ഇടതുപക്ഷം
​ഞങ്ങളോട്​ ചെയ്​തത്​...

ആദ്യമെല്ലാം നമ്മളെ പരിഗണിക്കും എന്ന രീതിയിൽ സംസാരം നടന്നുവെങ്കിലും പിന്നീട് അത്തരം ചർച്ചയോ സംസാരമോ ഉണ്ടായില്ല. എന്നാൽ, ഞങ്ങളോട് ഇങ്ങനെയെല്ലാം സംസാരിച്ച ആളുകൾ കേരള കോൺഗ്രസ്- എം വന്നപ്പോൾ പെട്ടെന്നുതന്നെ ഘടകക്ഷിയായി പരിഗണിച്ചു. ആദിവാസികളോടും ദലിതരോടും കമ്യൂണിസ്റ്റ് പാർട്ടി കാണിച്ച അവഗണനയായാണ് ഞങ്ങളിതിനെ കാണുന്നത്.

അധ്യായം 40 (തുടർച്ച)

2016- ലെ നിയമസഭാ ഇലക്ഷനിൽ മത്സരിച്ച് ഞാൻ പരാജയപ്പെട്ടു. 27,920 വോട്ടാണ്​ലഭിച്ചത്​. ഇലക്ഷൻ തിരക്കെല്ലാം കഴിഞ്ഞ് ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് അവർ പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ പോയി അമിത്ഷായുമായും കേരളത്തിലെ ബി.ജെ.പി പ്രതിനിധികളുമായും ചർച്ച നടത്തി. ഒരാഴ്ച കൊണ്ട് ഈസിയായി പരിഹരിക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രമെ ആവശ്യപ്പെട്ടിരുന്നുള്ളൂ. അപ്പോഴെല്ലാം, തിരക്കാണ്, പരിഹാരം കാണാം, ഈ ആഴ്ച, അടുത്ത ആഴ്ച എന്നുപറഞ്ഞ് ദിവസങ്ങൾ നീട്ടി. രണ്ടര വർഷം അവരോടൊപ്പം നിന്നു. പക്ഷെ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായില്ല.

ജെ.ആർ.പി അണികൾക്കിടയിൽ ഇത് വലിയ പ്രശ്‌നമായി, ചർച്ചയായി. എൻ.ഡി.എ മുന്നണി വിടണമെന്നായി പാർട്ടി തീരുമാനം. വാഗ്ദാനങ്ങൾ പാലിക്കാത്തതുകൊണ്ട് 2018 ഒക്ടോബർ 14ന് മുന്നണിയിൽനിന്ന് ഞങ്ങൾക്ക് പിൻമാറേണ്ടി വന്നു. എൻ.ഡി.എ വിട്ട് സ്റ്റേറ്റ്‌മെൻറ്​ കൊടുത്തപ്പോൾ തന്നെ അന്നത്തെ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി എന്നെ വിളിച്ചു സംസാരിച്ചു; നേരിൽ കാണണം, സംസാരിക്കണം എന്നു പറഞ്ഞു. നേരിൽ കാണാം, സംസാരിക്കാമെന്ന് ഞാനും പറഞ്ഞു.

നമുക്ക് അധികാരം കിട്ടിയാൽ ആദിവാസി- ദലിത് വിഭാഗത്തിന്റെ ദുരിത ജീവിതത്തിന്​ പരിഹാരമുണ്ടാക്കാൻ കഴിയും. അപ്പോൾ നമ്മുടെ ആളുകളെല്ലാം ഒന്നിച്ചു നിൽക്കും. അതിനെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഭയക്കുന്നു. അതുകൊണ്ട് അധികാരത്തിന്റെ ഏഴയലത്ത് പോലും നമ്മളെ അടുപ്പിക്കാതിരിക്കാൻ ഇവർ ഒറ്റക്കെട്ടായി ശ്രമിക്കും.

ഞാനും പാർട്ടി സെക്രട്ടറിയും തിരുവനന്തപുരത്ത് പോയി. ആദ്യം ചർച്ച നടന്നത് സി.പി.ഐ.യുമായിട്ടാണ്. സി.പി.ഐയുടെ പ്രധാന നേതാവുമായി മൂന്നു പ്രാവശ്യം ചർച്ചനടത്തി. സി.പി.ഐയിൽ ചേർന്നാൽ ഏതെങ്കിലും ഒരു വകുപ്പിൽ ഉത്തരവാദപ്പെട്ട സ്ഥാനം തരാമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ചേരാൻ ഞങ്ങൾക്ക് പറ്റില്ല, ഘടകകക്ഷി എന്ന നിലയിൽ പരിഗണിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. അങ്ങനെയാണെങ്കിൽ പാർട്ടി സെക്രട്ടറിയെ നേരിൽ കണ്ട് സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ പാർട്ടി സെക്രട്ടറിയെ നേരിൽ കണ്ട് സംസാരിച്ചു. ജെ.ആർ.പിയിൽ ഭൂരിഭാഗവും ഇടതുപക്ഷ നിലപാടിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. ഘടകകക്ഷിയായി ചേരുന്നതിന്റെ ഭാഗമായി ജെ.ആർ.പി.യുടെ ഔദ്യോഗിക ലെറ്ററിൽ ഘടകക്ഷിയായി നമ്മളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി എ.കെ.ജി. സെന്ററിൽ കൊടുത്തു. അങ്ങനെ, ഡിസംബർ 26ന് ഇടതുപക്ഷത്തോടൊപ്പം സഹകരിക്കാൻ തീരുമാനിച്ചു. ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോഴും മിനിറ്റിനു മിനിറ്റിന് പാർട്ടി മാറുന്നു എന്ന ആരോപണങ്ങളുയർന്നു. മറ്റുള്ളവർക്ക് അവരുടെ സ്വാർത്ഥക്ക് ഏതു പാർട്ടിയിലും പോകാം, അതിന്റെ ഭാഗമാകാം. അതെല്ലാം ജനാധിപത്യരീതിയാണെന്ന് പറയും. എന്നാൽ കേരളത്തിലെ പട്ടികജാതിക്കാരും പട്ടികവർഗക്കാരും ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ കൂടെ മുന്നണി എന്ന രീതിയിൽ നിലപാടെടുത്താൽ അത് കൊടുംപാതകമാകുകയും ചെയ്യും. അതിനെക്കുറിച്ചുള്ള നിലക്കാത്ത ചർച്ചയുണ്ടാകും, അഭിപ്രായ വ്യത്യാസമുണ്ടാകും. ഇവിടെ ജനാധിപത്യത്തിന്റെ പേരിൽ ഏകാധിപത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ആളുകൾക്കറിയാം. പക്ഷെ ആരും ഇതിനെതിരെ പ്രതികരിക്കുന്നില്ല. അറിഞ്ഞോ അറിയാതെയോ ഈ ഏകാധിപത്യത്തിന്റെ ഭാഗമാകാനാണ് ശ്രമിക്കുന്നത്.

ഇതിനിടയിൽ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് ഞങ്ങൾ സംസാരിച്ചു.
‘നിങ്ങളെ ഘടകകക്ഷിയായി പരിഗണിക്കുന്ന കാര്യത്തിൽ ഉത്തരവാദപ്പെട്ട കാര്യങ്ങൾ ഏൽപിച്ചത് എസ്.സി- എസ്.ടി. വകുപ്പ് മന്ത്രിയെയാണ്, അദ്ദേഹത്തെ കണ്ട് സംസാരിച്ചാൽ മതി’ എന്ന്​ മുഖ്യമന്ത്രി പറഞ്ഞു.
അങ്ങനെ വകുപ്പുമന്ത്രിയെ കണ്ട് സംസാരിച്ചു. സഹകരിച്ചു പോകുന്നതിൽ കുഴപ്പമില്ല എന്നദ്ദേഹം പറഞ്ഞു. ഘടകക്ഷി എന്ന നിലയിൽ നിങ്ങളെന്താണ് ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
എസ്.സി- എസ്.ടി. ബോർഡ്- കോർപ്പറേഷൻ ചെയർമാൻ പോസ്റ്റും മറ്റു ബോർഡുകളിൽ പാർട്ടിയിലെ ആളുകൾക്ക് മെമ്പർ സ്ഥാനവും ഘടകക്ഷികൾക്ക് കൊടുക്കുന്ന എല്ലാ അധികാരങ്ങളും ആനുകൂല്യങ്ങളും തരണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു.
ആലോചിക്കാം എന്ന്​ അദ്ദേഹം പറഞ്ഞു.
പെട്ടെന്ന് ഘടകക്ഷിയായി പരിഗണിക്കാൻ പറ്റില്ല, കുറച്ചുനാൾ നിങ്ങളുടെ പാർട്ടി ഞങ്ങളോട് സഹകരിച്ചു പ്രവർത്തിക്കണം, എന്നാൽ മാത്രമേ ഘടകക്ഷിയായി പരിഗണിക്കാൻ പറ്റൂ എന്നദ്ദേഹം പറഞ്ഞു.

പലതവണ ചർച്ച നടത്തിയിട്ടും അന്തിമ തീരുമാനമാവാതെ വന്നപ്പോഴാണ് ഇടതുപക്ഷത്തിനോടൊപ്പം സഹകരിക്കാതിരുന്നത്. ഇടതുപക്ഷം ഞങ്ങൾക്ക് സ്വീകാര്യത തന്നില്ല. അതുകൊണ്ടാണ് വീണ്ടും എൻ.ഡി.എക്കൊപ്പം നിൽക്കേണ്ടി വന്നത്.

ആദ്യമെല്ലാം നമ്മളെ പരിഗണിക്കും എന്ന രീതിയിലുള്ള സംസാരം നടന്നുവെങ്കിലും പിന്നീട് അത്തരം ചർച്ചയോ സംസാരമോ ഉണ്ടായില്ല. എന്നാൽ, ഞങ്ങളോട് ഇങ്ങനെയെല്ലാം സംസാരിച്ച ആളുകൾ കേരള കോൺഗ്രസ്- എം വന്നപ്പോൾ പെട്ടെന്നുതന്നെ ഘടകക്ഷിയായി പരിഗണിച്ചു. ആദിവാസികളോടും ദലിതരോടും കമ്യൂണിസ്റ്റ് പാർട്ടി കാണിച്ച അവഗണനയായാണ് ഞങ്ങളിതിനെ കാണുന്നത്. പലതവണ ചർച്ച നടത്തിയിട്ടും അന്തിമ തീരുമാനമാവാതെ വന്നപ്പോഴാണ് ഇടതുപക്ഷത്തിനോടൊപ്പം സഹകരിക്കാതിരുന്നത്. ഇടതുപക്ഷം ഞങ്ങൾക്ക് സ്വീകാര്യത തന്നില്ല. അതുകൊണ്ടാണ് വീണ്ടും എൻ.ഡി.എക്കൊപ്പം നിൽക്കേണ്ടി വന്നത്.

ജോസ്.കെ. മാണിയെ എ.കെ.ജി. സെന്ററിൽ സ്വീകരിക്കുന്ന ​എ. വിജയരാഘവനും കോടിയേരി ബാലകൃഷ്​ണനും
ജോസ്.കെ. മാണിയെ എ.കെ.ജി. സെന്ററിൽ സ്വീകരിക്കുന്ന ​എ. വിജയരാഘവനും കോടിയേരി ബാലകൃഷ്​ണനും

2021 മാർച്ചിൽ വീണ്ടും എൻ.ഡി.എ മുന്നണിയിൽ വരണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. ഞാനുമായുള്ള ചർച്ചക്ക് അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യമെല്ലാം ഞാൻ ഒഴിഞ്ഞുമാറി. മൂന്നുവർഷത്തേക്ക് രാഷ്ട്രീയരംഗത്തുനിന്ന്​ മാറിനിൽക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. മകളും ഞാനും മാത്രമാണ് വീട്ടിൽ, അതുകൊണ്ട് വീട്ടിൽ നിന്ന്​ മാറിനിൽക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. പക്ഷെ, ജെ.ആർ.പിയിലെ സഹപ്രവർത്തകർ നിരന്തരം വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു, എൻ.ഡി.എയുടെ ഭാഗമായി തുടരണമെന്നാവ​ശ്യപ്പെട്ട്. അവരുടെ വാദം ഇതായിരുന്നു: ഞാൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനത്തുനിന്ന്​ മാറിനിന്നാൽ പാർട്ടി താനേ ഇല്ലാതാകും, പാർട്ടിയിലേക്കു വന്ന ആളുകൾ നിരാശരാവും. ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവന്നിട്ട്, ഒന്നുമല്ലാത്ത അവസ്ഥയിൽ പാതിവഴിയിൽ ഉപേക്ഷിച്ച പോലെയാകും. അതുകൊണ്ട് രാഷ്ട്രീയരംഗത്തേക്ക് സജീവമായി ഇറങ്ങണം.

ഏതൊരു മുന്നണിയുടെ ഭാഗമാകുമ്പോഴും കൃത്യമായ നിലപാടും തീരുമാനവും നിലനിർത്തി തന്നെയാണ് മുന്നണിയുടെ ഒപ്പം തുടരുന്നത്. അമ്മ കുത്തിയാലും മോള് കുത്തിയാലും അരി വെളുക്കണം. ആദിവാസികൾക്കും ദലിതർക്കും വേണ്ടി ആര് തീരുമാനം എടുക്കുന്നുവോ അവരുടെ ഒപ്പം പാർട്ടി നിൽക്കും.

ബി.ജെ.പിയുടെ പ്രധാനപ്പെട്ട ആളുകൾ എന്നെ വിളിച്ചു സംസാരിച്ചു. ഒന്നിരുന്ന് സംസാരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സംസാരിക്കാം, അതിന് കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞു.
സംസാരിക്കുന്നത് ഒരു ജനാധിപത്യ മര്യാദയാണ്.
കോട്ടയത്തുവെച്ച് നടന്ന ചർച്ചയിൽ ഞാനും സഹപ്രവർത്തകരും പങ്കെടുത്തു. വീണ്ടും എൻ.ഡി.എ മുന്നണിയിലേക്ക് വരുന്നതിനെപ്പറ്റിയുള്ള ചർച്ചയാണ് അന്ന് നടന്നത്. 2016-ൽ എൻ.ഡി.എയിലേക്ക് വന്നതും ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതിനെപ്പറ്റിയും ചർച്ചയിൽ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ നിങ്ങളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ സാധിച്ചില്ല എന്ന് അവർ പറഞ്ഞു. ഇനി അത് ആവർത്തിക്കില്ലെന്നും മുന്നണിക്ക് കിട്ടാവുന്ന മുഴുവൻ അവകാശങ്ങളും അധികാരങ്ങളും ചെയ്തുതരുമെന്നും അവർ ഉറപ്പു നൽകി. ആ ഉറപ്പിന്റെ അടിസ്ഥാനത്തിൽ വീണ്ടും 2021 ഫെബ്രുവരി 7ന് ഞങ്ങൾ എൻ.ഡി.എക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജെ.ആർ.പി എന്ന രാഷ്ട്രീയപാർട്ടിയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ആളെന്ന നിലയിൽ എനിക്ക് പാർട്ടി എടുത്ത ഐക്യകണ്‌ഠ്യേനയുള്ള നിലപാടിനോടൊപ്പം നിൽക്കേണ്ടിവന്നു. മുന്നണി മര്യാദയോടു കൂടി നമ്മളെ സ്വീകരിക്കുന്ന കേരളത്തിലെ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഒപ്പം നിൽക്കും - അതാണ് പാർട്ടി നിലപാട്.

‘തിന്നാൻ വരുന്ന ചെകുത്താന്റെ സഹായം മേടിച്ചാലാണ് കേരളത്തിലെ പട്ടികജാതി- പട്ടികവർഗക്കാരുടെ ജീവിതപ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതെങ്കിൽ അയാൾ തിന്നുന്നതിനെക്കുറിച്ച്​ രണ്ടാമത് ആലോചിക്കും, സഹായം വാങ്ങുന്നത് ആദ്യം ആലോചിക്കും’ എന്നതാണ് എന്റെ നിലപാട്. ഏതൊരു മുന്നണിയുടെ ഭാഗമാകുമ്പോഴും കൃത്യമായ നിലപാടും തീരുമാനവും നിലനിർത്തി തന്നെയാണ് മുന്നണിയുടെ ഒപ്പം തുടരുന്നത്. അമ്മ കുത്തിയാലും മോള് കുത്തിയാലും അരി വെളുക്കണം. ആദിവാസികൾക്കും ദലിതർക്കും വേണ്ടി ആര് തീരുമാനം എടുക്കുന്നുവോ അവരുടെ ഒപ്പം പാർട്ടി നിൽക്കും.

ബി.ജെ.പി. നേതാവ് സമൃതി ഇറാനിക്കൊപ്പം സി.കെ. ജാനു
ബി.ജെ.പി. നേതാവ് സമൃതി ഇറാനിക്കൊപ്പം സി.കെ. ജാനു

മുന്നണിയുടെ ഭാഗമായപ്പോൾ വയനാട് ജില്ലയിലെ ബത്തേരി നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കണമെന്ന് എൻ.ഡി.എയുടെ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, പ്രാദേശിക ഘടകങ്ങളിൽ ചിലർ ഞാൻ മത്സരിക്കുന്നതിനെ എതിർത്തു. അവസാന ഘട്ടത്തിലാണ് ഞാൻ മത്സരിക്കാൻ തീരുമാനിച്ചത്. തൃശ്ശിലേരിയിലെ മാമന്റെ മകൾ കുറുമാട്ടിയെ കുറച്ചു ദിവസത്തേക്ക് എന്റെ വീട്ടിൽ നിർത്തി. പിന്നെ സജീവമായി ഇലക്ഷൻ പ്രചാരണത്തിലേക്ക് കടന്നു. അവസാനഘട്ടത്തിലാണ്​ നോമിനേഷൻ കൊടുത്തത്​ എന്നതുകൊണ്ട്​ പ്രചാരണത്തിനും മറ്റും കുറഞ്ഞ സമയമേ ഉണ്ടായിരുന്നുള്ളൂ. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും എത്താൻ സമയം ഉണ്ടായിരുന്നില്ല. ബത്തേരി നിയോജക മണ്ഡലത്തിലെ എല്ലാ കോളനികളിലും ഞങ്ങളുടെ പ്രവർത്തകർ സ്ക്വോഡായി പ്രവർത്തിച്ചു. ബാബു കാര്യമ്പാടി, നാരായണൻ ഊരംകൊല്ലി, നാരായണൻ ചുണ്ടപാടി, രവി ചാടകപുര, ചന്ദ്രൻ കാര്യമ്പാടി, അമരകുനിയിലെ ചന്തുണ്ണി, ചാമക്കര കോളനിയിലെ രുക്മിണി, ചക്കിണി കോളനിയിലെ ദേവി, ബിന്ദു, കാവാലൻ പുലിതൂക്കി, മാധവൻ ചാടകപുര, പാളകൊല്ലിയിലെ ദാസൻ, മഞ്ജു, ചേകാടിയിലെ മഞ്ജു, ബസുവൻ മൂലയിലെ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പതംഗ ആളുകൾ കോളനികളിൽ കേറിയിറങ്ങി പ്രവർത്തിച്ചു. ഞാൻ ഏറ്റവും കൂടുതൽ പോയത്​ ആദിവാസി കോളനികളിലാണ്. വോട്ട് ചോദിക്കാനാണ് ചെല്ലുന്നത്, പക്ഷെ വോട്ടു ചോദിക്കാൻ പോലും തോന്നാത്തവിധത്തിലായിരുന്നു അവരുടെ ജീവിതം. തട്ടേക്കൊല്ലി കോളനിയിലെ ഒരു മരണവീട്ടിൽ പോയി. തലേദിവസം മരിച്ചയാളെ പിറ്റേദിവസം വൈകുന്നേരമായിട്ടും അടക്കം ചെയ്തിരുന്നില്ല. എപ്പോഴാണ് മൃതശരീരം മറവു ചെയ്യുന്നതെന്ന് ആ വീട്ടുകാരോട് ഞാൻ ചോദിച്ചു.

ഇലക്ഷൻ കഴിഞ്ഞതു മുതൽ എനിക്കെതിരെ അപവാദ പ്രചാരണം തുടങ്ങിയിരുന്നു. ചില സഹപ്രവർത്തകർ എനിക്കെതിരെ ഗൂഢാലോചന നടത്തിയത് ഞാനറിഞ്ഞിരുന്നില്ല. മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും രണ്ടു മാസത്തോളം എനിക്കെതിരെ അപവാദ പ്രചാരണം നടത്തി.

അപ്പോൾ അവർ പറഞ്ഞു: ഈ വീടിനു ചുറ്റും മുമ്പ് മരിച്ചുപോയവരെ അടക്കം ചെയ്തിട്ടുണ്ട്, ഇനി അടക്കം ചെയ്യാൻ ഇവിടെ സ്ഥലമില്ല, എവിടെയാണ് അടക്കം ചെയ്യേണ്ടതെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്​.

നോർത്തിന്ത്യയിലും മറ്റും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ കേരളത്തിൽ അത് വലിയ വാർത്തയാക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ ജനിച്ചു വളർന്ന ആദിവാസി ജനവിഭാഗങ്ങൾ മരിച്ചുകഴിഞ്ഞാൽ അടക്കം ചെയ്യാൻ സ്ഥലമില്ലാതെ മൃതശരീരം വെച്ച് കാവലിരിക്കുന്ന കാര്യം ആരും അറിയുന്നില്ല. ഇടതും വലതും മുന്നണികൾ മാറിമാറി ഭരിച്ച് നശിപ്പിച്ച ജനതയുടെ ഒരിക്കലും അടങ്ങാത്ത ആത്മരോദനമാണ് ഓരോ കോളനികളിലും പോയപ്പോൾ കേൾക്കേണ്ടി വന്നത്.

പൂതാടി പഞ്ചായത്തിലെ കോറിക്കുന്ന് കോളനിയിൽ പോയപ്പോൾ അവിടുത്തെ സ്ത്രീകൾ എന്നോട് തുറന്നു പറഞ്ഞു; തങ്ങൾക്ക് മൂത്രമൊഴിക്കാനും കക്കൂസിൽ പോകാനും ഒരു സൗകര്യവും ഇല്ലെന്ന്​. നേരം വെളുത്ത് ഇരുട്ടാവുന്നതുവരെ കാത്തിരിക്കണം, അടുത്തുള്ള മറ്റു ആളുകളുടെ പറമ്പിലാണ് അവർ പോകുന്നത്. പകൽ മറ്റുള്ളവരുടെ പറമ്പിൽ പോയാൽ അവർ ചീത്തവിളിക്കും. അതുകൊണ്ടാണ് ഇരുട്ടാവുന്നതുവരെ കാത്തിരിക്കുന്നത്.
മഴ പെയ്യുമ്പോൾ കോളനി പരിസരത്തുനിന്ന്​ മറ്റുള്ളവരുടെ പറമ്പിലേക്കോ പരിസരത്തേക്കോ വെള്ളം ഒഴുകിപ്പോകരുത്. ഒഴുകുന്ന വെള്ളം തടഞ്ഞുവെക്കണം എന്നുപറഞ്ഞ് മറ്റുള്ള ആളുകൾ നമ്മുടെ ആളുകളോട് വഴക്കു കൂടാറുണ്ടെന്ന് അവർ പറഞ്ഞു. ‘ഞങ്ങളിവിടെ ശ്വാസം മുട്ടിയാണ് ജീവിക്കുന്നത്. അതുകൊണ്ട് ഞങ്ങൾക്ക് വീട് വെച്ച് താമസിക്കാൻ എവിടേലും ഇച്ചിരി സ്ഥലം കാട്ടിത്തരണം’ എന്നായിരുന്നു അവർ എന്നോട് ആവശ്യപ്പെട്ടത്.

കോളനികളിലെ അവസ്ഥ ദയനീയമാണ്. പ്ലാസ്റ്റിക് കൂടാരത്തിനുള്ളിൽ രണ്ടു മൂന്ന് കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നു. വീടില്ല, കറന്റില്ല, കുടിവെള്ളമില്ല, നല്ല വഴിയില്ല, കക്കൂസില്ല. വീടുകൾ ചോർന്നൊലിക്കുന്നു. മുബൈയിലോ കൽക്കത്തയിലോ ചേരികൾ അന്വേഷിച്ച് ആരും പോവേണ്ടതില്ല. കേരളത്തിലെ ആദിവാസി കോളനികളിൽ പോയാൽ മതി. വികസനത്തിന്റെ മുഖമുദ്രകളായ പുതിയ ചേരികൾ ഇവിടെ കാണാം. ഇതാണ് കേരള മോഡൽ.

2021-ലെ നിയമസഭാ ഇലക്ഷനിൽ ഞാൻ പരാജയപ്പെട്ടു. എനിക്ക് 15,198 വോട്ടുകളാണ് ലഭിച്ചത്. ഇലക്ഷൻ കഴിഞ്ഞതു മുതൽ എനിക്കെതിരെ അപവാദ പ്രചാരണം തുടങ്ങിയിരുന്നു. ചില സഹപ്രവർത്തകർ എനിക്കെതിരെ ഗൂഢാലോചന നടത്തിയത് ഞാനറിഞ്ഞിരുന്നില്ല. മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും രണ്ടു മാസത്തോളം എനിക്കെതിരെ അപവാദ പ്രചാരണം നടത്തി. വീട്ടിൽ വന്ന് വിളിച്ചിറക്കി കൊണ്ടുപോയി കൊന്നതിന്​ തുല്യമായ ചതിയായിരുന്നു അത്. ആസൂത്രിത നീക്കമാണ്​ അവർ നടത്തിയിരുന്നത്. അത് തിരിച്ചറിയാൻ ഞാൻ വൈകിയിരുന്നു. പകലും രാത്രിയും മാധ്യമങ്ങൾ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. തുടരെത്തുടരെയുള്ള ഫോൺ വിളികൾ. എല്ലാവർക്കും മറുപടി കൊടുത്തു കൊടുത്ത് മടുത്തു. ആ സമയം ഞാനും മോളും മാത്രമായിരുന്നു വീട്ടിൽ. അവൾക്ക് ഭക്ഷണം വെച്ച് കൊടുക്കാൻ പോലും സമയം കിട്ടിയിരുന്നില്ല.

ഞാൻ എല്ലാവരെയും സത്യസന്ധമായി വിശ്വസിച്ചു. അതുകൊണ്ട് ഒരാളെപോലും സംശയത്തോടെ നോക്കിയിട്ടില്ല. എല്ലാ സഹപ്രവർത്തകരെയും തുല്യമായിട്ടാണ് കാണുന്നത്. ആത്മാർത്ഥമായി വിശ്വസിച്ചാണ് അവരോടെല്ലാം ഇടപെടുന്നത്. ഇതിനിടയിൽ പലരും കൂടെ നിന്ന് ചതിച്ചു. ചിലരുടെ ഉള്ളിന്റെയുള്ളിൽ എന്നെ ഇല്ലായ്മ ചെയ്യാനുള്ള ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇത് അനുഭവങ്ങളിൽ നിന്നുണ്ടായ തിരിച്ചറിവുകളായിരുന്നു. കൂട്ടത്തിൽ കൂടെ നിന്ന് ചതിച്ചാലുണ്ടാവുന്ന വേദനയുടെ തീവ്രത പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. മാനസികമായി തന്റേടവും കരുത്തും ഇല്ലെങ്കിൽ ആത്മഹത്യ പോലുള്ള അവസ്ഥയിലേക്ക് എത്തിപ്പെടുന്ന സാഹചര്യമാണിത്​.

രാഷ്ട്രീയ രംഗത്ത് കടന്നുവരാൻ ആദിവാസികളെ ആരും സമ്മതിക്കില്ല. ഇത്രയും കാലം നമ്മൾ പറയുന്നതുപോലെ അനുസരിച്ചുനിന്ന ആളുകളുടെ മുന്നിൽ നമ്മളൊരു ആവശ്യത്തിന് കൈകൂപ്പി നിൽക്കുന്ന അവസ്ഥയുണ്ടായാൽ മരിക്കുന്നതിന് തുല്യമാണ്, അതുകൊണ്ട് ഇത്തരമൊരു ഭരണസംവിധാനത്തിലേക്ക് ആദിവാസികളെ കൊണ്ടുവരാതിരിക്കേണ്ടത് നമ്മുടെ ആവശ്യവും അത്യാവശ്യവുമാണ് എന്നാണ്​ അവർ പറയുന്നത്​. എല്ലാ കാലവും ഈ വിഭാഗത്തിലെ ആളുകളെ രാഷ്ട്രീയ അടിമകളാക്കി വെക്കുകയാണ് ചെയ്യുന്നത്. പാർട്ടിയിൽ അവർ പറയുന്ന പോലെ, അടിമകളായി നിൽക്കുന്ന നമ്മളെ ആളുകളെ പാർട്ടി ചീട്ടിൽ സ്ഥാനാർത്ഥികളായി നിർത്തി ജയിപ്പിക്കും. എന്നിട്ട് അവരെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കുകയും ഇല്ല. പാർട്ടികളുടെ വാലായി പ്രവർത്തിക്കുന്ന ആദിവാസി സംഘടനകളെയും ഒന്നും ചെയ്യാൻ ആ പാർട്ടികൾ അനുവദിക്കില്ല. മുദ്രാവാക്യം വിളിക്കാനും പോസ്റ്റർ ഒട്ടിക്കാനും കൊടിപിടിക്കാനും ജാഥക്ക് നീളം കൂട്ടാനും ദലിത്- ആദിവാസി വിഭാഗങ്ങൾ വേണം അത്രയേ ഉള്ളൂ. എല്ലാ രാഷ്ട്രീയ പാർട്ടികളും ആദിവാസികളെയും ദലിതരെയും വഞ്ചിച്ചിട്ടേ ഉള്ളൂ.

പലരും കൂടെ നിന്ന് ചതിച്ചു. ചിലരുടെ ഉള്ളിന്റെയുള്ളിൽ എന്നെ ഇല്ലായ്മ ചെയ്യാനുള്ള ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇത് അനുഭവങ്ങളിൽ നിന്നുണ്ടായ തിരിച്ചറിവുകളായിരുന്നു. കൂട്ടത്തിൽ കൂടെ നിന്ന് ചതിച്ചാലുണ്ടാവുന്ന വേദനയുടെ തീവ്രത പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.

കേരള രാഷ്ട്രീയത്തിലുള്ള മുഴുവൻ ആളുകൾക്കും ഭരണസംവിധാനത്തിനകത്ത് ഒരു രാഷ്ട്രീയ അജണ്ടയുണ്ട്. പക്ഷെ, ആദിവാസികൾക്കും ദലിതർക്കും നൂറ്റാണ്ടുകളായി അവരുടെ പ്രശ്‌നപരിഹാരത്തിന് ഒരു രാഷ്ട്രീയ അജണ്ട ഉണ്ടായിട്ടില്ല. ജാതിപരമായി വേർതിരിക്കപ്പെടുന്നതുകൊണ്ടാണ് ഇവർ സമൂഹത്തിന്റെയോ രാഷ്ട്രീയ സംവിധാനത്തിന്റെയോ ഭാഗമല്ലാത്തവരും അതിന്റെ അപ്പുറത്ത് നിൽക്കേണ്ടവരുമാകുന്നത്. കേരള രാഷ്ട്രീയത്തിൽ പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും രാഷ്ട്രീയ അജണ്ട ഉണ്ടാകണം. അതിലൂടെ മാത്രമെ ഈ ആളുകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ. എല്ലാവരും ഈ വിഭാഗങ്ങൾക്ക്​ മാനസികപിന്തുണയാണ് നൽകുന്നത്.അതുകൊണ്ട് പ്രശ്‌നം പരിഹാരമുണ്ടായതായി എനിക്കറിയില്ല. രാഷ്ട്രീയ പിന്തുണയാണ് ഞങ്ങൾക്ക് വേണ്ടത്. അതിലൂടെ മാത്രമേ പരിഹാരം ഉണ്ടാകൂ.

കേരളത്തിലെ ഇതര വിഭാഗങ്ങൾക്ക് കൃത്യമായ പൊളിറ്റിക്കൽ അജണ്ടയുണ്ട്. അതുകൊണ്ട് അവരുടെ ജീവിതനിലവാരത്തിൽ ഒരുപാട് മാറ്റമുണ്ടായി. അതെല്ലാം നമ്മൾ നേരിൽ കാണുന്നതാണ്. പട്ടികജാതി- പട്ടികവർഗക്കാർക്ക്​ കൃത്യമായ പൊളിറ്റിക്കൽ അജണ്ട ഇല്ലാത്തതുകൊണ്ട് അവരുടെ ജീവിതത്തിന് ഇന്നും മാറ്റമില്ല. മരിച്ചാൽ അടക്കം ചെയ്യാൻ ആറടി മണ്ണില്ലാതെ കക്കൂസും അടുക്കളയും അടുപ്പുതറയും പൊളിച്ച് ഇപ്പോഴും അടക്കം ചെയ്യേണ്ട ഗതികേടിലാണ്. രാഷ്ട്രീയ ജീർണ്ണതയുടെ ആഴം എത്രത്തോളമുണ്ടെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

ആദിവാസികൾക്കും ദലിതർക്കും നഷ്​ടപ്പെടാൻ ലക്ഷക്കണക്കിന് ബാങ്ക് ബാലൻസില്ല, ഹെക്ടർ കണക്കിന് എസ്റ്റേറ്റ് തോട്ടങ്ങളില്ല. അവർ ആരുടെയും മുതൽ തട്ടിപ്പറിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യുന്നില്ല. പിന്നെ ആരെയാണ് ഭയപ്പെടുന്നത്. സർക്കാരിന് ഫണ്ടുണ്ടാക്കുന്നതിനും രാഷ്ട്രീയക്കാർക്ക് വോട്ട് കൊടുക്കുന്നതിനും അടിമയെപ്പോലെ നമ്മൾ എന്തിന് നിന്നുകൊടുക്കണം.

ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്ന് നൂറ്റാണ്ടുകളായി പറയുന്നതാണ്. പക്ഷെ കാലമിത്രയായിട്ടും മുന്നണികൾക്ക് അതിന് കഴിഞ്ഞിട്ടില്ല. ആദിവാസികൾ മുഖ്യധാരയിലേക്ക് വരണമെന്ന് പുറമേ പറയുകയും, ഉള്ളുകൊണ്ട് വരരുതെന്ന് തീരുമാനിക്കുകയും ചെയ്യുന്നവരാണ് രാഷ്ട്രീയക്കാരും മുഖ്യധാരാ വക്താക്കളും. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾ മുഖ്യധാരയിലേക്ക് വരരുതെന്ന് മുന്നണികളുടെ ഉള്ളിലൊരു അജണ്ടയുണ്ട്. അങ്ങനെ സംഭവിച്ചാൽ തങ്ങളുടെ അധികാര വിഹിതം കുറഞ്ഞുപോകുമെന്ന് ഇവർ ഭയപ്പെടുന്നു. ആദിവാസികൾക്കായി വികസന പദ്ധതികളുണ്ടാക്കി, അത് അവരുടെ കൈകളിലേക്ക് എത്തിക്കാതെ പാതിവഴിയിൽ വീതം വെ​ച്ചെടുക്കുകയാണ്​ചെയ്യുന്നത്.

ഇന്നയിന്ന പദ്ധതികൾ നടപ്പിലാക്കിയെന്ന് മൈക്കിനു മുന്നിൽ പ്രസംഗിക്കും.
എന്ത് പദ്ധതികളാണ് നടപ്പിലാക്കിയത്?
ഏത് ആദിവാസികൾക്കാണ് ഇതെല്ലാം കിട്ടിയത്​?
എത്ര ഫണ്ടാണ് ഞങ്ങൾക്കുവേണ്ടി ചെലവഴിച്ചത്?
ഇതെല്ലാം അറിയാതെ നമ്മുടെ ആളുകൾ അന്തംവിട്ട് കേട്ടിരിക്കും.

ആദിവാസികളുടെ പേരിലുണ്ടാക്കുന്ന വികസന പദ്ധതികളിലൊന്നിലും ഞങ്ങളുടെ പങ്കാളിത്തമില്ല. പിന്നെ എന്ത് പദ്ധതി നടപ്പിലാക്കിയെന്നാണ് ഭരണാധികാരികൾ പറയുന്നത്. എന്നിട്ട് അവർ പറയും, എത്രകൊടുത്താലും ഒരു ആദിവാസി പോലും നന്നാവില്ല എന്ന്.

സ്വന്തമായ നിലനിൽപ്പില്ലാത്തതുകൊണ്ടാണ് ആദിവാസി- ദലിത് വിഭാഗങ്ങൾ ഭൂരിഭാഗവും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കൊപ്പം പോകുന്നത്. ‘അധികാരം' ഇല്ലാത്തതുകൊണ്ട് ആദിവാസി- ദലിത് വിഭാഗത്തിന്റെ മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനായിട്ടില്ല. അപ്പോൾ നമ്മുടെ ആളുകൾ രാഷ്ട്രീയപാർട്ടികളുടെ കൂടെ പോകും. രാഷ്ട്രീയപാർട്ടികളുടെ ഔദാര്യം എന്ന നിലയ്​ക്കാണ്​ സർക്കാർ ആനുകൂല്യത്തെക്കുറിച്ച്​ നമ്മുടെ ആളുകളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. അവകാശങ്ങളെക്കുറിച്ച് ഭൂരിഭാഗം ആദിവാസികളും ദലിതരും അജ്ഞരാണ്. ഇതിനെയാണ് ഇവർ മുതലാക്കുന്നത്. അങ്ങനെ നമ്മുടെ ആളുകൾ കാലാകാലങ്ങളായി ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു. ആനുകൂല്യം തരുന്നത് പാർട്ടി ഫണ്ട് ഉപയോഗിച്ചോ അവരുടെ തറവാട്ടിലെ വിഹിതമെടുത്തിട്ടോ അല്ല. ഭരണഘടനയിൽ ഡോ. ബി.ആർ. അംബേദ്കർ എഴുതിവെച്ചിട്ടുള്ള സംവരണവിഹിതമാണ് നമുക്ക് തരുന്നത്. ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അവർക്ക് വേണ്ടത് എടുത്തശേഷം ബാക്കിയുള്ള തുച്ഛമായ അംശമാണ് നമുക്ക് ലഭിക്കുന്നത്. ഈ ചൂഷണത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടിയാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. നമുക്ക് അധികാരം കിട്ടിയാൽ ആദിവാസി- ദലിത് വിഭാഗത്തിന്റെ ദുരിത ജീവിതത്തിനും പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ കഴിയും. അപ്പോൾ നമ്മുടെ ആളുകളെല്ലാം ഒന്നിച്ചു നിൽക്കും. അതിനെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഭയക്കുന്നുണ്ട്. അതുകൊണ്ട് ആദിവാസി- ദലിത് വിഭാഗങ്ങൾ മുഖ്യധാരയിലേക്ക് വരുന്നതിനെ ഏതുവിധത്തിലും ഇവർ എതിർക്കും. അധികാരത്തിന്റെ ഏഴയലത്ത് പോലും നമ്മളെ അടുപ്പിക്കാതിരിക്കാൻ ഇവർ ഒറ്റക്കെട്ടായി ശ്രമിക്കും.

പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും രാഷ്ട്രീയമായി സ്വയം സംഘടിതരാകേണ്ട കാലം അതിക്രമിച്ചു. നമ്മൾ അധികാരത്തിൽ വന്നാൽ മാത്രമേ നമ്മളുടെ ആളുകളുടെ ദുരിതജീവിതത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments