അധ്യായം 23
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിക്കടുത്ത് പഴയരിക്കണ്ടത്തിൽ വെച്ചുനടന്ന പരിപാടിയോടനുബന്ധിച്ചാണ് ടി.ജെ. മാമൻ മാസ്റ്റർ ആദിവാസി ഗോത്രമഹാസഭയിലേക്കുവരുന്നത്. അദ്ദേഹം മലയരയ ആദിവാസി വിഭാഗത്തിൽപ്പെട്ട ആളാണ്. തൃശ്ശൂർ ജില്ലയിലെ വലക്കാവിലാണ് വീട്. വിരമിച്ച സ്കൂൾ അധ്യാപകനായ അദ്ദേഹം ഗോത്രമഹാസഭ വൈസ് പ്രസിഡൻറായിരുന്നു. വന്നതിൽ പിന്നെ സംഘടന വിട്ടുപോകാത്ത ഏക ആളായിരുന്നു അദ്ദേഹം. സംഘടനയുടെയും എന്റെയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായിച്ചത് അദ്ദേഹമായിരുന്നു. അച്ഛന്റെ സ്ഥാനത്തുനിന്ന് മകളെ എങ്ങനെയാണ് സംരക്ഷിക്കുക, അതേപോലുള്ള കരുതലും സംരക്ഷണവും മാഷിന്റെ ഭാഗത്തുനിന്ന് എനിക്ക് ലഭിച്ചു.
ഒരു ഗ്ലാസ് ചൂടുവെള്ളവും ഗുളികയും കഴിച്ച്, ക്ഷീണം തോന്നുന്നുണ്ടെന്നു പറഞ്ഞ് മാഷ് കിടന്നു. കിടക്കാനാവാത്ത സ്ഥിതിയായിരുന്നു. ശരീരം വിറക്കുന്നു, വിയർക്കുന്നു. അന്നേരം തന്നെ മാഷിനെ അടുത്തുള്ള ഡോക്ടറെ കാണിച്ചു. മാഷ് തന്നെയാണ് അസ്വസ്ഥതയെക്കുറിച്ചും മറ്റും ഡോക്ടറോട് പറഞ്ഞുകൊടുത്തത്.
പ്രായം പോലും നോക്കാതെ സമരത്തിലും മീറ്റിംഗുകളിലും പങ്കെടുക്കും. ഏത് പാതിരക്കും എവിടെ വേണമെങ്കിലും ഓടിയെത്തും. ആവുംവിധം സാമ്പത്തികമായി സഹായിക്കും, സഹകരിക്കും. മാഷ് ഒരു പരിപാടിക്കുവരുമ്പോൾ നമ്മുടെ ആളുകൾ പറയും, ഇന്ന് നമുക്ക് പട്ടിണിയുണ്ടാവില്ല എന്ന്. എത്ര പേരുണ്ടെങ്കിലും വരുന്നവർക്കെല്ലാം ഭക്ഷണം വാങ്ങിക്കൊടുക്കും. വണ്ടിക്കൂലിയ്ക്ക് പൈസയില്ലെങ്കിൽ അതും കൊടുക്കും. കണക്കുനോക്കാതെ എല്ലാവരെയും സഹായിക്കും. ആദിവാസി ഗോത്രമഹാസഭയെന്ന പ്രസ്ഥാനത്തോടും, വർഗത്തോടും അദ്ദേഹം കാണിച്ച സ്നേഹവും ബഹുമാനവും കൂറും മറ്റൊരു വ്യക്തിയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. മാഷെ പോലെ ഇത്ര ആത്മാർത്ഥതയും, സത്യസന്ധതയുമുള്ള ആളെ രാഷ്ട്രീയരംഗത്തും, സംഘടനാരംഗത്തും കാണാൻ കഴിഞ്ഞിട്ടില്ല. എത്രയോ പ്രവർത്തകരുണ്ടെങ്കിലും അവരിൽ നിന്നെല്ലാം വ്യത്യസ്തമായ സമീപനമാണ് മാഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
വർഷങ്ങളുടെ പ്രവർത്തനങ്ങൾക്കിടക്ക്, ആരോടും മുഖം കറുപ്പിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. മീറ്റിംഗിൽ മാഷ് സംസാരിക്കുമ്പോൾ അടക്കാനാവാത്ത സങ്കടത്തോടെ കണ്ണീർ വന്നുകൊണ്ടിരിക്കും. മാഷിന് സന്തോഷവും സമാധാനവും കിട്ടിയിരുന്നത് സംഘടനാപ്രവർത്തനത്തിന് വരുമ്പോഴായിരുന്നു. അദ്ദേഹം നല്ലൊരു കർഷകനും കൂടിയായിരുന്നു. 84 വയസ്സായിട്ടും പ്രായം പോലും നോക്കാതെയാണ് അദ്ദേഹം പൊതുപ്രവർത്തനരംഗത്തുണ്ടായിരുന്നത്.
എല്ലാ വർഷവും ഫെബ്രുവരി 19-ന് ഞങ്ങൾ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്താറുണ്ട്. അതിൽ പങ്കെടുക്കാൻ, 2019 ഫെബ്രുവരി 18ന് വൈകുന്നേരം മാഷ് തൃശൂരിൽനിന്ന് മാനന്തവാടിയിലെത്തി. എത്തിയെന്നുപറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു. ആ സമയം ഞാനും സഹപ്രവർത്തകരും മുത്തങ്ങയിൽ ജോഗി സ്മാരകം അലങ്കരിക്കുന്ന പണിയിലായിരുന്നു. ബത്തേരിയിൽ നിന്ന്കാട്ടിക്കുളത്തുവന്ന് മാഷേയും കൂട്ടി ഞാൻ വീട്ടിലെത്തി. എന്റെ മകൾക്ക് അദ്ദേഹം പലഹാരമൊക്കെ വാങ്ങിയിരുന്നു.
വന്നയുടൻ മാഷ് കുളിച്ചു. ചായയും ബ്രഡും കഴിച്ച് ടി.വി വാർത്ത കാണാനിരുന്നു. അപ്പോൾ മാഷിന് ചെറിയൊരു അസ്വസ്ഥത അനുഭവപ്പെട്ടു. എന്താണ് വിഷമമെന്ന് ചോദിച്ചപ്പോൾ, കുഴപ്പമില്ല, യാത്ര ചെയ്ത ക്ഷീണമായിരിക്കും എന്നുപറഞ്ഞ് മാഷ് വാർത്ത കണ്ടിരുന്നു. എന്നാൽ, ക്ഷീണവും അസ്വസ്ഥതയും കൂടിവന്നു. ഡോക്ടറെ കാണാം എന്നു പറഞ്ഞപ്പോൾ, ഗ്യാസിന്റെ പ്രശ്‌നമായിരിക്കും, കൈയിലുള്ള ഗുളിക കഴിച്ചാൽ മാറും എന്നുപറഞ്ഞു.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയ സമയത്ത് പല പ്രാവശ്യമായി എന്നെ സഹായിച്ച ആളാണ് എം.സി. ബാലൻ. ഗോത്രമഹാസഭയുടെ സഹപ്രവർത്തകനും എനിക്ക് സഹോദരതുല്യനുമാണ്.
ഒരു ഗ്ലാസ് ചൂടുവെള്ളവും ഗുളികയും കഴിച്ച്, ക്ഷീണം തോന്നുന്നുണ്ടെന്നു പറഞ്ഞ് മാഷ് കിടന്നു. കിടക്കാനാവാത്ത സ്ഥിതിയായിരുന്നു. ശരീരം വിറക്കുന്നു, വിയർക്കുന്നു. അന്നേരം തന്നെ മാഷിനെ അടുത്തുള്ള ഡോക്ടറെ കാണിച്ചു. മാഷ് തന്നെയാണ് അസ്വസ്ഥതയെക്കുറിച്ചും മറ്റും ഡോക്ടറോട് പറഞ്ഞുകൊടുത്തത്. രണ്ട് ഗുളിക കഴിക്കാൻ കൊടുത്ത്, എത്രയും പെട്ടെന്ന് മാനന്തവാടി ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞു. അഞ്ചുമിനിറ്റ് കൊണ്ട് ഹോസ്പിറ്റലിലെത്തിച്ചു. അവിടെയും എല്ലാ കാര്യങ്ങളും മാഷ് തന്നെയാണ് ഡോക്ടറോട് പറഞ്ഞത്.
അങ്ങനെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ, മാഷ് മരിച്ചു.
കുറച്ചുമുമ്പുവരെ ഞങ്ങളോട് സംസാരിച്ച് ഒപ്പമുണ്ടായിരുന്നയാൾ ഇനി കൂടെയില്ല എന്നറിയുമ്പോഴുള്ള വേദന പറഞ്ഞറിയ്ക്കുന്നതിലും അപ്പുറമാണ്. എന്താ ചെയ്യേണ്ടത്, എന്താ പറയേണ്ടത് എന്ന വല്ലാത്ത അവസ്ഥയായിരുന്നു എനിക്ക്. ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി തിരിച്ചുവരാമെന്ന ചിന്തയിലായിരുന്നു കൊണ്ടുപോയത്. പക്ഷേ ഞങ്ങളെവിട്ട് മാഷ് പോയി... ഇനിയൊരിക്കലും തിരിച്ചുവരാൻ കഴിയാത്ത അത്ര ദൂരത്തേയ്ക്ക്.
സഹപ്രവർത്തകരെല്ലാം വിവരമറിഞ്ഞ് രാത്രി തന്നെ ഹോസ്പിറ്റലിലെത്തി. നേരം വെളുക്കുവോളം എല്ലാവരും അവിടെയിരുന്നു. വെളുപ്പിന് അഞ്ചുമണിയ്ക്ക് മാഷിന്റെ മകൻ എത്തി. മൃതശരീരം തൃശൂർക്ക് കൊണ്ടുപോയി. ഞങ്ങൾ പ്രവർത്തകരും ഒപ്പം പോയി. അന്ത്യകർമങ്ങളിൽ ഞങ്ങൾ പങ്കെടുത്തു. ഗോത്രമഹാസഭയ്ക്കും, ജനാധിപത്യ രാഷ്ട്രീയപാർട്ടിയ്ക്കും നികത്താനാവാത്ത നഷ്ടമായിരുന്നു ആ വിയോഗം.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയ സമയത്ത് പല പ്രാവശ്യമായി എന്നെ സഹായിച്ച ആളാണ് എം.സി. ബാലൻ. ഗോത്രമഹാസഭയുടെ സഹപ്രവർത്തകനും എനിക്ക് സഹോദരതുല്യനുമാണ്. വേറെ ആരോടെങ്കിലും സഹായം ചോദിച്ചാൽ എന്താവശ്യത്തിനാണ് എന്നെല്ലാം വിശദീകരിക്കണം. പക്ഷേ കാരണം പോലും ചോദിക്കാതെ ബാലൻ എന്നെ സഹായിക്കും. ഗോത്ര അമ്പലം പണിത്, അവിടെ ഗോത്ര പൂജകൾ നടത്തി, നമ്മുടെ വിശ്വാസത്തെ നിലനിർത്തി പോരുന്ന ആളാണ്. ആദിവാസികൾക്കിടയിൽനിന്ന് വ്യത്യസ്ത ചിന്താഗതിയും കാഴ്ചപ്പാടും നിലപാടും അദ്ദേഹത്തിനുണ്ട്. സ്വന്തമായി ബിസിനസ് നടത്തി, വാഹനങ്ങൾ വാങ്ങി, ആരെയും ആശ്രയിക്കാതെ, സ്വാശ്രയത്തിൽ ജീവിക്കുന്ന ആളെന്ന നിലയിൽ എനിക്ക് ബാലനോട് വളരെ ബഹുമാനം തോന്നാറുണ്ട്. വെള്ളമുണ്ട പഞ്ചായത്തിലെ മക്കിയാട് ആണ് അദ്ദേഹത്തിന്റെ വീട്. ▮
(തുടരും)