പൊട്ടുതൊട്ട്​, കണ്ണെഴുതി,
കാതോലയണിഞ്ഞ്​ മരണാനന്തരയാത്ര

ഓരോ ആദിവാസി വിഭാഗത്തിന്റെയും മരണാനന്തര ചടങ്ങ്​ വ്യത്യസ്തമാണ്. മരിച്ചശേഷം ‘ആത്മാവ്' പരിസരങ്ങളിൽ തന്നെ ഉണ്ടാവുമെന്നും, അവർക്ക് ‘മോക്ഷം' കിട്ടാൻ ചടങ്ങുനടത്തണമെന്നും ഓരോ വിഭാഗവും വിശ്വസിക്കുന്നുണ്ട്.

അധ്യായം 30 (തുടർച്ച)

ങ്ങളുടെ കൂട്ടത്തിൽ ഒരാൾ മരിച്ചാൽ, മരിച്ചയാളെ കുളിപ്പിച്ചശേഷം തെക്കോട്ടായി കിടത്തും. സ്ത്രീയാണ് മരിച്ചതെങ്കിൽ പുതിയ വസ്ത്രം ധരിപ്പിച്ച്, പൊട്ടു തൊട്ട്, ചാന്തരച്ച്, കണ്ണെഴുതി, മുടിചീകി, കല്ലുമാലയും, വളയും മോതിരവും ധരിപ്പിച്ച് ഒരുക്കിക്കിടത്തും. ബന്ധുക്കൾ കൊണ്ടുവരുന്ന പുതിയ വസ്ത്രവും, മാലയും, വളയുമെല്ലാം ധരിപ്പിക്കും. പുരുഷനാണ് മരിച്ചതെങ്കിൽ പുതിയ ഷർട്ടും, മുണ്ടും ധരിപ്പിച്ച് മുടി ചീകി നെറ്റിയിൽ ചാന്ത് വരയ്ക്കും. തിറയ്ക്ക് കോടിവെള്ള വെയ്ക്കാതെയാണ് പുരുഷൻ മരിച്ചതെങ്കിൽ അച്​ഛന്റെ കുടുംബത്തിൽ പെട്ട കാരണവർ നെറ്റിയിൽ കോടിവെള്ള കെട്ടിക്കൊടുക്കും. മുതിർന്ന കാരണവരാണ് മരിച്ചതെങ്കിൽ ചാന്ത് വരച്ച്, നെറ്റിയിൽ കോടിവെള്ള കെട്ടി നെറ്റിപ്പട്ടം, കാതോല, മണികൾ എന്നിവ അണിയിക്കും. പരേതനെ കുലദൈവത്തോടൊപ്പം ചേർത്ത് മുൻപേ മരിച്ചുപോയ കാരണവന്മാരെ ഏൽപിക്കുന്നു എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

ശവം അടുക്കുന്നിടത്തേയ്ക്ക് പുരുഷന്മാർ മാത്രമേ പോവുകയുള്ളൂ. കുറേ വർഷങ്ങൾക്കു മുമ്പ് ശവമടക്കലിന് സ്ത്രീകളും പങ്കെടുത്തിരുന്നു. എന്നാൽ അതിനു മാറ്റം വരാൻ കാരണമായി പറയുന്ന ഒരു സംഭവമുണ്ട്​.

മരിച്ചയാളെ കിടത്തിയതിന്റെ അടുത്ത് നിലവിളക്കും, ചന്ദനത്തിരിയും കത്തിച്ചു വെയ്ക്കും. അടക്കയും, വെറ്റയും ഒരു പാത്രത്തിൽ പത്തോ, അമ്പതോ രൂപയും ഇട്ട് വെയ്ക്കും. കാണാൻ വരുന്നവരെല്ലാം അതിലേക്ക് പൈസയിടും. മരിച്ചയാളുടെ ചുറ്റും ഇരിക്കുന്ന സ്ത്രീകൾ മരിച്ചയാളുടെ കാര്യങ്ങൾ പറഞ്ഞ്, മുൻപേ മരിച്ചുപോയവരുടെ കൂടെ വിടാനായി പ്രാർത്ഥന പാടും. വീടിനു പുറത്ത് പുരുഷന്മാർ അച്ചരളെ, അതായത്​, പ്രാർത്ഥന പറയും. അതിനുശേഷം ‘കരിമി' വന്ന് ശവത്തെ കിടത്തിയ പായയോടുകൂടി കാട്ടുവള്ളികൊണ്ട് മൂന്ന് കെട്ട് കെട്ടി ‘പറന്ത' എന്നറിയപ്പെടുന്ന ശവമഞ്ചത്തിൽ കിടത്തും. കാട്ടുവള്ളികൊണ്ട് മുളകൾ കെട്ടിയാണ് പറന്തൽ ഉണ്ടാക്കുന്നത്. മക്കളും, മരുമക്കളും പറന്തലിന്റെ അങ്ങേയറ്റത്തും, ഇങ്ങേയറ്റത്തും പിടിച്ച് മുറ്റത്തേക്കുകൊണ്ടുവരും. മുറ്റത്തിന് മൂന്നുവട്ടം വലം വെച്ച് പറന്തൽ പിടിച്ച് നിൽക്കും. എല്ലാവരും വന്ന് മരിച്ചയാളെ തൊട്ടു തൊഴുത്​ നാണയം മുകളിലേക്കെറിയും. ഇതിനെ ‘ചൂറ' എറിയുക എന്നാണ് പറയുന്നത്. മുറ്റത്തിന്റെ അവിടുന്ന് പാതിയിറക്കിയശേഷം അടുത്ത ബന്ധുക്കൾ മുളകൂമ്പത്തിലോ, കറുമൂസ് തണ്ടിലോ, വെള്ളം നിറച്ച് മരിച്ചയാളുടെ വായിൽ ഓരോ തുള്ളി നീര് ഇറ്റിച്ചു കൊടുക്കും. അവസാനത്തെ നീര് കൊടുക്കലാണിത്. ‘ചൂറ' എറിഞ്ഞ നാണയങ്ങൾ പെറുക്കി ‘കരിമി'യുടെ കൈയ്യിൽ കൊടുക്കും. ഇത് ശവമടക്കാൻ കൂടിയവർക്ക് കരിമി വീതിച്ചു നൽകും. ശവമടക്കുന്നതിന് ‘ഒപ്പമാടുക' എന്നാണ് ഞങ്ങൾ പറയുന്നത്.

മരിച്ചയാളുടെ ചുറ്റും ഇരിക്കുന്ന സ്ത്രീകൾ മരിച്ചയാളുടെ കാര്യങ്ങൾ പറഞ്ഞ്, മുൻപേ മരിച്ചുപോയവരുടെ കൂടെ വിടാനായി പ്രാർത്ഥന പാടും
മരിച്ചയാളുടെ ചുറ്റും ഇരിക്കുന്ന സ്ത്രീകൾ മരിച്ചയാളുടെ കാര്യങ്ങൾ പറഞ്ഞ്, മുൻപേ മരിച്ചുപോയവരുടെ കൂടെ വിടാനായി പ്രാർത്ഥന പാടും

ശവം അടുക്കുന്നിടത്തേയ്ക്ക് പുരുഷന്മാർ മാത്രമേ പോവുകയുള്ളൂ. കുറേ വർഷങ്ങൾക്കു മുമ്പ് ശവമടക്കലിന് സ്ത്രീകളും പങ്കെടുത്തിരുന്നു. എന്നാൽ അതിനു മാറ്റം വരാൻ കാരണമായി പറയുന്ന ഒരു സംഭവമുണ്ട്​. ഒരു വീട്ടിൽ അമ്മയും മകളും താമസിച്ചിരുന്നു. അമ്മ മരിച്ചപ്പോൾ ശവമടക്കലിന് മകളും പോയി. അമ്മയുടെ ശവം വെയ്ക്കുന്നതിനു മുന്നേ ആ മകൾ കുഴിമാടത്തിലേക്ക് ചാടി മരിച്ചു. അതിനു ശേഷം സ്ത്രീകളെ കുഴിമാടത്തിൽ കൊണ്ടുപോകുന്നത് നിർത്തി എന്നാണ് കാർന്നോന്മാർ പറഞ്ഞ് കേട്ടിട്ടുള്ളത്.

ശവക്കുഴിക്കുള്ളിൽ അരികിലായി മണ്ണ് തുരന്ന്, ഒരാൾക്ക് കിടക്കാൻ പാകത്തിന് ‘അകം' ഉണ്ടാക്കും. ‘അകം തീർക്കൽ' എന്നാണ് ഇതിനെ പറയുന്നത്. അതിന്റെ ഉള്ളിലാണ് ശവം കിടത്തുന്നത്. അതോടൊപ്പം തലഭാഗത്ത് വെറ്റില, അടക്ക, ചുണ്ണാമ്പ് എന്നിവയിട്ട്​ മുറുക്കാൻ പാക്കും, അവർ അതുവരെ ഉപയോഗിച്ച വസ്ത്രങ്ങളും വെക്കും. അകം തീർത്തതിന്റെ പുറത്തേക്കുള്ള ഭാഗം കമ്പുകളും, ചപ്പുകളും കൊണ്ട് അടക്കും. അതുകഴിഞ്ഞ് ശവക്കുഴി മണ്ണിട്ട് മൂടും. മുകളിൽ നിന്ന് ശവക്കുഴിയിലേക്ക് മണ്ണിട്ട് നിറക്കുമ്പോൾ മൃതശരീരത്തിലേക്ക് മണ്ണ് വീഴാതിരിക്കാനും, കാട്ടുമൃഗങ്ങൾ മാന്തിയെടുക്കാതെ മൃതശരീരം മണ്ണിനോട് ലയിക്കാനും വേണ്ടിയാണ് ‘അകം' തീർക്കുന്നത്.

മരിച്ചയാളുടെ കുടുംബക്കാരും, അവരുടെ ചെമ്മത്തിലെ മുതിർന്ന വരും മരണവുമായി ബന്ധപ്പെട്ട ​വ്രതം തുടങ്ങിക്കഴിഞ്ഞാൽ നന്നായി ചോറും, കറിയും വച്ച് കഴിക്കില്ല. വാഴയിലയിൽ ചോറ് കഴിക്കാൻ പാടില്ല. അടക്ക, വെറ്റ, വാഴയ്ക്ക പഴം, ഇറച്ചി, മീൻ, വാഴയ്ക്ക കറി, ചേമ്പ് ഇതൊന്നും ഉപയോഗിക്കാൻ പാടില്ല.

ശവസംസ്കാര ചടങ്ങുകളിൽ ‘കരിമി'യാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. മരിച്ച വീട്ടിലെത്തിയവരെല്ലാം ചെറിയ തുക കരിമിയെ ഏൽപ്പിക്കും. കരിമി അത് ശവമടക്കി കഴിഞ്ഞ്, അവിടുന്ന് കുറച്ചു മാറിനിന്ന് ശവമടക്കിന് കൂടിയവർക്കെല്ലാം വീതിച്ചുനൽകും. മരിച്ചയാളുടെ അവസാനത്തെ ‘കൂലി തീർക്കൽ' എന്നാണ് ഇതിനെ പറയുന്നത്. ചിലപ്പോൾ വീതം വെച്ചുവരുമ്പോൾ അവസാനം ചിലർക്ക് അമ്പത് പൈസയോ, ഒരു രൂപയോ ആയിരിക്കും കിട്ടുന്നത്. ഇത്ര പൈസ കൂലി തീർത്തുവെന്ന് മരിച്ചയാളുടെ വീട്ടുക്കാരോട് ‘കരിമി' വന്ന് പറയും.
ശവമടക്കി വന്നശേഷം പാത്രത്തിൽ എല്ലാവരും ഇട്ട പൈസ ചെമ്മക്കാരൻ എണ്ണി തിട്ടപ്പെടുത്തി വീട്ടുകാരെ ഏൽപ്പിക്കും. ഇത് അടിയന്തര ചടങ്ങ് തുടങ്ങുന്നതിന്റെ അന്ന് ചെമ്മക്കാരനുതന്നെ തിരിച്ചു കൊടുക്കണം. ശവം കൊണ്ടുപോയശേഷം വീടിന്റെ എല്ലാ അകവും ചെമ്മക്കാരത്തി (ചെമ്മക്കാരെന്റ ഭാര്യ) ചാണകം മെഴുകും. പിന്നെ മുറ്റത്തിനുചുറ്റിലും, ശവം ഇറങ്ങിപ്പോയ വഴിയിലും ചാണകം തളിക്കും. ഇപ്പോൾ അകം സിമന്റായതുകൊണ്ട് ചാണകം തളിച്ച് തുടച്ചുകളയുകയാണ് ചെയ്യുക. എല്ലാവരും കുളികഴിഞ്ഞുവന്ന്, വീട്ടിൽ കഞ്ഞി വെക്കും. ചെമ്മക്കാരനും, ചെമ്മക്കാരത്തിയും മരിച്ചയാളുടെ ബന്ധുക്കൾക്ക് കഞ്ഞി വിളമ്പും. അന്നേ ദിവസം ചെമ്മക്കാരനും ചെമ്മക്കാരത്തിയും മരിച്ചയാളുടെ അടുത്ത ബന്ധുക്കളും ആ വീട്ടിൽ താമസിക്കും. പിറ്റേന്ന് രക്തബന്ധത്തിൽപ്പെട്ട പുരുഷന്മാരെല്ലാവരും മുടി മുറിക്കും. അന്ന് വെള്ളിയാഴ്ചയാണെങ്കിൽ മുടി മുറിക്കില്ല. മുടി മുറിക്കുന്ന ദിവസം മരണാനന്തര ചടങ്ങുകൾ നടത്തേണ്ട തീയ്യതി തീരുമാനിക്കും.

ഓരോ ആദിവാസി വിഭാഗത്തിന്റെയും മരണാനന്തര ചടങ്ങ്​ വ്യത്യസ്തമാണ്. മരിച്ചശേഷം ‘ആത്മാവ്' പരിസരങ്ങളിൽ തന്നെ ഉണ്ടാവുമെന്നും, അവർക്ക് ‘മോക്ഷം' കിട്ടാൻ ചടങ്ങുനടത്തണമെന്നും ഓരോ വിഭാഗവും വിശ്വസിക്കുന്നുണ്ട്.

അടിയർക്കിടയിൽ മരണാനന്തര ചടങ്ങ് പ്രധാനമായും മൂന്നെണ്ണമുണ്ട്. ആദ്യത്തെ ചടങ്ങാണ് ‘ചാത്തിര', രണ്ടാമത്തേത്​ ‘പതിമൂൻറ്​', മൂന്നാമത്തേത്​ ‘കൂട്ടം'. ഈ ചടങ്ങുകളിൽ പ്രധാന കാർമികൻ ‘മന്റു കരിമി'യാണ്. ചെമ്മക്കാരനും, കനലാടിയും, മറ്റ് മൂപ്പന്മാരും കർമം ചെയ്യാൻ പങ്കുചേരും. മൂന്ന് മരണാനന്തര ചടങ്ങുകൾ കഴിയുന്നതുവരെ മരിച്ചയാളുടെ കുടുംബക്കാർക്ക് ‘പിലെ' (പുല) ആയിരിക്കും. മരിച്ചയാളുടെ കുടുംബക്കാരും, അവരുടെ ചെമ്മത്തിലെ മുതിർന്ന വരും മരണവുമായി ബന്ധപ്പെട്ട ​വ്രതം തുടങ്ങിക്കഴിഞ്ഞാൽ നന്നായി ചോറും, കറിയും വച്ച് കഴിക്കില്ല. വാഴയിലയിൽ ചോറ് കഴിക്കാൻ പാടില്ല. അടക്ക, വെറ്റ, വാഴയ്ക്ക പഴം, ഇറച്ചി, മീൻ, വാഴയ്ക്ക കറി, ചേമ്പ് ഇതൊന്നും ഉപയോഗിക്കാൻ പാടില്ല. സ്വന്തം വീട്ടിൽ നിന്നല്ലാതെ പുറത്തുനിന്ന് ഭക്ഷണം കഴിക്കരുത്. കഴിച്ചാൽ വ്രതം മുറിയും. ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാടില്ല. ഇങ്ങനെ വ്രതമെടുക്കുന്നതിന്​ ‘കറിമ്പുട്ടര' എന്നാണ് ഞങ്ങൾ പറയുന്നത്.

ചാത്തിരത്തിന്റെ അന്ന് കോഴിയെ അറുത്ത് ചോര കൊടുത്ത് ‘ചുടലപേയ്'നെ ഒഴിവാക്കും. അപ്പോൾ മാത്രമാണ് ‘ആത്മാവ്' സ്വതന്ത്രമാവുന്നത്. പിന്നെ മരിച്ചയാൾക്ക് ആദ്യം മരിച്ച കുടുംബക്കാരുടെ അടുത്തെല്ലാം പോയി വരാം എന്നാണ് വിശ്വാസം.

മരിച്ചതിന്റെ ഏഴാം നാൾ നടത്തുന്ന ആദ്യ മരണാനന്തര ചടങ്ങാണ് ‘ചാത്തിര'. ‘കുന്റുപിലെ' എന്നും ഇതിനെ പറയും. മരിച്ചയാൾ അധിവസിച്ചിരുന്ന കുന്നിലെ മുഴുവൻ പേരും സഹകരിച്ചാണ് ചാത്തിര നടത്തുന്നത്. അന്നേദിവസം സദ്യക്ക് വേണ്ട അരിയും, പച്ചക്കറികളും, കർമത്തിനുവേണ്ട സാധനങ്ങളും അടക്കയും, വെറ്റയും എല്ലാം എല്ലാവരും ചേർന്ന്​ മരണവീട്ടിലെത്തിക്കും. ചാത്തിര തുടങ്ങുന്നതുവരെ മരിച്ചയാളെ ‘ചുടലപേയ്' (കാലൻ) ആണ് കൊണ്ടു നടക്കുന്നത്. ശ്മശാനത്തെയാണ് ഞങ്ങൾ ‘ചുടല' എന്ന് പറയുന്നത്. ആദ്യം മരിച്ചയാളുകൾ ഇപ്പോൾ മരിച്ചയാളിന് ‘ചാത്തിര' കഴിയുന്നതുവരെ ഭക്ഷണം കൊടുക്കില്ല. അതുവരെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരണം. മരിച്ചയാളുടെ അരയിൽ ചങ്ങല കെട്ടി ‘ചുടലപേയ്' അതിന്റെ അറ്റം പിടിക്കും. മരിച്ചയാൾ ഭക്ഷണം കഴിച്ചിറങ്ങി വരാൻ നേരംപോയാൽ ‘ചുടലപേയ്' ചങ്ങല പിടിച്ചു വലിക്കും. അപ്പോൾ മരിച്ചയാൾ ഉച്ചത്തിൽ കരയുമെന്നാണ് പറയുന്നത്. ചാത്തിര കഴിഞ്ഞാൽ മാത്രമേ ‘ചുടലപേയ്​’യുടെ കൈയ്യീന്ന് മരിച്ചയാളിന്റെ ആത്മാവിനെ മോചിപ്പിച്ചെടുക്കാൻ കഴികയുള്ളൂ. ചാത്തിരത്തിന്റെ അന്ന് കോഴിയെ അറുത്ത് ചോര കൊടുത്ത് ‘ചുടലപേയ്'നെ ഒഴിവാക്കും. അപ്പോൾ മാത്രമാണ് ‘ആത്മാവ്' സ്വതന്ത്രമാവുന്നത്. പിന്നെ മരിച്ചയാൾക്ക് ആദ്യം മരിച്ച കുടുംബക്കാരുടെ അടുത്തെല്ലാം പോയി വരാം എന്നാണ് വിശ്വാസം.

ചാത്തിരത്തിന് വന്നവർക്കെല്ലാം കാപ്പി വച്ച് കൊടുക്കും. വഴക്കുകൂടി പരസ്പരം മിണ്ടാതെയിരിക്കുന്നവരാരെങ്കിലുമുണ്ടെങ്കിൽ അവർ കാപ്പി കുടിക്കില്ല. ചെമ്മക്കാരനും മൂപ്പന്മാരും അവരുടെ പ്രശ്‌നങ്ങൾ കേട്ട് പരിഹരിക്കും. ഇതെല്ലാം കഴിയുമ്പോഴേക്കും രാത്രി 12 മണിയെല്ലാം ആവും. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷമേ ചടങ്ങ് ആരംഭിക്കൂ.

ഓരോ ചെമ്മത്തിന്റെ പേരുപറഞ്ഞ്, ആ ചെമ്മത്തിലെ മുതിർന്ന കാർന്നോന്മാർക്ക് വെറ്റിലയും അടക്കയും ദക്ഷിണ കൊടുത്തുകൊണ്ടാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ചാത്തിര നടത്തുന്നതിന്റെ ഭാഗമായി വീടിനകത്ത് ‘അച്ചരളെ' (പ്രാർത്ഥന) പറഞ്ഞ് രണ്ടു കാർന്നോന്മാർ അമ്പ് പിടിക്കും. ‘അമ്പ് ചാത്തിര' എന്നാണ് ഈ ചടങ്ങിനെ പറയുന്നത്. നാല് അമ്പുണ്ടാവും. അത് അപ്പുറത്തും, ഇപ്പുറത്തും വെച്ച് തുണി ചുറ്റി യോജിപ്പിക്കും. ഇത് കൈയിന്റെ മടക്കിൽ വെച്ച്, അമ്പ് യോജിപ്പിച്ച അറ്റം ആട്ടിക്കൊണ്ടിരിക്കും. തെയ്യങ്ങൾക്കും, പരേതാത്മാക്കൾക്കും ഇഷ്ടപ്പെടാത്ത രീതിയിൽ നമ്മളുടെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അമ്പ് ആടില്ല. തെറ്റുണ്ടെങ്കിൽ അതിന്റെ കാരണമറിഞ്ഞ് പ്രായശ്ചിത്തമായി തപ്പും, പിഴയും കെട്ടിവെയ്ക്കും. അതിനുശേഷമേ അമ്പ് ആടുകയുള്ളൂ. തെയ്യങ്ങളെയും, മുമ്പ് മരിച്ചുപോയ കാർന്നോന്മാരെയും വിളിച്ച് അച്ചരളെ പറയും. മരിച്ചുപോയവർ ചെയ്ത ഓരോ കാര്യങ്ങളും അച്ചരളെയിൽ പറയും.

സ്ത്രീകൾ മരിച്ചയാളുടെ ഓർമകൾ ഓർത്തുപറഞ്ഞ്​ കരഞ്ഞ്, ഇടതുകൈ കൊണ്ട് മനുഷ്യരൂപം മായ്ച്ചു​കളയും. മരിച്ചയാളെ ഓർത്തുള്ള വിഷമങ്ങളെല്ലാം മനസ്സിൽ നിന്ന്​ മായ്​ച്ചുകളയാനാണ് ഇങ്ങനെ ചെയ്യുന്നത്. വീടിനകത്ത് ചെയ്യുന്ന ഈ കർമത്തെ ‘അകനീക്കൽ' എന്നാണ് പറയുന്നത്.

‘ഇന്നലെ പോന്ന വായ് വലിയര, തിലെ വലിയര ഇഗുത്തിയുള്ളര, ബുദ്ധിയുള്ളര അച്ഛര, മാമ്മരണ്ട നേര വേണു, നുവലു വേണു'

എന്നിങ്ങനെയാണ് അച്ചരളെയിൽ പറഞ്ഞുതുടങ്ങുന്നത്. ‘മുന്നേയുള്ള തല മുതിർന്ന, അറിവും ബുദ്ധിയുമുള്ള അച്ഛന്മാരുടെയും മാമ്മന്മാരുടെയും നേരും ശക്തിയും അനുഗ്രഹവും ഞങ്ങൾക്ക് തരണം’ എന്നാണ് ഈ വാക്കിലൂടെ അർത്ഥമാക്കുന്നത്. അച്ചരളെ പറഞ്ഞ്, അമ്പ് ചാത്തിര നടത്തി, മരിച്ചയാളെ സങ്കല്പിച്ച് വീടിനകത്ത് അരി കൊണ്ട്, മനുഷ്യരൂപം വരക്കും. ഇങ്ങനെ വരയക്കുന്നതിനെ ഭൂമിയിൽ ‘പുണ്ട' വെയ്ക്കുക എന്നാണ് പറയുന്നത്. ഇതിനുചുറ്റും ഇരിക്കുന്ന സ്ത്രീകൾ മരിച്ചയാളുടെ ഓർമകൾ ഓർത്തുപറഞ്ഞ്​ കരഞ്ഞ്, ഇടതുകൈ കൊണ്ട് മനുഷ്യരൂപം മായ്ച്ചു​കളയും. മരിച്ചയാളെ ഓർത്തുള്ള വിഷമങ്ങളെല്ലാം മനസ്സിൽ നിന്ന്​ മായ്​ച്ചുകളയാനാണ് ഇങ്ങനെ ചെയ്യുന്നത്. വീടിനകത്ത് ചെയ്യുന്ന ഈ കർമത്തെ ‘അകനീക്കൽ' എന്നാണ് പറയുന്നത്. ‘അക കൂണ്ടെയ്' എന്നും പറയാറുണ്ട്.

തുടിയടിച്ച്, ചീനിയൂതി, മുൻപ് മരിച്ചുപോയ കാർന്നോന്മാരോടും, തെയ്യങ്ങളോടും, മരിച്ചയാളിന്റെ ആത്മാവിനോടും സംസാരിച്ചുകൊണ്ട് കർമ്മങ്ങൾ ചെയ്യും. മരിച്ചയാളെ സങ്കൽപ്പിച്ച് മുറ്റത്ത് അരി കൊണ്ട് മനുഷ്യരൂപം വരയ്ക്കും. ഇതിനു ചുറ്റും ഇരിക്കുന്ന സ്ത്രീകൾ മരിച്ചയാളുടെ ഓർമകൾ ഓർത്തുപറഞ്ഞ്​ കരഞ്ഞ്, ഇടതുകൈ കൊണ്ട് മനുഷ്യരൂപം മായ്ച്ചുകളയും. പുറത്ത് ഇങ്ങനെ ചെയ്യുന്നതിനെ ‘പുറാത്തുകൂണ്ടെയ്' എന്നാണ് പറയുന്നത്. ചടങ്ങു നടത്തുന്ന വീട്ടിലേക്ക് വേറെ സ്ഥലത്തു മരിച്ച നമ്മളെ ആളുകളുടെ പേയ്ക്കളെ, അതായത്​, ആത്മാക്കളെ കൊണ്ടുവരും. വീടിനകത്ത് പായ വിരിച്ച് അരി, തിരി, തേങ്ങ, വെറ്റില, അടക്ക, നാണയത്തുട്ടുകൾ എന്നിവ വെച്ച്, തിരി കത്തിച്ച്, പായയിൽ അരി വിതറി, അതിന്റെ മേലെ പേയ്ക്കളെ നിരത്തിവെയ്ക്കും. അവിടെ വന്ന പുരുഷന്മാരും, സ്ത്രീകളും പേയ്ക്കളെ തൊട്ടുതൊഴും. ഇങ്ങനെ ചെയ്യുന്നതിനെ ‘പേയ് മെലയിന്റെ' (ആത്മാവിനെ നോക്കുന്നത്) എന്നാണ് പറയുന്നത്. അച്ചരളെയിൽ ഇവിടെ കൊണ്ടുവന്നിട്ടുള്ള പേയ്ക്കളുടെ പേര് പറയും.

അച്ചരളെ പറഞ്ഞ് മരിച്ചുപോയ ആളുടെ ‘ആത്മാവിനെ' ആവാഹിച്ചെടുത്ത് മുമ്പ് മരിച്ചുപോയ ചെമ്മത്തിലെ കാർന്നവന്മാരുടെ കൈകളിലേൽപ്പിക്കും. ആത്മാവിനെ പേരു പറഞ്ഞ് ‘തളുവെ' (ഓട്ടുകിണ്ണം) യിൽ പിച്ചളവളയിട്ട് പുരുഷനാണെങ്കിൽ വെള്ള തുണിയിലും, സ്ത്രീയാണെങ്കിൽ കറുപ്പു തുണിയിലും കെട്ടും. ഇപ്പോൾ ഇതിന് മാറ്റം വന്നു. പുരുഷനെയും, സ്​ത്രീയെയും വെള്ള തോർത്തിൽ തന്നെയാണ് കെട്ടുന്നത്. തളികയിൽ ആവാഹിച്ച ആത്മാവിനെ ‘കുള്ളി'നകത്ത് സൂക്ഷിക്കും. അവസാനത്തെ മരണാനന്തര ചടങ്ങായ കൂട്ടം / കാക്കപ്പിലെ കഴിയുന്നതുവരെ ‘ആത്മാവ്' കുള്ളിൽ തന്നെ ഉണ്ടാവുമെന്നാണ് വിശ്വാസം. വൈകുന്നേരം തുടങ്ങി പിറ്റേന്ന് പകലോടെ ചാത്തിര ചടങ്ങ് അവസാനിക്കും.

വഴക്കുകൂടി പരസ്പരം മിണ്ടാതെ ഇരിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അവർ കാപ്പി കുടിക്കില്ല. ചെമ്മക്കാരനും മൂപ്പന്മാരും അവരുടെ പ്രശ്‌നങ്ങൾ കേട്ട്, അത് പരിഹരിച്ചു കൊടുക്കും. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞ് രാത്രി പന്ത്രണ്ടു മണിയെല്ലാം ആവുമ്പോഴാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

ചാത്തിര കഴിഞ്ഞ് എവിടേലും അടിയരുടെ മരണവുമായി ബന്ധപ്പെട്ട മൂന്ന് (ചാത്തിര, പതിമൂന്റ, കൂട്ടം) ചടങ്ങുകൾ നടത്തുകയാണെങ്കിൽ ‘പേയ്' കെട്ടിവെച്ചതെടുത്ത്​ ആ വീട്ടുകാർ പോകണം. അവസാന മരണാനന്തരചടങ്ങായ ‘കൂട്ടം' കഴിയന്നതുവരെ മരിച്ചയാൾ നമ്മളുടെ കൂടെത്തന്നെയുണ്ടെന്നാണ് പറയുക. മരിച്ചയാളോട് സ്നേഹത്തോടെ പെരുമാറിയ ആൾ ഭക്ഷണം കഴിക്കുമ്പോൾ കഴിച്ചതിന്റെ ഒരു പിടി മാറ്റിവെയ്ക്കണം. അവർ പകുതി കഴിക്കാതെ ഭക്ഷണം മാറ്റിവെച്ചാൽ ഇതിലെന്തോ വിഷമുണ്ട് എന്നു വിചാരിച്ച് മരിച്ചയാൾ അത് കഴിക്കാതെ പോയിക്കളയുമെന്നാണ് വിശ്വാസം.

രണ്ടാമത്തെ ചടങ്ങാണ് ‘പതിമൂൻറ്​' (പതിമൂന്ന്). ചാത്തിര കഴിഞ്ഞ് മൂന്നു മാസം കഴിയുമ്പോൾ ഇത് നടത്തും. മക്കൾക്ക് അല്ലെങ്കിൽ കുടുംബക്കാർക്കാണ് ഈ ചടങ്ങ് നടത്തുവാനുള്ള അവകാശം. പതിമൂൻറ്​ തുടങ്ങുന്ന ദിവസം ചെമ്മക്കാരനും, സഹായികളും ചപ്പരം അഥവാ പന്തൽ ഉണ്ടാക്കും. മുളയുടെ അഞ്ച് തൂണുകൾ കുഴിച്ചിട്ട്, എഴ കെട്ടി, അതിന്റെ മുകളിൽ നെവുലു (കൊരട്ട് ഞാവൽ) മരത്തിന്റെ ചൊപ്പ് കൊണ്ടിടും. ഇങ്ങനെയാണ് ചപ്പരം ഉണ്ടാക്കുന്നത്. ചപ്പരത്തിന്റെ അകത്ത് ഉണങ്ങിയ വൈക്കോൽ നിരത്തും. വൈക്കോൽ തികഞ്ഞില്ലെങ്കിൽ പായ വിരിക്കും. ഇവിടെ ഇരുന്നാണ് പതിമൂൻറ്​ നടത്തുന്നത്.

മുറ്റത്തെ ചപ്പരത്തിൽ ‘തീ' കൂട്ടിയിട്ട് ആണുങ്ങളെല്ലാം അവിടെയിരിക്കും. രാത്രിയിലെ തണുപ്പകറ്റാനാണ് തീ കൂട്ടുന്നത്.
മുറ്റത്തെ ചപ്പരത്തിൽ ‘തീ' കൂട്ടിയിട്ട് ആണുങ്ങളെല്ലാം അവിടെയിരിക്കും. രാത്രിയിലെ തണുപ്പകറ്റാനാണ് തീ കൂട്ടുന്നത്.

ചടങ്ങിന്റെ അന്ന് വൈകുന്നേരം ആളുകളെല്ലാം എത്തും. മുറ്റത്തെ ചപ്പരത്തിൽ ‘തീ' കൂട്ടിയിട്ട് ആണുങ്ങളെല്ലാം അവിടെയിരിക്കും. രാത്രിയിലെ തണുപ്പകറ്റാനാണ് തീ കൂട്ടുന്നത്. സ്ത്രീകളെല്ലാം വീടിന്റെ അകത്തും, കോലായിലും ഇരിക്കും. അവിടെ വന്നവർക്കെല്ലാം കാപ്പി വെച്ചു കൊടുക്കും. അതിൽ വഴക്കുകൂടി പരസ്പരം മിണ്ടാതെ ഇരിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അവർ കാപ്പി കുടിക്കില്ല. ചെമ്മക്കാരനും മൂപ്പന്മാരും അവരുടെ പ്രശ്‌നങ്ങൾ കേട്ട്, അത് പരിഹരിച്ചു കൊടുക്കും. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞ് രാത്രി പന്ത്രണ്ടു മണിയെല്ലാം ആവുമ്പോഴാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഓരോ ചെമ്മത്തിന്റെ പേരുപറഞ്ഞ്, ആ ചെമ്മത്തിലെ മുതിർന്ന കാർന്നോന്മാർക്ക് ദക്ഷിണ കൊടുത്തുകൊണ്ട് ചടങ്ങുകളാരംഭിക്കും. തുടിയടിച്ച്, ചീനിയൂതി, പിലെപ്പാട്ട് പാടി, അച്ചരളെ (പ്രാർത്ഥന) പറഞ്ഞാണ് കർമം ചെയ്യുന്നത്. മരിച്ചവരെല്ലാം വേറെ ലോകത്ത് ജീവിക്കുന്നുണ്ട് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മുന്നേ മരിച്ചു പോയ കാർന്നോന്മാരെയും, തെയ്യങ്ങളെയും വിളിച്ചുവരുത്തി, മരിച്ചയാളുടെ ആത്മാവിന് മോക്ഷം കിട്ടുന്നതിനുവേണ്ടി പാടുന്നതാണ് പിലെപാട്ട്. രണ്ട് കാർന്നോന്മാർ ചപ്പരത്തിലിരുന്ന് ഒരു മണിക്കൂറോളം അച്ചരളെ പറയും. അതുകഴിഞ്ഞ് വീടിനകത്ത് അച്ചരളെ പറഞ്ഞ്, അമ്പ് ചാത്തിര നടത്തി, മരിച്ചയാളെ സങ്കല്പിച്ച് വീടിന്റെ അകത്ത് അരി കൊണ്ട് മനുഷ്യരൂപം വരക്കും. ഇതിനുചുറ്റും ഇരിക്കുന്ന സ്ത്രീകൾ മരിച്ചയാളുടെ ഓർമകൾ ഓർത്ത് പറഞ്ഞുകരഞ്ഞ്, ഇടതുകൈ കൊണ്ട് മനുഷ്യരൂപം മായ്​ച്ചുകളയും. അകനീക്കൽ കഴിഞ്ഞ് തുടിയടിച്ച്, ചീനിയൂതി, മുമ്പ് മരിച്ചുപോയ കാർന്നോന്മാരോടും, തെയ്യങ്ങളോടും, മരിച്ചയാളിന്റെ ആത്മാവിനോടും സംസാരിച്ച്​ കർമം ചെയ്യും. മരിച്ചയാളെ സങ്കല്പിച്ച്, ഓർമകൾ ഓർത്തുപറഞ്ഞുകരഞ്ഞ്​, ഇതിനു ചുറ്റുമിരിക്കുന്ന സ്ത്രീകൾ ഇടതുകൈകൊണ്ട് മുറ്റത്ത് അരി കൊണ്ടെഴുതിയ മനുഷ്യരൂപം മായ്ച്ചുകളയും. ഇതെല്ലാം കഴിയുമ്പോഴേക്കും നേരെ വെളുക്കാറാവും. ആ സമയത്ത് കരിമി രണ്ട് കാലിൽ മണി കെട്ടി, ചപ്പരത്തിനുചുറ്റും ആടും. കരിമി ആദ്യം ആടുന്നതിനെ ‘മൻറ്​ തെളിപ്പിക്ക്യാ' എന്നാണ് പറയുന്നത്. പിന്നെ രണ്ട് പുരുഷന്മാരും കരിമിയുടെ കൂട്ടത്തിൽ ആടും. ‘ചെമ്പനെപ്പാട്ട്' പാടിയാണ് ചപ്പരത്തിനുചുറ്റും ആടുന്നത്. വലിയ പാതിരികുംഭൻ, ചെറിയ പാതിരികുംഭൻ, കുലാത്തൂരു കുംഭ, മാര, കാളി എന്നു പറയുന്ന തെയ്യങ്ങളെ വിളിച്ച് പാടുന്ന പാട്ടാണ് ചെമ്പനെപ്പാട്ട്. ചപ്പരത്തിന് ചുറ്റും ഒരു വട്ടം ആടിക്കഴിഞ്ഞ് ആട്ടം നിർത്തും.

നേരം വെളുത്ത് പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് ഭക്ഷണം കഴിക്കും. ചടങ്ങു നടത്തുന്ന വീടിന്റെ അകത്ത്, വേറെ സ്ഥലത്ത്​ മരിച്ച നമ്മളെ ആളുകളുടെ ആത്മാവുകളെ പായയിൽ നിരത്തിവെച്ചിട്ടുണ്ടാവും. ചടങ്ങിനുവന്ന പുരുഷന്മാരും സ്ത്രീകളും പേയ്ക്കളെ തൊട്ടു തൊഴും. രാവിലെ പത്ത് മണിയെല്ലാം ആവുമ്പോൾ അഞ്ച് കാർന്നോന്മാർ ഇരുന്ന് മുറത്തിൽ മണി കെട്ടി, തലവഴി കരിമ്പടം മൂടി മണി കിലുക്കും. തുടിയടിച്ച്, ചീനിയൂതി, പിലെപ്പാട്ട് പാടി, മരിച്ചുപോയ പരേതാത്മാക്കളെയും തെയ്യങ്ങളെയും വിളിച്ച് സംസാരിച്ചു കൊണ്ടാണ് മുറത്തിൽ മണികിലുക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിനെ ‘മുറാക്കെട്ടിന്റെയ്' എന്നാണ് പറയുന്നത്. പരേതാത്മാക്കൾക്കും, തെയ്യങ്ങൾക്കും ഇഷ്ടപ്പെടാത്ത വിധത്തിൽ നമ്മളുടെ ഭാഗത്തു നിന്ന്​ എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മണി കിലുങ്ങില്ല. ആ തെറ്റു തിരുത്തി പ്രായശ്ചിത്തമായി തപ്പും, പിഴയും കെട്ടിക്കഴിഞ്ഞാൽ മാത്രമേ മണി കിലുങ്ങുകയുള്ളൂ. കൈവിരി, അതായത്​, എടംപിരി, വലംപിരി മരത്തിന്റെ നാരെടുത്ത് ഉണക്കി, അത് വെള്ളത്തിൽ മുക്കിവെച്ച്, പതം വരുത്തിയശേഷം കയർ പോലെ പിരിച്ചെടുക്കും. ഇതിലാണ് മണി കോർക്കുന്നത്. ഇതിന് നല്ല ബലമായിരിക്കും, പൊട്ടില്ല. കോർത്ത മണി മുറത്തിന്റെ രണ്ടറ്റത്തും ചേർത്ത് കെട്ടിയാണ് മുറം കിലുക്കുന്നത്.

മരിച്ചുപോയ ആളെ പിലെപാട്ടിലൂടെ അവരുടെ ചെമ്മത്തിലെ മുന്നേ മരിച്ചുപോയ കാർന്നോന്മാരുടെ കൈകളിലേക്ക് ഏൽപ്പിക്കും. അതുകഴിഞ്ഞ് ആത്മാവ് മടക്കും. വിളിച്ചുവരുത്തിയ പരേതാത്മാക്കളെയെല്ലാം അവരുടെ ലോകത്തേക്ക് മടക്കി അയക്കുന്നതിനെയാണ് ‘പേയ്മടക്കൽ' എന്നു പറയുന്നത്. പതിമൂന്റിന്റെ അന്നും സദ്യ ഉണ്ടാവും. അന്ന് ചേമ്പുതടെ, അതായത്​, കണ്ടത്തിലും, തോടിന്റെ വരമ്പത്തും, പുഴയോരത്തും കാണുന്ന താള് കറിവെച്ചത് നിർബന്ധമായും കഴിച്ചിരിക്കണം. മരിച്ചയാളുടെ കുടുംബക്കാരെടുക്കുന്ന വൃതം മുറിക്കുന്നത് ചേമ്പുതടെ കറിയാണ്. രാത്രി തുടങ്ങി പിറ്റേന്ന് വൈകുന്നേരത്തോടെ ‘പതിമൂൻറ്​' അവസാനിക്കും. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments