സി.കെ. ജാനു തന്റെ പഴയ വീടിന് മുന്നിൽ

ആ ‘വിപ്ലവ നിയമം’ ഞങ്ങൾക്ക്​ നൽകിയത്​
​ജാതിക്കോളനികൾ മാത്രം

ഭൂപരിഷ്‌കരണനിയമത്തിന്റെ പേരിൽ​ അനധികൃത കയ്യേറ്റങ്ങൾക്ക് അവകാശം നൽകുന്ന പണിയാണ് ചെയ്തത്. അങ്ങനെ ഭൂരിപക്ഷം വരുന്ന ജനത ഭൂരഹിതരായി മാറി. ഭൂപരിഷ്‌കരണത്തിന്റെ ഏറ്റവും വലിയ ഇരകളാണ് ദലിതരും ആദിവാസികളും.

അധ്യായം എട്ട്​

1963-ലെ ഭൂപരിഷ്‌കരണ നിയമമനുസരിച്ച് ഭൂരഹിതരായ ആളുകൾക്ക് ഭൂമി കൊടുക്കുക എന്നതാണ് വ്യവസ്ഥയെങ്കിലും, കുടുംബത്തിനും വ്യക്തികൾക്കും കൈവശം വെക്കാവുന്ന ഭൂപരിധി പതിനഞ്ചേക്കറായി നിജപ്പെടുത്തുകയും, കുടിയാന്മാർക്ക് കൈവശഭൂമിക്ക് ഉടമസ്ഥാവകാശം നൽകുകയും. ബാക്കിയുള്ള ഭൂമി സർക്കാർ ഏറ്റെടുക്കുകയുമാണ് ചെയ്തത്.

1970-ൽ അച്ചുതമേനോൻ സർക്കാർ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കി തുടങ്ങിയപ്പോൾ, ഈ വ്യവസ്ഥയിൽ നിന്നെല്ലാം പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളെ പൂർണമായും ഒഴിവാക്കി. ഭൂ ഉടമസ്ഥതയിൽ നിന്ന്​ മാറ്റിനിർത്തപ്പെട്ട വിഭാഗങ്ങളെ ‘എം. എൻ. ഭവനപദ്ധതി' പ്രകാരം കോർപറേഷനുകളിലും, മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും അര സെൻറ്​, ഒരു സെൻറ്​, മൂന്ന്‌ സെൻറ്​, അഞ്ചു സെൻറ്​, പത്തു സെൻറ്​ എന്നിങ്ങനെ നൽകി ലക്ഷം വീടുകൾ ആദിവാസി സെറ്റിൽമെന്റുകൾ, ലയങ്ങൾ, മത്സ്യത്തൊഴിലാളികളുടെ കോളനികൾ എന്നിവിടങ്ങളിൽ ഒതുക്കി. റോഡ്, തോട്, പുറമ്പോക്കുകളിലേക്ക് ആദിവാസികളും ദലിതരും തള്ളപ്പെടുകയും അവരെ ജാതിപരമായി അകറ്റിനിർത്തുകയും ജാതിക്കോളനികൾ ഉണ്ടാക്കുകയും ചെയ്തു.

ഭൂമിയുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്തുമ്പോൾ ആദിവാസികളെയും ദലിതരെയും ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും, അജ്ഞതയുടെ പേരിലും അയിത്തം കൽപ്പിച്ച് മാറ്റിനിർത്തുകയാണ് ചെയ്തത്. ഇപ്പോഴും ഈ പ്രവണത തുടരുകയാണ്​.

ബ്രിട്ടീഷ്​ കൊളോണിയലിസം നടപ്പിലാക്കിയ ജാതിവിവേചനം ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. ഇന്നും ജാതിപ്പേരിലാണ് ഓരോ കോളനികളും അറിയപ്പെടുന്നത്. കേരളത്തിൽ കോളനിവത്കരണം സജീവമാകുന്നത് ഭൂപരിഷ്‌കരണ നിയമത്തിനുശേഷമാണ്. ചരിത്രം പരിശോധിച്ചാൽ കാര്യങ്ങൾ വളരെ കൃത്യമാണ്.

ഭൂരഹിതർക്ക് ഭൂമി കൊടുക്കുക എന്ന ആശയം മുന്നോട്ടുവെയ്ക്കുകയും പല ഘട്ടങ്ങളിലായി അതിന്റെ അനുബന്ധനിയമം ഉണ്ടാക്കുകയും, നിയമം നടപ്പിലാക്കുകയും ചെയ്തപ്പോൾ കേരളത്തിലെ പട്ടികജാതി- പട്ടികവർഗ്ഗക്കാരെ മനുഷ്യരായി പരിഗണിച്ച് ഇതിന്റെ ഭാഗമാക്കാൻ ശ്രമം നടന്നില്ല എന്നത് വസ്തുതാപരമായ യാഥാർത്ഥ്യമാണ്. ഭൂമിയുമായി ബന്ധപ്പെട്ട ഇത്തരം നിയമനിർമാണം നടത്തുമ്പോൾ ആദിവാസികളുടെയും ദലിതരുടെയും പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഈ വിഭാഗങ്ങളെ ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും, അജ്ഞതയുടെ പേരിലും അയിത്തം കൽപ്പിച്ച് മാറ്റിനിർത്തുകയാണ് ചെയ്തത്. ഇപ്പോഴും ഈ പ്രവണത തുടരുകയാണ്​.

ഭുസമരത്തിൽ സംസാരിക്കുന്ന കെ.എം.സലിം കുമാർ
ഭുസമരത്തിൽ സംസാരിക്കുന്ന കെ.എം.സലിം കുമാർ

തോട്ടഭൂമിയും, ട്രസ്റ്റുകളുടെയും. മതസ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയും നിയമത്തിൽ നിന്ന്​ ഒഴിവാക്കിയിരുന്നു. ഇതുവഴി മിച്ചഭൂമിയുടെ അളവ് കുറഞ്ഞു. മറ്റുള്ളവർ പലരും ഒന്നിലധികം ഭാര്യമാരെ അഞ്ചംഗ കുടുംബമാക്കി അവരുടെ പേരിൽ ഏക്കർ കണക്കിനുഭൂമി ഇഷ്​ടദാനമായും, ട്രസ്റ്റും ആരാധനാലയങ്ങളും ഉണ്ടാക്കി അതിന്റെ പേരിലും, ഹെക്ടർ കണക്കിന് പരിധിയില്ലാത്ത തോട്ടഭൂമി കൈവശം വെച്ചു. ഇങ്ങനെ ഒരു വിഭാഗം ആളുകളിൽ ഭൂമിയുടെ അനധികൃത കേന്ദ്രീകരണം നടന്നു. ഭൂവുടമകളിലേക്കും ജന്മികളിലേക്കും അവസാനതുണ്ടു ഭൂമിയും കേന്ദ്രീകരിച്ചു. ഭൂപരിഷ്‌കരണനിയമത്തിന്റെ പേരിൽ​ അനധികൃത കയ്യേറ്റങ്ങൾക്ക് അവകാശം നൽകുന്ന പണിയാണ് ചെയ്തത്. അങ്ങനെ ഭൂരിപക്ഷം വരുന്ന ജനത ഭൂരഹിതരായി മാറി. ഭൂപരിഷ്‌കരണത്തിന്റെ ഏറ്റവും വലിയ ഇരകളാണ് ദലിതരും ആദിവാസികളും.

ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചവർ സാമൂഹികവും, സാമ്പത്തികമായും ഉയർച്ച പ്രാപിച്ചപ്പോൾ ഭൂമിയിൽ നിന്ന്​ അകറ്റി നിർത്തപ്പെട്ടവർ ഈ നൂറ്റാണ്ടിലും നിലനിൽപ്പിനായി ഭൂസമരങ്ങൾ നടത്തുകയാണ്.

ആദിവാസികളുടെ ഭൂമിക്ക് രേഖകളൊന്നും ഇല്ലാത്തതിനാൽ വൻതോതിൽ കയ്യേറ്റം നടന്നു. സ്വന്തം ഭൂമിയിൽ കൃഷി ചെയ്തു ജീവിച്ചിരുന്ന ആദിവാസികളെല്ലാം ഭൂരഹിതരായി. ആദിവാസികൾ കോളനികളിലേക്ക് തള്ളപ്പെട്ടു. പാറിനടക്കുന്ന പക്ഷികളെ കൊണ്ടുപോയി കൂട്ടിലടക്കുമ്പോഴുള്ള മാനസികാവസ്ഥയും പീഢനവും വേദനയുമാണ് അവർ ഇന്നും അനുഭവിക്കുന്നത്. സ്വന്തമായി കക്കൂസ് കുഴിക്കാനും, കിണർ കുഴിക്കാനും, കൃഷി ചെയ്യാനും അവർക്കിടമില്ല. മരിച്ചാൽ അടക്കം ചെയ്യാൻ കക്കൂസും, അടുപ്പുതറയും, വീടിന്റെ കോലായും പൊളിച്ച് അടക്കം ചെയ്യേണ്ട ഗതികേടാണവർ. വളരെ ഭീകരമായ, മനുഷ്യത്വരഹിതമായ നിലപാടും മനുഷ്യാവകാശ ലംഘനവുമാണ് ഈ ആളുകൾക്കു നേരെ ഇന്നും നടക്കുന്നത്.

മണ്ണിൽ അദ്ധ്വാനിച്ച മുഴുവൻ മനുഷ്യരേയും മണ്ണിൽ നിന്ന്​ ഉന്മൂലനം ചെയ്ത്, അവരെ വംശീയപരമായി തകർത്ത്, അടിമവ്യവസ്ഥിതിയും ജാതിവ്യവസ്ഥിതിയും ആരോഗ്യ ചൂഷണ വ്യവസ്ഥിതിയും നിറത്തിന്റെ പേരിലുള്ള അകറ്റിനിർത്തലും അയിത്തം കൽപ്പിക്കലുമെല്ലാം ഭൂ പരിഷ്‌കരണ നിയമത്തിലൂടെ കൂടുതൽ ശക്തമായി. ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചവർ സാമൂഹികവും, സാമ്പത്തികമായും ഉയർച്ച പ്രാപിച്ചപ്പോൾ ഭൂമിയിൽ നിന്ന്​ അകറ്റി നിർത്തപ്പെട്ടവർ ഈ നൂറ്റാണ്ടിലും നിലനിൽപ്പിനായി ഭൂസമരങ്ങൾ നടത്തുകയാണ്.

ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മാത്രം വലിയ വിപ്ലവം നടന്നുവെന്നാണ് പറയുന്നത്. ഭൂരഹിതരായ വലിയൊരു ജനവിഭാഗം, ജാതീയമായി വേർതിരിക്കപ്പെട്ട്​, കേരളത്തിലെ മണ്ണിലുണ്ട് എന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ് ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കിയെന്ന് കൊട്ടിഘോഷിക്കപ്പെടുന്നത്. കേരളത്തിലെ അടിസ്ഥാനവർഗ്ഗമായ മണ്ണിന്റെ മക്കളെ മനുഷ്യരായിപോലും പരിഗണിച്ചിട്ടില്ല. പരിഗണിച്ചിരുന്നെങ്കിൽ എല്ലാ മനുഷ്യർക്കും കൊടുക്കുന്നതിന്റെ വിഹിതം ഇത്തരം ആളുകൾക്കും ലഭിച്ചേനെ. മനുഷ്യരായി പരിഗണിക്കാത്തതുകൊണ്ട് അവരെപ്പറ്റി ചിന്തിക്കാനോ പറയാനോ ഉള്ള ആവശ്യം പോലുമുണ്ടായില്ല! ആദിവാസികളുടെ വോട്ട് വാങ്ങി അവരെ ചൂഷണം ചെയ്യുന്നതിനപ്പുറത്തേക്ക് എന്തു മാറ്റമാണ് ഈ നിയമം മൂലം ഇവിടെ നടപ്പിലായത്​?.

ഭരണത്തിൽ കയറും മുമ്പ്​, അഞ്ചുകൊല്ലം കൊണ്ട് ഭൂരഹിതർക്ക് ഭൂമി കൊടുക്കുമെന്ന് പറയും, എന്നാൽ ഭരണത്തിലേറിയാൽ അത് കൃത്യമായി നടപ്പിലാക്കാതെയിരിക്കും.

ഇപ്പോളിവിടെ ജാതിക്കോളനികളുണ്ടാകുന്നത് ഇതര വിഭാഗങ്ങൾക്കല്ല, ആദിവാസി- ദലിത്- മത്സ്യതൊഴിലാളി വിഭാഗത്തിനാണെന്ന യാഥാർത്ഥ്യത്തിനുനേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന പണിയാണ് ഇടതു- വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചെയ്യുന്നത്. മണ്ണിൽ പിറവിയെടുത്ത മനുഷ്യരുടെ മൗലികാവകാശത്തെ പോലും ഇല്ലായ്മ ചെയ്യുകയാണ്. ഇതര വിഭാഗത്തിൽ തന്നെ എത്രയോ ആളുകൾ സ്വന്തമായി ഭൂമിയില്ലാതെ, വീടില്ലാതെ, വാടകയ്ക്ക് താമസിക്കുന്നു. ആരോഗ്യമുള്ള സമയത്ത് അദ്ധ്വാനിച്ച് വാടക കൊടുക്കുന്നു. പണിക്കു പോകാൻ പറ്റാതെയാകുമ്പോൾ എങ്ങനെ വാടക കൊടുക്കുമെന്നാലോചിച്ച് ഇപ്പോഴേ ഉരുകി ജീവിക്കുന്നു. ഇത്തരം ആളുകൾ ഈ സമൂഹത്തിലുണ്ട്. അവർക്കെല്ലാം ജീവിതം ഒരു ബാദ്ധ്യതയാണ്.

ഈ നിയമവ്യവസ്ഥിതികളിലൂടെ അർഹരെല്ലാം മാറ്റിനിർത്തപ്പെടുകയാണ് ചെയ്യുന്നത്. ഭരണത്തിൽ കയറും മുമ്പ്​, അഞ്ചുകൊല്ലം കൊണ്ട് ഭൂരഹിതർക്ക് ഭൂമി കൊടുക്കുമെന്ന് പറയും, എന്നാൽ ഭരണത്തിലേറിയാൽ അത് കൃത്യമായി നടപ്പിലാക്കാതെയിരിക്കും. താഴെയിറങ്ങുമ്പോൾ പറയും, ഞങ്ങൾ ഭൂരഹിതർക്ക് ഭൂമി കൊടുക്കാനിരുന്നതാണ്, അവരാണ് തടസം നിന്നത് എന്ന്​. ഇങ്ങനെ, പരസ്​രമുള്ള പഴിചാരലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ആദിവാസികളുടെയും ദലിതരുടെയും ദുരിതജീവിതത്തിന്റെ പൂർണ പങ്ക് മാറിമാറി ഭരിച്ച ഇടതു- വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കാണ്.

സി.കെ. ജാനു പ്രസംഗിക്കുന്നു
സി.കെ. ജാനു പ്രസംഗിക്കുന്നു

1960-ൽ കേരളത്തിൽ റവന്യൂ സർവേ നടത്തിയതിലൂടെ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് മിച്ചഭൂമിയായി പിടിച്ചെടുത്തത്. ഈ ഭൂമി 1960 മുതൽ 1971 വരെ ‘കേരള ലാൻഡ് ബോർഡിന്റെ കസ്​റ്റഡിയിൽ വെയ്ക്കുകയും ‘മാധവമേനോൻ കമീഷ'ന്റെ നേതൃത്തിൽ കേരള പ്രൈവറ്റ്​ ഫോറസ്​റ്റ്​ ആക്​റ്റ്​ ( The Kerala Private Forest- Vesting and Assignment- Act, 1971) ഉണ്ടാക്കി മിച്ചഭൂമിയായി പിടിച്ചെടുത്ത ഭൂമി ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ഉൾപ്പെടുത്തിയ കൃഷിയോഗ്യമായ ഭൂമി ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് അഞ്ചേക്കർ വെച്ച് കൊടുക്കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ റവന്യൂ ഫോറസ്റ്റായ ഭൂമിയുടെ അമ്പതുശതമാനം ഭൂമി ഭൂരഹിത ആദിവാസികൾക്ക് കൊടുക്കേണ്ടതാണ്. ഇരുപത്തഞ്ചു ശതമാനം കേരളത്തിലെ ദലിതർക്കും, പതിനഞ്ചു ശതമാനം അംഗൻവാടി, സ്കൂൾ എന്നിവ നിർമിക്കുന്നതിനും, പത്തു ശതമാനം ഭൂരഹിത തൊഴിലാളികൾക്കും കൊടുക്കേണ്ടതാണ്. എന്നാൽ നിയമം നടപ്പാക്കി ഭൂരഹിത ആദിവാസി- ദലിത് കുടുംബങ്ങൾക്ക് ഭൂമി കൊടുത്തില്ല. വ്യവസ്ഥകളെല്ലാം പൂർണമായും അട്ടിമറിച്ചു.

മാനന്തവാടി താലൂക്കിൽ മാത്രം 23,000 ഹെക്ടർ മിച്ചഭൂമി വെസ്റ്റിംഗ് ആൻഡ് അസൈൻമെൻറ്​ ആക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പകുതി കൊടുത്താൽ തന്നെ വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കപ്പെടും

വയനാട് ജില്ലയിൽ മൂന്ന് താലൂക്കുകളാണുള്ളത്- വൈത്തിരി, ബത്തേരി, മാനന്തവാടി. മാനന്തവാടി താലൂക്കിൽ മാത്രം 23,000 ഹെക്ടർ മിച്ചഭൂമി വെസ്റ്റിംഗ് ആൻഡ് അസൈൻമെൻറ്​ ആക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പകുതി കൊടുത്താൽ തന്നെ വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കപ്പെടും. വൈത്തിരിയിലെയും, ബത്തേരിയിലെയും ഭൂമിയുടെ കണക്കെടുത്താൽ ഇതിലും കൂടുതലുണ്ടാകും. ഭൂമി എവിടെയെല്ലാമുണ്ടെന്ന് കണ്ടെത്തുന്നതിന് പത്രവാർത്തകളും, റേഡിയോ വാർത്തകളും ഞാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. സോളിഡാരിറ്റി എന്ന എൻ.ജി.ഒയുടെയും, സർക്കാരിന്റെയും ക്ലാസുകളിലും സെമിനാറുകളിലും, ക്യാമ്പുകളിലും ഞാൻ പങ്കെടുത്തു. അവിടെ ഇത്തരം കാര്യങ്ങൾ കൂടുതൽ ചർച്ച ചെയ്യും. ഓരോ ക്ലാസുകളിൽ നിന്നും പുതിയ അറിവുകൾ എനിക്ക് കിട്ടി. ഭൂനിയമ പുസ്തകങ്ങൾ എവിടെയുണ്ടോ അതെല്ലാം അന്വേഷിച്ച് കണ്ടെത്തി ഭൂപരിഷ്‌കരണ നിയമങ്ങളെക്കുറിച്ച് പഠിച്ചു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായിരുന്ന എം. കുഞ്ഞാമൻ സാറിന്റെ സെമിനാറിൽ ഞാൻ പങ്കെടുക്കുമായിരുന്നു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments