അധ്യായം 30
അടിയരുടെ ആചാരകാര്യങ്ങളിൽ ഏറ്റവും കൂടുതൽ അറിവുണ്ടായിരുന്ന ആളുകളാണ് അച്ഛനും മാമൻ പി.കെ. കാളനും. മാമൻ ഗദ്ദികയുടെ ആശാനായിരുന്നു. കല്യാണപ്പാട്ട്, പെലപ്പാട്ട്, തിറക്ക് പാടുന്ന പാട്ട്, ഗർഭിണികൾക്കുള്ള പേയാട്ട് ഇങ്ങനെ വേറെ വേറെയുള്ള പാട്ടും ആചാരവും എല്ലാം നന്നായി അറിയാവുന്ന ആളായിരുന്നു മാമൻ. അച്ഛനും മാമനുമാണ് ഇതെല്ലാം നോക്കിനടത്തിയിരുന്നവർ. നമ്മളെ ആളുകളുടെ പ്രശ്‌നങ്ങൾ കേട്ട് വിധി പറയുന്നത് ഇവരായിരുന്നു.
മാമൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്നു. വയനാട് ജില്ലാ കൗൺസിൽ അംഗമായിരുന്നു. സി.പി.ഐ- എം തിരുനെല്ലി ലോക്കൽ കമ്മിറ്റി മുൻ അംഗവും 1996ൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആദിവാസി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും ഫോക്ലോർ അക്കാദമി ചെയർമാനുമായിരുന്നു. ഔദ്യോഗികപദവികൾ വഹിക്കുന്ന കാലത്തും മാമൻ അടിയ സമുദായ മൂപ്പനായിരുന്നു. ആദിവാസികോളനികളിൽ വോട്ട് പിടിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കാർ പ്രയോജനപ്പെടുത്തിയത് അദ്ദേഹത്തെയാണ്. നാട്ടുമൂപ്പനായതുകൊണ്ട് മാമൻ പറയുന്നത് എല്ലാവരും അനുസരിച്ചിരുന്നു.
ഞാൻ കമ്യൂണിസ്റ്റ് പാർട്ടി വിട്ടപ്പോൾ, ‘ശരിയായില്ല, കൂടെ നിൽക്കണം’ എന്ന് മാമൻ പറഞ്ഞു. പറഞ്ഞുപറഞ്ഞ് അവസാനം മാമൻ പറയും, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം എന്ന്. മാമൻ വീട്ടിൽ വന്നാൽ രാഷ്ട്രീയം പറയുന്നത് പരമാവധി ഞാൻ ഒഴിവാക്കും. രാഷ്ട്രീയം പറഞ്ഞാൽ ഞങ്ങൾ വഴക്കാവും. അതുകൊണ്ട് സമുദായകാര്യങ്ങൾ സംസാരിക്കും. സമുദായകാര്യത്തിൽ മാമൻ പറയുന്നതിനെതിരായി ഞാനൊന്നും ചെയ്യാറില്ലായിരുന്നു, അനുസരിച്ചിരുന്നു.
എന്റെ വീട്ടിൽ കേറിക്കൂടലിന് തിറ നടത്താനിരുന്നതാണ്. മാമനുമായി സംസാരിച്ച് എല്ലാം ധാരണയായതായിരുന്നു. പക്ഷേ, 2007 നവംബർ 12ന് മാമൻ മരിച്ചു, അറ്റാക്കായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയിൽ മാനന്തവാടിയിൽ പി.കെ. കാളൻ മെമോറിയൽ കോളേജുണ്ട്.
ഓരോ ചെമ്മത്തിനും, അതായത് ഓരോ ഇല്ലത്തിനും കുലത്തിനും ഓരോ തെയ്യങ്ങൾ അഥവാ ദൈവങ്ങൾ ഉണ്ട്. എന്റെ ചെമ്മമായ മുതിരെ ചെമ്മത്തിന്റെ തെയ്യം കാളപ്പൻ ആണ്. അച്ഛന്റെ ചെമ്മമായ കച്ചെലെ ചെമ്മത്തിന്റെ തെയ്യം മലക്കാരി ആണ്.
ആദിവാസികളുടെ ആചാരാനുഷ്ഠാനങ്ങൾ എന്നും നിലനിൽക്കണമെന്നും അത് കൃത്യമായി ഓരോ വിഭാഗവും പിന്തുടരണമെന്നും ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ ഇന്നുവരെ ഞങ്ങളുടെ ആചാരങ്ങൾ തെറ്റിക്കുകയോ അതിൽ പങ്കുകൊള്ളാതെ മാറിനിൽക്കുകയോ ചെയ്തിട്ടില്ല. അടിയസമുദായത്തിൽ മുഴുവൻ ആചാരങ്ങളും പുരുഷനെ സ്ത്രീയാണ് പഠിപ്പിക്കുന്നത്. മേലോരച്ചനിൽനിന്നും കീഴോര്ത്തിയിൽ നിന്നുമാണ് അടിയസമുദായത്തിന്റെ ഉത്ഭവം. മേലോരച്ചനെ അച്ഛപ്പൻ (വല്യച്ഛൻ) എന്നും കീഴോര്ത്തിയെ ഇത്തി (വല്യമ്മ) എന്നുമാണ് ഞങ്ങൾ പറയുന്നത്. ഞങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും കർമങ്ങളും പാട്ടുകളും അച്ഛപ്പനെ പഠിപ്പിച്ചത് ഇത്തിയാണെന്നാണ് ഞങ്ങളുടെ ഐതിഹ്യത്തിൽ പറയുന്നത്.
ഒരിക്കൽ അച്ഛപ്പനും കുറച്ചാളുകളും ചേർന്ന് തുടി അടിച്ചുനോക്കി. അപ്പോൾ താളം കിട്ടുന്നില്ല. ഇവരിങ്ങനെ തുടി അടിക്കുന്നത് ഇത്തി ഇരുന്ന് നോക്കുന്നുണ്ടായിരുന്നു. തുടിയുടെ താളം ഇങ്ങനെയാണ് അടിക്കേണ്ടതെന്ന് വായ്ത്താളത്തിലൂടെ ഇത്തി പറഞ്ഞുകൊടുത്തു. അപ്പോൾ അച്ഛപ്പൻ പറഞ്ഞു, എന്നാൽ നീ തന്നെ അടിച്ചുകാണിക്ക്. ഇത്തിയുടെ കൈയിലേക്ക് തുടി കൊടുത്തു. ഇത്തി തുടി തോളിലിട്ട് അടിച്ചുകാണിച്ചു. അപ്പോൾ താളം ശരിയായി. ആ താളം തന്നെയാണ് ഇപ്പോഴും തുടിയടിക്കുമ്പോൾ തുടർന്നുവരുന്നത്. ഓരോ ചെമ്മത്തിനും, അതായത് ഓരോ ഇല്ലത്തിനും കുലത്തിനും ഓരോ തെയ്യങ്ങൾ അഥവാ ദൈവങ്ങൾ ഉണ്ട്. എന്റെ ചെമ്മമായ മുതിരെ ചെമ്മത്തിന്റെ തെയ്യം കാളപ്പൻ ആണ്. അച്ഛന്റെ ചെമ്മമായ കച്ചെലെ ചെമ്മത്തിന്റെ തെയ്യം മലക്കാരി ആണ്.
തുടി, ചീനി, മുരുമണി തുടങ്ങിയ വാദ്യോപകരണങ്ങൾ ഞങ്ങളുടെ ചടങ്ങിന് ഒഴിച്ചുകൂടാനാവാത്തതാണ്. പ്ലാവിന്റെ തടികൊണ്ടാണ് തുടിയുണ്ടാക്കുന്നത്. ചീനിപ്പാല (ഏഴിലംപാല) കൊണ്ടാണ് ചീനി (കുഴൽ) ഉണ്ടാക്കുന്നത്. ഓട്ടുമണി കോർത്ത് അതിന്റെ ഓരോ ഗ്യാപ്പിൽ ഓടക്കഷണം ചേർത്തുകെട്ടുന്നതാണ് മുരുമണി. മുട്ടിന് താഴേയാണ് ഉറഞ്ഞാട്ടക്കാരൻ ഇത് കെട്ടുന്നത്. ഇതിന് നല്ല ശബ്ദത്തോടുകൂടി കിലുക്കവും താളവുമുണ്ടാകും. തുടിയുടേയും ചീനിയുടേയും മുരുമണിയുടേയും അകമ്പടിയോടെ ആചാരപ്പാട്ടുകൾ (പ്രാർത്ഥനകൾ) പാടിയാണ് ചടങ്ങു നടത്തുന്നത്. ഓരോ ചടങ്ങിനും ഓരോ പാട്ടാണ്. പാടുന്ന രീതിയിൽ മാറ്റമുണ്ടാവും. പ്രകൃതിയെക്കുറിച്ചും തെയ്യങ്ങളെക്കുറിച്ചും പരേതാത്മാക്കളെക്കുറിച്ചുമാണ് പാടുന്നത്.
പൊടിയ പേയാട്ടിൽ ഗർഭിണികളെ ബാധിക്കുന്ന പേയ്, അതായത്, ആത്മാവുകളെ ഒഴിപ്പിക്കും. പേയ് ആട്ട് നടത്തുമ്പോൾ പണിയപേയ്, കുറിച്യപേയ്, കുറുമൻപേയ് എന്നിവയെല്ലാം കെട്ടിയാടും.
അടിയർക്കിടയിൽ ആദ്യപ്രസവത്തിനൊരുങ്ങുന്ന പെണ്ണിന് മാനസികധൈര്യം കൊടുക്കാനും എന്തെങ്കിലും ബാധ കൂടുകയോ പേടിച്ചാലോ മറ്റ് തടസങ്ങളുണ്ടാവുകയോ ചെയ്താൽ അതെല്ലാം മാറ്റി സുഖപ്രസവം നടക്കാൻ നടത്തുന്ന ചടങ്ങാണ് ‘പേയാട്ട്'. അഞ്ചാം മാസത്തിലോ ആറാം മാസത്തിലോ ആണ് ഇത് നടത്തുക. മുറ്റത്തെ പന്തലിൽ അരി, തിരി, തേങ്ങ തുടങ്ങിയവ ഒരുക്കി പായ വിരിച്ച് അതിൽ ഗർഭിണിയെ ഇരുത്തിയാണ് ചടങ്ങ് നടത്തുന്നത്. ഗർഭിണി ആഭരണം ധരിക്കാതെ മുടി അഴിച്ചിട്ടിരിക്കണം. അന്തിപ്പേയാട്ട്, പൊടിയ പേയാട്ട്, അരാങ്കിട്ടു വാഗ്വാ എന്നിങ്ങനെ മൂന്ന് പേയാട്ടാണുള്ളത്. അന്തിപ്പേയാട്ടിൽ തെയ്യങ്ങളുടെ കോലം കെട്ടി ഉറഞ്ഞുതുള്ളി ഗർഭിണിക്ക് അനുഗ്രഹം കൊടുക്കും. തുടിയടിച്ച്, ചീനിയൂതി, മുരുമണികെട്ടി പേയ്പാട്ട് (ആത്മാക്കളോട് സംസാരിക്കുന്നത്) പാടി ഉറഞ്ഞാടും. കന്നിപ്രസവക്കാരിയുടെ മേൽ എന്തെങ്കിലും ദോഷമുണ്ടെങ്കിൽ അതെല്ലാം ഇതിലൂടെ മാറ്റും. രാത്രി തുടങ്ങി പിറ്റേന്ന് രാത്രി എട്ടുമണി വരെയെല്ലാം ഈ ചടങ്ങുണ്ടാവും.
പൊടിയ പേയാട്ടിൽ ഗർഭിണികളെ ബാധിക്കുന്ന പേയ്, അതായത്, ആത്മാവുകളെ ഒഴിപ്പിക്കും. പേയ് ആട്ട് നടത്തുമ്പോൾ പണിയപേയ്, കുറിച്യപേയ്, കുറുമൻപേയ് എന്നിവയെല്ലാം കെട്ടിയാടും. പണിയപേയ്‌നെ കെട്ടിയാടുമ്പോൾ പണിയസ്ത്രീയുടെ വേഷമണിഞ്ഞ്, അവരുടെ ഭാഷ സംസാരിച്ച്, ആംഗ്യത്തിൽ ഓരോന്നു കാട്ടും. കുറിച്യപേയ്‌നെ കെട്ടിയാടുമ്പോൾ അമ്പും വില്ലും എയ്യുന്ന പോലെ ആംഗ്യം കാണിക്കും. കുറുമപേയ്‌നെ കെട്ടിയാടുമ്പോൾ കുറുമസ്ത്രീയുടെ വേഷത്തിലും അവരുടെ ഭാഷ സംസാരിച്ചും ആളുകൾക്കിടയിൽ പോയി മുറം മെടയുന്നപോലെ ആംഗ്യം കാണിക്കും. ഇതെല്ലാം ചടങ്ങിന്റെ ഭാഗമാണ്. ഒരു തമാശപോലെ എല്ലാവരും ഇത് ആസ്വദിക്കും. വൈകുന്നേരം തുടങ്ങി പിറ്റേന്ന് ഉച്ചയോടെ ചടങ്ങ് തീരും.
പേടി മാറി മനസിന് ധൈര്യമുണ്ടാവാനും വേദന അതിജീവിക്കാനും നടത്തുന്ന ചടങ്ങാണ് അരാങ്കിട്ടു വാഗ്വാ. ഗർഭിണിയുടെ കഴുത്തിൽ വാഴനാരുകെട്ടി നീളത്തിൽ ഒരറ്റം നിലത്തിടും. ഉറഞ്ഞുതുള്ളി വരുന്ന കർമി ഈ വാഴനാരുകളെല്ലാം മുറിച്ചുമാറ്റി തടസങ്ങൾ നീക്കും. രാത്രി തുടങ്ങി പിറ്റേന്ന് രാവിലെ വരെ ചടങ്ങുണ്ടാവും. മൂന്ന് ചടങ്ങിനും തേങ്ങ ഉടക്കും.തേങ്ങ മലർന്നുവീണാൽ യാതൊരു പ്രയാസവുമില്ലാതെ പ്രസവം നടക്കുമെന്നാണ് വിശ്വാസം. അന്നത്തെ ദിവസം വെള്ളാട്ടം നടത്തും. കോഴിയെ കുരുതി നൽകി ഗർഭിണിയുടെ തലവഴി മൂന്നുവട്ടം ഉഴിയും. തെയ്യങ്ങൾക്ക് ഗർഭിണിയോട് ദേഷ്യമോ വിരോധമോ ഇല്ലാതിരിക്കാനും തെയ്യങ്ങളെ സന്തോഷിപ്പിച്ച് തടസങ്ങളെല്ലാം നീക്കാനുമാണ് കോഴിയെ കുരുതി കൊടുക്കുന്നത്. മൂന്നു ചടങ്ങ് തീരുമ്പോഴേക്കും എല്ലാ തെയ്യത്തെയും കെട്ടിയാടേണ്ടതിനാൽ രണ്ടാളെ രണ്ടാളെ വെച്ചാണ് തെയ്യങ്ങളെയെല്ലാം കെട്ടിയാടുന്നത്. എല്ലാ തെയ്യങ്ങളെയും പ്രീതിപ്പെടുത്തേണ്ടതുണ്ട്. തെയ്യം കെട്ടാനുള്ള പരിശീലനമായ വെള്ളകെട്ടൽ കഴിഞ്ഞവർക്കെല്ലാം തെയ്യങ്ങളെ കെട്ടി ആടാം. കനലാടിയാണ് ഈ ചടങ്ങുകൾ നടത്തുന്നത്. തുടിയുടെയും ചീനിയുടെയും അകമ്പടിയുണ്ടാവും. ചെമ്മക്കാരനും ചെമ്മക്കാരത്തിയും കുന്റുമൂപ്പനും കരിമിയും നാട്ടുമൂപ്പനും മൊതലിമൂപ്പനുമെല്ലാം ചടങ്ങിലുണ്ടാവും. കുറേ ആളുകൾ പേയാട്ടിന് പങ്കെടുക്കും. അന്ന് സദ്യയുണ്ടാവും.
പണ്ട്, പ്രസവിച്ച സ്ത്രീയെ മൂന്ന് മാസത്തോളം പുറത്തിറക്കുകയോ അവരെക്കൊണ്ട് പണിയെടുപ്പിക്കുകയോ ഇല്ല. കുളിക്കാൻ മാത്രമേ പുറത്തിറക്കൂ. ഇന്ന് അതുപോലെയൊന്നും ആരും നോക്കാറില്ല.
പ്രസവബുദ്ധിമുട്ടുകളെല്ലാം കഴിഞ്ഞശേഷം പ്രസവിച്ച സ്ത്രീയെ പേറ്റിച്ചിയുടെ (പ്രസവം എടുക്കുന്ന സ്ത്രീ) നേതൃത്വത്തിൽ മഞ്ഞൾ തേച്ച് ശരീരം ശുദ്ധിയാക്കി കുളിപ്പിച്ച് കേറ്റുന്ന ചടങ്ങാണ് കാട്ടനൂക്ക. കുള്ള് എല്ലാം ചാണകം തളിച്ച് ശുചിയാക്കും. അന്ന് ചോറും കറിയും വെച്ച് എല്ലാവർക്കും കൊടുക്കും. പ്രസവം മുതൽ ചടങ്ങ് കഴിയുന്നതുവരെ പേറ്റിച്ചിയാണ് കുഞ്ഞിനെയും അമ്മയെയും കുളിപ്പിക്കുക. രാവിലെയും വൈകുന്നേരവും കുളിപ്പിക്കും. പണ്ട്, പ്രസവിച്ച സ്ത്രീയെ മൂന്ന് മാസത്തോളം പുറത്തിറക്കുകയോ അവരെക്കൊണ്ട് പണിയെടുപ്പിക്കുകയോ ഇല്ല. കുളിക്കാൻ മാത്രമേ പുറത്തിറക്കൂ. ഇന്ന് അതുപോലെയൊന്നും ആരും നോക്കാറില്ല. അസുഖം മാറുന്നതിനും ബാധ ഒഴിപ്പിക്കുന്നതിനും ഞങ്ങൾക്കിടയിൽ പൊതുവായി നടത്തുന്ന ചടങ്ങാണ് നീക്കം. ആദ്യം എന്തെങ്കിലും ദോഷമുണ്ടോന്ന് അരിയിൽ ശാസ്ത്രം നോക്കും. ബാധ ആവേശിച്ച രോഗിയെ നിലത്ത് കാൽ നീട്ടിയിരുത്തും. കരിമിയാണ് നീക്കം നടത്തുന്നത്. ബാധ വേഗത്തിൽ ഒഴിഞ്ഞുപോകാനാണ് കാൽ നീട്ടിയിരിക്കുന്നത്. അല്ലെങ്കിൽ കാൽമടക്കുകളിൽ ബാധ തങ്ങിനിന്നുകളയുമെന്നാണ് പറയുന്നത്. ഒരു പ്ലെയ്റ്റിൽ മഞ്ഞളുവെള്ളം കലക്കി അതിൽ ചുണ്ണാമ്പിടും. അപ്പോഴത് രക്തക്കളറാവും. അതിലേക്ക് നെല്ല് വറുത്ത് മലരാക്കിയത് ഇടും. ഒരു കോലിൽ തുണി ചുറ്റി പ്ലെയ്റ്റിന്റെ ഒരു വശത്ത് കുത്തി കടിപ്പിക്കും. ആ കോലിൽ ഏഴ് തിരി കത്തിക്കും. കോഴിയെ മുറിച്ച് മഞ്ഞൾവെള്ളത്തിൽ ചോരയുറ്റിച്ച് ബാധ കേറിയ ആളെ ഉഴിഞ്ഞശേഷം പാലുള്ള ഏതെങ്കിലും മരചോട്ടിൽ കൊണ്ട് ഒഴിക്കും. ഇങ്ങനെയാണ് ബാധ ഒഴിപ്പിക്കുന്നത്.
അസുഖം മാറ്റാൻ നടത്തുന്ന മറ്റൊരു ചടങ്ങാണ് ഗദ്ദിക. തമ്മാടിയാണ് ഈ ചടങ്ങ് നടത്തുന്നത്. ഗദ്ദിക നടത്താൻ അരി, തിരി, തേങ്ങ, പിച്ചളവള, വെറ്റില, അടക്ക, നാണയത്തുട്ടുകൾ എന്നിവ മുറത്തിൽ വെച്ചുകൊടുക്കുന്നതിനെ ‘അജെബെക്കൽ' എന്നാണ് പറയുന്നത്. ഇങ്ങനെ വെക്കുന്ന മുറത്തിനെ ‘അജെമുറം' എന്നാണ് പറയുക. മരിച്ചുപോയ കാർന്നോന്മാർക്ക് ദോഷമായി നമ്മൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗദ്ദിക നടത്തിയാൽ അതിലൂടെ ദോഷം മാറ്റിയെടുക്കാം. കഴുത്തിൽ കറുത്ത ചരട് ജപിച്ചുകെട്ടും. രാത്രി എട്ടുമണിക്ക് തുടങ്ങി രാവിലെ ആറുമണിയോടെ ചടങ്ങ് അവസാനിക്കും.
വർഷാവസാനത്തെ ചടങ്ങാണ് ‘നാടുനീക്കൽ'. രോഗങ്ങളിൽനിന്നും ആപത്തുകളിൽനിന്നും നാടിനെ മോചിപ്പിക്കുന്നതിന് ഒരു ഗ്രാമം മുഴുവൻ സഞ്ചരിച്ച് നടത്തുന്ന ചടങ്ങാണിത്. ഇതിലൂടെ അനുഗ്രഹവും ഐശ്വര്യവും ആരോഗ്യവും സമ്പത്തും ഉണ്ടാവുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. നാട്ടുമൂപ്പന്റെ നേതൃത്വത്തിൽ തമ്മാടിയും കൂട്ടരുമാണ് നാടുനീക്കൽ നടത്തുന്നത്. മാരിയമ്മ ദേവതയെയാണ് നാടുനീക്കലിന് കെട്ടിയാടുന്നത്. ഏവില ചെമ്മക്കാരുടെ തെയ്യമാണ് മാരിയമ്മ. അമ്മയുടെ അച്ഛൻ ഏവില ചെമ്മത്തിൽ പെട്ടതാണ്. ചെമ്മക്കാരുടെ കൈവശം ചെറിയ നാണയത്തുട്ടിന്റെ വലുപ്പത്തിൽ മാരിയമ്മയുടെ രൂപമുണ്ട്.
മാരിയമ്മ ശപിക്കുമ്പോഴാണ് നാട്ടിൽ മലമ്പനി, വസൂരി, ചൂടുപനി തുടങ്ങിയ അസുഖങ്ങളെല്ലാം ഉണ്ടാവുന്നതെന്നാണ് വിശ്വാസം. അതുകൊണ്ടാണ് വർഷത്തിലൊരിക്കൽ മാരിയമ്മയുടെ ശാപം ഒഴിവാക്കാൻ നാടുനീക്കൽ നടത്തുന്നത്.
ഒരിക്കൽ മാരിയമ്മയെ പൂജിക്കാൻ മുറത്തിൽ അരി, തേങ്ങ, എണ്ണതിരി, നാണയത്തുട്ടുകൾ, വെറ്റില, അടയ്ക്ക, പഴം, ചന്ദനത്തിരി എന്നിവ വെച്ചു. ഈ അജെമുറത്തിൽ മാരിയമ്മ ഒരു പ്രാവിന്റെ രൂപത്തിൽ വന്നിരുന്നു. മാരിയമ്മ തിരിച്ച് പറന്നുപോയപ്പോൾ അജെമുറത്തിൽ നിന്നുമാണ് ഇവർക്ക് മാരിയമ്മയുടെ രൂപം കിട്ടിയതെന്നാണ് പറയുന്നത്. തൃശ്ശിലേരി കാപ്പുകൊല്ലിയിലാണ് മാരിയമ്മയുടെ മണ്ഡപം. നാടുനീക്കലിന്റെ ഭാഗമായി ഏതെങ്കിലും അടിയരുടെ വീട്ടിൽ ഒരു രാത്രി മുഴുവൻ നാടുഗദ്ദിക നടത്തും. പിറ്റേന്നുരാവിലെ പുഴയിൽ കുളിച്ച് എല്ലാ വർഷവും പൂജ ചെയ്യുന്ന ശിങ്കാരപ്പാറയിൽ പോയി പൂജ ചെയ്ത് ചെമ്മത്തെയ്യങ്ങളോടും (ഇല്ലദൈവം) പ്രദേശത്തെ മറ്റ് തെയ്യങ്ങളോടും സമ്മതം വാങ്ങും. അതിനുശേഷം പുരുഷന്മാർ സ്ത്രീവേഷം കെട്ടും. ബ്ലൗസും സാരിയും ധരിച്ച്, കമ്മലിട്ട്, കണ്ണെഴുതി, പൊട്ടുതൊട്ട്, തലയിൽ വെള്ള തുണിയിട്ട് ഒരുങ്ങിയിറങ്ങും. നാടുനീക്കൽ വേഗം തീർക്കേണ്ടതിനാൽ പത്ത് പേരടങ്ങുന്ന ഓരോ സംഘങ്ങളായി ആളുകളെ തിരിക്കും. ചീനിയൂതി, തുടിയടിച്ച്, ഗദ്ദിക പാടി, അതേറ്റുപാടി, മുരുമണി കെട്ടി, ഉറഞ്ഞുതുള്ളി നൃത്തം വെച്ച് വീടുവീടാന്തരം ഇവർ കേറിയിറങ്ങും. സ്ത്രീവേഷം കെട്ടിയവരാണ് മാരിയമ്മയായി ഉറഞ്ഞാടുന്നത്. മാരിയമ്മയാണെന്ന് സങ്കൽപിച്ച് ഒരു ഗുഡി അഥവാ രൂപക്കൂടുണ്ടാക്കി അതിൽ പൂവ്, ചന്ദനത്തിരി, തേങ്ങ, അരി എന്നിവ വെച്ച് മാരിയമ്മയെ കുടിയിരുത്തും.
മാരിയമ്മ ശപിക്കുമ്പോഴാണ് നാട്ടിൽ മലമ്പനി, വസൂരി, ചൂടുപനി തുടങ്ങിയ അസുഖങ്ങളെല്ലാം ഉണ്ടാവുന്നതെന്നാണ് വിശ്വാസം. അതുകൊണ്ടാണ് വർഷത്തിലൊരിക്കൽ മാരിയമ്മയുടെ ശാപം ഒഴിവാക്കാൻ നാടുനീക്കൽ നടത്തുന്നത്. വീടുകേറി മാരിയമ്മയെ സന്തോഷിപ്പിച്ചാൽ ആ വീട്ടിൽ പിന്നെ രോഗമുണ്ടാവില്ല എന്നാണ് പറയുന്നത്. അവർ വരുമ്പോൾ അരി, തേങ്ങ, എണ്ണത്തിരി, നാണയത്തുട്ടുകൾ, വെറ്റില, അടയ്ക്ക തുടങ്ങിയവ വീട്ടുകാർ കൊടുക്കും. ചായയും കൊടുക്കും. ചില വീട്ടുകാർ സദ്യയുണ്ടാക്കിക്കൊടുക്കും. വീടുകളിൽനിന്ന് കൊടുക്കുന്ന തേങ്ങ അവർ രണ്ടായി ഉടച്ച് ഒരു കഷണം വീട്ടുകാർക്കുതന്നെ കൊടുക്കും. ഒരു കഷണം അവർ കൊണ്ടുപോവും. കൊടുക്കുന്ന അരിയിൽനിന്ന് ഒരു പിടിയെടുത്ത് വീട്ടുകാരെയെല്ലാവരേയും നിർത്തി അരിയെറിഞ്ഞ് അനുഗ്രഹിക്കും. പണ്ട് അടിയരുടെ വീടുകളിൽ മാത്രമായിരുന്നു നാടുനീക്കലിന്റെ ഭാഗമായി കേറിയിരുന്നത്. പിന്നെപ്പിന്നെ മറ്റുള്ളവരുടെ വീടുകളുടെ മുന്നിലും കേറിയിറങ്ങാൻ തുടങ്ങി. ഒരാഴ്ച നാടുനീക്കലുണ്ടാവും. നാടുനീക്കൽ ആരംഭിക്കുന്നതും അവസാനിക്കുന്നതും വെള്ളിയാഴ്ച ദിവസമാണ്. മാരിയമ്മ രുദ്രഭാവത്തിലിരിക്കുന്ന ദിവസമാണ് വെള്ളിയാഴ്ച. അതുകൊണ്ടാണ് ‘നാടുനീക്കലി'ന് ഈ ദിവസം തെരഞ്ഞെടുക്കുന്നത്. നാടുനീക്കലിന് ചില വീട്ടുകാർ കോഴിയെ നേർച്ച കൊടുക്കും. നേർച്ച കിട്ടുന്ന കോഴികളെയും അരി, തേങ്ങ, നാണയത്തുട്ടുകൾ, ചന്ദനത്തിരി, പഴം എന്നിവയുമെടുത്ത് മാരിയമ്മയുടെ മണ്ഡപത്തിലേക്ക് പോകും. അന്ന് മാരിയമ്മക്ക് ഗോത്രക്കോള് കൊടുക്കും. ഗോത്രപൂജ നടത്തി, കോഴിയെ അറുത്ത് രക്തം ഒരു പാത്രത്തിലേക്ക് ഇറ്റിക്കും. ഇതിലേക്ക് മാരിയമ്മയുടെ രൂപമിടും. മാരിയമ്മ ഈ രക്തം വലിച്ചുകുടിക്കും എന്നാണ് വിശ്വാസം. മാരിയമ്മക്ക് രക്തം കിട്ടിക്കഴിഞ്ഞാൽ പിന്നെ സംതൃപ്തയും സന്തോഷവതിയുമാകും. ഞങ്ങൾ സമ്പത്തായി കാണുന്നത് ഞങ്ങളുടെ അച്ഛനെയും അമ്മയെയും കുഞ്ഞുങ്ങളെയുമാണ്. അല്ലാതെ, പണമോ ഭൂമിയോ ആദായമോ അല്ല. മാരിയമ്മക്ക് സന്തോഷമായാൽ ഈ ആളുകൾക്കെല്ലാം സമാധാനവും സന്തോഷവും ആരോഗ്യവുമുണ്ടാവും എന്നാണ് പറയുന്നത്.
സമൂദായത്തിലെ ആരെങ്കിലും വഴക്കുകൂടി പരസ്പരം മിണ്ടാതെ ഇരിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രശ്‌നങ്ങൾ കേട്ട്, ചെമ്മക്കാരനും മൂപ്പന്മാരും അത് പരിഹരിച്ചു കൊടുക്കും. പ്രശ്‌നങ്ങൾ പരിഹരിച്ചാൽ മാത്രമേചടങ്ങ് ആരംഭിക്കുകയുള്ളൂ.
നമ്മുടെ ആളുകളിൽ ചിലർക്ക് ചില സ്ഥലത്ത് തെയ്യമുള്ളതായി ഉറക്കത്തിൽ സ്വപ്നം കാണും. സ്വപ്നം കണ്ട സ്ഥലത്ത് പോകുമ്പോൾ തെയ്യത്തിനെ കിട്ടും. തെയ്യത്തിന്റെ അവിടെ എത്താറാവുമ്പോൾതന്നെ ഈ സ്വപ്നം കണ്ട ആൾ ഉറഞ്ഞുതുള്ളും. അവർ തെയ്യത്തെ എടുത്ത് മടിയിൽ വെച്ച് ഉറഞ്ഞുതുള്ളിയാണ് തിരിച്ചുവരുക. ചാണകം തളിച്ച് ശുചിയാക്കിയ കുള്ളിന്റെ (വീടിന്റെ) ഒരു മുറിയിൽ കൊണ്ടുവെച്ച് പൂജ ചെയ്ത് തെയ്യത്തെ അവിടെ കുടിയിരുത്തും. പിന്നെ ദിവസവും തിരി കത്തിക്കും. ഇങ്ങനെ കിട്ടുന്ന തെയ്യത്തെ ‘കൂടം' എന്നാണ് പറയുന്നത്. ആൾരൂപത്തിലുള്ള ചെറിയ കല്ലുകളാണിത്. ചെമ്മപ്പേര് ചേർത്താണ് ഓരോ കൂടവും അറിയപ്പെടുന്നത്. ഏവില ചെമ്മത്തിന് ഇതുപോലെ കൂടമുണ്ട്. ഓണത്തിന്റെ സമയത്താണ് ‘കൂടം' കുളിപ്പിക്കുന്നത്. ‘കൂടം കുളിപ്പിക്കൽ' എന്നാണ് ഈ ചടങ്ങിനെ പറയുന്നത്. എല്ലാ ചെമ്മക്കാരെയും ഈ ചടങ്ങിന് വിളിക്കും. എല്ലാവരും അരി, തേങ്ങ, വെളിച്ചെണ്ണ എന്നിവ കൊണ്ടുവരും. പ്രാർത്ഥന കഴിഞ്ഞ് കൂടത്തെ എണ്ണതേച്ച് കുളിപ്പിക്കും. പായയിൽ അരിയും പൂവും വിതറി അതേ സ്ഥാനത്തുതന്നെ കുടിയിരുത്തും. അന്നേ ദിവസം എല്ലാവർക്കും സദ്യയുണ്ടാവും.
ഞങ്ങളുടെ മറ്റൊരു ചടങ്ങാണ് ‘തിറ'. മാർച്ച് മാസത്തോടെയാണ് തിറ നടത്തുന്നത്. ഏതെങ്കിലും വീട്ടുകാർക്ക് തിറ നടത്തണമെങ്കിൽ അവർ ആദ്യം ചെമ്മക്കാരനെ പോയി കണ്ട് കാര്യം പറയും. ചെമ്മക്കാരൻ മറ്റുള്ള ചെമ്മക്കാരോട് പറഞ്ഞ്, അവരെല്ലാം തിറ നടത്തേണ്ട തിയ്യതി തീരുമാനിച്ച് വീട്ടുകാരെ അറിയിക്കും. തിറയ്ക്ക് ഒരുക്കം നടത്തേണ്ട ഉത്തരവാദിത്വം ചെമ്മക്കാരനും ആ വീട്ടുകാർക്കുമാണ്. ബന്ധുക്കളും മറ്റ് ചെമ്മക്കാരുമെല്ലാം സഹകരിച്ച് ഒരു ഉത്സവം പോലെയാണ് തിറ നടത്തുക. വൈകുന്നേരം തുടങ്ങിയാൽ പിറ്റേന്നുരാത്രി ഒമ്പതുമണി വരെ തിറ ഉണ്ടാവും. തിറ നടത്തുന്ന ദിവസം വൈകുന്നേരത്തോടെ ആളുകളെല്ലാം എത്തും. സമൂദായത്തിലെ ആരെങ്കിലും വഴക്കുകൂടി പരസ്പരം മിണ്ടാതെ ഇരിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രശ്‌നങ്ങൾ കേട്ട്, ചെമ്മക്കാരനും മൂപ്പന്മാരും അത് പരിഹരിച്ചു കൊടുക്കും. പ്രശ്‌നങ്ങൾ പരിഹരിച്ചാൽ മാത്രമേചടങ്ങ് ആരംഭിക്കുകയുള്ളൂ. ഓരോ ചെമ്മത്തിന്റെ പേരുപറഞ്ഞ്, ആ ചെമ്മത്തിലെ മുതിർന്ന കാർന്നോർമാർക്ക് വെറ്റില, അടക്ക ദക്ഷിണ കൊടുത്താണ് ചടങ്ങ് ആരംഭിക്കുന്നത്. ഒരു മണിക്കൂറോളം ‘അച്ചരളെ' (പ്രാർത്ഥന) പറയും.
തിറയ്ക്ക് ‘കൂടം' ഉള്ള ചെമ്മക്കാർ ഇത് കൊണ്ടുവരും. ചെമ്മത്തിലെ വെള്ളക്കെട്ടിയ മുതിർന്ന കാർന്നോർമാർ വെളുപ്പിന് മൂന്നിന് കൂടവുമായി പുഴയിൽ പോയി മുങ്ങിക്കുളിച്ച് കളരി പയറ്റി, വലിയ തീപ്പന്തങ്ങൾ പിടിച്ച്, വീട്ടിലേക്ക് കയറിവരും.
തിറ നടക്കുന്ന വീടിന്റെ ഒരു അകം ചാണകം മെഴുകി, പായ വിരിച്ച്, അതിന്റെ മേലെ അരിയും പൂവും വിതറി നിലവിളക്ക്, ചന്ദനത്തിരി, തേങ്ങ, അടക്ക, വെറ്റ, നാണയത്തുട്ടുകൾ എന്നിവ വെച്ചശേഷം കൂടങ്ങളെ അവിടെയിരുത്തും. തിറ കഴിയുമ്പോൾ അവരവരുടെ ചെമ്മകൂടങ്ങളെ എടുത്തോണ്ടുപോകും.
തിറയുടെ അന്ന് രാവിലെ വെള്ളാട്ടം നടത്തും. അസുഖം മാറാൻ നേർച്ച പറഞ്ഞതിന്റെ ഭാഗമായും വെള്ളാട്ടം നടത്തും. വെള്ളാട്ടം രണ്ടെണ്ണമുണ്ട്. എട്ട് വെള്ളാട്ടം, പതിനാറ് വെള്ളാട്ടം. എട്ട് വെള്ളാട്ടം ചെറിയ വെള്ളാട്ടമാണ്. പതിനാറ് വെള്ളാട്ടം വലിയ വെള്ളാട്ടമാണ്. ഏത് വെള്ളാട്ടമാണോ നേർച്ച പറഞ്ഞത് അതാണ് നടത്തുക.
തിറ നടത്തുമ്പോൾ ഏതെല്ലാം ചെമ്മം തെയ്യങ്ങളുണ്ടോ അവരെയെല്ലാം കെട്ടിയാടും. ‘കാരിമലെയമ്മ', മുഡക്കരയമ്മ, മന്റില ചെമ്മക്കാരുടെ തെയ്യം, പാക്കത്തപ്പൻ, ബടാക്ക്മന്റിലരുടെ തെയ്യമായ തൊരാംമ്പൂരമ്മ, കച്ചെലെ ചെമ്മത്തിന്റെ തെയ്യം, ‘കണ്ടെപ്പീലി മലക്കാരി', ഏവില ചെമ്മത്തിന്റെ തെയ്യങ്ങളായ മാരിയമ്മ, മാളിയമ്മ, മാളിയമ്മയുടെ മകൻ കരിച്ചാത്തൻ, മുതിരെ ചെമ്മക്കാരുടെ തെയ്യമായ കാളപ്പൻ, പൊന്നൂരമ്മ, കുളിയൻ, തിരുനെല്ലി ജോഗിയച്ചൻ, വള്ളിയൂരമ്മ, പഗാതി, ചാവണ്ടി (ചാമുണ്ടി) തുടങ്ങിയ തെയ്യങ്ങളെല്ലാം കെട്ടിയാടും.
രുദ്രഭാവശക്തി പ്രതിഫലിപ്പിക്കുന്നതാണ് പെൺ തെയ്യങ്ങൾ. അണിയറക്കുള്ളിൽ നിന്ന്ഉറഞ്ഞോടി, ഒച്ചത്തിൽ ഒറ്റ കൂവലോടെ വരുന്ന തെയ്യം കളരിക്കുചുറ്റും വലം വെക്കും. അപ്പോൾ വീടിനകത്തുള്ള ഭൂരിഭാഗം സ്ത്രീകളും ഉറഞ്ഞുതുള്ളി ഒരേ സമയം ഒച്ചത്തിൽ കൂവും.
മനുഷ്യന്റെ ദേഹത്ത് കോലം വരച്ചാണ് തെയ്യം കെട്ടിയാടുന്നത്. മഞ്ഞൾപ്പൊടിയും അരിപ്പൊടിയും കരിപ്പൊടിയും കൊണ്ടാണ് കോലം വരക്കുന്നത്. ഓരോ തെയ്യത്തിനും ഓരോ ചിത്രപ്പണിയാണ്. തിറയാട്ടക്കാരൻ നെറ്റിയിൽ വെളുത്ത തുണി കെട്ടും. ‘അങ്കവെള്ള' എന്നാണ് ഞങ്ങളിതിനെ പറയുന്നത്. ചുവന്ന പട്ടുടുത്ത് അരയിൽ വെള്ളത്തുണി കെട്ടും. ‘അരെക്കൂട്' കെട്ടുക എന്നാണ് ഇതിനെ പറയുന്നത്. പിച്ചള കൊണ്ട് നിർമ്മിച്ച കാതോല ധരിക്കും. ഇത് ചെവിമൂടി കഴുത്തുവരെയുണ്ടാവും. നെറ്റിയോടുചേർത്ത് മരം കൊണ്ടുള്ള നെറ്റിപ്പട്ടം അണിയും. കാലിൽ മുരുമണി അണിയും. അണിയറക്കുള്ളിൽ മരത്തിന്റെ ഉരൽ കമിഴ്ത്തിയിട്ട്, അതിന്റെ മുകളിൽ തെയ്യത്തെ ഇരുത്തും. തെയ്യത്തിന്റെ ഇരുവശങ്ങളിലിരുന്ന് തുടിയടിച്ച്, രണ്ട് ചെവിയിലും പ്രാർത്ഥന പാടും. അപ്പോൾ തെയ്യത്തിന് ഉറയാൻ തുടങ്ങും. തുടിയുടെയും, ചീനിയുടെയും, പാട്ടിന്റെയും ആരവത്തിൽ അണിയറക്കുള്ളിൽ നിന്ന് ഉറഞ്ഞോടി, ഒച്ചത്തിൽ ഒറ്റ കൂവലോടെ വരുന്ന തെയ്യം കളരിക്കുചുറ്റും മൂന്ന് വട്ടം വലം വെക്കും. അപ്പോൾ കളരിക്കുചുറ്റും നിൽക്കുന്ന ചില പുരുഷൻമാർക്ക് ഉറയൽ വരും. അവരും കളരിയിലിറങ്ങി, തെയ്യത്തോടൊപ്പം ഉറഞ്ഞുതുള്ളി കളിക്കും. ഉറയുന്ന സമയത്ത് ഇവർക്ക് ഭയങ്കര ശക്തിയായിരിക്കും. ആരു പിടിച്ചാലും നിൽക്കില്ല. അണിയറക്കുള്ളിൽ നിന്നും പുറത്തേക്കു വരുന്ന ഓരോ ചെമ്മത്തിന്റെയും തെയ്യത്തെ അതാതു ചെമ്മത്തിലെ സ്ത്രീകളാണ് സ്വീകരിക്കേണ്ടത്. ഒരു കിലോ അരി, ഒരു തേങ്ങ, എണ്ണത്തിരി കത്തിച്ചത്, വെറ്റ, അടക്ക, നാണയത്തുട്ടുകൾ, ഇവയെല്ലാം അടങ്ങിയ പർവളം അഥവാ താലം എടുത്താണ് തെയ്യങ്ങളെ സ്വീകരിക്കുന്നത്. തെയ്യങ്ങളെ കെട്ടിയാടുന്ന ആൾ പർവളം മേടിച്ച് വലതു കൈയ്യിൽ പിടിക്കും. ഇടതുകൈയ്യിൽ പർവളം എടുത്ത സ്ത്രീയുടെ വലതുകൈ പിടിക്കും. എന്നിട്ട് കളരിക്ക് (മണ്ഡവം) ചുറ്റും ഒരുവട്ടം നടക്കും. പർവളം എടുത്ത ഓരോ സ്ത്രീകളെയും ഇങ്ങനെ നടത്തിക്കും. എന്നിട്ട് തേങ്ങ രണ്ടായി ഉടച്ച് ഒരു കഷ്ണം ഇവർക്ക് കൊടുക്കും. ഒരു കഷ്ണം തെയ്യത്തെ കെട്ടിയാടുന്നവരും എടുക്കും. ഇങ്ങനെ കിട്ടുന്ന അരിയും തേങ്ങയും ചെമ്മക്കാരനും, കരിമിയും, കനലാടിയും, കുന്റുമൂപ്പനും നാട്ടുമൂപ്പനും എല്ലാം വീതിച്ചെടുക്കും.
ഉച്ചക്ക് 12 മണിക്കാണ് പെൺതെയ്യങ്ങളെ കെട്ടിയാടുന്നത്. ‘അമ്മരളെ' (അമ്മമാരെ) കെട്ടിയാടുന്നു എന്നാണ് ഞങ്ങൾ പറയുക. രുദ്രഭാവശക്തി പ്രതിഫലിപ്പിക്കുന്നതാണ് പെൺ തെയ്യങ്ങൾ. കണ്ണെല്ലാം ചുവന്ന്, രുദ്രഭാവം കാണുമ്പോൾ തന്നെ നമുക്ക് പേടിയാവും. അണിയറക്കുള്ളിൽ നിന്ന്ഉറഞ്ഞോടി, ഒച്ചത്തിൽ ഒറ്റ കൂവലോടെ വരുന്ന തെയ്യം കളരിക്കുചുറ്റും വലം വെക്കും. അപ്പോൾ വീടിനകത്തുള്ള ഭൂരിഭാഗം സ്ത്രീകളും ഉറഞ്ഞുതുള്ളി ഒരേ സമയം ഒച്ചത്തിൽ കൂവും. അമ്മരളെ കെട്ടിയാടുമ്പോൾ തെയ്യം ‘മുറം' എടുത്തു വരും. മുറം നമ്മളുടെ തലയിൽ വച്ച് പ്രാർത്ഥിച്ച് അനുഗ്രഹിക്കും. എന്റെ ചെമ്മ തെയ്യമായ ‘കാളപ്പനെ' കെട്ടിയാടി ഉറഞ്ഞുതുള്ളി വരുമ്പോൾ ഏഴ് കന്യകന്മാരെ അടിമ കൊടുക്കണം. ഈ അനുഷ്ഠാനത്തെ ‘അടിമ കൂട്ടുക' എന്നാണ് പറയുന്നത്. കാളപ്പൻ തെയ്യത്തിന്റെ ഏഴ് കാമുകിമാരാണെന്ന സങ്കൽപത്തിലാണ് സ്ത്രീകളെ അടിമ കൊടുക്കുന്നത്. ഇവർ ഇറച്ചിയും മീനും കൂട്ടാതെ ഏഴ് ദിവസം വൃതം നോറ്റിരിക്കണം. കല്ല്യാണപെണ്ണിനെപോലെ അണിഞ്ഞൊരുങ്ങി പർവളം എടുത്താണ് സ്ത്രീകൾ വരുന്നത്. തെയ്യത്തെയും സ്ത്രീകളെയും വാഴനാരു കൊണ്ട് ബന്ധിപ്പിക്കും. ഈ സ്ത്രീകളെയും കൊണ്ട് മൂന്ന് തവണ കളരിക്ക് വലം വെക്കുകയും സ്ത്രീകൾ കൊണ്ടുവരുന്ന തേങ്ങയുടച്ച് പകുതി അവർക്കു തന്നെ നൽകുകയും ചെയ്യും. ദൈവത്തെ പ്രീതിപ്പെടുത്താനും, പെട്ടെന്ന് കല്ല്യാണം നടക്കാനും, കുട്ടികൾ ഉണ്ടാവാനുമാണ് ‘അടിമ കൂട്ടുന്നത്' എന്നാണ് വിശ്വാസം.
‘കച്ചെലെ' ചെമ്മത്തിന്റെ തെയ്യമായ ‘കണ്ടെപ്പീലിമലക്കാരി' യുടെ ഉത്ഭവം കാടിന്റെ ഉള്ളിലാണ്. ഈ തെയ്യത്തിന്റെ കോലം കെട്ടി, അമ്പും വില്ലുമെടുത്ത് പുലിപ്പുറത്താണ് വരുന്നത്. രണ്ടുപേർ പുലികോലം കെട്ടും. ‘മലക്കാരി' തെയ്യം പുലിയെ വലിച്ച് കളരിക്ക് ചുറ്റും വരും. പുലികൾ അവസാനം ബോധം കെട്ടുവീഴും.
‘മീനുക്കുത്തി മുനയമ്പു...
പന്നിക്കുത്തി പടച്ചേര...' എന്നു തുടങ്ങി മലക്കാരി തെയ്യത്തെ സംബന്ധിച്ച വരികൾ പാടും. മലക്കാരിയുടെ ശകതിയെക്കുറിച്ചാണ് ഇതിൽ പറയുന്നത്. ഓരോ തെയ്യങ്ങളെയും കെട്ടിയാടുമ്പോൾ അവരെ സംബന്ധിച്ച കാര്യങ്ങളാണ് പാടുന്നത്.
‘ഏവിലെ ചെമ്മ’ത്തിന്റെ തെയ്യമായ ‘മാളിയമ്മ' ഗർഭം ധരിക്കുന്നത് പ്രകൃതി ശകതിയിലാണ്. ചന്ദ്രന്റെ കാറ്റ്, സൂര്യന്റെ കാറ്റ്, അംഗക്കാറ്റ്, നിറക്കാറ്റ്, തെക്കേ കാറ്റ്, വടക്കേ കാറ്റ് എന്നിവയെല്ലാം അടിക്കുമ്പോഴാണ് അവരുടെ മാസമുറ തെറ്റി, അടിവയറ്റിൽ ‘തിരുകരു' (ഗർഭം ധരിക്കുന്നത്) രൂപം കൊള്ളുന്നത്. അര മാസം, ഒരു മാസം, രണ്ട് മാസം, രണ്ടര മാസം, മൂന്നു മാസം, തുടങ്ങി ഒമ്പതാം മാസം ആവുമ്പോൾ, ഏഴര മൂവന്തിക്ക് പ്രസവവേദന തുടങ്ങും. ഏഴര വേത്തിച്ചികൾ വന്ന്മാളിയമ്മയുടെ ചുറ്റും ഇരിക്കും. മാളിയമ്മ പ്രസവവേദന കൊണ്ട് പുളയുകയാണ്. എന്നാൽ പ്രസവിച്ചു വീണാലുടൻ കുഞ്ഞിനെ തിന്നാൻ പുറത്ത് നരി വാ തുറന്ന് ഇരിക്കുന്നുണ്ട്. നരി ഇരിക്കുന്നത് വയറ്റീന്ന് കുഞ്ഞ് കാണുന്നുണ്ടായിരുന്നു. പുറത്തേക്ക് വരാൻ സമയമായപ്പോൾ കുഞ്ഞ് കണ്ണിൽ കൂടി ചാടി ഓടിക്കളയും. അങ്ങനെ ഓടുമ്പോൾ മറുപിള്ള ഒരു സ്ഥലത്ത് വീഴും. പൊക്കിൾവള്ളി വേറൊരു സ്ഥലത്ത് വീഴും. ഇതെല്ലാം കല്ലിന്റെ ആകൃതിയിലായി. കുഞ്ഞ് കണ്ണിൽക്കൂടി ചാടി രക്ഷപ്പെട്ടപ്പോൾ ‘മാളിയമ്മ' യുടെ കണ്ണിൽക്കൂടി ഒഴുകിയ വെള്ളം അവിടെ ഒരു തോടായി മാറി എന്നാണ് ഐതിഹ്യം. ഇങ്ങനെ മാളിയമ്മയ്ക്ക് ജനിച്ച കുഞ്ഞാണ് ‘കരിച്ചാത്തൻ'. കരിച്ചാത്തന്റെ തെയ്യം കെട്ടുമ്പോൾ മയിൽപ്പീലി ശിരസ്സിൽ വഹിച്ചിട്ടാണ് തെയ്യം വരുന്നത്. ഏവില ചെമ്മത്തിന്റെ കാരണവരാണ് മയിൽപ്പീലികൾ കെട്ടുന്നത്.
കുളിയൻ തെയ്യത്തെ കെട്ടിയാടുമ്പോൾ കോഴിയെ ബലി നൽകണം. തെയ്യങ്ങളെല്ലാം ഭക്തരെ അരിവാരി എറിഞ്ഞ് അനുഗ്രഹം നൽകും. തിറ നടത്തുമ്പോൾ ‘കോടിവെള്ള' വെയ്ക്കും. ഏഴ് ദിവസം വൃതം നോറ്റ ചെറുപ്പക്കാരായ ആണുങ്ങളെ ചടങ്ങ് കളിപ്പിച്ച് പഠിപ്പിക്കുന്നതാണിത്.
കുളിയൻ തെയ്യത്തെ കെട്ടിയാടുമ്പോൾ കോഴിയെ ബലി നൽകണം. തെയ്യങ്ങളെല്ലാം ഭക്തരെ അരിവാരി എറിഞ്ഞ് അനുഗ്രഹം നൽകും. തിറ നടത്തുമ്പോൾ ‘കോടിവെള്ള' വെയ്ക്കും. ഏഴ് ദിവസം വൃതം നോറ്റ ചെറുപ്പക്കാരായ ആണുങ്ങളെ ചടങ്ങ് കളിപ്പിച്ച് പഠിപ്പിക്കുന്നതാണിത്. അച്ഛന്റെ അച്ഛനാണ് ‘കോടിവെള്ള' കൊടുക്കേണ്ടത്. അവർ മരിച്ചുപോയെങ്കിൽ ചെമ്മത്തിലെ മുതിർന്ന ആളുകൾ ആരെങ്കിലും കൊടുത്താൽ മതി. നെറ്റിയോട് ചേർന്ന് ‘വെള്ളത്തുണി' കെട്ടുന്നതാണിത്. വെള്ള വെച്ചാൽ തെയ്യക്കോലം കെട്ടിയാടുന്നവർക്കൊപ്പം ചടങ്ങ് ആടി കളിച്ച് പഠിക്കണം. മൂന്ന് വെള്ളയാണ് കെട്ടേണ്ടത്. ഒരു വർഷത്തെ തിറയിൽ ഒരു വെള്ള മാത്രമെ വെക്കൂ. മൂന്ന് വർഷത്തെ തിറയോടു കൂടിയാണ് മൂന്ന് വെള്ള പൂർത്തിയാകുന്നത്.
മൂന്ന് വെള്ളയോടെ പരിശീലനം പൂർത്തിയാക്കിയാൽ തെയ്യക്കോലം കെട്ടി ആടാം. തെയ്യക്കോലം കെട്ടിയാടുന്നവർ ഏഴു ദിവസത്തെ വൃതം നിർബന്ധമായും എടുക്കണം. ഒരാൾ ‘കോടിവെള്ള' വെയ്ക്കാതെയാണ് മരിച്ചതെങ്കിൽ അച്ഛന്റെ കുടുംബത്തിൽപ്പെട്ട കാരണവർ ശവസംസ്കാര ചടങ്ങിൽ നെറ്റിയിൽ ‘കോടിവെള്ള' കെട്ടി കൊടുക്കണം. ഇപ്പോൾ, വെള്ളത്തുണിക്കുപകരം വെള്ള തോർത്തു കൊണ്ടാണ് ‘കോടിവെള്ള' കെട്ടുന്നത്. ▮
(തുടരും)