സി.കെ. ജാനുവും പൊന്നുവും

സി.കെ. ജാനകി എന്നഎന്റെ പൊന്നു

പൊന്നു വന്നശേഷം ജീവിതത്തിൽ ഒരുപാട്​ മാറ്റമുണ്ടായി. ഇപ്പോൾ എവിടെ പോയാലും വൈകുന്നേരം വീട്ടിലെത്താൻ നോക്കും. എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ വേഗം ഡോക്ടറെ കാണും. എന്നെക്കുറിച്ച് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. എല്ലാത്തിനു ഒരു കരുതലായി.

അധ്യായം 39

പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഓരോ ദിവസവും എനിക്ക്​ ഓരോ പദ്ധതികളും പരിപാടികളുമായിരുന്നു. ആളുകളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കാൻ ശ്രമം നടത്തുമ്പോൾ കൂടുതൽ പ്രശ്‌നങ്ങളുണ്ടായിക്കൊണ്ടിരുന്നു. ഇതിനിടയിൽ വിവാഹത്തെയും കുടുംബ ജീവിത്തെയും കുറിച്ചാലോചിക്കാൻ സമയം കിട്ടിയില്ല. അതിലുപരി, എന്റെ പ്രവർത്തനമേഖലയുമായി സഹകരിക്കുകയും അതിനോടൊപ്പം നിൽക്കുകയും ചെയ്യുന്ന ഒരു പുരുഷനെ കണ്ടെത്താനും കഴിഞ്ഞില്ല.

എനിക്ക് എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചും അവരുടെ കഷ്ടപ്പാടിനെക്കുറിച്ചും മാത്രമായിരുന്നു ചിന്ത. അവർക്കൊരു നല്ല ജീവിതം ഉണ്ടായിക്കാണണം എന്ന ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് നിരന്തരമായി ഇത്തരം പ്രശ്‌നങ്ങളിലേക്ക്​ കൂടുതൽ കൂടുതൽ അടുപ്പിച്ചു നിർത്തി. എല്ലാവരും എന്നോടു പറയും, നിന്റെ പ്രായത്തിലുള്ളവരെല്ലാം കല്ല്യാണം കഴിച്ചു, കുട്ടികളായി എന്നൊക്കെ. പക്ഷേ, ഇതിനൊന്നും സമയം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല.

വിവാഹ പ്രായം കഴിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു, ഇനി വിവാഹമേ വേണ്ടെന്ന്. 45-ാമത്തെ വയസ്സിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാനും തീരുമാനിച്ചു.

എനിക്കധികവും സ്ത്രീകൂട്ടുകാരായിരുന്നു. വയനാട് ജില്ലയിൽ രണ്ടാം ഗേറ്റിലെ കവിത, കുറുക്കൻ മൂലയിലെ അജിത, ചേലൂരുള്ള ദേവി, ചക്കിനി കോളനിയിലെ ദേവി, ബിന്ദു, അപ്പപ്പാറയിലെ റീന എന്നിവരെല്ലാം ഒപ്പം പ്രവർത്തിക്കുന്നവരാണ്. വിവാഹ പ്രായം കഴിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു, ഇനി വിവാഹമേ വേണ്ടെന്ന്. 45-ാമത്തെ വയസ്സിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാനും തീരുമാനിച്ചു. ആ വർഷം, 2015-ൽ, ഏഷ്യാനെറ്റ് ന്യൂസിന്റെ ‘സ്​ത്രീശക്തി’ പുരസ്കാരം എനിക്കായിരുന്നു. സമൂഹത്തിൽ പ്രവർത്തിക്കുന്ന ശക്തരായ സ്ത്രീകൾക്കുള്ള പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും മൊമന്റോയുമാണ് ലഭിച്ചത്. ഈ തുക ഒരു കുട്ടിയുടെ ജീവിതത്തിന് വേണ്ടി ചെലവഴിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ദത്തെടുക്കാനുള്ള രജിസ്​ട്രേഷൻ നടപടി തുടങ്ങിയത്. കേരളത്തിലായിരുന്നു ആദ്യം രജിസ്​റ്റർ ചെയ്​തത്​. ഇതിനായി ഞാനും കൂട്ടുകാരിയും എഴുത്തുകാരിയുമായ സി.എച്ച്. ചന്ദ്രികയും കൂടി വൈത്തിരി ഹോളി ഇൻഫെൻറ്​ ഗേൾസ് ഹോമിൽ പോയി. എനിക്കുമുമ്പ് ഒരുപാട് ആളുകളുള്ളതുകൊണ്ട് സീനിയോറിറ്റി അനുസരിച്ചാണ് കുഞ്ഞിനെ കിട്ടുക. എനിക്ക്​ രണ്ട് വർഷം കാത്തിരിക്കേണ്ടി വരുമെന്ന് അറിയാൻ കഴിഞ്ഞു. അതുകൊണ്ട് ദേശീയ തലത്തിൽ രജിസ്​ട്രേഷൻ നടത്തി. ഇ-മെയിലിലൂടെ കുട്ടികളുടെ പ്രൊഫൈലുകൾ വന്നു. ഇത്തരം കാര്യങ്ങൾ നോക്കാൻ എന്നെ സഹായിച്ചത് സഹോദരന്റെ മകനായ ഉണ്ണി (അരുൺ കെ.എ.) ആയിരുന്നു. ഒരു കുട്ടിയുടെ ഫോട്ടോ കണ്ടപ്പോൾ ഉണ്ണി പറഞ്ഞു, ഈ കുട്ടിയെ എടുക്കാമെന്ന്. അങ്ങനെ മാച്ച് ചെയ്തപ്പോഴാണ് അറിയുന്നത്, ഛത്തീസ്​ഗഢിലുള്ള കുട്ടിയാണെന്ന്.

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചുകൊണ്ടിരുന്ന കൂട്ടുകാരി ജി.എസ്. ദിവ്യ അവിടുത്തെ സെന്ററിലേക്ക് വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടിയെ സ്വീകരിക്കാൻ സെന്ററിലേക്ക് പോകാൻ അവൾ പറഞ്ഞു. ഞാനും സഹപ്രവർത്തകരായ മാമ്മൻ മാഷും വിനീതയും അബ്ദുവും കൂടി ഛത്തീസ്​ഗഢിലേക്ക് പോയി. ആദ്യം പോയപ്പോൾ ഹിന്ദി അറിയാത്തതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടായി. സെന്ററിലെത്തി കുട്ടിയെ കണ്ടു. ആ സമയത്ത് അവിടെ 63 കുട്ടികളുണ്ടായിരുന്നു. ഒരു ആയയോടൊപ്പം കുട്ടിയെ ഞങ്ങളുടെ കൂടെ മാർക്കറ്റിൽ വിട്ടു. ഉടുപ്പ്, വള, ചെരുപ്പ് എന്നിവയെല്ലാം വാങ്ങിക്കൊടുത്ത്, തിരികെ സെന്ററിൽ കൊണ്ടാക്കി. നാളെ പത്തുമണിക്ക്​ സെൻററിലെത്താനും അപ്പോൾ കുട്ടിയെ തരുമെന്നും അവർ പറഞ്ഞു. ഫാദർ അഗസ്റ്റിൻ വട്ടോളി വിളിച്ചുപറഞ്ഞിട്ട് അദ്ദേഹത്തിന്റെ സുഹൃത്തായ ഫാദർ ഞങ്ങൾക്കവിടെ താമസത്തിനും ഭക്ഷണത്തിനും സൗകര്യം ചെയ്തു തന്നിരുന്നു.

ഞാനൊരു ആദിവാസിയാണെന്നും പൊതുപ്രവർത്തകയാണെന്നും അവർക്ക്​മനസ്സിലായി. പിറ്റേന്നു രാവിലെ പത്തിന്​ ഞങ്ങൾ സെന്ററിൽ പോയി. അപ്പോഴവർ കുഞ്ഞിനെ വിട്ടുതരാൻ വിസമ്മതിച്ചു.

ഇതിനിടയിൽ വൈത്തിരി ചിൽഡ്രൻസ് ഹോമിലെ ഏജന്റുമായി സംസാരിച്ച്​എന്നെക്കുറിച്ചുള്ള കാര്യങ്ങൾ സെൻററിലുള്ളവർ അന്വേഷിച്ചറിഞ്ഞു. എന്നെക്കുറിച്ച് കൂടുതലറിയണമെങ്കിൽ ഗൂഗിളിൽ ‘സി.കെ. ജാനു’ എന്ന് തിരഞ്ഞു നോക്കിയാൽ മതിയെന്ന് ഞാനവരോട് പറഞ്ഞു. അവരതുപോലെ ചെയ്തുനോക്കിയപ്പോഴാണ്​, ഞാനൊരു ആദിവാസിയാണെന്നും പൊതുപ്രവർത്തകയാണെന്നും അറിയുന്നത്. പിറ്റേന്നു രാവിലെ പത്തിന്​ ഞങ്ങൾ സെന്ററിൽ പോയി. അപ്പോഴവർ കുഞ്ഞിനെ വിട്ടുതരാൻ വിസമ്മതിച്ചു. ഹിന്ദി ഞങ്ങൾക്ക് നന്നായി അറിയാത്തതുകൊണ്ട് കൃത്യമായ വിവരം അറിയാനും സാധിച്ചില്ല.

എന്റെ സുഹൃത്തായ പ്രിയങ്കയുടെ സുഹൃത്ത് പത്തനംതിട്ടക്കാരനായ ഗോൾഡി ഛത്തീസ്​ഗഢിലുണ്ടായിരുന്നു. അദ്ദേഹം വന്ന് കാര്യങ്ങൾ ചോദിച്ചപ്പോഴാണ്, എനിക്ക് വരുമാനം കുറവായതുകൊണ്ട് കുട്ടിയെ തരാൻ പറ്റില്ല എന്ന്​ അവർ പറഞ്ഞത്​. കുട്ടിയെ തരണമെങ്കിൽ എനിക്ക് എത്ര വരുമാനം വേണം എന്ന്​ ഞാൻ​ചോദിച്ചു. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയെങ്കിലും വേണമെന്നായി അവർ. എന്റെ വാർഷിക വരുമാനം അവർ ഉദ്ദേശിച്ചതിലും കുറവായിരുന്നു. ഞങ്ങൾ സെന്ററിൽ നിന്നിറങ്ങി. അന്ന് ഗോൾഡി സംഘടിപ്പിച്ച ഒരു മീറ്റിംഗിൽ പങ്കെടുത്തശേഷം നാട്ടിലെത്തി. പിന്നെ, അവർ പറഞ്ഞതുപോലെ രണ്ടു ലക്ഷം രൂപയുടെ സർട്ടിഫിക്കറ്റ് കൊടുത്തു. 10 ദിവസം കഴിഞ്ഞ് വന്നോളൂ എന്നവർ പറഞ്ഞു. പക്ഷേ, കുട്ടിയെ കിട്ടാൻ ഒരു മാസം കൂടി കഴിയുമെന്ന് പിന്നീട് അവർ വിളിച്ചുപറഞ്ഞു. അങ്ങനെ മൂന്നുമാസം വരെ കുട്ടിയെ തരാതെ പരമാവധി എന്നെ ഒഴിവാക്കാൻ ശ്രമം നടത്തി.

പിന്നീട് ഞാൻ കേരളത്തിന്റെ സെന്ററായ ‘സാറ'യിൽ പരാതി കൊടുത്തു. അതിനുശേഷം ഈ പരാതി കേന്ദ്ര ഏജൻസിയായ ‘കാര'യിലേക്കയച്ചു. അവിടെനിന്ന്​ കുട്ടിയുടെ സെന്ററിലേക്ക് വിളിച്ചു സംസാരിച്ചു. ആ കുട്ടിയുടെ പ്രൊഫൈൽ ഇനി ആർക്കും അയക്കരുതെന്നും ബ്ലോക്ക് ചെയ്ത് വെയ്ക്കണമെന്നും എനിക്കുതന്നെ കുട്ടിയെ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. അതിനുശേഷം ഞങ്ങൾ ഛത്തീസ്​ഗഢിലേക്ക് വിളിച്ചു. ഫോണിലൂടെ വിളിച്ചുപറഞ്ഞാലൊന്നും കുട്ടിയെ തരാൻ കഴിയില്ലെന്നും നാളെ എന്തെങ്കിലും സംഭവിച്ചുപോയാൽ ഞങ്ങൾക്ക് സമാധാനം പറയാൻ പറ്റില്ലെന്നുമായി അവർ. പരമാവധി എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന്​ മനസ്സിലായപ്പോൾ വീണ്ടും കേന്ദ്ര ഏജൻസിയുമായി ബന്ധപ്പെട്ടു. അവരെക്കൊണ്ട് കത്ത്​ കൊടുപ്പിച്ചു. എന്നിട്ടും ഓരോ കാരണം പറഞ്ഞ് ഒഴിവാക്കാൻ ശ്രമം നടത്തിക്കൊണ്ടിരുന്നു.

സുഹൃത്തുക്കളായ ദിവ്യയും ചാലക്കുടിയിലുള്ള പ്രൊഫ. കുസുമം ജോസഫുമാണ്​ അവരുമായി നിരന്തരം സംസാരിച്ചത്. വീണ്ടും ഞങ്ങൾ ‘കാര'യുമായി ബന്ധപ്പെട്ടു. അവിടുത്തെ കലക്​ടർക്ക്​ കത്ത് കൊടുത്തു. 2016 ജനുവരി ഒന്നിന് അവർ വിളിച്ച് ​കുട്ടിയെ വിട്ടുതരുമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ ഞാൻ കോടതിയിൽ പോകാൻ തീരുമാനിച്ചതായിരുന്നു. ഞാൻ ആദിവാസിയാണെന്ന് ഗൂഗിളിൽ നിന്ന് ​മനസ്സിലായതുകൊണ്ടാണ് എന്നെ ഒഴിവാക്കാൻ ശ്രമം നടത്തിയത്​.

അന്നുതന്നെ മോളുടെ കാതു കുത്തി കമ്മലിട്ടു. അരഞ്ഞാണവും പാദസരവും ഒരു മോതിരവും വാങ്ങി. അവൾക്ക്​ ജാനകി- സി.കെ. ജാനകി - എന്ന് പേരിട്ടു. പൊന്നു എന്ന ഓമനപ്പേരിൽ വിളിക്കാനും തുടങ്ങി.

ദിവ്യയും ഞാനുമാണ് രണ്ടാമത്തെ തവണ ഛത്തീസ്​ഗഢിലേക്ക് പോയത്. 40,000 രൂപയുടെ ഡി.ഡി. അടക്കാൻ അവർ പറഞ്ഞു. കുട്ടിയെ വിട്ടുതരുന്നതുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യത്തിന് 10,000 രൂപയും അടക്കണം. ഇതെല്ലാം ചെയ്തു കഴിഞ്ഞ്​ വൈകുന്നേരം സെന്ററിൽ​ സെൻറ്​ ഓഫും നടത്തി, അതിന്റെ ചെലവും ഞാനാണ് വഹിച്ചത്. 2016 ജനുവരി 5 ന് വൈകുന്നേരം ഏഴു മണിക്ക് കുട്ടിയെ വിട്ടുതന്നു. അന്ന് അവൾക്ക്​ മൂന്ന് വയസ്സായിരുന്നു. രാത്രി 11 ന് ഞങ്ങൾ പുറപ്പെട്ടു. പിറ്റേന്ന് വെളുപ്പിന് ആറിന്​ ബാംഗ്ലൂരിലെത്തി. ദിവ്യയുടെ വീട്ടിൽ പകൽ ചെലവഴിച്ചു. വൈകീട്ട് വയനാട്ടിലേക്ക് വന്നു. വെളുപ്പിന് മൂന്നിന്​മോളേം കൊണ്ട് വീട്ടിലെത്തി. അന്നുതന്നെ ഞാനും വിനീതയും അനിയത്തി മുത്തയും മാനന്തവാടിയിൽ പോയി. അച്​ഛന്റെ നാലാമത്തെ ഭാര്യ കൊളുമ്പി സുഖമില്ലാതെ മാനന്തവാടി ഗവൺമെൻറ്​ ആശുപത്രിയിലായിരുന്നു. കുഞ്ഞിനെ ഇളയമ്മയെ കാണിച്ചു. കുറേനേരം ഇളയമ്മ മോളെ മടിയിൽ വെച്ചിരുന്നു.

അന്നുതന്നെ മോളുടെ കാതു കുത്തി കമ്മലിട്ടു. അരഞ്ഞാണവും പാദസരവും ഒരു മോതിരവും വാങ്ങി. അവൾക്ക്​ ജാനകി- സി.കെ. ജാനകി - എന്ന് പേരിട്ടു. പൊന്നു എന്ന ഓമനപ്പേരിൽ വിളിക്കാനും തുടങ്ങി. പിറ്റേന്ന്​ മുത്തങ്ങ ഭൂവിതരണത്തിന്റെ മീറ്റിംഗിൽ പങ്കെടുക്കാൻ ബത്തേരിയിൽ പോയപ്പോൾ പൊന്നുവും എന്നോടൊപ്പം വന്നു. പത്രത്തിലും ടി.വി.യിലുമെല്ലാം വലിയ വാർത്തയായി. വന്ന സമയത്ത് ഹിന്ദി മാത്രമേ മോൾക്ക്​ അറിയുമായിരുന്നുള്ളൂ. ഒരു മാസം കൊണ്ട് മലയാളം പറയാൻ തുടങ്ങി. അവളെ കുറച്ചുദിവസം അമ്മ താഴെ പനവല്ലിയിലെ അംഗൻവാടിയിൽ കൊണ്ടുപോയിരുന്നു. കുന്ന് കേറിയുമിറങ്ങിയും അവൾക്ക്​ ക്ഷീണം പിടിച്ചതുകൊണ്ട് പിന്നെ വിട്ടില്ല. പൊന്നുവിന്റെ നാലാം പിറന്നാൾ എന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷിച്ചു. അവളെ മാനന്തവാടി സെൻറ്​ പാട്രിക്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എൽ.കെ.ജിക്കു ചേർത്തു. പനവല്ലിയിൽ നിന്ന്​ കാട്ടിക്കുളം വരെ വീടിനടുത്തുള്ള വേലായുധേട്ടന്റെ ഓട്ടോയിലാണ് വിട്ടിരുന്നത്. കാട്ടിക്കുളത്തുനിന്ന് സ്കൂൾ ബസുണ്ടായിരുന്നു.

പൊന്നു
പൊന്നു

കാലത്തിനനുസരിച്ച് നീങ്ങണം. സ്കൂളിൽ പഠിക്കാതിരുന്നതിന്റെയും ഇംഗ്ലീഷ് അറിയാത്തതിന്റെയും ബുദ്ധിമുട്ട്​ പറഞ്ഞറിയ്ക്കുന്നതിനും അപ്പുറമാണ്. ഇതെല്ലാം നന്നായി അനുഭവിച്ച ആളെന്ന നിലയിൽ എന്റെ മകൾക്ക് ഇത്തരം ബുദ്ധിമുട്ടുണ്ടാവരുത്. എത്രവരെ പഠിക്കാൻ അവൾ ആഗ്രഹിക്കുന്നുവോ അത്രവരെ പഠിപ്പിക്കണം എന്നാണ്​ എന്റെ ആഗ്രഹം. പഠനം കഴിഞ്ഞ് സമൂഹത്തിൽ ആരാകണമെന്ന് അവൾ സ്വയം തീരുമാനിക്കട്ടെ. ഇപ്പോൾ അവളെ മീറ്റിംഗുകൾക്ക്​ കൊണ്ടുപോകുന്നുണ്ട്. അവിടെയൊക്കെ ആളുകളുടെ പ്രശ്‌നങ്ങളും ദുരിതവും വേദനയും വിഷമവും ഇല്ലായ്മയും കഷ്ടപ്പാടും നേരിൽ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അതിനനുസരിച്ച് ഭാവിയിൽ എന്ത് നിലപാടാണ് എടുക്കേണ്ടതെന്ന് അവൾ സ്വയം തീരുമാനിക്കട്ടെ. എനിക്ക് ചെയ്തുകൊടുക്കാൻ പറ്റുന്ന പരമാവധി സഹായവും പിന്തുണയും ചെയ്​തുകൊടുക്കും. ഞാൻ അവളെ നന്നായി നോക്കുന്നുണ്ടോ എന്നറിയാൻ വൈത്തിരി ഹോളി ഇൻഫൻറ്​ ഗേൾസ് ഹോംമിൽ നിന്ന്​ മൂന്നുതവണ ഓഡിറ്റിന് വന്നിരുന്നു. ഇങ്ങനെ വരുമ്പോൾ 2000 രൂപയും അതാത് വർഷത്തെ അവളുടെ ഫോട്ടോയും നൽകണം.

ഞാൻ കുഞ്ഞിനെ ദത്തെടുത്തത്, അഴിമതി നടത്തി കിട്ടുന്ന പണം എന്റെ പേരിൽ മാത്രമാക്കാതെ അത് കുട്ടിയുടെ പേരിൽ കൂടിയാക്കി എനിക്ക് രക്ഷപ്പെടാനാണെന്ന് സഹപ്രവർത്തകരിൽ ചിലർ പറഞ്ഞു. ആരുമില്ലാത്ത കുഞ്ഞിനൊരു ജീവിതം കൊടുത്തതിനെ മനുഷ്യത്വപരമായി കാണാതെയാണ്​ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത്.

ഞാൻ കുഞ്ഞിനെ ദത്തെടുത്തത്, അഴിമതി നടത്തി കിട്ടുന്ന പണം എന്റെ പേരിൽ മാത്രമാക്കാതെ അത് കുട്ടിയുടെ പേരിൽ കൂടിയാക്കി എനിക്ക് രക്ഷപ്പെടാനാണെന്ന് സഹപ്രവർത്തകരിൽ ചിലർ പറഞ്ഞു. ആരുമില്ലാത്ത കുഞ്ഞിനൊരു ജീവിതം കൊടുത്തതിനെ മനുഷ്യത്വപരമായി കാണാതെയാണ്​ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത്. ഇവരെ എന്തിനോടാണ്​ ഉപമിക്കേണ്ടതെന്ന് അറിയില്ല. പൊന്നുവിനെ കൊണ്ടുവന്നപ്പോൾ സഹോദരങ്ങളിൽ ചിലർക്ക് എതിർപ്പായിരുന്നു. പിന്നീട് അതെല്ലാം മാറി. എല്ലാവരും അവളെ അംഗീകരിച്ചു.

എന്നെക്കൊണ്ട് പറ്റുന്ന വിധത്തിൽ സഹോദരങ്ങളെ സഹായിക്കാറുണ്ട്. അമ്മയാണ് ഒരു കുട്ടിയെ എടുക്കണമെന്നുപറഞ്ഞ് എന്നെ നിർബന്ധിച്ചത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവുമായി വേർപിരിഞ്ഞഞ്ഞ അനിയത്തി എന്നോടൊപ്പമായിരുന്നു താമസം. അമ്മയും അനിയത്തിയും വീട്ടിലുണ്ടായിരുന്നത് ഒരാശ്വാസമായിരുന്നു. ഞാൻ മീറ്റിംഗിനുപോകുമ്പോൾ പൊന്നുവിനെ നോക്കുന്നത് അനിയത്തിയായിരുന്നു. ഇപ്പോൾ അമ്മയും, അനിയത്തിയും തറവാട്ടിലാണ്. ഇടക്കുമാത്രം എന്റെ വീട്ടിൽ വരും.

പൊന്നു വന്നശേഷം ജീവിതത്തിൽ ഒരുപാട്​ മാറ്റമുണ്ടായി. സാധാരണ മീറ്റിംഗിന് പോയാൽ ഒന്നൊന്നര മാസം കഴിഞ്ഞാണ് വീട്ടിൽ വരുക. ഇപ്പോൾ എവിടെ പോയാലും വൈകുന്നേരം വീട്ടിലെത്താൻ നോക്കും. കൂടിപ്പോയാൽ രണ്ടോ മൂന്നോ ദിവസം മാത്രമേ മാറിനിൽക്കുകയുള്ളൂ. ഇപ്പോൾ എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ വേഗം ഡോക്ടറെ കാണും. എന്നെക്കുറിച്ച് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് പൊന്നു വന്നശേഷമാണ്. കുറേ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. മോളുണ്ടെന്ന ചിന്ത വന്നു. എല്ലാത്തിനു ഒരു കരുതലായി.

വീട്ടിൽ പൊന്നു ഒറ്റയ്ക്കാണ്. കൂടെ കളിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് അവൾ പറയും, അമ്മാ, ഒരു കുട്ടീനെ കൂടി എടുക്കണമെന്ന്.

കുട്ടികളുണ്ടെങ്കിലേ നമ്മുടെ ജീവിതത്തിന് ഒരു അർത്ഥമുള്ളൂ. അല്ലെങ്കിൽ വന്നാൽ വന്നു, ഇല്ലെങ്കിൽ ഇല്ല എന്ന മട്ടായിരിക്കും. വീട്ടിൽ പൊന്നു ഒറ്റയ്ക്കാണ്. കൂടെ കളിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് അവൾ പറയും, അമ്മാ, ഒരു കുട്ടീനെ കൂടി എടുക്കണമെന്ന്. പൊന്നു വയസ്സറിയിച്ചപ്പോൾ കുടുംബത്തിലെ എല്ലാവർക്കും സന്തോഷമായിരുന്നു. വയസ്സറിയ്ക്കൽ കല്ല്യാണം വലിയ ചടങ്ങായി നടത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അനിയത്തിയുടെ മകൻ മരിച്ചതിന്റെ അവസാന ചടങ്ങായ ‘കൂട്ടം' കഴിയാതിരുന്നതുകൊണ്ട് വലിയ ആഘോഷ പരിപാടി നടത്താനായില്ല. എന്നാലും, നിട്ടമാനിയിലെ തറവാട് വീട്ടിൽ ഒരു ചെറിയ ആഘോഷം നടത്തി. കുടുംബത്തിലെ കാർന്നോന്മാരും സമുദായക്കാരുമെല്ലാം വന്നു. തുടിയടിച്ച്, ചീനിയൂതി, പൂർവികരായ കാർന്നോന്മാരുടെയും തെയ്യങ്ങളുടെയും അനുവാദം വാങ്ങി കല്ല്യാണപ്പാട്ട് പാടി ‘അടിയ' ആചാരത്തോടു കൂടിയ വയസ്സറിയ്ക്കൽ കല്ല്യാണമാണ് നടത്തിയത്. പൊന്നു വന്നശേഷം നമ്മളെ എല്ലാ ചടങ്ങിലും അവൾ പങ്കെടുത്തിരുന്നു. അതുകൊണ്ട് വയസ്സറിയ്ക്കൽ കല്ല്യാണത്തെക്കുറിച്ച് അവൾക്കറിയാമായിരുന്നു.

പുറമെനിന്ന് നമ്മളെ ഗോത്രത്തിലേക്ക് ആരുവന്നാലും ചടങ്ങിലൂടെ നമ്മളെ ചെമ്മത്തിലേക്ക് അവരെ സ്വീകരിക്കും. ചെറിയൊരു തുക കൊടുത്താണ് ചെമ്മത്തിലേക്ക് ചേർക്കുന്നത്. എന്റെ ചെമ്മമായ ‘മുതിരെ' ചെമ്മത്തിലേക്ക് പൊന്നുവിനെ അംഗീകരിപ്പിച്ചു. ‘അച്ഛൻ ചെമ്മം’ എന്ന നിലയിൽ അച്​ഛന്റെ ചെമ്മമായ ‘കച്ചെലെ' ചെമ്മത്തിലേക്കും ചേർത്തു. ഇനി പൊന്നുവിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ അച്ഛൻ ചെമ്മം എന്ന നിലയിൽ പൊന്നുവിന്റെ കാര്യത്തിൽ അവർക്കിടപെടാനും തീരുമാനമെടുക്കാനും അവകാശമുണ്ടായിരിക്കും. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments