പൂയംകുട്ടിയിലെ ഡാമിനടുത്തു കുടിലു കെട്ടി താമസിക്കുന്ന ആദിവാസി കുടുംബം / Photo : Basil Paul

ലൈഫ്​ പദ്ധതി എന്ന
​മനുഷ്യാവകാശ ലംഘനം

ഭൂമിയും, വീടും ഇല്ലാത്തവർക്ക് താമസിക്കാൻ ഫ്ലാറ്റ്​ നൽകുന്ന പാർപ്പിട സമുച്ചയ പദ്ധതി ആദിവാസികളെയും ദലിതരെയും ഇതര ഭൂരഹിതരെയും വഞ്ചിക്കുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ആധുനിക ചേരികളുണ്ടാക്കി, ആളുകളെ വംശഹത്യയിലേക്ക് തള്ളിവിടുന്ന സമീപനത്തിൽ നിന്ന്​ ഗവൺമെൻറ്​ പിന്മാറണം.

അധ്യായം 35

ദിവാസി- ദലിത് വിഭാഗങ്ങൾക്കുവേണ്ടി കേരളത്തിൽ രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതിക്കാരും പട്ടികവർഗ്ഗകാരും ചേർന്ന സംയുക്തസമിതി 2008-ൽ ഭൂപരിഷ്‌കരണ പ്രക്ഷോഭജാഥ നടത്തി. ഞാനും പുന്നലശ്രീകുമാറും എം. ഗീതാനന്ദനും നേതൃത്വം നൽകിയ ജാഥ ഒക്ടോബർ 10ന് കാസർഗോഡ് നിന്ന് തുടങ്ങി നവംബർ ഒന്നിന്​ തിരുവനന്തപുരത്താണ് അവസാനിച്ചത്. ഓരോ സ്വീകരണകേന്ദ്രത്തിലും ആയിരക്കണക്കിനുപേരുടെ പങ്കാളിത്തവും സ്വീകരണവുമുണ്ടായിരുന്നു. ഭൂപരിഷ്‌കരണം നടപ്പിലാക്കിയെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നാടാണ് കേരളം. ഞങ്ങളുടെ അച്ഛനപ്പൂപ്പന്മാരെല്ലാം ‘നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്ന് പാടി പഠിപ്പിച്ചു. പാടമെല്ലാം നമുക്കു കിട്ടുമെന്ന് വിചാരിച്ച് ഉറക്കമിളച്ചിരുന്ന് പാട്ടുപാടി, പാടങ്ങളിൽ പൊന്നു വിളയിച്ചു. എന്നിട്ടിപ്പോൾ അച്ഛനപ്പൂപ്പൻമാരെല്ലാം മരിച്ചുതീർന്നു. അനന്തരവകാശികളായ നമുക്ക്​ ഒന്നും കിട്ടിയില്ല. പാടമെല്ലാം മറ്റുള്ളവർക്കും പാട്ടു മാത്രം നമുക്കും കിട്ടി.

പട്ടിക വിഭാഗക്കാർക്കും ഭൂരഹിത തോട്ടം തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും കൊടുക്കാൻ ഭൂമിയില്ല. എന്നാൽ ടാറ്റയും ബിർളയും ഹാരിസൺ മലയാളം പ്ലാന്റേഷനും അംഗീകൃത കൈവശ ഭൂമിയേക്കാൾ കൂടുതൽ അനധികൃത ഭൂമിയാണ്​ കൈവശം വെച്ചിരിക്കുന്നത്.

കേരളത്തിൽ പിറവിയെടുത്ത മുഴുവൻ മനുഷ്യരും മണ്ണിന്റെ അഭയാർത്ഥികളാകാതെ, മണ്ണിന്റെ അവകാശികളും അധികാരികളുമായി ജീവിക്കുന്ന വ്യവസ്ഥയുണ്ടാകണം. മൾട്ടി നാഷണൽ കമ്പനികൾക്ക് കേരളത്തിലെ ഭൂമി തീറെഴുതുമ്പോൾ ജനം അഭയാർത്ഥികളായി മാറുകയാണ്. അതുകൊണ്ടാണ് രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കണമെന്ന് ഞങ്ങൾ പറയുന്നത്. കേരളത്തിലെ പാവപ്പെട്ടവർക്ക് ഭൂമി കൊടുക്കാൻ പറയുമ്പോൾ ഭരണാധികാരികളും രാഷ്ട്രീയ പാർട്ടികളും പറഞ്ഞിരുന്നത്, ഇവിടെ ജനസംഖ്യ വർധിച്ചതിനാൽ ഭൂമിയില്ല എന്നാണ്​. അതുകൊണ്ട് മൂന്നും അഞ്ചും, കൂടിവന്നാൽ പത്തും സെൻറിനപ്പുറത്തേക്ക് കൊടുക്കാൻ കഴിയില്ലത്രേ. ഉൽപ്പന്നങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും ഉപജീവനം നടത്താൻ കഴിയാതെ പട്ടിണി മരണത്തിനും മാറാരോഗങ്ങൾക്കും വിധേയരായി വംശഹത്യ നേരിടുന്ന പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും ഭൂരഹിത തോട്ടം തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും കൊടുക്കാൻ ഭൂമിയില്ല. എന്നാൽ ടാറ്റയും ബിർളയും ഹാരിസൺ മലയാളം പ്ലാന്റേഷനും അംഗീകൃത കൈവശ ഭൂമിയേക്കാൾ കൂടുതൽ അനധികൃത ഭൂമിയാണ്​ കൈവശം വെച്ചിരിക്കുന്നത്. ഇങ്ങനെയുള്ള വെള്ളാനകളുടെ കൈകളിലാണ് കേരളത്തിലെ ഭൂപ്രകൃതിയുടെ ഭൂരിഭാഗവും. അവർക്കുനേരെ മൗനം പാലിക്കുകയാണ് ഭരണാധികാരികൾ.

ടാറ്റയും ബിർളയും ഹാരിസൺ മലയാളം പ്ലാന്റേഷനും അംഗീകൃത കൈവശ ഭൂമിയേക്കാൾ കൂടുതൽ അനധികൃത ഭൂമിയാണ്​ കൈവശം വെച്ചിരിക്കുന്നത്

കേരളത്തിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ടെന്ന് ഭരണാധികാരികൾക്കും രാഷ്ട്രീയപാർട്ടികൾക്കും ജനങ്ങൾക്കും അറിയാം. കൃഷി ചെയ്യാൻ അത് വീതിച്ച് ഭൂരഹിത മനുഷ്യർക്ക്​ കൊടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളം മാറിമാറി ഭരിക്കുന്ന ഇടതു- വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇല്ലാതെപോയി. കേരളത്തിലെ എല്ലാ ഭൂരഹിതർക്കും കൊടുക്കാനുള്ള ഭൂമി കേരളത്തിലുണ്ട്. അത് പിടിച്ചു വെക്കാനുള്ള അധികാരം ഭരണകൂടത്തിനില്ല. കാരണം, ഭൂമി പ്രകൃതിയിൽ പിറവിയെടുത്ത ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. ജീവിക്കാനാവശ്യമായ കൃഷിഭൂമി പൗരരുടെ മൗലികാവകാശമാണ്.

ഭക്ഷ്യപ്രതിസന്ധി നേരിടുന്ന കേരളത്തിൽ വരും നാളുകളിൽ ആരും പട്ടിണി കിടന്ന് മരിക്കുന്ന സാഹചര്യമുണ്ടാകരുത്. അതുകൊണ്ട്, രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കണം. അതിന് സാധ്യമായ സാഹചര്യവും കേരളത്തിലുണ്ട്.

കേരളത്തിലെ പട്ടികജാതി - പട്ടികവർഗക്കാർക്ക് മാത്രമുള്ള സമരമായിരുന്നില്ല, മുഴുവൻ മനുഷ്യരേയും സംരക്ഷിക്കാനുള്ള സമരമായിരുന്നു ഞങ്ങൾ നടത്തിയത്​. ഭക്ഷ്യപ്രതിസന്ധി നേരിടുന്ന കേരളത്തിൽ വരും നാളുകളിൽ ആരും പട്ടിണി കിടന്ന് മരിക്കുന്ന സാഹചര്യമുണ്ടാകരുത്. അതുകൊണ്ട്, രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കണം. അതിന് സാധ്യമായ സാഹചര്യവും കേരളത്തിലുണ്ട്. കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കാർഷിക വിപ്ലവം നടത്തണമെന്നാണ് അന്നത്തെ സർക്കാർ പറഞ്ഞിരുന്നത്. മൈക്കിനുമുന്നിൽ കാർഷിക വിപ്ലവം നടത്തണമെന്ന് പ്രസംഗിച്ചാലോ വ്യവസായങ്ങൾക്ക് ഭൂമി കൊടുത്താലോ കാർഷിക വിപ്ലവം നടക്കില്ല. അദ്ധ്വാനിക്കുന്ന ജനങ്ങളുടെ കൈകളിലേക്ക് ഭൂമി കൊടുക്കണം. ഇത്​ എന്നാണ്​ ഇവർ തിരിച്ചറിയുക.

ഭക്ഷണത്തിനായി സ്വന്തം ഭൂമിയിൽ ഒന്നും ഉണ്ടാക്കാത്ത വ്യക്തിത്വവും സ്വത്വവുമില്ലാത്ത ആശ്രിതരാണ് നമ്മൾ, ആശ്രിതരും അഭയാർത്ഥികളുമാണ്​. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി വന്നില്ലെങ്കിൽ നമുക്ക് കറിയില്ല. ആന്ധ്രയിൽ നിന്ന് അരി വന്നില്ലെങ്കിൽ നമുക്ക് ചോറില്ല. സർക്കാർ തന്നെ ഒരു ഭൂമാഫിയയായി ഭൂമി കൈയ്യിൽവച്ചുകൊണ്ടിരിക്കുകയാണ്​. ഇത്​ ജനങ്ങൾക്ക് കൃഷി ചെയ്യാൻ കൊടുത്താൽ പ്രതിസന്ധി മറികടക്കാം. അദ്ധ്വാനിക്കുന്നവരുടെ കൈകളിൽ ഭൂമി എത്തിയാൽ അവരുടെ കായികാദ്ധ്വാനം മണ്ണിലേക്കവർ ദാനം ചെയ്യും. അപ്പോൾ മണ്ണ്, വിഭവങ്ങളായി ആ അധ്വാനം നമുക്ക്​ തിരികെത്തരും.

ഈ മണ്ണിൽ മരിക്കുന്നതുവരെ ജീവിക്കാനുള്ള അവകാശം നമുക്ക്​ നിഷേധിക്കപ്പെടുന്നു

ജനാധിപത്യവും സോഷ്യലിസവും നടപ്പിലാക്കുന്നുവെന്ന്​ അവകാശപ്പെടുകയും നൂറ്​ ശതമാനത്തിനടുത്ത്​ സാക്ഷരതയുമുള്ള ഒരു നാടാണിത്​. ഈ മണ്ണിൽ മരിക്കുന്നതുവരെ ജീവിക്കാനുള്ള അവകാശം നമുക്ക്​ നിഷേധിക്കപ്പെടുന്നു. മരിച്ചു കഴിഞ്ഞാൽ അടക്കം ചെയ്യാൻ ആറടി മണ്ണുപോലുമില്ല, അതിനായി അടുക്കളയും അടുപ്പുകളും തോണ്ടുന്നു. ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ ഞങ്ങൾ പ്രതികരിക്കുമ്പോൾ അത്​ വിഘടനവാദവും തീവ്രവാദവും നകസ്ലിവും മാവോയിസവും പീപ്പിൾസ് വാർ ഗ്രൂപ്പും വിദേശബന്ധമുള്ള വരുമൊക്കെയാകുന്നു. ഇങ്ങനെ പറഞ്ഞ് നമ്മുടെ ആളുകളെ വിഘടിപ്പിച്ച് നിർത്താനാണ് പലരും ശ്രമിക്കുന്നത്. സർക്കാർ തന്നെ നിയമമുണ്ടാക്കുന്നു, അതിന്റെ പേരിൽ ആളെ കൂട്ടുന്നു. നിയമം നടപ്പിലാക്കാൻ വീണ്ടും വീണ്ടും സമരം നടത്തേണ്ട ഗതികേടാണ് ഞങ്ങൾക്ക്.

ലൈഫ് മിഷൻ ഫ്ലാറ്റ്​ സമുച്ചയ പദ്ധതിയിലൂടെ അഭയാർത്ഥി ക്യാമ്പുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്​. ഭൂരഹിതരായ ആദിവാസികളെയും ദലിതരെയും കബളിപ്പിച്ച് ആശ്രിതരും അടിമകളുമാക്കി മാറ്റി, അവരെ വംശഹത്യയിലേക്ക് തള്ളിവിടുന്നു.

വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കേണ്ടതിനു പകരം ലൈഫ് മിഷൻ ഫ്ലാറ്റ്​ സമുച്ചയ പദ്ധതിയിലൂടെ അഭയാർത്ഥി ക്യാമ്പുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്​. ഭൂരഹിതരായ ആദിവാസികളെയും ദലിതരെയും കബളിപ്പിച്ച് ആശ്രിതരും അടിമകളുമാക്കി മാറ്റി, അവരെ വംശഹത്യയിലേക്ക് തള്ളിവിടുന്നു. ലൈഫ് പദ്ധതിയിൽ ഫ്ലാറ്റുകളുടെ ഉടമസ്ഥത ഭൂരഹിത- ഭവനരഹിത കുടുംബങ്ങൾക്കായിരിക്കില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും. താമസാവകാശം മാത്രമാണ് ഗുണഭോക്താവിനുള്ളത്​. കുടുംബമായി താമസിക്കുന്ന ഇടത്തിന് അവകാശമില്ല, അവരുടെ കൂട്ടായ്മകൾക്ക് അവകാശമില്ല, അവരുടെ ആചാരനുഷ്ഠാനങ്ങൾ നടത്താൻ അവകാശമില്ല. നമ്മൾ ആചാരപരിപാടികൾ നടത്തുന്നത് വിശാലമായ മുറ്റത്താണ്. അതിനുള്ള സൗകര്യം പോലും ഇല്ല. ഒരു ചെടി നടാൻ പോലും സ്വന്തമായി മണ്ണില്ല. മൃതശരീരം കത്തിച്ചുകളയേണ്ട അവസ്ഥയാണ്. സ്വന്തം ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് പ്രവർത്തിക്കണമെങ്കിൽ പോലും ഭരണസമിതിയുടെ സമ്മതത്തിന് കാത്തുനിൽക്കണം.

കേരളത്തിലെ എല്ലാഭൂരഹിതർക്കും കൊടുക്കാനുള്ള ഭൂമി കേരളത്തിലുണ്ട്. അത്പിടിച്ചു വെക്കാനുള്ള അധികാരം ഭരണകൂടത്തിനില്ല / Photo : Sujin Kumar

മുമ്പ് രണ്ടും, മൂന്നും സെന്റിലായിരുന്നു കോളനികളെങ്കിൽ ഇന്നത് കുറച്ച് മണ്ണിൽ മേലോട്ട് ഉയരുന്നു. സർക്കാരും സമൂഹവും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്​. ആദിവാസികൾക്കും ദലിതർക്കും പാർപ്പിടമല്ല പ്രശ്‌നം, ഉപജീവനമാണ്. അതിന്, കൃഷി ചെയ്യാനാണ് ഭൂമി ആവശ്യപ്പെടുന്നത്. ബാക്കിയെല്ലാം അതിനു പുറകെ വികസിച്ചുകൊള്ളും. സർക്കാർശമ്പളം വാങ്ങുന്നവരുടേത് പാർപ്പിട പ്രശ്‌നമാണെന്ന് പറഞ്ഞാൽ, അവർക്ക് ഫ്ലാറ്റ് നിർമിച്ചുകൊടുത്താൽ അത് മനസ്സിലാക്കാം. പക്ഷെ ആദിവാസികളുടെയും ദലിതരുടെയും ഭൂപ്രശ്‌നത്തെ പാർപ്പിട പ്രശ്‌നമായി കാണരുത്. പ്രത്യേകിച്ച് ആദിവാസികൾക്ക് ഫ്ലാറ്റ്​കൊടുക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. കാർഷിക മേഖലയിൽ തൊഴിലെടുത്തും കൃഷി ചെയ്​തും ജീവിക്കുന്നവരാണ് ആദിവാസികൾ. സ്വന്തമായി ഭൂമിയില്ലെങ്കിൽ, ഉള്ളവരുടെ ഭൂമിയിൽ പണിയെടുത്താണ് അവരുടെ ഉപജീവനം. ആദിവാസികളുടെ ജീവിതവും സംസ്കാരവും കലയും ആചാരങ്ങളുമെല്ലാം മണ്ണിനോടൊട്ടിയതാണ്. മണ്ണും ആദിവാസികളും തമ്മിൽ പൊക്കിൾക്കൊടി ബന്ധമുണ്ട്. മണ്ണിൽ നിന്ന്​ ആദിവാസികളെ മാറ്റുന്നതോടെ അവരുടെ ഐഡന്റിറ്റി പൂർണമായും നഷ്ടപ്പെടും. മണ്ണില്ലെങ്കിൽ അവരെ വംശഹത്യ ചെയ്യുന്നതിന് തുല്യമാണ്. ഫ്ലാറ്റ്​ സംസ്കാരം ഇഷ്ടപ്പെടുന്നവർ അവിടേക്ക് പോകട്ടെ. പക്ഷെ ആദിവാസികൾക്ക് മണ്ണാണ് വേണ്ടത്. അതിനുപകരം എന്തിനാണ് അവരെ സർക്കാർ പണിത് നൽകുന്ന കാരാഗൃഹത്തിലടക്കുന്നത്.

കേരളത്തിൽ പിറവിയെടുത്ത മുഴുവൻ മനുഷ്യരും മണ്ണിന്റെ അഭയാർത്ഥികളാകാതെ, മണ്ണിന്റെ അവകാശികളും അധികാരികളുമായി ജീവിക്കുന്ന വ്യവസ്ഥയുണ്ടാകണം / Sreenidhi Sreekumar, FB

ഒരു കുട്ടിയുണ്ടായാൽ ഓടിക്കളിച്ച് വളരാനെങ്കിലും ഇടം വേണ്ടേ. അച്ഛനും അമ്മയും മക്കളും വൃദ്ധമാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിൽ മക്കൾ വിവാഹം കഴിക്കുന്നതോടെ അംഗസംഖ്യ കൂടും. ഇവരെല്ലാം എങ്ങനെയാണ് ഇവിടെ താമസിക്കുക. ഭാര്യയ്ക്കും ഭർത്താവിനും സ്വകാര്യമായി ഒന്നു സംസാരിച്ച് ഇരിക്കാൻ പോലും കഴിയില്ല. ഈ പദ്ധതിയിലൂടെ ആത്മഹത്യയിലേക്കുള്ള വഴി തുറക്കുകയാണ് ചെയ്യുന്നത്. ജയിലറകളിലിട്ട് എന്തിനാണ് ആദിവാസികളെ കൊന്നുതീർക്കുന്നത്. ലൈഫ് ഫ്ലാറ്റ്​ സമുച്ചയപദ്ധതി കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ നേർകാഴ്ചയാണ്. വെടിവെച്ചു കൊല്ലുന്നില്ല എന്നേയുള്ളൂ. ഒരു ജനതയുടെ അവകാശങ്ങളെ പൂർണമായും ഇല്ലാതാക്കി, ഇഞ്ചിഞ്ചായി കൊന്നുതീർത്തുകൊണ്ടിരിക്കുകയാണ്. ജാതിവിവേചനവും മനുഷ്യാവകാശ ലംഘനവുമാണ് പിന്നാക്ക വിഭാഗങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്. അപ്പോഴും കേരള മോഡൽ എന്നും പുരോഗമന കേരളമെന്നും നമ്പർ വൺ കേരളമെന്നും നവോത്ഥാനമെന്നും വിപ്ലവമെന്നും മുഖ്യധാരയെന്നും കൊട്ടിഘോഷിച്ച് ജനങ്ങളെ പച്ചയ്ക്ക് പറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയും, വീടും ഇല്ലാത്തവർക്ക് താമസിക്കാൻ ഫ്ലാറ്റ്​ നൽകുന്ന പാർപ്പിട സമുച്ചയ പദ്ധതി ആദിവാസികളെയും ദലിതരെയും ഇതര ഭൂരഹിതരെയും വഞ്ചിക്കുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ആധുനിക ചേരികളുണ്ടാക്കി, ആളുകളെ വംശഹത്യയിലേക്ക് തള്ളിവിടുന്ന സമീപനത്തിൽ നിന്ന്​ ഗവൺമെൻറ്​ പിന്മാറണം. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments