Photo: Wikipedia

കാട്ടുമൃഗങ്ങളും, ആദിവാസികളും
​ഒന്നിച്ചു ജീവിക്കുന്നതാണ്​ കാട്​;
കുടിയിറക്കല്ല പരിഹാരം

എല്ലായിടത്തെ ആദിവാസികളും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ്. ആദിവാസികളുടെ പ്രദേശത്ത് എന്ത് വികസനപ്രവർത്തനം നടത്തിയാലും അവരെ നിലനിർത്തികൊണ്ട്, അവരുടെ അഭിപ്രായം കേട്ട്, അവരുടെ സഹകരണത്തോടെ മാത്രമേ നടത്താവൂ. അല്ലെങ്കിൽ ആ പ്രദേശം നശിച്ചുപോകും.

അധ്യായം 32

2003-ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) എന്ന യു.എൻ പോഷകസംഘടനയുടെ സർവദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ സൗത്താഫ്രിക്കയിലെ ദർബനിൽ പോയി. കേരളത്തിൽ നിന്ന്​ ഞാൻ മാത്രമായിരുന്നു പങ്കെടുത്തത്. എ.ഐ.പി.പി.യുടെ ഭാഗമായി അതിലെ മെമ്പറായിട്ടാണ് ഞാൻ പോയത്. ഭാഷാ സഹായത്തിന് തിരുവനന്തപുരത്തുള്ള ഫെയ്‌സി എന്നയാളാണ് അവിടെയുണ്ടായിരുന്നത്. ഇന്ത്യയിൽനിന്ന് പരിസ്ഥിതി പ്രവർത്തകരുടെ ഗ്രൂപ്പും ഉണ്ടായിരുന്നു. സമ്മേളനത്തിൽ ലോകരാജ്യങ്ങളിലെ ആളുകളും വന്നിട്ടുണ്ടായിരുന്നു.

ദർബനിലെ ജോഹന്നാൻസ്ബർഗിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് നെൽസൺ മണ്ടേലയായിരുന്നു. അവിടെ വെച്ചാണ്​ അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത്. കറുത്തവർഗക്കാരായ കുറെ ആദിവാസികളുമുണ്ടായിരുന്നു. സൗത്താഫ്രിക്കയിലെ ആദിവാസികൾക്ക്​ കേരളത്തിലെ പണിയ സമുദായത്തിലെ ആളുകളുമായി രൂപസാമ്യമുള്ളതായി തോന്നിയിട്ടുണ്ട്.

നെൽസൺ മണ്ടേല / Photo: The United Nations

ഫിലീപ്പിൻസിലെ ആദിവാസികൾ വെളുത്തവരാണ്. മഹാത്മാഗാന്ധിയുടെ കൊച്ചുമകൾ ഇള ഗാന്ധിയെ പരിചയപ്പെടുകയും അവരുടെ വീട്ടിൽ പോയി ചായ കുടിക്കുകയും ചെയ്തു. അന്നു നടന്ന കോൺഫറൻസിന്റെ പ്രധാനപ്പെട്ട ഒരു പ്രമേയം ‘നാഷണൽ പാർക്കുകൾ, സൂവോളജിക്കൽ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയിൽ പ്രകൃതിക്കൊപ്പം മനുഷ്യന് സഹവർത്തിത്വം സാധ്യമോ? (Can humans and nature coexist?) എന്നതായിരുന്നു. സഹവർത്തിത്വത്തിന്റെ ആശയം തന്നെയാണ് എന്റെ അവിടുത്തെ പ്രബന്ധം അഡ്രസ്സ് ചെയ്തിരുന്നത്. ‘സൗത്ത്​ ഇന്ത്യൻ ട്രൈബൽ എക്​സ്​പീരിയൻസ്​ ഇൻ നാഗർഹോൾ ആൻറ്​ മുത്തങ്ങ’ എന്ന പേപ്പറായിരുന്നു ഞാൻ അവതരിപ്പിച്ചത്. അതിൽ മുത്തങ്ങ സമരത്തിന്റെ അനുഭവവും ആദിവാസികൾ തിങ്ങിപ്പാർക്കുന്ന നാഗർഹോള വന്യമൃഗ സങ്കേതത്തിൽ നിന്ന് അവരെ കുടിയിറക്കുന്നതിനെതിരെ നടന്ന അവകാശ സമരത്തിന്റെ അനുഭവ പശ്ചാത്തലവും ഉണ്ടായിരുന്നു. ആദിവാസി ഗോത്ര മഹാസഭയുടെ ഗ്രൂപ്പായിരുന്നു പേപ്പർ തയ്യാറാക്കിയത്.

ആദിവാസികളുടെ കൈകളിൽ പ്രകൃതി സുരക്ഷിതമായിരിക്കും. ആദിവാസികൾ ജീവിക്കുന്ന പ്രദേശത്ത് മാത്രമേ ജലം, വനം, മണ്ണ്, മരങ്ങൾ ഇവയെല്ലാം നല്ല രീതിയിൽ നിലനിൽക്കുകയുള്ളൂ.

ടൂറിസത്തിന്റെയും വന്യജീവി സങ്കേതത്തിന്റെയും നാഷണൽ പാർക്കുകളുടെയും അണക്കെട്ടുകളുടെയും പേരിൽ ആദിവാസികളെ വ്യാപകമായി വനത്തിൽ നിന്ന്​കുടിയിറക്കുന്നതും, ആദിവാസികളുടെ പ്രദേശത്ത് വൻതോതിൽ ഖനനം നടത്തുന്നതും ചർച്ചാവിഷയമായിരുന്നു. നോർത്തിന്ത്യയിലൊക്കെ ആദിവാസികളുടെ പ്രദേശത്ത് വൻതോതിൽ ഖനനം നടക്കുന്നുണ്ടായിരുന്നു. ഇത്തരം പ്രവൃത്തികൾ പ്രദേശവാസികളുടെ അനുമതിയില്ലാതെ നടത്തരുത്, അഥവാ നടന്നാൽ മുടക്കുമുതൽ കഴിഞ്ഞുള്ള തുക ആദിവാസികൾക്ക് നൽകണം എന്നായിരുന്നു വ്യവസ്​ഥ. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടിരുന്നില്ല. ആദിവാസികൾ എങ്ങനെ എതിർത്താലും എല്ലായിടത്തും അവരുടെ ഭൂമി മറ്റുള്ളവർ തട്ടിയെടുക്കും.

ടൂറിസത്തിന്റെയും വന്യജീവി സങ്കേതത്തിന്റെയും നാഷണൽ പാർക്കുകളുടെയും അണക്കെട്ടുകളുടെയും പേരിൽ ആദിവാസികളെ വ്യാപകമായി വനത്തിൽ നിന്ന്​കുടിയിറക്കുന്നതും, ആദിവാസികളുടെ പ്രദേശത്ത് വൻതോതിൽ ഖനനം നടത്തുന്നതും ചർച്ചാവിഷയമായിരുന്നു.

ആദിവാസികളുടെ കൈകളിൽ പ്രകൃതി സുരക്ഷിതമായിരിക്കും. ആദിവാസികൾ ജീവിക്കുന്ന പ്രദേശത്ത് മാത്രമേ ജലം, വനം, മണ്ണ്, മരങ്ങൾ ഇവയെല്ലാം നല്ല രീതിയിൽ നിലനിൽക്കുകയുള്ളൂ. ആദിവാസികളെ കുടിയിറക്കുന്നതോടെ ഇവയെല്ലാം നഷ്ടമാവുന്നു. എല്ലായിടത്തെ ആദിവാസികളും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ്. ആദിവാസികളുടെ പ്രദേശത്ത് എന്ത് വികസനപ്രവർത്തനങ്ങൾ നടത്തിയാലും അവരെ നിലനിർത്തികൊണ്ട്, അവരുടെ അഭിപ്രായം കേട്ട്, അവരുടെ സഹകരണത്തോടെ മാത്രമേ നടത്താവൂ. അല്ലെങ്കിൽ ആ പ്രദേശം നശിച്ചുപോകും. പ്രകൃതിയിൽ നിന്ന്​ ആദിവാസികളെ അടർത്തി മാറ്റിയ ഇടങ്ങളിലെല്ലാം പ്രകൃതി നശിച്ചുപോവുകയാണ് ചെയ്തിട്ടുള്ളത്. ആദിവാസികളെ നിലനിർത്തികൊണ്ടുള്ള പദ്ധതിയും നിയമവുമാണ് നടത്തേണ്ടത്.

അഗസ്​ത്യവനം ബയോളജിക്കൽ പാർക്കിന്റെ പേരിൽ കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടെന്നു പറഞ്ഞ്​ ആദിവാസികളെ കുടിയിറക്കാൻ സർക്കാർ ശ്രമിച്ചു. കാട്ടുമൃഗങ്ങളും, കാണിക്കാരും കാലാകാലങ്ങളായി ഒന്നിച്ചുജീവിക്കുന്നവരാണ്. ഞങ്ങൾക്കില്ലാത്ത പ്രശ്‌നം നാട്ടുകാർക്ക് എന്തിനാണെന്നാണ് അവിടുത്തെ ആദിവാസികൾ ചോദിച്ചിരുന്നത്.

തിരുവനന്തപുരം ജില്ലയിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്കിന്റെ പേരിൽ പാരമ്പര്യമായി അവിടെ താമസിച്ചു വരുന്ന കാണി സമുദായത്തിൽപെട്ട ആദിവാസികളെ കുടിയിറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇവരുടെ പ്രശ്‌നത്തിൽ ഇടപെടുന്നതിന്​ ഞാനും തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ കോട്ടൂർ വനജയും അമ്പൂരി ശശിയും അഗസ്ത്യവനത്തിൽ പോയി. വനത്തിന്റെ ഉൾഭാഗത്താണ് ഇവർ താമസിച്ചിരുന്നത്. ഞങ്ങൾ നടന്നാണ് പോയത്. ഓടക്കാടെല്ലാം നിറഞ്ഞ ഇടമാണ്. ഒരു വളവുതിരിഞ്ഞപ്പോൾ കാട്ടാനയുടെ മുന്നിൽപെട്ടു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഞാൻ ഇവിടുത്തെ ആളുകളുമായി കാര്യങ്ങൾ സംസാരിച്ചറിഞ്ഞു. ഇവരെ കുടിയിരുത്താൻ വനത്തിനുപുറത്ത് വേറെ ഭൂമി സർക്കാർ കണ്ടെത്തിയിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടെന്നു പറഞ്ഞാണ് അവരെ കുടിയിറക്കാൻ സർക്കാർ ശ്രമിച്ചത്. കാട്ടുമൃഗങ്ങളും, കാണിക്കാരും കാലാകാലങ്ങളായി ഒന്നിച്ചുജീവിക്കുന്നവരാണ്. ഞങ്ങൾക്കില്ലാത്ത പ്രശ്‌നം നാട്ടുകാർക്ക് എന്തിനാണെന്നാണ് അവിടുത്തെ ആദിവാസികൾ ചോദിച്ചിരുന്നത്. കവുങ്ങ്, കാപ്പി, തെങ്ങ് തോട്ടങ്ങളിലാണ് ഇവർ താമസിച്ചിരുന്നത്​. കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്​ ഒരു വിദ്യാലയം ഉണ്ടായിരുന്നു.

ഞാൻ അവരെയും കൂട്ടി സെക്രട്ടറിയേറ്റിനുമുന്നിൽ ഒരു ദിവസത്തെ ധർണ നടത്തി. അഗസ്ത്യവനത്തിൽ നിന്ന്​ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക. ആദിവാസി മേഖലകളിൽ വൻകിട ഡാമുകളും ടൂറിസം പദ്ധതികളും നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, 1975-ലെ ഭൂനിയമം നടപ്പിലാക്കുക, കൈവശഭൂമിക്ക് പട്ടയം നൽകുക, ഭൂമിയില്ലാത്ത മുഴുവൻ കുടുംബത്തിനും അഞ്ചേക്കർ വീതം ഭൂമി നൽകുക, ആദിവാസികൾക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, 1989-ലെ പ്രിവൻഷൻ ഓഫ് ​അട്രോസിറ്റീസ്​ ആക്ട് കർശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും, പട്ടികജാതി- പട്ടികവർഗ മന്ത്രിക്കും നിവേദനം നൽകി.

ആനപ്പാന്തം കോളനിയിൽ, അവശതയിലാവുന്ന രോഗികൾക്ക് മരണം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. വാഹന സൗകര്യമില്ല. പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും സാധ്യതയില്ലായിരുന്നു. വിരലിലെണ്ണാവുന്നവർക്കു മാത്രമാണ് വിദ്യാഭ്യാസമുണ്ടായിരുന്നത്.

തൃശ്ശൂർ ജില്ലയിലെ വെള്ളിക്കുളങ്ങരയിൽ നിന്ന്​ 16 കിലോമീറ്റർ ഉൾക്കാട്ടിലുള്ള ആനപ്പാന്തം കോളനിയിൽ 2005-ൽ ഏപ്രിൽ 29ന് ഉരുൾപൊട്ടി. ഇവരെ കണ്ട് സംസാരിക്കുന്നതിന്​ ഞാനും ഇടുക്കി ജില്ലയിലെ ലീലയും തൃശ്ശൂരിലെ മാമൻ മാഷും പോയി. പാരമ്പര്യമായി വനത്തിൽ താമസിക്കുന്ന കാടർ സമുദായത്തിൽപെട്ട ആദിവാസികളാണിവർ. ഇവർക്കുള്ള റേഷൻകട 12 കിലോമീറ്റർ അകലെ വെള്ളിക്കുളങ്ങരയിലായിരുന്നു. തിരിച്ചുവരുമ്പോൾ ഇരുട്ടാവുന്നതുകൊണ്ട് വല്ലപ്പോഴും അഞ്ചാറാളുകൾ ഒന്നിച്ചാണ് സാധനങ്ങളും അരിയും വാങ്ങാൻ കാട്ടിൽ നിന്ന്​ പുറത്തേക്ക് പോയിരുന്നത്. അവശതയിലാവുന്ന രോഗികൾക്ക് മരണം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. വാഹന സൗകര്യമില്ല. പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും സാധ്യതയില്ലായിരുന്നു. വിരലിലെണ്ണാവുന്നവർക്കു മാത്രമാണ് വിദ്യാഭ്യാസമുണ്ടായിരുന്നത്.

ഇവർ താമസിക്കുന്നതു തന്നെ ഉൾക്കാട്ടിലാണ്. അവിടെ നിന്ന്​ അതിലും ഉൾക്കാട്ടിൽ പോയി മൂന്നുമാസം താമസിച്ച് ഇവർ തേൻ ശേഖരിക്കുന്നത്​. ഇത് പുറത്തുള്ള ഏജൻസികൾക്ക്​ വിൽക്കും. ഇവരുടെ കൈയ്യിൽ നിന്ന്​ ചെറിയ പൈസക്കാണ് ഏജൻസികൾ തേൻ വാങ്ങിയിരുന്നത്. അവരത് വലിയ പൈസക്ക് പുറത്ത് വിൽക്കും.

പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണങ്ങൾ സംഭവിച്ചു, രണ്ടു വീടുകളും പൂർണമായി ഒഴുകിപ്പോയി. ബാക്കി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. 65 കുടുംബങ്ങളെ കാടിനുള്ളിൽ നിന്ന്​ പുറത്തുള്ള ക്യാമ്പിലാക്കി. പട്ടികജാതി- പട്ടികവർഗ മന്ത്രി ഇവിടം സന്ദർശിച്ചിരുന്നു. ഇവർ താമസിക്കുന്ന സ്ഥലത്ത് വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ ആദിവാസി കരാർ അനുസരിച്ച് ഭൂരഹിതരായ ഇവർക്ക് ഒരു കുടുംബത്തിന് അഞ്ചേക്കർ വീതം ഭൂമി നൽകി പുനരധിവസിപ്പിക്കണമെന്നും ഈ സാഹചര്യത്തിൽ, ഒരു കുടുംബത്തിന് ഒരു ഏക്കർ ഭൂമി കൊടുത്തെങ്കിലും പുനരധിവസിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ തൃശ്ശൂർ കലക്ടറോടും ആവശ്യം ഉന്നയിച്ചു.

ഇതേതുടർന്ന് ആനപ്പാന്തം കോളനി നിവാസികൾക്ക് വെള്ളിക്കുളങ്ങരയിൽ ഒരേക്കർ വീതം കശുമാവിൻ തോട്ടം കൊടുക്കാൻ തയ്യാറായി. ആളുകൾ അവിടെപോയി താമസിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാരിൽ ചിലർ പറഞ്ഞു, വണ്ടിയിടിച്ച് മരിക്കുന്നവരെയും, ആത്മഹത്യ ചെയ്യുന്നവരെയും കുഴിച്ചിടുന്ന സ്ഥലമാണിത്, ഇവിടെ താമസിച്ചാൽ നിങ്ങൾക്ക് കാട്ടുവിഭവങ്ങളൊന്നും എടുക്കാൻ പറ്റില്ല എന്ന്​. ആദിവാസികളെ കൊണ്ട് വരുമാനമുണ്ടാക്കുന്നവരാണ് ഇങ്ങനെ പറഞ്ഞു പരത്തിയത്. അതോടെ കോളനിക്കാർ ആ ഭൂമി വേണ്ടെന്ന് പറഞ്ഞ് കാട്ടിലേക്ക് തന്നെ പോകാൻ തീരുമാനിച്ചു. പിന്നീട് വെള്ളിക്കുളങ്ങരയിൽ നിന്ന്​ മൂന്നു കിലോമീറ്റർ ഉള്ളിൽ, അധികം ഉൾക്കാട്ടിലേക്ക് വിടാതെ തേക്കിൻകാട് മുറിച്ച സ്ഥലത്ത് ഒരേക്കർ വീതം ഭൂമി ഇവർക്ക്പതിച്ചു നൽകി. ▮​

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments