Photos: Shafeeq Thamarassery

ഭരണവർഗം വകവച്ചുതരാത്ത
​ആദിവാസി സ്വയംഭരണം

അധികാരം കൈവിട്ടുപോകുന്നത് ഭരണവർഗത്തിന് സഹിക്കുകയില്ല. അതുകൊണ്ട് അവർ വളരെ ശക്തമായി തന്നെ സ്വയംഭരണം എന്ന ആശയത്തെ എതിർത്തുകൊണ്ടേയിരിക്കും.

അധ്യായം 28

മുത്തങ്ങ സമരത്തിന്റെ സമയത്ത് ഉയർന്നുകേട്ടിരുന്ന ഒന്നാണ് ഞങ്ങൾ സ്വയംഭരണം പ്രഖ്യാപിച്ചുവെന്ന്. ശരിക്കും വിവരക്കേടുകൊണ്ടാണ് പലരും അന്നതിനെ വിമർശിച്ചത്. അവർ മനസ്സിലാക്കിയ സ്വയംഭരണമല്ല ഞങ്ങളുദ്ദേശിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ 334-ാം വകുപ്പനുസരിച്ച് 1961-ൽ യു.എൻ. ധേബർ ചെയർമാനായ കമീഷൻ കേരളത്തിലെ 1064 ചതുരശ്രമൈൽ പ്രദേശം പട്ടികവർഗ പ്രദേശമായി ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു.

1975 കാലത്ത്​ കേന്ദ്രസർക്കാർ പട്ടികവർഗ ഉപപദ്ധതി (TSP - Tribal Sub Plan) നടപ്പിലാക്കി. ഇന്ത്യയിലെ പല ആദിവാസി മേഖലകളെയും ഷെഡ്യൂൾ അഞ്ചിൽ ഉൾപ്പെടുത്തി ഷെഡ്യൂൾഡ് മേഖലയായി പ്രഖ്യാപിക്കാം എന്ന് 1976-ൽ കേന്ദ്രഗവൺമെൻറ്​ അംഗീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് രാജ് വിഷയവുമായി ബന്ധപ്പെട്ട്​ 1992-ൽ 73-ാം ഭേദഗതിയിലൂടെയാണ് ഭരണഘടന ഭേദഗതി ചെയ്തത്. തുടർന്നാണ് 1996-ൽ ദിലീപ് സിങ് ദൂരിയ ചെയർമാനായ കമീഷന്റെ നിർദ്ദേശപ്രകാരം ‘പെസ' (Panchayat Extension the Scheduled Area Act- 1996) എന്നറിയപ്പെടുന്ന നിയമം നിലവിൽവന്നത്. ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പട്ടികവർഗ വിഭാഗങ്ങൾക്കായി ചിട്ടപ്പെടുത്തിയ ഭരണക്രമമാണ് ‘പെസ’ നിയമം. 244-ാം ഭരണഘടനാ വകുപ്പിലെ 5, 6 ഷെഡ്യൂൾ പ്രകാരമാണ് ആദിവാസിമേഖലകൾക്ക് ‘സ്വയംഭരണാവകാശം' ഉറപ്പുനൽകുന്നത്.

1996-ലെ ‘പെസ’ നിയമത്തിന്റെ പരിധിയിൽനിന്നുകൊണ്ട്​,​ സാമൂഹ്യനീതിയും വിഭവങ്ങളിലുള്ള അധികാരവും ഉറപ്പാക്കുന്ന മാതൃകയായിരുന്നു മുത്തങ്ങയിലെ സമരഭൂമി.

ഈ നിയമത്തിൽ, ആദിവാസി വികസനത്തിനുള്ള സർക്കാർ, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ആദിവാസി പഞ്ചായത്ത് ഭരണസമിതിക്കാണ്​ കൈമാറുക. ആദിവാസി പ്രദേശങ്ങൾക്ക്​ പ്രത്യേക പരിരക്ഷ നൽകുന്ന ‘പെസ’യിലൂടെ (ഗ്രാമസഭാ നിയമം) ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുന്നതും, ചൂഷണവും തടയാൻ കഴിയും. ഷെഡ്യൂൾഡ് പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിക്കുന്ന നിയമങ്ങൾ നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഗവർണർക്കാണ് (ആദിവാസി ഉപദേശ കൗൺസിലിന്റെ ഉപദേശ പ്രകാരം). ആദിവാസി ജനസമൂഹത്തിന്റെ ക്ഷേമവികസന പ്രവർത്തനങ്ങൾ ‘പെസ’യിലൂടെ കൂടുതൽ കാര്യക്ഷമമാവും. ഓരോ ഗ്രാമസഭയ്ക്കും അവിടുത്തെ ജനങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും സാംസ്കാരികത്തനിമയും പൊതുവിഭവങ്ങളും തർക്കപരിഹാര സമ്പ്രദായങ്ങളും കാത്തുസൂക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ഈ നിയമപ്രകാരം അധികാരമുണ്ടായിരിക്കും. മദ്യനിരോധനം ഏർപ്പെടുത്തുന്നതിനും, ലഹരിവസ്തുക്കളുടെ വിപണനവും ഉപഭോഗവും നിയന്ത്രിക്കുന്നതിനോ പരിമിതപ്പെടുത്തുന്നതിനോ ഉള്ള അധികാരവും ചെറുകിട വനവിഭവങ്ങളുടെ ഉടമസ്ഥാവകാശവും അധികാരമുണ്ടായിരിക്കും.

ഇന്ത്യയിലെ പല ആദിവാസി മേഖലകളെയും ഷെഡ്യൂൾ അഞ്ചിൽ ഉൾപ്പെടുത്തി ഷെഡ്യൂൾഡ് മേഖലയായി പ്രഖ്യാപിക്കാം എന്ന് 1976-ൽ കേന്ദ്രഗവൺമെൻറ്​ അംഗീകരിച്ചിട്ടുണ്ട്.

പട്ടികപ്രദേശങ്ങളിലെ ഭൂമി അന്യാധീനപ്പെടൽ തടയുന്നതിനും നിയമവിരുദ്ധമായി അന്യാധീനപ്പെടുത്തിയ ഭൂമി തിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം, ഗ്രാമചന്തകൾ ഏതു പേരിൽ അറിയപ്പെട്ടാലും അവയുടെ നടത്തിപ്പിനുള്ള അധികാരം, പട്ടികവർഗകാർക്ക് പണം വായ്പ കൊടുക്കലിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരം, സാമൂഹ്യമേഖലയിലെ സ്​ഥാപനങ്ങളുടെയും നടത്തിപ്പുകാരുടെയുംമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരം, പട്ടികവർഗ ഉപപദ്ധതി വിഹിതം ഉൾപ്പെടെയുള്ള പ്രാദേശിക ആസൂത്രണ പദ്ധതികളുടെയും അവയുടെ സാമ്പത്തികവിഭവങ്ങളുടെയും നിയന്ത്രണാധികാരം തുടങ്ങിയവ ഈ നിയമത്തിൽപെടുന്നു.

ഞങ്ങൾക്കുവേണ്ടി വീടുവെയ്ക്കുക, കിണറുകുഴിക്കുക, റോഡുപണിയുക, വൈദ്യുതി കൊടുക്കുക ഇതെല്ലാം പുറത്തുള്ളവർക്ക് കാശ് തട്ടിയെടുക്കാനുള്ള വഴിയാണ്. ആദിവാസി വിഭാഗങ്ങൾക്ക് ഇങ്ങനെ ഒറ്റപ്പെട്ടു ജീവിക്കുവാൻ കഴിയുമോ എന്ന ചോദ്യം പൊതുസമൂഹത്തിലുണ്ട്. എന്നാൽ ഇതൊരു ഒറ്റപ്പെട്ട ജീവിതമല്ല.

1996-ലെ ‘പെസ’ നിയമത്തിന്റെ പരിധിയിൽനിന്നുകൊണ്ട്​,​ സാമൂഹ്യനീതിയും വിഭവങ്ങളിലുള്ള അധികാരവും ഉറപ്പാക്കുന്ന മാതൃകയായിരുന്നു മുത്തങ്ങയിലെ സമരഭൂമി. ഗ്രാമജീവിതത്തിന്റെ വികസ്വരമായിക്കൊണ്ടിരിക്കുന്ന ഒരു മാതൃക. ത്രിപുര, മേഘാലയ, അസം, മിസോറം എന്നീ സംസ്ഥാനങ്ങളിൽ ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങൾ ഷെഡ്യൂൾ- ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇതുവരെ ‘പെസ’ നിയമം നടപ്പായിട്ടില്ല. നിയമം നടപ്പിലായാൽ നമ്മുടെ പ്രദേശത്തെ കാര്യങ്ങൾ നമ്മൾ തന്നെ സ്വയംപര്യാപ്തമായി ചെയ്യും. ഷെഡ്യൂൾഡ് ഏരിയ എന്ന നിലയിൽ നമ്മുടെ പ്രദേശത്ത് എന്തുചെയ്യണം, എന്തു ചെയ്യാതിരിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം ഗ്രാമസഭയ്ക്കാണ്. ഉദാഹരണമായി, ഒരു കോളനിയിൽ പത്ത് വീട് പാസായി എന്നു വിചാരിക്കുക. അത് ആര്, ആരെക്കൊണ്ട്, എങ്ങനെ ചെയ്യണമെന്ന് ആദിവാസികൾ തീരുമാനിക്കും. ഇത് സ്വയംപ്രാപ്തി കൈവരിക്കാൻ ആദിവാസികളെ സഹായിക്കും. പക്ഷേ ആൾക്കാർക്കുവേണ്ടത് ഇതല്ല. ആദിവാസികളുടെ എല്ലാ കാര്യത്തിലും മറ്റുള്ളവർക്ക് ഇടപെടണം. എന്നാലല്ലേ അവർക്ക് അതിനകത്തുനിന്ന് പണം തട്ടാനാകൂ. ‘പെസ’ നിയമം പ്രാബല്യത്തിൽ വന്നാൽ പുറത്തുള്ളവർക്ക് കോളനിയിൽ കയറി ചൂഷണം നടത്താനുള്ള റോള് ഇല്ലാതാവും. ആദിവാസി ഊരുകൂട്ടമായിരിക്കും എല്ലാം തീരുമാനിക്കുന്നത്.

ഷെഡ്യൂൾഡ് ഏരിയ എന്ന നിലയിൽ നമ്മുടെ പ്രദേശത്ത് എന്തുചെയ്യണം, എന്തു ചെയ്യാതിരിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം ഗ്രാമസഭയ്ക്കാണ്.

ഞങ്ങൾക്കുവേണ്ടി വീടുവെയ്ക്കുക, കിണറുകുഴിക്കുക, റോഡുപണിയുക, വൈദ്യുതി കൊടുക്കുക ഇതെല്ലാം പുറത്തുള്ളവർക്ക് കാശ് തട്ടിയെടുക്കാനുള്ള വഴിയാണ്. ആദിവാസി വിഭാഗങ്ങൾക്ക് ഇങ്ങനെ ഒറ്റപ്പെട്ടു ജീവിക്കുവാൻ കഴിയുമോ എന്ന ചോദ്യം പൊതുസമൂഹത്തിലുണ്ട്. എന്നാൽ ഇതൊരു ഒറ്റപ്പെട്ട ജീവിതമല്ല. ഞങ്ങളുടെ പ്രദേശത്തെ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്നു, ബാക്കി കാര്യങ്ങൾ സാധാരണ പോലെ നടക്കുന്നു. ആദിവാസി ഫണ്ട് ആദിവാസികൾക്കുതന്നെ കിട്ടുന്നതിനുവേണ്ടിയാണ് ഇത് പറയുന്നത്. അതല്ലെങ്കിൽ ഓരോരുത്തരും വിഹിതം പറ്റിക്കഴിഞ്ഞാൽ ആദിവാസികളുടെ അടുത്തെത്തുമ്പോൾ ഒന്നുമുണ്ടാവില്ല. ഇപ്പോൾ തന്നെ ടി.എസ്​.പി. (Tribal Sub Plan) ഫണ്ടും മറ്റ് സംസ്ഥാന ഫണ്ടും ആദിവാസികൾക്ക് ഗുണകരമാവുന്ന വിധത്തിൽ ഉപയോഗിക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ഇതൊന്നും ആദിവാസികൾക്ക് വേണ്ടവിധം പ്രയോജനപ്പെടുന്നില്ല. പഞ്ചായത്ത് നടപ്പിലാക്കുന്ന പല പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. ആദിവാസി ഊരുകൂട്ടങ്ങളെ ഉൾപ്പെടുത്തി പദ്ധതികൾ നടപ്പിലാക്കണം എന്നാണ് പഞ്ചായത്തുകൾക്കുള്ള നിർദേശമെങ്കിലും രാഷ്ട്രീയപാർട്ടികൾ ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ഊരുകൂട്ടത്തെ അംഗീകരിക്കില്ല. ഗ്രാമസഭ നടക്കുമ്പോൾ വരുന്ന ആളുകളെക്കൊണ്ട് ഊരുകൂട്ടത്തിന്റെ മിനിറ്റ്‌സിൽ ഒപ്പീടിക്കുകയാണ് ചെയ്യുന്നത്. ഊരുകൂട്ടത്തിന്റെ പങ്കാളിത്തമില്ലാതെ തന്നെ ആദിവാസി വികസനത്തിന് ഉപയോഗിക്കേണ്ട ടി.എസ്.പി. ഫണ്ട്​ പുറത്ത് കമ്യൂണിറ്റി ഹാളും, സ്കൂൾ കെട്ടിടങ്ങളും, റോഡുകളും ബസ് സ്റ്റാന്റും, ഫുട്ട്പാത്തും പണിയാനുപയോഗിക്കും. ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കാനെന്നുപറഞ്ഞ് ഓരോ ഡിപ്പാർട്ട്‌മെന്റുകൾ ഉണ്ടാക്കുന്നു. കുറേ ഉദ്യോഗസ്ഥരുടെ തൊഴിലില്ലായ്മ പരിഹരിക്കാനും, ആദിവാസി ഫണ്ട് ദുരുപയോഗം​ ചെയ്യാനുമാണ്​ ഇത്തരം ഡിപ്പാർട്ട്‌മെന്റുകൾ ഉണ്ടാക്കുന്നത്​ എന്നാണ്​ ഇവയുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത്​. ആദിവാസികൾക്ക് ഇതുകൊണ്ടൊരു പ്രയോജനവുമില്ല. ഇപ്പോഴും ദുരിതജീവിതം തന്നെ. ഉദ്യോഗസ്ഥർ മറ്റുള്ള വിഭാഗത്തിൽപ്പെട്ടവരായതുകൊണ്ട് ആദിവാസികളുടെ വേദനയും, ദുരിതവും കഷ്ടപ്പാടുകളൊന്നും ഇവർക്കറിയില്ല. ആദിവാസികൾ ഓരോ ആവശ്യങ്ങൾക്കും ഇത്തരം ഓഫീസുകളിൽ എത്രയോ തവണ കേറിയിറങ്ങേണ്ടിവരുന്നു.

ആദിവാസികൾക്ക് ഇപ്പോഴും ദുരിതജീവിതം തന്നെ. ഉദ്യോഗസ്ഥർ മറ്റുള്ള വിഭാഗത്തിൽപ്പെട്ടവരായതുകൊണ്ട് ആദിവാസികളുടെ വേദനയും, ദുരിതവും കഷ്ടപ്പാടുകളൊന്നും ഇവർക്കറിയില്ല.

ഉദ്യോഗസ്ഥർ അവർക്ക്​ തോന്നുന്ന പോലെയാണ് കാര്യങ്ങൾ ചെയ്യുന്നത്. അഴിമതിയും, തട്ടിപ്പും നടക്കാതിരിക്കാനാണ് ആദിവാസി സ്വയംഭരണാവകാശത്തെക്കുറിച്ച് ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ ആദിവാസികളുടെ അവസാന തുള്ളി ചോരയും ഊറ്റിക്കുടിച്ച് വിഹിതം തട്ടുന്നവർ ഇത് അംഗീകരിക്കില്ല. അധികാരം കൈവിട്ടുപോകുന്നത് ഭരണവർഗത്തിന് സഹിക്കുകയില്ല. അതുകൊണ്ട് അവർ വളരെ ശക്തമായി തന്നെ സ്വയംഭരണം എന്ന ആശയത്തെ എതിർത്തുകൊണ്ടേയിരിക്കും.

2014-ലെ നിൽപ്​സമരത്തിൽ ഞങ്ങൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിൽ ഒന്ന് കേരളത്തിൽ ‘പെസ’ നിയമം നടപ്പിലാക്കുക എന്നതായിരുന്നു.

കേരളത്തിൽ ‘പെസ’ നിയമം നടപ്പിലാക്കേണ്ട പ്രദേശങ്ങൾ:
ഇടുക്കി ജില്ലയിലെ ഇടമലക്കുടി ഗ്രാമപഞ്ചായത്ത്.
കണ്ണൂർ ജില്ലയിൽ ആറളം ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡ്.
പാലക്കാട് ജില്ലയിലെ അഗളി ഗ്രാമപഞ്ചായത്ത്, പുതൂർ ഗ്രാമപഞ്ചായത്ത്, ഷോളയൂർ ഗ്രാമപഞ്ചായത്ത്.
മലപ്പുറം ജില്ലയിലെ അമരമ്പലം, വഴിക്കടവ്, കരുളായി.
വയനാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളായ തിരുനെല്ലി, നൂൽപ്പുഴ, മേപ്പാടി, മുള്ളൻകൊല്ലി, മുട്ടിൽ, നെൻമേനി, അമ്പലവയൽ, മൂപ്പെനാട്, കണിയാമ്പറ്റ, കോട്ടത്തറ, മീനങ്ങാടി, പുൽപ്പള്ളി, പൊഴുതന, പൂതാടി, പനമരം, പടിഞ്ഞാറെത്തറ, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി, ഇടവക, തൊണ്ടർനാട്, തരിയോട്, തവിഞ്ഞാൽ, ഇപ്പോൾ നഗരസഭകളായ സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ മുനിസിപ്പാലിറ്റി.

31 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളും ഉൾപ്പെടുന്ന 2445 ആദിവാസി ഊരുകൾ ‘പെസ’ പരിധിയിൽ വരേണ്ട മേഖലകളാണ്. കേരള സർക്കാർ തയ്യാറാക്കിയ മാർഗരേഖ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നു. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments