അമ്മയ്ക്കും അനുജത്തി രാജശ്രീയ്ക്കുമൊപ്പം ജയശ്രീ

സ്‌കൂൾ എന്ന ജീവിതക്കളരി

എഴുകോൺ-3

അന്നും ഇന്നും കുട്ടികൾക്ക് നേരെയുള്ള അധ്യാപകരുടെ ലൈംഗിക പീഡനം, ഒരു പ്രശ്‌നമായി തുടരുന്നു. എന്നാൽ, ഞങ്ങൾ കുട്ടികൾ അത് ഭംഗിയായി കൈകാര്യം ചെയ്തു എന്നത് ഇപ്പോൾ അതിശയകരമായി തോന്നുന്നു.

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും ഹന്ത! ചാരു കടാക്ഷ മാലകളർക്കരശ്മിയിൽ നീട്ടിയും ചിന്തയാം മണി മന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ
-കുമാരനാശാൻ

പ്രൈമറി സ്‌കൂളിൽ നിന്ന് വിവേകോദയം സംസ്‌കൃത ഹൈസ്‌കൂൾ എന്ന സെക്കന്ററി സ്‌കൂളിലേക്ക് കടക്കുന്നത് നല്ലോണം എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കി. അതുവരെ അച്ഛനും അമ്മയും ഉണ്ടായിരുന്ന സ്‌കൂളിലായിരുന്നതുകൊണ്ട്, ഏതാണ്ട് വീട് പോലെ തന്നെയായിരുന്നു സ്‌കൂളും. അതിനാൽ, പുതിയ സ്‌കൂളിനെ കുറിച്ചുള്ള ആലോചന തന്നെ മനസ്സിൽ ആകാംക്ഷയും ഒപ്പം ആഹ്ലാദവും നിറച്ചു. കൂടെയുണ്ടായിരുന്ന കുറച്ച് കൂട്ടുകാർ ഉണ്ടാവുമെങ്കിലും പരിചയമില്ലാത്ത സ്ഥലത്തേക്കാണല്ലോ പോകുന്നത്? നേരത്തെ അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന ബന്ധുക്കളായ ചേച്ചിമാരിൽ നിന്ന്​ കിട്ടിയിട്ടുള്ള ധാരണകൾ അവിടുത്തെ അധ്യാപകരെക്കുറിച്ച് ഉള്ളിൽ സങ്കൽപ്പങ്ങൾ കോറിയിട്ടു. അവരുടെ രസകരമായ സംഭാഷണങ്ങളിൽ നിന്ന്​ കഴിയുന്നത്ര മനസ്സിലാക്കാൻ ശ്രമിച്ചു. ഭാവനയിൽ അവരെ മെനഞ്ഞെടുത്തു.

പുസ്തകങ്ങളുടെ പുതുമണവും പുതുമഴയുടെ നനവുമായാണല്ലോ വേനലവധി കഴിഞ്ഞ് നമ്മൾ സ്‌കൂളിലെത്തുന്നത്.

ഉയരത്തിലുള്ള സ്‌കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ അധ്യാപികമാരും അധ്യാപകന്മാരും നിരന്നു നിന്നു.

ചെറിയ മഴച്ചാറ്റലിനു തൊട്ടു മുമ്പ് ഞങ്ങൾ കുട്ടികൾ താഴത്തെ ഗ്രൗണ്ടിലും. ചേച്ചിമാരിൽ നിന്ന് നേരത്തെ ആരാധനയോടെ ഉള്ളിൽ കയറിക്കൂടിയവരുടെ മുഖങ്ങൾ അവർക്കിടയിൽ തെരഞ്ഞു. ഒന്നും പിടികിട്ടിയില്ല. അധ്യാപികമാരിൽ കൂടുതലും ചെറുപ്പക്കാരികൾ. പഴയ സ്‌കൂളിൽ, മുടി കെട്ടി വച്ച് പ്രായം തോന്നിപ്പിച്ചിരുന്നവർ. ഇവിടെ മുടി പിന്നിയിട്ടും തുമ്പ് കെട്ടിയിട്ടും ചെറുപ്പമായവർ. ആൺ അദ്ധ്യാപകർ പല പ്രായത്തിലുള്ളവരായി തോന്നി. ക്ലാസ്സിൽ, നേരത്തെ കൂടെ പഠിച്ചവർക്കു പുറമെ മറ്റു സ്‌കൂളുകളിൽ നിന്ന് വന്ന കുട്ടികളും ഉണ്ടായിരുന്നു. മിക്‌സഡ് സ്‌കൂളാണെങ്കിലും പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും വെവ്വേറെ ക്ലാസുകൾ ആയിരുന്നു.

പഠനത്തിലും പഠിപ്പിക്കലിലുമുള്ള മത്സരമാണ് ആദ്യദിവസങ്ങളിൽ അനുഭവപ്പെട്ടത്. മറ്റു സ്‌കൂളുകളിൽ നിന്ന് വന്ന കുട്ടികൾ ഞങ്ങളെക്കാൾ മെച്ചപ്പെട്ടവരാകുമോ, ആയാൽ എത്രത്തോളം എന്നിങ്ങനെയുള്ള ആശങ്കകൾ ഞങ്ങളെ പിടികൂടി. ടീച്ചർമാരാണെങ്കിൽ, നന്നായി പഠിക്കുന്ന കുട്ടികളെ തങ്ങളുടെ ക്ലാസുകളിലേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തുന്നതായി അനുഭവപ്പെട്ടു. എന്റെ അമ്മയുടെ ക്ലാസിൽ നിന്ന് വന്ന കുട്ടികൾ പൊതുവെ നന്നായി പഠിക്കുമെന്ന് ഒരു ധാരണ അവിടുത്തെ ടീച്ചർമാർക്കുണ്ടായിരുന്നു എന്നെനിക്ക് മനസ്സിലായി. അതെനിക്ക് അഭിമാനകരമായിരുന്നു എങ്കിലും അമ്മയുടെ മകൾ എന്ന നിലയിൽ ഞാൻ ഒരു നോട്ടപ്പുള്ളിയായി മാറി എന്നത് കുറച്ച് ക്ലേശവുമുണ്ടാക്കി. കൂടുതൽ മാർക്ക് വാങ്ങുക എന്നത് ഒരു ബാധ്യതയായി. മിക്കപ്പോഴും അത് കിട്ടിയിരുന്നെങ്കിലും ചിലപ്പോൾ സംശയമാകും. അമ്പലത്തിൽ പോകുന്നവരുടെ കയ്യിൽ പൈസ കൊടുത്തയച്ചാൽ ദൈവം ശരിയാക്കി തരും എന്നൊരു ധാരണയുണ്ടായി. അതുണ്ടാക്കിയ കൂട്ടുകാരിയുടെ കയ്യിൽ ഞാൻ പൈസ കൊടുത്തയക്കും. അവൾ വാങ്ങി കൊണ്ട് വരുകയും ഞങ്ങൾ പങ്കിട്ട് കഴിക്കുകയും ചെയ്തിരുന്ന "അണു ഗുണ്ട് മിട്ടായി', കടല എന്നിവയൊക്കെ വാങ്ങാൻ, ദൈവത്തിന് കൊടുത്തു വിട്ട പൈസയാണ് ഉപയോഗിച്ചതെന്നത് ഒരു പാട് കാലത്തിന് ശേഷമാണ് എനിക്ക് ബോധ്യപ്പെട്ടത്.

എം.എസ്.സിക്ക് പഠിക്കുമ്പോൾ ഹോസ്റ്റലിലെ കൂട്ടുകാരികൾക്കൊപ്പം.

നന്നായി പഠിപ്പിക്കുന്ന ചെറുപ്പക്കാരനായ ഒരു അധ്യാപകൻ പെൺകുട്ടികളുടെ ഇടയിൽ എപ്പോഴും പ്രിയസംസാരവിഷയമായിരുന്നു. അദ്ദേഹം ഞങ്ങളുടെ അധ്യാപകനായി വരാൻ എല്ലാവരും കൊതിച്ചിരുന്നു. അങ്ങനെയാണെന്നുള്ള തീരുമാനം സന്തോഷിപ്പിക്കുകയും ചെയ്തു. എന്നാൽ, ഞങ്ങളെ നിരാശപ്പെടുത്തി കൊണ്ട് അദ്ദേഹം ക്ലാസുകളിൽ ഹാജരായില്ല. എല്ലാ ദിവസവും ആ സെഷനിൽ കസേര ഒഴിഞ്ഞു കിടക്കുകയും ഞങ്ങളുടെ ക്ലാസിലെ ബഹളം കാരണം തൊട്ടടുത്ത ക്ലാസിലെ അധ്യാപിക വന്ന് ഈ അധ്യാപകനെയും ഞങ്ങളെയും ഇഷ്ടം പോലെ ശകാരിക്കുകയും ചെയ്തുവന്നു. ഏതാണ്ട് ഒരു മാസത്തിനുശേഷം അദ്ദേഹം പ്രത്യക്ഷപ്പെട്ടു. പ്രതീക്ഷക്കനുസരിച്ച് തന്നെ ഞങ്ങളുടെ എല്ലാം മനസ്സ് കവർന്നു കൊണ്ട് തന്നെ നല്ല രീതിയിൽ അധ്യാപനം നടത്തി. സ്‌കൂൾ അവസാനം വരെ അദ്ദേഹത്തിന്റെ ശിക്ഷണം തുടർന്ന് ലഭിച്ചത് നന്നായി എന്ന് ഇപ്പോഴും വിചാരിക്കുന്നു. ജ്ഞാനവും പഠിപ്പിക്കലിലുള്ള ആത്മാർത്ഥതയും സ്‌ത്രൈണസ്വഭാവവും റൊമാന്റിക് ഭാവവും കൊണ്ട് അധ്യാപകരിൽ വേറിട്ടു നിന്ന ആളാണ് അദ്ദേഹം. അതുപോലെ എടുത്ത് പറയേണ്ട രണ്ടുമൂന്നു പേരുണ്ട്. അദ്ദേഹത്തിന്റെ മുന്നിൽ നല്ല ഒരു ഇമേജ് നിലനിർത്താൻ ഞാൻ എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു. വീട്ടിൽ ജോലി ഒന്നും ചെയ്യിപ്പിച്ചിരുന്നില്ലെങ്കിലും അപൂർവം ചിലപ്പോൾ അരി പൊടിപ്പിക്കാൻ മില്ലിലും ചന്തയിലും മറ്റും പോകേണ്ടി വന്നു. ഈറ്റ കൊണ്ടുള്ള വട്ടികളും കുട്ടകളുമൊക്കെയാണ് അന്ന് ഉപയോഗിച്ചിരുന്നത്. ചാണകം മെഴുകിയ ചെറിയ കുട്ടകൾക്ക്, കൂലിക്കൊട്ട എന്ന് പറഞ്ഞിരുന്നു. ഈ കുട്ടയും വട്ടിയുമൊക്കെയായി റോഡിൽ കൂടെ നടക്കുന്നത് എനിക്ക് അപമാനകരമായി തോന്നി. ഏറ്റവും ശ്രദ്ധിച്ചിരുന്നത് ഞങ്ങളുടെ പ്രിയാധ്യാപകൻ കാണരുതെന്നാണ്. അദ്ദേഹത്തെ വഴിയിൽ എങ്ങാനും കണ്ടാൽ, മറഞ്ഞ് മാറി നിൽക്കാൻ ഞാൻ ശ്രദ്ധിച്ചു.

മൈത്രേയനും ജയശ്രീയും

മുതിർന്നവരുമായി ഏതു തരത്തിൽ ബന്ധം സ്ഥാപിക്കണമെന്നതിൽ അങ്കലാപ്പുണ്ടാകുന്ന പ്രായം കൂടിയാണ് കൗമാരം. കുട്ടികളുടെ ഉള്ളിൽ മുതിർന്നവർ എപ്പോഴും ഒരു തിരത്തള്ളൽ ഉണ്ടാക്കും. മാതൃകാ മനുഷ്യരെ തേടിക്കൊണ്ടിരിക്കുകയാണവർ. ഇതൊരു പക്ഷെ, എത്ര മുതിർന്നാലും അവസാനിക്കുന്നതല്ല. ഉള്ളിലേക്കുള്ള ഒരു നല്ല അതിഥിയുടെ വിരുന്നു വരവ് എപ്പോഴും പ്രതീക്ഷിച്ച് കഴിയുന്നവരാണ് മനുഷ്യർ. ഇത് സ്വയം തിരിച്ചറിയാനാകാതെ, എന്നാൽ അടക്കാനാകാതെ അന്വേഷിക്കുന്നവരാണ് കൗമാരക്കാർ. അവരോട് അങ്ങേയറ്റം ക്ഷമയോടെയും കരുതലോടെയും ഇടപെടേണ്ടവരാണ് മുതിർന്നവർ, പ്രത്യേകിച്ച് അധ്യാപകർ.

അന്നും ഇന്നും കുട്ടികൾക്ക് നേരെയുള്ള അധ്യാപകരുടെ ലൈംഗിക പീഡനം, ഒരു പ്രശ്‌നമായി തുടരുന്നു. എല്ലാവരും അങ്ങനെയല്ല. എങ്കിലും അതിനുള്ള സാധ്യത നിൽക്കുകയാണ്. ഞങ്ങളുടെ സ്‌കൂളിൽ അങ്ങനെ ഉണ്ടായിരുന്നത് ഒരു അധ്യാപകൻ മാത്രമാണ്. എന്നാൽ, ഞങ്ങൾ കുട്ടികൾ അത് മറ്റുള്ളവരെ ഒന്നും ഇട പെടുത്താതെ ഭംഗിയായി കൈകാര്യം ചെയ്തു എന്നത് ഇപ്പോൾ അതിശയകരമായി തോന്നുന്നു. ഇന്നത്തെ പോലെയുള്ള ക്രൂരതകൾ അന്ന് കേട്ടിരുന്നില്ല. ചെറിയ ചെറിയ ലീലാവിലാസങ്ങൾ. ഇത് സമൂഹം ആണുങ്ങൾക്ക് എല്ലാ കാലത്തും അനുവദിച്ചു കൊടുത്തിരുന്നു എന്നത് കൊണ്ടാണെന്ന് മനസ്സിലാക്കാം. മറുവശത്ത് പെൺകുട്ടികളെ, അധ്യാപികമാരടക്കം മുതിർന്ന സ്ത്രീകൾ, അടക്കമൊതുക്കമില്ലാതെ ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണക്കാരാവുന്നവരായാണ് കാണുന്നത്. അവരെ അടക്കി നിർത്തേണ്ട ബാധ്യത വന്നു ചേരുന്നത് കൊണ്ടാകാം എപ്പോഴും പെൺകുട്ടികളോട് അവർ ഈർഷ്യ പുലർത്തുന്നത്.

അന്ന് തോൽവി ഒരു സാധാരണ സംഭവമായിരുന്നതു കൊണ്ട് പ്രായം കൂടിയ കുട്ടികളൊക്കെ ക്ലാസിൽ ഉണ്ടാകും. അതൊരു തരത്തിലുള്ള സുരക്ഷ ചെറിയ കുട്ടികൾക്ക് നൽകി. പീഡന സ്വഭാവമുണ്ടായിരുന്ന അധ്യാപകന് കുട്ടികളെ തല്ലി വേദനിപ്പിക്കുന്ന ശീലം കൂടി ഉണ്ടായിരുന്നു. ഇപ്പോൾ സ്‌കൂളിലെ ഇത്തരം ശിക്ഷകൾ ഒഴിവാക്കിയിട്ടുണ്ട്. കുട്ടികൾ നന്നാകാനാണ് തല്ലുന്നതെന്ന ന്യായീകരണമുണ്ടെങ്കിലും, അതിൽ അധികാര പ്രയോഗവും, അതോടൊപ്പം തന്നെ വിധേയയുമായുള്ള ബന്ധം സ്ഥാപിക്കലുമുണ്ട്. ശിക്ഷിക്കുന്നവരുമായി വിധേയരുടെ വൈകാരികബന്ധം ഉറച്ച് നിൽക്കുന്നതായും കാണാറുണ്ട്. കുട്ടികളും മറ്റു വിധേയരും ശിക്ഷകരിൽ അഭയം കണ്ടെത്താൻ ശ്രമിക്കുന്നതും ഒരു പ്രതിഭാസമാണ്.

സഹോദരി രാജശ്രീക്കും അമ്മയ്ക്കും അച്ഛനുമൊപ്പം ജയശ്രീയും മൈത്രേയനും.

ഈ ആശ്രിതത്വം മനഃശാസ്ത്രം പഠന വിഷയമാക്കിയിട്ടുണ്ട്. കൂടുതൽ ശിക്ഷിക്കുന്ന രക്ഷിതാക്കളെ ആഴത്തിൽ സ്‌നേഹിക്കുന്ന കുട്ടികളെയും ഉപദ്രവിക്കുന്ന ഭർത്താക്കന്മാരെ സ്നേഹിക്കുന്ന ഭാര്യമാരേയുമൊക്കെ നമ്മൾ കാണാറുണ്ടല്ലോ. ഈ മാനസികാവസ്ഥ മനുഷ്യരിൽ അവകാശബോധം വളരുന്നതിനനുസരിച്ച് മാറി വരുന്നതായാണ് കാണുന്നത്. എന്നാൽ മനസ്സിന്റെ ചാഞ്ചല്യ (ambivalence) മായി ഈ അവസ്ഥ തുടർന്നുപോരുന്നുമുണ്ട്. ശിക്ഷയിലൂടെയുള്ള ശിക്ഷണത്തിനടിപ്പെടുന്നത് നമ്മൾ കുറെയൊക്കെ ഇഷ്ടപ്പെടുന്നുണ്ടെന്ന് സാരം. അതിനാലൊക്കെയാകാം, ഈ അധ്യാപകന്റെ അപ്രമാദിത്വം തല്ലു കൊള്ളുമ്പോഴും ഞങ്ങൾ ഏറെക്കുറെ അംഗീകരിച്ചു പോന്നു.

അങ്ങനെയിരിക്കെയാണ് പീഡനത്തിന്റെ ഒരു മഹാമഹം സംഭവിക്കുന്നത്. അവധി ദിവസം മറ്റാരും ഇല്ലാത്തതുകൊണ്ട് സ്പെഷ്യൽ പരീക്ഷ വച്ച് പെൺകുട്ടികളെ സ്പർശിക്കാനുള്ള ശ്രമമായിരുന്നു അത്. എന്നാൽ, കുട്ടികൾ കൂട്ടമായി അത് എതിർക്കുകയും പരീക്ഷ ബഹിഷ്‌കരിച്ച് പുറത്തുവന്ന് കൂക്കി വിളിയിലൂടെയും മറ്റും അദ്ദേഹത്തെ മുട്ട് കുത്തിക്കുകയും ചെയ്തു. അതോടെ ഞങ്ങൾക്ക് മേലുണ്ടായിരുന്ന അധികാരവും അപ്രമാദിത്വവും അദ്ദേഹത്തിനു നഷ്ടപ്പെട്ടു, വേറാരും ഇന്നും അതറിഞ്ഞിട്ടുമില്ല. അദ്ദേഹത്തോട് അനുകമ്പ മാത്രമേ ഇപ്പോൾ തോന്നുന്നുള്ളൂ. ഞങ്ങൾക്കന്ന് അത് നേരിടാനുണ്ടായ കരുത്ത് സ്വാഭാവികമായുണ്ടായതായിരിക്കണം.

കനിയ്‌ക്കൊപ്പം ജയശ്രീ

അസാധാരണമായ വെളുപ്പ് നിറമുള്ള രണ്ട് പെൺകുട്ടികൾ ഞങ്ങളുടെ സ്‌കൂളിൽ ഉണ്ടായിരുന്നു. അവർ ഏറ്റവും സുന്ദരിമാരായി അറിയപ്പെട്ടു. പഠിക്കാൻ വലിയ മികവില്ലാത്തതിനാൽ അവർ പരീക്ഷയിൽ തോൽക്കുകയും ചെയ്തിരുന്നു. എങ്കിലും സുന്ദരിമാർ സൂക്ഷിക്കേണ്ടതെന്ന് കരുതിയ ഒരു ഔന്നത്യ ഭാവം കൈവിടാതെ അവർ മുഖത്ത് എപ്പോഴും സൂക്ഷിച്ചു. ചെറുപ്പക്കാരനായ ഒരു അധ്യാപകന് ഇവരോടുള്ള പ്രത്യേക നോട്ടവും വാക്കുകളും അന്ന് ഞങ്ങൾക്ക് കൗതുകമുണ്ടാക്കിയിരുന്നു. ഒരു ദിവസം ക്ലാസ് വിട്ടപ്പോൾ അധ്യാപകൻ മുന്നിലും ഞങ്ങൾ കൂട്ടമായി പിന്നിലുമായി നടക്കുകയാണ്. അദ്ദേഹം തിരിഞ്ഞ് തിരിഞ്ഞ് സുന്ദരിയിലേക്ക് നോട്ടം ഉറപ്പിച്ച് കൊണ്ടിരുന്നു. എന്നിട്ട് പ്രഖ്യാപിച്ചു, "നീ ഇന്ന് വളരെ വളരെ സുന്ദരിയായിരിക്കുന്നു.' അവൾ മുഖം ചുവന്നും, എന്നാൽ പ്രൗഢിയോടെയും പുഞ്ചിരിച്ചു. ഇത് പീഡനമാണോ എന്നത് ഇപ്പോഴും കുഴയ്ക്കു​ന്ന പ്രശ്‌നമാണ്.

തുടക്കത്തിൽ ചേർത്ത പദ്യം ഞങ്ങളുടെ സ്‌കൂളിലെ ഈശ്വര പ്രാർത്ഥന ആയിരുന്നു. അതിനോടൊപ്പം പ്രതിജ്ഞയുമുണ്ടാകും. ഇന്ത്യ എന്റെ രാജ്യമാണ്, എന്ന് തുടങ്ങുന്നത്. വൈകുന്നേരം ദേശീയ ഗാനത്തോടുകൂടിയാണ് സ്‌കൂൾ അവസാനിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഇത് ചൊല്ലുന്നത് ഞങ്ങൾ മൂന്നു പേരായിരുന്നു. എന്റെ കൂടെയുണ്ടായിരുന്നവർ രണ്ട് പേരും നന്നായി പാടുന്നവർ. ഞാനും ഒരു വിധം പാടും. എന്നാൽ, ഒറ്റക്ക് പാടാൻ ഈ ആറു വർഷവും എനിക്ക് ധൈര്യമുണ്ടായില്ല. രാവിലെ ഒമ്പതരയ്ക്ക് അസംബ്ലി തുടങ്ങുന്നു എന്ന് വിചാരിക്കുക. 9.28 ആകുമ്പോഴും മറ്റുള്ള രണ്ടുപേരും മിക്ക ദിവസവും എത്തില്ല. ഒറ്റക്ക് പാടാൻ ധൈര്യമില്ലാത്തതിനാൽ, ഞാൻ അങ്ങേയറ്റം ടെൻഷനിലാകും. കൃത്യസമയത്ത് ഒരാളോ രണ്ടുപേരുമോ എത്തി എന്നെ രക്ഷിക്കും. ഒരുമിച്ച് പാടാൻ എനിക്ക് നല്ല ആവേശമാണ് താനും. അതിൽ ഒരാൾ, ലൈല ഇപ്പോൾ തിരുവനന്തപുരം സംസ്‌കൃത കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ച ആളാണ്. ലൈലയുടെ വീട് സ്‌കൂളിന് കുറച്ചടുത്താണ്. ഇവരെ രണ്ട് പേരെയും സമയത്തിന് കണ്ടില്ലെങ്കിൽ ടെൻഷൻ താങ്ങാനാവാതെ ഞാൻ നേരെ ലൈലയുടെ വീട്ടിലേക്ക് പോകും. എന്നിട്ട് കൂട്ടിക്കൊണ്ട് വരും. മൂന്നു പേരും താമസിച്ചെത്തിയാൽ അടി ഉറപ്പാണ്. എന്നാൽ ഒറ്റക്ക് പാടുന്നതിനേക്കാൾ അതാണ് ഭേദമെന്ന് ഞാൻ വിചാരിക്കും. അന്ന് ചൊല്ലിയ കുമാരനാശാന്റെ പ്രാർത്ഥനാഗീതത്തിന്റെ മാധുര്യം ഇപ്പോഴാണ് കൂടുതൽ അനുഭവിക്കാനാകുന്നത്. മതത്തിന്റെയോ ജാതിയുടേയോ നിറം ഒട്ടും കലരാത്ത മനോഹരമായ പ്രാർത്ഥനയാണത്. സ്‌കൂൾ കുട്ടികൾക്ക് പകരാവുന്നത്. ജനഗണമന എന്ന് തുടങ്ങുന്ന ദേശീയഗാനം അന്ന് മുതൽ എന്നും ഉള്ളിൽ ആവേശം നിറക്കുന്നതായിരുന്നു. തിയേറ്ററിലൊക്കെ നിർബ്ബന്ധമായി കൊണ്ട് വന്നപ്പോൾ അത് നഷ്ടപ്പെട്ടു പോകുന്നു.

ക്ലാസ് മണിക്കൂറുകൾക്കും സിലബസിനും പുറത്ത് നമുക്കെന്തു ലഭിക്കുന്നു എന്നതായിരിക്കും നമ്മുടെ സ്‌കൂൾ ജീവിതത്തിലെ ഹാപ്പിനെസ് ഇൻഡക്‌സ് (Happiness Index). ഞങ്ങളുടെ സ്‌കൂളിൽ വെള്ളിയാഴ്ച തോറും അന്നുണ്ടായിരുന്ന സാഹിത്യസമാജങ്ങൾ ഉണർവും സന്തോഷവും നൽകി. വീട്ടിൽ നിന്ന്​ ആരെങ്കിലും ഭംഗിയുള്ള മേശവിരിപ്പ് കൊണ്ടുവരും. അതിൽ പൂക്കൾ നിറച്ച പാത്രം വക്കും. ചന്ദനത്തിരി കത്തിച്ച് വക്കും. ഇതൊക്കെ ഞങ്ങൾ തന്നെ ചെയ്യുന്നു എന്നതാണ് ത്രില്ലുണ്ടാക്കുന്നത്. എന്നിട്ട് ഒരാൾ പ്രബന്ധം അവതരിപ്പിക്കും. എന്റെ കൂട്ടുകാരി സുധർമ്മയുടെ കൊച്ചച്ഛൻ എഴുതി കൊടുക്കുന്ന ഭാരമുള്ള പ്രബന്ധത്തിനു മുന്നിൽ എന്റെ ലളിതമായ അവതരണങ്ങൾ ചെറുതായി പോകുന്നോ എന്ന ആശങ്ക ഒഴിച്ചാൽ ഏറെ സുഖം തരുന്ന സമയങ്ങളായിരുന്നു അത്.

ജയശ്രീയും സഹോദരി രാജശ്രീയും

സ്‌പോർട്‌സിൽ പൂർണമായ പരാജയമായിരുന്നു ഞാൻ. ആദ്യത്തെ വർഷം എല്ലാ ഐറ്റത്തിനും കൂട്ടുകാരോടൊപ്പം ഞാൻ ചേർന്നു. ഒന്നിലും വിജയിക്കാനായില്ല എന്നു മാത്രമല്ല, പലതിലും ഏറ്റവും പിന്നിലായിരുന്നു. സ്പൂണിൽ നാരങ്ങ കോരിയെടുക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കെ, കൂടെയുള്ളവർ അത്​ കൊണ്ട് കൊടുത്ത് തിരിച്ചു വന്നിട്ടുണ്ടാകും. നൂലിൽ സൂചി കോർത്ത് ഓടി എല്ലാവരും ഫിനിഷിംഗ് പോയിന്റിൽ എത്തുമ്പോഴും ഞാൻ നൂൽ കോർത്തിട്ടുണ്ടാവില്ല. ഇപ്പോഴും, ഏറ്റവും ശല്യം പിടിച്ച ജോലിയാണത്. എളുപ്പത്തിൽ നൂൽ കോർക്കാനുള്ള പുതിയ തരം സൂചികൾ ഇപ്പോൾ ലഭ്യമാണ് പോലും. എനിക്ക് കിട്ടിയിട്ടില്ല. മെമ്മറി ടെസ്റ്റിന് ഞാൻ ഒന്നാം സ്ഥാനം നേടിയത് കൊണ്ട്, "നീ ഓർമ്മശക്തിയിൽ ഒന്നാമതാണല്ലോ' എന്ന് പറഞ്ഞ് സ്‌പോർട്​‌സ് മാഷ് എന്നെ ആശ്വസിപ്പിച്ചു. ഇതൊക്കെയാണെങ്കിലും സ്‌കൂളിൽ സ്‌പോർട്​‌സ് ഉണ്ടാക്കുന്ന ആംബിയൻസ് ഞാൻ വളരെയധികം ഇഷ്ടപ്പെട്ടു. കറങ്ങി നടക്കുക, നിറവും മധുരവുമുള്ള ഐസ് തിന്നുക, ഇടക്കിടെയുള്ള പാട്ടുകൾ ആസ്വദിക്കുക എന്നിങ്ങനെ എന്തെല്ലാം രസങ്ങൾ.

ലോകത്തിലേക്ക് മലക്കെ തുറന്ന വാതിലായിരുന്നു ഞങ്ങൾക്ക് സ്‌കൂൾ ജീവിതം. എല്ലാ നന്മകളോടും കൊച്ചു കൊച്ചു തിന്മകളോടും കൂടി ഞങ്ങളുടെ സ്‌കൂൾ തലയെടുപ്പോടെ ഉയർന്നു നിന്നു. പഠിച്ച സ്‌കൂളിനും കോളേജിനും അടുത്തുകൂടെ പോകുന്നത് എല്ലാവരിലും നൊസ്റ്റാൾജിയ ഉണ്ടാക്കുമല്ലോ. നാട്ടിൻ പുറത്തെ സ്‌കൂളുകൾക്ക് അടുത്തുകൂടി പോകുമ്പോൾ കടന്നൽ കൂട്ടിലെന്ന പോലെ മുരത്ത മൂളൽ കേൾക്കാം. ചൂരൽ വടികൾ വക വക്കാതെ കുട്ടികൾ സദാ ചിലച്ചു കൊണ്ടിരിക്കും. എത്ര രസമുള്ള ക്ലാസാണെങ്കിലും ഇന്റർവെല്ലിന് പുറത്തേക്കോടുകയാണ് പ്രധാന ലക്ഷ്യം. ചെറിയ ഇടവേളയാണെങ്കിലും, നിർത്തിയിടത്ത് നിന്ന് വീണ്ടും കളികൾ ആരംഭിച്ചു തുടങ്ങും. ഐസും നെല്ലിക്കയും കടലയും വിൽക്കുന്ന അക്കച്ചിമാരും അണ്ണന്മാരും, സുലഭമായി തണുത്ത വെള്ളം തന്ന അടുത്ത വീടുകളിലെ കിണറുകളും, രസക്കനികൾ കുടഞ്ഞിടുന്ന പുളി മരങ്ങളും കൂടിയായിരുന്നു ഞങ്ങൾക്ക് പ്രിയ സ്‌കൂൾ.

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments