽ ഒരു സാഹോദര്യം വളർന്നു വന്നിരുന്നു. അവരുടെയൊന്നും പശ്ചാത്തലമോ എന്തിനു വേണ്ടി വരുന്നു എന്നതോ ഒന്നും അന്വേഷിച്ചിരുന്നില്ല. ഒരു കുടുംബത്തിലുള്ളവരുടേതു പോലെയുള്ള തോന്നലായിരുന്നു എല്ലാവർക്കും. ശാന്തി മന്ത്രത്തിൽ പറയുന്നതിതാണ്.

പൂർണ്ണമദ: പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ.

""അതും ഇതും പൂർണ്ണമാണ്; പൂർണ്ണത്തിൽ നിന്ന് പൂർണ്ണം ഉണ്ടാകുന്നു; പൂർണ്ണത്തിൽ നിന്ന് പൂർണ്ണം എടുത്തുമാറ്റിയാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു'. പകരുന്ന അർത്ഥത്തിന് വിരുദ്ധമായ അർത്ഥം കൂടി ധ്വനിപ്പിക്കുന്ന വാക്യമാണിത്. പൂർണ്ണത അപ്പോൾ അനന്തമാണോ? അനന്തമായത് പൂർണ്ണമാകുന്നതെങ്ങനെ? തത്വചിന്തയുടെ ഇത്രയും മനോഹരമായ കാവ്യാവിഷ്‌കാരം അപൂർവ്വമാണ്. ഉള്ളിൽ വന്നു നിറയുന്ന ഈ അറിവിന്റെ രസവും, വെളിയിൽ നീലാകാശത്തിന്റെ താഴെ പടരുന്ന കൊന്നപ്പൂക്കളുടെ കണിയും ഒക്കെ കൂടി എന്നെ അന്ന് മത്ത് പിടിപ്പിച്ചിരുന്നു. യൗവ്വനത്താൽ, സുഗന്ധത്തോടെ പൂത്തുലഞ്ഞ ഒരു മരം പോലെ ഞാൻ ഉന്മാദം കൊണ്ടു. മറ്റുള്ളവർ അറിഞ്ഞാലും ഇല്ലെങ്കിലും, ഇനിയൊന്നും നേടാനില്ലാതെ സായൂജ്യം ലഭിച്ച ഭാവമായിരുന്നു എനിക്ക്.▮

​​​​​​​(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments