2003 ഫെബ്രുവരി 19 ന് മുത്തങ്ങയിൽ നടന്ന പൊലീസ് അതിക്രമം / Source: Adivasi Gothra Mahasabha

മുത്തങ്ങ വെടിവെപ്പ്​മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ

സമരത്തിന്റെ പേരിൽ ആദിവാസികളെ ജാതീയമായും, വംശീയമായും തകർക്കുകയെന്ന ലക്ഷ്യം കൃത്യമായി പൊലീസ്​നടപടിയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിഭീകരമായിരുന്നു പൊലീസ്​ ആക്രമണം.

26 (തുടർച്ച)

മുത്തങ്ങയിൽ പൊലീസ് നിഷ്​ഠൂരമായാണ് പെരുമാറിയത്​. എന്നെയും ഗീതാനന്ദനെയും പിടികിട്ടാത്തതിന്​ എല്ലാ ആദിവാസി കോളനികളിലും ഞങ്ങളെ അന്വേഷിച്ച് പൊലീസ്​ നരനായാട്ട് നടത്തി. അരാജകത്വം സൃഷ്ടിച്ചു. നിരപരാധികൾക്ക് ക്രൂരമർദ്ദനവും, പീഢനവും ഏൽക്കേണ്ടിവന്നു. എല്ലാ ബസിലും കയറി പൊലീസ് പരിശോധനിച്ചു. ആദിവാസികളായവരെയെല്ലാം അറസ്റ്റ് ചെയ്തു. മുത്തങ്ങയിൽ സമരത്തിനുവന്നവരാണോ അല്ലേ എന്നുപോലും അന്വേഷിക്കാതെ അറസ്റ്റു ചെയ്തു. മരുന്നിനു പോകുന്നവരെയും, സാധനം വാങ്ങാൻ പോകുന്നവരെയും കല്ല്യാണത്തിന് വന്നവരെയും ഉത്സവത്തിന് പോകുന്നവരെയുമെല്ലാം അറസ്റ്റുചെയ്തു. കർണ്ണാടകയിൽ പണിക്കുപോകുന്നവരെ ബസിൽ നിന്നാണ്​ അറസ്റ്റുചെയ്തത്​. പൊലീസിനെ പേടിച്ച്​ കോളനികളിൽ നിന്ന് പണിക്കു പോകാൻ പോലും ആളുകൾ ഭയന്നു. സമരത്തെക്കുറിച്ച് ഒന്നും അറിയാതിരുന്ന നിരപരാധികളായ ആദിവാസികൾ ക്രൂരമർദ്ദനത്തിനിരയായി. നാട്ടുകാർ പൊലീസിനൊപ്പം ചേർന്ന്, സമരത്തിനുവരാത്തവരെ ആദിവാസികളാണ്​ എന്ന മട്ടിൽ ​പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്ത്​കള്ളക്കേസിൽ കുടുക്കി.

മുത്തങ്ങ സംഭവത്തിന്റെ പേരിൽ വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ മുഴുവൻ ആദിവാസി കോളനികളിലും പൊലീസ്​ നരനായാട്ട് നടന്നു. സമരത്തിനു വരാത്ത, മുത്തങ്ങ ഇതുവരെ കാണാത്ത, നിഷ്‌ക്കളങ്കരായ ആളുകളെ വിവിധ ജില്ലകളിൽ നിന്ന്​ പിടിച്ച് കള്ളക്കേസാരോപിച്ച് ജയിലിലടച്ചു.

മുത്തങ്ങയിൽ വെടിവെപ്പ് നടന്ന രാത്രി പൊലീസ്​ പുലിതൂക്കി കോളനിയിൽ പോയി. ആരെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നു ചോദിച്ച്, കുടിലുകൾ തകർത്ത്, ആണുങ്ങളെ പിടിച്ചുവലിച്ച്, വസ്ത്രമൂരി, കൈ പിന്നിൽ കെട്ടി, മുറ്റത്തിട്ട് അടിച്ചുരുട്ടി. ഇവരാരും സമരത്തിന്​ വന്നവരല്ലായിരുന്നു. വേദന കൊണ്ട് പുളയുമ്പോഴും അവർ കൈകൂപ്പി പൊലീസിനോട് പറയുന്നുണ്ടായിരുന്നു, ‘ഞങ്ങൾ കാപ്പിപ്പണി കഴിഞ്ഞ് വന്നതാണ്, മൊതലാളിമാരോട് ചോദിച്ചുനോക്ക് സാറേ...’ എന്ന്. പക്ഷേ പൊലീസ്​ അതൊന്നും കേട്ടില്ല. എല്ലാവരെയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോയി. മുത്തങ്ങയ്ക്ക് സമീപമുള്ള എല്ലാ ആദിവാസി കോളനിയിലെയും അവസ്ഥ ഇങ്ങനെയായിരുന്നു. കാപ്പിതോട്ടത്തിൽ കൂലിപ്പണിക്കുപോയും, കാട്ടിൽ പൂപ്പൽ പറിച്ചും ജീവിതം തള്ളിനീക്കിയ ആദിവാസികൾക്ക് രാത്രിയായാൽ കുടിലിൽ കിടക്കാൻ പോലും ഭയമായിത്തുടങ്ങി. നേരം ഇരുട്ടിയാൽ പൊലീസിനെയും, രാഷ്ട്രീയ പാർട്ടിക്കാരെയും പേടിച്ച് അടുത്തുള്ള മറ്റുള്ളവരുടെ കാപ്പിതോട്ടത്തിൽ ശബ്ദമുണ്ടാക്കാതെ പോയി കിടക്കും.

മുത്തങ്ങ സമരഭൂമിയിൽ ആദിവാസികൾ സ്ഥാപിച്ച കുടിലുകൾ പൊലീസുകാർ തീയിട്ട് നശിപ്പിക്കുന്നു / Photo: Ajeeb Komachi

മുത്തങ്ങ സമരത്തിന്റെ പേരിൽ പൊലീസ് പിടിച്ചവരിലേറെയും, സമരത്തെക്കുറിച്ച്​ഒന്നുമറിയാത്തവരും കുടിലുകളിൽ കിടന്നുറങ്ങിയവരുമായിരുന്നു. എന്നെ അറസ്റ്റ് ചെയ്തപ്പോൾ ഒരു കൂട്ടം പൊലീസ് പനവല്ലിയിലെ എന്റെ കുള്ളിൽ റെയ്ഡ് നടത്തി. അന്ന് അമ്മ മാത്രമെ അവിടെയുണ്ടായിരുന്നുള്ളൂ. അലമാരയും മേശയും കുത്തിതുറന്ന് ഡയറികളും, മീറ്റിംഗ് കൂടുന്ന കോളനികളുടെ പേരെഴുതിയ കടലാസുകളും ആളുകളുടെ പ്രശ്‌നങ്ങളും അവരുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തിയ മിനിറ്റ്‌സും പത്രവാർത്തകളുമെല്ലാം പൊലീസ്​ വലിച്ചുവാരിയിട്ട് നാശമാക്കി. അവർ കുത്തിത്തുറന്ന അലമാര ഇന്നുവരെ ഞാൻ നന്നാക്കിയിട്ടില്ല. പൂട്ടാൻ പറ്റാതെ അങ്ങനെത്തനെയുണ്ട്. ആ ഡയറികളും മിനിറ്റ്‌സും പത്രവാർത്തകളും ഉണ്ടായിരുന്നുവെങ്കിൽ ഈ ആത്മകഥ എഴുതുവാൻ എനിക്ക് കൂടുതൽ സഹായകമായേനെ.

മാസങ്ങളോളം അടിയന്തരാവസ്ഥ പോലെയായിരുന്നു. ഇത്രയധികം ഭീകര നടപടികൾ ആദിവാസികൾക്കുനേരെ നടന്നിട്ടും ഒരാൾ പോലും ഒരു പരാതിപോലും എന്നോട് ഇന്നുവരെ പറഞ്ഞിട്ടില്ല. കാരണം അവർക്കറിയാമായിരുന്നു, മുത്തങ്ങയിൽ നടന്നത് തികച്ചും ജനാധിപത്യപരവും, ന്യായവുമായ ഭൂസമരമായിരുന്നുവെന്ന്.

മുത്തങ്ങയിലെ സംഭവങ്ങളറിഞ്ഞ് വീട്ടിലെത്തിയവരെയും പൊലീസ് ജയിലിലടച്ചു. ചേച്ചിയുടെ മകൻ ബാബുവിനെയും, അനിയത്തിയുടെ മകൻ വിജേഷിനെയും, ഞാൻ എവിടെയാണെന്ന് ചോദിച്ച് ഭീകരമായി മർദ്ദിച്ചു. ഫെബ്രുവരി 19ന് എന്നെ കൊന്നുകളഞ്ഞുവെന്ന വാർത്ത കേട്ടാണ്​ ചേച്ചിയുടെ മൂന്നാമത്തെ മകൻ ബൈജുവും പനവല്ലി മിച്ചഭൂമി കോളനിയിലുള്ള രാമേട്ടനും രഘുവും കാളേട്ടനും മുത്തങ്ങയിലെത്തിയത്​. എന്റെ ‘മൃതദേഹം’ കൊണ്ടുപോകാനാണ്​ അവർ വന്നത്. ഇവരെ പൊലീസ് ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ കൊണ്ടുപോയി മൂന്നുദിവസം ഭീകരമായി മർദ്ദിച്ചു, പിന്നെ, കണ്ണൂർ സെന്റർ ജയിലിൽ രണ്ടു മാസം തടവിലിട്ടു. ഇവർ സമരത്തിന്​ വന്നവരല്ല. എന്നിട്ടും കൊലപാതകക്കുറ്റമടക്കം ചാർജ്ജ് ചെയ്ത് പ്രതികളാക്കി. ഇതിൽ രാമേട്ടനും, രഘുവും ഇന്ന് ജീവനോടെയില്ല.

മുത്തങ്ങ സമരത്തെ അനുകൂലിച്ച്​ പ്രതിഷേധിച്ച മുഴുവൻ ആളുകളെയും അറസ്റ്റുചെയ്ത്​ കേസെടുത്തു. സമരത്തിന്റെ പേരിൽ ആദിവാസികളെ ജാതീയമായും, വംശീയമായും തകർക്കുകയെന്ന ലക്ഷ്യം കൃത്യമായി പൊലീസ്​നടപടിയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിഭീകരമായിരുന്നു പൊലീസ്​ ആക്രമണം. മറ്റേതെങ്കിലും വിഭാഗങ്ങളായിരുന്നു ഇത്തരത്തിലൊരു സമരം നടത്തിയതെങ്കിൽ ഭരണകൂട- പൊലീസ്​ നടപടി ആ സമരത്തിന്റെ നേതാക്കൾക്കും അതിൽ പങ്കെടുത്തവർക്കും എതിരെ മാത്രമാകുമായിരുന്നു. പക്ഷെ, മുത്തങ്ങ സംഭവത്തിന്റെ പേരിൽ വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ മുഴുവൻ ആദിവാസി കോളനികളിലും പൊലീസ്​ നരനായാട്ട് നടന്നു. സമരത്തിനു വരാത്ത, മുത്തങ്ങ ഇതുവരെ കാണാത്ത, നിഷ്‌ക്കളങ്കരായ ആളുകളെ വിവിധ ജില്ലകളിൽ നിന്ന്​ പിടിച്ച് കള്ളക്കേസാരോപിച്ച് ജയിലിലടച്ചു. മുത്തങ്ങയിൽ വന്ന മാധ്യമപ്രവർത്തകരെ പൊലീസ്​ ഭീഷണിപ്പെടുത്തി സ്ഥലം വിടാനാവശ്യപ്പെട്ടു. പക്ഷെ ഒരു മാധ്യമപ്രവർത്തകൻ പൊലീസിന്റെ കണ്ണിൽ പെടാതെ മരത്തിനു മുകളിൽ കയറിയിരുന്നാണ് ആദിവാസികൾക്കുനേരെയുള്ള പൊലീസ്​ അതിക്രമം പകർത്തിയത്.

സമരത്തിന്റെ പേരിൽ ആദിവാസികളെ ജാതീയമായും, വംശീയമായും തകർക്കുകയെന്ന ലക്ഷ്യം കൃത്യമായി പൊലീസ്​നടപടിയിലുണ്ടായിരുന്നു / Photo: Shafeeq Thamarassery

മാസങ്ങളോളം അടിയന്തരാവസ്ഥ പോലെയായിരുന്നു. ഇത്രയധികം ഭീകര നടപടികൾ ആദിവാസികൾക്കുനേരെ നടന്നിട്ടും ഒരാൾ പോലും ഒരു പരാതിപോലും എന്നോട് ഇന്നുവരെ പറഞ്ഞിട്ടില്ല. കാരണം അവർക്കറിയാമായിരുന്നു, മുത്തങ്ങയിൽ നടന്നത് തികച്ചും ജനാധിപത്യപരവും, ന്യായവുമായ ഭൂസമരമായിരുന്നുവെന്ന്. അതുകൊണ്ടുതന്നെ പൊലീസുകാരും, ഭരണകൂടവും, രാഷ്ട്രീയക്കാരും ആദിവാസികൾക്കെതിരെ നടത്തിയ ഭീകരാക്രമണത്തിന്റെ ഇരയായി​പ്പോയവരാണ് തങ്ങളെന്ന് അവർ സ്വയം തിരിച്ചറിയുകയായിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ ക്രിമിനലുകളും ഗുണ്ടകളും ഉള്ളത് പൊലീസിലാണ്​. അമ്മയെയും പെങ്ങളേയും കണ്ടാൽ തിരിച്ചറിയാത്തവരും മനുഷ്യരെന്ന് വിളിക്കാൻ അറപ്പും വെറുപ്പും തോന്നുന്നവരുമായ ചിലർ പൊലീസുകാർക്കിടയിലുണ്ട്. ഇവരെ എന്തിനോടാണ്​ ഉപമിക്കേണ്ടതെന്ന് എനിക്കറിയില്ല. അത്രയും ഭീകരമായിട്ടാണ് നമ്മളെ അവർ മർദ്ദിച്ചത്. എന്തെങ്കിലും വിവരം കിട്ടാൻ വേണ്ടിയൊന്നുമല്ല, നമ്മളെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്​. അടികൊണ്ട് നമ്മൾ വേദനയിൽ പുളയുന്നതുകാണുമ്പോൾ അവർക്ക് അടങ്ങാത്ത ആനന്ദമാണ് അനുഭവപ്പെടുന്നത്. അവർ വിചാരിച്ചത് ഇതോടെ ആദിവാസികളും ഗോത്രമഹാസഭയും ഇല്ലാതായിത്തീരുമെന്നാണ്. പൊലീസ്​ വിഡ്ഢികളുടെ ലോകത്താണ്. ആളുകളെ തല്ലിയാൽ അവർ പേടിച്ച് പുറകോട്ടുപോകുമെന്നാണ് അവരുടെ വിചാരം. എന്നാൽ അതിനേക്കാൾ ശക്തമായിട്ടാണ് തിരിച്ചുവരിക. ഞങ്ങളെ സംബന്ധിച്ച്​ സമരം ചെയ്യാതിരിക്കാൻ നിവൃത്തിയുമില്ലായിരുന്നു.

മർദ്ദനമേറ്റ് മനോനില തെറ്റി പിന്നീട് തൂങ്ങിമരിച്ച ഗോപാലൻ, മർദ്ദനത്തിനിരയായി ആരോഗ്യം തകർന്ന് ശരിയായ ചികിത്സ കിട്ടാതെ മരിച്ച പെരുവൻ തുടങ്ങി ഇരുപത്തഞ്ചോളം പേരാണ്​ കസ്റ്റഡിയിലെ മാനസിക- ശാരീരിക പീഡനത്തെതുടർന്ന്​ മരിച്ചത്​.

തികച്ചും ജനാധിപത്യപരമായ സമരമാണ് ഞങ്ങൾ നടത്തിയത്. അതിനെ ഒരു ഭീകരപ്രവർത്തനമായി ചിത്രീകരിച്ച്, ഞങ്ങൾക്കറിയാത്ത കുറെ ബന്ധങ്ങളാരോപിച്ച്, വന്യജീവി സങ്കേതം കയ്യേറി എന്ന കള്ളക്കഥയുണ്ടാക്കി ഭീകരമായി ഞങ്ങളെ ആക്രമിക്കുകയായിരുന്നു. പൊലീസ്​അടി തുടങ്ങിയപ്പോൾ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുമായി കാട്ടിലേക്ക് ഓടിപ്പോവേണ്ടി വന്ന പുലിതൂക്കി കോളനിയിലെ മാളു ദിവസങ്ങളോളം കാട്ടിൽ പെട്ടുപോയി. അവശതയിലായ അമ്മയെയും കുഞ്ഞിനെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാൻ സർക്കാർ ആശുപത്രി വാഹനം വിട്ടുകൊടുക്കാൻ മടിച്ചു. കുഞ്ഞായതുകൊണ്ട് പൊതിഞ്ഞുകൊണ്ടുപോയാൽ പോരേ എന്നാണവർ ചോദിച്ചത്​. ഇത് പ്രശ്‌നമായപ്പോൾ രണ്ടാം ദിവസമാണ് വാഹനം വിട്ടുകൊടുത്തത്. കുഞ്ഞിനെ അടക്കിയ ഉടൻ മുത്തങ്ങ സമരത്തിന്റെ പേരിൽ മാളുവിനെ പൊലീസ്​ അറസ്റ്റുചെയ്തു. കുഞ്ഞിന്റെ മരണവും, ഭാര്യയുടെ അറസ്റ്റും മാനസികമായി തകർത്തുകളഞ്ഞ നാരായണനും മരിച്ചു. മുത്തങ്ങ സമരത്തിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്​ സംഘത്തിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞു മടങ്ങിയ ഞേണൻ, മൂന്നാം ദിവസം രക്തം ചർദ്ദിച്ച് ആശുപത്രിയിൽ മരിച്ചു. മർദ്ദനമേറ്റ് മനോനില തെറ്റി പിന്നീട് തൂങ്ങിമരിച്ച ഗോപാലൻ, മർദ്ദനത്തിനിരയായി ആരോഗ്യം തകർന്ന് ശരിയായ ചികിത്സ കിട്ടാതെ മരിച്ച പെരുവൻ തുടങ്ങി ഇരുപത്തഞ്ചോളം പേരാണ്​ കസ്റ്റഡിയിലെ മാനസിക- ശാരീരിക പീഡനത്തെതുടർന്ന്​ മരിച്ചത്​.

മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ് ശരീരം തളർന്നുപോയ ചാലിഗദ്ധ കോളനിയിലെ മാതൻ പാക്കൻ. 2018 ൽ ഇദ്ദേഹം മരണപ്പെട്ടു. / Photo: Shafeeq Thamarassery

സമരം നടന്ന സമയത്ത്​ ജോഗിയണ്ണൻ മാത്രമേ മരിച്ചുള്ളൂ. പൊലീസിന്റ ക്രൂരമർദ്ദനങ്ങൾക്കിരയായി​ പിന്നീട് ഓരോരുത്തരായി മരിക്കുകയായിരുന്നു. പൊലീസ്​ മർദ്ദനത്തിന്റെ ദുരിതം പേറുന്നവർ നിരവധിയാണ്. അംഗവൈകല്യം സംഭവിച്ചവരുണ്ട്​, ഗുരുതര പരിക്കേറ്റവരുണ്ട്. അവരിൽ പലരും ജീവിച്ചിരിക്കുന്ന രകതസാക്ഷികളാണ്. ബൂട്ടിട്ട്​ ഇടിച്ച് എന്റെ നെഞ്ചിലുണ്ടായ മുഴ ഇപ്പോഴും കല്ലിച്ച് നിൽക്കുന്നുണ്ട്. പനിയും, ശരീരവേദനയും വരുമ്പോൾ അതിന്റെ വേദന കൂടും.
മുത്തങ്ങ സമരത്തിൽ പങ്കെടുത്ത അറ്റാത്ത കോളനിയിലെ രാധാകൃഷ്ണൻ, ബാബു കോട്ടിയൂർ, മണി ചാലീഗദ, ഗോപാലൻ തിരുനെല്ലി, മാധവൻ കാരമാട്ട് എന്നിവരെ സി.ബി.ഐയുടെ ചോദ്യം ചെയ്യലിലും ഭീകരമായി മർദ്ദിച്ചു. എന്നെയും കുറച്ചാളുകളെയും ബത്തേരി ഗസ്റ്റ് ഹൗസിലും, ഇവരെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലുമാണ് ചോദ്യം ചെയ്യലിന് കൊണ്ടുപോയത്. എന്നെയും, ബാക്കിയുള്ളവരെയും ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ വിട്ടു. അഞ്ചുപേരെ വിടാതെ തോൽപ്പെട്ടി റെയിഞ്ച് ഓഫീസിൽ കൊണ്ടുപോയി ഭീകരമായി മർദ്ദിച്ചു. ചെവി കർണവും ചുണ്ടുമെല്ലാം അടിച്ചുപൊട്ടിച്ചു. പൊലീസുകാരനെ കൊന്നത് നിങ്ങളല്ലേ എന്നുചോദിച്ചാണ് മർദ്ദിച്ചത്. ഇവരാണ് കൊന്നതെന്ന് പറയിപ്പിക്കാൻ വേണ്ടിയാണ് ക്രൂരമായി മർദ്ദിച്ചത്. ഇതേതുടർന്ന് ഒരാഴ്ച അവർ ആശുപത്രിയിൽ അഡ്മിറ്റായി. ആ ക്രൂരമർദ്ദനത്തിന്റെ ദുരിതം ഇപ്പോഴും അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

എനിക്കും, ഗീതാനന്ദനുമെതിരെ ഒരാൾ പോലും മോശമായൊന്നും പറഞ്ഞില്ല. അപ്പോഴും അവർ പറഞ്ഞത്, തങ്ങൾക്ക് ജീവിക്കാനുള്ള ഭൂമിക്കുവേണ്ടിയാണ് സമരം നടത്തിയത് എന്നാണ്. തല്ലി​ക്കൊന്നാലും ആദിവാസികൾ കള്ളം പറയില്ല. ആദിവാസികൾ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നപ്പോൾ എനിക്ക് വലിയ അന്തസ്സും, അഭിമാനവുമാണ് തോന്നിയത്.

പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര മർദ്ദനങ്ങൾക്കിരയായിട്ടും മുത്തങ്ങയിലേക്ക് തിരിച്ചുപോകണം എന്നുതന്നെയായിരുന്നു എല്ലാവരുടെയും തീരുമാനം. ഇപ്പോഴും ഈ ഭൂമി ആദിവാസികൾക്ക് കൊടുക്കാം. മിച്ചഭൂമിയായി എടുത്ത ഭൂമിയാണ്. ഫോറസ്റ്റുകാർക്ക് അതിന്റെ മേൽനോട്ടം മാത്രമേയുള്ളൂ. അതിന്റെ ശമ്പളം പറ്റുന്ന പണി. എന്റെ പശുവിനെ നോക്കാൻ ഒരാളെ പണിക്കുനിർത്തിയാൽ പശു പണിക്കാരന്റെ സ്വന്തമാവില്ല. പശുവിനെ നോക്കേണ്ട ഉത്തരവാദിത്വം മാത്രമേ അയാൾക്കുള്ളൂ. ജയിലിൽ നിന്ന്​ ആദ്യം ജാമ്യത്തിലിറങ്ങിയ സ്ത്രീകൾ പത്രക്കാരോട് പറഞ്ഞത്, സി.കെ. ജാനു ജയിലിൽനിന്ന് തിരിച്ചെത്തിയാൽ വീണ്ടും തങ്ങൾ സമരത്തിനിറങ്ങും എന്നാണ്. പുരുഷന്മാർക്കും ഉറച്ച തീരുമാനമായിരുന്നു. മരിച്ചാൽ കുഴിച്ചിടാൻ ഒരു തുണ്ട് ഭൂമി ഞങ്ങൾക്കുവേണം എന്നാണ്​ അവർ പറഞ്ഞത്. വെള്ളമുണ്ട് ഉടുത്തവരെ കണ്ടാൽ പോലും പേടിച്ച് കാട്ടിൽ കേറി ഒളിച്ചിരുന്ന നമ്മുടെ ആളുകൾ തോക്കിനുമുന്നിൽ നെഞ്ചുവിരിച്ച് നിന്നത് അവരുടെ ദുരിതാനുഭവങ്ങളിലൂടെ നേടിയെടുത്ത ധൈര്യം ​കൊണ്ടാണ്​. ആദിവാസികൾ പല രാഷ്ട്രീയപാർട്ടികൾക്കുവേണ്ടിയും തല്ലുകൊണ്ടവരാണ്. മുത്തങ്ങയിൽ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഞങ്ങൾ തല്ലുകൊണ്ടു. അത്രയേ വ്യത്യാസമുള്ളൂ.

എനിക്കും ഗീതാനന്ദനും എതിരെ പറയിപ്പിക്കാൻ ആളുകളെ ഭീകരമായി മർദ്ദിച്ചിരുന്നു. പല്ലൊക്കെ ഇളകി, ചുണ്ടുപൊട്ടി ചോര വന്നു. എഴുന്നേറ്റുനിൽക്കാൻ പോലും കഴിയാതായി. കലി അടങ്ങുന്നതുവരെ പൊലീസ്​ എല്ലാവരെയും തല്ലിച്ചതച്ചു. എന്നിട്ടുപോലും എനിക്കും, ഗീതാനന്ദനുമെതിരെ ഒരാൾ പോലും മോശമായൊന്നും പറഞ്ഞില്ല. അപ്പോഴും അവർ പറഞ്ഞത്, ഞങ്ങൾക്ക് ജീവിക്കാനുള്ള ഭൂമിക്കുവേണ്ടിയാണ് സമരം നടത്തിയത് എന്നാണ്. തല്ലി​ക്കൊന്നാലും ആദിവാസികൾ കള്ളം പറയില്ല. ആദിവാസികൾ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നപ്പോൾ എനിക്ക് വലിയ അന്തസ്സും, അഭിമാനവുമാണ് തോന്നിയത്.

മുത്തങ്ങ വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ വീടിന് മുന്നിൽ മകൻ ശിവൻ / Photo: Shafeeq Thamarassery

വീട്ടിൽ നിന്ന്​ അനിയത്തി ‘മുത്ത' കാണാൻ വന്നു. അഡ്വ. പ്രീത കെ.കെ. വന്ന്​, ഓരോ കോളനിയിൽ നിന്നും വന്നവരിൽ എത്രപേർ സ്ഥലത്തുണ്ട്, എത്രപേരെ കാണാതായി തുടങ്ങിയ കണക്കുകൾ ഓരോ കോളനിയിലും പോയി അന്വേഷിച്ചു. പ്രീതയുടെ കൂടെ നമ്മുടെ പ്രവർത്തകനായ ചക്കിനി കോളനിയിലെ മുത്തുവും എന്റെ അനിയത്തി മുത്തയും പോയിരുന്നു. പൊലീസ്​ വെടിവെപ്പിൽ​ചാലിഗദ്ദ കോളനിയിലെ വേലായുധന്റെ കാൽപാദം മുറിഞ്ഞുപോയിരുന്നു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്​ അഡ്മിറ്റാക്കിയത്. അദ്ദേഹത്തെ കാണാൻ ഞങ്ങളാരെയും പൊലീസ്​ അനുവദിച്ചില്ല. പക്ഷെ ഞാനും ഗീതാനന്ദനും പോയി കണ്ടു. അതിന്റെ പേരിൽ ഞങ്ങൾക്കെതിരെ പൊലീസ്​കള്ളക്കേസെടുത്തു. കോഴിക്കോട് മാറാട് കോടതിയിൽ ആ കേസ് വാദിച്ചത് അഡ്വ. പ്രീതയായിരുന്നു. ഇപ്പോഴും എന്തു സഹായത്തിനും കൂടെയുള്ളയാളാണ് പ്രീത. ഞാൻ രാഷ്ട്രീയ നിലപാട് എടുത്തപ്പോൾ, പല സുഹൃത്തുക്കളും എന്നെ തള്ളിപ്പറഞ്ഞു. അപ്പോഴെല്ലാം ‘നിങ്ങൾക്ക് ശരിയെന്നു തോന്നുന്ന നിലപാട് സ്വീകരിക്കണം' എന്ന അഭിപ്രായമായിരുന്നു പ്രീതക്ക്.

ആദിവാസികൾ ശക്തമായി സമരരംഗത്ത് വരുമ്പോൾ ആ കൂട്ടായ്മ തകർക്കാൻ ഞങ്ങളിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കും. തണ്ടർബോൾട്ട് അടക്കം കോളനിയിൽ കയറിയിറങ്ങി നമ്മുടെ ആളുകളെ പേടിപ്പിക്കും. ആദിവാസി കൂട്ടായ്മ തകർത്ത് തരിപ്പണമാക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്.

മുത്തങ്ങ സമരം ആസൂത്രണം ചെയ്തതിൽ ചില തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. സായുധ വിപ്ലവത്തിന്റെ ഏർപ്പാടൊന്നും ഞങ്ങൾക്കറിയില്ല. കോഴിക്കോട് ജില്ലയിലെ മാറാടുനിന്ന്​ എത്രയോ സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും പിടിച്ചെടുത്തു. എന്നിട്ടാരെങ്കിലും പറഞ്ഞോ, വിദേശശക്തികളുടെ കയ്യുണ്ട്, തീവ്രവാദി ബന്ധമുണ്ട് എന്ന്? എന്നാൽ, മുത്തങ്ങ സംഭവം നടന്നപ്പോൾ ആദിവാസികൾക്ക് തീവ്രവാദബന്ധമുണ്ടെന്ന് പറഞ്ഞു പരത്താൻ ചിലരുണ്ടായി. ഞങ്ങൾക്ക് അതിനെപ്പറ്റിയൊന്നും അറിയില്ല. ആദിവാസി ഗോത്രമഹാസഭ നയിച്ച സമരത്തിനുമുന്നിൽ നിന്നത് ഞാനാണ്. എന്റെ അറിവിൽ അങ്ങനെ ഒന്നുമില്ല. ആദിവാസികൾ സമരരംഗത്തേക്ക് വരുന്നതിനെ തകർക്കണമെന്ന് വിചാരിച്ചു വെച്ചിരിക്കുന്ന ചിലർ ഇങ്ങനെയൊക്കെ പറഞ്ഞുപരത്തും. ആദിവാസികൾ ശക്തമായി സമരരംഗത്ത് വരുമ്പോൾ ആ കൂട്ടായ്മ തകർക്കാൻ ഞങ്ങളിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കും. തണ്ടർബോൾട്ട് അടക്കം കോളനിയിൽ കയറിയിറങ്ങി നമ്മുടെ ആളുകളെ പേടിപ്പിക്കും. ആദിവാസി കൂട്ടായ്മ തകർത്ത് തരിപ്പണമാക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. ആദിവാസികളുടെ പ്രശ്‌നങ്ങൾ ചർച്ചയാകുമ്പോൾ മാവോയിസ്റ്റുകൾ അവിടെയെത്തി, ഇവിടെയെത്തി എന്നെല്ലാം പറയും. എനിക്ക് അത്തരം ആളുകളെക്കുറിച്ചൊന്നും അറിയില്ല. ഞാൻ മനുഷ്യരെ മാത്രമെ കണ്ടിട്ടുള്ളൂ. നമ്മുടെ അവകാശങ്ങൾ കൊള്ളയടിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവരെ മാവോയിസ്റ്റുകളാക്കുന്നത് ഭരണകൂട അജണ്ടയാണ്. കേരളത്തിലെ മുഴുവൻ പൊലീസും പട്ടാളവും മുത്തങ്ങയിൽ അരിച്ചുപെറുക്കിയിട്ടും ഒരു ഓലപ്പടക്കം പോലും കിട്ടിയില്ല. മറ്റ് സംഘടനകൾ ഞങ്ങളുടെ പിന്നിലുണ്ടായിരുന്നുവെങ്കിൽ ഒരു നാടൻബോംബെങ്കിലും അന്നവിടെ കാണുമായിരുന്നു. എന്നിട്ടും ഞങ്ങൾക്ക് തീവ്രവാദബന്ധമുണ്ട്, തീവ്രവാദപരിശീലനം നേടിയാണ് മുത്തങ്ങയിൽ കേറിയത്​ എന്നെല്ലാം പറഞ്ഞു പരത്തി. മുത്തങ്ങയിൽ നിന്ന്​ പൊലീസിന് കിട്ടിയ ആയുധങ്ങൾ വിറക് വെട്ടാനുള്ള കോടാലി, വാക്കത്തി, കാട് വയക്കാനുള്ള അരിവാൾ, തൂമ്പ തുടങ്ങിയ പണിയായുധങ്ങളായിരുന്നു. ഇതാണ് മാരകായുധങ്ങൾ എന്നുപറഞ്ഞ് പ്രചരിപ്പിച്ചത്. ഇതെല്ലാം മാരകായുധങ്ങളാണെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് കർഷക കുടുംബങ്ങളെയാണ്. അവരുടെ വീട്ടിലാണ് ആദിവാസികളുടെ കൈവശമുള്ളതിനേക്കാൾ ഇത്തരം പണിയായുധങ്ങൾ കൂടുതലുള്ളത്.

മുത്തങ്ങ സമരം നടന്ന സ്ഥലത്ത് വെടിവെപ്പിൽ കൊല്ലപ്പെട്ട ആദിവാസി ജോഗിയുടെ സ്മാരകം / Photo: Shafeeq Thamarassery

വിദേശ ഫണ്ടിംഗ് ഏജൻസിയുടെ വളർത്തുപുത്രിയാണ് സി.കെ. ജാനു എന്നാണ് റെഡ് ഫ്ലാഗ്​ പറഞ്ഞത്. തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നുമാണ് ആളുകൾ സമരത്തിനിറങ്ങിയത് എന്നവർ പ്രചരിപ്പിച്ചു. മുത്തങ്ങാ സമരത്തിൽ വയനാട്ടിൽ നിന്നുള്ള ആദിവാസികൾക്കുപുറമെ തിരുവനന്തപുരം ജില്ലയിലെ ആദിവാസി ഗോത്ര മഹാസഭയുടെ പ്രവർത്തകരായ കാഞ്ഞിരംകുളം കോളനിയിലെ അശോകൻ, ബിനു, ജോയി, കൊല്ലം ജില്ലയിലെ മുളവന കോളനിയിലെ ഹരിദാസ് എന്നിവരാണുണ്ടായിരുന്നത്. സമരം നടക്കുന്ന സമയം ആദിവാസി ഗോത്രമഹാസഭ മന്ത്രിമാരെ റാഞ്ചാൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രചാരണം നടന്നിരുന്നു. ഇവരെയൊക്കെ റാഞ്ചിയിട്ട് ഞങ്ങൾക്ക് എന്തുകിട്ടാനാണ്...? ആദിവാസികളുടെ സംസ്കാരത്തിന് യോജിച്ചതല്ല അത്. ഞങ്ങൾക്ക് അത്തരം പണി അറിയില്ല. ഒരാളെ തട്ടിക്കൊണ്ടുപോയി വിവാദമുണ്ടാക്കാനല്ല, യഥാർത്ഥ പ്രശ്‌നങ്ങൾക്കുവേണ്ട പരിഹാരമാണ് ആവശ്യം. അതിനാണ്​ ഞങ്ങൾ സമരം നടത്തിയത്. ആക്രമണം നടത്തുന്ന പാരമ്പര്യം ആദിവാസികൾക്കില്ല. ആക്രമണത്തിലൂടെ പിടിച്ചെടുക്കുന്ന സംസ്കാരം ആദിവാസികൾക്കുണ്ടായിരുന്നുവെങ്കിൽ വയനാട് പോലുള്ള ജില്ലകളിൽ ആദിവാസികളല്ലാത്തവർ ഉണ്ടാവില്ലായിരുന്നു. ഞങ്ങളുടെ ഭൂമി വെട്ടിപ്പിടിച്ചും ഭീഷണിപ്പെടുത്തിയും മറ്റുള്ളവർ കൈവശപ്പെടുത്തിയതാണ്. അതിനെ സായുധകലാപമെന്ന് പറഞ്ഞ് അടിച്ചമർത്താൻ ശ്രമിച്ചത് ഭരണകൂടമാണ്. ആദിവാസി സമരം അടിച്ചമർത്തണമെന്ന കാര്യത്തിൽ മന്ത്രസഭ ഒറ്റക്കെട്ടായിരുന്നു.

ചില സാംസ്കാരിക നായകന്മാർക്ക് ഞങ്ങളോട് എതിർപ്പായിരുന്നു. ആദിവാസികൾ വനവും വന്യജീവികളെയും നശിപ്പിക്കും എന്നാണ് അവർ പറഞ്ഞത്. മുത്തങ്ങ വന്ന്​ കാണുകയോ യഥാർത്ഥപ്രശ്‌നം എന്താണെന്ന് മനസ്സിലാക്കുകയോ ചെയ്യാതെയാണ് ഇവർ എതിർത്തത്.

ചില രാഷ്ട്രീയക്കാർ ആദിവാസികളെ ഭീഷണിപ്പെടുത്തി മുത്തങ്ങ സമരത്തിനെതിരെയും, എനിക്കെതിരെയും പറയിപ്പിച്ചു. ആദിവാസി ഗോത്ര മഹാസഭയിലേക്കുവരുന്ന ആദിവാസികളെ തടയാനാണ് രാഷ്ട്രീയക്കാർ ശ്രമിച്ചത്. ‘ജാനുവിന്റെ കൂടെ കൂടിയതിന്റെ ഫലം കണ്ടില്ലേ, എല്ലാത്തിനേയും പൊലീസ് പിടിച്ചില്ലേ, നേതാവ് ഇപ്പോൾ ജയിലിലാണ്, കൊലപാതകമാണ്​ കുറ്റം, ഇനിയും കൂടെനിന്നാൽ നിങ്ങൾ അനുഭവിക്കും, പണിക്കുപോലും പോകാൻ പറ്റാതാവും' എന്നിങ്ങനെയുള്ള പ്രചാരണവുമായി, മുത്തങ്ങ സമരത്തിനുശേഷം ആദിവാസി പ്രേമം പിടിപെട്ട ചില രാഷ്ട്രീയക്കാർ കോളനികളിൽ കയറിയിറങ്ങി. മാധ്യമങ്ങളടക്കം മുഴുവൻ സംവിധാനങ്ങളും ഞങ്ങൾക്കെതിരായിരുന്നു. ആദിവാസി പ്രശ്‌നങ്ങൾക്ക് അനുഭാവപൂർവ്വമുള്ള ഇടപെടൽ മാധ്യമങ്ങളുടെ ഭാഗത്തുനിന്നില്ലായിരുന്നു. ഭൂരഹിതരായ ആദിവാസികളുടെ സമരം എന്ന നിലയിലല്ല, തീവ്രവാദ സംഘടനയുടെയും മാവോയിസ്​റ്റുകളുടെയും സാന്നിധ്യമുണ്ടെന്ന് പറഞ്ഞാണ് മാധ്യമങ്ങൾ മുത്തങ്ങ സമരത്തെ ഫോക്കസ് ചെയ്തത്. ആദിവാസി സമരത്തെ യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന്​ മാറ്റി വേറൊരു പ്രശ്‌നമാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു മാധ്യമങ്ങൾ.

എന്നാൽ ലോകം മുഴുവൻ ആദിവാസികളുടെ ഭൂരഹിതപ്രശ്‌നമായി മുത്തങ്ങയിലെ സമരം ചർച്ച ചെയ്​തു. ചില സാംസ്കാരിക നായകന്മാർക്ക് ഞങ്ങളോട് എതിർപ്പായിരുന്നു. ആദിവാസികൾ വനവും വന്യജീവികളെയും നശിപ്പിക്കും എന്നാണ് അവർ പറഞ്ഞത്. മുത്തങ്ങ വന്ന്​ കാണുകയോ യഥാർത്ഥപ്രശ്‌നം എന്താണെന്ന് മനസ്സിലാക്കുകയോ ചെയ്യാതെയാണ് ഇവർ എതിർത്തത്. മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, പൊതുജനങ്ങളിൽ ഭൂരിഭാഗവും ഞങ്ങൾക്ക് എതിരായി. ആദിവാസികൾ ഒറ്റപ്പെട്ടു. അത് ആദിവാസികൾക്ക് ഒരു തിരിച്ചറിവായിരുന്നു. മുത്തങ്ങ സമരത്തിനുവന്ന ആദിവാസികളെല്ലാം ഓരോ പാർട്ടിയിലുണ്ടായിരുന്നവരാണ്. കോൺഗ്രസും കമ്യൂണിസ്​റ്റ്​ പാർട്ടിയും ബി.ജെ.പിയുമെല്ലാം ആദിവാസികളെ വീതം വെച്ചെടുത്തവരാണ്. വോട്ടുചെയ്യുന്നവരും, കൊടിപിടിച്ച് ജാഥക്ക് പോകുന്നവരും, തല്ലുകൊള്ളുന്നവരുമായിരുന്നു ആദിവാസികൾ. നമുക്കെന്തു സംഭവിച്ചാലും നമ്മുടെ പാർട്ടിക്കാർ കൂടെ നിൽക്കും എന്നായിരുന്നു ആദിവാസികളുടെ വിശ്വാസം. ശത്രുവാര്​ മിത്രമാര്​ എന്ന് നമ്മുടെ ആളുകൾ അന്ന് തിരിച്ചറിഞ്ഞു.

മുത്തങ്ങയിൽ പൊലീസ് അതിക്രമത്തിനിടെ ചിതറിയോടി ദിവസങ്ങളോളം കാടിനകത്ത് ഒറ്റപ്പെട്ടുപോയ ചാലിഗദ്ദ കോളനിയിൽ നിന്നുള്ള ഗൗരി / Photo: Shafeeq Thamarassery

അന്നത്തെ മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് മുത്തങ്ങയിൽ വെടിവെപ്പ് നടന്നത്. ‘ആദർശധീരനായ’ മുഖ്യമന്ത്രി അധികാരത്തിലിരുന്ന സമയത്ത് സമൂഹത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയിൽ ജീവിക്കുന്ന ആദിവാസികൾക്കുനേരെ നടത്തിയ അതിക്രൂരമായ നരനായാട്ടിൽ കേരളീയ സമൂഹത്തിനുതന്നെ ലജ്ജിച്ച് തലകുനിക്കേണ്ടിവന്നു. അന്നത്തെ വനം വകുപ്പ് മന്ത്രി ആദിവാസികളെ മനുഷ്യരായിപോലും പരിഗണിച്ചില്ല. ആദിവാസികൾ മുഴുവൻ കുറ്റക്കാരെന്ന നിലയിൽ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്നുകൊണ്ടാണ് കുറ്റവാളികൾക്ക് നഷ്ടപരിഹാരം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞത്. മുത്തങ്ങ സമരത്തിനുപിന്നിൽ സി.കെ. ജാനുവിന്റെ രഹസ്യ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്കു മുന്നിൽ ‘This is a message to Kerala' എന്ന് എത്ര ധാർഷ്​ട്യത്തോടെയാണ് അദ്ദേഹം പറഞ്ഞത്. പൊലീസിനെക്കൊണ്ട്​ വനത്തിൽ തീയിട്ട് സമരക്കാരെ തുരത്താൻ ശ്രമിച്ച ഇവരെയെല്ലാമാണ് മുത്തങ്ങ സംഭവത്തിൽ ഒന്നാം പ്രതികളാക്കി കേസെടുക്കേണ്ടത്.

നക്‌സലുകളെന്നും, സായുധ കലാപകാരികൾ എന്നുമാണ് എന്നെയും ഗീതാനന്ദനെയും കെ.പി.സി.സി. പ്രസിഡൻറ്​ വിശേഷിപ്പിച്ചത്. അന്നത്തെ ഒരു എം.എൽ.എ, ക്രിമിനൽ എന്നാണ് എന്നെ വിശേഷിപ്പിച്ചത്. എന്റെ സമരത്തിനുപിന്നിൽ ദേശവിരുദ്ധ ശക്തികളുണ്ടെന്നാണ് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി ആരോപിച്ചത്.

ആദിവാസി ഗോത്ര മഹാസഭയെ നിരോധിക്കുമെന്ന് വനംവകുപ്പ് മന്ത്രിയും അന്നത്തെ കെ.പി.സി.സി പ്രസിഡന്റും പറഞ്ഞിരുന്നു. നക്‌സലുകളെന്നും, സായുധ കലാപകാരികൾ എന്നുമാണ് എന്നെയും ഗീതാനന്ദനെയും കെ.പി.സി.സി. പ്രസിഡൻറ്​ വിശേഷിപ്പിച്ചത്. ഞങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ ഒരു എം.എൽ.എ, ക്രിമിനൽ എന്നാണ് എന്നെ വിശേഷിപ്പിച്ചത്. എന്റെ സമരത്തിനുപിന്നിൽ ദേശവിരുദ്ധ ശക്തികളുണ്ടെന്നാണ് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി ആരോപിച്ചത്. ആദിവാസികളോടുള്ള ഇവരുടെയെല്ലാം മനോഭാവമാണ് ഇവരുടെതന്നെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പുറത്തുവന്നത്. ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി ഇനിയൊരിക്കലും ആദിവാസികൾ ഒരുമിച്ചുകൂടരുത്, ഇനി ഇത്തരത്തിൽ ഒരു സമരവും ഉയർന്നുവരരുത്, ഇതോടെ ആദിവാസികളെയും അവരുടെ കൂട്ടായ്മയെയും ഉന്മൂലനം ചെയ്യണം എന്ന സമീപനമാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ചത്.

ഫെബ്രുവരി 19 മുതൽ 25 വരെ തിയ്യതികളിലെ പത്രങ്ങളും മാസികകളും വാസുവേട്ടൻ എനിക്ക് ജയിലിൽ കൊണ്ടുതന്നു. 24-ാം തിയ്യതിയിലെ പത്രത്തിൽ അന്നത്തെ പ്രതിപക്ഷനേതാവ് പറഞ്ഞ ഒരു വാക്കുണ്ടായിരുന്നു. മരിച്ചുപോയ പൊലീസുകാരൻ വിനോദ് ദലിതനാണെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞില്ല എന്ന്​. ഈ പ്രസ്​താവന പട്ടികജാതി- പട്ടികവർഗ്ഗക്കാരെ തമ്മിലടിപ്പിക്കാനും, അകറ്റിനിർത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു. അങ്ങനെ ആളുകളെ ആദിവാസികൾക്കെതിരെയാക്കാനുള്ള ശ്രമം എല്ലാ രാഷ്ട്രീയപാർട്ടികളുടെയും ഭാഗത്തുനിന്നുണ്ടായി. മുത്തങ്ങ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ്. എം.എൽ.എമാർ നടത്തിയ നിരാഹാരവും മാർച്ചും ഹർത്താലും എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയനേട്ടത്തിനു വേണ്ടിയായിരുന്നു. അതാതു പാർട്ടികളിലേക്ക്​ ആദിവാസികളെ പിടിച്ചെടുക്കാനുള്ള മത്സരത്തിന്റെ ഭാഗമായിരുന്നു ഓരോ സമരങ്ങളും പ്രകടനങ്ങളും ഇതെല്ലാം. അല്ലാതെ, മുത്തങ്ങ സമരത്തിലെ ആളുകൾക്ക് നീതി കിട്ടാൻ വേണ്ടിയായിരുന്നില്ല. ആദിവാസികളെ തങ്ങളുടെ അണികളിലേക്ക് തിരിച്ചുപിടിക്കാൻ മുത്തങ്ങ സംഭവം ആയുധമാക്കുകയാണ് പലരും ചെയ്തത്. ഇത്തരം കാമ്പയിനുകൾ മൂലം അടിയന്തരാവസ്​ഥക്കുതുല്യമായ ഒരന്തരീക്ഷമായാണ്​, ആളുകൾ ഈ സാഹചര്യത്തെ വിലയിരുത്തിയത്​.

എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയുടെ ജയിൽ സന്ദർശനത്തിനുശേഷമാണ് കേരളത്തിലെ മാധ്യമങ്ങളും എഴുത്തുകാരും ഞങ്ങൾക്ക് അനുകൂലമായി എഴുതിത്തുടങ്ങിയത്. അവരുടെ ജയിൽ സന്ദർശനം ഞങ്ങൾക്കൊരു അനുഗ്രഹമായിരുന്നു. എന്നെയും ഗീതാനന്ദനെയും ഒരുമിച്ചിരുത്തി അവർ സംസാരിച്ചു. അവർ ഞങ്ങളെ ജയിലിൽ സന്ദർശിച്ചതിന് ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞത്, അരുന്ധതിറോയി ജനാധിപത്യത്തിന് കളങ്കമാണ്​ എന്നാണ്​. അരുന്ധതിറോയിയുടെ ജയിൽ സന്ദർശനത്തിനുശേഷമാണ് പലയാളുകളും നമ്മളെ കാണാൻ വന്നുതുടങ്ങിയത്. മനുഷ്യാവകാശ പ്രവർത്തകനായ കുൽദീപ് നയ്യാർ, കർഷക നേതാവും കർണാടക രാജ്യ റയിത്ത സംഘത്തലവനുമായിരുന്ന പ്രൊഫ. നഞ്ചുണ്ടസ്വാമി എന്നിവർ ഞങ്ങളെ ജയിലിൽ വന്നു കണ്ടു. സമരങ്ങൾക്ക് നഞ്ചുണ്ടസ്വാമി പൂർണ പിന്തുണ അറിയിച്ചു. സി.പി.എം. നേതാവ് വൃന്ദാ കാരാട്ട്, സി.പി.ഐയുടെ ബിനോയ് വിശ്വം എന്നിവർ ഞങ്ങളെ ജയിലിൽ വന്നു കണ്ടു. എല്ലാ പാർട്ടിക്കാരും ആദിവാസികളുടെ കുടിലുകളിൽ കയറിയിറങ്ങി ആളുകളെ പൊലീസിന്​ ചൂണ്ടിക്കാട്ടി കൊടുക്കുകയായിരുന്നു എന്ന് ഞാൻ ബിനോയ് വിശ്വത്തോടു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത്, രാഷ്ട്രീയപാർട്ടിക്കാർ എന്ന് പറയരുത്, നാട്ടുകാരിൽ ചിലരാണ് അങ്ങനെ ചെയ്തത് എന്നാണ്​. എന്നാൽ ഓരോ രാഷ്ട്രീയപാർട്ടികളുടെയും പേരിലാണ് നാട്ടിൽ ഞങ്ങൾ അവരെ അറിയുന്നത്. അതുകൊണ്ട് പാർട്ടിക്കാർ എന്നു പറയാനേ ഞങ്ങൾക്ക് കഴിയൂ എന്ന് ഞാൻ മറുപടി നൽകി.

സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കപ്പെട്ടവരാണ് ആദിവാസികൾ. നൂറ്റാണ്ടുകളായി മുത്തങ്ങയിൽ ജീവിച്ചുവന്ന ഞങ്ങളുടെ പൂർവ്വികരുടെ ആത്മാവും, ജോഗിയണ്ണനും ഈ മണ്ണിലുണ്ട്. അതാർക്കും പിഴുതെറിയാനാവില്ല. തകരപ്പാടിയിലെ കാവിനു മുന്നിൽ ഞങ്ങളുടെ ആയുധശേഖരമെന്ന നിലയിൽ പൊലീസ്​ മേധാവികളും, ഗുണ്ടകളും ചേർന്ന് മുളക്കുറ്റികൊണ്ടുള്ള നേർച്ചപ്പെട്ടി അടിച്ചുതകർത്തപ്പോൾ ചിതറിപ്പോയ നാണയത്തുട്ടുകൾ അവിടെയുണ്ട്. മുത്തങ്ങയിലെ 12,000 ഏക്കർ ഭൂമി അഞ്ചേക്കർ വെച്ച് ഭൂരഹിതരായ 50 ആദിവാസി കുടുംബങ്ങൾക്ക് കൊടുക്കേണ്ടതാണ്. അത്​ റിസർവ്വ് വനം അല്ല, വന്യജീവി സങ്കേതമല്ല. നീലഗിരി റിസർവ് ഫോറസ്റ്റിൽപ്പെട്ടതുമല്ല. അതുകൊണ്ടാണ് ഫോറസ്റ്റ് ആക്ട് പ്രകാരം 600 പേരുടെ പേരിലെടുത്ത കേസുകൾ തള്ളിപ്പോയത്. കോടതിയിൽ കേസ് വാദിച്ചപ്പോൾ ഞങ്ങളുടെ അഭിഭാഷകൻ സർക്കാറിനോട് രേഖകൾ കൊണ്ടുവരാൻ പറഞ്ഞു. അതിൽ റിസർവ്വ് വനമോ വന്യജീവിസങ്കേതമോ നീലഗിരി ബയോസ്​ഫിയറോ അല്ല എന്ന വ്യക്തമാക്കിയിരുന്നു. ബിർളയ്ക്ക് യൂക്കാലിപ്റ്റസ്​ പ്ലാന്റേഷന്​ പാട്ടത്തിനുകൊടുത്ത 14 വർഷം പാട്ടകാലാവധി കഴിഞ്ഞ ഭൂമിയുടെ രേഖയാണ് അവർ കൊണ്ടുവന്നത്. അതുകൊണ്ടാണ് ഫോറസ്റ്റ് ആക്ട് പ്രകാരം എടുത്ത കേസുകൾ തള്ളിപ്പോയത്. ഇതൊന്നും പഠിക്കാതെയും മനസ്സിലാക്കാതെയുമാണ് മുത്തങ്ങ വന്യജീവി സങ്കേതമാണെന്ന് പറഞ്ഞ് ആദിവാസികൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി തിരിഞ്ഞതും ആദിവാസികളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം നടത്തുകയും ചെയ്​തത്. മനുഷ്യത്വം മരിച്ചിട്ടില്ലാത്ത കുറച്ചുപേർ മാത്രമാണ്​ ഭൂപ്രശ്‌നത്തെക്കുറിച്ച് മനസ്സിലാക്കിയത്.

മുത്തങ്ങ സമരത്തിന്റെ പേരിലെടുത്ത കേസുകൾ നിലനിൽക്കുന്നുണ്ട്. പൊലീസുകാരനെ കൊന്നുവെന്ന കേസിന്റെ തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു. പൊലീസുകാരും റവന്യു ഉദ്യോഗസ്ഥരും, വനംവകുപ്പ് ജീവനക്കാരും, നാട്ടുകാരുമായിരുന്നു സാക്ഷികൾ. അവർ ചൂണ്ടിക്കാണിച്ചവരുടെ പേരിലെല്ലാം കൊലക്കുറ്റത്തിന് കേസെടുത്തു.

അന്നത്തെ പ്രതിപക്ഷ നേതാവ് ഞങ്ങളെ ജയിലിൽ സന്ദർശിച്ചിരുന്നു. ഞങ്ങളോട് പ്രധാനമായും അദ്ദേഹം പറഞ്ഞത്, ‘നിങ്ങൾ പേടിക്കണ്ട, ധൈര്യമായിരിക്കൂ, ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെയുണ്ട്, കേസിന്റെ ആവശ്യത്തിന് വക്കീലിനെ ഏർപ്പെടുത്തി തരാം’ എന്നെല്ലാമാണ്​. എന്നാൽ ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ യു.ഡി.എഫ് ചാർജ്ജ് ചെയ്യാതെ വെച്ചിരുന്ന മൂന്ന് കേസ് കൂടി ഞങ്ങളുടെ പേരിൽ ചാർജ്ജാക്കി. അതിൽ കുറെ പുതിയ പ്രതികളും വന്നു. ജോഗിയുടെ കുടുംബത്തിന് ധനസഹായം നൽകിയതും മകൾ സീതയ്ക്ക് സർക്കാർ ജോലി കൊടുത്തതും ഇടതുപക്ഷം നന്നായി പ്രചരിപ്പിച്ചിരുന്നു. മുത്തങ്ങ സമരത്തിന്റെ സി.ഡി. കോളനികളിൽ പ്രചരിപ്പിച്ച് വോട്ടു പിടിച്ചാണ് ഇവർ അന്ന് അധികാരത്തിൽ വന്നത്. മുത്തങ്ങയുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവർക്ക്​ഇതൊക്കെ ചെയ്യാൻ ബാധ്യതയുണ്ട്. അതൊന്നും വലിയ ഔദാര്യമായി ഞങ്ങൾ കണക്കാക്കുന്നില്ല. കൊടുത്ത ജോലിയുടെ പോസ്റ്റ് ചെറുതായിപ്പോയെന്നാണ് എന്റെ അഭിപ്രായം.

ആദിവാസി ഗോത്രമഹാസഭയുടെ സജീവ പ്രവർത്തകനായിരു ജോഗി അണ്ണന്റെ മരണം ഇപ്പോഴും ഒരു ഞെട്ടലാണ്​. മനസ്സിലെ​ ഒരിക്കലും മായാത്ത മുറിവ്​. ഭൂമിക്കുവേണ്ടി സമരം ചെയ്​ത്​ ധീരരക്തസാക്ഷിത്വം വഹിച്ച ആൾ. ഈ മണ്ണിന്​ ജോഗിയണ്ണന്റെ രക്തത്തിന്റെ മണമുണ്ട്. അതാർക്കും മായ്ച്ചു​കളയാൻ പറ്റില്ല. എനിക്ക് ശക്തിയും പ്രചോദനവും കരുത്തും പകർന്നുതരാൻ എന്നോടൊപ്പം ജോഗിയണ്ണന്റെ ആത്മാവുമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

2022 ലെ ജോഗി അനുസ്മരണ ദിനത്തിൽ സി.കെ. ജാനു സംസാരിക്കുന്നു. എം. ഗീതാനന്ദൻ സമീപം / Photo: F.B, C S Murali Shankar

മുത്തങ്ങ സമരത്തിന്റെ പേരിലെടുത്ത കേസുകൾ നിലനിൽക്കുന്നുണ്ട്. പൊലീസുകാരനെ കൊന്നുവെന്ന കേസിന്റെ തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു. പൊലീസുകാരും റവന്യു ഉദ്യോഗസ്ഥരും, വനംവകുപ്പ് ജീവനക്കാരും, നാട്ടുകാരുമായിരുന്നു സാക്ഷികൾ. അവർ ചൂണ്ടിക്കാണിച്ചവരുടെ പേരിലെല്ലാം കൊലക്കുറ്റത്തിന് കേസെടുത്തു. സി.ബി.ഐ കേസ് ഏറ്റെടുത്തപ്പോൾ യഥാർത്ഥ അന്വേഷണമൊന്നും നടത്തിയില്ല. അന്വേഷണത്തിനൊടുവിൽ ആദിവാസികളെല്ലാം അതിക്രമികളായി. ലോക്കൽ പൊലീസ്​ എഴുതിയതും പറഞ്ഞതുമായ റിപ്പോർട്ടുകൾ അംഗീകരിക്കുന്ന പണിയാണ് സി.ബി.ഐ ചെയ്തത്. ക്രിമിനൽ കേസിലുള്ള അന്വേഷണം പൂർത്തിയാക്കി സി.ബി.ഐ എറണാകുളം സി.ജെ.എം. കോടതിയിൽ ചാർജ്ജ് ഷീറ്റ് സമർപ്പിച്ചു.

ബത്തേരി ഗസ്റ്റ് ഹൗസിൽ ഞങ്ങളെ ചോദ്യം ചെയ്യലിന് കൊണ്ടുപോയപ്പോൾ കെ. മുരളീധരൻ സി.ബി.ഐ.യുടെ മുറിയിൽ നിന്ന്​ ഇറങ്ങിവരുന്നുണ്ടായിരുന്നു. ഞങ്ങളോട് അദ്ദേഹം ഒന്നും മിണ്ടിയില്ല. കേസിന് പോകാനും മറ്റും ആളുകൾ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കേസുള്ള ഓരോരുത്തവർ മരിക്കുമ്പോൾ അവരുടെ പേരിലെ കേസും ഇല്ലാതാവും. അതുമാത്രമെ ഇപ്പോൾ നടക്കുന്നുള്ളൂ. സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ നിർദ്ദേശപ്രകാരം ഐ.ജി. ജേക്കബ് പുന്നൂസ് അന്വേഷണം നടത്തിയിരുന്നു. മനുഷ്യാവകാശ ലംഘനമുൾപ്പടെ നിയമത്തിനതീതമായ നടപടികളുണ്ടായി എന്നാരോപിച്ചുകൊണ്ടുള്ള ഇടക്കാല റിപ്പോർട്ട് സർക്കാരിനും മനുഷ്യാവകാശ കമീഷനും നൽകി. ഞങ്ങൾക്ക് അനുകൂലമായ റിപ്പോർട്ടുകൾ ഏറെയുണ്ടായിട്ടും നീതിയുടെ വാതിലുകൾ ഇന്നും കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്​. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments