Photos: Shafeeq Thamarassery

അട്ടപ്പാടിയുടെ ഉടമകൾ
​കൈയേറ്റക്കാരുടെ അടിമകളായ കഥ

അട്ടപ്പാടിയിൽ മാത്രം ചെലവഴിക്കുന്ന ഫണ്ടിന്റെ കണക്കെടുത്താൽ, ഓരോ കുടുംബത്തിനും ഒന്നും രണ്ടും കോടികൾ കൊടുക്കാനുണ്ടാവും. കേറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടില്ല, കുടിവെള്ളമില്ല, വണ്ടി പോകാൻ വഴിയില്ല, പ്രാഥമിക സൗകര്യമില്ല. പട്ടിണി മരണം തുടർക്കഥയാവുന്ന അട്ടപ്പാടിയാണ് ഇന്നും. മരുന്ന്​ വാങ്ങാൻ പോലും വഴിയില്ലാതെ അസുഖം പിടിച്ച് കിടക്കുന്നവരെയും കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നവരെയും ഇ​പ്പോഴും ഇവിടെ പോകു​മ്പോൾ കാണാം.

അധ്യായം: 36

ല്ലാ ജീവജാലങ്ങൾക്കും ആവാസമൊരുക്കി, ഫലഭൂയിഷ്ഠമായ മണ്ണിനും ജലത്തിനുമൊപ്പം സസ്യങ്ങളും മരങ്ങളും ഇടതൂർന്ന് വളരുകയും ശുദ്ധവായുവും തണലും തണുപ്പും നൽകുകയും ചെയ്​തിരുന്ന മനോഹര ഭൂപ്രദേശമായിരുന്നു അട്ടപ്പാടി. ആദിവാസികളുടേതുമാത്രമായ പൈതൃകഭൂമി. ഇരുളർ, മുഡുഗർ, കുറുമ്പർ എന്നീ ഗോത്രവിഭാഗങ്ങളായിരുന്നു താമസം. ചോളം, തിന, ചാമ, തൊവര, നിലക്കടല, റാഗി, മക്കചോളം, അരിചോളം തുടങ്ങി അവർക്കുവേണ്ട ഭക്ഷ്യ ഉല്പന്നങ്ങളെല്ലാം കൃഷി ചെയ്തിരുന്നു. മണ്ണിനെയും മരങ്ങളെയും, ജീവജാലങ്ങളെയും, നീരുറവകളെയും, തോടുകളെയും പുഴകളെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിച്ചവരായിരുന്നു അവർ. കാലാവസ്ഥ, മണ്ണ്, വിളകൾ, കൃഷിരീതി തുടങ്ങിയവയെക്കുറിച്ചുള്ള പാരമ്പര്യ അറിവുകളാൽ സമ്പന്നമായിരുന്നു അവരുടെ ജീവിതം.

സർക്കാർ കൈയ്യേറ്റക്കാരെ സംരക്ഷിച്ചു, അവർക്ക്​ പട്ടയം കൊടുത്തു. മാത്രമല്ല, കൈയേറ്റത്തിന് അവസരമൊരുക്കി ​കൊടുക്കുകയും ചെയ്​തു.

1940കൾ വരെ ആദിവാസികൾ മാത്രമായിരുന്നു അട്ടപ്പാടിയിൽ. അതിനുശേഷം വ്യാപക കുടിയേറ്റം നടന്നു. അയൽസംസ്ഥാനമായ തമിഴ്‌നാട്, കേരളത്തിലെ മറ്റു ജില്ലകൾ എന്നിവിടങ്ങളിൽ നിന്ന്​ ഇതര വിഭാഗങ്ങൾ കുടിയേറി. ഭീഷണിപ്പെടുത്തിയും അതിക്രമിച്ചും മദ്യവും മറ്റ് ലഹരികളും നൽകിയും വ്യാജരേഖകളിലൂടെയും ആദിവാസികളുടെ ഭൂമി അവർ കൈവശപ്പെടുത്തി. അങ്ങനെ, അട്ടപ്പാടിയുടെ ഉടമകളായിരുന്ന ആദിവാസികളുടെ മാതൃഭൂമി കുടിയേറ്റക്കാരുടെ ഭൂമിയായി മാറി. അവർ ഭൂവുടമകളായി, യഥാർത്ഥ അവകാശികൾ അടിമകളും, ആശ്രിതരും.

സർക്കാർ കൈയ്യേറ്റക്കാരെ സംരക്ഷിച്ചു, അവർക്ക്​ പട്ടയം കൊടുത്തു. മാത്രമല്ല, കൈയേറ്റത്തിന് അവസരമൊരുക്കി ​കൊടുക്കുകയും ചെയ്​തു. ആദിവാസികൾ ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും ഇരകളായി. പാരമ്പര്യ ഭൂമിയും വിഭവങ്ങളും അന്യാധീനപ്പെട്ടു. ‘ഇരുളർ' വിഭാഗത്തിൽപ്പെട്ട ആദിവാസികൾ സൈലൻറ്​വാലിയിൽ താമസിച്ചിരുന്നു. ‘ബൊദ്ധ' മൂപ്പനും ആളുകളും പാലപ്പുഴ എന്ന സ്ഥലത്തായിരുന്നു താമസം. ഞാനവിടെ പോയപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പ്ലാവ് കണ്ടു. അഞ്ചാറ് ആളുകൾ പിടിച്ചാല്ലൊന്നും ഒതുങ്ങുമായിരുന്നില്ല.

ഫലഭൂയിഷ്ഠമായ മണ്ണിനും ജലത്തിനുമൊപ്പം സസ്യങ്ങളും മരങ്ങളും ഇടതൂർന്ന് വളരുകയും ശുദ്ധവായുവും തണലും തണുപ്പും നൽകുകയും ചെയ്​തിരുന്ന മനോഹര ഭൂപ്രദേശമായിരുന്നു അട്ടപ്പാടി

സൈലൻറ്​വാലിയിൽനിന്ന്​ കുറച്ച് ആദിവാസികളെ സർക്കാർ കുടിയിറക്കി, വെള്ളത്തിനെല്ലാം ബുദ്ധിമുട്ടുള്ള കുന്നിന്റെ മുകളിൽ കൊണ്ടാക്കി. കുടിയേറ്റക്കാരുടെ വനം കൈയ്യേറ്റവും, വനനശീകരണവും നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമായി. മരങ്ങളെല്ലാം മുറിച്ചു, മണ്ണൊലിപ്പ് വർദ്ധിച്ചു, സ്വാഭാവിക നീരുറവകൾ വറ്റിപ്പോയി. തോടുകളും, പുഴകളും വറ്റിവരണ്ടു, മഴ ലഭിക്കാതെയായി. ഇന്ന് വെറും മൊട്ടക്കുന്നുകളായി മാത്രം അവശേഷിക്കുന്നു. ജീവിനില്ലാത്ത, ആത്മാവില്ലാത്ത, കാറ്റടിച്ചാൽ മണൽതരികളും പറന്നുപോകുന്ന മരുഭൂമിയാക്കി മാറ്റി, അട്ടപ്പാടിയെ.

തരിശുപ്രദേശത്തെല്ലാം കാട് നട്ടുപിടിപ്പിച്ച് വനമാക്കി മാറ്റിയെന്നാണ് അഹാഡ്​സ്​ പറയുന്നത്. കോടികൾ മുടക്കി കാട് നട്ടുപിടിപ്പിക്കേണ്ട ആവശ്യമില്ല. വികസനത്തിന്റെ പേരിൽ ആളുകളുടെ ഇടപെടൽ ഇല്ലാതിരുന്നാൽ സ്വാഭാവിക വനം താനേ മുളച്ചുണ്ടാകും.

ഭൂമിയാണ് ആദിവാസികളുടെ നിലനിൽപ്പ്. കുടിയേറ്റത്തിലൂടെ ആ നിലനിൽപ്പിന്റെ വേരറുത്തുമാറ്റി. പരിഷ്‌കൃത സമൂഹത്തിന്റെ കടന്നുകയറ്റം അട്ടപ്പാടിയിലെ ആദിവാസികളുടെ സ്വാഭാവിക ജീവിതം തകിടം മറിച്ചു. വിഭവങ്ങളും ഭൂമിയും സംസ്കാരവും തകർത്തുതരിപ്പണമാക്കിയതോടൊപ്പം നിരവധി സസ്യങ്ങളെയും, ജന്തുക്കളെയും, സ്പീഷീസുകളെയും ഈ മണ്ണിൽ നിന്ന് ഉന്മൂലനം ചെയ്തു. അട്ടപ്പാടിയുടെ സ്വാഭാവിക മണ്ണും വായുവും ജലവുമെല്ലാം നശിപ്പിച്ചു.

1992- ലാണ് ഞാൻ ആദ്യമായി അട്ടപ്പാടിയിൽ പോകുന്നത്. ഭൂതിവഴി ഊരിലുള്ള ശ്രീധരേട്ടൻ എന്ന്​ ഞങ്ങൾ വിളിക്കുന്ന ബി.സി. ശ്രീധരനായിരുന്നു എന്നെ അങ്ങോട്ടു വിളിച്ചത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന മീറ്റിംഗിൽ വച്ചായിരുന്നു ശ്രീധരേട്ടനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ കൂടെ അട്ടപ്പാടിയിൽ നിന്ന് കാവുണ്ടിക്കൽ ഊരിലെ കാളി, ശിവാള, നക്കുപ്പതി ഊരിലെ നാരായണൻ, രേശൻ, കാളിമുത്തു എന്നിവരുമുണ്ടായിരുന്നു. അട്ടപ്പാടി ഭൂതിവഴിയിൽ നടന്ന മൂന്ന് ദിവസത്തെ പരിശീലന പരിപാടിയിൽ ഞാൻ പങ്കെടുത്തു. അതുകഴിഞ്ഞ് ഒരാഴ്ച ഞാനവിടെ ഉണ്ടായിരുന്നു. ഊരുകൾ സന്ദർശിച്ച്, അവിടുത്തെ പ്രശ്‌നങ്ങളെപ്പറ്റി ചർച്ച ചെയ്തു. മീറ്റിംഗ് കൂടിക്കഴിഞ്ഞാൽ അവരുടെ പരമ്പരാഗത നൃത്തവും, പാട്ടുമെല്ലാം ഉണ്ടാകും. ഓരോ ഊരുകളിലും ഉത്സവം പോലെയായിരുന്നു.

സൈലൻറ്​വാലിയിൽനിന്ന്​ കുറച്ച് ആദിവാസികളെ സർക്കാർ കുടിയിറക്കി, വെള്ളത്തിനെല്ലാം ബുദ്ധിമുട്ടുള്ള കുന്നിന്റെ മുകളിൽ കൊണ്ടാക്കി

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നത്തിൽ ഇടപെട്ട്​ ശ്രീധരേട്ടൻ, നാരായണേട്ടൻ, ടി.ആർ. ചന്ദ്രൻ തുടങ്ങിയവരുടെയെല്ലാം നല്ലൊരു നേതൃത്വ നിര അവിടെയുണ്ടായിരുന്നു. അട്ടപ്പാടിയിൽ പോകുമ്പോഴെല്ലാം ആദിവാസി ഊരുകളിൽ തന്നെയാണ് താമസിക്കുന്നത്. എപ്പോൾ പോയാലും കൂടുതലും താമസിക്കുന്നത് ചാവടിയൂര് നൈനാംപ്പെട്ടി ഊരിലെ സി.എൻ. ബാബുരാജിന്റെ വീട്ടിലാണ്. ‘ഗുരു' എന്ന ആദിവാസി സംഘടനയിലൂടെയാണ് ഞാൻ ബാബുരാജിനെ പരിചയപ്പെടുന്നത്. ബാബുരാജും ഭാര്യ ശാന്തമ്മയും മക്കളായ അഞ്ചുവും അനുവും സ്വന്തം കുടുംബം പോലെയാണ്. എപ്പോൾ വേണമെങ്കിലും അവിടേയ്ക്ക് കേറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അവിടെയെത്തുമ്പോൾ സ്വന്തം വീട്ടിലേയ്ക്ക് കേറിച്ചെല്ലുമ്പോഴുള്ള ‘ആശ്വാസം' അനുഭവപ്പെടും. ബാബുരാജ് നല്ലൊരു കർഷകനാണ്. അതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള ആളാണ്. നമ്മളുടെ ആളുകളുടെ പ്രശ്‌നത്തിലെല്ലാം ആത്മാർത്ഥതയോടെ ഇടപഴകാറുണ്ട്. അട്ടപ്പാടിയിലെ ഊരുകളിലെ ആളുകളുമായി ബാബുരാജിന് നല്ല ബന്ധമാണ്. ഞാനവിടെ പോകുമ്പോൾ ബാബുരാജിന് ഒരുപാട് തിരക്കുണ്ടാവുമെങ്കിലും അതെല്ലാം മാറ്റിവച്ച്, എന്റെ കൂടെ ഊരുകളിലേക്ക് വരുകയും ആളുകളുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യും. ബാബുരാജിന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നിന്ന്​ നമ്മളെ ആളുകൾ എ.ജി.എം.എസിന്റെ മീറ്റിംഗുകളിലും, സമരങ്ങളിലും പങ്കെടുക്കാറുണ്ട്.

ഭൂമിയാണ് ആദിവാസികളുടെ നിലനിൽപ്പ്. കുടിയേറ്റത്തിലൂടെ ആ നിലനിൽപ്പിന്റെ വേരറുത്തുമാറ്റി.

ഒരിക്കൽ അട്ടപ്പാടിയിലെ മല്ലീശ്വര ക്ഷേത്രോത്സവത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ആദിവാസികൾ പൂജ ചെയ്യുകയും ഉത്സവം നടത്തുകയും ചെയ്യുന്ന ക്ഷേത്രമാണിത്​. ചെമ്മണ്ണൂരിൽ പുഴയുടെ അക്കരെയും ഇക്കരെയുമായി മല്ലീശ്വരൻ ക്ഷേത്രമുണ്ട്. ഇക്കരെ ക്ഷേത്രത്തിൽ ഇരുള വിഭാഗത്തിൽപ്പെട്ടവരും, അക്കരെ ക്ഷേത്രത്തിൽ മുഡുഗ വിഭാഗത്തിൽപ്പെട്ട ആദിവാസികളുമാണ് പൂജ ചെയ്യുന്നത്. ഗോത്രരീതിയിലുള്ള പൂജകളാണ്. ശിവരാത്രിയ്ക്കാണ് ഇവിടെ മൂന്നുദിവസത്തെ ഉത്സവം. മല്ലീശ്വരൻ ക്ഷേത്രത്തിന്റെ മുന്നിലെ മലയാണ് മല്ലീശ്വരം മുടി. ഉയർന്ന പാറക്കെട്ടോടു കൂടിയ ഈ മലയുടെ ഏറ്റവും മുകളിൽ പോയി പൂജ ചെയ്ത്, തിരി തെളിയിക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. മലയിൽ പോയി പൂജ ചെയ്യാൻ മുഡുഗ വിഭാഗകാർക്ക് മാത്രമേ അധികാരമുള്ളൂ. പാരമ്പര്യ കുടുംബ താവഴിയിലാണ് പൂജാരിസ്ഥാനം കൈമാറ്റം ചെയ്തുവരുന്നത്. ഇപ്പോഴത്തെ മലപൂജാരി മേലെ അബ്ബണ്ണൂരിലെ കക്കിയുടെ മകൻ രാജു കെ. ആണ്.

അട്ടപ്പാടി ആദിവാസി മേഖലയിൽ എൻ.ജി.ഒ പ്രവർത്തനം വ്യാപകമാണ്​. ആദിവാസികളെ വീതം വെച്ചെടുത്ത്‌ പ്രൊജക്ട് ഉണ്ടാക്കുക, അതിന്റെ പേരിൽ ഫണ്ട് വാങ്ങുക, രണ്ടുമൂന്നു ദിവസം ട്രെയിനിംഗ്​ എന്നു പറഞ്ഞ് ഭക്ഷണം കൊടുക്കുക, സെമിനാർ നടത്തുക ഇതാണ് ഇവരുടെ പരിപാടി.

മലകേറാൻ മുഡുഗരുടെ ഒപ്പം കുറുമ്പ വിഭാഗത്തിലെ ആളുകളും പോകും. മലകേറുന്നവർ ഏഴു ദിവസത്തെ കഠിനവൃതം എടുക്കേണ്ടതുണ്ട്. വൃതം ആരംഭിച്ചാൽ രാത്രി ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കൂ. പച്ചക്കറികളും ചോറും ഒന്നിച്ച് വേവിച്ചാണ് കഴിക്കുന്നത്. മഞ്ഞച്ചോറ് എന്നാണിതിനെ പറയുക. ബാക്കി സമയത്ത് മഞ്ഞപ്പാല്​ കുടിക്കും. പച്ചമഞ്ഞൾ ഇടിച്ചുപിഴി​ഞ്ഞെടുക്കുന്ന നീരാണ് മഞ്ഞപ്പാല്. ശരീരത്തിൽ എണ്ണ തേയ്ക്കില്ല. മലകേറുന്നവർ അവരുടെ വീടുകളിൽ താമസിക്കില്ല. ഒരു സ്ഥലത്ത് പന്തലിട്ട് ഒന്നിച്ച് താമസിക്കും. വൃതം തുടങ്ങി എട്ടാം ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കാണ് മല കേറുക. പുഴയിൽ കുളിച്ച്, ഗംഗാദേവിയെ തൊട്ടുതൊഴുത് പ്രാർത്ഥിച്ച് അക്കരെ അമ്പലത്തിലേക്കുവരും. ചെറിയ പൂജ കഴിഞ്ഞ് ഇവിടെ നിന്നിറങ്ങും.

ഇത്താഗിരി, നീലാഗിരി, ഇടത്തപ്പൻ, കക്കിലിങ്കൻ, കക്കരയൻ, കക്കാമലേശ്വരൻ, കാരമടരങ്കൻ, ഇത്തമലെ, നീലാമലെ, തച്ചേമലെ, പവളമലെ, കാശിദേവൻ, ഭരണദേവൻ, ആകാശ്, ഗംഗമ്മ, എഗത്തേര്, എമ്മാർ തുടങ്ങിയ ദൈവങ്ങളെയെല്ലാം വിളിച്ചുചൊല്ലിയാണ് മല കേറുക. മല കേറുന്ന പകുതിവരെ ഈ ചൊല്ല് ചൊല്ലും. പുഴ തൊട്ട് മല വരെ ഓരോ ചടങ്ങുകളുണ്ട്. ഗംഗാദേവിയുടെ സ്ഥാനത്ത് തൊട്ട് തൊഴുതിട്ടാണ് മല കേറുക. പുഴയിൽ നിന്ന്​ മുകളിലേയ്ക്ക് കേറുമ്പോൾ ഒരു പടിയുണ്ട്. ആ പടിയിൽ നിന്ന്​കാർന്നോന്മാരെയെല്ലാം മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കും. നല്ല രീതിയിൽ മല്ലീശ്വര മുടിയിൽ പോയി വരണം, ദൈവങ്ങളെല്ലാം തുണയായി വേണം എന്ന്​ പ്രാർത്ഥിച്ച്, കാണിക്ക വെച്ച്, കർപ്പൂരം കത്തിച്ച് തൊട്ടു തൊഴും. അപ്പോൾ ഗംഗാദേവിയുടെ സ്ഥാനത്ത് ജലം വരും. മലയ്ക്ക് പുജയ്ക്കുള്ള ജലം ഇവിടെ നിന്നെടുത്തിട്ടാണ് മല കേറുക. മല്ലീശ്വരമുടിയുടെ മുകളിലെത്തിയാൽ ഒരു വെള്ളക്കൊടി ഇവർ കാണിക്കും. അവർ അവിടെയെത്തി എന്നതിന്റെ അടയാളം. സന്ധ്യയ്ക്ക് ഏഴുമണിയായാൽ മലമുകളിൽ ദീപം തെളിയ്ക്കും. രാത്രി ഏഴ് പൂജകൾ നടത്തും. കുറേ നേർച്ചകളും വഴിപാടുകളും പറഞ്ഞ് ആളുകൾ നൽകുന്ന തിരികളെല്ലാം മലയിൽ കത്തിച്ച് പൂജ ചെയ്യും. മഴക്കുവേണ്ടിയും ഭൂമിയിൽ നല്ല വിളവ് ലഭിക്കാനും അസുഖം മാറാനുമെല്ലാം കർമം ചെയ്യും. അന്നുരാത്രി ഇവർ മലമുകളിൽ താമസിക്കും. പിറ്റേദിവസം മലയിറങ്ങും. മലയിറങ്ങി കുറച്ചു താഴെയെത്തുമ്പോൾ റാഗി പൊടി കൊണ്ട് അടയുണ്ടാക്കി കഴിക്കും.

ജപ്പാൻ സഹായത്തോടെ 200 കോടി രൂപ മുടക്കി അഹാഡ്‌സ് പരിസ്ഥിതി പുനഃസ്ഥാപനം നടത്തിയെന്നാണ് പറയുന്നത്. പക്ഷേ അവിടം ഇപ്പോഴും മൊട്ടക്കുന്ന് തന്നെ.

മലയിറങ്ങുമ്പോഴും ചൊല്ല് ചൊല്ലിക്കൊണ്ടാണ് വരുന്നത്. മലയിൽ പൂജ ചെയ്ത് മടങ്ങിവരുമ്പോൾ ഗംഗാദേവിയുടെ സ്ഥാനത്ത് കൂടുതൽ ജലം ഉണ്ടാവുന്നു. ഈ പുണ്യതീർത്ഥം മലയ്ക്ക് പോയവരെല്ലാം മുളക്കുറ്റിയിൽ ശേഖരിച്ച് തോളിൽ സഞ്ചി പോലെ തൂക്കിക്കൊണ്ടുവരും. മലയിറങ്ങി വരുന്നവർക്ക് പുഴയോരത്ത് ഭക്ഷണം ഒരുക്കിവെച്ചിട്ടുണ്ടാവും. അതുകഴിഞ്ഞ് ചെണ്ടയും മേളവുമായി മലയ്ക്ക് പോയവരെ ഇക്കരെ മല്ലീശ്വര ക്ഷേത്രത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകും. അപ്പോഴവിടെ പുണ്യ തീർത്ഥത്തിനുവേണ്ടി ഭക്തരുടെ തിക്കും തിരക്കുമായിരിക്കും. എല്ലാവർക്കും ഓരോ തുള്ളി പുണ്യതീർത്ഥം നൽകും. എല്ലാ ഭക്തർക്കും കിട്ടാൻ തീർത്ഥം തളിക്കും. ഈ പുണ്യതീർത്ഥത്തിൽ വാടവേരുകൾ (കൽത്താമര) ചേർക്കും. അതിന്റെ നല്ല മണമുണ്ടാവും തീർത്ഥത്തിന്. ഇത് കുടിച്ചാൽ അസുഖം മാറും, ശരീരത്തിൽ ബാധ കേറിട്ടുണ്ടെങ്കിൽ ഒഴിവായി പോകും എന്നാണ് വിശ്വാസം.

പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി ക്ഷേമം ഉറപ്പുവരുത്തുന്നതിന് 864.46 ഹെക്ടർ നിക്ഷിപ്ത വനഭൂമി വിട്ടുകൊടുത്ത് കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ തോട്ടങ്ങളുണ്ടാക്കി 420 ഭൂരഹിത ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാൻ 1975-ൽ ആരംഭിച്ച പദ്ധതിയാണ് അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി (എ.സി.എഫ്.എസ്). ചിണ്ടക്കി, പോത്തുപ്പടി, വരടിമല, കരുവാര എന്നിവിടങ്ങളിലാണ് ഭൂമിയുള്ളത്. 1980 - ൽ 139 ഭൂരഹിത ആദിവാസികളെ ഉൾക്കൊള്ളിച്ച് ആരംഭിച്ചതാണ് വട്ടുലക്കി ഫാമിംഗ് സഹകരണ സംഘം. അഞ്ചുവർഷം വരെ ആദിവാസികളെ കുടിയിരുത്തി, സർക്കാർ കൂലി നൽകി, അവരുടെ പങ്കാളിത്തത്തോടെ കൃഷിയിടമാക്കി മാറ്റുകയായിരുന്നു ഈ തോട്ടം. കുടിയിരുത്തിയ കുടുംബങ്ങൾക്ക് അഞ്ചേക്കർ വീതം ഭൂമി പതിച്ച് പട്ടയം നൽകി, ഗവൺമെന്റിന്റെ സൊസൈറ്റി പിരിച്ചുവിട്ട് പുറത്തുപോകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഈ പ്രൊജക്ട് ഭൂമി ആദിവാസികൾക്ക് വിട്ടുകൊടുക്കണമെന്ന വ്യവസ്ഥ സർക്കാർ ഇന്നുവരെ പാലിച്ചിട്ടില്ല. പുനരധിവാസത്തിന്റെ പേരിൽ ആദിവാസികളെ കൊണ്ടുവന്ന്‌ പ്രൊജക്ട് ഭൂമികളുടെ ഒരു മൂലയ്ക്ക് കോളനികളിൽ കൂട്ടമായി തള്ളുകയാണ് ചെയ്തത്.

പ്രൊജക്ട് ഭൂമിയിലേക്കുവന്നവരിൽ ഭൂരിഭാഗവും അടിമപ്പണി ചെയ്ത് ആരോഗ്യം നശിച്ച് മരിച്ചു തീർന്നു. ഇപ്പോൾ അവരുടെ തലമുറയും അവിടെ അടിമപ്പണി ചെയ്തു കൊണ്ടിരിക്കുകയാണ്.

അട്ടപ്പാടിയിലെ പുതൂർ, അഗളി, ഷോളയൂർ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ നിന്ന്​ 420 കുടുംബങ്ങളെയാണ് ഇവിടങ്ങളിലേക്ക് പുനരധിവാസത്തിന് കൊണ്ടുവന്നത്. പ്രൊജക്ട് പദ്ധതി ആദിവാസികളുടെ ജീവിതം തന്നെ ഇല്ലാതാക്കി. പുതിയൊരു അടിമത്തം തന്നെ ഇതിലൂടെയുണ്ടായി. അസ്​തിത്വവും വ്യക്തിത്വവും ഇല്ലാത്തവരാക്കി മാറ്റി. പോത്തുപ്പടിയിൽ ആദിവാസികളുടെ കൈവശമുണ്ടായിരുന്ന പാരമ്പര്യ ഭൂമി പ്രൊജക്ടിനായി എടുത്ത്​ അവിടെ ആദിവാസികളെ പൂർണമായും ഭൂരഹിതരാക്കി, അടിമസമാനമായി ചൂഷണം ചെയ്യുകയാണുണ്ടായത്​. പ്രൊജക്ട് ഭൂമിയിലേക്ക് വന്നപ്പോൾ ആദിവാസികളുടെ പാരമ്പര്യ ഭൂമിയും വിഭവങ്ങളും കൃഷിയും ആചാരാനുഷ്​ഠാനങ്ങളും ഗോത്ര ആചാരമനുസരിച്ചുള്ള അധികാരസ്ഥാനവും അവർക്ക് നഷ്ടമായി. പ്രൊജക്ട് ഭൂമിയിലേക്കുവന്നവരിൽ ഭൂരിഭാഗവും അടിമപ്പണി ചെയ്ത് ആരോഗ്യം നശിച്ച് മരിച്ചു തീർന്നു. ഇപ്പോൾ അവരുടെ തലമുറയും അവിടെ അടിമപ്പണി ചെയ്തു കൊണ്ടിരിക്കുകയാണ്.

ആദിവാസികളെ പൂർണമായും ഭൂരഹിതരാക്കി, അടിമസമാനമായി ചൂഷണം ചെയ്യുകയാണുണ്ടായത്​

പുതുർ ഊരിൽ നിന്ന്​ ഒരുപാട് പ്രതീക്ഷകളോടെ പ്രൊജക്ട് ഭൂമിയിലേക്കുപോയ ആളായിരുന്നു കൃഷ്ണമ്മ. അട്ടപ്പാടിയിൽ പോകുമ്പോൾ ഇടയ്ക്ക് കൃഷ്ണമ്മയുടെ അടുത്ത് ഞാൻ പോവാറുണ്ട്. അഞ്ചേക്കർ ഭൂമിയും വീടും കറവപ്പശുവും തരാമെന്ന് പറഞ്ഞാണ്‌ ഇവരെ കൊണ്ടുപോയത്. തുടക്കത്തിൽ 4.50 രൂപ കൂലിയിലാണ് അവർ പണിയെടുത്തത്. അടിമപ്പണിയെടുത്ത് കൃഷ്ണമ്മയുടെ ആരോഗ്യം നഷ്ടപ്പെട്ടു, രോഗിയായി. അവസാനം, അടിമപ്പണി വേണ്ടന്ന്​ എഴുതിക്കൊടുത്ത് അവിടെ നിന്നിറങ്ങി. പിരിഞ്ഞുവന്നപ്പോൾ 30,000 രൂപ പി.എഫ് ആയി ലഭിച്ചു. അഞ്ചേക്കർ ഭൂമി ലഭിക്കേണ്ട അവർക്ക്​ ഈ തുകയും വാങ്ങി അവിടെ നിന്നിറങ്ങേണ്ടി വന്നു. ഈ പൈസ മുഴുവനും ആശുപത്രിയിൽ ചെലവാക്കാനേ ഉണ്ടായിരുന്നുള്ളൂ.

സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിൽ ആദിവാസികൾക്ക് അഭയാർത്ഥികളായി കഴിയേണ്ട ഗതിയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്ന ആദിവാസികളെ ഭീഷണിപ്പെടുത്തുകയും പുറത്താക്കുകയും കൊന്നുകളയാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.

പുനരധിവാസത്തിന്​ കൊണ്ടുവന്ന 420 ആദിവാസി കുടുംബങ്ങളിൽ 270 പേരുടെ പേരിൽ പട്ടയം ഉണ്ടാക്കുകയും ആ പട്ടയം പെരിന്തൽമണ്ണ കാർഷിക ഭൂപണയ ബാങ്കിൽ പണയപ്പെടുത്തി കോടികൾ വായ്പയെടുത്ത് ഉദ്യോഗസ്ഥർ ധൂർത്തടിക്കുകയും ചെയ്​തു. ജപ്തി നോട്ടീസ് വന്നപ്പോഴാണ് വായ്പയെടുത്ത വിവരം ആദിവാസികൾ പോലും അറിയുന്നത്. ഇതിനെതിരെ അവിടുത്തെ ആദിവാസികൾ പ്രതിഷേധിച്ചു. അപ്പോൾ കൂടുതൽ ട്രൈബൽ സബ് പ്ലാൻ ഫണ്ടുകൾ വരുത്തിയാണ് ജപ്തി നടപടിയിൽ നിന്ന്​ ഒഴിവായത്. ഇപ്പോഴും പട്ടയം കൊടുത്തിട്ടില്ല. സൊസൈറ്റിയിൽ വച്ചിരിക്കുകയാണെന്നാണ് പറയുന്നത്. ഓരോ വർഷവും ഫാം നഷ്ടത്തിലാണെന്ന് പറഞ്ഞും ആദിവാസി വികസനത്തിന്റെ പേരു പറഞ്ഞും സർക്കാരിലേക്ക് റിപ്പോർട്ട് കൊടുത്ത് ഫണ്ട് മേടിച്ച് ഉദ്യോഗസ്ഥർ കൊള്ളയടിക്കുകയാണ്. അട്ടപ്പാടി കോ- ഓപറേറ്റീവ് ഫാമിംഗ് സൊസൈറ്റിയും, വട്ടുലക്കി ഫാമിംഗ് സംഘവും സർക്കാർ നിയന്ത്രണത്തിൽ കോടികൾ ചെലവഴിക്കപ്പെടുന്ന ആദിവാസി സഹകരണ സംഘങ്ങളാണ്. സൊസൈറ്റിയിലെ അംഗങ്ങൾ എന്നു പറയാമെന്നല്ലാതെ ആദിവാസികൾക്ക് ഈ പ്രൊജക്ട് ഉപകാരപ്പെട്ടില്ല. ഭൂമിയിൽ പണിയെടുക്കാൻ ആദിവാസികളും വരുമാനം എടുക്കുന്നത് ഉദ്യോഗസ്ഥരും. പ്രൊജക്ട് ഭൂമിയ്ക്ക് അനുവദിക്കുന്ന ഫണ്ടുകളെക്കുറിച്ചോ ഉല്പന്നങ്ങൾ വിൽക്കുന്നതിന്റെ കണക്കോ ആദിവാസികളുടെ മുന്നിൽ അവതരിപ്പിക്കാറില്ല. ‘അടിമത്തത്തിൽ നിന്നും അടിമവേലയിൽ നിന്നും മോചനത്തിനുവേണ്ടി' എന്നു പറഞ്ഞാണ് ഇത്തരം പ്രൊജക്ടുകൾ ഉണ്ടാക്കിയത്. പക്ഷേ ഇപ്പോഴും ഫാമുകളിൽ ആദിവാസികൾ അടിമസമാനമായ നിലയിൽ തൊഴിലും കൂലിയുമില്ലാതെയാണ് കഴിയുന്നത്.

ആദിവാസി വികസനത്തിന്റെ പേരു പറഞ്ഞും സർക്കാരിലേക്ക് റിപ്പോർട്ട് കൊടുത്ത് ഫണ്ട് മേടിച്ച് ഉദ്യോഗസ്ഥർ കൊള്ളയടിക്കുകയാണ്.

സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിൽ ആദിവാസികൾക്ക് അഭയാർത്ഥികളായി കഴിയേണ്ട ഗതിയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്ന ആദിവാസികളെ ഭീഷണിപ്പെടുത്തുകയും പുറത്താക്കുകയും കൊന്നുകളയാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ കൊള്ളസങ്കേതമായി ഇത്തരം ​പ്രൊജക്ട് ഭൂമികൾ നിലനിർത്താതെ, യഥാർത്ഥ ഉടമസ്ഥരായ ആദിവാസികൾക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്. അവരവിടെ കൃഷി ചെയ്ത് പട്ടിണിയില്ലാതെ ജീവിച്ചോളും.

2014-ൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ നിൽപ്പുസമരത്തിന്റെ ഭാഗമായി എ.സി.എഫ്.സി ഭൂമി ആദിവാസികൾക്ക് നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. ആദിവാസികൾക്ക് ഭൂമി കൊടുക്കുന്നതിനെ പലരും എതിർത്തു. മറ്റുള്ളവർക്ക് കൊള്ളയടിക്കാനായി ആദിവാസികളെ എന്നും ബലിയാടാക്കുകയാണ് ചെയ്യുന്നത്. ആദിവാസി ഭൂമി അവർക്ക് വിതരണം ചെയ്യണമെന്ന ആവശ്യം നിലനിൽക്കെ ടൂറിസം പദ്ധതിയ്ക്കുവേണ്ടി ഇത് കൈമാറാനുള്ള നടപടി സർക്കാർ തലത്തിൽ നടക്കുന്നുണ്ട്. ആദിവാസി ഭൂമി നിയമലംഘനം നടത്തി ടൂറിസത്തിന് വിട്ടുകൊടുക്കാൻ ഇവർക്ക് എന്തവകാശമാണുള്ളത്.

2014-ൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ നിൽപ്പുസമരത്തിന്റെ ഭാഗമായി എ.സി.എഫ്.സി ഭൂമി ആദിവാസികൾക്ക് നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.

1962 ലാണ് അട്ടപ്പാടി ആദിവാസി ബ്ലോക്ക് നിലവിൽ വന്നത്. 745 ചതുരശ്ര കി.മീ. വിസ്തൃതിയിട്ടുള്ള ഭൂപ്രദേശമാണിത്. അട്ടപ്പാടിയ്ക്കായി പ്രഖ്യാപിക്കുന്ന കോടികളുടെ ഗുണഭോക്താക്കൾ അവിടുത്തെ കൈയ്യേറ്റക്കാരാണ്. ഇവിടം മാത്രം ചെലവഴിക്കുന്ന ഫണ്ടിന്റെ കണക്കെടുത്താൽ തന്നെ അട്ടപ്പാടിയിലെ ഓരോ കുടുംബത്തിനും ഒന്നും രണ്ടും കോടികൾ കൊടുക്കാനുണ്ടാവും. കോടികളുടെ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് എന്നു പറയുമ്പോഴും ഇവിടെ കേറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടില്ല, കുടിവെള്ളമില്ല, വണ്ടിപോകാൻ വഴിയില്ല, പ്രാഥമിക സൗകര്യമില്ല. പട്ടിണി മരണം തുടർക്കഥയാവുന്ന അട്ടപ്പാടിയാണ് ഇന്നും. അവിടെ പോകുമ്പോൾ, മരുന്ന്​ വാങ്ങാൻ പോലും വഴിയില്ലാതെ അസുഖം പിടിച്ച് കിടക്കുന്നവരെയും കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നവരെയും കാണാം. എല്ലും, തൊലിയുമായി ശുഷ്‌കിച്ച ശരീരത്തോടെ നമ്മളെ ആളുകൾ ഊരുകളിൽ നിൽക്കുന്നതു കാണുമ്പോൾ തന്നെ മനസ്സ് മടുക്കും. വീടോ തൊഴിലോ ആക്കിത്തരണമെന്നുപറഞ്ഞ് ആളുകൾ എന്നോട് അവരുടെ വിഷമങ്ങളും, ബുദ്ധിമുട്ടുകളും പറയും.

വളരെ ദയനീയമാണ് അട്ടപ്പാടി ഊരുകളിലെ അവസ്ഥ. ഇടിഞ്ഞുവീഴാറായ വീടുകളിൽ ഇവർക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്. കോടികൾ മുടക്കി റോഡും പാലവും നിർമിക്കുമ്പോഴും ആദിവാസി ഊരുകളിലേയ്ക്ക് നടപ്പാത പോലും ഇല്ല.

വളരെ ദയനീയമാണ് അട്ടപ്പാടി ഊരുകളിലെ അവസ്ഥ. ഇടിഞ്ഞുവീഴാറായ വീടുകളിൽ ഇവർക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്. കുടിലുകൾ എത്രയോ ഭേദമെന്ന് തോന്നിപ്പോകും. കോടികൾ മുടക്കി റോഡും പാലവും നിർമിക്കുമ്പോഴും ആദിവാസി ഊരുകളിലേയ്ക്ക് നടപ്പാത പോലും ഇല്ല. ഇങ്ങനെയുള്ള എല്ലാ ഊരുകളിലും കമ്യൂണിസ്റ്റു പാർട്ടിയുടെയും ഭാരതീയ ജനതാപാർട്ടിയുടെയും കോൺഗ്രസിന്റെയും കൊടികൾ പാറിപ്പറക്കുന്നുണ്ട്. കൊടി നാട്ടാൻ ഓരോ സ്റ്റീൽ കമ്പി അവരവിടെ സ്ഥാപിച്ചു കൊടുത്തിട്ടുണ്ട്. ചില ഊരുകളിൽ ഒരു സ്റ്റീൽ കമ്പിയിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ കൊടികളും ഒന്നിച്ച് പാറിപ്പറക്കുന്നത് കാണാം. വീടുകളുടെയും കക്കൂസിന്റെയും ഭിത്തികളിലും രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ ഒട്ടിച്ചുവച്ചിരിക്കുന്നതു കാണാം.

വീടുകളുടെയും കക്കൂസിന്റെയും ഭിത്തികളിലും രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ ഒട്ടിച്ചുവച്ചിരിക്കുന്നതു കാണാം.

2013-ൽ അട്ടപ്പാടിയിൽ ശിശുമരണം വർദ്ധിക്കുകയും അത് ദേശീയതലത്തിൽ ചർച്ചയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്യൂണിറ്റി കിച്ചൻ പദ്ധതി ആരംഭിച്ചത്. കുട്ടികളിലെ പോഷകാഹാര പ്രശ്‌നം പരിഹരിക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. പിന്നീട് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അറുപത് വയസ്സിന് മുകളിൽ പ്രയാമായവർ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കി. കുടുംബശ്രീയാണ് പദ്ധതി നടത്തിപ്പുകാർ. സാമൂഹ്യനീതി അടുക്കളകൾ വഴി അട്ടപ്പാടിയിലെ നൂറ് ശതമാനം ആദിവാസി കുടുംബങ്ങൾക്കും മൂന്നുനേരം ഭക്ഷണം ലഭ്യമാക്കുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്. കമ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം വിതരണം ചെയ്താലൊന്നും പട്ടിണി മരണത്തിന് ശാശ്വത പരിഹാരം കിട്ടില്ല. കുടുംബശ്രീക്കും, സന്നദ്ധ സംഘടനകൾക്കും മാത്രമാണ് ഇതുകൊണ്ട്​ പ്രയോജനം. പോഷക സമ്പുഷ്ടമായ ഭക്ഷ്യവ്യവസ്ഥ ആദിവാസികൾക്കിടയിൽ രൂപപ്പെടുത്തിയെടുക്കുമെന്ന് പദ്ധതിയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നു. കോടിക്കണക്കിന്​ രൂപ മുടക്കാതെ ആദിവാസികൾ അവരുടെ ഭൂമിയിൽ പാരമ്പര്യ ഭക്ഷ്യ ഉല്പന്നങ്ങൾ ഉല്പാദിപ്പിച്ച്, ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരായിരുന്നു. അന്നൊന്നും ശിശുമരണവും പട്ടിണി മരണവും സംഭവിച്ചിട്ടില്ല. പോഷക സമ്പുഷ്ടമായ ഭക്ഷ്യ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കാൻ ആദിവാസികളെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കഴിക്കുമ്പോഴാണ് ഏതൊരാൾക്കും സംതൃപ്തിയുണ്ടാകുക. ഭക്ഷണം പോലും മറ്റുള്ളവർ കൊടുക്കുന്ന അളവിൽ കഴിക്കേണ്ട ഗതികേടാണ് ആദിവാസികൾക്ക്. അവർക്ക് രുചി തോന്നുന്ന ഭക്ഷണം അവർ തന്നെ ഉണ്ടാക്കി കഴിച്ചോളും, കുടുംബശ്രീ ഉണ്ടാക്കി കൊടുക്കേണ്ട ആവശ്യമില്ല. സ്വന്തമായി ഭക്ഷണം പാകം ചെയ്ത്​ കഴിക്കാനുള്ള അവകാശത്തെ കൂടിയാണ് കുടുംബശ്രീ നിഷേധിക്കുന്നത്. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്ത് ഫണ്ടും ആദിവാസികളുടെ ആയുസ്സും കൊള്ളയടിക്കുന്ന പണിയാണ് ചെയ്​തുകൊണ്ടിരിക്കുന്നത്​.

ആദിവാസികൾ അവരുടെ ഭൂമിയിൽ പാരമ്പര്യ ഭക്ഷ്യ ഉല്പന്നങ്ങൾ ഉല്പാദിപ്പിച്ച്, ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരായിരുന്നു.

പാരമ്പര്യ ഭൂമിയിൽ നിന്നും പാരമ്പര്യ വിഭവങ്ങളിൽ നിന്നും ആദിവാസികളെ പിഴുതെറിഞ്ഞപ്പോൾ അട്ടപ്പാടിയിൽ പട്ടിണി മരണം തുടർക്കഥയായി. ഭക്ഷണം കഴിക്കാനില്ലാതെ വിശന്ന്​ മരിക്കുന്നതിനെ, പോഷകാഹാരക്കുറവെന്നുപറഞ്ഞ് ലഘൂകരിക്കും. കൃഷി ചെയ്​ത്​, കന്നുകാലികളെ വളർത്തി ഉപജീവനം കഴിച്ചിരുന്നവരാണ് അട്ടപ്പാടിയിലെ ആദിവാസികൾ. 1996-ൽ അഹാഡ്‌സ് (അട്ടപ്പാടി ഹിൽ ഏരിയാസ് ഡവലപ്‌മെൻറ്​ സൊസൈറ്റി) വന്നതോടെ ആദിവാസികളുടെ പാരമ്പര്യ കൃഷി രീതി പൂർണമായി തകർക്കുന്ന സമീപന രീതിയാണ് സ്വീകരിച്ചത്. നാണ്യവിള തൈകൾ നൽകി തൊമരയും, ചാമയും, റാഗിയും ഇല്ലായ്മ ചെയ്തു. നാണ്യവിള തൈകൾ നടാൻ കൊടുത്തപ്പോൾ പറമ്പിൽ ആടുകളെയും കന്നുകാലികളെയും കേറ്റരുതെന്ന് പറഞ്ഞു. ആടുമാടുകളെ വളർത്താനിടമില്ലാതെ, ഉണ്ടായിരുന്നവയെയെല്ലാം വിൽക്കേണ്ടി വന്നു. ഉപജീവനമാർഗങ്ങളിൽ നിന്ന്​ വ്യതിചലിച്ചപ്പോൾ ആദിവാസികളുടെ ആരോഗ്യനിലവാരം കുറഞ്ഞു.

ഊരുകളിലെ മറ്റു വീടുകളെ അപേക്ഷിച്ച് അഹാഡ്‌സ് നിർമിച്ച കോൺക്രീറ്റ് വീടുകളെല്ലാം നല്ലതുതന്നെ. നിലനിൽപ്പിന്റെ അടിവേരു മുഴുവൻ പിഴുതുമാറ്റി കോൺക്രീറ്റു വീട്ടിൽ കഴിയുന്ന ആദിവാസികളുടെ ദുരിതജീവിതത്തെക്കുറിച്ച്​ചിന്തിക്കാവുന്നതേയുള്ളൂ.

തരിശുപ്രദേശത്തെല്ലാം കാട് നട്ടുപിടിപ്പിച്ച് വനമാക്കി മാറ്റിയെന്നാണ് അഹാഡ്​സ്​ പറയുന്നത്. കോടികൾ മുടക്കി കാട് നട്ടുപിടിപ്പിക്കേണ്ട ആവശ്യമില്ല. വികസനത്തിന്റെ പേരിൽ ആളുകളുടെ ഇടപെടൽ ഇല്ലാതിരുന്നാൽ സ്വാഭാവിക വനം താനേ മുളച്ചുണ്ടാകും. ജപ്പാൻ സഹായത്തോടെ 200 കോടി രൂപ മുടക്കി അഹാഡ്‌സ് പരിസ്ഥിതി പുനഃസ്ഥാപനം നടത്തിയെന്നാണ് പറയുന്നത്. പക്ഷേ അവിടം ഇപ്പോഴും മൊട്ടക്കുന്ന് തന്നെ. അഹാഡ്‌സിന്റെ ‘തായ്കുലം' മദ്യപാനത്തിനെതിരെ പ്രചാരണം നടത്തുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ്. പക്ഷേ ഇപ്പോഴും ഏറ്റവും കൂടുതൽ മദ്യം ഒഴുകുന്നത് അട്ടപ്പാടിയിലാണ്. അട്ടപ്പാടി ആദിവാസി മേഖലയിൽ എൻ.ജി.ഒ പ്രവർത്തനം വ്യാപകമാണ്​. ആദിവാസികളെ വീതം വെച്ചെടുത്ത്‌ പ്രൊജക്ട് ഉണ്ടാക്കുക, അതിന്റെ പേരിൽ ഫണ്ട് വാങ്ങുക, രണ്ടുമൂന്നു ദിവസം ട്രെയിനിംഗ്​ എന്നു പറഞ്ഞ് ഭക്ഷണം കൊടുക്കുക, സെമിനാർ നടത്തുക ഇതാണ് ഇവരുടെ പരിപാടി. ഇതുകൊണ്ട് ഫണ്ട്​ വാങ്ങുന്നവർ നന്നാവും എന്നല്ലാതെ ആദിവാസികളുടെ ദുരിതജീവിതത്തിന് മാറ്റമൊന്നുമുണ്ടാവില്ല. ആദിവാസികൾ പഴയ അവസ്ഥയിൽ തന്നെ നിൽക്കും.

നമ്മുടെ സമരമെല്ലാം നടക്കുമ്പോൾ, വരുന്ന ആദിവാസികളെ ഓരോന്നും പറഞ്ഞ് പിന്തിരിപ്പിക്കും. കൂട്ടായ്മയിൽ പ്രവർത്തിക്കുന്നവരെ നാലു വഴിക്കാക്കും. അവർക്ക് ചില്ലറ പൈസയും കൊടുക്കും. അല്ലാതെ എൻ.ജി.ഒകളെക്കൊണ്ട്​ ആദിവാസി മേഖലയിൽ ഒരു പ്രയോജനവുമില്ല, അവർക്കും ഒരു മാറ്റവും വരുത്താനും കഴിയില്ല. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments