പ്ലാച്ചിമട സമരത്തിലെആദിവാസി പങ്ക്​

സമരത്തിനിറങ്ങിയ ആദിവാസികൾ ഇച്ചിരിയില്ലാത്ത പാത്രത്തിൽ വെള്ളമെടുക്കുന്നു, അതിൽ ഭക്ഷണമുണ്ടാക്കി കഴിക്കുന്നു, തോട്ടിലും പുഴയിലും പോയി കുളിക്കുന്നു. സമരം നടത്തിയ ആളുകളുടെ പങ്കെന്ത്? എതിർത്ത ആളുകളുടെ പങ്കെന്ത്?

അധ്യായം 25

ദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ഭൂവിതരണവുമായി ബന്ധപ്പെട്ട് കലക്​ടറേറ്റ്​ സമരവും, സെക്രട്ടറിയേറ്റ് ധർണകളും നടത്തിയശേഷം കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ‘നവോത്ഥാന യാത്ര'യും നടത്തി. ആദിവാസി സ്വയംഭരണം, വിഭവങ്ങളുടെ മേലുള്ള അധികാരം, സാമൂഹ്യനീതി ഉറപ്പുവരുത്തൽ എന്നിവയായിരുന്നു യാത്രയിൽ മുന്നോട്ടുവെച്ച ആവശ്യങ്ങൾ. എം. ഗീതാനന്ദനും, വയനാട്ടിൽനിന്ന് ഞാനും, ചാലിഗദ കോളനിയിലെ മായ, മല്ല, പയ്യംമ്പള്ളി നെല്ലിയാട്ട് കോളനിയിലെ വെള്ള, കുറുക്കൻ മൂലയിലെ അജിത, ചക്കിനി കോളനിയിലെ ദേവി, ബാബു കോട്ടിയൂർ, പാട്ടുസംഘവുമായി കോട്ടയത്തെ തങ്കച്ചൻ, റോയി എന്നിവരും യാത്രയിലുണ്ടായിരുന്നു.

വയനാട്ടിൽ നിന്നുള്ള ജീപ്പായിരുന്നു യാത്രയിലുപയോഗിച്ചത്. എറണാകുളത്തുള്ള ഉണ്ണിയായിരുന്നു അനൗൺസ്മെൻറ്​ നടത്തിയത്. ഒരു ദിവസം അനൗൺസ്​മെൻറ്​നടത്തിയപ്പോൾ അവൻ അറിയാതെ പറഞ്ഞു, ‘ഇന്ന് കൃത്യം അഞ്ചു മണിയ്ക്ക് സി.കെ. ജാനുവിന്റെ ശവസംസ്കാര ചടങ്ങ് നടക്കുന്നതാണ്’ എന്ന്. പെട്ടെന്നുതന്നെ അവൻ തെറ്റ് തിരുത്തി. അന്ന് ഞങ്ങളെല്ലാവരും അതുപറഞ്ഞ് കുറേ ചിരിച്ചു. ഉണ്ണി ‘ഉള്ളാടൻ' സമുദായത്തിൽ പെട്ടയാളായിരുന്നു.

ലോകത്തെവിടെ ആദിവാസികൾ സമരം നടത്തിയാലും അതിൽ എല്ലാ ആളുകൾക്കും ബന്ധമുണ്ട്. സമുദായം തിരിച്ചല്ല സമരത്തെ കാണേണ്ടത്, ഈ ലോകത്തിലുള്ള മനുഷ്യരുടെ നിലനിൽപ്പിന്റെ സമരമായി ഇത്തരം സമരങ്ങളെ കാണുക

നവോത്ഥാനയാത്ര പാലക്കാട് ജില്ലയിലെത്തിയപ്പോൾ ചിറ്റൂർ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിലുള്ള പ്ലാച്ചിമട ഭാഗത്തായിരുന്നു രാത്രി ഞങ്ങൾ താമസിച്ചത്. ഞങ്ങൾ താമസിച്ച വീട്ടിലെ കിണറുവെള്ളം രൂക്ഷഗന്ധത്താൽ മുഖം കഴുകാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാൻറ്​ 2000-ൽ പ്രവർത്തനമാരംഭിച്ചതോടെയാണ് കുടിവെള്ള ക്ഷാമവും മലിനീകരണവും പ്ലാച്ചിമടയിൽ ജനജീവിതത്തെ ബാധിച്ചുതുടങ്ങിയത്​. പ്ലാൻറ്​ പ്രവർത്തിക്കാൻ ദിനം പ്രതി ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭജലം ഊറ്റിയെടുത്തപ്പോൾ പ്രദേശത്തെ കിണറുകളിലെയും, കുളങ്ങളിലെയും ജലനിരപ്പ് താഴുകയും, നീരുറവകൾ വറ്റുകയും ചെയ്തു. കൃഷിക്കുപയോഗിക്കാമെന്നുപറഞ്ഞ് വളമെന്ന പേരിൽ കമ്പനി നൽകിയ മാരകവിഷാംശമുള്ള ഖരമാലിന്യം അവിടുത്തെ മണ്ണിന്റെ ഫലഭൂയിഷ്ഠതയും കൃഷിയും നശിപ്പിച്ചു. മലിനീകരണത്തിന്റെ വ്യാപ്തി വർദ്ധിക്കുകയും ചെയ്തു.

2002 ഫെബ്രുവരിയിൽ കൊക്കക്കോള കമ്പനിക്കെതിരെയും മലിനീകരണത്തിനെതിരെയും ‘ആദിവാസി സംരക്ഷണ സംഘം' കമ്പനിക്കുമുന്നിൽ സൂചനാസമരം നടത്തിയിരുന്നു. ഫാക്ടറി പ്രവർത്തനം മൂലമുണ്ടാകുന്ന മലിനീകരണം, കുടിവെള്ള ക്ഷാമം എന്നിവ സംബന്ധിച്ച് പ്രദേശവാസികൾ അധികാരികൾക്ക് പരാതികൾ നൽകിയിട്ടും മലിനീകരണ ബോർഡ് കമ്പനിയുടെ അനുമതി പുതുക്കി നൽകി. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് പ്രദേശവാസികൾ തയ്യാറെടുപ്പ്​ നടത്തിയത്. ആ സമയത്താണ് നവോത്ഥാനയാത്രയുമായി ഞങ്ങൾ പ്ലാച്ചിമടയിലെത്തിയത്.

പ്രാദേശികമായി നടന്ന നീണ്ട സമരങ്ങൾക്കും, ദേശീയ തലത്തിലുയർന്ന സമ്മർദങ്ങൾക്കും ശേഷമാണ്​ 2004-ൽ കൊക്കകോള കമ്പനി പ്ലാച്ചിമടയിലെ പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.

അവിടുത്തെ ആളുകൾ ഞങ്ങളുമായി സംസാരിച്ചു. പിറ്റേന്ന്​, 2002 ഏപ്രിൽ 22 ന്, കൊക്കക്കോള വിരുദ്ധ സമരം ഞാൻ ഉദ്ഘാടനം ചെയ്തു. കൊക്കക്കോള കമ്പനി പൂട്ടി പ്ലാച്ചിമട വിടുക, മലിനീകരണത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഭൂസമരവുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ ഈ സമരത്തിൽ സജീവമായി പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. പ്ലാച്ചിമടയിലെയും, പരിസര പ്രദേശങ്ങളിലെയും ആദിവാസികളുടെ നേതൃത്വത്തിൽ ‘ആദിവാസി സംരക്ഷണ സംഘം' ആരംഭിച്ച സമരം പിന്നീട് പരിസ്ഥിതി, മനുഷ്യാവകാശ സംഘടനകളും, സാമൂഹ്യ പ്രസ്ഥാനങ്ങളും ഏറ്റെടുത്തു. 2003 ജനുവരിയിൽ മേധാപട്കർ നയിച്ച ‘അയോദ്ധ്യാ മാർച്ച്' പ്ലാച്ചിമടയിൽ നിന്നാരംഭിച്ചതോടെ ദേശീയ- അന്തർദേശീയ തലങ്ങളിൽ പ്ലാച്ചിമട സമരം ശ്രദ്ധയാകർഷിച്ചു.

പ്രാദേശികമായി നടന്ന നീണ്ട സമരങ്ങൾക്കും, ദേശീയ തലത്തിലുയർന്ന സമ്മർദങ്ങൾക്കും ശേഷമാണ്​ 2004-ൽ കൊക്കകോള കമ്പനി പ്ലാച്ചിമടയിലെ പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. വിളയോടി വേണുഗോപാലനും, മയിലമ്മയുമെല്ലാം സമരത്തിൽ സജീവമായിരുന്നു. തുടക്കത്തിൽ ഈ സമരം ആദിവാസി സമരമാണെന്നുപറഞ്ഞ് എല്ലാവരും ഒറ്റപ്പെടുത്തിയിരുന്നു. കൊക്കക്കോള കമ്പനി പൂട്ടിയപ്പോൾ അവിടുത്തെ മണ്ണ് ഫലഭൂയിഷ്​ഠമാകാൻ തുടങ്ങി. നീരുറവകൾ തിരിച്ചുവരാൻ തുടങ്ങി. സമരത്തെ എതിർത്തവർ അവിടെ ഹൈപവറുള്ള പമ്പുസെറ്റുകൾ വെച്ച് ജലം വ്യാപകമായി കൃഷിയിടങ്ങളിലുപയോഗിക്കുന്നു. അതിൽ നിന്ന്​ ആദായമുണ്ടാക്കി, അവരുടെയെല്ലാം മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം കൊടുക്കുന്നു. ഉയർന്ന ജീവിത നിലവാരത്തിൽ കഴിയുന്നു.

സമരത്തിനിറങ്ങിയ ആദിവാസികൾ ഇച്ചിരിയില്ലാത്ത പാത്രത്തിൽ വെള്ളമെടുക്കുന്നു, അതിൽ ഭക്ഷണമുണ്ടാക്കി കഴിക്കുന്നു, തോട്ടിലും പുഴയിലും പോയി കുളിക്കുന്നു. സമരം നടത്തിയ ആളുകളുടെ പങ്കെന്ത്? എതിർത്ത ആളുകളുടെ പങ്കെന്ത്? ലോകത്തെവിടെ ആദിവാസികൾ സമരം നടത്തിയാലും അതിൽ എല്ലാ ആളുകൾക്കും ബന്ധമുണ്ട്. സമുദായം തിരിച്ചല്ല സമരത്തെ കാണേണ്ടത്, ഈ ലോകത്തിലുള്ള മനുഷ്യരുടെ നിലനിൽപ്പിന്റെ സമരമായി ഇത്തരം സമരങ്ങളെ കാണുക. ▮

​​​​​​​(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments