1995ൽ ബീജിംഗിൽ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തിൽ ഹിലരി ക്ലിന്റൺ സംസാരിക്കുന്നു / Photo: Wikimedia Commons

ഞങ്ങളുടെ ശരീരം, ഞങ്ങളുടെ രാഷ്ട്രീയമാണ്

എഴുകോൺ-29

സമൂഹമാകെ പലതലങ്ങളിൽ വേരോടി, പടർപ്പുകളായി വ്യാപിച്ചു കിടക്കുകയും സവിശേഷഘട്ടങ്ങളിൽ കിളുർത്ത് പൊങ്ങുകയും ചെയ്യുന്ന പ്രതിഭാസമായി സ്ത്രീപ്രസ്ഥാനം രൂപാന്തരപ്പെട്ടതാണ് കാണുന്നത്.

കാമ്പസുകളെല്ലാം ഇപ്പോൾ ക്വിയർ പ്രൈഡുമായി ബന്ധപ്പെട്ട് മഴവിൽ വർണങ്ങൾ പരത്തുന്നു. ശരീരങ്ങളുടെയും ലൈംഗികതയുടെയും രാഷ്ട്രീയം അവർ തിരിച്ചറിയുകയും പരസ്പരം കൈ കോർക്കുകയും ചെയ്യുകയാണ്. പുരുഷേതരരായ ശരീരങ്ങൾ അവരുടെ ഭാഷയിൽ സംസാരിക്കുന്നു. ഇതേ കുറിച്ചൊന്നും ബോധ്യമില്ലാതിരുന്ന പഴയ തലമുറയോട് എങ്ങനെ സംവദിക്കണമെന്ന് അവർ അമ്പരക്കുന്നുണ്ട്. കഴിഞ്ഞ കാൽനൂറ്റാണ്ട് കേരളത്തിലെ ഈ മാറ്റത്തിന് സാക്ഷിയാകുന്നു. സ്ത്രീ പ്രസ്ഥാനങ്ങൾക്കും ക്വിയർ പ്രസ്ഥാനങ്ങൾക്കും പങ്കുവെക്കാവുന്ന ഇടങ്ങൾ കേരളത്തിൽ വികസിക്കുകയാണ്.
തൊണ്ണൂറുകളിൽ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തോടെ അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പഠിക്കാൻ ഞാനൊരു ശ്രമം നടത്തി. പങ്കാളിത്തപഠനം(Participatory research) എന്ന ആശയം അന്ന് ലോകമാകെ പരന്നു കഴിഞ്ഞിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തോടൊപ്പം അതിനോടുള്ള പ്രതികരണമെന്ന പോലെ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടു കൂടിയതുമായ പഠനങ്ങൾക്കും പദ്ധതികൾക്കും മറ്റും പ്രാമുഖ്യമുണ്ടായി. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ കേരള റിസർച്ച് ഫോർ ലോക്കൽ ലെവൽ ഡെവലപ്പ്‌മെന്റ് എന്ന വലിയ ഒരു പദ്ധതി വന്നു.

മാതൃത്വം എന്ന മൂല്യം ഉയർത്തി പിടിക്കുന്ന സ്ത്രീകൾക്ക് ശരീരത്തിലേക്കുള്ള അക്രമപരമായ കടന്നു കയറ്റത്തെ ചെറുക്കാനുള്ള കഴിവും നഷ്ടപ്പെട്ടു. ഇതിനിടെ ഫെമിനിസ്റ്റുകൾ ശരീരം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.

ഇന്നത്തെ ജനകീയാസൂത്രണത്തിന്റെ മുന്നോടിയായി ചില പരീക്ഷണങ്ങളും അവിടെ നടന്നിരുന്നു. പങ്കാളിത്ത പഠനത്തിൽ വിദഗ്ധനായ റോബർട്ട് ചേംബേർസ് ഒക്കെ ഇവിടെ വന്ന് വർക്ക്‌ഷോപ്പുകളൊക്കെ നടത്തി. ഞാനും കുറച്ചുകാലം അതുമായി ബന്ധപ്പെട്ടിരുന്നു. ഗവേഷണത്തിലെ ഈ പുതിയ പരീക്ഷണം ചെയ്യാൻ എനിക്കും താത്പര്യമുണ്ടായി. സ്ത്രീകൾ അവരുടെ ശരീരത്തെയും ആരോഗ്യത്തെയും എങ്ങനെ വിലയിരുത്തുന്നു എന്നത് അവരുടെ പങ്കാളിത്തത്തോടെ മനസ്സിലാക്കാൻ ഞാൻ വിഴിഞ്ഞത്തെ ഒരു സ്ഥലം തെരഞ്ഞെടുത്തു.

ഡോ. എ.കെ. ജയശ്രീ
ഡോ. എ.കെ. ജയശ്രീ

അന്ന് ആശാ പ്രവർത്തകർക്ക് പകരം മഹിളാ സ്വാസ്ഥ്യ സംഘ് എന്ന പേരിലുള്ള ആരോഗ്യപ്രവർത്തകരായിരുന്നു ഉണ്ടായിരുന്നത്. അവരുടെ സഹായത്തോടെ സ്ത്രീകളുടെ ഗ്രൂപ്പുകൾ ഒന്നിച്ച് കൂടി പല രീതികളിൽ അവരുടെ ആരോഗ്യാവസ്ഥ രേഖാ ചിത്രങ്ങളിലൂടെയും ഗെയിമുകളിലൂടെയും സ്വയം വിശകലനം ചെയ്തു. ഗർഭ നിരോധന മാർഗങ്ങളുടെ ഉപയോഗവും അതിൽ ഒരു വിഷയമായിരുന്നു. അവരിലാരും തന്നെ അവരുടെ ഭർത്താക്കന്മാർ അതിനായുള്ള ശസ്ത്രക്രിയ ചെയ്യാൻ ആഗ്രഹിച്ചില്ല. അങ്ങനെ ചെയ്താൽ അവരുടെ പൗരുഷം ഇല്ലാതാകുമെന്നും അവർ ഒന്നിനും കൊള്ളാത്തവരായി മാറുമെന്നുമായിരുന്നു സ്ത്രീകളുടെ വിശ്വാസം. ഗർഭനിയന്ത്രണത്തിന്റെ പൂർണ ഉത്തരവാദിത്വം അവർ സ്വയം ഏറ്റെടുത്തു. എന്നാൽ, അതിനു ശേഷം മിക്ക പേർക്കും നടുവേദന ഉള്ളതായും അവർ പറഞ്ഞിരുന്നു. എങ്കിൽ കൂടിയും അതേറ്റെടുക്കാൻ അവർ തയാറായി. കാൽ നൂറ്റാണ്ടിനു ശേഷം അടുത്തിടെ ഇറങ്ങിയ തിരുവനന്തപുരത്ത് നിന്നുള്ള ഒരു പഠന റിപ്പോർട്ടിലും സ്ത്രീകൾക്ക് പൊതുവേ ഈ ധാരണയാണുള്ളതെന്നു കാണുന്നു. മറ്റു പല വിഷയങ്ങളിലും സ്ത്രീകളുടെ കാഴ്ചപ്പാട് ഒരു പാട് മാറി കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഈ കാര്യത്തിൽ സ്റ്റേറ്റിനേയും ആരോഗ്യവ്യവസ്ഥയേയും പിന്തുടരുക മാത്രമാണ് ഇപ്പോഴും പൊതുവെ കാണുന്നത്.

പുരുഷന്റെ ബീജം ഏറ്റുവാങ്ങി കുഞ്ഞുങ്ങളെ പ്രസവിക്കുകയും സ്റ്റേറ്റിന്റെ ആവശ്യാനുസരണം അത് നിർത്തിവെക്കുകയും ചെയ്യാനായി സ്ത്രീകൾ അവരുടെ ശരീരം വിട്ടു നൽകുകയാണ്. മാതൃത്വം എന്ന മൂല്യത്തെ ഉയർത്തി പിടിക്കുന്ന ഈ സ്ത്രീകൾക്ക് അവരുടെ ശരീരത്തിലേക്കുള്ള അക്രമപരമായ കടന്നു കയറ്റത്തെ ചെറുക്കാനുള്ള കഴിവും നഷ്ടപ്പെട്ടു. ഇതിനിടെ ഫെമിനിസ്റ്റുകൾ ശരീരം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇന്ത്യയിൽ എഴുപതുകളിലും എൺപതുകളിലും സ്വതന്ത്ര സ്ത്രീപ്രസ്ഥാനങ്ങൾ അവിടവിടെയായി രൂപം കൊണ്ടു. അവർ സ്ത്രീകളുടെ മേലുള്ള ലൈംഗികമായ കടന്നു കയറ്റത്തെ എതിർക്കാൻ തുടങ്ങി.

എന്തുകൊണ്ടാണ് നേരത്തേ സ്ത്രീകളുടെ മേലുള്ള അതിക്രമങ്ങൾ ന്യായീകരിക്കപ്പെട്ടു പോന്നിട്ടുള്ളത്? ഇപ്പോഴും നിയമത്തിന്റെ പിൻ ബലമില്ലാതിരുന്നിട്ടും സ്ത്രീകൾക്ക് അവരുടെ ശരീരം സ്വന്തമാക്കാൻ കഴിയാത്തതെന്തുകൊണ്ട് എന്നൊക്കെയാണ് നമുക്ക് ചിന്തിക്കേണ്ടി വരുന്നത്.

1972 ൽ മഥുര എന്ന ബാലികയെ മഹാരാഷ്ട്രയിലെ ഒരു പൊലീസ് സ്റ്റേഷനിൽ വച്ച് രണ്ട് പൊലീസുകാർ ലൈംഗികാക്രമണത്തിനിരയാക്കുകയും പ്രതികളെ സുപ്രീം കോടതി വെറുതെ വിടുകയും ഉണ്ടായി. അതിനു പറഞ്ഞ ന്യായം ആ പെൺകുട്ടി എതിർത്തതിന് തെളിവില്ല എന്നും നേരത്തെ ലൈംഗികബന്ധത്തിനു വിധേയയായിട്ടുള്ളവളാണെന്നും ആയിരുന്നു. ഇതിനെതിരെ ശക്തമായി സ്ത്രീസംഘടനകൾ പ്രതികരിക്കുകയും 1983 ലെ ക്രിമിനൽ ഭേദഗതി നിയമം വരുകയും ചെയ്തു. ഈ ഭേദഗതി പ്രകാരം സ്ത്രീയുടെ മൊഴിയാണ് കണക്കിലെടുക്കേണ്ടത്. സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ബന്ധത്തെ ബലാൽസംഗമായി കണക്കിലെടുക്കും. 2018 ലെ ക്രിമിനൽ നിയമഭേദഗതി അത് വളരെ നന്നായി വ്യക്തമാക്കുന്നുണ്ട്.

മഥുര റേപ്പ് കേസിലെ സുപ്രീംകോടതിവിധിയ്‌ക്കെതിരെ 1980ൽ ഡൽഹിയിൽ സ്ത്രീകൾ പ്രതിഷേധിച്ചപ്പോൾ / Photo: @kavita_krishnan, Twitter
മഥുര റേപ്പ് കേസിലെ സുപ്രീംകോടതിവിധിയ്‌ക്കെതിരെ 1980ൽ ഡൽഹിയിൽ സ്ത്രീകൾ പ്രതിഷേധിച്ചപ്പോൾ / Photo: @kavita_krishnan, Twitter

എന്നാൽ, എന്തുകൊണ്ടാണ് നേരത്തേ സ്ത്രീകളുടെ മേലുള്ള അതിക്രമങ്ങൾ ന്യായീകരിക്കപ്പെട്ടു പോന്നിട്ടുള്ളത്? ഇപ്പോഴും നിയമത്തിന്റെ പിൻ ബലമില്ലാതിരുന്നിട്ടും സ്ത്രീകൾക്ക് അവരുടെ ശരീരം സ്വന്തമാക്കാൻ കഴിയാത്തതെന്തുകൊണ്ട് എന്നൊക്കെയാണ് നമുക്ക് ചിന്തിക്കേണ്ടി വരുന്നത്. തൊണ്ണൂറുകളിൽ കേരളത്തിൽ വിവാദമായ വിതുര കേസിലെ ജഡ്ജുമെൻറിൽ പോലും അക്രമത്തിനിരയായ പെൺകുട്ടിക്ക് നീതി നൽകാത്തതിന് നൽകിയ വാദം അവളുടെ പൂർവകാല ജീവിതം ശരിയല്ല എന്നതാ. പിന്നീട് പലപ്പോഴും, ഏറ്റവും അടുത്ത് വാളയാർ സംഭവത്തിൽ പോലും ഇത്തരം വിധികൾ കോടതിക്കകത്തും പുറത്തും ആവർത്തിക്കപ്പെടുന്നുണ്ട്. സ്ത്രീയുടെ ശരീരം എന്തിനോവേണ്ടി മറ്റുള്ളവരാൽ സദാ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയുമാണെന്ന് കാണാം. തുടക്കം മുതൽ സ്ത്രീവിമോചനപ്രസ്ഥാനങ്ങൾ ഈ അവസ്ഥക്കെതിരെ പോരാടി കൊണ്ടിരിക്കുന്നു.

കേരളത്തിൽ സ്വതന്ത്ര സ്ത്രീവിമോചന പ്രസ്ഥാനം ആരംഭിച്ചതിന്റെ തുടർച്ചയായി, ദേശീയതലത്തിലെ അത്തരം കൂട്ടായ്മകളുടെ നാലാമത്തെ സമ്മേളനം 1990 ൽ കോഴിക്കോട് വച്ച് നടത്തുകയുണ്ടായി. അങ്ങിങ്ങായി കേരളത്തിൽ ചിതറിക്കിടന്ന ഫെമിനിസ്റ്റുകൾക്കും ഗ്രൂപ്പുകൾക്കും ഇത് പുതിയൊരുണർവ്വുണ്ടാക്കി. ഇതിന്റെ തയാറെടുപ്പിനായി പല സ്ത്രീകളും കോഴിക്കോട് വന്നു പോവുകയോ അവിടെ താമസിക്കുകയോ ചെയ്ത് ഫെമിനിസ്റ്റ് ബന്ധങ്ങൾ ഉറപ്പിച്ചെടുത്തു. അഞ്ചു വർഷത്തിനു ശേഷം ബീജിംഗിൽ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനം വീണ്ടും ഇവിടുത്തെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് ഊർജ്ജവും ഉത്തേജനവും നൽകി.

സമ്മേളനത്തിന് മുൻപും പിൻപും അതുമായി ബന്ധപ്പെട്ട ധാരാളം ചർച്ചകൾ നടന്നു. ""കേരള സ്ത്രീവേദി'' എന്ന ഫെമിനിസ്റ്റ് സംഘങ്ങളുടെ ശൃംഖല അതിന്റെ ഫലമായി ഉണ്ടായതാണെന്ന് പറയാം. തിരുവനന്തപുരത്തെ സഖി എന്ന സംഘടനയുടെ ഓഫീസിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഒരുമിച്ച് രാത്രികളും പകലുകളും കൂടിയിരുന്ന് ഒട്ടേറെ ചർച്ചകൾ നടത്തിയാണ് അതിന്റെ രൂപരേഖ തയാറാക്കിയത്.

മലയാളത്തിൽ പുതിയ വാക്കുകൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യം പലരും എടുത്ത് പറഞ്ഞു. അങ്ങനെ ഒരുപാട് ചർച്ചകൾക്ക് ശേഷം സ്ത്രീകളുടെ ജനനേന്ദ്രിയത്തിന് "ഉണ്ണിപ്പൂ' എന്നൊരു പേര് കണ്ടെത്തി.

വ്യത്യസ്തമായ നിലപാടുകളെയും കാഴ്ചപ്പാടുകളെയും സ്ത്രീകൾ പരസ്പരം വാദങ്ങളിലൂടെ ഉയർത്തുകയും നിശിതമായി പരിശോധിക്കുകയും ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവർക്ക് മെമ്പർഷിപ്പ് നൽകുന്നതിനെ കുറിച്ചും ചിന്തയുണ്ടായി. പൊതുവെ, പുരോഗമനപരമായ ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകളിലുള്ളവർക്ക് അംഗത്വം നൽകാമെന്നായിരുന്നു തീരുമാനം. എന്നാൽ, മതമൗലികവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് മെമ്പർഷിപ് നൽകേണ്ടതില്ല എന്ന തീരുമാനവുമുണ്ടായി. പുറമെ നിന്ന് ഫണ്ടുകൾ വാങ്ങുന്നതിനെക്കുറിച്ചൊക്കെ ദീർഘമായ ചർച്ചകൾ നടത്തി. പ്രവർത്തനങ്ങളിലും പരിപാടികളിലും നിയന്ത്രണങ്ങളുണ്ടാകുമെന്നും അതിനാൽ അത് വേണ്ടെന്നുമുള്ള അഭിപ്രായത്തിനായിരുന്നു മുൻതൂക്കം. അന്ന് രൂപപ്പെടുത്തിയ മാനിഫെസ്റ്റോക്ക് അനുസൃതമായി വർഷങ്ങളോളം സ്ത്രീവേദി പ്രവർത്തിച്ചു. അജണ്ടകളിൽ, വികസന പ്രവർത്തനങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാട് കൊണ്ടുവരിക എന്നതിന് തന്നെയായിരുന്നു മുൻഗണന ഉണ്ടായത്. മിക്ക ജില്ലകളിലും കമ്മിറ്റികളുണ്ടായി. സ്വതന്ത്ര സംഘടനകൾ അവയുടെ ഘടന നിലനിർത്തുകയും സ്ത്രീവേദിയുമായി ഐക്യപ്പെടുകയുമാണുണ്ടായത്. മിക്കവാറും രണ്ട് ഘടനകളിലും ഒരേ ആൾക്കാരായിരിക്കും ഉണ്ടാവുക. സംസ്ഥാനതലത്തിൽ ഇവ ഏകോപിപ്പിക്കുന്ന കമ്മിറ്റിയും രൂപപ്പെടുത്തി. സ്ത്രീകളും വികസനവും, നിയമങ്ങളും ഒക്കെയായി ബന്ധപ്പെട്ട് വർക്ക്‌ഷോപ്പുകളും സെമിനാറുകളുമൊക്കെ സ്ത്രീവേദി സംഘടിപ്പിച്ചിരുന്നു.

കാൽ നൂറ്റാണ്ടിനിടക്ക് യുവാക്കളുടെ ഇടയിൽ വലിയ മാറ്റം കാണുന്നുണ്ട്. ലൈംഗികത, അതിന്റെ രാഷ്ട്രീയമുൾപ്പെടെ ഇപ്പോൾ കാമ്പസുകളിൽ സജീവമായ ചർച്ചാ വിഷയമാണ്. അന്ന് ചില കൂട്ടുകാരുമായി ചേർന്ന് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഇങ്ങനെയൊരു സംരംഭം തുടങ്ങിവെക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ലൈംഗികതയിലും ആത്മഹത്യയിലും എയ്ഡ്‌സിലും നടത്തിയ പഠനങ്ങളാണ് ഇതിന് പ്രേരണയായത്. യുവാക്കൾക്കുണ്ടാകുന്ന ആത്മസംഘർഷങ്ങളുമായി ഇവയെല്ലാം ബന്ധപ്പെട്ടിരിക്കുന്നതാണ്.

മിനി സുകുമാർ
മിനി സുകുമാർ

എച്ച്.ഐ.വിയെ നേരിടുന്നതിനായി ലൈഫ് സ്‌കിൽ എഡ്യൂക്കേഷൻ ഒക്കെ തുടങ്ങി വരുന്ന കാലമായിരുന്നു അത്. സംഘർഷങ്ങളിൽപെടുന്ന വിദ്യാർത്ഥികളെ നേരത്തെ അവരുടെ കൂട്ടുകാർ തന്നെ കണ്ടെത്തി അവർക്ക് പിന്തുണ നൽകുന്ന ഒരു പദ്ധതി ഞങ്ങൾ വിഭാവനം ചെയ്യുകയും അത് തുടങ്ങിവെക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അതിൽ പങ്കാളികളായി. നാഷണൽ സർവീസ് സ്‌കീമിന്റെയും യൂണിവേഴ്‌സിറ്റിയുടെയും പിന്തുണയോടെയായിരുന്നു അത് നടത്തിയത്. അധ്യാപകരൊന്നും ഇല്ലാതിരുന്ന പരിപാടി ആയതുകൊണ്ടാകണം വിദ്യാർത്ഥികൾക്ക് ലൈംഗികതയെ പറ്റിയൊന്നും തുറന്നു സംസാരിക്കാൻ മടി ഉണ്ടായിരുന്നില്ല. കോളേജിൽ തിരിച്ച് പോയതിനു ശേഷം അവർ മറ്റു വിദ്യാർത്ഥികളുമായി ഇടപെട്ട് പല പ്രശ്‌നങ്ങളും നേരത്തെ തിരിച്ചറിയുകയും ഞങ്ങളുമായി അവ പങ്കുവെക്കുകയും ചെയ്തിരുന്നു.
അതിനോടൊപ്പം ലൈംഗികതയേയും അതിന്റെ രാഷ്ട്രീയത്തെയും പറ്റി ഫെമിനിസ്റ്റുകൾക്കിടയിലും സംവാദങ്ങളുണ്ടാകണമെന്ന് ഞാൻ കരുതി. പല സുഹൃത്തുക്കളും ഇതിൽ താത്പര്യം കാണിച്ചു. തൃശൂരിൽ വച്ച് ഞങ്ങൾ രണ്ട് ദിവസത്തെ ശിൽപ്പശാല പ്ലാൻ ചെയ്തു. വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്നവരും ഒറ്റക്ക് പൊരുതുന്നവരും എല്ലാം അതിൽ പങ്കെടുത്തു. കോഴിക്കോട് അന്വേഷി, തിരുവനന്തപുരത്ത് സഖി, കോട്ടയത്ത് സഹജ എന്നിങ്ങനെ സ്ത്രീകളുടെ വിവിധ സംഘങ്ങൾ പലയിടങ്ങളിലായി പ്രവർത്തിച്ചു വന്നിരുന്നു. മിനി സുകുമാർ അന്ന് കുടമാളൂരിൽ സ്ത്രീ പഠനകേന്ദ്രം എന്ന പേരിൽ സ്ത്രീകൾക്ക് മാത്രമായി ഒരു ലൈബ്രറി തുടങ്ങിയിരുന്നു.

ബലാൽസംഗം ""പീഡന''മെന്ന ക്ലീഷേ പ്രയോഗത്തിലൂടെ ആണെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തെയും അൽപ്പ സ്വൽപ്പം ഉലക്കാൻ തുടങ്ങി.

പട്ടാമ്പിയിലേതു മാതിരി പലനിലപാടുകളുള്ളവരും എന്നാൽ, പൊതുവായി യോജിക്കുന്നവരും ഒരുമിച്ച് ഒത്തുകൂടുകയും ആശയങ്ങൾ പങ്കുവെക്കുകയുമായിരുന്നു തൃശൂരിൽ നടന്നത്. അജിത, സാറാ ജോസഫ്, ഏലിയാമ്മ വിജയൻ, സി.എസ്. ചന്ദ്രിക, മിനി സുകുമാർ തുടങ്ങി മിക്കവാറും എല്ലാ ഫെമിനിസ്റ്റുകളും അവിടെ എത്തിയിരുന്നു. എഴുത്തുകാരിയും അക്കാദമിഷ്യനും ഫെമിനിസ്റ്റുമായ സൂസി താരുവും ഇടക്ക് അവിടെ വന്നിരുന്നു. കലാലയങ്ങളിൽ നടന്ന ചർച്ചകളിൽ നിന്ന് വ്യത്യസ്തമായി ലൈംഗികതയുടെ രാഷ്ട്രീയത്തിനായിരുന്നു ഇവിടെ മുൻഗണനയുണ്ടായത്. ലൈംഗികതയിലെ ഭാഷയെക്കുറിച്ചും സംസാരങ്ങളുണ്ടായി.

സൂസി താരു
സൂസി താരു

ഇതോട് ചേർത്ത് പറയുന്ന വാക്കുകളെല്ലാം ഒന്നുകിൽ തെറിയായി മാറുകയോ അതല്ലെങ്കിൽ സംസ്‌കൃതമായി നിലകൊള്ളുകയോ ചെയ്യുന്നു എന്ന അഭിപ്രായവും ഉയർന്നു വന്നു. മലയാളത്തിൽ പുതിയ വാക്കുകൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യം പലരും എടുത്ത് പറഞ്ഞു. അങ്ങനെ ഒരുപാട് ചർച്ചകൾക്ക് ശേഷം സ്ത്രീകളുടെ ജനനേന്ദ്രിയത്തിന് "ഉണ്ണിപ്പൂ' എന്നൊരു പേര് കണ്ടെത്തി. എന്നാൽ, പിന്നീട് ആരും ഇത് ഉപയോഗിച്ച് കണ്ടിട്ടില്ല. ഇപ്പോൾ സെക്‌സ് എഡ്യൂക്കേഷൻ ക്ലാസുകൾ കുറെയൊക്കെ ആരംഭിച്ചിട്ടുണ്ടെങ്കിലും സംസ്‌കൃത പദങ്ങളോ ഇംഗ്ലീഷ് പദങ്ങളോ ആണ് അവിടെയെല്ലാം ഉപയോഗിക്കുന്നത്.

ശിൽപ്പശാല അവസാനിക്കുമ്പോഴേക്കും ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള ആലോചനകളുണ്ടായി. ആയിടക്ക് മാവേലിക്കരയിൽ അറസ്റ്റു ചെയ്യപ്പെട്ടിരുന്ന ഞങ്ങളുടെ ഫെമിനിസ്റ്റ് സുഹൃത്തുക്കളും അഭിഭാഷകരുമായ രമയും ഭദ്രയും അനിലയും ഇതിൽ പങ്കെടുത്തിരുന്നു. സൂര്യനെല്ലിയിൽ നിന്നും ഒരു പെൺകുട്ടിയെ തട്ടി കൊണ്ട് പോയി അതിക്രമം നടത്തിയ സംഭവം പുറത്ത് വന്നപ്പോൾ അതിനെതിരെ നിശിതമായി പ്രതികരിച്ചതിന്റെ പേരിലായിരുന്നു അത്. ആ വിഷയത്തിലേക്ക് ചർച്ച നീണ്ടു. ലൈംഗികതയെ കുറിച്ചുള്ള തുറന്ന സംവാദം തന്നെ, മൂടിവെക്കൽ സംസ്‌കാരമുള്ളിടത്ത് ഒരു രാഷ്ട്രീയ പ്രവർത്തനമാണെങ്കിലും, ഇതുപോലെ ഒരു സംഭവത്തിൽ പ്രതികരിക്കുക തന്നെയാണ് അടിയന്തിരമായി ചെയ്യേണ്ടതെന്ന് എല്ലാവരും ഒരുമിച്ച് പറഞ്ഞു. കേരള സ്ത്രീ വേദിയുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ അവിടെ വച്ച് തീരുമാനമുണ്ടായി. ലൈംഗികാതിക്രമങ്ങൾക്കെതിരായ പ്രവർത്തനം അങ്ങനെ സ്വാഭാവികമായും സ്ത്രീ വേദിയുടെ മുൻഗണനയിലേക്കെത്തി.
ഗ്രൂപ്പിലുള്ള പലരും നേരത്തേ അവരെ സന്ദർശിച്ചിരുന്നു എങ്കിലും സ്ത്രീവേദിയുടേതായ ഒരു ചെറുസംഘം അടുത്ത ദിവസം തന്നെ സൂര്യനെല്ലിയിലേക്ക് പോയി. തലേദിവസം മൂന്നാറിലെ തേയില തോട്ടത്തിലെ ഒരു വീട്ടിൽ താമസിച്ചതായാണ് ഓർമ്മ. അവിടെ എത്തുമ്പോൾ മറ്റു ചിലരും ജേർണലിസ്റ്റുകളുമൊക്കെ എത്തിയിട്ടുണ്ടായിരുന്നു.

യോഗത്തിനു തൊട്ടു മുൻപും ചിലർ പ്രശ്‌നമുണ്ടാക്കാനെത്തി. അവരുടെ കയ്യിൽ ആയുധങ്ങൾ ഒക്കെ ഉണ്ടായിരുന്നിട്ടും ജനങ്ങളുടെ പിന്തുണയിൽ വിശ്വസിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു പോയി.

പൊലീസുകാർ കാവൽക്കാരായി അവിടെ നിലയുറപ്പിച്ചിരുന്നു. പെൺകുട്ടിക്ക് പ്രായം വളരെ കുറവാണെന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും. അവളോട് സ്‌നേഹം പങ്കുവക്കാൻ മാത്രമേ മനുഷ്യർക്ക് കഴിയൂ. വിഷണ്ണരായ മാതാപിതാക്കളോട് ഞങ്ങൾ സംസാരിക്കുകയും വിവരങ്ങൾ മനസ്സിലാക്കുകയും, സമരത്തിൽ അവർക്കൊപ്പം ഉണ്ടാകുമെന്ന് പറയുകയും ചെയ്തു. കേരളത്തെ ആകെ പിടിച്ചുലച്ച, ഇപ്പോഴും അലകൾ നിലച്ചിട്ടില്ലാത്ത ആ ആഘാതം ഒരു പക്ഷെ, ആദ്യത്തെ സംഭവമൊന്നും ആയിരിക്കില്ല. എന്നാൽ, ഇപ്പോഴും പല മാതാപിതാക്കളും മറച്ചു വക്കുന്നത് കൊണ്ട് അക്രമികൾ രക്ഷ പെട്ട് പോകുന്ന തരം സംഭവം പൊതു വെളിച്ചത്തിലേക്ക് കൊണ്ട് വരാൻ തയാറായ ആ മാതാപിതാക്കളോട് എത്ര ആദരവ് കാണിച്ചാലും അധികമാവില്ല. അതിനു വേണ്ടി, ആ കുടുംബത്തിന് വളരെ വലിയ വില നൽകേണ്ടി വന്നു. ഒരു പരിഹാരത്തിനും അത് തീർത്തു കൊടുക്കാനാവില്ല. കേരളത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് പുതിയൊരു ദിശ നൽകാൻ അതിനു കഴിഞ്ഞു എന്നത് മറ്റൊരു കാര്യം. ബലാൽസംഗം ""പീഡന''മെന്ന ക്ലീഷേ പ്രയോഗത്തിലൂടെ ആണെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തെയും അൽപ്പ സ്വൽപ്പം ഉലക്കാൻ തുടങ്ങി.

കെ. അജിത ( 1993-1994 കാലത്ത്) / Photo: Ajitha’s Personal Archives
കെ. അജിത ( 1993-1994 കാലത്ത്) / Photo: Ajitha’s Personal Archives

തിരികെ വന്നശേഷം പരാതികൾ തയാറാക്കുകയും അവ അധികാരികൾക്ക് നൽകുകയും പൊതു പ്രകടനങ്ങളും മറ്റും നടത്തുകയും ഒക്കെയായി പ്രവർത്തനങ്ങൾ മുന്നോട്ടു പോയി. അതിനു ശേഷം വിതുര കേസ്, ഐസ്ക്രീം പാർലർ കേസ് ഇങ്ങനെ പലതും സ്ത്രീവേദി ഏറ്റെടുത്ത് സമരങ്ങൾ നടത്തുകയുണ്ടായി. കാസർകോട് ബേക്കൽ കോട്ടയിൽ ഭർത്താവ് തന്നെ ഭാര്യയുടെ ബലാൽസംഗത്തിന് വഴിയൊരുക്കിയ കേസിൽ ഫെമിനിസ്റ്റുകൾ നടത്തിയ അടുക്കള പണിമുടക്ക് ശ്രദ്ധേയമായിരുന്നു. കണ്ണൂരിലെ ഫെമിനിസ്റ്റുകളായ സുൽഫത്തും ദേവിയുമൊക്കെയാണ് അതിനു മുന്നിട്ടിറങ്ങിയത്.

അക്രമങ്ങൾ ഏൽക്കേണ്ടി വരുന്നത് ആശ്രയിക്കുന്നവരിൽ നിന്നോ, അതി ശക്തരായവരിൽ നിന്നോ ഒക്കെ ആകുമ്പോൾ ഇടക്ക് വച്ച് പിൻവാങ്ങേണ്ടി വരും. സൂര്യനെല്ലി പോലെ മുന്നോട്ടുകൊണ്ടുപോകുന്ന കേസുകളിൽ പോലും പലപ്പോഴും നീതിയുടെ വാതിൽ അടഞ്ഞു തന്നെ കിടക്കും.

പലവിധത്തിൽ അതിക്രമങ്ങൾ നേരിട്ടിട്ടുള്ള ധാരാളം സ്ത്രീകൾ സ്ത്രീവേദിയെ സമീപിച്ചിട്ടുണ്ട്. ഇവരിൽ പുറമ്പോക്കുകളിൽ ജീവിക്കുന്ന സ്ത്രീകൾ മുതൽ ഐ.എ.എസ് ഓഫീസർമാരെ പോലെ ഉന്നതസ്ഥാനങ്ങളിൽ നില കൊള്ളുന്ന സ്ത്രീകൾ വരെ ഉൾപ്പെടുന്നു. ആദ്യം പരാതിപ്പെടുന്ന സ്ത്രീകൾ പിന്നീട് അതേറ്റെടുത്ത് മുന്നോട്ടു കൊണ്ട് പോകാൻ തയാറായില്ലെന്നു വരും. അവർക്കതിന് കഴിയാതെ വരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. അക്രമങ്ങൾ ഏൽക്കേണ്ടി വരുന്നത് ആശ്രയിക്കുന്നവരിൽ നിന്നോ, അതിശക്തരായവരിൽ നിന്നോ ഒക്കെ ആകുമ്പോൾ ഇടക്ക് വച്ച് പിൻവാങ്ങേണ്ടി വരും. സൂര്യനെല്ലി പോലെ മുന്നോട്ട് കൊണ്ട് പോകുന്ന കേസുകളിൽ പോലും പലപ്പോഴും നീതിയുടെ വാതിൽ അടഞ്ഞു തന്നെ കിടക്കും. പുരുഷശരീരത്തെ കവിഞ്ഞു നിൽക്കുന്ന ചില സവിശേഷതകളാണോ മറ്റു വ്യതാസങ്ങൾക്കപ്പുറം സ്ത്രീകളെയാകെ സമാനമായ വ്രണിത സാധ്യതയിലേക്കെത്തിക്കുന്നത്? ജീവശാസ്ത്രപരം എന്നതിനേക്കാൾ അതിനു മേലുള്ള സാമൂഹ്യനിർമ്മിതികളാണ് ഈ അവസ്ഥയിലേക്കെത്തിക്കുന്നതെന്നാണ് ഇന്ന് കരുതപ്പെടുന്നത്.

1996 ൽ മലപ്പുറത്ത് നിന്നും ഒരു വാർത്ത വരികയുണ്ടായി. എയ്ഡ്സ് പരത്തുന്നു എന്ന് പറഞ്ഞ് രണ്ട് സ്ത്രീകളെ ""സദാചാര സാമൂഹ്യ അക്രമികൾ'' തടഞ്ഞു വച്ച് തല മുണ്ഡനം ചെയ്യുകയും സാമൂഹ്യ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. അവരുടെ കയ്യും കാലും വെട്ടാൻ പോലും അവരിൽ ചിലർ ഒരുക്കമായിരുന്നു എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. നവോത്ഥാനത്തിന്റെ പാരമ്പര്യമുള്ള കേരളത്തിൽ ഇങ്ങനെയുള്ള സംഭവം നടന്നു എന്ന് മാത്രമല്ല, നാട്ടുകാരിൽ കുറെ പേർ അതനുസരിച്ച് സ്ത്രീകൾക്ക് അടുത്തുള്ള കിണർ വെള്ളത്തിനു പോലും വിലക്കേർപ്പെടുത്തി. കെ.രമ (ആദ്യം മുതൽ ഫെമിനിസ്റ്റ് രാഷ്ട്രീയ പ്രവർത്തക. ഇപ്പോൾ തൃശൂരിൽ അഡ്വക്കേറ്റാണ് ) യും കെ.പി. ഗിരിജയും ആ ഗ്രാമത്തിലെത്തി വീട് വീടാന്തരം കയറിയിറങ്ങി ആളുകളുമായി സംസാരിച്ചു. ആക്രമിക്കപ്പെട്ട സ്ത്രീകൾക്ക് ഭക്ഷണവും പിന്തുണയും നൽകി. ആളുകൾ ക്രമേണ അവരുടെ മനോഭാവം മാറ്റി തുടങ്ങി. അവിടെയുള്ള ചില സംഘടനകളുടെ പിന്തുണയോടെ തന്നെ വലിയ ഒരു പൊതുയോഗം സംഘടിപ്പിച്ചു. അപ്പോഴേക്കും മറ്റു സ്ത്രീവേദി പ്രവർത്തകരൊക്കെ എത്തിയിരുന്നു. യോഗത്തിനു തൊട്ടു മുൻപും ചിലർ പ്രശ്‌നമുണ്ടാക്കാനെത്തി. അവരുടെ കയ്യിൽ ആയുധങ്ങൾ ഒക്കെ ഉണ്ടായിരുന്നിട്ടും ജനങ്ങളുടെ പിന്തുണയിൽ വിശ്വസിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു പോയി. സാറാ ജോസഫ് ഉജ്ജ്വലമായി പ്രസംഗിച്ചു. അത് കേട്ടവരിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചവരുണ്ടായിരുന്നെങ്കിൽ തീർച്ചയായും അവരുടെ ഉള്ളുലഞ്ഞിരുന്നിരിക്കണം.

വി.എം. ദീപ, വിധു വിൻസെന്റ്
വി.എം. ദീപ, വിധു വിൻസെന്റ്

അധികം താമസിയാതെ, അന്ന് വിമൻസ് കമ്മീഷൻ ചെയർപേഴ്സണായിരുന്ന സുഗതകുമാരിയും ഈ സ്ത്രീകളെ നേരിൽ കണ്ട് സംസാരിക്കുകയും മൊഴിയെടുക്കുകയും മറ്റും ചെയ്തു. അവർ, സ്ത്രീകളെ തിരുവനന്തപുരത്തെ സ്ഥാപനത്തിലേക്കു മാറ്റി സംരക്ഷണം നൽകാനുള്ള ഏർപ്പാടുകൾ ചെയ്തു. എന്തായിരുന്നു ആ സ്ത്രീകൾ ചെയ്ത കുറ്റം? അവർക്ക് എയ്ഡ്സ് ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ അത് അവരായി ഉത്പാദിപ്പിച്ചതാണോ? അവർ ലൈംഗിക തൊഴിൽ ചെയ്തിരുന്നോ? അങ്ങനെ എങ്കിൽ അവർക്ക് രോഗം പിടിപെടാതിരിക്കാനുള്ള കരുതൽ നൽകേണ്ടത് ആരാണ്? അതവർക്ക് നൽകിയിരുന്നോ? അവരിലേക്ക് രോഗം പകർത്തിയവർക്കുള്ള ശിക്ഷ എന്താണ്? അവർക്ക് സ്വന്തം നാട്ടിൽ താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതെങ്ങനെ? അവരിപ്പോൾ എവിടെ ആയിരിക്കും? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാവുന്നു.

കറുത്ത തുണി ബ്ലൗസിനുള്ളിൽ ഒളിപ്പിച്ച് പത്ത് പതിനഞ്ചു പേർ അസംബ്ലി മന്ദിരത്തിന് മുന്നിൽ പലയിടങ്ങളിലായി നിലയുറപ്പിച്ചു. മറ്റുള്ളവർ വെളിയിൽ പലയിടങ്ങളിലായി കൂട്ടം കൂടി നിന്നു. സാമാജികരുടെ ബസ് എത്തുമ്പോൾ കറുത്ത തുണി വീശി കൊണ്ട് മുന്നിലേക്ക് ചാടി വീഴാനായിരുന്നു പ്ലാൻ

സൂര്യനെല്ലിയിലും തുടർന്നുണ്ടായ പല കേസുകളിലും വിധേയരായവർക്ക് അർഹമായ നീതി ലഭിക്കാത്തതിനാൽ സ്ത്രീവേദിയുടെ സമരങ്ങളും പല തലത്തിൽ തുടർന്നുവന്നു. 1999 ലെ പാർലമെൻറ്​ തെരഞ്ഞെടുപ്പ് സമയത്ത് സൂര്യനെല്ലി കേസിൽ കുറ്റാരോപിതനായിരുന്ന പി.ജെ. കുര്യന്റെ മണ്ഡലത്തിൽ പോയി അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തി. എല്ലാ കേസുകളിലും വേണ്ട നടപടികളുണ്ടാത്തതിൽ പ്രതിഷേധിച്ച് ഒരു രാത്രി മുഴുവൻ എം.എൽ.എ. ക്വാർട്ടേഴ്സിന് മുന്നിൽ ധർണ നടത്തി. ജനപ്രതിനിധികളെ ഒന്നാകെ അഭിസംബോധന ചെയ്യാൻ വേണ്ടിയായിരുന്നു ഈ ധർണ. രാത്രി മുഴുവൻ മുദ്രാവാക്യങ്ങളുണ്ടാക്കിയും പ്രതിഷേധ പാട്ടുകൾ പാടിയും ഞങ്ങൾ ഉറക്കമിളച്ചു. തുടരെ തെരുവ് നാടകങ്ങളും ജാഥകളും നടത്തി. വിധു വിൻസെൻറ്​, രേഖാ രാജ്, വി.എം. ദീപ എന്നിവരൊക്കെ ഇതിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നു.

പി.ജെ. കുര്യൻ
പി.ജെ. കുര്യൻ

വേണ്ട രീതിയിൽ ഫലം ഉണ്ടാകുന്നില്ലെന്ന് കണ്ട് ഞങ്ങൾ പുതിയ മാർഗ്ഗങ്ങൾ അന്വേഷിച്ച് കൊണ്ടിരുന്നു. സ്ത്രീവേദിയുടെ ഒരു മീറ്റിംഗിൽ, ഞങ്ങൾ അസംബ്ലിയിലേക്ക് പോകുന്ന സാമാജികരുടെ വാഹനം അതിന്റെ കോമ്പൗണ്ടിൽ വച്ച് തടയാൻ തീരുമാനിച്ചു. റോഡിലൂടെ മാർച്ച് നടത്താനായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും സ്ത്രീപ്രവർത്തകർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടായിരുന്നു. സാധാരണ സ്ത്രീവേദി നടത്തുന്ന പ്രവർത്തനങ്ങളൊക്കെ ഇന്റലിജൻസ് പൊലീസ് വിഭാഗം ചോദിച്ചറിഞ്ഞിരുന്നു. പൊതുവായി നടത്തുന്ന പ്രകടനങ്ങളും ധർണയുമൊക്കെ അങ്ങനെ നടത്തുന്നത് കൊണ്ട് പ്രശ്‌നമൊന്നുമില്ല. മൈക്ക് പെർമിഷനും മറ്റുമായി ഞങ്ങൾ തന്നെ അവരെ സമീപിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഇത് നേരത്തെ അറിഞ്ഞു കഴിഞ്ഞാൽ പൊലീസ് തടയുകയും പരിപാടി പൊളിഞ്ഞു പോവുകയും ചെയ്യും എന്നുള്ളതിനാൽ അതീവ രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വളരെ വിദഗ്ദ്ധമായാണ് ഞങ്ങൾ ഇത് പ്ലാൻ ചെയ്തത്. കറുത്ത തുണി ബ്ലൗസിനുള്ളിൽ ഒളിപ്പിച്ച് പത്ത് പതിനഞ്ചു പേർ അസംബ്ലി മന്ദിരത്തിന് മുന്നിൽ പലയിടങ്ങളിലായി നിലയുറപ്പിച്ചു. മറ്റുള്ളവർ വെളിയിൽ പലയിടങ്ങളിലായി കൂട്ടം കൂടി നിന്നു. സാമാജികരുടെ ബസ് എത്തുമ്പോൾ കറുത്ത തുണി വീശി കൊണ്ട് മുന്നിലേക്ക് ചാടി വീഴാനായിരുന്നു പ്ലാനിട്ടത്. കാര്യങ്ങൾ അതെ പോലെ തന്നെ നടന്നു. ബസ് എത്തിയപ്പോൾ കറുത്ത തുണി വീശി കൊണ്ട് ഞങ്ങൾ എല്ലാവരും ഒരേ സമയം അതിനു മുന്നിലേക്ക് ചാടി വീണു. ദൂരെ നിന്നവരും ഒപ്പമെത്തി. ഇത് തീരെ പ്രതീക്ഷിക്കാത്തത് ആയിരുന്നതിനാൽ വനിതാ പോലീസ് ഒന്നും സ്ഥലത്ത് ഉണ്ടായിരുന്നില്ല. രാവിലെ ആയിരുന്നത് കൊണ്ട് അവർ ഡ്രസ് ചെയ്ത് ഒക്കെ കൂട്ടമായി എത്താൻ കുറച്ച് സമയമെടുത്തു. ഏതാണ്ട് അര മണിക്കൂറോളം ഞങ്ങൾക്ക് അവരുടെ വാഹനം തടഞ്ഞു നിർത്താനായി.

തൃശൂരിൽ നിന്ന് വന്ന നന്ദിനിയുടെ ഒപ്പം നാല് വയസ്സായ മകളും ഉണ്ടായിരുന്നു. അത് കോടതിക്ക് ചില സാങ്കേതിക തടസ്സങ്ങളുണ്ടാക്കി. കുഞ്ഞിനെ വനിതാ ജയിലിൽ അയക്കാൻ പറ്റില്ല. ദീർഘ നേരം കോടതി ആലോചനയിലും ചർച്ചയിലും മുഴുകി.

വനിതാ പൊലീസുകാരെത്തി ഞങ്ങളെ അറസ്റ്റു ചെയ്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കൊണ്ട് പോയി. അൻപതോളം സ്ത്രീകൾ ഉണ്ടായിരുന്നു. അവിടെ നിന്ന് കോടതിയിലേക്ക് കൊണ്ട് പോയി. "സഖി' വിമൻസ് ഗ്രൂപ്പിന്റെ അഡ്വക്കേറ്റ് ആയ ജെ.സന്ധ്യയും അഡ്വ: ഫിലിപ്.എം. പ്രസാദും അദ്ദേഹത്തിന്റെ പത്‌നി അഡ്വ. ഏലിയാമ്മയും ഞങ്ങൾക്ക് ജാമ്യത്തിനായുള്ള കാര്യങ്ങൾ നീക്കി. എന്നാൽ, അതിനു അനുകൂലമായ നീക്കങ്ങളൊന്നും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതായി കണ്ടില്ല. ജയിലിലേക്ക് പോകേണ്ടി വരുമെന്ന തരത്തിൽ കാര്യങ്ങൾ നീങ്ങി. കോടതിയുടെ തളത്തിലിരുന്ന് ഞങ്ങൾ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു.

രേഖാരാജ്
രേഖാരാജ്

തൃശൂരിൽ നിന്ന് വന്ന നന്ദിനിയുടെ ഒപ്പം നാല് വയസ്സായ മകളും ഉണ്ടായിരുന്നു. അത് കോടതിക്ക് ചില സാങ്കേതിക തടസ്സങ്ങളുണ്ടാക്കി. കുഞ്ഞിനെ വനിതാ ജയിലിൽ അയക്കാൻ പറ്റില്ല. ദീർഘ നേരം കോടതി ആലോചനയിലും ചർച്ചയിലും മുഴുകി. സമയം പൊയ്കൊണ്ടിരുന്നു. കോടതി സ്റ്റാഫിന് തിരികെ പോകാനുള്ള സമയമായിട്ടും തീരുമാനം വന്നില്ല. അവരും ഞങ്ങളോടൊപ്പം അവിടെ തുടർന്നു. അവസാനം ആറരയോടെ ഞങ്ങളെ വെറുതേ വിട്ടതായി വിധി വന്നു. കോടതി പരിസരം എന്നതൊക്കെ മറന്ന് ഞങ്ങൾ ആർത്തു വിളിച്ചു. പുറത്തിറങ്ങി മുദ്രാവാക്യങ്ങളുയർത്തി ജാഥയായി നഗരം ചുറ്റി. രാവിലെ മുതൽ തുടങ്ങിയ പ്രവർത്തനങ്ങളും നടപടികളുമൊന്നും ആവേശം കുറക്കുകയോ ക്ഷീണം ഉണ്ടാക്കുകയോ ചെയ്തില്ല. ഞങ്ങളുടെ ശരീരം ഞങ്ങളുടേതാണ് അതാർക്കും തീറെഴുതി കൊടുത്തിട്ടില്ല
എന്ന് വിളിച്ചുപറഞ്ഞ് കാലുകൾ ചലിപ്പിച്ചു കൊണ്ടിരുന്നു.

തിരുവനന്തപുരത്ത് നടത്തിയ ഒരു പ്രകടനത്തിൽ അഭിനേത്രികളായ സജിതയും ശ്രീലതയും സുധിയും പൊയ്​ക്കാലിൽ നടന്ന് കൂടുതൽ ശ്രദ്ധ നേടി. സ്ത്രീയുടെ ശരീരത്തെ മെരുക്കാനുള്ള സാമൂഹ്യമായ ശ്രമങ്ങളെ ശരീരത്തിന്റെ കർതൃത്വം കൊണ്ട് തന്നെ നേരിടുകയാണ് സ്ത്രീകൾ ചെയ്യുന്നത്. ""ഞങ്ങളുടെ ശരീരം ഞങ്ങളുടെ രാഷ്ട്രീയമാണ്'' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതി വിളിച്ച് ഞങ്ങളോടൊപ്പം അന്നുണ്ടായിരുന്ന വയനാട്ടിലെ ശ്രീലത ഇപ്പോൾ നമുക്കൊപ്പം ഇല്ല. എങ്കിലും ശരീരങ്ങളിൽ നിന്ന്​ ശരീരങ്ങളിലേക്ക് സ്ത്രീപക്ഷ രാഷ്ട്രീയം തുടർന്ന് കൊണ്ടിരിക്കുന്നത് ശ്രീലതയുടെയും മറ്റു മറഞ്ഞു പോയ ഫെമിനിസ്റ്റുകളുടേയും അടയാളങ്ങൾ കൂടിയാണ്.

ചുംബനസമരമൊക്കെ സാധ്യമാക്കുന്നതിൽ സോഷ്യൽ മീഡിയ പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ സ്ത്രീകൾ തുടങ്ങുന്നത് തന്നെ സൈബറിടങ്ങളിൽ നിന്നാണ്.

കേരള സ്ത്രീവേദി അന്നത്തെ ഘടനയോടെ ഇപ്പോൾ നിലനിൽക്കുന്നില്ല.
അതങ്ങനെ തന്നെ എല്ലാ കാലത്തും നിലനിൽക്കേണ്ട ആവശ്യവുമില്ല. ഘടനയുടെ ഉറപ്പിന്മേലുള്ള ശാഠ്യങ്ങൾ സംഘടനകളെ ഉപയോഗശൂന്യമാക്കുന്നത് കാണാറുണ്ട്. സമൂഹമാകെ പലതലങ്ങളിൽ വേരോടി, പടർപ്പുകളായി വ്യാപിച്ചു കിടക്കുകയും സവിശേഷഘട്ടങ്ങളിൽ കിളുർത്ത് പൊങ്ങുകയും ചെയ്യുന്ന പ്രതിഭാസമായി സ്ത്രീപ്രസ്ഥാനം രൂപാന്തരപ്പെട്ടതാണ് കാണുന്നത്. ദളിത് ഫെമിനിസ്റ്റുകൾ അവരുടെ അവസ്ഥകൾ ബഹുവിധ സമരങ്ങളിലൂടെയും സർഗ്ഗാത്മകമായും പ്രകാശിപ്പിക്കുന്നുണ്ട്. സിനിമ മേഖലയിൽ ഒരു സ്ത്രീപക്ഷ സംഘടനക്കായി ഫെമിനിസ്റ്റ് സംഘടനകൾ ശ്രമിച്ചിരുന്നു എങ്കിലും അത് സാധ്യമായത് അതിനു പാകപ്പെട്ട ഒരു സന്ദർഭത്തിലാണ്. അതിൽ മുന്നിട്ടിറങ്ങിയവരിൽ പലരും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പല ഘട്ടങ്ങളിലും പ്രവർത്തിച്ചിട്ടുള്ളവരാണ്. മതങ്ങൾക്കുള്ളിലെ ലൈംഗികചൂഷണത്തിനെതിരെ സന്യാസിനികൾ തന്നെ ഇപ്പോൾ മുന്നോട്ട് വരുന്നു. ഫെമിനിസ്റ്റുകൾ അവർക്കൊപ്പം നിന്ന് സമരം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സ്ത്രീകൾക്ക് കൂടുതൽ സ്വയം പ്രകാശനത്തിനും പരസ്പരം കരുത്ത് പകരുന്നതിനും അവസരമുണ്ടാക്കി. ലോകമാകെ വ്യാപിച്ച ‘മീ റ്റൂ’ കാമ്പയിൻ സോഷ്യൽ മീഡിയ ഉണ്ടാക്കിയ പ്രഭാവത്തിന്റെ നല്ല ഉദാഹരണമാണ്. അത് സ്ത്രീകളുടെ ചെറുത്തുനില്പിനെ ഒരുപാട് മുന്നോട്ടു കൊണ്ടുപോയി. കേരളത്തിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. ചുംബനസമരമൊക്കെ സാധ്യമാക്കുന്നതിൽ സോഷ്യൽ മീഡിയ പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ സ്ത്രീകൾ തുടങ്ങുന്നത് തന്നെ സൈബറിടങ്ങളിൽ നിന്നാണ്. എന്നാൽ വാളയാറിലും മറ്റും കാണുന്ന കാര്യങ്ങൾ സൂര്യനെല്ലിയുടെ അതേ അവസ്ഥയിൽ ചില മേഖലകളിലെങ്കിലും നമ്മൾ തുടരുകയാണെന്ന് ഓർമ്മിപ്പിക്കുയും ചെയ്യുന്നു. ഇത് സമകാലികമായ സ്ത്രീ അവസ്ഥയുടെ സങ്കീർണ്ണ സ്വഭാവമാണ് കാണിക്കുന്നത്. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച്, സ്ത്രീകളുടെ പ്രതിരോധങ്ങളും ബഹുമുഖമാകേണ്ടിയിരിക്കുന്നു.

എക്കാലവും സ്വശരീരം സ്ത്രീകൾക്ക് പ്രതികരിക്കാനുള്ള ആയുധമാണ്. ഏറ്റവും അടുത്ത് ലതികാസുഭാഷ് നടത്തിയതും ശരീരം കൊണ്ടുള്ള സമരമാണ്. തല മുണ്ഡനം ചെയ്തു കൊണ്ടും സ്ലട് വാക് നടത്തിയും ശരീരം മൂടി കെട്ടിയും പരസ്യമായി കുഞ്ഞിന് മുല കൊടുത്തും ചുംബനങ്ങൾ കൊടുത്തും വാങ്ങിയും സ്ത്രീകളുടെ പ്രതിഷേധങ്ങൾ ജീവനും ജീവിതവും തിരിച്ചു പിടിക്കലാകുന്നു. ▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments