എനിക്ക്​ പ്രേമിക്കാനറിയില്ല,
എനിക്കുവേണ്ടി ജീവിക്കാനും മറന്നുപോയി...

ചെറിയ പ്രായത്തിലേ പൊതുപ്രവർത്തന രംഗത്തുള്ള ആളായതുകൊണ്ട് എന്റെ പ്രവർത്തനം മനസ്സിലാക്കി എന്നോടൊപ്പം നിൽക്കുന്ന ആളെ കണ്ടെത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു.

അധ്യായം 38

ത്യത്തിൽ എനിക്ക് പ്രേമിക്കാനറിയില്ല. അതൊരു വലിയ പരാജയമാണ്.

എത്രയോ ആണുങ്ങളുടെ കൂടെ മീറ്റിംഗിനെല്ലാം പോയിട്ടുണ്ട്. അപ്പോഴൊന്നും ആരോടും ഒന്നും തോന്നിയില്ല. എല്ലാവരോടും ഒരേപോലെ പെരുമാറി. കൂട്ടുകാരികളോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്, ഒന്ന്‌ പ്രേമിക്കുന്നത് എങ്ങനെയാണെന്ന് പഠിപ്പിച്ചുതരാൻ.

എനിക്കുവേണ്ടി ജീവിക്കാൻ ഞാൻ ശരിക്കും മറന്നുപോയി.

വിവാഹാലോചനകൾ വന്ന സമയത്ത് നിരന്തരമായ പ്രശ്‌നങ്ങളും സമരങ്ങളും കേസുമെല്ലാമായിരുന്നു. ഇതൊക്കെയെന്ന്​ തീര​ട്ടെയെന്ന്​വിചാരിക്കുമ്പോൾ വീണ്ടും വരും സമരവും, കേസും. അങ്ങനെ സ്വന്തമായി കുടുംബത്തെക്കുറിച്ച് ചിന്തിക്കാനോ, അതിനുവേണ്ടി സമയം കണ്ടെത്താനോ കഴിഞ്ഞില്ല. എന്റെ ജീവിതത്തിനേക്കാളും മറ്റുള്ളവരുടെ ജീവിതത്തിനാണ് ഞാൻ പ്രാധാന്യം കൊടുത്തത്. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങളില്ലാതിരിക്കാൻ നിരന്തര ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായി എന്റെ ജീവിതം സ്വയം മറക്കുകയാണ് ചെയ്തത്. സ്വന്തമായ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോഴേക്കും എനിക്ക് 49 വയസ്സ് കഴിഞ്ഞിരുന്നു. ആ സമയത്ത് എന്റെ പ്രായത്തിനനുസരിച്ചുള്ള ആളിനെ എന്റെ വിഭാഗത്തിൽ നിന്ന്​ കിട്ടാൻ ബുദ്ധിമുട്ടാണ്. എല്ലാവരും ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിച്ച് കുട്ടികളായവരാണ്. ചെറിയ പ്രായത്തിലേ പൊതുപ്രവർത്തന രംഗത്തുള്ള ആളായതുകൊണ്ട് എന്റെ പ്രവർത്തനം മനസ്സിലാക്കി എന്നോടൊപ്പം നിൽക്കുന്ന ആളെ കണ്ടെത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു.

കല്ല്യാണാലോചനകൾ ഒരുപാട് വന്നിട്ടുണ്ട്. എന്റെ സുഖങ്ങളും സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും താല്പര്യവും മാത്രം നോക്കിയിരുന്നെങ്കിൽ ഞാൻ പൊതുപ്രവർത്തന രംഗത്തേക്ക് വരില്ലായിരുന്നു.

സഹപ്രവർത്തകരായ സുഹൃത്തുക്കൾ വഴി ആദിവാസി വിഭാഗത്തിനു പുറത്തുള്ള ഒരാൾ ഒരിക്കൽ ആലോചനയുമായി വന്നു. പ്രായം കൊണ്ടും തരക്കാരായിരുന്നു. വിവാഹതീയതി കണ്ടെത്തിയശേഷം സുഹൃത്തുക്കൾ എന്റെ അമ്മയോട് വന്നു സംസാരിക്കുവാനുള്ള ധാരണയിലായിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതിനിടയിൽ അദ്ദേഹം എന്നോട് പറഞ്ഞു, ‘ഞാൻ ഒരു പ്രവർത്തനത്തിന് പോയാൽ രണ്ട്, മൂന്ന് മാസം കഴിഞ്ഞേ വരൂ. പക്ഷേ ഞാൻ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു എന്നൊന്നും എന്നോട് ചോദിക്കരുത്. നിനക്ക് എവിടെ വേണേമെങ്കിലും പോകാം. എവിടെ പോകുന്നു, എന്തു ചെയ്തു എന്ന് എന്നെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല.’

അപ്പോൾ ഞാൻ പറഞ്ഞു; ‘ഇതെന്ത് കുടുംബജീവിതമാണ്? നമ്മൾ സാധാരണ കുടുംബമായി ജീവിക്കാനാഗ്രഹിക്കുന്നത് ഒറ്റപ്പെട്ടുപോവാതെ, എപ്പോഴും ഒരു കൂട്ട് വേണമെന്നാഗ്രഹിച്ചാണ്. മനസ്സ് തുറന്ന് സംസാരിക്കണം, ആത്മാർത്ഥമായി സ്നേഹിക്കണം, പരസ്പരവിശ്വാസമുണ്ടാവണം. ഇതൊന്നുമില്ലെങ്കിൽ എന്തിനാണ് വിവാഹജീവിതം?. ഞാനൊരു പൊതുപ്രവർത്തകയാണ്. ഭർത്താവ് എവിടെ പോയി, എന്തുചെയ്യുന്നു എന്നെല്ലാം ആരെങ്കിലും ചോദിച്ചാൽ ഞാൻ എന്തുപറയും. നിങ്ങൾ കല്യാണം കഴിക്കുന്നത് ഗ്രാമത്തിൽ ഒതുങ്ങിക്കഴിയുന്ന സാധാരണ സ്ത്രീയെ അല്ല. ഞാൻ പൊതുരംഗത്ത് അറിയപ്പെടുന്ന ആളാണ്. കൃത്യമായ നിലപാടും തീരുമാനവും നിങ്ങൾക്കുണ്ടാവണം. മറ്റുള്ളവരുടെ ചോദ്യത്തിന് എനിക്ക് മറുപടി പറയേണ്ടിവരും. ഭർത്താവിന്റെയും ഭാര്യയുടെയും ഇടയിൽ തുറന്നുപറച്ചിൽ വേണം. എന്നാലേ പരസ്പരം ബന്ധവും സ്നേഹവും ഉണ്ടാവൂ. ഈ പ്രായത്തിൽ വിവാഹം കഴിച്ച് തെറ്റിപ്പിരിയാനുള്ള ഇടവരുത്താൻ പാടില്ല.’

സുഹൃത്തുക്കൾ തീയതി തിരുമാനിച്ച്​ കോഴിക്കോട്ടുവച്ച് രജിസ്റ്റർ വിവാഹം നടത്തുന്നതിനെപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചു. അതിൽ ഞാനൊരു വ്യവസ്ഥ വെച്ചു- രജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം താലിയും കെട്ടണം, മോതിരവും മാറണം. ഞങ്ങളുടെ തീരുമാനത്തോട് അദ്ദേഹത്തിന് എതിർപ്പായിരുന്നു. കോഴിക്കോട്ടു വെച്ച് രജിസ്റ്റർ നടത്താൻ പാടില്ല, അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയും, പിന്നെയാരും അദ്ദേഹത്തെ അംഗീകരിക്കില്ല, അതുകൊണ്ട് വയനാട്ടിൽ വെച്ച് ആദിവാസി ആചാരത്തിൽ കല്യാണം നടത്താമെന്ന് അദ്ദേഹം പറഞ്ഞു.

പക്ഷേ പുറമെയുള്ള ആളായതുകൊണ്ട് എന്റെ ആചാരപ്രകാരം കല്യാണം നടക്കില്ല. ഇവിടെ വെച്ചു നടത്തിയാൽ വിവാഹം കഴിച്ചുവെന്ന രേഖയുമുണ്ടാവില്ല. ആരും അറിയാതെ കല്യാണം നടത്താനാണ് അദ്ദേഹം ഉദ്ദേശിച്ചത്. അങ്ങനെ അഭിപ്രായ വ്യത്യാസമുണ്ടായി. ആ വിവാഹം വേണ്ടെന്നു വെച്ചു. പത്രത്തിലൊക്കെ വാർത്തയായി. മീഡിയക്കാരെല്ലാം വിളിച്ചുചോദിച്ചു കൊണ്ടിരുന്നു. ചിലർ കല്ല്യാണം കഴിഞ്ഞുവെന്നുവരെ പറഞ്ഞു.

സ്വകാര്യ ജീവിതങ്ങളിലേക്ക് ഒതുങ്ങുമ്പോൾ നമ്മൾ തന്നെയാണ് സ്വയം ഇല്ലാതാവുന്നത്. ഈ വലിയ ലോകത്ത് നമ്മൾക്കൊരു ചെറിയ ജീവിതമാണുള്ളത്. ആ ചെറിയ ജീവിതം കൊണ്ട് പരമാവധി ആളുകൾക്ക് പ്രയോജനമുണ്ടാവണം.

കല്ല്യാണാലോചനകൾ ഒരുപാട് വന്നിട്ടുണ്ട്. എന്റെ സുഖങ്ങളും സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും താല്പര്യവും മാത്രം നോക്കിയിരുന്നെങ്കിൽ ഞാൻ പൊതുപ്രവർത്തന രംഗത്തേക്ക് വരില്ലായിരുന്നു. കല്ല്യാണം കഴിച്ച് ജീവിക്കുന്നത് മാത്രമാണ് ‘ജീവിതം' എന്നാണ് കൂടുതൽ പേരും ധരിക്കുന്നത്. പക്ഷേ കല്യാണം കഴിച്ച് കുടുംബമായി ജീവിക്കുന്നത് ജീവിതത്തിന്റെ നൂറിൽ ഒരു ഭാഗം മാത്രമാണ്. നമ്മുടെ പ്രവൃത്തിയിലൂടെ മറ്റുള്ളവർക്ക് ഗുണമുണ്ടാവുന്നതാണ്​ ബാക്കിയുള്ള ജീവിതം. പ്രകൃതിയിലേക്ക് ജനിച്ചുവീഴുമ്പോൾ നമ്മളിൽ ചില ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളുമെല്ലാം അർപ്പിച്ചിട്ടുണ്ട്. ഈ ലോകത്തോടും സമൂഹത്തോടും മാതാപിതാക്കളോടും സഹോദരങ്ങളോടും കുഞ്ഞുങ്ങളോടും സമുദായത്തോടുമെല്ലാം ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വത്തിൽ നിന്ന്​ആളുകൾ ഒഴിഞ്ഞുമാറുകയോ ഒളിച്ചോടുകയോ ചെയ്യും. ചിലർ ഒതുങ്ങിപ്പോകും. നമ്മളിൽ അർപ്പിച്ച കർത്തവ്യം നമുക്കുമാത്രമേ ചെയ്യാനാവൂ, വേറെയാർക്കും ചെയ്യാനാവില്ല. നമ്മൾ ജീവിച്ചു എന്നതിനല്ല പ്രാധാന്യം, എങ്ങനെ ജീവിച്ചു എന്നതിനാണ്. നമ്മളെക്കൊണ്ട്​ എത്ര ആളുകളുടെ ജീവിതം നിലനിർത്താൻ സാധിച്ചു എന്നിടത്താണ് നമ്മുടെ ജീവിതം അർത്ഥ പൂർണമാവുന്നത്.

സ്വാർത്ഥത നിറഞ്ഞ ലോകത്ത് സ്വകാര്യജീവിതത്തിനു മാത്രം മുൻതൂക്കം നൽകുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാവണം. അപ്പോഴാണ് നമ്മൾ യഥാർത്ഥ മനുഷ്യരാകുന്നത്. സ്വകാര്യ ജീവിതങ്ങളിലേക്ക് ഒതുങ്ങുമ്പോൾ നമ്മൾ തന്നെയാണ് സ്വയം ഇല്ലാതാവുന്നത്. ഈ വലിയ ലോകത്ത് നമ്മൾക്കൊരു ചെറിയ ജീവിതമാണുള്ളത്. ആ ചെറിയ ജീവിതം കൊണ്ട് പരമാവധി ആളുകൾക്ക് പ്രയോജനമുണ്ടാവണം. പരസ്പരം സ്നേഹിച്ചും സഹായിച്ചും പ്രവർത്തിച്ചും അർത്ഥപൂർണമായ ജീവിതം നയിക്കാൻ എല്ലാവർക്കും കഴിയണം.

‘കാമത്തിന്റെ കളിയരങ്ങ് ആയിരിക്കരുത് ജീവിതം, കരളലിയും കഥയുടെ കലവറ ആയിരിക്കണം ജീവിതം.'

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments