ആറളം ഫാം
​ആദിവാസികൾ സ്വന്തമാക്കിയ കഥ,
അവരവിടം ഉപേക്ഷിച്ച കഥ

ആറളം ഫാമിൽ നിർമിതി കേന്ദ്രത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഭവന നിർമാണം. അഴിമതിക്കെതിരായ സമരത്തെതുടർന്ന്​ ഭവന നിർമാണ തുക ഗുണഭോക്താക്കൾ വഴി കൊടുക്കാൻ തുടങ്ങിയെങ്കിലും അത് കോൺട്രാക്ടർമാരുടെ കൈകളിലേയ്ക്കാണ് പോകുന്നത്. പലരുടെയും കീശ വീർപ്പിക്കാനുള്ള മാർഗമായിട്ടാണ് ഭവന നിർമാണം മുന്നോട്ടുപോകുന്നത്. ആറളം ഫാം ആദിവാസി സ്വയംഭരണത്തിൽ കീഴിൽ വരണം. എങ്കിൽ മാത്രമേ വികസന പ്രവർത്തനങ്ങളുടെ നിയന്ത്രണം ആദിവാസി ഊരുകൂട്ടങ്ങളിലൂടെ സാധ്യമാകൂ.

അധ്യായം 24

2001 ലെ കുടിൽ കെട്ടൽ സമര കരാർ വ്യവസ്ഥകൾ നടപ്പിലാക്കാൻ ആദിവാസി പുനരധിവാസ വികസന മിഷൻ (Tribal Resettlement and Development Mission- TRDM) എന്ന സംവിധാനം 2002 ജനുവരി ഒന്നിന്​ നിലവിൽ വന്നു. മാധവമേനോൻ ചെയർമാനായ ആദിവാസി മാസ്റ്റർ പ്ലാൻ കമ്മിറ്റിയാണ് ആദിവാസി പുനരധിവാസ വികസന മിഷൻ നയരേഖ തയ്യാറാക്കിയത്. ‘ഊരുകൂട്ടം' എന്ന ആശയം ഞങ്ങൾ മൂന്നോട്ടുവച്ച്, അത് നടപ്പിലാക്കി. ഇതിനുമുമ്പ് ആദിവാസികൾക്ക് ഊരുകൂട്ടം ഇല്ലായിരുന്നു. ട്രൈബൽ പ്രമോട്ടർ എന്ന പോസ്റ്റ് ഉണ്ടാക്കിപ്പിച്ചു. ഓരോ വർഷവും അവർക്ക് ശമ്പളം കൂട്ടി കിട്ടാനും ഞങ്ങൾ ഇടപെട്ടു. ഭൂവിതരണം ടി.ആർ.ഡി.എം. വഴി ഒരു വർഷം സജീവമായി നടന്നു. പിന്നീടതിൽ നിന്ന് പുറകോട്ടു പോയപ്പോഴാണ് സർക്കാർ വാഗ്ദാനലംഘനത്തിനെതിരെ വീണ്ടും സമരം ആരംഭിക്കാൻ തീരുമാനിച്ചത്.

ഈ സമയം കണ്ണൂർ ആറളം ഫാമിനടുത്ത് കേളകം പഞ്ചായത്തിലെ പൂക്കുണ്ട് കോളനിയിൽ 45 കുടുംബങ്ങൾ പട്ടിണിമരണത്തിന്റെ വക്കിലായിരുന്നു. സൗജന്യ റേഷനോ കൂലിപ്പണി ചെയ്യാൻ ആരോഗ്യമോ ഇല്ലാതെ എഴുപതോളം പേർക്ക് രോഗം പിടിപെട്ടു. ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ കോളനിയിൽ അജ്ഞാത രോഗമാണെന്ന് പറഞ്ഞുപരത്തിയതിനെതുടർന്ന്​ കോളനി പൂർണമായും ഒറ്റപ്പെട്ടിരുന്നു. പട്ടിണി മരണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള വഴി കണ്ടെത്താനുതകുംവിധം, സർക്കാർ ഒപ്പുവച്ച കരാർ നിലനിൽക്കെ, ആദിവാസികൾക്ക്​ ഭൂമി കൊടുക്കാതെ ആറളം ഫാം സ്വകാര്യ കമ്പനിയ്ക്ക് കൈമാറാൻ 2002ൽ ശ്രമം ആരംഭിച്ചിരുന്നു. ഇതേതുടർന്ന്, ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ ആറളം ഫാമിലേക്ക് പോകാൻ തീരുമാനിച്ചു.

ആദിവാസികൾ പാരമ്പര്യഭൂമിയിലേക്ക്​

ആറളം ഫാം ആദിവാസികളുടെ പാരമ്പര്യഭൂമിയായിരുന്നു. ഫലഭൂയിഷ്ഠമായ മണ്ണും, സസ്യലതാദികളും, മരങ്ങളും, നീരുറവകളും, തോടുകളും, പുഴകളും, ജീവജാലങ്ങളാലും സമ്പന്നമായിരുന്നു ഇവിടം. പിന്നീട് കൂപ്പ് കോൺട്രാക്ടർമാർ ഇവിടം വെട്ടിവെളുപ്പിച്ചു. അവരുടെ കൈവശം ഈ ഭൂമി നിലനിർത്തി. മിച്ചഭൂമി സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യത്തിൽ, അവർ ഭൂമി സർക്കാരിന് വിറ്റു. കേന്ദ്ര സർക്കാർ അന്ന് ദേശീയതലത്തിൽ ഒരുപാട് ഫാമിങ് കോർപ്പറേഷനുകളെ സൃഷ്ടിക്കുന്ന കാലമായിരുന്നു. 1976ൽ കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ 12,500 ഏക്കർ വരുന്ന ഈ ഭൂമി ഏറ്റെടുത്തു. 5000 ഏക്കർ വന്യജീവി സങ്കേതമായും, 7500 ഏക്കർ ഫാമായും നിലനിർത്തി.

ആദിവാസികളുടെ പാരമ്പര്യ ഭൂമിയായ ആറളം ഫാം കൈയ്യേറുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു. രാഷ്ട്രീയ പാർട്ടിക്കാരും നാട്ടുകാരും എതിർത്തു. ആദിവാസികൾക്ക് ആറളം ഫാം കൊടുക്കരുതെന്നുപറഞ്ഞ് അന്നത്തെ ഏഴ് എം.പി.മാർ കേന്ദ്രസർക്കാരിൽ ശക്തമായ നീക്കം നടത്തി.

ഭൂമി കൈമാറുമ്പോഴും അവിടെ പണിയ, കുറിച്യ വിഭാഗത്തിലുള്ള ആദിവാസികൾ താമസിക്കുന്നുണ്ടായിരുന്നു. അതിൽ കുറേ പേരെ കുടിയിറക്കി. ഇരുപതോളം കുറിച്യ കുടുംബങ്ങൾക്ക്, ആറളം ഫാമിനു തൊട്ടടുത്ത പ്രദേശമായ വിയറ്റ്‌നാമിൽ അഞ്ചേക്കർ ഭൂമി വീതം കൊടുത്തു. എന്നാൽ, പണിയ സമുദായക്കാർക്ക് ഭൂമി കൊടുത്തില്ല. അവരിൽ കുറേ പേരെ ആറളം ഫാം പരിസരത്തെ കോളനികളിൽ പുനരധിവസിപ്പിച്ചു. കുറച്ചുപേർ ഫാമിലെ കൈതക്കൊല്ലി, 8-ാം ബ്ലോക്ക് എന്നിവിടങ്ങളിൽ താമസിച്ചു. ഇവരിൽ കുറച്ചുപേർ ഫാമിൽ തൊഴിലാളികളായി ജോലി ചെയ്തു. നഷ്​ടത്തെ തുടർന്ന്​ ഫാമിങ് കോർപ്പറേഷൻ പൂട്ടാൻ തീരുമാനിച്ചു. ഓപ്പൺ മാർക്കറ്റിൽ റിലയൻസ് പോലുള്ള കമ്പനികൾക്ക് ലേലം ചെയ്ത് വിൽക്കുമെന്ന ഘട്ടം വന്നപ്പോൾ 2002 ആഗസ്​റ്റിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ‘ആദിവാസി കോടതി' ചേർന്ന്​, ഭൂമിയിൽ അവകാശ സമരം നടത്താൻ തീരുമാനിച്ചു.

‘സി.കെ. ജാനുവിന്റെ കാല്​ വെട്ടും’

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇതൊരു വലിയ മുന്നേറ്റമായി മാറി. ആദിവാസികളുടെ പാരമ്പര്യ ഭൂമിയായ ആറളം ഫാം കൈയ്യേറുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു. രാഷ്ട്രീയ പാർട്ടിക്കാരും നാട്ടുകാരും എതിർത്തു. ആദിവാസികൾക്ക് ആറളം ഫാം കൊടുക്കരുതെന്നുപറഞ്ഞ് അന്നത്തെ ഏഴ് എം.പി.മാർ കേന്ദ്രസർക്കാരിൽ ശക്തമായ നീക്കം നടത്തി. 2002 ഡിസംബർ 10 ന് ആറളത്ത് ‘ഗോത്രപൂജ' നടത്തുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചതോടെ പൊലീസും, തൊഴിലാളികളും രാഷ്ട്രീയപാർട്ടിക്കാരും ഫാം സുരക്ഷാവിഭാഗങ്ങളും, നാട്ടുകാരും ഒരുമിച്ചു. സി.കെ. ജാനു ആറളം ഫാമിൽ കേറിയാൽ കാലിന്റെ മുട്ടിന് താഴേക്ക് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. അണുങ്ങോട് പാലത്തിലൂടെ ഫാമിലേക്ക് വരാനിരുന്ന ആദിവാസികളെ അവിടുത്തെ കമ്യൂണിസ്​റ്റുകാരും, കോൺഗ്രസുകാരും തടഞ്ഞുവച്ചു. വാക്കുതർക്കമായി, ഉന്തും, തള്ളും, അടിയും നടന്നു. പാർട്ടിക്കാർ ആദിവാസികളെ പാലത്തിൽനിന്ന്​ പുഴയിലേക്ക് തള്ളിയിട്ടു. ഒക്ടോബർ 24 മുതൽ ഫാമിന്റെ പ്രധാന കവാടങ്ങളായ പാലപ്പുഴ, കീഴ്പ്പള്ളി, അണുങ്ങോട്, വളയംച്ചാൽ ഗേറ്റുകളിൽ കാവൽനിന്ന്, ആറളം ഫാമിനെ ഇവർ വലയം ചെയ്തു.

എന്നാൽ, ഒരാൾ പോലുമറിയാതെ ഒക്ടോബർ 26ന്​ ശനിയാഴ്ച വൈകുന്നേരം അഞ്ചിന്​വീർപ്പാട് വഴി പത്ത് പ്രവർത്തകരോടൊപ്പം ആറളം ഫാമിലെ കൈതക്കൊല്ലി കോളനിയിൽ ഞാൻ എത്തി. അന്നുരാവിലെ റേഡിയോയിൽ വാർത്തയുണ്ടായിരുന്നു, ‘സി.കെ. ജാനു ആറളം ഫാമിൽ കേറില്ല, പൊലീസ് സംരക്ഷണം ഉണ്ട്​’ എന്ന്​. ഈ റേഡിയോ വാർത്ത കേട്ടാണ് ഞാൻ പുറപ്പെട്ടത്. വയനാട്ടിൽനിന്ന്​ വീർപ്പാട് വരെ ജീപ്പിനു വന്നു. ആറളം ഫാമിലേക്കുള്ള പാലം കടക്കുമ്പോൾ മുസ്​ലിം സമുദായത്തിൽപ്പെട്ട ഒരു സ്ത്രീയെ കണ്ടു. അവർ എന്നോട് പറഞ്ഞു, ‘മോളേ, പർദ്ദ ഊരി തരാം, അതിട്ട് പോയിക്കോ’ എന്ന്. ഞാൻ വേണ്ടാന്ന് പറഞ്ഞു. പിടിച്ചാൽ പിടിച്ചു, ചത്താൽ ചത്തു. രണ്ടും കൽപ്പിച്ച് ഞങ്ങൾ നടന്നു. അഞ്ചിന്​ കൈതക്കൊല്ലി കോളനിയിൽ എന്റെയും, എം. ഗീതാനന്ദന്റെയും, ശ്രീരാമൻ കൊയ്യോന്റെയും നേതൃത്വത്തിൽ മീറ്റിംഗ് കൂടി, ഗോത്രപൂജ നടത്താൻ തീരുമാനിച്ചു.

കണ്ണൂർ ജില്ലയിലെ വളയംച്ചാൽ കോളനി, പൂക്കുണ്ട് കോളനി, അണുങ്ങോട് കോളനി, നാനാനി പൊയ്ക കോളനി, പാലപ്പുഴ കോളനി, മുഴക്കുന്ന് കോളനി, കൊരഞ്ഞി കോളനി, വിളക്കോട് കോളനി, മണത്തണ കോളനി, മുരിങ്ങോടി കോളനി, നീണ്ടുനോക്കി കോളനി, മന്ദംചേരി കോളനി, അമ്പായത്തോട് കോളനി, അടക്കാത്തോട് കോളനി, രാമച്ചികോളനി, കാളിക്കയം കോളനി, ഓടംതോട് കോളനി, പുതിയങ്ങാടി കോളനി, ചങ്കയത്തോട് കോളനി തുടങ്ങി ആറളം ഫാമിന്റെ ചുറ്റുവട്ടത്ത്​ പണിയ സമുദായക്കാർ താമസിക്കുന്ന കോളനികളിലെല്ലാം ഞങ്ങൾ മീറ്റിംഗ് കൂടി. ഗോത്രപൂജ നടത്താൻ ആളുകളെ ആറളം ഫാമിലെ കൈതക്കൊല്ലി കോളനിയിലെത്തിച്ചു. പ്രഖ്യാപിച്ച ദിവസം തന്നെ പൂജ നടത്തി. ഏഴുദിവസവും ഓരോ കോളനിക്കാർ പൂജ നടത്തി. വെള്ളമൂപ്പനും, കയമ മൂപ്പനും, കരിക്കൻ മൂപ്പനും ചേർന്നാണ് ഗോത്രപൂജ നടത്തിയത്. അങ്ങനെ, ഭൂമിയിൽ കുടിൽകെട്ടി താമസിക്കാനുള്ള പണി ചെയ്തു.

ഗോത്രശക്തിസംഗമം

ഭൂവിതരണം തടസ്സപ്പെടുത്താനും, കരാർ അട്ടിമറിക്കാനും ശ്രമം നടന്ന സാഹചര്യത്തിലാണ് രണ്ടാംഘട്ട ഭൂമി പിടിച്ചെടുക്കൽ സമരത്തിന് മുത്തങ്ങയിൽ തുടക്കം കുറിച്ചത്. എന്നാൽ, ഭീകരമായി ഭരണകൂടം ഞങ്ങളെ അവിടെനിന്ന്​കുടിയിറക്കി.

ഇടതുപക്ഷ സർക്കാർ ഭരിച്ചിരുന്ന കാലത്ത്, വെറും പാറ നൽകി, മിച്ചഭൂമിയിൽ ആദിവാസികളെ പുനരധിവസിപ്പിക്കാൻ ശ്രമം നടത്തി. ശക്തമായ പ്രതിഷേധമുയർന്നതോടെയാണ് അത് നിർത്തിവച്ചത്.

മൂന്നാംഘട്ട ഭൂമി പിടിച്ചെടുക്കൽ സമരത്തിന് കണ്ണൂർ ആറളം ഫാമിൽ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഇരിട്ടിയിൽ ‘ആറളം ഫാം ഗോത്രശക്തി സംഗമം' നടത്തി. ആറളം ഫാമിലെ ഓടംതോട് എട്ടാം കോളനിയിൽ രണ്ടു ദിവസത്തെ മീറ്റിംഗ് കൂടിയശേഷം 2003 ഒക്ടോബർ 16ന് പാലപ്പുഴ വഴി കാൽനട പ്രകടനമായി ഇരിട്ടി ടൗണിലെത്തിയാണ്​ സംഗമം നടത്തിയത്​. ആന്റണി സർക്കാർ വാഗ്ദാനലംഘനം നടത്തിയതിന്റെ രണ്ടാം വാർഷികമായിരുന്നു അന്ന്. പാരമ്പര്യനൃത്തമായ കൊക്കമാന്തി (വട്ടക്കളി) ചുവടുമായി പാരമ്പര്യ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ മുദ്രാവാക്യം വിളിച്ച് ആയിരക്കണക്കിന് ആദിവാസികൾ ഇതിൽ പങ്കെടുത്തു. കോരിച്ചൊരിയുന്ന മഴയത്ത് കുട്ടികളും, മാതാപിതാക്കളും, വയോധികരുമെല്ലാം സംഗമത്തിൽ അണിനിരന്നു.

പുനരധിവാസം, വെറും പാറയിൽ

2001 ലെ കുടിൽ കെട്ടൽ സമരത്തിന്റെ കരാറനുസരിച്ച് ഒരു വർഷം മുന്നേ വിതരണം ചെയ്യേണ്ട ഭൂമിയാണ് ആറളം ഫാം. പൂർണമായും ഭൂരഹിതരായവരായിരുന്നു കണ്ണൂർ ജില്ലയിലെ ആദിവാസികൾ. പണിയ സമുദായത്തിൽപ്പെട്ടവരാണ് ഭൂരഹിതരിലേറെയും. ഇവരിലേറെയും ഇരിട്ടി, പേരാവൂർ ബ്ലോക്കിൽ പെട്ടവരായിരുന്നു. ആദിവാസികളിലേറെ പേരും കേന്ദ്ര- സംസ്ഥാന പൊതുസംരംഭമായിരുന്ന ആറളം കാർഷിക ഫാമിന്റെ ചുറ്റുവട്ട പ്രദേശത്ത് ജീവിക്കുന്നവരാണ്. ആദിവാസി പുനരധിവാസത്തിന് കണ്ണൂർ ജില്ലയിൽ ഇത്രയും മികച്ച, കൃഷിയോഗ്യമായ ഭൂമി വേറെ ലഭ്യമല്ല. ആദിവാസികളുടെ ജീവിത പരിസരത്ത് അവരെ പുനരധിവസിപ്പിക്കാൻ ആറളം ഫാം ഭൂമി മാത്രമേയുള്ളൂ. ഭൂമി കൊടുക്കാനുള്ള സർവേ കഴിഞ്ഞുവെങ്കിലും ഭൂവിതരണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇടതുപക്ഷ സർക്കാർ ഭരിച്ചിരുന്ന കാലത്ത്, വെറും പാറ നൽകി, മിച്ചഭൂമിയിൽ ആദിവാസികളെ പുനരധിവസിപ്പിക്കാൻ ശ്രമം നടത്തി. ശക്തമായ പ്രതിഷേധമുയർന്നതോടെയാണ് അത് നിർത്തിവച്ചത്. ആറളം ഫാം മുത്തങ്ങയാക്കാൻ അനുവദിക്കില്ലെന്ന് ഗോത്രശക്തി സംഗമത്തിൽ ഞങ്ങൾ പറഞ്ഞു. ആദിവാസികൾക്ക് പതിച്ചുനൽകുമെന്ന് പ്രഖ്യാപിച്ച ആറളം ഫാമിൽ ‘ഇക്കോ ടൂറിസം' പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും ആറളം ഫാം ആദിവാസികൾക്ക്​ പതിച്ചുനൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും ഞങ്ങൾ അറിയിച്ചു.

ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും മീറ്റീംഗ് കൂടി. 100 പേർ ഡൽഹിയിൽ ധർണക്കുപോയി. ഭരണഘടനയിലെ 244ാം വകുപ്പനുസരിച്ച്​ആദിവാസികൾ താമസിക്കുന്ന പ്രദേശം പട്ടികവർഗ മേഖലയായി പ്രഖ്യാപിക്കുക, മുത്തങ്ങ ഭൂമി പതിച്ചുനൽകുക, ആറളം ഫാം ആദിവാസികൾക്ക് വീതിച്ചുനൽകുക, വേടൻ ഗോത്രത്തെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. വേടൻ ഗോത്രത്തെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്, സർവേ നടത്തി കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥർക്ക് ഞങ്ങൾ റിപ്പോർട്ട് കൊടുത്തിരുന്നു. വേടൻ ഗോത്രം പാരമ്പര്യമായി ആദിവാസികളാണ്. എന്നാൽ, ആദിവാസിയെന്ന പരിഗണന വർഷങ്ങളായി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ പിഴവിനെതുടർന്ന്​, പട്ടികവർഗ ലിസ്റ്റിൽ നിന്ന് അവരെ​ പട്ടികജാതിയാക്കി. ഒരു അമ്മയുടെ മക്കളിൽ ഒരാൾ പട്ടികജാതിയും, ഒരാൾ പട്ടികവർഗവും ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാപരമായി ലഭ്യമാകേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെട്ടതുകൊണ്ട് അവരുടെ ജീവിതം പ്രതിസന്ധി നിറഞ്ഞതാണ്.

കൈവശരേഖ സ്വന്തമാകുന്നു

ആദിവാസി ഭൂവിതരണം സംബന്ധിച്ച് നിരന്തരമായി കോളനിയിൽ മീറ്റിംഗ് കൂടി, കലക്​ടറേറ്റ്​ ധർണകൾ നടന്നുകൊണ്ടിരുന്നു. ഭൂ വിതരണം നീണ്ടുപോയപ്പോൾ ഫാമിൽ കയറി ഞങ്ങൾ കുടിലുവച്ചു. മുത്തങ്ങ സമരത്തിനുശേഷം, ഭൂമിയില്ലായ്മയെക്കുറിച്ച് സംസാരിച്ച സർക്കാറിനോട്, 2004, 2005, 2006 വർഷങ്ങളിലെ ട്രൈബൽ സബ്​ പ്ലാൻ ഫണ്ട് ആറളം ഫാമിലെ ആദിവാസി പുനരധിവാസത്തിന് കൊടുക്കാൻ ഞങ്ങൾ നിർദേശം വച്ചു. അതനുസരിച്ചാണ് ഫാമിലെ 7500 ഏക്കർ ഭൂമി 42 കോടി രൂപയ്ക്ക് കേന്ദ്രസർക്കാറിൽനിന്ന്​ കേരള സർക്കാർ വിലയ്ക്ക് വാങ്ങിയത്. ഇങ്ങനെ വാങ്ങിയ മുഴുവൻ ഭൂമിയും ആദിവാസികൾക്ക് കൊടുക്കേണ്ടതാണ്. അതിനുപകരം അവരവിടെ തൊഴിലാളി പ്രശ്‌നമുണ്ട് എന്നു പറഞ്ഞ് 4000 ഏക്കർ ഭൂമി കമ്പനിയായി നിലനിർത്തി. 3500 ഏക്കർ ഭൂമി ആദിവാസികൾക്ക് വിതരണത്തിനും മാറ്റിവച്ചു.

ഫാമിലെ കുറേ തൊഴിലാളികൾ വി.ആർ.എസ്​ വാങ്ങി പോയിരുന്നു. കുറേ പേർ അവിടെത്തന്നെയുണ്ടായിരുന്നു. അവർക്ക് തൊഴിൽ കൊടുക്കണം. അതിന് ഫാമായി കുറച്ചുഭാഗം നിലനിർത്തണം എന്നാണ് യു.ഡി.എഫ് സർക്കാർ പറഞ്ഞിരുന്നത്. തൊഴിലാളികൾ വി.ആർ.എസ്​ വാങ്ങി പോകുന്നതിനനുസരിച്ച്, പുനരധിവസിപ്പിക്കുന്ന ആദിവാസികളെ തന്നെ തൊഴിലാളികളായി അവിടെ നിയമിക്കണമെന്ന് ഞങ്ങളാവശ്യപ്പെട്ടു. വലിയ പ്രക്ഷോഭങ്ങൾക്കു ശേഷമാണ്​കണ്ണൂർ, വയനാട് മേഖലയിലെ ആദിവാസികൾക്ക് ഭൂമി, വിതരണം ചെയ്യാൻ തുടങ്ങിയത്. ആറളം ഫാം മൂന്നിൽ രണ്ടുഭാഗം വയനാട്ടിൽ നിന്നുള്ള ആദിവാസികൾക്കും, ഒരു ഭാഗം കണ്ണൂർ ജില്ലയിലുള്ളവർക്കും എന്നതായിരുന്നു വ്യവസ്ഥ. പക്ഷേ, 3000ഓളം കുടുംബങ്ങൾക്ക് കൈവശരേഖ കൊടുത്തതിൽ അധികവും കണ്ണൂർ ജില്ലക്കാരാണ്. ഫാമിന്റെ പരിസര പ്രദേശത്തുള്ള ആദിവാസികളെയാണ് ആദ്യഘട്ട ഭൂവിതരണത്തിന് പരിഗണിച്ചത്. 2006 മാർച്ച് മൂന്നിന്​, 751 കുടുംബങ്ങൾക്ക് ഒരേക്കർ വച്ച് നൽകി. ഓടംതോട് ആറളം ഫാം ഓഫീസിൽ വച്ച് കലക്ടറും വില്ലേജ് ഓഫീസർമാരുമാണ് ഒന്നാംഘട്ട കൈവശരേഖ വിതരണം ചെയ്​തത്. അന്ന് എം. ഗീതാനന്ദനേയും, ശ്രീരാമൻ കൊയ്യോനെയും ആദിവാസികൾ എടുത്തുപൊക്കി ആഹ്ലാദ പ്രകടനം വച്ചു. അന്നു രാവിലെ എനിക്ക്​ആറളം ഫാമിൽ എത്താൻ കഴിഞ്ഞില്ല, ഉച്ചകഴിഞ്ഞാണ് എത്തിയത്.

ഫാമിനുചുറ്റും ചെക്ക്‌പോസ്റ്റുകളായിരുന്നു. ആ ഭൂമിയാണ് സമരത്തിലൂടെ ആദിവാസികൾക്ക് ഉടമസ്ഥവകാശം നേടി കൊടുത്തത്. ഭൂമി കിട്ടിയപ്പോൾ ആളുകൾ പറഞ്ഞു, ഞങ്ങൾ ഒരിക്കലും ഈ ഭൂമിയുടെ ഉടമസ്ഥരായി തീരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല എന്ന്.

2007 സെപ്റ്റംബർ 22 ന് രണ്ടാംഘട്ടത്തിൽ 1584 പേർക്കും, 2011 ഫെബ്രുവരി മൂന്നിന് മൂന്നാംഘട്ടത്തിൽ 138 പേർക്കും, 2011- 2012ൽ നാലാംഘട്ട വിതരണത്തിൽ 549 പേർക്കും ഭൂമി കൊടുത്തു. അങ്ങനെ, ഘട്ടംഘട്ടമായി ഭൂമി കൈയ്യേറിയ കുടുംബങ്ങൾക്കും ഭൂമി വിതരണം ചെയ്​തു. ആറളം ഫാമിലാണ് ആദ്യമായി ആദിവാസികൾക്ക് ‘തോട്ടം' വിതരണം ചെയ്യുന്നത്. ആറളം ഫാം ഓരോ ബ്ലോക്കായാണ് തിരിച്ചിരിക്കുന്നത്. ഏഴ്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് ബ്ലോക്കുകളിലാണ് ആദിവാസികളെ പുനരധിവസിപ്പിച്ചത്. ഇവിടം കൊക്കോ, കവുങ്ങ്, തെങ്ങ്, റബ്ബർ, കശുമാവ് തുടങ്ങിയ വിളകളായിരുന്നു. 7-ാം ബ്ലോക്കിന്റെ ഒരു ഭാഗം തരിശുഭൂമിയായിരുന്നു. ഇവിടെയാണ് വയനാട് ജില്ലക്കാർക്ക് കൂടുതൽ പേർക്കും ഭൂമി ലഭിച്ചത്. ഇപ്പോൾ അവരവിടെ കുരുമുളക്, കശുമാവ് തോട്ടമാക്കി മാറ്റി.

വിയർപ്പിൽ കുരുത്ത ആറളത്തെ ജീവിതങ്ങൾ

ആറളത്ത് ആളുകളെ നിലനിർത്തി ജീവിതമാർഗമുണ്ടാക്കാൻ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. ആദിവാസി ഗോത്രമഹാസഭയുടെ ആളുകൾ സർവേ ഗ്രൂപ്പിന്റെ കൂടെ നടന്ന് ഓരോ കുടുംബത്തിനും ഒരേക്കർ വെച്ച് ഭൂമി അളന്നുകൊടുത്തു. എല്ലാ ബ്ലോക്കിലും കയറിയിറങ്ങി ഓരോ കാര്യങ്ങൾ ചെയ്തു. രാവിലെയും ഉച്ചയ്ക്കും പട്ടിണി ആയിരിക്കും. പോകുന്നിടത്തുനിന്നെല്ലാം ഓരോ ഗ്ലാസ് കട്ടൻചായ കിട്ടുമായിരുന്നു. രാത്രി ഏതെങ്കിലും ഒരു ഷെഡിൽ നിന്ന്​ ഒരു നേരത്തെ ഭക്ഷണം കഴിക്കും. അതിന്റെ ബലത്തിലാണ് പകൽ മുഴുവൻ ഓരോ ബ്ലോക്കിലും പോയി കാര്യങ്ങൾ ചെയ്തത്.

ആറളം ഫാം ആദിവാസികൾക്ക് കൊടുക്കുന്നതിനുമുമ്പ് ഫാം പരിസരത്തുള്ള ആദിവാസികൾക്ക് നടക്കാൻ പോലും പറ്റിയിരുന്നില്ല. അടയ്ക്കയോ, കശുവണ്ടിയോ, തേങ്ങയോ, ഒട്ടുപാലോ മോഷണം പോയാൽ അതൊക്കെ ആദിവാസികളുടെ പേരിൽ പഴിചാരി, അവരുടെ തുണിയഴിച്ച് പരിശോധിക്കുകയും, മോഷണക്കേസിൽ പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ആറളം ഫാമിന്റെ നാല് വശവും ഭാവലിപുഴ, ചീങ്കണിപ്പുഴ, പാലപ്പുഴ, കക്കുവ പുഴകളാൽ ചുറ്റപ്പെട്ടതാണ്. പുഴയോരത്തെ ചപ്പ് (ഇല) പോലും നുള്ളാൻ ആദിവാസികളെ അനുവദിച്ചിരുന്നില്ല. സെക്യൂരിറ്റിക്കാർ നായ്ക്കളെയും തോക്കും പിടിച്ച് ഫാമിനുചുറ്റും നടന്നിരുന്നു. ഭയത്തോടെയാണ് എല്ലാവരും ആറളം ഫാമിനെ നോക്കിയിരുന്നത്. ഫാമിനുചുറ്റും ചെക്ക്‌പോസ്റ്റുകളായിരുന്നു. ആ ഭൂമിയാണ് സമരത്തിലൂടെ ആദിവാസികൾക്ക് ഉടമസ്ഥവകാശം നേടി കൊടുത്തത്. ഭൂമി കിട്ടിയപ്പോൾ ആളുകൾ പറഞ്ഞു, ഞങ്ങൾ ഒരിക്കലും ഈ ഭൂമിയുടെ ഉടമസ്ഥരായി തീരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല എന്ന്.

അവിടെ ഭൂവിതരണം നടന്നപ്പോൾ കൈതക്കൊല്ലി കോളനിയിലെ ‘കയമ മൂപ്പൻ' എന്നോടുപറഞ്ഞു, ഞങ്ങളെല്ലാവരും പിരിവെടുത്ത് ഒരു ‘കാർ' വാങ്ങിത്തരാമെന്ന്. ഞാൻ വേണ്ടെന്നുപറഞ്ഞു. ആറളം ഫാം ഭൂസമരത്തിന് നേതൃത്വം നൽകിയത് ‘പണിയ' സമുദായക്കാരാണ്. രണ്ട് കുറിച്യ കുടുംബങ്ങളും ഉണ്ടായിരുന്നു. വയനാട്ടിൽ നിന്ന്​ അടിയ സമുദായത്തിൽപ്പെട്ടവരും സമരത്തിൽ പങ്കെടുക്കാൻ എന്നോടൊപ്പം വന്നിരുന്നു. പണിയ, കുറിച്യ, അടിയ, കരിമ്പാലർ, മാവിലർ, കാട്ടുനായ്ക്കർ, വെട്ടക്കുറുമർ വിഭാഗത്തിൽപ്പെട്ട ആദിവാസികൾക്കാണ് അവിടെ ഭൂ വിതരണം നടത്തിയത്.

കാട്ടാനയുടെ മുന്നിലകപ്പെട്ട ജീവൻ

ആറളം ഫാമിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് പതിമൂന്നിലെ, 55ാം ബ്ലോക്ക്. ചുറ്റിനും മലകൾ തലയുയർത്തി, അതിന്റെ നടുക്കാണ് ഈ സ്ഥലം. ഒരു ഭാഗത്ത് പുഴ. ചുറ്റിനും കാടിന്റെ പച്ചപ്പ്. അവിടെ പോയാൽ ആ സ്ഥലത്തു തന്നെ സ്ഥിരമായി താമസിക്കണമെന്ന് തോന്നും. അത്രയ്ക്ക് പ്രകൃതി നമ്മളെ അവിടെ പിടിച്ചു നിർത്തും. അവിടെ, ഭൂവിതരണം നടത്തിയ സമയത്ത്​, ആനശല്യം കാരണം പലരും അവിടെ നിന്നില്ല. മൂന്നേക്കറിൽ ഞാൻ ഇഞ്ചിയും, കപ്പയും കൃഷി ചെയ്​തു. വയനാട്ടിൽനിന്ന്​ബാബു കോട്ടിയൂർ, കാരമാട്ട് കോളനിയിലെ ബാലൻ, പനവല്ലി മിച്ചഭൂമിയിലെ തിമ്മേട്ടൻ, തിമ്മേട്ടന്റെ ഭാര്യ, കുറുക്കൻമൂലയിലെ അജിത, ആറളം ഫാമിൽ ഭൂമി ലഭിച്ച ദേവി, സുരേഷ്, കാർത്തിക, മല്ലിക, ബാബു, ബാലൻ, സുരേഷ് മുട്ടുമാറ്റി, ചാത്തൂട്ടി ഏട്ടന്റെ മകൾ രാധ, മരുമക്കളായ ഗോപി, പുലിതൂക്കി ബാലൻ ഇവരെല്ലാം ഞാനവിടെ കൃഷിയിറക്കിയപ്പോൾ ഒപ്പമുണ്ടായിരുന്നു. ഒരു വലിയ ഷെഡ് കെട്ടി, തീ കൂട്ടി ഞങ്ങളവിടെ കഴിഞ്ഞു. അവിടുത്തെ തോട്ടിൽ ‘കുടാമ്പെ' വെച്ച് ഞങ്ങൾ മീൻ പിടിച്ചു. രാത്രി തോട്ടിൽ കുടാമ്പെ വെച്ച് രാവിലെ പൊക്കാൻ നോക്കുമ്പോൾ പൊങ്ങില്ല. അത്രയ്ക്ക് മീൻ നിറഞ്ഞിട്ടുണ്ടാവും. രണ്ട് വലിയ ബക്കറ്റുനിറയെ മീൻ കിട്ടും. അവിടെ പണിക്കുവരുന്നവർക്കെല്ലാം മീൻ കൊടുക്കും. ദിവസവും ഞങ്ങൾ മീൻ തന്നെ കഴിച്ചു. കുറേ മീൻ ഉണക്കിവെച്ചു.

ആറളം ഫാം ആദിവാസികൾക്ക് വിതരണം ചെയ്യുന്നതിനെ കോൺഗ്രസും, മാർക്‌സിസ്​റ്റ്​ പാർട്ടിയും, ബി.ജെ.പിയും, തൊഴിലാളി സംഘടനകളും പരിസരവാസികളും ഒറ്റക്കെട്ടായി എതിർത്തു. എന്നാൽ, ഫാം വിതരണം ചെയ്തപ്പോൾ അതിന്റെ നേട്ടം ഏറ്റവും കൂടുതൽ കിട്ടിയത്, എതിർത്തവർക്കു തന്നെയാണ്.

പുല്ല് തിങ്ങിനിറഞ്ഞ വഴിയിലൂടെ ഒരുദിവസം വൈകുന്നേരം ബാലേട്ടൻ നടന്നു വരികയായിരുന്നു. നടന്ന് ആനയുടെ തൊട്ടുമുൻപിലെത്തി. അവിടെ നിന്ന്​ ഓടി ഞങ്ങൾ താമസിക്കുന്ന ഷെഡിന്റെ മുമ്പിലെത്തി അദ്ദേഹം വീണു. മുറ്റത്തു നിന്ന് ബാ... ബാ.. എന്ന ഒച്ചകേട്ട് നോക്കിയപ്പോഴാണ് ബാലേട്ടനെ കണ്ടത്. ബാബുവിനെ മുഴുവനായി വിളിക്കാൻ പറ്റാതെ ബാ... ബാ... എന്ന ഒച്ച മാത്രമേ പുറത്തു വന്നിരുന്നുള്ളൂ. എന്താണ്​ പറ്റിയതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. ബാലേട്ടന്റെ കണ്ണ്​ പേടിച്ച് മിഴിച്ചിരുന്നു. വെള്ളം കുടിച്ചശേഷമാണ് ആനയുടെ മുന്നിൽ പെട്ടതും, ആന തൊട്ടടുത്തുള്ള വിവരവും ബാലേട്ടൻ പറയുന്നത്. കാളിക്കയം കോളനിയിൽനിന്ന്​ ആറളത്ത് ഭൂമി കിട്ടി വന്നയാളാണ് ബാലേട്ടൻ.

ആന രാ​ത്രി ഞങ്ങൾ താമസിക്കുന്ന ഷെഡിനുനേർക്ക് വന്നു. തുമ്പിക്കൈ നിലത്തിട്ടടിച്ച് ചീറിക്കൊണ്ടാണ് വന്നത്. ഞങ്ങളെല്ലാം പേടിച്ചു. ആണുങ്ങൾ ഓടി ഷെഡിൽ കിടക്കാനുണ്ടാക്കിയ തട്ടിന്റെ അടിയിൽ ഒളിച്ചു. ഞാനും, മല്ലികയും മുറ്റത്ത് കൂട്ടിയ തീയിൽ വലിയ ക​മ്പുകൊണ്ടടിച്ച്​ തീപ്പൊരി പാറിപ്പിച്ചു. അപ്പോഴാണ് ആന മെല്ലെ തിരിഞ്ഞുപോയത്. അല്ലെങ്കിൽ ഷെഡ് പൊളിച്ച് ഞങ്ങളെ കൊന്നുകളഞ്ഞേനെ.

അമ്പത്തഞ്ചിലെ ഭൂമിയിലേത്​ നല്ല മണ്ണായിരുന്നു. അവിടെ നിന്ന്​ ഞങ്ങൾക്ക് നല്ല വിളവ് കിട്ടി. ഒരു കപ്പ കഷ്ണത്തിന്​ മൂന്ന് കിലോ തൂക്കമുണ്ടായിരുന്നു. വലിയ കപ്പയായതിനാൽ കച്ചവടക്കാരും എടുക്കാതെയായി. കുറെ ഞങ്ങൾ തന്നെ പുഴുങ്ങി തിന്നു. അവിടെയുള്ളവർക്കും കൊടുത്തു.

പിന്നീട്​, അമ്പായത്തോട്ടിൽ നിന്നുവന്ന ചെമ്പിയമ്മയുടെയും, കല്യാണിയമ്മയുടെയും സ്ഥലം പാടമാക്കി നെൽകൃഷി ചെയ്തുകൊടുത്തു. എം. ഗീതാനന്ദനും, കോട്ടയം തങ്കച്ചനും ഉണ്ടായിരുന്നു. കാസർകോ​ട്ടെ നോബിൾ ആണ് നെൽവിത്ത് കൊണ്ടുവന്നത്. പാടമാക്കി, വിത്തു പാകി, ഞാറു പറിച്ച്, നാട്ടി വെച്ച് കൊടുത്തു. പാടത്തെ വെള്ളം നോക്കുന്നതും, മറ്റ് കാര്യങ്ങളും സ്ഥലമുടമകളെ ഏൽപ്പിച്ച്​ ഞങ്ങൾ അവിടെനിന്ന്​ പോന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഞാൻ അവിടെ പോയി. അപ്പോൾ വെള്ളമില്ലാതെ പാടം ഉണങ്ങി കിടക്കുകയാണ്. സ്ഥലമുടമകളോട് ചോദിച്ചപ്പോൾ, അവർ ചിരിച്ചുകൊണ്ട്​ പറയുന്നു, നീ എപ്പോഴും വയനാട്ടിൽ പോയി ഇരുന്നാൽ പോരാ, ഇവിടെ വന്ന് വെള്ളമുണ്ടോ എന്ന്​ നോക്കി, പാടത്തേക്ക് തിരിച്ചുവിടുന്ന പണിയൊക്കെ ചെയ്യണം എന്ന്​.

ഞങ്ങൾ തന്നെ ഇടയ്ക്കിടയ്ക്ക് പോയി പാടത്തേക്ക് വെള്ളം തിരിച്ചുവിട്ട് കൃഷി നോക്കി. നെല്ല് നന്നായി വിളഞ്ഞപ്പോൾ കൊയ്​തെടുത്തോളാൻ പറഞ്ഞ് ഞങ്ങൾ വയനാട്ടിലേക്കുമടങ്ങി. കുറച്ചു ദിവസം കഴിഞ്ഞ് തിരികെയെത്തിയപ്പോൾ, നെല്ല് കതിരു കുത്തി നിൽക്കുന്ന അവസ്ഥയായിരുന്നു. നെൽ മണി ഊരിയെടുത്തിട്ടുണ്ടായിരുന്നു. പന്നിയായിരിക്കും ഇത്​ ചെയ്​തതെന്ന്​ ഞങ്ങൾ വിചാരിച്ചു. എന്തുകൊണ്ടാണ്​ നെല്ല്​ കൊയ്യാതിരുന്നത്​ എന്നുചോദിച്ചപ്പോൾ, ഒരു അമ്മ പറഞ്ഞു; ഞങ്ങളുടെ ആവശ്യത്തിനുള്ള മണി ഞങ്ങൾ ഊർത്തെടുത്തിട്ടുണ്ട്, ബാക്കി നെല്ല് അവിടെയുള്ളവരെക്കൊണ്ടുതന്നെ കൊയ്​തെടുപ്പിച്ചു, അവർ തന്നെ അതെടുത്തു. കച്ചിയെല്ലാം അവിടെയുള്ളവർ കുടിലുമേയാനെടുത്തു.

എതിർത്തവർ കൊയ്​തെടുത്ത നേട്ടങ്ങൾ

ആറളം ഫാമിൽ ആദിവാസികൾക്ക് ഭൂമി കൊടുത്തുവെങ്കിലും സർക്കാർ തുടർ നടപടി വച്ചുതാമസിപ്പിച്ചു. ഫാമിലെ ആദിവാസി കുടുംബങ്ങൾക്ക് കൃഷി ചെയ്യാൻ സാമ്പത്തിക സഹായം നൽകുക, തൊഴിൽ നൽകുക, വീടുനിർമാണത്തിന് വകയിരുത്തിയ പണം കൈമാറുക, ചികിത്സ സൗകര്യം ഏർ​പ്പെടുത്തുക, കുടിവെള്ള പദ്ധതി നടപ്പാക്കുക, വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കും, പരിക്കേറ്റവർക്കും, കുടിലുകൾ നഷ്ടപ്പെട്ടവർക്കും നഷ്ടപരിഹാരം നൽകുക, സൗജന്യ റേഷൻ വിതരണം ചെയ്യുക, റോഡുകൾ നന്നാക്കുക, ആറളം ഫാം പട്ടികവർഗമേഖലയായി പ്രഖ്യാപിക്കുക, ഫാമിൽ സ്പെഷൽ ഓഫീസറെയും, സ്റ്റാഫിനെയും നിയമിക്കുക, വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുക, ഫാമിൽ ആദിവാസികളല്ലാത്തവർ നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2008 ജൂൺ 7 ന് കണ്ണൂർ കലക്​ടറേറ്റിൽ സമരം നടത്തി. ഇതേ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിവേദനവും നൽകി.

ആറളത്ത് ഭൂമി കൊടുത്തപ്പോൾ, അവിടുത്തെ പാരമ്പര്യ കാവായ പത്താം ബ്ലോക്കിലെ കോട്ടപ്പാറ അമ്മയുടെ കാവിൽ മുടങ്ങിക്കിടന്ന പൂജ ഞങ്ങൾ നടത്തി. ഓടംതോട് അയ്യപ്പക്ഷേത്രത്തിൽ നിന്ന്​ താലപ്പൊലിയായി വന്ന്, കോട്ടപ്പാറയിലെ ചെമ്പുകാവിനുമുന്നിൽ പൂജ നടത്തി. എല്ലാ വർഷവും പൂജ നടത്താൻ അവിടെയുള്ളവരെ ഏൽപ്പിച്ചിരുന്നു.

ഞാനും ഗീതാനന്ദനും പോകുമ്പോൾ ആളുകൾ ഭയങ്കര ലോഹ്യം പറയും. ഞങ്ങൾക്ക് അത് കിട്ടുന്നില്ല, ഇതു കിട്ടുന്നില്ല എന്നെല്ലാം പരാതി പറയും. എല്ലാം പരിഹരിച്ചു കൊടുത്തിരുന്നു.

ആറളം ഫാം ആദിവാസികൾക്ക് വിതരണം ചെയ്യുന്നതിനെ കോൺഗ്രസും, മാർക്‌സിസ്​റ്റ്​ പാർട്ടിയും, ബി.ജെ.പിയും, തൊഴിലാളി സംഘടനകളും പരിസരവാസികളും ഒറ്റക്കെട്ടായി എതിർത്തിരുന്നു. എന്നാൽ, ഫാം വിതരണം ചെയ്തപ്പോൾ അതിന്റെ നേട്ടം ഏറ്റവും കൂടുതൽ കിട്ടിയത്, എതിർത്തവർക്കുതന്നെയാണ്. ആറളത്ത് ഞാൻ ആദ്യം പോകുന്ന സമയത്ത്, കീഴ്പ്പള്ളിയെന്നു പറയുന്ന കവലയിൽ ഒരു പലച്ചരക്ക് കടയും, ഒരു ചായക്കടയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂമി വിതരണം ചെയ്തപ്പോൾ, കീഴ്പ്പള്ളി വലിയൊരു ടൗണായി വികസിച്ചു. വലിയ കടകൾ, ഹോട്ടൽ, ജ്വല്ലറി, തുണിക്കടകൾ, മെഡിക്കൽ ഷോപ്പ്, സ്റ്റുഡിയോ, ബാങ്ക്, അക്ഷയ സെന്റർ, ഡന്റൽ ക്ലിനിക്ക്, ജീപ്പ്- ഓട്ടോ- ബസ് സർവീസ്​ തുടങ്ങി വലിയൊരു മാറ്റമുണ്ടായി. ഫാമിനു ചുറ്റുമുള്ള പ്രദേശങ്ങൾ വികസിച്ചു. കണിച്ചാറും കീഴ്പ്പള്ളിയും ബിസിനസ്​ സാമ്രാജ്യമായി. മുമ്പ്, ഇവിടുത്തുകാർ ഫാമിലെ കശുവണ്ടിയും തേങ്ങയും ശരിക്ക്​ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. അവിടുത്തെ ഒട്ടുപാലും റബ്ബർഷീറ്റുമെല്ലാം അവർക്കന്യമായിരുന്നു. ആദിവാസികളുടെ കൈയ്യിൽ ഭൂമി കിട്ടിയപ്പോൾ അടയ്ക്കയും, കൊക്കോയും, കശുവണ്ടിയും, തേങ്ങയും, റബ്ബർഷീറ്റും ഒട്ടുപാലുമെല്ലാം കണിച്ചാറിലേക്കും, കീഴ്പ്പള്ളിയിലേക്കുമാണ് കൂടുതൽ എത്തിയത്​. അതിലൂടെ, എതിർത്തവരടക്കം സമ്പന്നരായി. അവർക്കെല്ലാം കാറും, ഓട്ടോറിക്ഷയും, വലിയ കടകളും, വലിയ വീടുകളുമുണ്ടായി. ഭൂമി ലഭിച്ച ആദിവാസികളെക്കാളും മാറ്റം കൂടുതൽ പ്രയോജനപ്പെട്ടത് പ്രദേശവാസികൾക്കാണ്.

ആറളത്തെ ചില പച്ചമനുഷ്യർ

ആറളത്ത് മീറ്റിംഗിനുപോയാൽ രണ്ടുമൂന്നാഴ്​ച ഞാനവിടെ താമസിക്കാറുണ്ട്. ആദ്യം ഫാം വിതരണം ചെയ്യുന്ന സമയത്തും, പിന്നീട്​ മീറ്റിംഗുകൾ നടത്തുന്ന സമയത്തും പതിനൊന്നാം ബ്ലോക്കിലെ ലക്ഷ്മിയേച്ചിയുടെയും രാഘവേട്ടന്റെയും വീട്ടിലായിരുന്നു താമസം. ഭക്ഷണവും മറ്റു സൗകര്യങ്ങളുമെല്ലാം അവർ ഒരുക്കി തന്നിരുന്നു. മറ്റൊരിടം, കക്കുവ പാലത്തിനടുത്തുള്ള, 11-ാം ബ്ലോക്കിലെ ചാത്തൂട്ടിയേട്ടന്റെയും ലീലേച്ചിയുടെയും വീടാണ്​. സ്വന്തം അച്ഛന്റെയും അമ്മയുടെയും കരുതലും, സംരക്ഷണവും, സ്നേഹവുമാണ് അവർ ഇപ്പോഴും എനിക്കുതരുന്നത്. രാത്രി വേറെ ബ്ലോക്കിൽ മീറ്റിംഗിനുപോയി മടങ്ങിവരാൻ താമസിച്ചാൽ ലീലേച്ചിയ്ക്ക് ഭയങ്കര വെപ്രാളമാണ്​. അവരുടെ സ്വന്തം കുഞ്ഞ്, കൂടപ്പിറപ്പ് എന്ന രീതിയിലാണ് എന്നെ സ്വീകരിക്കുന്നത്. ലീലേച്ചിയുടെ സ്നേഹം കൈക്കുമ്പിളിൽ തരുന്നതുപോലെയാണ്. അപ്പോൾ എനിക്ക് വേറെയൊന്നും വേണ്ട. ചാത്തൂട്ടിയേട്ടന്റെ വീട്ടിൽ മീറ്റിംഗ് കൂടുമ്പോൾ, വീടിനു മുന്നിലെ ഒരു തൂണിൽ കെട്ടിപ്പിടിച്ചുനിന്നാണ് അദ്ദേഹം സംസാരിക്കുക. അദ്ദേഹത്തെപ്പറ്റി ഓർക്കുമ്പോഴെല്ലാം മനസ്സിൽ ആദ്യം വരുന്നത് ആ നിൽപ്പാണ്. അദ്ദേഹം, ഉള്ളത് ഉള്ളതുപോലെ ആരോടും പറയും, ഉദ്യോഗസ്ഥരോടാണെങ്കിൽ പോലും. തമാശ പോലും ഭയങ്കര ഗൗരവത്തിലാണ് പറയുക. മീറ്റിംഗ് കൂടുന്ന സമയത്ത് നമ്മുടെ ആളുകൾ, പറയുന്നതുപോലെ അനുസരിക്കാതിരിക്കുമ്പോൾ ചാത്തൂട്ടിയേട്ടൻ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്​; ‘ഈ പഞ്ഞവാദികൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല’.

ആറളം ഫാം ആദിവാസികളുടെ പാരമ്പര്യഭൂമിയായിരുന്നു. ഫലഭൂയിഷ്ഠമായ മണ്ണും, സസ്യലതാദികളും, മരങ്ങളും, നീരുറവകളും, തോടുകളും, പുഴകളും, ജീവജാലങ്ങളാലും സമ്പന്നമായിരുന്നു ഇവിടം

2021 ഏപ്രിൽ 12 ന് ചാത്തൂട്ടിയേട്ടൻ മരിച്ചു. കോവിഡ്​ എന്ന മഹാമാരിയാണ്​ ആ ജീവനെടുത്തത്​. ചാത്തൂട്ടിയേട്ടൻ ഇല്ലാത്ത ആറളം ഫാമിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ശൂന്യതയാണ്. ആറളത്ത് ഭൂമി കിട്ടിയശേഷം പലരും അവസരത്തിനനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും കാലുമാറിയിട്ടുണ്ട്. പക്ഷേ ചാത്തൂട്ടിയേട്ടൻ മാത്രം മാറിയില്ല. ആദ്യം മുതൽ അവസാനം വരെ ഒരേ നിലപാടിലും തീരുമാനത്തിലും ഉറച്ചുനിന്നു. ആറളത്ത് അദ്ദേഹത്തിന് ലഭിച്ച ഒരേക്കർ ഭൂമിയിൽ തെങ്ങും കൊക്കോയുമാണ് ആദായം. ഒരിക്കൽ അവിടെ പോയ സമയത്ത്, പറമ്പിൽ നടണം എന്നുപറഞ്ഞ് രണ്ട് തെങ്ങിൻ തൈ തന്നു. അത് വളർന്ന് വലിയ തെങ്ങായി ഇപ്പോഴും എന്റെ പറമ്പിലുണ്ട്.

വലിയൊരു ആഗ്രഹം ബാക്കിവെച്ചാണ് ചാത്തൂട്ടിയേട്ടൻ പോയത്.
മരിക്കുന്നതിന് ഒരു മാസം മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു; എന്റെ വീട്ടിൽ കുറച്ചുദിവസം ലീലേച്ചിയെയും കൂട്ടി വന്നുനിൽക്കണമെന്ന്.
വീട്ടിലേക്കുവരാൻ വിളിച്ച സമയത്ത് ലീലേച്ചിക്ക് സുഖമില്ലായിരുന്നു.
അസുഖം ഭേദമായിട്ട്​ രണ്ടാളും വരാം, കുറച്ച് തേങ്ങയും കൊണ്ടുവരാം എന്നു പറഞ്ഞതാണ്. പക്ഷേ ഞങ്ങളെ വിട്ട് അദ്ദേഹം പെട്ടെന്നങ്ങ് പോയി.
മരണവാർത്തയറിഞ്ഞപ്പോൾ വല്ലാത്തൊരു ഞെട്ടലും, ശൂന്യതയുമായിരുന്നു. കോവിഡായതിനാൽ അവസാനമായി ഒന്നു കാണാൻ പോലും കഴിഞ്ഞില്ല.

ആറളം ഫാമിൽ നമ്മുടെ സമുദായത്തോടും, സംഘടനയോടും ഏറ്റവും കൂടുതൽ ആത്മാർത്ഥതയും, സത്യസന്ധതയും കൂറും കാണിച്ചിരുന്ന പ്രവർത്തകനായിരുന്നു മത്തേട്ടൻ (കെ.സി. മത്തൻ). ആറളം ഫാമിലെ ‘ഗോത്രമഹാസഭ'യെ മത്തേട്ടനിലൂടെയാണ് ഞാൻ കണ്ടിരുന്നത്. എന്തുകാര്യം പറഞ്ഞാലും കൃത്യമായി ചെയ്യും. മത്തേട്ടന്റെ ഭാര്യ മോളി നല്ല സ്വഭാവമുള്ള ആളാണ്. കൂടപ്പിറപ്പിനെ പോലെയാണ് എന്നെ നോക്കിയിരുന്നത്. മത്തേട്ടാ, നാളെയൊരു മീറ്റിംഗ് നടത്തണം എന്ന് വിളിച്ചുപറഞ്ഞാൽ മതി, മത്തേട്ടൻ സൈക്കിളിൽ സോമേട്ടനെയും (എ. സോമൻ കാളിക്കയം) കൂട്ടി എല്ലാ ബ്ലോക്കിലും പോയി ആളുകളെ കണ്ട് സംസാരിച്ച്, ഞങ്ങളവിടെ എത്തുമ്പോഴേക്കും എല്ലാവരെയും സംഘടിപ്പിച്ചിരിക്കും. ഗോത്രമഹാസഭയ്ക്ക് പകരം വെയ്ക്കാൻ പറ്റാത്ത പ്രതിഭയായിരുന്നു അദ്ദേഹം. ആ മരണവും ഒരിക്കലും നികത്താനാവാത്ത തീരാനഷ്ടമായിരുന്നു. മത്തേട്ടനെ ജീവനുള്ള കാലം മറക്കാനോ, മായ്​ക്കാനോ കഴിയില്ല. സംഘടനാപരമായി അത്രമാത്രം സഹകരണവും, സഹായവും മത്തേട്ടന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. മത്തേട്ടൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കുട്ടികൾ ചെറുതായിരുന്നു. ആ കുടുംബത്തെ സംഘടനാപരമായി സഹായിക്കാൻ പറ്റിയിരുന്നില്ല. അതിന്റെ വിഷമം ഇപ്പോഴും മനസ്സിലുണ്ട്.

‘ആറളം ഫാം ആദിവാസികൾക്കു കൊടുക്കരുത്, ആദിവാസികൾ ഫാം നശിപ്പിക്കും’ എന്നു പറഞ്ഞ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കൊപ്പമാണ് അന്ന് അവിടുത്തെ ആദിവാസികളിൽ ഭൂരിഭാഗവും നിന്നത്. എനിക്കത് മാനസികമായി വേദനയുണ്ടാക്കി. നിരന്തരം അവരെ ചൂഷണം ചെയ്യുന്നവർക്ക് പിന്നെയും ചൂഷണം ചെയ്യാനുള്ള അവസരമാണ്​ അവർ സൃഷ്​ടിച്ചുകൊടുത്തത്​.

ഒരു വേദന

ഞാനും ഗീതാനന്ദനും പോകുമ്പോൾ ആളുകൾ ഭയങ്കര ലോഹ്യം പറയും. ഞങ്ങൾക്ക് അത് കിട്ടുന്നില്ല, ഇതു കിട്ടുന്നില്ല എന്നെല്ലാം പരാതി പറയും. എല്ലാം പരിഹരിച്ചു കൊടുത്തിരുന്നു. ആറളത്ത് എപ്പോഴും പോയി നിന്ന് പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ആരെയും ആശ്രയിക്കാതെ സ്വാശ്രയത്തിൽ അവർ ജീവിക്കണം, അവരുടെ മേൽനോട്ടത്തിൽ തന്നെ കാര്യങ്ങൾ നടക്കണം എന്ന ഉദ്ദേശ്യത്തോടെ 2015-ലെ ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ പുനരധിവാസ മേഖലയിലെ വിനീത എ.വി, മായ എം.ആർ, അനിത ഇ.സി. എന്നിവരെ മത്സരിപ്പിച്ചു. ഞങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമായി ഒരുപാട് നേട്ടങ്ങളുണ്ടായിട്ടുള്ളവരാണെങ്കിലും സ്വന്തം വിഭാഗക്കാർ മത്സരിച്ചപ്പോൾ ഇവരെല്ലാം അവർക്കെതിരായി രംഗത്തുവന്നു. സ്വന്തം പ്രദേശത്തെ, സ്വന്തം സമുദായത്തിലെ, സ്വന്തം സഹോദരങ്ങൾക്കെതിരായി പ്രവർത്തിച്ചു, രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്തു. ‘ആറളം ഫാം ആദിവാസികൾക്കു കൊടുക്കരുത്, ആദിവാസികൾ ഫാം നശിപ്പിക്കും’ എന്നു പറഞ്ഞ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കൊപ്പമാണ് അന്ന് അവിടുത്തെ ആദിവാസികളിൽ ഭൂരിഭാഗവും നിന്നത്. എനിക്കത് മാനസികമായി വേദനയുണ്ടാക്കി. നിരന്തരം അവരെ ചൂഷണം ചെയ്യുന്നവർക്ക് പിന്നെയും ചൂഷണം ചെയ്യാനുള്ള അവസരമാണ്​ അവർ സൃഷ്​ടിച്ചുകൊടുത്തത്​.

3000ഓളം കുടുംബങ്ങൾ താമസിക്കേണ്ടിടത്ത് ഇന്ന് കഷ്ടിച്ച് 1500 കുടുംബങ്ങളേ ആറളം ഫാമിലുണ്ടാകൂ. പലർക്കും വലിയ പാറക്കൂട്ടങ്ങൾ നിറഞ്ഞ, വാസയോഗ്യമല്ലാത്ത ഭൂമിയാണ് കൊടുത്തത്. ഫാം ആദിവാസികൾക്ക് വിതരണം ചെയ്തപ്പോൾ ഫാമും വന്യജീവിസങ്കേതവും തമ്മിൽ വേർതിരിക്കുന്ന വൈദ്യുതി വേലിയെല്ലാം അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. അതുമൂലം വന്യജീവി ആക്രമണം രൂക്ഷമാണ്. കൃഷികളെല്ലാം മൃഗങ്ങൾ നശിപ്പിക്കുന്നു. കൃഷി ചെയ്ത് ജീവിക്കാൻ കഴിയാതെ തൊഴിലില്ലായ്മയും, പട്ടിണിയും രൂക്ഷമായപ്പോൾ ആദിവാസികളിൽ അധികവും കോളനികളിലേക്ക് മടങ്ങി. കാട്ടാന ആക്രമണത്തിൽ ഒമ്പത്​ ആദിവാസികൾ അവിടെ മരിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ആക്രമണത്തിനിരയായി ദുരിതമനുഭവിക്കുന്നവരുമുണ്ട്​.

2014-ലെ നിൽപ്പ്​ ​സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്, ആറളത്തെ പൈനാപ്പിൾ കൃഷി അവസാനിപ്പിക്കുക എന്നതായിരുന്നു. നിൽപ്പ് സമരത്തിലൂടെ ഫാമിലെ പൈനാപ്പിൾ കൃഷി അവസാനിപ്പിക്കാൻ ഞങ്ങൾക്കായി.

ആദിവാസി അല്ലാത്തൊരാൾ മൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചാൽ നഷ്ടപരിഹാരവും ആശ്രതർക്ക് ജോലിയും കൊടുക്കാറുണ്ടെങ്കിലും ആദിവാസികൾ മരിച്ചാൽ നഷ്ടപരിഹാരം കിട്ടിയാലായി. ജോലി കൊടുക്കാറുമില്ല. ആറളത്ത് വ്യക്തികൾ പൈനാപ്പിൾ കൃഷി നടത്തുന്നുണ്ടായിരുന്നു. ഇത്​അവിടെയുള്ളവർക്ക്​ രോഗങ്ങളുണ്ടാക്കിയിരുന്നു. കൂടാതെ വായു- ജല മലിനീകരണവും. പൈനാപ്പിൾ തിന്നാൻ കാട്ടാനകൾ കൂട്ടമായി പുനരധിവാസ മേഖലയിലേക്കിറങ്ങും. അതുകൊണ്ടു തന്നെ 2014-ലെ നിൽപ്പ്​ ​സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്, ആറളത്തെ പൈനാപ്പിൾ കൃഷി അവസാനിപ്പിക്കുക എന്നതായിരുന്നു. നിൽപ്പ് സമരത്തിലൂടെ ഫാമിലെ പൈനാപ്പിൾ കൃഷി അവസാനിപ്പിക്കാൻ ഞങ്ങൾക്കായി.

ആറളം ഫാമിൽ ആദ്യഘട്ടത്തിൽ, സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഭവന നിർമാണം. ഇതിൽ അഴിമതി നടന്നു. വിജിലൻസ് അന്വേഷണം വന്നു. ഭവനനിർമാണത്തിലെ ക്രമക്കേട്​അന്വേഷിക്കണമെന്നും, ഭവന നിർമാണ ചുമതല ഗുണഭോക്താക്കളെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ പ്രക്ഷോഭം നടത്തി. അതിനുശേഷം ഭവന നിർമാണ തുക ഗുണഭോക്താക്കൾ വഴി കൊടുക്കാൻ തുടങ്ങി. പക്ഷേ, അത് കോൺട്രാക്ടർമാരുടെ കൈകളിലേയ്ക്കാണ് പോകുന്നത്. അവർക്ക് തോന്നിയപോലെ വീടുനിർമാണം നടത്തി ലാഭം കൊയ്യുകയാണ് ചെയ്യുന്നത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഇതെല്ലാം അറിഞ്ഞിട്ടും നടപടി എടുക്കാതെ മൗനം പാലിക്കുന്നു. പലരുടെയും കീശ വീർപ്പിക്കാനുള്ള മാർഗമായിട്ടാണ് ഭവന നിർമാണം മുന്നോട്ടുപോകുന്നത്.

ആറളം ഫാം ആദിവാസി സ്വയംഭരണത്തിൽ കീഴിൽ വരണം. എങ്കിൽ മാത്രമേ അവിടെ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ നിയന്ത്രണം ആദിവാസി ഊരുകൂട്ടങ്ങളിലൂടെ സാധ്യമാകൂ. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments