സി.കെ. ജാനു

ആദ്യം തള്ളിപ്പറഞ്ഞ്​,
​പിന്നെ കെട്ടിപ്പുണർന്ന അച്​ഛൻ

​തന്റെ മകളല്ലെന്നു തള്ളിപ്പറഞ്ഞ്, തന്റെ​ സ്ഥലത്തുനിന്ന് ഇറക്കിവിട്ട്, റേഷൻ കാർഡിൽ പോലും എന്റെ പേരു ചേർക്കാതിരുന്ന അച്ഛൻ​ അവസാനം ഒരു മകൾ മാത്രമേയുള്ളൂ എന്ന അവസ്ഥയിലെത്തി. പിന്നീട് അച്ഛന് എന്നോട് ബഹുമാനമായിരുന്നു.

അധ്യായം 29

മുത്തങ്ങ സമരത്തിൽ ഞാൻ ജയിലിൽ പോയ സമയം, അഭിമുഖം നടത്താനെത്തിയ മാധ്യമങ്ങളോട്​ അച്ഛൻ പറഞ്ഞു; ‘അവൾ എന്റെ മകളല്ല​’.

ഞാൻ ജയിലിൽനിന്ന്​ വന്നശേഷം കുടുംബത്തിലെ കൂട്ടപരിപാടിയിൽ വച്ച് എന്നെയും അച്ഛനേയും കാർന്നോന്മാരുടെ മുന്നിലിരുത്തി, ഇങ്ങനെ സംസാരിച്ചതെല്ലാം തെറ്റായിപ്പോയെന്നുപറഞ്ഞ്​ പ്രായശ്ചിത്തമായി പിഴ കെട്ടി. പിഴ കെട്ടിയാൽ അച്ഛനും മകളും പ്രശ്‌നമെല്ലാം പറഞ്ഞുതീർത്ത് യോജിച്ചു നിൽക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഞാനങ്ങനെ ഒന്നിച്ചുനിന്നില്ല. ഞാൻ അച്ഛന്റെ മകളല്ല എന്ന്​ തള്ളിപ്പറഞ്ഞപ്പോൾ എനിക്കുണ്ടായ മാനസിക വേദന താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആ വേദന മനസ്സിൽ നീറിക്കൊണ്ടിരുന്നു.

‘കൂട്ടം’ എന്ന ഞങ്ങളുടെ കുടുംബകോടതിയിൽ പ്രശ്‌നങ്ങൾ പറഞ്ഞു തീർപ്പാക്കിയെങ്കിലും അച്ഛനുമായി മാനസികമായി പൊരുത്തപ്പെട്ടുപോവാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായി. പിന്നീട് അച്ഛന് സുഖമില്ലാതായി. അദ്ദേഹം മദ്യപിച്ചു വന്നപ്പോൾ വീണ്​ കാലിൽ ഇല്ലിമുള്ള്​ കയറി. അത് പഴുത്ത് വൃണമായി. അച്ഛനെ ആരും നോക്കുകയോ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയോ ചെയ്തില്ല. ബാത്ത്‌റൂമിൽ പോകാനും മറ്റും ആരെയും ആശ്രയിക്കുന്നത് ഇഷ്ടമില്ലാത്തതു കൊണ്ട് അച്ഛൻ ഭക്ഷണം കഴിക്കുന്നത് നിർത്തി, അങ്ങനെ അവശതയിലായി.

ഒരു ദിവസം ചേച്ചി എന്നോടുവന്ന് പറഞ്ഞു; ‘അച്ഛന്​ തീരെ വയ്യ, നീയൊന്ന് പോയി കാണണം, എന്തെങ്കിലും പറഞ്ഞ് ശാപമൊന്നും വാങ്ങിവെയ്ക്കണ്ട.’

അച്ഛന്റെ അടുത്തേക്ക് ചേച്ചി എന്നെ നിർബന്ധിച്ച് പറഞ്ഞയച്ചു. ഞാൻ തൃശ്ശിലേരി ചേക്കോട്ടു വീട്ടിൽ ചെല്ലുമ്പോൾ ഒരു മുറിയിൽ തുണി കൂട്ടിയിട്ട പോലെ, ക്ഷീണിച്ച് പെൻസിൽ പോലെയായി അച്ഛൻ കിടപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ വല്ലാത്ത കരച്ചിലായി. കുറേ സമയം ഞാൻ ഒന്നും മിണ്ടിയില്ല. കരച്ചിൽ നിർത്തിയപ്പോൾ ആശുപത്രിയിൽ പോകാം എന്ന്​ ഞാൻ പറഞ്ഞു.

അച്​ഛനുവേണ്ട വസ്ത്രം, മരുന്ന്, മറ്റ് ചെലവുകളെല്ലാം ഞാനായിരുന്നു വഹിച്ചത്. കുടുംബത്തിലെ എന്തുകാര്യമുണ്ടെങ്കിലും എന്നോട് ആലോചിച്ചിട്ടാണ് അച്ഛൻ ചെയ്യുക. എന്തു കാര്യം തീരുമാനിക്കണമെങ്കിലും ഞാൻ വേണമെന്ന അവസ്ഥയായി.

അര കിലോമീറ്ററോളം നടന്നാലേ വീടിനടുത്തുനിന്ന്​ റോഡിലെത്താൻ പറ്റുകയുള്ളൂ. അച്ഛന്റെ രണ്ട് മരുമക്കളെ സഹായത്തിനുവിളിച്ച് താഴെ റോഡുവരെയിറക്കി അച്ഛനെ വാഹനത്തിൽ കയറ്റി. മാനന്തവാടി ഗവൺമെൻറ്​ ആശുപത്രിയിൽ അഡ്മിറ്റാക്കി. ഒന്നരമാസം ആശുപത്രിയിൽ കിടന്ന് അസുഖം ഭേദമായി വരുന്ന സമയത്ത്, വീണ്ടും കൂടി. അവിടെ നിന്ന്​ഡിസ്ചാർജാക്കി പ്രൈവറ്റ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. അവിടെ രണ്ടാഴ്ച കിടന്നപ്പോൾ അസുഖം ഭേദമായി. അച്ഛന്റെ മുഴുവൻ ചെലവും കൂടെ നിന്നവരുടെ ചെലവും ഞാൻ തന്നെയാണ് വഹിച്ചത്. അച്ഛനെ ചേക്കോട്ടുകോളനിയിൽ തന്നെ തിരിച്ചുകൊണ്ടാക്കി. അവിടെ ഇളയമ്മ എന്നു വിളിക്കുന്ന, അച്ഛന്റെ നാലാമത്തെ ഭാര്യ ഉണ്ടായിരുന്നു.

പിന്നെ അച്ഛൻ എന്നോട് ലോഹ്യമായി. ബാക്കിയുള്ള മക്കളെ കാണണമെന്ന് നിർബന്ധമൊന്നുമില്ല. ഞാൻ മാത്രമാണ് അച്ഛന്റെ മകളെന്ന് പറയാൻ തുടങ്ങി. മരുമക്കളോടും, ബാക്കിയുള്ളവരോടുമൊക്കെ അച്ഛൻ പറയും, ‘നിന്നെപ്പോലുള്ള ചൊലിയ (ചെതുമ്പൽ) മത്തിയൊന്നുമല്ല എന്റെ മകൾ, നിങ്ങളെയൊക്കെ എന്തിനു കൊള്ളാം, എന്റെ മകളെ കണ്ടു പഠിക്ക്, എന്റെ മകൾ വിമാനത്തിൽ കേറി യാത്ര ചെയ്യുന്ന ആളാണ്, നിങ്ങളാരെങ്കിലും വിമാനത്തിൽ കേറീട്ടുണ്ടോ?’

സി.കെ. ജാനുവും അമ്മ മല്ലയും

പിന്നെപ്പിന്നെ എന്നെപ്പറ്റി പറയുമ്പോൾ വലിയ അന്തസ്സായിരുന്നു. ആരു വന്നാലും എന്നെക്കുറിച്ച് പറയാൻ ആയിരം നാവായിരുന്നു. അച്ഛന്റെ കുടുംബക്കാരോട് പറയും, ‘ഞാൻ മരിച്ചാൽ ചടങ്ങുകൾ നടത്താൻ നിങ്ങളുടെ ഒറ്റ പൈസ വേണ്ടാ, എന്റെ മകൾ ഒറ്റയ്ക്ക് എല്ലാ കാര്യവും നടത്തിക്കോളും.’

അച്​ഛനുവേണ്ട വസ്ത്രം, മരുന്ന്, മറ്റ് ചെലവുകളെല്ലാം ഞാനായിരുന്നു വഹിച്ചത്. കുടുംബത്തിലെ എന്തുകാര്യമുണ്ടെങ്കിലും എന്നോട് ആലോചിച്ചിട്ടാണ് അച്ഛൻ ചെയ്യുക. എന്തു കാര്യം തീരുമാനിക്കണമെങ്കിലും ഞാൻ വേണമെന്ന അവസ്ഥയായി. ബാക്കിയുള്ളവർ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അച്ഛൻ പറയും, ‘എന്റെ മകളു വരട്ടെ, അവളും കൂടി വന്ന് സംസാരിച്ച് തീരുമാനിക്കട്ടെ’ എന്ന്. ഓരോ ആവശ്യങ്ങൾക്കും തീരുമാനമെടുക്കാൻ ആളെ വിട്ട് എന്നെ വിളിപ്പിച്ചുകൊണ്ടിരിക്കും. ഞാൻ അവിടെ പോയി സംസാരിക്കണം, എന്നാലേ ആ പ്രശ്‌നത്തിനൊരു തീരുമാനമാകൂ.

ഞങ്ങളുടെ ‘കാക്കപ്പി'ൽ (കൂട്ടം) അച്ഛൻ കള്ളുകുടിച്ച് കച്ചറയുണ്ടാക്കുമ്പോൾ ബന്ധുക്കൾ പറയും, ആ ജാനുവിനെ വിളിച്ചോണ്ടുവാ, അവളു പറഞ്ഞാലേ ഇയാള് അനുസരിക്കൂ എന്ന്. അവസാനം ഞാൻ വന്നു പറഞ്ഞാൽ അച്ഛൻ കച്ചറ നിർത്തും. ഞാൻ വന്നിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ തന്നെ കച്ചറ നിർത്തി അച്ഛൻ പറയും, ‘ആ, എന്റെ മകളു വന്നു, ഇനിയവൾ പറയുന്നപോലെ ചെയ്താൽ മതി’ എന്ന്. പിന്നെ അച്ഛൻ അടങ്ങിയിരിക്കും.

തന്റെ മകളല്ലെന്നു തള്ളിപ്പറഞ്ഞ്, തന്റെ​ സ്ഥലത്തുനിന്ന് ഇറക്കിവിട്ട്, റേഷൻ കാർഡിൽ പോലും എന്റെ പേരു ചേർക്കാതിരുന്ന അച്ഛൻ​ അവസാനം ഒരു മകൾ മാത്രമേയുള്ളൂ എന്ന അവസ്ഥയിലെത്തി. പിന്നീട് അച്ഛന് എന്നോട് ബഹുമാനമായിരുന്നു. അച്ഛന്റെ പേരിലുള്ള ഒരേക്കർ സ്ഥലം എന്റെ പേരിൽ എഴുതിത്തരാമെന്നുപറഞ്ഞു. ഞാൻ വേണ്ടെന്നുപറഞ്ഞു. ആ സ്ഥലം വേണ്ടെന്ന്​ഞാൻ ആദ്യമേ പറഞ്ഞതാണ്. ആ വാക്കിൽ തന്നെ ഉറച്ചുനിന്നു. അച്ഛന്റെ മരണശേഷം ബാങ്കിൽ നിന്ന്​ ഞാൻ പട്ടയം തിരിച്ചു വാങ്ങി. അനിയൻ രാജുവും കുടുംബവുമാണ്​ ഇന്നവിടെ താമസിക്കുന്നത്​.

അച്ഛന്റെ അച്ഛന്റെ പേര്​ മല്ലൻ എന്നും, അച്ഛന്റെ അമ്മയുടെ പേര് പുച്ഛത്തി എന്നുമാണ്. അച്ഛന്​ രണ്ട് സഹോദരങ്ങളായിരുന്നു- കുറുമാട്ടിയും മല്ലയും. എന്റെ ചേച്ചിക്ക് അച്ഛന്റെ അമ്മയുടെ പേരും ഇളയ അനിയന് അച്ഛന്റെ അച്ഛന്റെ പേരുമാണ് ഇട്ടിരിക്കുന്നത്. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments