Photos: Shafeeq Thamarassery

അട്ടിമറിക്കപ്പെടുന്ന
​ഭൂമി​യേറ്റെടുക്കലുകൾ

മുത്തങ്ങ സമരം വേദനിപ്പിക്കുന്ന അനുഭവങ്ങൾ തന്നുവെങ്കിലും ആ സമരത്തിന്റെ ഫലം വൻവിജയമായിരുന്നു.

അധ്യായം 27

കേരളത്തിലെ ആദിവാസി ജനത ഭൂമിക്കു വേണ്ടി നടത്തിയ സമരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുത്തങ്ങ സമരം. അതിനുശേഷം എല്ലായിടത്തും ‘ഭൂമി' എന്ന വിഷയം ചർച്ചയായി.

2005 മുതൽ കേരള സർക്കാർ നിയോഗിച്ച നിവേദിത പി. ഹരൻ, ജസ്റ്റിസ് എൽ. മനോഹരൻ, ഡി. സജിത് ബാബു, ഡോ. രാജമാണിക്യം എന്നീ കമീഷനുകളുടെ റിപ്പോർട്ടുകൾ, കേരളത്തിൽ പലയിടങ്ങളിലായി പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി അനധികൃതമായുണ്ടെന്ന് കണ്ടെത്തി. ഈ ഭൂമി ഏറ്റെടുത്ത് ഭൂരഹിത കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. എല്ലാ ഭൂമിയേറ്റെടുക്കൽ കേസുകളും അട്ടിമറിക്കുകയാണ് ചെയ്യുന്നത്.

മുത്തങ്ങ സമരത്തിനുശേഷം സുഗന്ധഗിരി പ്രൊജക്​റ്റ്​ ഭൂമി ആദിവാസികൾക്കു പതിച്ചുനൽകാൻ ഞങ്ങൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

1950- 1985 കാലത്ത്​ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന്​ സർക്കാർ പ്രൊജക്​റ്റുകൾ ആവിഷ്‌കരിച്ചിരുന്നു. അഞ്ചുവർഷം വരെ ആദിവാസികളെ ഇത്തരം ഭൂമിയിൽ കുടിയിരുത്തി, കൂലി നൽകി, അവരുടെ പങ്കാളിത്തതോടെ ആദായമുണ്ടാക്കണം. ഈ ആദായഭൂമി, അതായത്​, കൃഷിത്തോട്ടം, കുടിയിരുത്തിയ കുടുംബങ്ങൾക്ക് അഞ്ചേക്കർ വെച്ച് പതിച്ചുനൽകി പട്ടയം നൽകണം എന്നായിരുന്നു വ്യവസ്ഥ. വയനാട് വൈത്തിരിയിൽ ആരംഭിച്ച സുഗന്ധഗിരി പ്രൊജക്ട്, പൂക്കോട് ഡയറി പ്രൊജക്​ട്​, മാനന്തവാടിയിലെ പ്രിയദർശിനി പ്രൊജക്​റ്റ്​ഇവയെല്ലാം വർഷങ്ങളായി ഉള്ളതാണ്.

സുഗന്ധഗിരി ആദിവാസി പുനരധിവാസ പദ്ധതി കേന്ദ്ര ഗവൺമെന്റിന്റെ പശ്ചിമഘട്ട വികസന പരിപാടിയുടെ കീഴിൽ 1976-ൽ ആവിഷ്‌കരിച്ചതാണ്. വയനാട്ടിലെ 750 ആദിവാസി കുടുംബങ്ങളെ 1500 ഹെക്ടർ നിക്ഷിപ്ത വനഭൂമിയിൽ അധിവസിപ്പിച്ച്, സഹകരണാടിസ്ഥാനത്തിൽ ഈ ഭൂമിയിൽ ഏലം കൃഷി ചെയ്ത് അതിലൂടെ പദ്ധതി പ്രദേശത്തെയും, ചുറ്റുവട്ടത്തുള്ള ആദിവാസി കുടുംബങ്ങളെയും അഭിവൃദ്ധിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. കുടുംബങ്ങളെ അധിവസിപ്പിക്കൽ, സൊസൈറ്റി രൂപീകരണം, ഏലം കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ, ഉൽപ്പന്ന വിപണനം എന്നിങ്ങനെയായിരുന്നു പദ്ധതിയുടെ പ്രവർത്തനം തരംതിരിച്ചിരുന്നത്. പദ്ധതി നടത്തിപ്പിന്​ പുനരധിവസിപ്പിക്കപ്പെട്ട ആദിവാസികളുടെ ‘സൗത്ത് വയനാട് ഗിരിജൻ ജോയിൻറ്​ ഫാർമിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി' എന്ന പേരിൽ സഹകരണ സംഘം രൂപീകരിച്ചു. അധിവസിക്കപ്പെടുന്ന 750 കുടുംബങ്ങൾക്കും വീട്, വൈദ്യുതി, കുടിവെള്ളം, റോഡ്, സ്കൂൾ, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കണം.

ഭൂമി ഏറ്റെടുത്ത് ഭൂരഹിത കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. എല്ലാ ഭൂമിയേറ്റെടുക്കൽ കേസുകളും അട്ടിമറിക്കുകയാണ് ചെയ്യുന്നത്

പക്ഷേ, ഇതൊന്നും കൃത്യമായും പൂർണമായും നടപ്പാക്കിയില്ല. ആദ്യം അവിടെ കൃഷി ചെയ്തിരുന്നത് ഏലം ആയിരുന്നു. അതിനുശേഷം പദ്ധതി അധികാരികൾ കാപ്പി, കുരുമുളക്, വിറക് മരങ്ങൾ, മൾബറി എന്നിവയുടെ കൃഷിയിലേക്ക്​തിരിഞ്ഞു. പുനരധിവസിക്കപ്പെട്ട കുടുംബങ്ങൾക്ക് വർഷം മുഴുവനായും ജോലി നൽകുകയെന്ന വ്യാജേനയായിരുന്നു ഇത്തരം കൃഷികൾ. പദ്ധതി നടത്തിപ്പിലെ ക്രമക്കേടും, ദുർനടപടികളും പുനരധിവസിക്കപ്പെട്ടവരുടെ ജീവിതം ദുരിതത്തിലാക്കി. ആദിവാസികളുടെ മേൽ ഉദ്യോഗസ്ഥ അടിമത്തം തുടർന്നു. പല കുടുംബങ്ങളും അവിടെനിന്ന്​ രക്ഷപ്പെടുകയും, മറ്റു ചിലർ വീണ്ടും കൂലിപ്പണിക്കാരാവുകയും ചെയ്തു. പദ്ധതി ആരംഭിച്ച് വർഷങ്ങൾക്കുശേഷവും ആദിവാസികളുടെ ദുരിതജീവിതത്തിന് അറുതി വരുത്തുകയെന്ന അടിസ്ഥാന ലക്ഷ്യം കൈവരിച്ചിട്ടില്ലായിരുന്നു.

നൂറേക്കർ പ്രൊജക്​റ്റ്​ ഭൂമി ഗവൺമെൻറ്​ കൈയേറി വെറ്ററിനറി കോളേജ് സ്ഥാപിച്ചു. കുടിയിരുത്തിയ ആദിവാസികൾക്ക് ഭൂമി പതിച്ചു നൽകാനുള്ള ഉത്തരവാദിത്വം സർക്കാർ കാണിച്ചില്ല.

മുത്തങ്ങ സമരത്തിനുശേഷം സുഗന്ധഗിരി പ്രൊജക്​റ്റ്​ ഭൂമി ആദിവാസികൾക്കു പതിച്ചുനൽകാൻ ഞങ്ങൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 2005 ൽ സൊസൈറ്റി പിരിച്ചുവിട്ടു. 435 കുടുംബങ്ങൾക്ക് 5 ഏക്കർ വീതവും, 25 കുടുംബങ്ങൾക്ക് 2 ഏക്കർ വീതവും 17 പട്ടികജാതി കുടുംബങ്ങൾക്ക് ഒരേക്കർ വീതവും ഭൂമി പതിച്ച് കൈവശാവകാശ രേഖ നൽകി.

1979 ലാണ് പൂക്കോട് ഡയറി പ്രൊജക്ടിൽ ആദിവാസി കുടുംബങ്ങളെ കുടിയിരുത്തിയത്. കൃഷിയും, പശു വളർത്തലുമായിരുന്നു ഇവിടെ. ഏലം, കുരുമുളക്, കാപ്പി എന്നിവ ഇവിടെ കൃഷി ചെയ്തു. ഫാമിൽ വരുമാനം കുറഞ്ഞപ്പോൾ ഡയറി പദ്ധതി തകർന്നു. നൂറേക്കർ പ്രൊജക്​റ്റ്​ ഭൂമി ഗവൺമെൻറ്​ കൈയേറി വെറ്ററിനറി കോളേജ് സ്ഥാപിച്ചു. കുടിയിരുത്തിയ ആദിവാസികൾക്ക് ഭൂമി പതിച്ചു നൽകാനുള്ള ഉത്തരവാദിത്വം സർക്കാർ കാണിച്ചില്ല. മുത്തങ്ങ സമരത്തിനുശേഷമാണ് ഇവിടെ കുറച്ചു കുടുംബങ്ങൾക്ക് ഒരേക്കർ വെച്ച് ഭൂമി പതിച്ചു നൽകിയത്. ചീയമ്പം, 73 പ്ലാന്റഷനിൽ 312 കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്​തു.

കുടിയിരുത്തിയ ആദിവാസികൾക്ക് ഭൂമി പതിച്ചു നൽകാനുള്ള ഉത്തരവാദിത്വം സർക്കാർ കാണിച്ചില്ല

ആദിവാസികളെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാറിൽ നിന്ന്​ 19,600 ഏക്കർ ഭൂമി ലഭിച്ചത് മുത്തങ്ങ സമരത്തിലൂടെയാണ്. 25,000 ഹെക്ടർ ഭൂമിയാണ് കേരള സർക്കാർ കേന്ദ്ര​ത്തോട്​ ആവശ്യപ്പെട്ടത്. അതിൽ 19,600 ഏക്കർ ഭൂമി ലഭിച്ചുവെങ്കിലും അത് പൂർണമായി ആദിവാസികൾക്ക് വിതരണം ചെയ്തിട്ടില്ല. മുത്തങ്ങ സമരം വേദനിപ്പിക്കുന്ന അനുഭവങ്ങൾ തന്നുവെങ്കിലും ആ സമരത്തിന്റെ ഫലം വൻവിജയമായിരുന്നു.

പുനരധിവാസത്തിന്റെ പേരിൽ കോളനികളിൽ നിന്ന്​ ആദിവാസികളെ കൊണ്ടുപോയി കുടിയിരുത്തി. കാടെല്ലാം വെട്ടിത്തെളിച്ച്, തേയില നട്ടുവളർത്തി, ആ തോട്ടങ്ങളിൽ കാലകാലങ്ങളായി ആദിവാസികളെ പണിയെടുപ്പിക്കുകയാണ്.

1985-ലാണ് പ്രിയദർശിനി ട്രൈബൽ ടീ പ്ലാേന്റഷൻ എസ്റ്റേറ്റ് ആരംഭിച്ചത്. മാനന്തവാടി പഞ്ചാരക്കൊല്ലിയിലും, മക്കിമലയിലും, അമ്പുകുത്തിയിലും ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. പുനരധിവാസത്തിന്റെ പേരിൽ കോളനികളിൽ നിന്ന്​ ആദിവാസികളെ കൊണ്ടുപോയി കുടിയിരുത്തി. കാടെല്ലാം വെട്ടിത്തെളിച്ച്, തേയില നട്ടുവളർത്തി, ആ തോട്ടങ്ങളിൽ കാലകാലങ്ങളായി ആദിവാസികളെ പണിയെടുപ്പിക്കുകയാണ്. ആരോഗ്യമുള്ളിടത്തോളം അവർക്കവിടെ പണിയെടുക്കാം. കൂലി സർക്കാർ കൊടുക്കും. പാരമ്പര്യ കൂലിത്തൊഴിലാളികളായി തേയിലത്തോട്ടങ്ങളിൽ പണിയെടുത്ത് മരിച്ചുതീരുകയാണ് അവർ.

കാലമിത്രയായിട്ടും കൃഷിഭൂമിയുടെ യാതൊരു അവകാശവുമില്ലാതെയാണ് ആദിവാസികൾ അവിടെ ജീവിക്കുന്നത്. ഈ ഭൂമി ഒരു ആദിവാസി കുടുംബത്തിന് 5 ഏക്കർ വെച്ച് പതിച്ച് പട്ടയം കൊടുക്കേണ്ടതാണ്. അത് ചെയ്യാതെ വർഷങ്ങളായി ഗവൺമെൻറ്​ തന്നെ കൈവശം വച്ചുകൊണ്ടിരിക്കുകയാണ്​. കലക്ടർ ചെയർമാനായ ഡയറക്ടർ ബോർഡാണ് പ്രൊജക്​റ്റ്​ ഭൂമിയുടെ മേൽനോട്ടം വഹിക്കുന്നത്. സഹകരണ സംഘങ്ങളിലെ ഡയറക്ടർ ബോർഡുകളിൽ ആദിവാസികൾ വെറും മെമ്പർ മാത്രമാണ്. പുറത്തുള്ള ഉദ്യോഗസ്ഥർക്കാണ് ഭരണകാര്യങ്ങളുടെയും, സാമ്പത്തിക നടത്തിപ്പിന്റെയും ഉത്തരവാദിത്തം. അതുകൊണ്ടുതന്നെ വൻ അഴിമതി നടക്കുന്നു. മീറ്റിംഗ് കൂടുമ്പോൾ ഉദ്യോഗസ്ഥർ പറയുന്നതുകേൾക്കാനുള്ള റോൾ മാത്രമേ ആദിവാസികൾക്കുള്ളൂ. അതുകൊണ്ട് ആദിവാസികളുടെ ഫണ്ട് ദുർവിനിയോഗം അവസാനിപ്പിച്ച്, അവരുടെ പേരിലുള്ള എല്ലാ പ്രൊജക്റ്റ്​ ഭൂമികളും മുഴുവനായി ഭൂരഹിത ആദിവാസികൾക്ക് പതിച്ചുനൽകി, പട്ടയം വിതരണം ചെയ്​ത്​ഭൂപ്രശ്‌നം പരിഹരിക്കണം. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments