ഒടിഞ്ഞുനുറുങ്ങിയ ശരീരം
​വീണ്ടെടുക്കുന്നു, ജീവൻ

സെല്ലിൽ ഒരാഴ്ച എന്നെ ഇട്ടിരുന്നെങ്കിൽ മുഴുഭ്രാന്തിയായി ഇറങ്ങേണ്ടിവന്നേനെ. ഒറ്റദിവസം കിടന്നപ്പോൾ തന്നെ മാനസികമായി തകർന്ന്, ഒറ്റപ്പെടലിന്റെ കഠിനവേദന അനുഭവിച്ചറിഞ്ഞു. അത്​ പറഞ്ഞറിയിക്കാനാകുന്നതിലുമപ്പുറമായിരുന്നു.

26 (തുടർച്ച)

യിലിലെത്തിയ ആദ്യദിവസം എന്നെ ഒറ്റയ്ക്ക് ഒരു സെല്ലിലാക്കി.
എപ്പോഴും ആളുകൾക്കിടയിലായിരുന്നതുകൊണ്ട് ഒറ്റക്കായപ്പോൾ വല്ലാത്ത മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. രാത്രി ഒരുപോള കണ്ണടച്ചില്ല. മനസ്സിന് വല്ലാത്ത ഭാരവും, വിങ്ങലും. ഒന്നുറക്കെ കരയണമെന്ന് തോന്നിയെങ്കിലും കഴിഞ്ഞില്ല.

ശരീരമാകെ ഒടിഞ്ഞുനുറുങ്ങിയ വേദനയായിരുന്നു. വല്ലാത്ത കനവും, തളർച്ചയും. വേദനയും നീരും കെട്ടി കണ്ണുകൾ തുറക്കാനാകുന്നില്ല. നാക്ക് നീരുവെച്ചുവീർത്ത്​, വായിൽ എന്തോ കുത്തിനിറച്ചതുപോലെ. കഠിനമായ പല്ലുവേദന. പല്ലുകൾ തമ്മിൽ അമർത്താൻ കഴിഞ്ഞില്ല. ചോറു പോലും ചവച്ചരച്ച് കഴിക്കാനാകുന്നില്ല. കഴുത്ത് നീരുവെച്ച് വീർത്തിരുന്നു. കൊടുംവേദനയായതിനാൽ ചോറ് വിഴുങ്ങാനും പറ്റുന്നില്ല. ബ്രഡും, പാലുമാണ് കഴിക്കാൻ തന്നത്. തലയും, കൈയ്യും, കാലും നീരുവെച്ച് വേദനകൊണ്ട് അനക്കാൻ പോലും പറ്റുന്നില്ല. ഒന്നു ചരിഞ്ഞു കിടക്കാൻ പോലും കഴിഞ്ഞില്ല. കിടന്നിടത്തുനിന്ന്​ എഴുന്നേൽക്കാൻ ഒരാളുടെ സഹായം വേണമായിരുന്നു. എഴുന്നേറ്റുനിൽക്കുമ്പോൾ ബാലൻസ് കിട്ടാതെ കുനിഞ്ഞുപോകും.

ഒരു മാസം കഴിഞ്ഞ് ആദ്യമായി എന്നെ ജയിലിൽ കാണാൻ വന്നത് കോഴിക്കോട് പൊറ്റമ്മലുള്ള വാസുവേട്ടനാണ്, എ.വാസു. ഇതിനുമുമ്പ്​ മൂന്നുതവണ വാസുവേട്ടൻ വന്നിരുന്നുവെങ്കിലും ആരെയും കാണാൻ അനുവദിച്ചില്ല.

ഇതോടെ മരിച്ചുപോകും എന്നുതോന്നി. ഈ അവസ്ഥയിൽ സെല്ലിൽ ഒരാഴ്ച എന്നെ ഇട്ടിരുന്നെങ്കിൽ മുഴുഭ്രാന്തിയായി ഇറങ്ങേണ്ടിവന്നേനെ. ഒറ്റദിവസം കിടന്നപ്പോൾ തന്നെ മാനസികമായി തകർന്ന്, ഒറ്റപ്പെടലിന്റെ കഠിനവേദന അനുഭവിച്ചറിഞ്ഞു. അത്​ പറഞ്ഞറിയിക്കാനാകുന്നതിലുമപ്പുറമായിരുന്നു.

ഒരു സെല്ലിൽ കുറെയാളുകളുള്ളതുകൊണ്ട് അവർക്ക് കിടക്കാൻ ബുദ്ധിമുട്ടായിരുന്നു. അഞ്ചാറുപേരെ എന്നോടൊപ്പം വിടാൻ ഞാൻ വാർഡനോട്​ ആവശ്യപ്പെട്ടു. അങ്ങനെ ബത്തേരി കണ്ണംകോട് കോളനിയിലെ ലതയും ഇരട്ടമക്കളായ വിനീതയും, വിഷ്ണുവും, ലതയുടെ അമ്മ മുരിങ്ങയും പോളി, ശാന്ത എന്നിവരും എന്റെ സെല്ലിലേക്ക് വന്നു. ലാത്തിചാർജ്ജിൽ വിഷ്ണുവിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ടായിരുന്നു. തല അടിച്ചു പൊട്ടിച്ചപ്പോൾ ആ കുഞ്ഞ് എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാവും. അ​തോർത്തപ്പോൾ എന്റേത്​ വലിയ വേദനയായി തോന്നിയില്ല. കുഞ്ഞുങ്ങൾ സഹിച്ച വേദനയുടെ നാലിലൊന്നുപോലും ഞാനനുഭവിച്ചിട്ടുണ്ടാവില്ല. കുട്ടികളുടെ കളിച്ചിരി കണ്ടപ്പോൾ കുറെ വിഷമമൊക്കെ മാറി.

ഒരു മാസം കഴിഞ്ഞ് ആദ്യമായി എന്നെ ജയിലിൽ കാണാൻ വന്നത് കോഴിക്കോട് പൊറ്റമ്മലുള്ള വാസുവേട്ടനാണ്, എ.വാസു. ഇതിനുമുമ്പ്​ മൂന്നുതവണ വാസുവേട്ടൻ വന്നിരുന്നുവെങ്കിലും ആരെയും കാണാൻ അനുവദിച്ചില്ല. വാസുവേട്ടൻ എനിക്ക് നൈറ്റിയും പാവാടയും സാരിയും ചെരുപ്പും കൊണ്ടുതന്നു. പിന്നെപ്പിന്നെ വരുന്നവരെല്ലാം നൈറ്റിയും പാവാടയും സാരിയും തോർത്തുമെല്ലാം കൊണ്ടുവരാൻ തുടങ്ങി. ആദ്യത്തെ ഒരു മാസം മാത്രമാണ്​ മാറ്റാൻ വസ്ത്രമില്ലാതെ ബുദ്ധിമുട്ടിയത്.

എ. വാസു / Photo: Wikimedia

തുണികൾ ജയിലിൽ കൂടെയുണ്ടായിരുന്നവർക്കെല്ലാം കൊടുത്തു. രണ്ട് തമിഴ് സ്ത്രീകളെ ആ സമയം ജയിലിൽ കൊണ്ടുവന്നിരുന്നു. പൊലീസ് മർദ്ദിച്ചതിന്റെ പാടുകൾ അവരുടെ ശരീരത്തിലുണ്ടായിരുന്നു. ഉടുത്തിരുന്ന വസ്ത്രം മാത്രമായിരുന്നു അവർക്കുണ്ടായിരുന്നത്. ഞാൻ അവർക്ക് വസ്ത്രങ്ങൾ കൊടുത്തു. ജയിലിൽ എനിക്കും ഗീതാനന്ദനും വൈദ്യസഹായം നൽകാൻ മനഃപൂർവ്വം വൈകിപ്പിച്ചു. വാസുവേട്ടൻ വന്നപ്പോൾ എന്റെ ശരീരമെല്ലാം നീരു വെച്ചിരിക്കുകയായിരുന്നു. രക്തം കട്ടപിടിച്ച്, ശരീരത്തിൽ കറുത്തപാടുകൾ കണ്ട്​ അദ്ദേഹം സൂപ്രണ്ടിനോട് അനുവാദം വാങ്ങി കുറച്ചു കുഴമ്പുവാങ്ങിത്തന്നു. ഞാൻ ബക്കറ്റിൽ വെള്ളം നിറച്ച് വെയിലത്ത് വെക്കും, ചൂടാവുമ്പോൾ കുഴമ്പുതേച്ച് കുളിക്കും. ഒന്നരമാസം കഴിഞ്ഞപ്പോൾ നീര് കുറച്ച്​ വലിഞ്ഞു. ജയിലിൽ ഡോക്ടർ പരിശോധനിച്ച്​ ഗുളിക തരുമായിരുന്നു. പിന്നെ എന്നെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ കൊണ്ടുപോയി പരിശോധന നടത്തി.

എല്ലാവരുടെയും മുഖം ഓർമയിൽ വരുമെങ്കിലും അവരുടെയൊന്നും പേര്​കിട്ടില്ല. വീട്ടിലുള്ളവരുടെ പേരുപോലും പറയാൻ കഴിയാതായപ്പോഴാണ്, ഓർമ നഷ്ടപ്പെടുന്നു എന്ന്​ ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഒന്നരമാസമായിട്ടും ഓർമ ശരിയായില്ല. ചെവിയും ശരിക്ക് കേൾക്കാതായി.

നല്ല ഓർമക്കുറവുണ്ടായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ നമ്മുടെ ആളുകളെകുറിച്ചും വീട്ടിലുള്ളവരെക്കുറിച്ചും ചോദിക്കും, അപ്പോൾ എല്ലാവരുടെയും മുഖം ഓർമയിൽ വരുമെങ്കിലും അവരുടെയൊന്നും പേര്​കിട്ടില്ല. വീട്ടിലുള്ളവരുടെ പേരുപോലും പറയാൻ കഴിയാതായപ്പോഴാണ്, ഓർമ നഷ്ടപ്പെടുന്നു എന്ന്​ ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഒന്നരമാസമായിട്ടും ഓർമ ശരിയായില്ല. ചെവിയും ശരിക്ക് കേൾക്കാതായി. അവസാനം എം.ആർ.ഐ സ്കാൻ ചെയ്തപ്പോൾ തലയും ചെവിയും നിറയെ നീരാണെന്ന് മനസ്സിലായി. തലയിലെ ഞരമ്പുകൾക്കെല്ലാം വല്ലാതെ ചതവുപറ്റിയിട്ടുണ്ട്. ഇത്​ മാറാൻ മൂന്നുമാസമെടുക്കുമെന്ന് ഡോക്ടർ പറഞ്ഞു. മൂന്നു മാസവും ജയിലിൽ ചികിത്സയിലായിരുന്നു. വനിതാ എസ്.ഐ പ്രമീളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിൽനിന്ന് ആശുപത്രിയിലേക്കും, കോടതിയിലേക്കും കൊണ്ടുപോയിരുന്നത്. അവർ എന്നോട് നല്ല രീതിയിലാണ്​ പെരുമാറിയിരുന്നത്​.

ജയിലിൽ ആരെങ്കിലും കാണാൻ വരുമ്പോൾ മാത്രമാണ് ഞാനും ഗീതാനന്ദനും പരസ്പരം കണ്ടിരുന്നത്. കഠിനവേദനയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗീതാനന്ദന്റെ മൂന്ന് വാരിയെല്ലുകൾ പൊലീസ്​ മർദ്ദനത്തിൽ പൊട്ടിയതായി അറിഞ്ഞത്​. നാഷനൽ കമീഷൻ ഫോർ വിമൻ ചെയർപേഴ്​സൺ ഡോ. പൂർണിമ അദ്വാനി ജയിലിലെത്തി ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ദേശീയ പട്ടികജാതി- പട്ടികവർഗ കമീഷനും ഞങ്ങളെ സന്ദർശിച്ചു.

ഗീതാനന്ദൻ, സി.കെ. ജാനു എന്നിവർ മുത്തങ്ങ സംഭവത്തിന് ശേഷം റിമാന്റിൽ കഴിയവെ

15 ദിവസം കഴിഞ്ഞപ്പോൾ കുറച്ചു സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചു. ആ കൂട്ടത്തിൽ ആറുമാസം പ്രായമുള്ള കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ അമ്മ കണ്ണൂർ സെൻട്രൽ ജയിലിലാണ്​. ചെമ്മാട് കോളനിയിലെ ചിക്കിയമ്മയാണ് ആ കുട്ടിയെ നോക്കിയിരുന്നത്. മുന്നറിയിപ്പില്ലാതെ പൊലീസ്​ വെടിവെച്ചപ്പോൾ കുട്ടികളും രക്ഷിതാക്കളും ചിതറിപ്പോയിരുന്നു. കുഞ്ഞുങ്ങളെയും രക്ഷിതാക്കളെയും വേറെ വേറെ ജയിലുകളിലേക്കാണ് അയച്ചത്. അതുതന്നെ വലിയൊരു മനുഷ്യാവകാശലംഘനമായിരുന്നു. രക്ഷിതാക്കളെ കാണാതെ കുഞ്ഞുങ്ങൾ പകച്ചുപോയി. അവരുടെ കുഞ്ഞുകണ്ണുകൾ അമ്മമാർക്കായി തിരഞ്ഞു. കുഞ്ഞുങ്ങൾ ജീവനോടെയുണ്ടോ എന്നറിയാതെ അമ്മമാർ നീറിനീറി കഴിയുകയായിരുന്നു. കുഞ്ഞുങ്ങൾക്ക് മുല കൊടുക്കാൻ കഴിയാതെ അമ്മമാർ ഹൃദയംപൊട്ടി ചാവാതിരുന്നത് ഭാഗ്യം.

സമരത്തിൽ പങ്കെടുക്കാൻ മുത്തങ്ങയിലേക്ക്​ വന്നവരെല്ലാം, അവരുടെ കൈവശമുണ്ടായിരുന്നതെല്ലാം കൈയിൽ കരുതിയിരുന്നു​. ഇവയെല്ലാം പൊലീസ്​ തീയിട്ട് നശിപ്പിച്ചു. അതുകൊണ്ട്, ഒന്നുമില്ലാതെ എങ്ങ​നെ മടങ്ങും എന്നത്​ അവരുടെ മുന്നിൽ ഒരു ചോദ്യചിഹ്​നമായി.

ഗോത്രമഹാസഭയുടെ എല്ലാ ആളുകളെയും വിട്ടയക്കാതെ കോളനികളിലേക്ക് മടങ്ങില്ലെന്ന് ജാമ്യം കിട്ടിയ സ്ത്രീകളെല്ലാവരും പറഞ്ഞു. സമരത്തിൽ പങ്കെടുക്കാൻ മുത്തങ്ങയിലേക്ക്​ വന്നവരെല്ലാം, അവരുടെ കൈവശമുണ്ടായിരുന്നതെല്ലാം കൈയിൽ കരുതിയിരുന്നു​. ഇവയെല്ലാം പൊലീസ്​ തീയിട്ട് നശിപ്പിച്ചു. അതുകൊണ്ട്, ഒന്നുമില്ലാതെ എങ്ങ​നെ മടങ്ങും എന്നത്​ അവരുടെ മുന്നിൽ ഒരു ചോദ്യചിഹ്​നമായി. വാസുവേട്ടനും ആദിവാസി സമരസഹായസമിതി പ്രവർത്തകരും ഇടപെട്ടതിനെത്തുടർന്ന് കലക്ടറുടെ നേതൃത്വത്തിൽ, സ്ത്രീകളെയും കുട്ടികളെയും പുരുഷൻമാർ ജാമ്യത്തിലിറങ്ങുന്നതുവരെ പനമരത്തെ പ്രീമെട്രിക് ഹോസ്റ്റലിലും, കൽപ്പറ്റ അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലും താമസിപ്പിച്ചു. അവിടെയും ചില രാഷ്ട്രീയ പ്രവർത്തകർ എത്തി, സർക്കാരിന്റെ ഭക്ഷണം കഴിച്ച് ഹോസ്റ്റലിൽ തന്നെ കൂടിയാൽ മതിയോ എന്നുചോദിച്ച് അപമാനിച്ചു. ഓരോരുത്തരെ മാറ്റിനിർത്തി ഭീഷണിപ്പെടുത്തി. ഓരോന്നും പറഞ്ഞ് സ്ത്രീകളെയും കുട്ടികളെയും കോളനികളിലേക്ക് പറഞ്ഞുവിട്ടു.

മുത്തങ്ങ സംഭവത്തിൽ അറസ്റ്റിലായ സ്ത്രീകളും കുട്ടികളും / Photo: K.K. Santhosh

ജയിലിൽ അതിരാവിലെ ചായ കൊണ്ടുവരും. രാവിലെ ആറിന്​ എഴുന്നേൽക്കണം. വാർഡൻ വന്ന് എണ്ണമെടുത്ത ശേഷം പ്ലെയിറ്റും ഗ്ലാസും കഴുകി നിരത്തിവെക്കും. ഏഴരയാകുമ്പോൾ ചപ്പാത്തിയും കടലക്കറിയും ചായയും കൊണ്ടുവരും, അല്ലെങ്കിൽ ഗോതമ്പിന്റെ ഉണ്ട പുഴുങ്ങിയതുണ്ടാകും. ഇത് അവരവരുടെ സെല്ലിൽ കൊണ്ടുവെച്ച് അലക്കാനും കുളിക്കാനും പോകും. ആകെ രണ്ടു കക്കൂസാണുണ്ടായിരുന്നത്. അതുകൊണ്ട്​ ക്യൂ നിൽക്കണം. ഇതെല്ലാം കഴിഞ്ഞെത്തുമ്പോൾ ഒമ്പതുമണിയാകും. ഭക്ഷണം കഴിച്ചശേഷം എല്ലാവരും വെറുതെയിരിക്കും. ഉച്ചക്ക് 12 മണിയാകുമ്പോൾ ഭക്ഷണമെത്തും. ചോറും കറിയും മീൻ വറുത്തതും ആഴ്ചയിൽ ഒരു ദിവസം ഇറച്ചിയും ഉണ്ടാവും. മിക്ക ദിവസങ്ങളിലും മട്ടൻ ആയിരിക്കും. രാത്രിഭക്ഷണം വൈകുന്നേരം കൊണ്ടുവരും. ചോറിനോടൊപ്പം ഏത്തവാഴക്കയും കപ്പയും ചേർത്തുള്ള പുഴുക്കുണ്ടാകും. പുരുഷന്മാരായ ജയിൽ പുള്ളികളാണ് ഭക്ഷണം കൊണ്ടുതരിക. ഓരോരുത്തർക്കും പ്ലെയിറ്റും ഗ്ലാസും മൊന്തയുമുണ്ട്​. അത് കഴുകി ഭക്ഷണത്തിന്​ നിരത്തിവെക്കണം. അതിനുശേഷം എല്ലാവരും സെല്ലിൽ കയറും. വിളമ്പിയാൽ ഓരോരുത്തർ അവരവരുടെ പാത്രങ്ങളെടുക്കും. അഞ്ചു മണിയാകുമ്പോൾ എല്ലാവരും സെല്ലിൽ കയറിയിരിക്കണം. ചമ്രംപടിയിട്ട് എല്ലാവരെയും ഒന്നിനുപുറകെയിരുത്തി വാർഡൻ എണ്ണമെടുക്കും. രാത്രി എട്ടിന്​ഭക്ഷണം കഴിക്കും. ജയിലിനുള്ളിൽ നല്ല ചൂടായതുകൊണ്ട് പായ വിരിക്കാതെ വെറും നിലത്താണ് കിടക്കുക.

തടവുകാരിൽ ഞങ്ങളൊഴിച്ചുള്ളവർ മോഷണക്കേസിലും ചാരായവും കഞ്ചാവും വിറ്റ കേസിലും പെട്ടവരും വേശ്യാവൃത്തിയിൽ ഏർപ്പെട്ടവരുമൊക്കെയായിരുന്നു. ജയിലിൽ ഒരു പെൺ ദാദയുണ്ടായിരുന്നു, സുഹറ. റൂമും മുറ്റവുമെല്ലാം അടിച്ചുവാരി തുടക്കണമെന്ന്​ അവൾ ഞങ്ങളോടു പറഞ്ഞു. അവൾ പറയുന്നപോലെയൊന്നും ചെയ്യണ്ട എന്ന് ഞാൻ നമ്മുടെ ആളുകളോട് പറഞ്ഞു. സൂപ്രണ്ടിനോട് ഞാനിക്കാര്യം പറഞ്ഞു. ഇവർ സമരക്കാരാണ് എന്നും പണിയെടുപ്പിക്കേണ്ടെന്നും സൂപ്രണ്ട്​ സുഹറയോട് പറഞ്ഞു. പിന്നെ, സുഹറയും ഞാനും കൂട്ടായി. വനിതാ ബ്ലോക്കിൽ എല്ലാവരെയും തുറന്നുവിടുന്നതുകൊണ്ട് മറ്റുള്ള പ്രതികളുമായും ഞങ്ങൾ കൂട്ടായി.

മോഷണത്തിന്റെ പേരിൽ 12 വർഷം തടവുശിക്ഷ കിട്ടിയ ഒരു സ്ത്രീയുണ്ടായിരുന്നു. അവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവൾ മുസ്​ലിം ആയിരുന്നു. ഒരു ക്രിസ്​ത്യൻ യുവാവുമായി അവൾ പ്രണയത്തിലാകുകയും വീട്ടിൽ നിന്നിറങ്ങിപ്പോയി അവനെ കല്ല്യാണം കഴിക്കുകയും ചെയ്​തു. കുട്ടികളായപ്പോൾ വഴക്കും പ്രശ്‌നങ്ങളുമായി. അവൻ അവളെ ഉപേക്ഷിച്ചുപോയി. അവൾക്ക്​ വീട്ടുകാരുടെ സഹായമുണ്ടായിരുന്നില്ല. കുട്ടികളെ നോക്കേണ്ട ചുമതല അവളിലായി. എളുപ്പം പണമുണ്ടാക്കാൻ അവൾ ഒരു മോഷണസംഘത്തിൽ ചേർന്നു. ബസ് സ്റ്റാൻഡിലും, സ്ത്രീകൾ കൂടിനിൽക്കുന്നിടങ്ങളിലും പോയി നിന്ന് അവരുമായി ലോഹ്യം കൂടും. ഇങ്ങനെ സംസാരിച്ചു നിൽക്കുമ്പോൾ ഇവരുടെ അടുത്തേക്ക് ഒരു കാർ വരും. തന്നെ കൂട്ടാൻ വന്നതാണ് എന്നും, താൻ അതുവഴിയാണ് പോകുന്നത് എന്നും ഇവരെയും അവിടെയിറക്കാം എന്നും പറഞ്ഞ് ലോഹ്യം കൂടിയ സ്ത്രീയെ കാറിൽ കയറ്റും. എന്നിട്ട്, മയക്കുമരുന്നു കലർത്തിയ ജ്യൂസ് കൊടുത്ത് ബോധം കെടുത്തി സ്വർണവും പണവും എടുത്തശേഷം അവരെ വഴിയിലുപേക്ഷിച്ച് കടന്നുകളയും. കാറിൽ വേറെ ആണുങ്ങളുമുണ്ടാവും. സ്ത്രീകൾക്ക് കുറച്ച് പണം കൊടുത്ത് ബാക്കി ആണുങ്ങൾ എടുക്കുകയാണ് ചെയ്യുന്നത്. അവളുടെ കേസിൽ മൂന്ന് പ്രതികളുണ്ടായിരുന്നു. ഒന്നാം പ്രതി ഒരു പുരുഷനാണ്. അയാളെ പൊലീസിന് പിടികിട്ടിയില്ല. രണ്ടാം പ്രതിയായിരുന്നു ഇവൾ. മൂന്നാം പ്രതിയും സ്ത്രീയായിരുന്നു, അവരെ വെറുതെ വിട്ടു.

പുരുഷന്മാരുടെയും സ്​ത്രീകളുടെയും സെല്ലുകൾ ഒരു മതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമാണ്. പുരുഷൻമാരുടെ സെല്ലിൽ നിന്ന്​ കടലാസിൽ ബീഡി ചെറിയ കല്ലു കൂട്ടി പൊതിഞ്ഞ് വനിതാസെല്ലിലേക്ക് എറിഞ്ഞുതരികയാണ്​ ചെയ്യുക.

മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളെ ജയിലിലാണ് ആദ്യമായി കാണുന്നത്. ജയിലിലെ ഒരു തടവുകാരിക്ക് ഓരോ ദിവസം ഇടവിട്ട് അവരുടെ സുഹൃത്തുക്കൾ നൈറ്റി കൊണ്ടുവരും. ഇവരെന്താ നൈറ്റി മാത്രം കൊണ്ടുവരുന്നത്, വേറെയൊന്നും കാണുന്നുമില്ല- എനിക്ക്​ സംശയമായി. ഞാൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങി. നൈറ്റി വെറുതെ ഒന്ന് കുടഞ്ഞുനോക്കി ജയിൽ അധികൃതർ തടവുകാരിക്ക് കൊടുക്കും. അവരത് കൊണ്ടുപോയി നൈറ്റിയുടെ കഴുത്തിന്റെ സൈഡിലെ തുന്നഴിച്ച് ഒരു ചെറിയ കടലാസ് പൊതി എടുക്കുന്നത് ഞാൻ കണ്ടു. അതിൽ പൊടിയായിരുന്നു. അതെന്താണെന്ന് ഞാനവളോട് ചോദിച്ചു. ബ്രൗൺഷുഗർ ആണെന്ന് അവൾ പറഞ്ഞു. ഇത്​ കിട്ടിയാൽ, ഒരു തുണി കീറി തിരിയാക്കി, തലയിൽ തേക്കാൻ കൊടുത്ത വെളിച്ചെണ്ണയിൽ മുക്കി കത്തിക്കും. ചായ ഗ്ലാസ് കമിഴ്ത്തി വെച്ച് അതിന്റെ മുകളിൽ കത്തിച്ച തിരി വക്കും. ബീഡി പോലെ ചുരുട്ടാൻ പാകത്തിന് കട്ടിയുള്ള പേപ്പറിലേക്ക് ബ്രൗൺഷുഗർ ഇട്ടശേഷം തിരിയുടെ മുകളിൽ വച്ച്​ ചൂടാക്കും. പേപ്പർ ചൂടായാൽ പൊടി ഉരുകിപ്പരന്ന് കറുപ്പുനിറമാകും. ആ പേപ്പർ ബീഡി പോലെ ചുരുട്ടി ബാത്ത്‌റൂമിൽ കയറി കതകടച്ചശേഷം വലിക്കും. അതുകഴിഞ്ഞാൽ അവൾക്ക് വലിയ സന്തോഷമാണ്. എല്ലാവരോടും ചിരിച്ചുകളിച്ച് ലോഹ്യം പറയും. അത്​ കിട്ടിയില്ലെങ്കിൽ കാണുന്നവരോടെല്ലാം വല്ലാത്ത ദേഷ്യമായിരിക്കും. ഇടക്കിടെ മയക്കുമരുന്ന് കിട്ടുന്നതുകൊണ്ട് അവൾക്ക്​ കാര്യമായ ആക്രമണ സ്വഭാവമില്ലായിരുന്നു. എന്നാൽ, ഇത് കിട്ടാത്തതുകൊണ്ട് ഭയങ്കര ആക്രമണ സ്വഭാവമുള്ള ഒരു സ്ത്രീയെ ഒറ്റക്കൊരു സെല്ലിൽ ഇട്ടിരുന്നു. പാത്രവും ഗ്ലാസുമെല്ലാം അവൾ വലിച്ചെറിയും. അപ്പോൾ ജയിൽ അധികൃതർ നന്നായി അടിക്കും. ബ്രൗൺഷുഗർ ആദ്യമായി കാണുന്നതും അതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും മനസ്സിലാക്കിയത് ജയിലിൽ നിന്നാണ്.

പുരുഷന്മാരുടെയും സ്​ത്രീകളുടെയും സെല്ലുകൾ ഒരു മതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമാണ്. പുരുഷൻമാരുടെ സെല്ലിൽ നിന്ന്​ കടലാസിൽ ബീഡി ചെറിയ കല്ലു കൂട്ടി പൊതിഞ്ഞ് വനിതാസെല്ലിലേക്ക് എറിഞ്ഞുതരികയാണ്​ ചെയ്യുക. ആദ്യം പുരുഷന്മാരുടെ സെല്ലിൽ നിന്ന്​ ഒരു ചെറിയ കല്ലെറിയും. അപ്പോൾ ആവശ്യക്കാരായ സ്ത്രീകൾ അപ്പുറത്തേക്കും കല്ലെറിയും. അങ്ങനെ ആളുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് കടലാസിൽ പൊതിഞ്ഞ ബീഡി എത്തുക. പ്രേമലേഖനങ്ങളും ഇതുപോലെ കടലാസിൽ കല്ലുപൊതിഞ്ഞ് എറിയും. മറുപടിയും ഇതുപോലെത്തന്നെയാണ്​ എത്തുക. ഇങ്ങനെ പ്രേമലേഖനങ്ങൾ കൈമാറി, ജയിലിൽ നിന്നിറങ്ങിയ ശേഷം കല്ല്യാണം കഴിച്ചവരുമുണ്ട്.

ഒരു ദിവസം കുടിലും ആദിവാസികളും ഉള്ള ചിത്രം വരച്ച് ആരോ ഇതുപോലെ എറിഞ്ഞു. അപ്പോൾ അവിടെയുള്ളവർ പറഞ്ഞു, ജാനേച്ചി, ഇത് നിങ്ങൾക്കുള്ളതാണ്. എന്റെ അഭിപ്രായം തിരിച്ചെഴുതാനും പറഞ്ഞിരുന്നു.
ഞാൻ തിരിച്ചൊന്നും എഴുതിയില്ല.

താൻ ജയിലിലേക്ക് തിരിച്ചുവരുന്നത് സമാധാനമായി കിടന്നുറങ്ങാൻ വേണ്ടിയാണെന്നായിരുന്നു അവളുടെ മറുപടി. ജയിൽ ഒരു ഭീകരസ്​ഥലമാണ്​ എന്നാണ്​ എല്ലാവരും കരുതുന്നത്, പക്ഷെ അതിലും ഭീകരതയാണ് പുറത്ത്.

വേശ്യാവൃത്തി നടത്തുന്നവരെ ഏഴുദിവസത്തേക്കാണ്​ റിമാൻഡ് ചെയ്യുക. ജാമ്യത്തിലിറക്കാൻ ആരെങ്കിലും വന്നാൽ നേരത്തെ വിടും. അല്ലെങ്കിൽ ഏഴുദിവസം കഴിഞ്ഞ് തനിയെ വിടും. എന്നാലും അവർ വീണ്ടും വരുന്നതു കാണാം. ഞാനവിടെയുണ്ടായിരുന്ന സമയത്ത് ഒരു ചെറിയ പെൺകുട്ടിയെ കൊണ്ടുവന്നു. വേശ്യാവൃത്തി നടത്തുന്നുവെന്നുപറഞ്ഞാണ് അവളെ കൊണ്ടുവന്നത്. ഞാൻ അവളോട്​ സംസാരിച്ചു. അവളുടെ വീട്ടിൽ രണ്ടാനമ്മയാണുള്ളത്. അവരുടെ ഉപദ്രവം സഹിക്കാവുന്നതിലപ്പുറമായിരുന്നു. ടെലഫോൺ ബൂത്തിൽ ജോലി ചെയ്തിരുന്ന അവൾ ഒരു ചെക്കനുമായി സ്നേഹത്തിലാകുകയും അവനോടൊപ്പം ഇറങ്ങിപ്പോകുകയും ചെയ്​തു. അവർ ഒരു ലോഡ്ജിലാണ്​ താമസിച്ചത്​. പൈസ തീർന്നപ്പോൾ അവൻ അവളെ മറ്റുള്ളവർക്കൊപ്പം വിട്ട്​ മുങ്ങി. ലോഡ്ജ് റൂമിൽനിന്നാണ്​ പൊലീസ് അവളെ പിടിച്ചത്​. പിന്നീട് നന്നായി ജീവിക്കാനാഗ്രഹിച്ചുവെങ്കിലും നടന്നില്ല. ആണുങ്ങളുടെ ശല്യം കൂടി വന്നു. വീണ്ടും പീഢനത്തിനിരയാകേണ്ടിവന്നു.

ഇത്തരം തൊഴിലിന് പോകരുത്, കൂലിപ്പണിയെടുത്താണെങ്കിലും ജീവിക്കണമെന്ന് ഞാനവളോടുപറഞ്ഞപ്പോൾ അവൾ എന്നോടു പറഞ്ഞു; ഒരു പ്രാവശ്യം ഇതുപോലെയുള്ള അബന്ധത്തിൽ പെട്ടാൽ പിന്നീട് സ്വൈര്യമായി ജീവിക്കാൻ വിടില്ല എന്ന്​. ഞാൻ ജയിലിൽനിന്ന്​ പോകുന്നതുവരെ, ഇത്തരം പ്രശ്‌നത്തിന്റെ പേരിൽ വീണ്ടും ജയിലിലേക്ക് വരരുത്​ എന്ന്​ അവളോടുപറഞ്ഞു. താൻ ജയിലിലേക്ക് തിരിച്ചുവരുന്നത് സമാധാനമായി കിടന്നുറങ്ങാൻ വേണ്ടിയാണെന്നായിരുന്നു അവളുടെ മറുപടി. ജയിൽ ഒരു ഭീകരസ്​ഥലമാണ്​ എന്നാണ്​ എല്ലാവരും കരുതുന്നത്, പക്ഷെ അതിലും ഭീകരതയാണ് പുറത്ത്.

ആരും സ്വയം ഇത്തരം തൊഴിലിലേക്ക്​ വരുന്നതല്ല, ഇവരെ സൃഷ്ടിക്കുന്നത് മാന്യൻമാർ എന്ന് പറഞ്ഞുനടക്കുന്ന ചില പുരുഷൻമാർ തന്നെയാണ് എന്നാണ്​ ഈ പെൺകുട്ടിയുടെ അനുഭവത്തിൽനിന്ന്​ എനിക്ക്​ മനസ്സിലായത്​. സ്​ത്രീകളെ ആക്രമിക്കുന്ന പുരുഷന്മാരാണ്​ ഭീകരന്മാർ, അവരെയാണ് ആദ്യം അറസ്റ്റ് ചെയ്ത് ജയിലിലിടേണ്ടത്. വേശ്യാവൃത്തി നടത്തിയെന്നുപറഞ്ഞ് രാത്രി പൊലീസ് പിടിച്ചു കൊണ്ടുവരുന്നവരെ ചില പൊലീസുകാർ നേരെ ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം രാവിലെയാണ് ജയിലിൽ കൊണ്ടാക്കുന്നതെന്ന് അവൾ എന്നോട് പറഞ്ഞു.

സമരക്കാർ ജയിലിലെത്തിയപ്പോൾ പുതിയ ബക്കറ്റും കപ്പും പായയും കൊണ്ടുവന്നു. പൊട്ടിപ്പൊളിഞ്ഞ ടാങ്ക്​ നന്നാക്കി. ഫ്യൂസടിച്ച ബൾബെല്ലാം മാറ്റിയിട്ടു. നിങ്ങൾ ഇടക്കിടക്ക് ഇവിടേക്ക് വരണം എന്ന്​ അവിടെയുള്ള സ്ത്രീകൾ പറഞ്ഞു. ഓരോ തവണയും റിമാൻറ്​ കാലാവധി നീട്ടിക്കൊണ്ടിരുന്നതിനാൽ മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ജാമ്യം കിട്ടിയത്. ഇനിയും തിരിച്ചുവരുമെന്ന്​ അവിടെയുള്ള സ്ത്രീകളോടു പറഞ്ഞ്, ഞാനും ലതയും മക്കളും അമ്മയും ശാന്തയും പോളിയും പുറത്തിറങ്ങി.

മുത്തങ്ങയിൽ പോയവർക്ക് സ്വന്തം ശരീരം മാത്രമാണ് തിരിച്ചുകിട്ടിയത്. ഞങ്ങൾ കൊണ്ടുപോയ പാത്രങ്ങളും വസ്ത്രങ്ങളും അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളും വരെ പൊലീസ്​ പെട്രോളൊഴിച്ച്​ കത്തിച്ചുകളഞ്ഞിരുന്നു.

ഞങ്ങൾ ജയിലിലായിരുന്നപ്പോൾ ആദിവാസികൾക്ക് നിയമസഹായം നൽകാൻ എന്ന പേരിൽ പല സംഘടനകളും പിരിവുനടത്തി കാശുണ്ടാക്കിയിരുന്നു. എന്നാൽ ആദിവാസികളുടെ ഒരു കേസുപോലും അവർ ഏറ്റെടുത്തിരുന്നില്ല. കേസിന്റെ ആവശ്യത്തിന് അരുന്ധതിറോയി സാമ്പത്തികമായി ഞങ്ങളെ സഹായിച്ചു. ആക്ഷൻ കമ്മിറ്റിയുടെ കൈയ്യിലാണ് തുക കൊടുത്തത്​. ഞങ്ങളെ ജാമ്യത്തിലിറക്കുന്നതിന്​ തൃശൂരിലെ മാമൻ മാഷും ഇടുക്കിയിലെ ഉപദേശിയും ജോഷിയുമാണ് ഓടിനടന്ന് കാര്യങ്ങൾ ചെയ്തത്. ജാമ്യം കിട്ടിയശേഷം ഞാൻ കൊയിലാണ്ടിയിലേക്ക് പോയി. അവിടെ മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് പൊതുപ്രവർത്തകരുടെ സ്വീകരണം ഉണ്ടായിരുന്നു. അതുകഴിഞ്ഞ് കുറ്റ്യാടി വഴി വയനാട്ടിലേക്ക് വന്നു. ജയിലിൽ നിന്നിറങ്ങിയവരെല്ലാം ചാലിഗദ്ദ കോളനിയിൽ വന്നു. അന്ന്​ നേരം വെളുക്കുന്നതുവരെ ആരും ഉറങ്ങിയില്ല. എല്ലാവരും പൊലീസ് പിടിച്ചതും അടിച്ചതും ജയിലിലെ അനുഭവങ്ങളും പറഞ്ഞിരുന്നു. ഫോറസ്റ്റ് ഗസ്റ്റ്​ഹൗസിലും പൊലീസ് സ്റ്റേഷനിലും റാഗിങ്ങിനിരയായ കഥകളൊക്കെ പലരും പങ്കുവച്ചു.

മുത്തങ്ങ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞും

ചായക്കടയിൽ ചായ ആറ്റുന്നതുപോലെ കാണിക്കാൻ പറഞ്ഞു. അതുപോലെ കാണിച്ചപ്പോൾ, അങ്ങനെ പോരാ, ചായ ആറ്റുമ്പോഴുള്ള ശബ്ദത്തോടെ അഭിനയിച്ചു കാണിക്കാൻ പറഞ്ഞുവത്രേ. പൊറോട്ട അടിക്കുന്നതുപോലെ കാണിക്കാനും, കസേരയില്ലാതെ കസേരയിലിരിക്കാനും ആവശ്യപ്പെട്ടു. ഒരു വൃദ്ധനോട് പാട്ടുപാടാൻ പറഞ്ഞു. അദ്ദേഹം, ‘സടക്ക വത്തിരിക്കെ, ഉനക്ക് വത്തിരിക്കെ, കറുത്ത കോഴി മുളകു കൂട്ടി പൊരിച്ചു വത്തിരിക്കെ' എന്ന തമിഴ് സിനിമാപാട്ട്​ പാടി. ആ പാട്ടിനനുസരിച്ച് മറ്റുള്ളവരോട് ഡാൻസ് ചെയ്യാൻ പറഞ്ഞു. തീവണ്ടിയോടുന്ന പോലെ കാണിക്കാൻ പറഞ്ഞ്, ഓരോരുത്തരെയും ഓരോ ബോഗിയായി നിർത്തി.

ബത്തേരിയിൽ നിന്ന് നമ്മുടെ ആളുകളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുവരുന്ന വഴി രണ്ട് പൊറോട്ട കഴിക്കാൻ കൊടുത്തു. അതു കഴിച്ചശേഷം അടുത്തിരുന്ന ആളെ അടിക്കാൻ പറഞ്ഞു. പൊലീസ്​ പറഞ്ഞതനുസരിച്ച് ചെറുതായി​ട്ടൊന്നു തല്ലിയപ്പോൾ ശക്തിയായി അടിക്കാനാവശ്യപ്പെട്ടു. ഗതികേടുകൊണ്ട് പരസ്പരം മർദ്ദിക്കേണ്ടി വന്നതെല്ലാം ആളുകൾ പറഞ്ഞു. തങ്ങളിൽനിന്ന്​ പിടിച്ചെടുത്ത റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, വാച്ച് തുടങ്ങിയവ ജയിലിൽ നിന്നിറങ്ങിയപ്പോൾ പലരും തിരിച്ചുചോദിച്ചു. അപ്പോൾ പൊലീസുകാർ ചീത്തവിളിക്കുകയാണുണ്ടായതെന്ന്​ അവർ പറഞ്ഞു.

​ആദിവാസികൾ ഇനിയൊരിക്കലും സമരത്തിനോ മറ്റു പരിപാടികൾക്കോ രംഗത്ത് വരില്ല എന്നായിരുന്നു ഭൂരിഭാഗം ജനങ്ങളും വിചാരിച്ചിരുന്നത്. പക്ഷെ, എല്ലാ ആദിവാസികളും പ്രകടനത്തിൽ അണിനിരന്നു. ഭീകരമർദ്ദനത്തിനിരയാകേണ്ടി വന്നതിന്റെ പേരിലോ ജയിലിൽ പോയതിന്റെ പേരിലോ ആരും മാറിനിന്നില്ല.

ചാലിഗദ്ദ കോളനിയിൽ നിന്ന്​ പിറ്റേന്നാണ് എല്ലാവരും കോളനിയിലേക്ക് പോയത്. ജയിലിൽ നിന്ന്​ വന്നവർക്ക് ചാലിഗദ്ദ കോളനിയിൽ തിരുമൽ ചികിത്സാക്യാമ്പ് നടത്തിയിരുന്നു. തൃപ്പൂണിത്തറയിൽ നിന്ന്​ ഡോക്ടർമാരും നേഴ്‌സുമാരും വന്നു. ഒരു മാസം ചികിത്സയുണ്ടായിരുന്നു. കോട്ടയം ജില്ലയിലുള്ള തങ്കച്ചനും ഭാര്യ രാധയും ഷീബയും ചാലിഗദ്ദ കോളനിയിലുണ്ടായിരുന്നു. ഞാനും ശരീരം തിരുമ്മിച്ചു. പക്ഷെ, ചിട്ടയൊന്നും കൃത്യമായി പാലിക്കാനായില്ല. രാവിലെ തിരുമ്മി കുറച്ചുകഴിയുമ്പോൾ തന്നെ ഞാൻ കോളനികളിലേക്ക് മീറ്റിംഗിന് പോകും. എന്റെ മുഖം വീർത്തിരിക്കുന്നതുകണ്ട് എല്ലാവർക്കും സങ്കടമായി.

മുത്തങ്ങയിൽ പോയവർക്ക് സ്വന്തം ശരീരം മാത്രമാണ് തിരിച്ചുകിട്ടിയത്. ഞങ്ങൾ കൊണ്ടുപോയ പാത്രങ്ങളും വസ്ത്രങ്ങളും അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളും വരെ പൊലീസ്​ പെട്രോളൊഴിച്ച്​ കത്തിച്ചുകളഞ്ഞിരുന്നു. കോട്ടയം ജില്ലയിലെ എം.ടി. തോമസ്, വി.ടി. ഐസക്, പൊന്നപ്പൻ, ഇടുക്കി ജില്ലയിലെ ജിയേഷ്, ജനാർദ്ദനൻ, തൃശ്ശൂർ ജില്ലയിലെ മാമൻ മാഷ്, വയനാട് ചേലൂരുള്ള ദേവി തുടങ്ങിയവർ ചേർന്ന്​ എല്ലാ കോളനികളിലും റിലീഫ്​ ക്യാമ്പ്​ നടത്തി. വസ്ത്രങ്ങളും പാത്രങ്ങളും ഭക്ഷണസാധനങ്ങളും ശേഖരിച്ച് ആളുകൾക്കെത്തിച്ചു കൊടുത്തു. മാമൻ മാഷിന്റെ സഹോദരി ഡോ. അന്നമ്മയും അവരുടെ ഭർത്താവും ഡോ. സോമനും റിലീഫ് ക്യാമ്പിനോടൊപ്പമുണ്ടായിരുന്നു. അവർ കോളനികളിലെത്തി ആളുകളെ പരിശോധിച്ചു.

2022 ഫെബ്രുവരി 19 ന് ജോഗി ദിനത്തിന്റെ ഭാഗമായി മുത്തങ്ങയിലെ ജോഗി സ്മാരക സ്ഥലത്ത് വെച്ചുനടന്ന അനുസ്മരണ പരിപാടിയിൽ എം. ഗീതാനന്ദനും സി.കെ. ജാനുവും / Photo: F.B, CS Murali Shankar

ഗീതാനന്ദനും കുറച്ചു പ്രവർത്തകർക്കും ഒരു മാസം കൂടി കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. എല്ലാവരും ജയിലിൽ നിന്നിറങ്ങിയശേഷം ഞങ്ങൾ സുൽത്താൻ ബത്തേരിയിൽ പ്രകടനം വെച്ചു. ബി.ഡി. ശർമയും മേധാപട്കറും വന്നു. ആദിവാസികൾ ഇനിയൊരിക്കലും സമരത്തിനോ മറ്റു പരിപാടികൾക്കോ രംഗത്ത് വരില്ല എന്നായിരുന്നു ഭൂരിഭാഗം ജനങ്ങളും വിചാരിച്ചിരുന്നത്. പക്ഷെ, എല്ലാ ആദിവാസികളും പ്രകടനത്തിൽ അണിനിരന്നു. ഭീകരമർദ്ദനത്തിനിരയാകേണ്ടി വന്നതിന്റെ പേരിലോ ജയിലിൽ പോയതിന്റെ പേരിലോ ആരും മാറിനിന്നില്ല. ആ ഭീകരാവസ്ഥയെല്ലാം ആദിവാസികൾ മറികടന്നിരുന്നു.

എല്ലാ വർഷവും ഫെബ്രുവരി 19ന് ഞങ്ങൾ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്താറുണ്ട്. മുത്തങ്ങയിൽ ജോഗി അണ്ണന്റെ സ്മാരകത്തിനു മുന്നിൽ ഗോത്രപൂജ നടത്തും. സുൽത്താൻബത്തേരി കാര്യമ്പാടി കോളനിയിലെ ചന്ദ്രേട്ടനാണ്​ ഗോത്രപൂജ നടത്തുക. അബ്രഹാം ബെൻഹർ, സാബു ആനിക്കൽ, തൊമ്പ്രകുടി വിജയൻ, വേങ്ങൂർ ശിവരാമൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഹരിതസേന എന്ന സംഘടനയാണ് മുത്തങ്ങയിൽ സ്മാരകം നിർമിച്ചത്. ▮

​​​​​​​(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments