Photo : keralaculture.org

ആദിവാസി എന്ന്​ പറയാൻ പോലും
​നാണിക്കുന്ന ആദിവാസികളുമുണ്ട്​

ആദിവാസിയെന്ന പേരിലുള്ള ആനുകൂല്യത്തിൽ വിദ്യാഭ്യാസവും, ജോലിയുമായി കഴിയുമ്പോൾ ആദിവാസിയെന്ന പേരിനോട് അവഗണനയും, സ്വന്തം വിഭാഗത്തെ തിരിഞ്ഞു നോക്കാത്ത അവസ്ഥയുമാണ്. ആദിവാസി സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ടാണ് സ്വന്തമായി വീടുപണിയാൻ പോലും ആനുകൂല്യം കിട്ടുന്നത്. ആദിവാസിയെന്ന് പറയാൻ മടിയും, എന്നാൽ, ആ പേരിൽ കിട്ടുന്നതെല്ലാം വാങ്ങിയെടുക്കുകയും ചെയ്യുന്നു. ഇത് എന്തൊരു വിരോധാഭാസമാണ്.

അധ്യായം 30 (തുടർച്ച)

മൂന്നാമത്തെ മരണാനന്തര ചടങ്ങാണ് ‘കൂട്ടം'.
കാക്കപ്പിലെ എന്നറിയപ്പെടുന്ന ഇത്​ വർഷാവസാനമാണ് നടത്തുക. കൂട്ടത്തിന്റെ മുന്നോടിയായി മരിച്ചുപോയ കാർന്നോന്മാർക്ക് ചോറുവെച്ച്, ചോറിന്റെ വിഹിതം കാട്ടുകൂവയുടെ ഇലയിൽ വിളമ്പിവെയ്ക്കും. ഇതിനെ ‘അച്ഛരണ്ട' ചോറ് വെയ്ക്കുക എന്നാണ് ഞങ്ങൾ പറയുക. ചെമ്മത്തിലെ കാർന്നോന്മാരെല്ലാം അന്നവിടെ വരും. അതിൽ മുതിർന്ന ഒരാളുടെ പേരിൽ നെല്ലു കെട്ടും. ‘മൂരുത്ത നെല്ല്' കെട്ടൽ എന്നാണിതിനെ പറയുന്നത്. അന്ന്​ അവിടെ വന്നവർക്കെല്ലാം ഭക്ഷണമുണ്ടാക്കി കൊടുക്കും. മൂരുത്ത നെല്ല് കെട്ടിക്കഴിഞ്ഞാൽ മരിച്ചയാളുടെ കുടുംബക്കാരും, അവരുടെ ചെമ്മത്തിലെ മുതിർന്നവരും വീണ്ടും വ്രതമാരംഭിക്കും. മൂരുത്ത നെല്ല് കെട്ടൽ കഴിഞ്ഞ് ചെമ്മക്കാരനും, സഹായിയും ചെമ്മത്തിലെ മറ്റ് കുടുംബക്കാരുടെ വീടുകളിലെല്ലാം പോയി നെല്ല് ശേഖരിക്കും. എല്ലാവരും അവരവരുടെ വിഹിതം കൊടുക്കും. ചെമ്മക്കാരൻ വീട്ടിൽ വരുമ്പോൾ നെല്ല് കൊടുക്കാൻ പറ്റാത്തവർ കൂട്ടം തുടങ്ങുന്നതിനു മുമ്പായി അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടു കൊടുക്കും. ഇങ്ങനെ കിട്ടുന്ന നെല്ല് കുത്തി അരിയാക്കി കൂട്ടത്തിന് സദ്യയുണ്ടാക്കാൻ ഉപയോഗിക്കും.

മരിച്ചയാളെ സങ്കൽപ്പിച്ച്​ മുറ്റത്ത് അരികൊണ്ട് മനുഷ്യരൂപം വരയ്ക്കും. ഇതിനു ചുറ്റും ഇരിക്കുന്ന സ്ത്രീകൾ മരിച്ചയാളുടെ ഓർമകൾ ഓർത്ത്, പറഞ്ഞു കരഞ്ഞ്, ഇടതുകൈകൊണ്ട് മനുഷ്യരൂപം മായ്​ച്ചു കളയും.

ഇപ്പോൾ നെല്ല് കിട്ടാത്തതുകൊണ്ട് പൈസയാണ് എല്ലാവരും കൊടുക്കുന്നത്. ആ പൈസകൊണ്ട് കൂട്ടത്തിനുവേണ്ട കർമത്തിനും, സദ്യയ്ക്കുമുള്ള സാധനങ്ങൾ വാങ്ങും. ചടങ്ങിന് വരുന്നവരെല്ലാം അടക്ക, വെറ്റ, സദ്യക്കുള്ള സാധനങ്ങൾ, പൈസ എന്നിവ കൊടുത്ത് സഹായിക്കും. മരിച്ചയാളുടെ ചെമ്മക്കാരെല്ലാം സഹകരിച്ചാണ് ‘കൂട്ടം' നടത്തുന്നത്. പുറമെയുള്ള ചെമ്മക്കാർ കൂട്ടത്തിൽ പങ്കെടുക്കും. കൂട്ടം തുടങ്ങുന്നതിനു മുമ്പായി പരേതാത്മാക്കളുടെ സമ്മതം വാങ്ങേണ്ടതുണ്ട്. അതിനായി കാർന്നോന്മാരെല്ലാം വന്ന്, അന്നത്തെ ദിവസം ചോറും, കറിയും വച്ച്, പരേതാത്മാക്കൾക്ക് കൂവയിലയിൽ ഭക്ഷണം വെച്ചു കൊടുക്കും.

ഓരോ ചെമ്മത്തിന്റെയും പേരുപറഞ്ഞ്, ആ ചെമ്മത്തിലെ മുതിർന്ന കാർന്നോന്മാർക്ക് വെറ്റില, അടക്ക ദക്ഷിണ കൊടുത്തുകൊണ്ടാണ് കൂട്ടം ആരംഭിക്കുന്നത്

പരേതാത്മാക്കളോട് സംസാരിച്ച് കൂട്ടം നടത്തുന്നതിന് സമ്മതം വാങ്ങുന്നതിനെ ‘നാൾ കെട്ടുന്നത്' അഥവാ നാൾക്കുറി എന്നാണ് പറയുന്നത്. നാളെ ‘കൂട്ടം' ആണെങ്കിൽ ഇന്ന് നാൾക്കുറി കെട്ടും. കൂട്ടം തുടങ്ങുന്ന ദിവസം ചെമ്മക്കാരനും, സഹായികളും ചപ്പരം ഉണ്ടാക്കും. ആണുങ്ങൾ എല്ലാവരും ചപ്പരത്തിന് അകത്തും, പെണ്ണുങ്ങൾ കോലായിലും, വീടിനകത്തും ഇരിക്കും. ചടങ്ങിന് വന്നവർക്കെല്ലാം കാപ്പി വെച്ചു കൊടുക്കും. അതിൽ, വഴക്കുകൂടി പരസ്പരം മിണ്ടാതെ ഇരിക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ, അവരുടെ പ്രശ്‌നങ്ങൾ കേട്ട് ചെമ്മക്കാരനും, മൂപ്പന്മാരും അത് പരിഹരിച്ചു കൊടുക്കും. രാത്രി പന്ത്രണ്ട് മണിയെല്ലാം ആവുന്ന സമയത്താണ് ചടങ്ങ് ആരംഭിക്കുന്നത്. ഓരോ ചെമ്മത്തിന്റെയും പേരുപറഞ്ഞ്, ആ ചെമ്മത്തിലെ മുതിർന്ന കാർന്നോന്മാർക്ക് വെറ്റില, അടക്ക ദക്ഷിണ കൊടുത്തുകൊണ്ടാണ് കൂട്ടം ആരംഭിക്കുന്നത്. തുടിയടിച്ച്, ചീനിയൂതി, പിലെപ്പാട്ട് പാടി, അച്ചരളെ പറഞ്ഞ് കർമ്മങ്ങൾ ചെയ്യും. രണ്ട് കാർന്നോന്മാർ ചപ്പരത്തിൽ നിന്ന് അച്ചരളെ പറയും. അതുകഴിഞ്ഞ് വീടിനകത്ത് അച്ചരളെ പറഞ്ഞ്, അമ്പ് ചാത്തിര നടത്തി, മരിച്ചയാളെ സങ്കല്പിച്ച് വീടിന്റെ അകത്ത് അരികൊണ്ട് മനുഷ്യരൂപം വരയ്ക്കും. ഇതിന് ചുറ്റും ഇരിക്കുന്ന സ്ത്രീകൾ മരിച്ചയാളുടെ ഓർമകൾ ഓർത്തുപറഞ്ഞ്​ കരഞ്ഞ്, ഇടതുകൈകൊണ്ട് മനുഷ്യരൂപം മായിച്ചു കളയും. അകനീക്കൽ കഴിഞ്ഞ് തുടിയടിച്ച്, ചീനിയൂതി, മുമ്പ് മരിച്ചു പോയ കാർന്നോന്മാരോടും, തെയ്യങ്ങളോടും മരിച്ചയാളിന്റെ ആത്മാവിനോടും സംസാരിച്ച്​ കർമം ചെയ്യും. മരിച്ചയാളെ സങ്കൽപ്പിച്ച്​ മുറ്റത്ത് അരികൊണ്ട് മനുഷ്യരൂപം വരയ്ക്കും. ഇതിനു ചുറ്റും ഇരിക്കുന്ന സ്ത്രീകൾ മരിച്ചയാളുടെ ഓർമകൾ ഓർത്ത്, പറഞ്ഞു കരഞ്ഞ്, ഇടതുകൈകൊണ്ട് മനുഷ്യരൂപം മായ്​ച്ചു കളയും. നേരം വെളുക്കാറാവുന്ന സമയത്ത് കരിമി രണ്ട് കാലിൽ മണികെട്ടി, ചെമ്പനെപ്പാട്ട് പാടി, ചപ്പരത്തിന് ചുറ്റും ഒരു വട്ടം ആടും കൂടെ രണ്ട് പുരുഷന്മാരും ആടും. ചപ്പരത്തിനുചുറ്റും ആടിക്കഴിഞ്ഞ് ആട്ടം നിർത്തും. നേരം വെളുത്ത് എല്ലാവരും പ്രഭാതകൃത്യങ്ങളെല്ലാം ചെയ്തു കഴിഞ്ഞ് ഭക്ഷണം കഴിക്കും.

രാവിലെ പത്ത് മണിയാവുമ്പോൾ കാർന്നോന്മാർ മുറാകെട്ടാനിരിക്കും. തുടിയടിച്ച്, ചീനിയൂതി, പിലെപ്പാട്ട് പാടി, മരിച്ചുപോയ പരേതാത്മാക്കളെയും, തെയ്യങ്ങളെയും വിളിച്ച് സംസാരിച്ച്​ മുറത്തിൽ മണി കിലുക്കും. രാവിലെ ഇരുന്നാൽ വൈകുന്നേരം ആറു മണിവരെ മുറാക്കെട്ടൽ നീണ്ടുനിൽക്കും. ഈ ചടങ്ങ് കഴിയുന്നതുവരെ ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കില്ല. ജലപാനം പോലും ഉണ്ടാവില്ല. പിലെപ്പാട്ടിലൂടെ ആത്മാവിനെ അനാഥമാക്കി വിടാതെ, ചെമ്മത്തിലെ മുന്നേ മരിച്ചു പോയ കാർന്നോന്മാരുടെ കൈകളിലേയ്ക്ക് ഏൽപ്പിക്കും. കൈപിടിപ്പിക്കൽ എന്നാണ് ഇതിനെ പറയുന്നത്. അതുകഴിഞ്ഞ് പേയ് മടക്കും. കരിമി രണ്ട് കാലിൽ മണികെട്ടി, ആദ്യം ചപ്പരത്തിന് ചുറ്റും ഒരുവട്ടം ആടും. തുടർന്ന് രാത്രി തൊട്ട് നേരം വെളുക്കുന്നതുവരെ ‘കൂട്ടാട്ട്' നടക്കും. മുതിർന്ന കാർന്നോന്മാരും, കുട്ടികളും, പുരുഷന്മാരും ഒന്നിച്ച് പരമ്പരാഗത നൃത്തം കളിക്കുന്നതിനെയാണ് കൂട്ടാട്ട് എന്നു പറയുന്നത്. സ്ത്രീകളുടെ ഇടയിലൊക്കെ പോയി തമാശ പറഞ്ഞാണ് ആടുന്നത്.

കുളിപ്പിച്ച്, കണ്ണെഴുതി, പൊട്ടുതൊട്ട്, ചാന്ത് വരച്ച്, പുരികമെഴുതി, മുടിചീകിക്കെട്ടി, പൂവ് ചൂടി, കൈനിറയെ വളയിടിയിച്ച്, വിരലിൽ മോതിരം ഇട്ട്, കഴുത്ത് നിറയെ മാല അണിയിച്ച്, മൂക്കുത്തി ഇട്ട്, നല്ല നിറമുള്ള സാരി ധരിപ്പിച്ച്, കല്ല്യാണ പെണ്ണിനെ പോലെ ഒരുക്കി, പുരുഷന്റെ ചെമ്മക്കാർ പെണ്ണിന്റെ ചെമ്മക്കാർക്ക് വിട്ടു കൊടുക്കും.

തുടിയടിച്ച്, ചീനിയൂതി, ചപ്പരത്തിനുചുറ്റും ഒരു വട്ടം ആടി കഴിയുമ്പോൾ, കാർന്നോന്മാർ ചെമ്പനെപ്പാട്ട് പാടും. കാർന്നോന്മാർ ചെമ്പനെപ്പാട്ട് പാടാൻ തുടങ്ങുമ്പോൾ തുടി അടിക്കലും, ചീനിയൂതലും, ആട്ടവും നിർത്തും. ചെമ്പനെപ്പാട്ട് പാടി കഴിയുമ്പോൾ വീണ്ടും തുടിയടിക്കലും, ചീനിയൂതലും, ആട്ടവും തുടരും. ഇങ്ങനെ വെളുപ്പിന് ആറുമണിവരെ ചപ്പരത്തിനു ചുറ്റും കൂട്ടാട്ട് നടക്കും. രാവിലത്തെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് വീണ്ടും കർമങ്ങളാരംഭിക്കും. മരിച്ചയാളുടെ വക വെറ്റിലയും, അടക്കയും, ഒന്നോ രണ്ടോ രൂപയും ചടങ്ങിൽ വരുന്നവർക്ക് ദാനം കൊടുക്കും. മരിച്ചയാളുടെ അവസാനത്തെ ദാനം കൊടുക്കലാണിത്. ഇതിന്റെ കൂടെ കാർന്നോന്മാർക്ക് തോർത്തോ, മുണ്ടോ ദാനം കൊടുക്കും. അതുകഴിഞ്ഞ് കരിമി വേഷം കെട്ടും. സ്ത്രീ ആണ് മരിച്ചതെങ്കിൽ സ്ത്രീ വേഷം അണിയും. പുരുഷനാണ് മരിച്ചതെങ്കിൽ പുരുഷവേഷം അണിയും. കരിമി ഇങ്ങനെ വേഷം കെട്ടി കഴിഞ്ഞാൽ അവിടെ വന്ന പുരുഷന്മാരെല്ലാം അദ്ദേഹത്തിന്റെ കാല് തൊട്ട് തൊഴും. അതുകഴിഞ്ഞ് ചപ്പരത്തിന്റെ നടുക്കുള്ള തൂണിൽ ചേർന്ന് നിന്ന് കരിമി വേഷം അഴിച്ചു വെയ്ക്കും. ഇങ്ങനെ ചെയ്യുന്നതിനെ ‘കെട്ടിതാവുത്തിന്റെയ്' (കെട്ടിതാഴ്ത്തുന്നത്) എന്നാണ് പറയുന്നത്. അതേസമയം ഓട്ടുകിണ്ണത്തിൽ അരി, ഒരു തേങ്ങ, നാണയതുട്ട്, വെറ്റില, അടക്ക അടങ്ങിയ പർവളം എടുത്തു കൊണ്ടുവന്ന്, ചെമ്മക്കാരത്തി വീടിനകത്തിരിക്കും. ഒരു പിച്ചാത്തിയും കൈയ്യിൽ പിടിച്ചിട്ടുണ്ടാവും. ചടങ്ങിന് വന്ന സ്ത്രീകളെല്ലാവരും ചെമ്മക്കാരത്തിയുടെ കാല് തൊട്ടു തൊഴുത് പർവളത്തിൽ പൈസയിടും. അപ്പോൾ ചെമ്മക്കാരത്തി പിച്ചാത്തി രണ്ട് കൈകൊണ്ട് കൂട്ടിപ്പിടിച്ച്, സ്ത്രീകളുടെ നെറ്റിയുടെ വലതുഭാഗത്തും, ഇടതു ഭാഗത്തും പിച്ചാത്തി മുട്ടിക്കും. ഇതോടെ മരണവുമായി ബന്ധപ്പെട്ട് അവർക്കുള്ള എല്ലാ വിലക്കും മാറും. ഇങ്ങനെ ചെയ്യുന്നതിനെ ‘തിലയിൽ കെട്ടി താവുത്തിന്റെയ്' (തലയിൽ കെട്ടിതാഴ്ത്തുന്നത്) എന്നാണ് പറയുന്നത്. തളുവെയിൽ പിച്ചള വളയിട്ട് കെട്ടിവെച്ച മരിച്ചയാളുടെ പേയ്‌നെ ഈ സമയം അഴിച്ചു വിടും. ചടങ്ങു നടത്തുന്ന വീടിന്റെ അകത്ത്, വേറെ സ്ഥലത്തു മരിച്ച നമ്മളെ ആളുകളുടെ പേയ്ക്കളെ പായയിൽ നിരത്തിവെച്ചിട്ടുണ്ടാവും. ചടങ്ങിന് വന്ന പുരുഷന്മാരും, സ്ത്രീകളും പേയ്ക്കളെ തൊട്ടുതൊഴും. അതുകഴിഞ്ഞ് മൊതൽ കൊടുക്കൽ ചടങ്ങ് നടക്കും.

പുരുഷനാണ് മരിച്ചതെങ്കിൽ, അവന്റെ ഭാര്യയെ കല്ല്യാണസമയത്ത് പെണ്ണു വീട്ടുകാർ എങ്ങനെയാണോ തന്നത്, അതുപോലെ അവർക്ക് തിരിച്ചുകൊടുക്കും. കുളിപ്പിച്ച്, കണ്ണെഴുതി, പൊട്ടുതൊട്ട്, ചാന്ത് വരച്ച്, പുരികമെഴുതി, മുടിചീകിക്കെട്ടി, പൂവ് ചൂടി, കൈനിറയെ വളയിടിയിച്ച്, വിരലിൽ മോതിരം ഇട്ട്, കഴുത്ത് നിറയെ മാല അണിയിച്ച്, മൂക്കുത്തി ഇട്ട്, നല്ല നിറമുള്ള സാരി ധരിപ്പിച്ച്, കല്ല്യാണ പെണ്ണിനെ പോലെ ഒരുക്കി, പുരുഷന്റെ ചെമ്മക്കാർ പെണ്ണിന്റെ ചെമ്മക്കാർക്ക് വിട്ടു കൊടുക്കും. അപ്പോൾ പെണ്ണിന്റെ ചെമ്മക്കാർ ചെക്കനെ, ചെക്കന്റെ ചെമ്മക്കാർക്ക് വിട്ടുകൊടുക്കണം. ഒട്ടുകിണ്ണം, ഓടിന്റെ മൊത്ത, പിച്ചള ചെമ്പ്, ഇതിലേതെങ്കിലും ഒന്ന് ചെക്കനാണെന്ന് സങ്കൽപ്പിച്ച്, ചെക്കന്റെ ചെമ്മകാർക്ക് വിട്ടുകൊടുക്കും. ഇതിന്റെ കൂടെ പുതിയ ഷർട്ട്, മുണ്ട് എല്ലാം കൊടുക്കും.

മുതിർന്ന കാർന്നോന്മാരും, കുട്ടികളും, പുരുഷന്മാരും ഒന്നിച്ച് പരമ്പരാഗത നൃത്തം കളിക്കുന്നതിനെയാണ് കൂട്ടാട്ട് എന്നു പറയുന്നത്.

സ്ത്രീയാണ് മരിച്ചതെങ്കിൽ, ഭർത്താവിനെ ഭാര്യയുടെ ചെമ്മക്കാർ കുളിപ്പിച്ച്, പുതിയ ഷർട്ടും, മുണ്ടും ഉടുപ്പിച്ച് കല്ല്യാണ ചെക്കനെപ്പോലെ ഒരുക്കി ചെക്കന്റെ ചെമ്മകാർക്ക് വിട്ടുകൊടുക്കും. അപ്പോൾ ചെക്കന്റെ ചെമ്മക്കാർ, ഓട്ടുകിണ്ണം, ഓടിന്റെ മൊന്ത, പിച്ചളചെമ്പ് ഇതിലേതെങ്കിലും ഒന്ന് പെണ്ണാണെന്ന് സങ്കൽപ്പിച്ച് പെണ്ണിന്റെ ചെമ്മകാർക്ക് വിട്ടുകൊടുക്കും. ഇതിന്റെ കൂടെ പുതിയ സാരി, ബ്ലൗസ്, പാവാട, കല്ലുമാല, വള, മൂക്കുത്തി, ചാന്ത്, മുടിക്കുത്തി, തലയിൽ ചൂടാനുള്ള പൂവ് എല്ലാം കൊടുക്കും. ഇതെല്ലാം അവരുടെ ബന്ധുക്കൾക്ക് ഉപയോഗിക്കാം. ‘മൊതൽ' (സ്വത്ത്) കൊടുക്കുക എന്നാണ് ഈ ചടങ്ങിനെ ഞങ്ങൾ പറയുന്നത്. ഭാര്യാഭർത്താക്കന്മാരായവർ മരിച്ചാൽ മാത്രമേ ‘മൊതൽ' കൊടുക്കുന്ന ചടങ്ങ് നടത്താറുള്ളൂ. ഞങ്ങൾ സ്വത്ത് എന്നു പറയുന്നത് ഭൂമിയോ, സ്വർണ്ണമോ, പണമോ ഒന്നുമല്ല, മനുഷ്യനെയാണ്. മരിച്ചയാൾ ഞങ്ങളുടെ സ്വത്തായിരുന്നു. ആ സ്വത്തിനെയാണ് ഞങ്ങൾ ഈ ചടങ്ങിലൂടെ അവരവരുടെ ചെമ്മത്തിന് തിരിച്ചുകൊടുക്കുന്നത്. ചെമ്മക്കാർക്ക് ഇങ്ങനെ പരസ്പരം വിട്ടു കൊടുക്കുന്നതോടെ ബന്ധം വേർപെടും. അവർ തിരിച്ചു വരാൻ പാടില്ല എന്നില്ല. ആണിന്റെ വീട്ടിലായാലും, പെണ്ണിന്റെ വീട്ടിലായാലും അവർക്ക് കഴിയാം. വേറെ കല്ല്യാണം കഴിക്കുന്നുണ്ടെങ്കിൽ കഴിക്കാം. ചടങ്ങിന്റെ ഭാഗമായി ഇങ്ങനെ ചെയ്യുന്നു എന്നേയുള്ളൂ. ആദ്യം അവർ നമ്മളോടൊപ്പമുണ്ടായിരുന്ന സമയത്ത് നമ്മൾ അവർക്ക് കൊടുത്തിരുന്ന ബഹുമാനവും, അംഗീകാരവും അധികാരവും പിന്നീടും ഉണ്ടാവും, ചെമ്മത്തിലെ മുതിർന്ന കാർന്നോരുടെ കൂട്ടമാണ് നടത്തുന്നതെങ്കിൽ അവസാന ദിവസം ‘വെള്ളാട്ടം' നടത്തും. കൂട്ടത്തിന് വരുന്നവർക്കെല്ലാം അന്നേ ദിവസം സദ്യ ഉണ്ടാവും. ചേമ്പിൻ തടെകറി, വാഴയ്ക്കകറി, കഴിച്ച് വൃതം മുറിക്കും. അന്ന് പായസവും ഉണ്ടാവും. കൂട്ടം മൂന്ന് ദിവസമാണ് നടത്തുന്നത്. കൂട്ടം കഴിയുന്നതോടു കൂടി മരണവുമായി ബന്ധപ്പെട്ട എല്ലാ വിലക്കുകളിൽ നിന്നും കുടുംബാംഗങ്ങൾ മോചനം നേടുന്നു.

സമുദായത്തിലെ ആരെങ്കിലും തമ്മിൽ വഴക്കു കൂടി മിണ്ടാതെ ഇരിക്കുകയോ, വിരോധം വെച്ചു പുലർത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ നമ്മളെ ആളുകൾ ഒത്തുകൂടുന്ന ചടങ്ങുകളിൽ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു കൊടുക്കാറുണ്ട്.

ഞങ്ങളുടെ സമുദായത്തിലെ ആരെങ്കിലും തമ്മിൽ വഴക്കു കൂടി മിണ്ടാതെ ഇരിക്കുകയോ, പരസ്പരം എന്തിന്റെയെങ്കിലും പേരിൽ വിരോധം വെച്ചു പുലർത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ നമ്മളെ ആളുകൾ ഒത്തുകൂടുന്ന ചടങ്ങുകളിൽ (മരണം ഒഴികെ) വച്ച് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു കൊടുക്കാറുണ്ട്. ചടങ്ങുകൾ നടത്തുന്ന അന്ന് ചെമ്മക്കാരത്തി (ചെമ്മക്കാരെന്റ ഭാര്യ) അവിടെ വരുന്ന എല്ലാവർക്കും കാപ്പി വെച്ചു കൊടുക്കും. അപ്പോൾ പരസ്പരം മിണ്ടാത്തവരും, വിരോധമുള്ളവരും കാപ്പി കുടിക്കില്ല.

ചപ്പരത്തിൽ (പന്തൽ) നിന്ന് ചെമ്മക്കാരൻ ചെമ്മക്കാരത്തിയോട് വിളിച്ച് ചോദിക്കും, എല്ലാവരും കാപ്പി കുടിച്ചോ? ആരെങ്കിലും കാപ്പി കുടിക്കാതെയുണ്ടോ?

ആദിവാസികളുടെ ഐതീഹ്യങ്ങളും, വിശ്വാസവും, ആചാരാനുഷ്ഠാനങ്ങളും, സാഹിത്യവും, കലാസൃഷ്ടികളുമെല്ലാം അവരുടെ ഭാഷയിൽ വാമൊഴിയിലൂടെയാണ് കൈമാറ്റം ചെയ്തിരുന്നത് / Photo : Ks Praveen Kumar

ഇങ്ങനെ ചോദിക്കുമ്പോൾ ചെമ്മക്കാരത്തി, കാപ്പി കുടിക്കാത്തവരുടെ പേര് പറയും. ചെമ്മക്കാരനും, മൂപ്പന്മാരും അവരോട് കാപ്പി കുടിക്കാത്തതിന്റെ കാരണം ചോദിക്കും. അപ്പോൾ അവർ അവരുടെ പ്രശ്‌നങ്ങൾ പറയും. അഥവാ പരസ്?പരം പ്രശ്‌നമുള്ളവരിൽ ഒരാൾ ചടങ്ങിന് വരാതിരുന്നാൽ രാത്രി തന്നെ അവരെ കൂട്ടിക്കൊണ്ടു വരാൻ നാലഞ്ച് ആളുകളെ പറഞ്ഞയക്കും. ഇങ്ങനെ ആളെ വിടുന്നതിനെ 'പൊത്തെബുണ്ടയെ' എന്നാണ് ഞങ്ങൾ പറയുന്നത്. പ്രശ്‌നക്കാരെ കൂട്ടി കൊണ്ടു വരും. രണ്ട് കൂട്ടരുടെയും പ്രശ്‌നങ്ങൾ കേട്ടു കഴിഞ്ഞ് ചെമ്മക്കാരനും, മൂപ്പന്മാരും ആരുടെ ഭാഗത്താണ് തെറ്റ്, ശരിയെന്ന് കണ്ടെത്തും. പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി തെറ്റ് ചെയ്തവരോട് തപ്പും, പിഴയും കെട്ടാൻ പറയും. ഇത്ര പൈസ പിഴ പറയും. അത് ചെമ്മക്കാരന് കൊടുക്കണം. ചെയ്ത തെറ്റിന്റെ അളവനുസരിച്ച് നിശ്ചിത തുക നൽകി പ്രയാശ്ചിത്തം ചെയ്യുന്നതാണിത്. തെറ്റ് ചെയ്ത ആൾക്ക് അത് കൊടുക്കാൻ നിവൃത്തിയില്ലെങ്കിൽ അവരുടെ ചെമ്മത്തിലുള്ളവർ എല്ലാവരും കൂടി അത് കൊടുക്കും. ഇങ്ങനെ പ്രശ്‌നം പരിഹരിക്കുന്നതിനെ ‘ഏതുവാക്ക്' തീർക്കുക എന്നാണ് ഞങ്ങൾ പറയുന്നത്. ഏതുവാക്ക് തീർത്തു കഴിഞ്ഞാൽ ചെമ്മക്കാരത്തിയോട് ചെമ്മക്കാരൻ പറയും ഇവര്ക്ക് കാപ്പിയും ഭക്ഷണവും കൊടുക്കണമെന്ന്. കാപ്പിയും ഭക്ഷണവും കൊടുത്തു കഴിഞ്ഞ് ചെമ്മക്കാരത്തിയോട് ചെമ്മക്കാരൻ ചോദിക്കും അവർ അത് കഴിച്ചോ? എന്ന്. കഴിച്ചുവെന്ന് ചെമ്മക്കാരത്തി മറുപടി പറയും. പ്രശ്‌നക്കാരുടെ മനസ്സിലുള്ള ദേഷ്യവും, വിരോധവുമെല്ലാം പരിഹരിച്ചുവെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചോദിക്കുന്നത്. കാപ്പിയും ഭക്ഷണവും കഴിച്ചില്ലെങ്കിൽ പ്രശ്‌നത്തിന് പരിഹാരമായില്ല. അപ്പോൾ വീണ്ടും ചെമ്മക്കാരനും, മൂപ്പന്മാരും അവരെ വിളിച്ച് സംസാരിച്ച് ആ പ്രശ്‌നത്തിന് ഒരു തീരുമാനമാക്കും. പ്രശ്‌നങ്ങൾ പരിഹരിച്ചു കഴിഞ്ഞാൽ മാത്രമേ ഏതൊരു ചടങ്ങും ആരംഭിക്കുകയുള്ളൂ. ഒരു കോടതി' പോലെയാണിത്. ചെമ്മക്കാരൻ വിധി പറയുന്നതു പോലെ എല്ലാവരും അനുസരിക്കും.

ആദിവാസികളുടെ ഐതീഹ്യങ്ങളും, വിശ്വാസവും, ആചാരാനുഷ്ഠാനങ്ങളും, സാഹിത്യവും, കലാസൃഷ്ടികളുമെല്ലാം അവരുടെ ഭാഷയിൽ വാമൊഴിയിലൂടെയാണ് കൈമാറ്റം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ആദിവാസികളുടെ ചരിത്രവും വാമൊഴി പാപമ്പര്യങ്ങളും രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

എന്റെ അച്ഛനും, മാമനും നമ്മളെ ചടങ്ങുകളിലെ എല്ലാ കാര്യങ്ങളും നന്നായിട്ട് അറിയാമായിരുന്നു. അച്ഛനും, മാമനും പഴയ തലമുറക്കാരും മരിച്ചു. കുറച്ചുപേർ ഉള്ളവർക്ക് നമ്മളെ ചടങ്ങുകൾ നന്നായി ചെയ്യാനറിയില്ല. ആദിവാസികളുടെ ഐതീഹ്യങ്ങളും, വിശ്വാസവും, ആചാരാനുഷ്ഠാനങ്ങളും, സാഹിത്യവും, കലാസൃഷ്ടികളുമെല്ലാം അവരുടെ ഭാഷയിൽ വാമൊഴിയിലൂടെയാണ് കൈമാറ്റം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ആദിവാസികളുടെ ചരിത്രവും വാമൊഴി പാപമ്പര്യങ്ങളും രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അതിനുള്ള അറിവോ, വിദ്യാഭ്യാസമോ, സാഹചര്യമോ നമ്മളെ കാർന്നോന്മാർക്ക് ഉണ്ടായിരുന്നില്ല. പുതുതലമുറകൾക്ക് തങ്ങളുടെ അറിവ് കൃത്യമായി പഠിപ്പിച്ചു കൊടുത്തതുമില്ല. ഇപ്പോഴുള്ള കാർന്നോന്മാരിൽ നിന്ന്​ പുതുതലമുറ അത് പഠിക്കാനും ശ്രമിക്കുന്നില്ല. പുതിയ സാങ്കേതിക വിദ്യയും, വിദ്യാഭ്യാസവും ഒരു പരിധിവരെ ഇതിന് കാരണമായിട്ടുണ്ട്.

പണ്ടെല്ലാം കുട്ടികൾ മുതൽ മുതിർന്നവർ വരെ അവരവരുടെ ഗോത്രഭാഷ തന്നെയാണ് സംസാരിച്ചിരുന്നത്. ഇന്ന് എല്ലാവരും വിദ്യാഭ്യാസം നേടാൻ തുടങ്ങിയപ്പോൾ ഗോത്രഭാഷ സംസാരിക്കുന്നത് കുറവായി / Photo : Ks Praveen Kumar

ആചാര ചടങ്ങുകളിൽ പോലും പുതുതലമുറകളുടെ പങ്കാളിത്തം കുറവാണ്. അതുകൊണ്ട് ഇപ്പോഴുള്ളവർക്ക് ഒന്നും അറിയാത്ത സാഹചര്യമാണ്. ഹോസ്റ്റലിൽ നിന്നെല്ലാം പഠിച്ച് വരുന്ന കുട്ടികൾ പുസ്തകം മാത്രം പഠിച്ച്, ആദിവാസി ഭാഷ പറയാതെ, മലയാളം മാത്രം പറഞ്ഞ്, സമുദായ പരിപാടികളിൽ പങ്കെടുക്കാതെയെല്ലാം മാറിനിൽക്കുന്നത് ഞാൻ കാണാറുണ്ട്. ഒരു പുച്ഛം പോലെയാണ്. ചെറിയ പ്രായത്തിലെ കള്ളു കുടിച്ച് നടക്കും. പിന്നെ ആചാരം പറഞ്ഞു കൊടുത്താലും പഠിക്കില്ല, കണ്ടും പഠിക്കില്ല.

ഇപ്പോ സഹോദര ബന്ധം, സുഹൃത്ത്ബന്ധം, സ്​നേഹം, സംസ്കാരം എല്ലാം നിലനിൽക്കുന്നത് പാർട്ടി നോക്കിയാണ്. ഏത് പാർട്ടിയുടെ ആളാണെന്ന് നോക്കിയാണ് സഹകരിക്കുന്നതും, സഹായിക്കുന്നതും ആ ഒരു രീതിയിലേക്ക് നമ്മളെ ആളുകളെ മാറ്റിയതിൽ രാഷ്ട്രീയ പാർട്ടികളുടെ കടന്നുകയറ്റത്തിന് പങ്കുണ്ട്.

പണ്ട് ഞങ്ങൾക്കിടയിൽ പരസ്പര വിശ്വാസം, സ്നേഹം, പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും ഉണ്ടായിരുന്നു. ഇതെല്ലാം നമ്മളെ ഉത്തരവാദിത്വം എന്ന നിലയിൽ ചെയ്തുകൊടുക്കുമായിരുന്നു. വിഭവങ്ങൾ പങ്കുവെയ്ക്കുമായിരുന്നു. നമ്മളെ ആചാര പരിപാടി പോലും നടന്നിരുന്നത് എല്ലാവരും വിഹിതം കൊടുത്തിട്ടാണ്. എന്തുകാര്യമുണ്ടെങ്കിലും പരസ്പരം തുറന്നുസംസാരിക്കും. എങ്ങോട്ടെങ്കിലും പോകുന്നുണ്ടെങ്കിൽ എല്ലാവരും കൂട്ടത്തോടെ പോകും, തമാശ പറഞ്ഞ്, ചിരിച്ച്, സന്തോഷത്തോടെയാണ് പോകുന്നത്. ആ സമയത്ത് രാഷ്ട്രീയ പാർട്ടി നമ്മളെ ആളുകൾക്കിടയിൽ അങ്ങനെ കടന്നു വന്നിട്ടില്ല. ഇപ്പോ സഹോദര ബന്ധം, സുഹൃത്ത്ബന്ധം, സ്​നേഹം, സംസ്കാരം എല്ലാം നിലനിൽക്കുന്നത് പാർട്ടി നോക്കിയാണ്. ഏത് പാർട്ടിയുടെ ആളാണെന്ന് നോക്കിയാണ് സഹകരിക്കുന്നതും, സഹായിക്കുന്നതും ആ ഒരു രീതിയിലേക്ക് നമ്മളെ ആളുകളെ മാറ്റിയതിൽ രാഷ്ട്രീയ പാർട്ടികളുടെ കടന്നു കയറ്റത്തിന് പങ്കുണ്ട്. ഇത് ആദിവാസികളുടെ ആചാരം, വിശ്വാസം, ഭാഷ, ജീവിത രീതി തുടങ്ങിയ പാരമ്പര്യ പൈതൃകത്തെയെല്ലാം ബാധിച്ചിട്ടുണ്ട്. ആദിവാസികളുടെ സമ്പന്നമായ പൈതൃകം മറഞ്ഞു പോവുകയാണ്. ആദിവാസികൾ തങ്ങളുടെ സംസ്കാരത്തിലും, പാരമ്പര്യത്തിലും, ചരിത്രത്തിലും ആശയാഭിലാഷങ്ങളിലും അന്തസ്സും, വൈവിധ്യവും പുലർത്തേണ്ടതുണ്ട്. ആദിവാസി വിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ പഠിപ്പിക്കുന്നതിന് ആദിവാസികൾക്ക്‌ പരിശീലന കേന്ദ്രം തുടങ്ങേണ്ടതുണ്ട്. അവിടെ നമ്മുടെ കുട്ടികൾക്ക് ആചാരാനുഷ്ഠാനങ്ങൾ അറിയുന്ന മൂപ്പന്മാർ പരിശീലനം നൽകണം. ‘ആദിവാസി മേള' സംഘടിപ്പിച്ചാലൊന്നും ആദിവാസികൾക്ക് പ്രയോജനപ്പെടില്ല. ഫണ്ട് അടിച്ചു മാറ്റാനുള്ള പദ്ധതിക്കപ്പുറത്തേക്ക് ഒരാദിവാസിക്കും ആ മേള ഉപകാരപ്പെടില്ല. ഇത്തരം മേളകൾ സർക്കാറും, സർക്കാരിതര സംഘടനകളും സംഘടിപ്പിക്കുമ്പോൾ ആദിവാസി സംസ്കാരമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ അതിന് ഇത്തരം മേളകൾ അല്ല നടത്തേണ്ടത്. പകരം ഒരു ട്രെയിനിംഗ് സെന്റർ തുടങ്ങി ആ സെന്ററിലേക്ക് എല്ലാ ഗോത്രത്തിലെയും മൂപ്പന്മാരെ വിളിച്ചു വരുത്തി ആദിവാസി കുട്ടികൾക്ക്‌ ട്രെയിനിംഗ് കൊടുത്താൽ ഉപകാരപ്പെടും.

ആദിവാസികൾക്ക് തങ്ങളുടെ ചരിത്രം, ഭാഷ, ആചാരാനുഷ്ഠാനങ്ങൾ, വാമൊഴി വഴക്കങ്ങൾ, സാഹിത്യം, കല എന്നിവയെ നിലനിർത്താനും, വികസിപ്പിക്കാനും, ഭാവിതലമുറകളിലേക്ക് പകരാനും, തങ്ങളുടെ സമൂഹങ്ങളുടെയും, സ്ഥലങ്ങളുടെയും, വ്യക്തികളുടെയും തനതുനാമങ്ങൾ നിലനിർത്താനും, നാമകരണം നൽകാനുള്ള അവകാശമുണ്ട്. ഇത് സംരക്ഷിക്കുന്നതിന് ഭരണകൂടങ്ങൾ ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ കേരളത്തിൽ ഒരു ട്രൈബൽ യൂണിവേഴ്‌സിറ്റി തന്നെ ഉണ്ടാവണം. ഓരോ ആദിവാസി വിഭാഗത്തിന്റെയും ഭാഷ, ആചാരനുഷ്ഠാനങ്ങൾ എല്ലാം പഠനവിഷയമായി വരേണ്ടതുണ്ട്.

Photo : Javid Ihsan

അടിയർ, പണിയർ, കാട്ടുനായ്ക്കർ, ഇരുളർ, കാടർ, കുറിച്യർ, മുള്ളകുറുമർ, മലയരയർ, മലപ്പണ്ടാരം, മലവേടർ, ഈരാളി, ഉള്ളാടർ, ചോലനായ്ക്കർ തുടങ്ങി മുപ്പത്തിയാറിൽപ്പരം ഗോത്രങ്ങളുടെ എല്ലാം ഭാഷകൾ വ്യത്യസ്തമാണ്. ‘എവിടെ പോകുന്നു?' എന്ന് പണിയ സമുദായക്കാർ ചോദിക്കുന്നത് ‘ഏടക്കു പോഞ്ചേ' എന്നാണ്, അടിയർ ‘എവുടെയ്ക്കു പോന്റെ?’ എന്നും തേൻ കുറുമർ (കാട്ടുനായ്ക്കർ) ‘എല്ലി ഓഗദ്’ എന്നും വെട്ടക്കുറുമർ (ചോലനായ്ക്കർ) ‘എൽ പോസട്ട്’ എന്നും കുറിച്യർ ‘ഓട പോന്ന്?' എന്നും മുള്ളക്കുറുമർ ‘ഓടയ്ക്ക് പോന്ന്?' എന്നുമാണ് ചോദിക്കുക.

ഏതെങ്കിലും ഒരു ഗോത്രത്തിന്റെ മാത്രം മീറ്റിംഗിലാണ് പങ്കെടുക്കുന്നതെങ്കിൽ ആ ഗോത്രത്തിന്റെ ഭാഷയിലാണ് ഞാൻ സംസാരിക്കുക. ഭാഷ ഗോത്രങ്ങൾക്കിടയിൽ നിലനിൽക്കണം. വംശീയമായ അസ്തിത്വമാണത്.

ഇങ്ങനെ ഓരോ ഗോത്രത്തിന്റെയും ഭാഷയും ആചാരവും എല്ലാം വ്യത്യസ്തമാണ്. ഓരോ ഗോത്രത്തിന്റെയും ഭാഷ നിലനിർത്താൻ സമുദായപരമായിട്ടും നമ്മളൊന്നും ചെയ്യാറില്ല. പണ്ടെല്ലാം കുട്ടികൾ മുതൽ മുതിർന്നവർ വരെ അവരവരുടെ ഗോത്രഭാഷ തന്നെയാണ് സംസാരിച്ചിരുന്നത്. ഇന്ന് എല്ലാവരും വിദ്യാഭ്യാസം നേടാൻ തുടങ്ങിയപ്പോൾ ഗോത്രഭാഷ സംസാരിക്കുന്നത് കുറവായി. നമ്മളുടെ ഭാഷ അല്ലാത്ത മലയാളമാണ് കൂടുതലും സംസാരിക്കുന്നത്. ഹോസ്റ്റലിൽ നിന്ന്​ പഠിച്ച് വീട്ടിൽ വരുന്ന കുട്ടികൾ പലരും ആദിവാസികളുടെ മാതൃഭാഷ ഉപയോഗിക്കാറേയില്ല. പിന്നെയും കുറച്ചൊക്കെ വീട്ടിൽ നിന്നും പഠിക്കാൻ പോകുന്ന കുട്ടികളാണ് ഗോത്രഭാഷ സംസാരിക്കുന്നത്. ഇപ്പോഴധികവും പ്രായമുള്ളവർ മാത്രമാണ് പാരമ്പര്യ ഭാഷ സംസാരിക്കുന്നത്. പുതുതലമുറ ഉന്നത വിദ്യാഭ്യാസം നേടി കഴിയുമ്പോൾ സ്വന്തം സംസ്കാരം പിൻതുടരാതെ ഇരിക്കുകയാണ്.

ഞാൻ മീറ്റിംഗ് കൂടുമ്പോൾ മലയാളമാണ് സംസാരിക്കുന്നത്. കാരണം പല ഗോത്രത്തിൽ പെട്ടവരാണ് മീറ്റിംഗിന് വരുന്നത്. എല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടിയാണ് മലയാളത്തിൽ സംസാരിക്കുന്നത്. പക്ഷേ ഏതെങ്കിലും ഒരു ഗോത്രത്തിന്റെ മാത്രം മീറ്റിംഗിലാണ് പങ്കെടുക്കുന്നതെങ്കിൽ ആ ഗോത്രത്തിന്റെ ഭാഷയിലാണ് ഞാൻ സംസാരിക്കുക. ഭാഷ ഗോത്രങ്ങൾക്കിടയിൽ നിലനിൽക്കണം. വംശീയമായ അസ്തിത്വമാണത്. ഭാഷ നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ച് സെമിനാറും, ട്രെയിനിംഗും വേണം. എന്നാലേ ഇത് നിലനിർത്തി കൊണ്ടുപോകാൻ കഴിയൂ. വിദ്യാഭ്യാസം കൂടുതലാകുമ്പോൾ പലർക്കും ആദിവാസി എന്ന് പറയാൻ പോലും നാണക്കേടാണ്. അവൻ അല്ലെങ്കിൽ അവൾ ആദിവാസിയെന്ന പേരിലുള്ള ആനുകൂല്യത്തിൽ വിദ്യാഭ്യാസവും, ജോലിയുമായി കഴിയുമ്പോൾ ആദിവാസിയെന്ന പേരിനോട് അവഗണനയും, സ്വന്തം വിഭാഗത്തെ തിരിഞ്ഞു നോക്കാത്ത അവസ്ഥയുമാണ്. ആദിവാസി സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ടാണ് സ്വന്തമായി വീടുപണിയാൻ പോലും ആനുകൂല്യം കിട്ടുന്നത്. ആദിവാസിയെന്ന് പറയാൻ മടിയും എന്നാൽ ആ പേരിൽ കിട്ടുന്നതെല്ലാം വാങ്ങിയെടുക്കുകയും ചെയ്യുന്നു. ഇത് എന്തൊരു വിരോധാഭാസമാണ്.

ആദിവാസികൾക്ക് തങ്ങളുടെ ഭൂമി, തനത് സംസ്ക്കാരം, ജീവിതരീതി, ഭരണഘടനാപരമായ അവകാശങ്ങൾ, വിദ്യാഭ്യാസ വ്യവസ്ഥ എന്നിവയെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുകയാണ് / Photo : keralaculture.org

പണ്ടത്തെ പോലെയല്ല, ഇന്ന് എല്ലാവരും പരമാവധി വിദ്യാഭ്യാസം കിട്ടിയവരാണ്. വിദ്യാഭ്യാസം ഇല്ലാത്തവരേക്കാൾ ആദിവാസികളുടെ ഭാഷ, വേഷം, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങി നമ്മുടെ സംസ്കാരം നിലനിർത്തേണ്ടത് ഇവരാണ്. മറ്റുള്ളവരിൽ നിന്ന്​ വ്യത്യസ്​തമായ നമ്മുടെ ഗോത്ര തനിമയെ ഇഷ്ടപ്പെടുകയും അതിൽ അഭിമാനിക്കുകയും വേണം. അങ്ങനെയുള്ളവർ അഭിമാനത്തോടെ തന്നെ പറയും, ഞാൻ ആദിവാസിയാണെന്ന്. നമ്മൾ ഏതൊരു നല്ല സ്ഥാനത്ത് എത്തിയാലും അതിന്റെ അംഗീകാരം ‘ആദിവാസി' എന്ന പേരിനാണെന്ന് മറക്കരുത്. അമൂല്യമായ സംസ്കാരത്തിന്റെ ഉടമകളാണ് ആദിവാസികൾ. അത് നിലനിർത്തേണ്ടതും, അതിനെ സംരക്ഷിക്കേണ്ടതും ഓരോ ഗോത്രവിഭാഗത്തിന്റെയും ഉത്തരവാദിത്തമാണ്.

കൊറഗ, കാട്ടുനായ്ക്കർ, ചോലനായ്ക്കർ, കാടർ വിഭാഗത്തിലുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ആദിവാസി വംശഹത്യയിലേക്ക് വഴിതുറന്ന കുടുംബാസൂത്രണ വന്ധ്യംകരണ ശസ്ത്രക്രിയകളുടെ തുടക്കം മുതൽ ഇന്നുവരെ അതിന്റെ ഏറ്റവും വലിയ ഇര ആദിവാസികളായിരുന്നു. പല ജില്ലകളിലും ക്വോട്ട തികക്കാൻ ഇരയാക്കിയത് ആദിവാസികളെയാണ്. ആരോഗ്യവകുപ്പ് വന്ധ്യംകരണത്തിന് നിശ്ചയിച്ച ക്വോട്ട പൂർത്തിയാക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാരും, ഫീൽഡ് വർക്കർമാരും എത്തുന്നത് ആദിവാസി കോളനികളിലായിരുന്നു. ആദിവാസികൾക്ക് തങ്ങളുടെ ഭൂമി, തനത് സംസ്ക്കാരം, ജീവിതരീതി, ഭരണഘടനാപരമായ അവകാശങ്ങൾ, വിദ്യാഭ്യാസ വ്യവസ്ഥ എന്നിവയെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ആദിവാസി ഭൂമി പിടിച്ചെടുക്കൽ, പരിസ്ഥിതി വ്യവസ്ഥയുടെ നാശം, വംശഹത്യകൾ, ആദിവാസി സമൂഹങ്ങളെ വിഘടിപ്പിക്കൽ, മതപരിവർത്തനം, വിവേചനം, അധികാരമില്ലായ്മ എന്നിവയെല്ലാം ഇതിനു കാരണങ്ങളാണ്. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments