അധ്യായം 34
2006-ലാണ് പാർലമെൻറ് വനാവകാശ നിയമം (The Scheduled Tribeand Other Forest Dwellers -Recognition of Forest Right- Act, 2006) അംഗീകരിച്ചത്. ഇത് ആദിവാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നേട്ടമായിരുന്നു. കേരളത്തിൽ നിരന്തരം നടന്ന ആദിവാസി ഭൂസമരങ്ങൾ വനാവകാശ നിയമത്തിന് പ്രചോദനമായിട്ടുണ്ട്.
വനവാസികളായ പട്ടികവർഗക്കാരുടെയും, മറ്റു പരമ്പരാഗത വനവാസികളുടെയും ഭക്ഷ്യസുരക്ഷയും ഉപജീവനമാർഗവും ഉറപ്പാക്കുന്നതോടൊപ്പം അവരുടെ ജീവിതാവശ്യങ്ങൾക്കായി വനഭൂമി ഉപയോഗപ്പെടുത്താനും, ജൈവവൈവിധ്യം പരിപാലിക്കാനും, ആവാസ വ്യവസ്ഥയുടെ സന്തുലനം നിലനിർത്താനും അതുവഴി വനഭൂമിയുടെ സംരക്ഷണാവകാശം ഊട്ടിയുറപ്പിക്കാനും അതിജീവനത്തിനായി ഉപയോഗിക്കാനുമുള്ള അധികാരവും ഉത്തരവാദിത്തങ്ങളും വനാവകാശ നിയമത്തിൽ ഉൾക്കൊള്ളുന്നു.
വനാവകാശ നിയമത്തിന്റെ കരടുരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദിൽ നടന്ന മൂന്നുദിവസത്തെ ചർച്ചയിൽ ഞാൻ പങ്കെടുത്തിരുന്നു. പെൻഷൻ പറ്റിയ ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി.ഡി. ശർമയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. എല്ലാ സംസ്ഥാനങ്ങളിലെയും ആദിവാസി നേതാക്കന്മാരുണ്ടായിരുന്നു.
ആദിവാസികൾക്ക് വനത്തിലുള്ള അവകാശത്തെക്കുറിച്ചും കുടിയിറക്കാതെ അവരെ ഉൾവനത്തിൽ നിലനിർത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ഒരു കുടുംബത്തിന് അഞ്ച് ഏക്കർ വെച്ച് ഭൂമി കൊടുക്കുക, വനം, നീരുറവ, തോട്, മണ്ണ് എന്നിവയുടെ സംരക്ഷണം, ജീവജാലങ്ങളുടെ നിലനിൽപ്പ് തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. വനം സംരക്ഷിക്കുന്നവരാണ് ആദിവാസികൾ. പ്രകൃതിയെ സംരക്ഷിക്കുന്നതും നിലനിർത്തുന്നതും പാരമ്പര്യമായി വനത്തിൽ താമസിക്കുന്ന ആദിവാസികളാണ്. വനത്തിലുള്ള ഒന്നിനെയും നശിപ്പിച്ചുകൊണ്ടല്ല, അവയെ നിലനിർത്തിക്കൊണ്ടാണ് ആദിവാസികൾ ജീവിക്കുന്നത്.
വനവിഭങ്ങൾ ശേഖരിക്കുവാനുള്ള അവകാശം പ്രദേശത്തെ ആദിവാസികൾക്കാണ്. പക്ഷെ അതൊന്നും പ്രാബല്യത്തിൽ വന്നില്ല. ഉൾവനത്തിലുള്ളവരെ ഒരിക്കലും കുടിയിറക്കാൻ പാടില്ല എന്ന വ്യവസ്ഥ ലംഘിച്ച് കുടിയിറക്കുന്നു.
പല സംസ്ഥാനങ്ങളിലും തുടർ ചർച്ചകൾ നടന്നു. മഹാരാഷ്ട്രയിൽ നടന്ന ചർച്ചയിലും ഞാൻ പങ്കെടുത്തു. അതിനുശേഷമാണ് പാർലമെന്റിൽ വനാവകാശത്തിന്റെ കരടുരേഖ സമർപ്പിച്ചത്. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം ബാധകമാണ്. പരമ്പരാഗതമായി ഗ്രാമത്തിൽ നിന്നും ഗ്രാമാതിർത്തിയിൽ നിന്നും ശേഖരിച്ചുവരുന്ന ചെറുകിട വനവിഭങ്ങളായ മുള, ചൂരൽ, കൊക്കൂണുകൾ, തേൻ, മെഴുക്, കോലരക്ക്, ഔഷധസസ്യങ്ങൾ, വേരുകൾ, കിഴങ്ങുകൾ, മരക്കുറ്റികൾ, വൻമരങ്ങളല്ലാത്ത മരങ്ങൾ എന്നിവ കൈവശം വെക്കാനും ഉപയോഗിക്കാനും അവകാശമുണ്ട്. മത്സ്യം, മറ്റു ജലവിഭങ്ങൾ, പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പുൽമേടുകൾ എന്നിവ ഉപയോഗിക്കാനുള്ള സാമൂഹ്യ അവകാശം ആദിവാസികൾക്കുണ്ട്.
നിയമത്തിൽ പറയുന്ന മറ്റു ചില അവകാശങ്ങൾ:
- ആവാസ സ്ഥാനങ്ങൾക്കും പരിസ്ഥിതിക്കും സാമൂഹ്യ ഉടമസ്ഥതാരീതിയിലുള്ള അവകാശം.
- സംസ്ഥാന സർക്കാരോ, തദ്ദേശ ഭരണ സ്ഥാപനമോ പാട്ടത്തിനോ, ദാനമായോ നൽകിയ വനഭൂമി കൈവശാവകാശ രേഖയാക്കി മാറ്റാനുള്ള അവകാശം. -രേഖപ്പെടുത്തപ്പെട്ടതോ നോട്ടിഫൈ ചെയ്യപ്പെട്ടതോ അല്ലാത്തതോ ആയ വനാനന്തര ഗ്രാമങ്ങൾ, സർവേ ചെയ്യപ്പെടാത്ത വനപ്രദേശങ്ങളിലെ ഊരുകൾ എന്നിവ റവന്യൂ ഗ്രാമങ്ങളാക്കി മാറ്റാനുള്ള അവകാശം.
- ഇത്തരം റവന്യൂ ഗ്രാമങ്ങളിൽ കുടിൽ വെക്കാനുള്ള അവകാശം.
- നിലനിൽപ്പിന് പരമ്പരാഗതമായി സംരക്ഷിച്ചുവരുന്ന ഏതു സാമൂഹ്യവനവിഭവ സ്രോതസ്സും പരിരക്ഷിക്കാനോ, പുനരുത്പാദിപ്പിക്കാനോ ഉള്ള അവകാശം.
പട്ടികവർഗക്കാർക്ക് പരമ്പരാഗതമോ വ്യക്തിപരമോ സാമൂഹികമോ ആയി, വനാവകാശങ്ങളുടെ സ്വഭാവവും പരിധിയും നിശ്ചയിക്കുന്നതിനുള്ള അധികാരം ഗ്രാമസഭക്ക്, അതായത്, ഊരുകൂട്ടത്തിനായിരിക്കും. ഈ നിയമം സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കുന്നു. 2006-ൽ വനാവകാശ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും കൃത്യമായി നടപ്പാക്കിയിട്ടില്ല. 10 ഏക്കർ വരെ ഭൂമി കൊടുക്കേണ്ടിടത്ത് 10, 15 സെൻറ് ഭൂമി കൊടുത്ത്, ഭൂമി കൊടുത്തുവെന്ന് ബോധിപ്പിക്കുകയാണ് ചെയ്യുന്നത്.
വനമെന്നാൽ ഫോറസ്റ്റുകാരുടേതുമാത്രമാണെന്നും അതിലേക്ക് ആരും പ്രവേശിക്കരുതെന്നുമുള്ള പഴഞ്ചൻ ധാരണകളിലാണ് ഇപ്പോഴും ചിലർ ജീവിക്കുന്നത്.
വനവിഭങ്ങൾ ശേഖരിക്കുവാനുള്ള അവകാശം പ്രദേശത്തെ ആദിവാസികൾക്കാണ്. പക്ഷെ അതൊന്നും പ്രാബല്യത്തിൽ വന്നില്ല. ഉൾവനത്തിലുള്ളവരെ ഒരിക്കലും കുടിയിറക്കാൻ പാടില്ല എന്ന വ്യവസ്ഥ ലംഘിച്ച് കുടിയിറക്കുന്നു. പുഴയിലെ വിഭവങ്ങളായ നൂഞ്ചി, ഞണ്ട്, മീൻ, ഇലക്കറികൾ, കിഴങ്ങുകൾ എന്നിവ പരമ്പരാഗതമായി ശേഖരിക്കുന്നതിന്റെ പേരിൽ പോലും ഫോറസ്റ്റുകാർ ആദിവാസികളുടെ പേരിൽ കള്ളകേസുണ്ടാക്കുന്നു. നിയമവാഴ്ച നടത്തേണ്ടവർ തന്നെ നിയമലംഘനം നടത്തുന്നു.
ഒരു വശത്ത് വനാവകാശം സംരക്ഷിക്കപ്പെടണമെന്ന് ആദിവാസി വിഭാഗങ്ങൾ ആവശ്യപ്പെടുകയും മറ്റൊരു ഭാഗത്ത് ഭരണാധികാരികൾ വനത്തിൽ നിന്ന് അവരെ കുടിയിറക്കുകയും ചെയ്യുന്നു. നിയമത്തിൽ പറയുന്ന പോലെ, വനാവകാശം അംഗീകരിച്ച് ഇന്നത്തെ കോളനി ജീവിതത്തിൽനിന്ന് ആദിവാസികളെ രക്ഷിക്കുകയാണ് വേണ്ടത്. വനമെന്നാൽ ഫോറസ്റ്റുകാരുടേതുമാത്രമാണെന്നും അതിലേക്ക് ആരും പ്രവേശിക്കരുതെന്നുമുള്ള പഴഞ്ചൻ ധാരണകളിലാണ് ഇപ്പോഴും ചിലർ ജീവിക്കുന്നത്. കാടിന്റെ യഥാർത്ഥ അവകാശം ആദിവാസികൾക്ക് ലഭിച്ചാൽ ഇന്നു കാണുന്നത്ര വനംകൊള്ള പോലുമുണ്ടാവില്ല.
വനം വകുപ്പിന്റെ ‘ജണ്ട' കെട്ടുന്നതിനുമുമ്പ് ആദിവാസികൾ ജീവിച്ചിരുന്ന ഭൂമിയാണിത്. നഷ്ടപ്പെട്ട വനാവകാശം തിരിച്ചുനൽകിയാൽ ആദിവാസികളും വനവും വന്യജീവികളും രക്ഷപ്പെടുകയാണ് ചെയ്യുക. പാരമ്പര്യമായി താമസിച്ച സ്ഥലങ്ങളാണ് ഇതിലൂടെ അവർക്ക് തിരിച്ചു കിട്ടുന്നത്. ആധുനിക ജീവിത സൗകര്യമുണ്ടാക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് പൈതൃകം സംരക്ഷിച്ച്, പരമ്പരാഗത ശൈലി നിലനിർത്തി ജീവിക്കുക എന്നത്. പാരമ്പര്യം അപ്പാടെ വെടിഞ്ഞ് ആധുനിക ജീവിതം നയിക്കാൻ തുടങ്ങിയ സമൂഹങ്ങൾക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്.
പുതിയ നിയമങ്ങൾ വരുമ്പോൾ ആദിവാസികൾക്കിടയിൽ സെമിനാറോ, ബോധവത്കരണമോ നടക്കാറില്ല. മാധ്യമങ്ങളിൽ വാർത്ത വരുമ്പോൾ വായിക്കാനറിയുന്നവർ മാത്രം വായിക്കും. ബാക്കിയുള്ളവർ അതേക്കുറിച്ച് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. നിയമത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കേണ്ടവർ എന്താണ് ചെയ്യുന്നത്?- ഇത് ഫോറസ്റ്റാണ്, ഇവിടെനിന്ന് വിറകെടുക്കരുത്, ഇല പറിക്കരുത്, ഇങ്ങോട്ട് കേറരുത് എന്നെല്ലാം പറഞ്ഞ് പേടിപ്പിക്കും.
വനാവകാശ നിയമം പൂർണമായി നടപ്പിലായാൽ പ്രകൃതിയും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയും നിലനിൽക്കും, അന്തരീക്ഷ മാലിന്യം ലഘൂകരിക്കപ്പെടും, അതോടൊപ്പം ശുദ്ധവായു ലഭിക്കും. ഫലഭൂയിഷ്ഠമായ മണ്ണുണ്ടാവുന്നതിലൂടെ ഭക്ഷ്യവിഭവങ്ങൾ വികസിപ്പിക്കാം. അത് പട്ടിണിക്ക് പരിഹാരമാകും. നല്ല മണ്ണിൽ വിളയുന്ന ഉത്പന്നങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും സാധിക്കും. വനാവകാശം നടപ്പിലാക്കേണ്ടത് ആദിവാസികളുടെ മാത്രമല്ല, ഈ പ്രകൃതിയിലെ മുഴുവൻ മനുഷ്യരുടെയും ആവശ്യമാണ്. വനാവകാശനിയമം നടപ്പിലാക്കിയാൽ പ്രകൃതിയെ ആദിവാസികൾ നശിപ്പിക്കുമെന്ന് പറയുന്നവരെ നമ്മൾ തിരിച്ചറിയണം. വനം കൊള്ളയടിക്കാനും ജീവികളെ വേട്ടയാടാനും അതിലൂടെ ബിസിനസ് സംരംഭങ്ങൾ പടുത്തുയർത്താനുമാണ് വനാവകാശ നിയമത്തെ അവർ എതിർത്തുകൊണ്ടിരിക്കുന്നത്. ▮
(തുടരും)