അധ്യായം 40
2004-ൽ കേരളത്തിലെ ആദിവാസി- ദലിത് പ്രവർത്തകരുടെ നേതൃത്വത്തിൽ രാഷ്ട്രീയ മഹാസഭ (RMS) എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. ഞാൻ, എം. ഗീതാനന്ദൻ, സണ്ണി. എം. കപിക്കാട്, ശ്രീരാമൻ കൊയ്യോൻ, കോട്ടയത്തുള്ള വി.ടി. ഐസക്, എം.ടി. തോമസ്, ശാന്തൻ സാറ്, എം.ജി. മനോഹരൻ, സി.ജെ. തങ്കച്ചൻ തുടങ്ങിയവരെല്ലാം ഇതിലുണ്ടായിരുന്നു. പത്തനംതിട്ടയിലെ അടൂരിൽ മൂന്നുദിവസത്തെ പാർട്ടി ക്യാമ്പ് സംഘടിച്ചു. ആദിവാസി- ദലിത് പ്രശ്‌നങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് ഒരു പത്രം ഇറക്കിയിരുന്നു. രാഷ്ട്രീയ മഹാസഭയുടെ സ്ഥാനാർത്ഥിയായി പാർലമെൻറ് ഇലക്ഷനിൽ ഇടുക്കി ജില്ലയിൽ ഞാൻ മത്സരിച്ചു. വയനാട് ജില്ലയിൽ ശ്രീരാമൻ കൊയ്യോനും, എറണാകുളം ജില്ലയിൽ സന്തോഷും മത്സരിച്ചുവെങ്കിലും ആരും വിജയിച്ചില്ല. ഇടുക്കിയിൽ എനിക്ക് 12,000 വോട്ട് ലഭിച്ചു.
കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും മെമ്പർഷിപ്പ് എടുക്കാനോ അതിന്റെ ഭാഗമാകാനോ എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രത്യയശാസ്ത്രത്തെക്കുറിച്ച് പഠിക്കാൻ ഞാൻ നിന്നിട്ടില്ല.
പാർട്ടിയുടെ നേതൃത്വത്തിൽ ആളുകൾക്കിടയിൽ വിശാലമായി ഇറങ്ങി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അണികളെ കൂട്ടാനോ പ്രവർത്തിക്കാനോ ആളില്ലായിരുന്നു. ഓരോ മീറ്റിംഗിലും, ആദിവാസി ഗോത്ര മഹാസഭ (എ.ജി.എം.എസ്) യിലെ ആളുകൾ മാത്രം വന്നു. പ്രവർത്തിക്കാനും മറ്റ് കാര്യങ്ങൾക്കും എ.ജി.എം.എസ് പ്രവർത്തകർ മാത്രമായി. ചിലരെല്ലാം പ്രസംഗിക്കാൻ മാത്രം വരും. അണികളാരും ഉണ്ടായിരുന്നില്ല. കൂട്ടായ ചർച്ചയോ തീരുമാനമോ ഇല്ലാതെ ചിലയാളുകളുടെ ഏകാധിപത്യ നിലപാടുകൾ കാരണം ആർ.എം.എസ് തുടക്കത്തിലേ തകർന്നു. അതിനുശേഷം 2016-ലാണ് ആദിവാസി-ദലിത് കൂട്ടായ്മയിൽ ഒരു രാഷ്ട്രീയപാർട്ടി രൂപീകരണം എന്ന ചർച്ച നടന്നത്.
2016-ലെ നിയമസഭാ ഇലക്ഷനിൽ മത്സരിക്കണം എന്ന ആവശ്യമായി കണ്ണൂരിലെ തെക്കൻ സുനിൽകുമാർ, പ്രകാശൻ മൊറാറ, ബിജു അയ്യപ്പൻ, പാലക്കാടുള്ള കുമാരദാസ്, പ്രതീഷ് വിശ്വനാഥൻ എന്നിവരെല്ലാം എന്നോട് സംസാരിക്കാൻ പനവല്ലിയിലെ വീട്ടിലേക്ക് വന്നു. ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമായി സംസാരിക്കാൻ വന്നതാണ് പ്രതീഷ് വിശ്വനാഥൻ. ബി.ജെ.പിയിൽ ചേർന്ന് താമര ചിഹ്നത്തിൽ മത്സരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും മെമ്പർഷിപ്പ് എടുക്കാനോ അതിന്റെ ഭാഗമാകാനോ എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രത്യയശാസ്ത്രത്തെക്കുറിച്ച് പഠിക്കാൻ ഞാൻ നിന്നിട്ടില്ല. അതേസമയം രാഷ്ട്രീയ പാർട്ടികളുടെ നിലപാടും പ്രവർത്തനവുമൊക്കെ വിലയിരുത്താറുണ്ട്. അതുകൊണ്ട് അത്തരം ആലോചനയോ മീറ്റിംങ്ങോ എത്ര തവണ നടത്തിയാലും എന്റെ ഭാഗത്തു നിന്ന് ആ രീതിയിലുള്ള തീരുമാനമുണ്ടാവില്ല. അതുകൊണ്ട് ചർച്ച അവസാനിപ്പിക്കാമെന്ന് ഞാൻ പറഞ്ഞു. വീണ്ടും മൂന്നുതവണ അവർ സംസാരിക്കാൻ വന്നു. അപ്പോഴും ഞാൻ നിലപാടിൽ ഉറച്ചുനിന്നു. പിന്നീടാണ് ഒരു മുന്നണി എന്ന നിലയിൽ മത്സരിച്ചുകൂടെ എന്ന ചർച്ച തുടങ്ങിയത്. അതിന്റെ ഭാഗമായാണ് കേരളത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ആളുകളുടെ ഒരു പാർട്ടി ഉണ്ടാക്കണമെന്നും നിലവിലുള്ള ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയുടെ ഘടകകക്ഷിയായി പങ്കുചേരണമെന്നുമുള്ള തീരുമാനമുണ്ടായത്.
പാർട്ടിയുണ്ടാക്കാൻ ചർച്ച നടക്കുമ്പോൾ തന്നെ കേരളത്തിലെ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് എതിർപ്പ് ശക്തമായിരുന്നു. എതിർപ്പുകളെയെല്ലാം അതിജീവിച്ചാണ് ജെ.ആർ.പി രൂപീകരിച്ചത്.
കണ്ണൂരും വയനാടുമുള്ള പട്ടികജാതി- പട്ടികവർഗത്തിൽപെട്ടവർ സുൽത്താൻബത്തേരി പഞ്ചായത്ത് ഹാളിൽ എത്തി. ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആർ.എസ്) എന്ന പേരിൽ പാർട്ടി പ്രഖ്യാപിച്ചു. ചെയർമാൻ ഞാനും ആക്ടിംഗ് ചെയർമാൻ പാലക്കാട്ടെ കുമാരദാസും സെക്രട്ടറി കണ്ണൂരുള്ള തെക്കൻ സുനിൽകുമാറും ഖജാൻജി എറണാകുളത്തുള്ള നാരായണൻ സാറുമായിരുന്നു. പാർട്ടി എൻ.ഡി.എയിൽ ഘടകകക്ഷിയായി. അന്നുതന്നെ വയനാട് ജില്ലയിലെ ബത്തേരി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള നോമിനേഷനും കൊടുത്തു. ബി.ജെ.പിക്കാരുമായി നടന്ന ചർച്ചയിൽ ഞങ്ങൾ ചില കാര്യങ്ങൾ ആവശ്യപ്പെട്ടു: -ജനാധിപത്യ മര്യാദ അനുസരിച്ച് മുന്നണിയിൽ പരിഗണിക്കണം.
- ബോർഡ് കോർപ്പറേഷൻ സ്ഥാപനങ്ങളിൽ ഞങ്ങളുടെ പാർട്ടിയുടെ പങ്കാളിത്തം ഉണ്ടാവണം.
- ഭരണഘടനയുടെ 244-ാം വകുപ്പനുസരിച്ച് പട്ടികവർഗക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശം ഷെഡ്യൂൾഡ് ഏരിയ ആയി പ്രഖ്യാപിക്കണം.
- മുത്തങ്ങ കേസ് പുനർപരിശോധന നടത്തണം.
- നിയമസഭാ ഇലക്ഷനിൽ ഞാൻ തോറ്റാൽ രാജ്യസഭ അംഗത്വം തരണം.
ഇത്രയുമാണ് ഞങ്ങൾ അവരോട് ആവശ്യപ്പെട്ടത്. ഞങ്ങളുടെ ഡിമാൻറ് എഴുതി തയ്യാറാക്കി അവർക്കു കൊടുത്തു.
പാർട്ടിയുണ്ടാക്കിയതും ഇലക്ഷനിൽ മത്സരിക്കാൻ നിന്നതുമെല്ലാം പെട്ടെന്നുള്ള തീരുമാനമായിരുന്നു. അതുകൊണ്ടു തന്നെ പാർട്ടിയുടെ പേരിനെ സംബന്ധിച്ചൊന്നും അധികം ചർച്ച നടന്നില്ല. പിന്നീട് ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പേര് മാറ്റണമെന്ന് പാർട്ടിയിൽ ചർച്ചയായി. ജെ.ആർ.എസ് എന്നു പറയുമ്പോൾ അതൊരു സമുദായ ഗ്രൂപ്പായാണ് വരിക. അണികൾക്കിടയിൽ കൂട്ടായ ചർച്ചയുടെയും അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിൽ പാർട്ടിക്ക് ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) എന്ന പേര് നൽകി. നീല നിറത്തിലുള്ള പതാകയുടെ നടുക്ക് വെള്ള നിറത്തിൽ സൂര്യന്റെ ചിത്രമാണ് പാർട്ടിയുടെ ചിഹ്നം. സൂര്യൻ ലോകത്തെ മുഴുവൻ നിലനിർത്തുന്നു എന്നതുകൊണ്ടാണ് ഈ ചിഹ്നം തിരഞ്ഞെടുത്തത്. സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണ് പാർട്ടിയിൽ. ചെയർമാൻ എസ്.ടി ആയാൽ സെക്രട്ടറി എസ്.സി ആയിരിക്കും. സമുദായ സംഘടനകൾ വഴി പൂർണാർത്ഥത്തിൽ ആദിവാസി- ദലിത് പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാവില്ല. എണ്ണിയാൽ തീരാത്ത ആദിവാസി- ദലിത് സംഘടനകൾ ഇന്നുണ്ട്. അവർക്ക് കഴിയുമായിരുന്നുവെങ്കിൽ നേരത്തെ ആദിവാസി- ദലിത് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടേണ്ടതായിരുന്നു.
പാർട്ടിയുണ്ടാക്കാൻ ചർച്ച നടക്കുമ്പോൾ തന്നെ കേരളത്തിലെ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് എതിർപ്പ് ശക്തമായിരുന്നു. എതിർപ്പുകളെയെല്ലാം അതിജീവിച്ചാണ് ജെ.ആർ.പി രൂപീകരിച്ചത്. കേരളത്തിലെ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിന്റെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ ജനാധിപത്യ സംവിധാനത്തിനകത്ത് പങ്കാളിത്തവും പ്രാതിനിധ്യവും ഉണ്ടാകണം. കഴിഞ്ഞകാല പ്രവർത്തനത്തിന്റെയും സമരത്തിന്റെയും അനുഭവം എന്നെ അതാണ് പഠിപ്പിച്ചത്. എത്ര ശക്തമായി സമരം ചെയ്ത് കരാർ വ്യവസ്ഥകളുണ്ടാക്കിയാലും ആ സമരത്തിന്റെ തീവ്രത കുറയുമ്പോൾ ഈ കരാറും വ്യവസ്ഥയും ഇല്ലാതാകും. കേരളത്തിലെ പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും സമരം മാത്രം ചെയ്ത് ജീവിച്ചുമരിക്കേണ്ടവരല്ല. അധികാരത്തിലൂടെ അവകാശങ്ങളും മറ്റു സംവിധാനങ്ങളും നേടിയെടുക്കാൻ ശ്രമിക്കേണ്ടതുണ്ട്. കേരളത്തിലെ സമുദായ ഗ്രൂപ്പുകളെല്ലാം പാർട്ടിയുണ്ടാക്കി മുന്നണി സംവിധാനത്തിൽ നിന്ന് അധികാരത്തിന്റെ ഭാഗമായപ്പോഴാണ് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടുള്ളത്. ഇങ്ങനെ വരാതെ പോയത് പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കുമാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ല. മാത്രമല്ല അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് അവരുള്ളത്.
ഞങ്ങൾ പാർട്ടിയുണ്ടാക്കി മുന്നണിയുടെ ഭാഗമായപ്പോൾ ഞാൻ ബി.ജെ.പിയിൽ പോയി എന്ന് ആരോപണമുയർന്നു. കോളനികളിലെല്ലാം പോയി ആളുകളെ തെറ്റിദ്ധരിപ്പിച്ച് മാറ്റാനുള്ള ശ്രമം ചിലരുടെ ഭാഗത്തുനിന്ന് നിരന്തരം നടന്നു.
പാർശ്വവൽകൃതരുടെ ജീവിതാവസ്ഥക്ക് മാറ്റമുണ്ടാക്കുന്ന ഒരു രാഷ്ട്രീയ അജണ്ട കേരള ചരിത്രത്തിൽ ഇതുവരെയും ഉണ്ടായിട്ടില്ല. ഞങ്ങൾ പാർട്ടിയുണ്ടാക്കി മുന്നണിയുടെ ഭാഗമായപ്പോൾ ഞാൻ ബി.ജെ.പിയിൽ പോയി എന്ന് ആരോപണമുയർന്നു. കോളനികളിലെല്ലാം പോയി ആളുകളെ തെറ്റിദ്ധരിപ്പിച്ച് മാറ്റാനുള്ള ശ്രമം ചിലരുടെ ഭാഗത്തുനിന്ന് നിരന്തരം നടന്നു. മറ്റു സമുദായത്തിലുള്ളവർ അവസരത്തിനും അധികാരത്തിനും അനുസരിച്ച്നിലപാടുകൾ മാറ്റുമ്പോൾ അവരെ ആരും വിമർശിക്കാറില്ല. എന്തുകൊണ്ട് നിങ്ങൾ ഈ നിലപാട് സ്വീകരിച്ചു എന്നുപോലും ആരും ചോദിക്കാറില്ല. ഇപ്പോൾ നിലപാട് എടുത്തത് ആദിവാസിയാണ്, അതിലുപരി ഒരു സ്ത്രീയാണ്. അതുകൊണ്ടാണ് എനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മൂർച്ചയേറുന്നത്. ആദിവാസികളിൽ ആർക്കും കുതിരകേറാം. നമ്മളെ മോശം എന്ന രീതിയിലും ചിത്രീകരിക്കാം. ആദിവാസികളോട് കാലങ്ങളായി വെച്ചുപുലർത്തുന്ന മനോഭാവമാണിത്. ആദിവാസികൾക്ക് ചായയും ഉണ്ടയും വെറ്റിലയും അടക്കയും ചാരായവും കൊടുത്ത് വോട്ടു പിടിക്കുന്ന സംസ്കാരമുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടിക്കാർക്ക് കേരളത്തിലെ ഏറ്റവും താഴെ തട്ടിലുള്ള വിഭാഗങ്ങൾ ഒരു നിലപാട് സ്വീകരിക്കുമ്പോൾ അതിൽ അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്. അടിമകളായി നിലനിർത്താൻ ആദിവാസികളും ദലിതരും വേണമെന്ന് ചിന്തിക്കുന്നതുകൊണ്ടാണ് മോശമായ അഭിപ്രായങ്ങൾ പറഞ്ഞുപരത്തുന്നത്. പണ്ട് നമ്മളുടെ ആളുകൾ ജന്മിക്ക് അടിമകളായിരുന്നു. ജന്മിത്തം ഇല്ലാതായപ്പോൾ ജന്മികളെല്ലാം രാഷ്ട്രീയ തമ്പുരാക്കന്മാരായി രൂപാന്തരപ്പെട്ടു. ഇപ്പോൾ നമ്മുടെ ആളുകൾ രാഷ്ട്രീയപാർട്ടിക്ക് അടിമകളായി. ആ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുവാൻ വേണ്ടിയാണ് ഞങ്ങൾ ജനാധിപത്യ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.
എൻ.ഡി.എയുടെ ഭാഗമായത് ഞങ്ങളുടെ തെറ്റായ നിലപാടായിരുന്നില്ല. നോർത്തിന്ത്യയിൽ ദലിതർക്കുനേരെ നടക്കുന്ന ആക്രമണത്തിൽ ഞങ്ങൾക്ക് വിയോജിപ്പുണ്ടായിരുന്നു. അത് തുറന്നുപറയുകയും ചെയ്തിരുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എൻ.ഡി.എ മീറ്റിംഗിൽ ഞാനും പങ്കെടുത്തിരുന്നു. അവിടെ ഞങ്ങളുടെ പാർട്ടിയുടെ നിലപാട് വളരെ കൃത്യമായി ഞാൻ പറഞ്ഞു. ഞങ്ങളെ ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചതിന്റെ കാരണക്കാർ കേരളം മാറിമാറി ഭരിച്ച ഇടതു- വലതു മുന്നണികളാണ്. അഞ്ചുവർഷം കുറെ വാഗ്ദാനങ്ങൾ പറയുകയും ഒടുവിൽ ഒന്നും ചെയ്യാതെ ഇറങ്ങിപ്പോവുകയും ചെയ്യും. കേരളത്തിലെ ആദിവാസികളും ദലിതരും നൂറ്റാണ്ടുകളായി ഇവരുടെ കൂടെയായിരുന്നില്ലേ നടന്നത്. ശരിക്കും ഞങ്ങളെ ആദ്യം പരിഗണിക്കേണ്ടിയിരുന്നത് ഇടതു- വലതു മുന്നണികളായിരുന്നു. വോട്ട് ചെയ്യാൻ മാത്രം ആദിവാസികളും ദലിതരും വേണം. അതുകഴിഞ്ഞാൽ കറിവേപ്പില പോലെ വലിച്ചെറിയും.
ഒരുപാടുവർഷം ഒരുമിച്ച് പ്രവർത്തിച്ച് എന്നെക്കുറിച്ച് മുഴുവൻ കാര്യവും മനസ്സിലാക്കിയ ആൾ ഇത്തരം അപരാധങ്ങൾ പറഞ്ഞപ്പോൾ, അദ്ദേഹത്തിന് ഇത്രയും കാലത്തിനിടയിൽ എന്നെക്കുറിച്ച് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഞാൻ സ്വയം തിരിച്ചറിഞ്ഞു.
ഞാൻ ബി.ജെ.പിയിൽ പോയെന്നുപറഞ്ഞ് പത്രങ്ങളിലും ടെലിവിഷനിലും സോഷ്യൽ മീഡിയയിലും ചർച്ചയായി. സഹപ്രവർത്തകനായിരുന്ന ആളുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുണ്ടായി. 20 സമരരംഗത്ത് ഒരുപോലെ പ്രവർത്തിച്ചവരാണ് ഞങ്ങൾ. ഒരു കാര്യത്തിലും എതിരഭിപ്രായമില്ലായിരുന്നു. ഇങ്ങനെ ഒരുമിച്ച് പ്രവർത്തിച്ച അദ്ദേഹം ഒന്നരമാസം എനിക്കെതിരെ ആരോപണങ്ങളുന്നയിച്ചു, വാർത്താസമ്മേളനം നടത്തി. മാസികകളിലൂടെ വ്യക്തിപരമായി ആക്ഷേപിച്ചു. കേരളത്തിലെ എല്ലാ ആദിവാസികളെയും ബി.ജെ.പിക്ക് ‘കൂട്ടിക്കൊടുക്കുന്ന’ പണിയാണ് ഞാൻ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നെ ആദിവാസി ഗോത്ര മഹാസഭയിൽ നിന്ന്പുറത്താക്കിയെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തി. നമ്മുടെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് എന്നിൽ നിന്നകറ്റാൻ ശ്രമിച്ചു. അപ്പോഴും ഞാൻ പ്രതികരിച്ചില്ല. എന്റെ അറിവില്ലായ്മയോ കഴിവുകേടുകൊണ്ടോ അല്ല. കൃത്യമായ നിലപാടും തീരുമാനവും ഉണ്ടായിരുന്നതുകൊണ്ടുതന്നെയാണ്. ഞാനും മറുപടി പറയാൻ നിന്നാൽ ആരോപണമുന്നയിക്കുന്ന ആളും ഞാനും ഒരുപോലെയാവും. വിശാലവും വ്യാപ്തിയുമുള്ള ആദിവാസി സംസ്കാരത്തിൽ ജനിച്ചുവളർന്ന് അതേ സംസ്കാരത്തിൽ ജീവിക്കുന്ന ആളാണ് ഞാൻ. പരസ്പരം ആരോപണം നടത്തി സ്വയംതരംതാഴുന്നത് എന്റെ സംസ്കാരത്തിന് യോജിക്കുന്നതല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. ഒരുപാടുവർഷം ഒരുമിച്ച് പ്രവർത്തിച്ച് എന്നെക്കുറിച്ച് മുഴുവൻ കാര്യവും മനസ്സിലാക്കിയ ആൾ ഇത്തരം അപരാധങ്ങൾ പറഞ്ഞപ്പോൾ, അദ്ദേഹത്തിന് ഇത്രയും കാലത്തിനിടയിൽ എന്നെക്കുറിച്ച് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഞാൻ സ്വയം തിരിച്ചറിഞ്ഞു. എനിക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ചപ്പോൾ സഹപ്രവർത്തകരും സുഹൃത്തുക്കളും അതിനെതിരെ വാർത്താസമ്മേളനം നടത്താൻ എന്നോട് ആവശ്യപ്പെട്ടു. അപ്പോഴും ഞാനത് ചെയ്തില്ല. കാരണം, ഒരേ ആശയത്തിന്റെ അടിസ്ഥാനത്തിൽ ഒരേ കോഡിനുവേണ്ടി ഒന്നിച്ചു പ്രവർത്തിച്ചവരാണ് ഞങ്ങൾ. അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിച്ചിരുന്നു.
സുഹൃത്തുക്കളും സാമൂഹ്യപ്രവർത്തകരും എന്നെ വിളിച്ചു സംസാരിച്ചു. നിങ്ങൾ ഇന്റർനാഷണൽ ലെവലിൽ അറിയപ്പെടുന്ന ആളാണ്, എൻ.ഡി.എ പോലെ ജാതി- വർഗീയ ഫാഷിസത്തോടൊപ്പം പോകരുത് എന്നാണ് എല്ലാവരും പറഞ്ഞത്. എന്റെ മറുപടി ഇതായിരുന്നു: ‘എൻ.ഡി.എയിലേക്ക് പോകരുതെന്ന് നിങ്ങൾ പറയുമ്പോൾ ഞാൻ എവിടെ പോകണമെന്ന് പറയാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്. ഇന്റർനാഷണൽ ഇമേജ് നിലനിർത്തുമ്പോൾ ഞാൻ പ്രവർത്തിക്കുന്ന, ഞാനുദ്ദേശിക്കുന്ന ഒരു കുടുംബത്തിന്റെയോ ഒരു വ്യക്തിയുടെയോ പ്രശ്‌നം ഒരു മിനിറ്റ് പോലും പരിഹരിക്കപ്പെടുന്നില്ല. ഒന്നിനും പരിഹാരം കാണാൻ പറ്റാത്ത ഇന്റർനാഷണൽ ഇമേജ് ഞാൻ എന്തിന് ചുമന്നു നടക്കണം?. ചിലയാളുകൾക്ക് അവരുടെ ഉദ്ദേശ്യത്തിനും ചിന്തകൾക്കും അനുസരിച്ച് അവരുടെ അടിമയെപ്പോലെ ഞാൻ പ്രവർത്തിക്കണം എന്നുണ്ട്. അതുപോലെ പ്രവർത്തിക്കേണ്ടി വന്നാൽ സ്വന്തം നിലപാടില്ലാത്ത വ്യക്തിയായി ഞാൻ മാറും. ഒരാൾ പറയുന്നതിനനുസരിച്ചേ അഭിപ്രായവും നിലപാടും എടുക്കാൻ പാടുള്ളൂ എന്ന് വിചാരിക്കുന്ന ആളുകൾക്ക്, ജനാധിപത്യ സംവിധാനത്തിനകത്ത് കാലഘട്ടത്തിനനുസരിച്ചുള്ള സാമൂഹ്യമാറ്റത്തിനൊപ്പം നിൽക്കാൻ കഴിയാതെ വരും. കാരണം, അവർ മാനസികമായി പരിവർത്തനപ്പെടാത്തതുകൊണ്ട്. മാനസികവും സാമൂഹികവുമായ പരിവർത്തനത്തിന് വിധേയമാകാൻ യോജിപ്പില്ലാത്തവർ മാറിനിൽക്കുന്നതു തന്നെയാണ് നല്ലത്. എനിക്ക് കൃത്യമായ രാഷ്ട്രീയ നിലപാടും, തീരുമാനവുമുണ്ട്. അതനുസരിച്ചുതന്നെയാണ് ഞാൻ മുന്നോട്ടുപോകുന്നത്. പൊതുവെ ഞങ്ങളുടെ രാഷ്ട്രീയ നിലപാടിനോട് പലർക്കും ഇന്നും എതിർപ്പാണ്. ഞങ്ങളുടെ കഷ്ടപ്പാടിന്റെയോ ദുരിതത്തിന്റെയോ ത്യാഗത്തിന്റെയോ ഞങ്ങൾ നടത്തിയ പ്രവർത്തനത്തിന്റെയോ ഒരു അംശം പോലും അനുഭവിച്ചിട്ടില്ലാത്ത വരാണ് വലിയ അഭിപ്രായം പറഞ്ഞ് രംഗത്തുവരുന്നത്. അപ്പോൾ പരസ്പരം പറയുന്ന അഭിപ്രായങ്ങൾ ‘മുതിരയും മോരും' പോലെ ഇരിക്കും. ഒരാൾ ഒരു കവിത തെറ്റിച്ചു പാടുമ്പോൾ അത് തെറ്റോ ശരിയോ എന്ന് ചിന്തിക്കാതെ ഏറ്റുപാടുന്ന പണിയാണ് പലരും ചെയ്യുന്നത്.
മുന്നണിയുടെ ഭാഗമായപ്പോൾ സൗഹൃദങ്ങളിൽ വിള്ളൽ വന്നു. സുഹൃത്തുക്കൾ മിണ്ടാതായി. വിളിച്ചാൽ ഫോൺ എടുക്കാതായി, പല പരിപാടികളിൽ നിന്നും മാറ്റിനിർത്തി.
മുന്നണിയുടെ ഭാഗമായപ്പോൾ സൗഹൃദങ്ങളിൽ വിള്ളൽ വന്നു. സുഹൃത്തുക്കൾ മിണ്ടാതായി. വിളിച്ചാൽ ഫോൺ എടുക്കാതായി, പല പരിപാടികളിൽ നിന്നും മാറ്റിനിർത്തി. എന്നാൽ ഇവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; പൊളിറ്റിക്കൽ നിലപാടിനപ്പുറമാണ് സുഹൃത്ബന്ധവും സ്നേഹവും. അത് ഓരോ വ്യക്തിയും തിരിച്ചറിയുന്നതാണ് അതിന്റെ യഥാർത്ഥ മഹത്വം. അവർ വിചാരിക്കുന്നിടത്തും പറയുന്നിടത്തും ഞാൻ നിൽക്കണമെന്ന ചിന്ത ഒരു ‘അടിമ ഫാഷിസ്റ്റ്' മനോഭാവത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്. ഞാനിന്നും എന്റെ പൊളിറ്റിക്കൽ നിലപാടിനപ്പുറമുള്ള സുഹൃത്ബന്ധവും പരിചയവും സ്നേഹവും നിലനിർത്തുന്നുണ്ട്. എനിക്ക് അപവാദങ്ങളും പരാതികളും കേൾക്കേണ്ടി വന്നിട്ടുണ്ട്. അവഗണനയും അകറ്റിനിർത്തലും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത്.
ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനിടയിൽ ചില പ്രധാന പ്രവർത്തകർ പാർട്ടിക്കുള്ളിൽ നിന്ന്ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമവും സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് വരുത്തുകയും ചെയ്തു. എനിക്കെതിരെ അവർ നമ്മുടെ ആളുകൾക്കിടയിൽ ആരോപണങ്ങൾ പറഞ്ഞു പരത്തി. പക്ഷെ നമ്മുടെ ആളുകൾക്ക് അറിയാമായിരുന്നു, എനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്. അത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ നിന്ന് ഈ പ്രവർത്തകരെ പുറത്താക്കി. ▮
(തുടരും)