അധ്യായം 41
ഇന്നത്തെ കാലഘട്ടത്തിൽ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ജനങ്ങളെ ഏകീകരിച്ചുകൊണ്ടിരിക്കുന്നത്. അപ്പോൾ ആദിവാസികൾക്കും ദലിതർക്കും മാത്രം കൃത്യമായ ഒരു മതത്തിന്റെയോ, വിശ്വാസത്തിന്റെയോ പേരിൽ ഒരുമിക്കാൻ സാധ്യമാവുന്നില്ല. ഈ സാഹചര്യത്തെയാണ് എല്ലാവരും ചൂഷണം ചെയ്യുന്നത്. എല്ലാ ആദിവാസി വിഭാഗങ്ങൾക്കും അവരുടെ ഗോത്രവും ആചാരവും വിശ്വാസവും ആരാധനയും സംസ്കാരവും നിലനിർത്തി ഒരു പൊതു ‘മതം' ഉണ്ടാവേണ്ടതുണ്ട്. ആദിവാസികൾക്കും ദലിതർക്കും സ്വന്തമായി ഒരു മതം ഇല്ലാത്തതുകൊണ്ട് എല്ലാ മതങ്ങളിലേക്കും ആദിവാസികളെയും ദലിതരെയും വശീകരിച്ചുകൊണ്ടുപോകുന്ന ഇടപെടലും വീതം വെക്കലും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. വ്യത്യസ്ത ഗോത്ര വിഭാഗത്തിൽപ്പെട്ടവരായതുകൊണ്ടും വ്യത്യസ്ത ഗോത്രാചാരമനുസരിച്ച് ജീവിക്കുന്നവരായതുകൊണ്ടും ആദിവാസികൾക്ക് ഒരു പരിധിവരെ ഒരുമിച്ച് നിൽക്കാൻ കഴിയാതെവരുന്നു.
നമ്മളുടെ ആളുകൾ പല മതത്തെയും ആശ്രയിച്ച് പോകുന്നതും പല മതത്തിന്റെയും ആശ്രയരാക്കി നമ്മളെ ആളുകളെ മാറ്റുന്നതും സ്വന്തമായി ഒരു മതം ഇല്ലാത്തതുകൊണ്ടാണ്.
വ്യത്യസ്ത ആചാരവും വിശ്വാസവും ഭാഷയും ഉണ്ടെങ്കിലും കുറിച്യർ, കാണിക്കാർ, അടിയർ, പണിയർ, മലവേടർ, മുള്ളകുറുമർ, തേൻകുറുമർ (കാട്ടുനായ്ക്കർ), വെട്ടകുറുമർ (ചോലനായ്ക്കർ), ഇരുളർ, ഈരാളി, മുതുവാൻ, മണ്ണാൻ, ഉള്ളാടർ, മലമ്പണ്ടാരം, മുഡുകർ, കൊറഗർ, മാവിലർ, കരിമ്പാലർ, കാടർ, ഇരവാലൻ, ഹിൽപുലയ, മലയരയർ, മറാട്ടി, കുണ്ടുവടിയർ, അരനാടർ, കൊണ്ടറെഡ്ഡി, തച്ചനാടൻ, കൊച്ചുവേലൻ, മഹാമലസർ, കമ്മാറ, കൊണ്ടകപൂസ്, മന്നാൻ, പള്ളിയർ, മലവേട്ടുവർ, മലയൻ, കുറുമ്പർ തുടങ്ങിയ എല്ലാ ഗോത്ര വിഭാഗങ്ങളും ആദിവാസി എന്ന പേരിനെ അംഗീകരിക്കുകയും അതിന്റെ ഭാഗമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ആദിവാസി എന്നതിനെത്തന്നെ പരിവർത്തനപ്പെടുത്തി ‘ആദിവാസി മതം' എന്നാക്കി സ്വീകരിക്കണം. ഇത്തരത്തിലുള്ള പലതരം വിഭാഗങ്ങൾ ക്രിസ്ത്യാനികൾക്കിടയിലും മുസ്ലിംകൾക്കിടയിലും ഉണ്ട്. പക്ഷെ അവർക്കല്ലാം ഒരു മതമേയുള്ളൂ- ക്രിസ്ത്യൻ മതവും മുസ്ലിം മതവും. ആദിവാസി വിഭാഗങ്ങളുടെ മതം ‘ഹിന്ദു' എന്നെഴുതുന്നതിനുപകരം ‘ആദിവാസി' എന്നാവുകയാണെങ്കിൽ ഞങ്ങൾക്ക് സമൂഹത്തിൽ കുറെകൂടി അംഗീകാരം ലഭിച്ചേനെ. മതത്തിന്റെ പേരിൽ വിലപേശൽ നടത്തുന്ന രാഷ്ട്രീയ കേരളത്തിൽ ഞങ്ങൾക്കും ഇടം ലഭിക്കുമായിരുന്നു. ആദിവാസി എന്നത് ഒരു മതമായാൽ ഉദാഹരണത്തിന്:
പേര്: ശാന്ത ജാതി: പണിയ മതം: ആദിവാസി
പേര്: ബാലൻ ജാതി: അടിയ മതം: ആദിവാസി
ഇതുപോലെ ഞങ്ങൾക്കും ഒരു സ്വത്വമുണ്ടാകും.
ആദിവാസികളുടെ ആചാരവും വിശ്വാസവും ഗോത്രപരമായിട്ടുള്ളതാണ്. അത് ഹിന്ദു സംസ്കാരത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നു. ഞങ്ങൾ ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഞങ്ങളുടെ ദൈവപ്പുരകളിലേക്കും ദൈവവിശ്വാസങ്ങളെയും ഹിന്ദു സമൂഹത്തിലെ മറ്റു വിഭാഗങ്ങൾ അംഗീകരിച്ചേനെ. ലോകത്ത് എത്ര ക്ഷേത്രങ്ങളുണ്ട്, ഹിന്ദു ആക്കപ്പെട്ട ഞങ്ങളെ അതിന്റെ ഏതെങ്കിലും തലത്തിൽ പരിഗണിച്ചിട്ടുണ്ടോ? ക്ഷേത്രത്തിന്റെ ഭരണസംവിധാനത്തിന്റെ അകത്ത് ഇടപെടൽ നടത്തുന്നതിൽ ഞങ്ങളില്ല. ഒരു ആദിവാസിയും ശാന്തിക്കാരനായിട്ടില്ല. ഹിന്ദുമതത്തിന്റെ ആചാരം, പഠനം എന്നിവയിലും നമ്മളെ പരിഗണിച്ചിട്ടില്ല. ബ്രാഹ്മണരും നമ്പ്യാർമാരും നായന്മാരും പട്ടരും വാര്യരും എല്ലാം വരുന്നിടത്ത് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ അവർ ഒരിക്കലും അംഗീകരിക്കില്ല.
ആദിവാസി എന്ന പേര് ലോകരാഷ്ട്രീയ തലങ്ങളിൽ ആദിവാസികൾ അംഗീകരിച്ച പേരാണ്. അതുകൊണ്ട് ആദിവാസി എന്ന പേര് തന്നെ ‘മതം' ആയി പരിവർത്തനപ്പെടുത്തണം. അപ്പോൾ ആദിവാസികൾക്ക് ഒരു ഏകീകൃത കൂട്ടായ്മ ഉണ്ടാകും.
നൂറ്റാണ്ടുകളായി അകറ്റിനിർത്തുകയും അയിത്തം കൽപ്പിക്കുകയുമാണ്ചെയ്തുവരുന്നത്. ഇന്ന് വോട്ടു പിടിക്കുന്നതുപോലും വിശ്വാസത്തിന്റെ പേരിലാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ സംഘടിപ്പിച്ച് ഒരുമിച്ച് നിർത്തിയാണ് രാഷ്ട്രീയാധികാരം പോലും നേടുന്നത്. നമ്മളുടെ ആളുകൾ പല മതത്തെയും ആശ്രയിച്ച് പോകുന്നതും പല മതത്തിന്റെയും ആശ്രയരാക്കി നമ്മളെ ആളുകളെ മാറ്റുന്നതും സ്വന്തമായി ഒരു മതം ഇല്ലാത്തതുകൊണ്ടാണ്. ഇപ്പോഴത്തെ സാമൂഹ്യ വ്യവസ്ഥയിൽ മതവും വിശ്വാസവുമാണ് അധികാരവും അജണ്ടയും തീരുമാനിക്കുന്നത്. ആദിവാസി എന്ന പേര് ലോകരാഷ്ട്രീയ തലങ്ങളിൽ ആദിവാസികൾ അംഗീകരിച്ച പേരാണ്. അതുകൊണ്ട് ആദിവാസി എന്ന പേര് തന്നെ ‘മതം' ആയി പരിവർത്തനപ്പെടുത്തണം. അപ്പോൾ ആദിവാസികൾക്ക് ഒരു ഏകീകൃത കൂട്ടായ്മ ഉണ്ടാകും.
അധ്യായം 42: ആരോപണങ്ങളിൽ തളരാതെ...
ആദിവാസി ഗോത്രമഹാസഭയുടെയും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തനങ്ങൾക്ക് എപ്പോഴും യാത്ര ചെയ്യണം. ഒരു ദിവസം രണ്ടുമൂന്ന് മീറ്റിംഗുണ്ടാവും. സാധാരണ ബസിൽ യാത്ര ചെയ്താൽ ഒരു ദിവസം ഒരു മീറ്റിംഗ് മാത്രമേ നടത്താൻ കഴിഞ്ഞിരുന്നുള്ളൂ. മീറ്റിംഗ് നടത്തിയാൽ തിരിച്ച് വീട്ടിലെത്താനും ബുദ്ധിമുട്ടായിരുന്നു. മറ്റു ജില്ലകളിലുള്ള നമ്മളെ ആളുകളുടെ പ്രശ്‌നത്തിലിടപെടാൻ പോകുമ്പോൾ ഓരോ പോക്കിലും കുറെ വണ്ടിക്കൂലി ചെലവാകും. ബസിലും ട്രെയിനിലും ടാക്‌സി വിളിച്ചുമാണ് പോയിക്കൊണ്ടിരുന്നത്. വയനാടിന്റെ പരിസരത്തെല്ലാം മീറ്റിംഗിന് പോകുമ്പോൾ ചന്ദ്രൻ പാൽവെളിച്ചത്തിന്റെ ഓട്ടോറിക്ഷ ആയിരുന്നു സ്ഥിരമായി വിളിച്ചിരുന്നത്. ഒരുപാട് വർഷത്തെ സുഹൃത്ത് ബന്ധമാണ് ചന്ദ്രേട്ടനുമായി. എന്റെ കൂടെ കാട്ടിക്കുളത്ത് തയ്യൽ പഠിക്കാൻ ചന്ദ്രേട്ടനും ഉണ്ടായിരുന്നു. അന്നു മുതലുള്ള സൗഹൃദമാണ്. എനിക്ക് പല പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോൾ സുഹൃദ്ബന്ധത്തിന്റെ തോത് കുറയാതെ എന്നോടൊപ്പം അന്നും ഇന്നും കൂടെ നിൽക്കുന്ന ഒരാളാണ് അദ്ദേഹം. ചെയ്തുതരാൻ പറ്റുന്ന അത്യാവശ്യം സഹായങ്ങൾ എനിക്ക് ചെയ്തു തരാറുണ്ട്. പല കാര്യങ്ങളും അദ്ദേഹത്തോട് സംസാരിച്ച് അഭിപ്രായങ്ങൾ അറിയാറുണ്ട്. എനിക്ക് വിശ്വസിച്ച് കാര്യങ്ങൾ തുറന്നുപറയാൻ പറ്റുന്ന ആളാണ്. അദ്ദേഹം എന്റെ നിലപാടുകളോട് എപ്പോഴും കൂടെ നിന്നിട്ടുണ്ട്. ചന്ദ്രേട്ടനോടും മാമൻ മാഷിനോടും അഭിപ്രായം ചോദിച്ചശേഷമാണ് ഒരു കാറ് വാങ്ങണം എന്ന തീരുമാനത്തിലെത്തിയത്. വാഹനം വാങ്ങണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. അത് സാധിച്ചു.
ആദിവാസികൾക്ക് കാറോ മറ്റ് വാഹനങ്ങളോ വാങ്ങാൻ പാടില്ല, ആദിവാസി എന്നും ലൈൻ ബസിൽ യാത്ര ചെയ്താൽ മതി എന്ന കാഴ്ചപ്പാടുള്ളവരായിരുന്നു എനിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്.
ഇതിനു മുമ്പ് എനിക്ക് ഒരു സെക്കൻഡ് ഹാൻറ് ജീപ്പുണ്ടായിരുന്നു. ജീപ്പ് വാങ്ങിയപ്പോൾ ഡ്രൈവിംഗ് കുറച്ചു പഠിച്ചു. ഒരു ദിവസം ബത്തേരി ഗസ്റ്റ് ഹൗസിൽ മുത്തങ്ങ കേസിന്റെ സി.ബി.ഐ ചോദ്യം ചെയ്യൽ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി, അഞ്ചാം കോളനിയുടെ അടുത്ത്, ഒരു വളവിൽ എത്തിയപ്പോൾ സെക്കൻറ് ഗിയറിൽ ഇടാതെ ടോപ്പ് ഗിയറിലിട്ട് വളവ് ഒടിച്ച് എടുത്തു. ആ സമയം ജീപ്പ് മറിഞ്ഞു. ജീപ്പിൽ പ്രവർത്തകരെല്ലാം ഉണ്ടായിരുന്നുവെങ്കിലും അവർക്കൊന്നും പരിക്ക് പറ്റിയില്ല. എനിക്ക് തലയ്ക്ക് പരിക്കേറ്റു. ചാലിഗദ്ദ കോളനിയിലെ ഹരിദാസിന്റെ അമ്മ വെള്ളം ചൂടാക്കി തലയ്ക്ക് ചൂടു പിടിച്ചു. നീരുവെച്ചത് തിരുമ്മി കുറച്ചു. വീട്ടിലാരോടും ഈ സംഭവം ഇന്നുവരെ ഞാൻ പറഞ്ഞിട്ടില്ല. രാത്രി തന്നെ അടുത്തുള്ള കോളനിയിലെ ആളുകളെ വിളിച്ച് വണ്ടി വർക്ക് ഷോപ്പിൽ കൊണ്ടിട്ടു. വണ്ടി നന്നാക്കി ഇറക്കുന്നതിന് 20,000 രൂപ കൊടുക്കണമായിരുന്നു. എന്റെ കൈയ്യിൽ അത്ര പൈസയില്ലായിരുന്നു.
പിറ്റേന്ന് ഡൽഹിയിൽ പ്രകൃതി വിഷയവുമായി ബന്ധപ്പെട്ട പത്ത് ദിവസത്തെ മീറ്റിംഗിൽ പങ്കെടുക്കുവാൻ പോയി. തലയിടിച്ചു മുഴച്ചതിനാൽ മുഖം നീരുവെച്ചിരുന്നു. ഡൽഹിയിലെത്തിയപ്പോഴേക്കും എനിക്ക് പനി വന്നു. വാ തുറന്ന് ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയായി. അവിടെയുള്ള സഹപ്രവർത്തകർ ആശുപത്രിയിൽ കൊണ്ടുപോയി മരുന്ന് വാങ്ങി തന്നു. പത്തു ദിവസത്തെ മീറ്റിംഗ് കഴിഞ്ഞ് ഫ്ലൈറ്റിൽ തന്നെയായിരുന്നു വരേണ്ടിയിരുന്നത്. പക്ഷേ നാട്ടിലേക്കു വരേണ്ട ഫ്ലൈറ്റ് ടിക്കറ്റ് കാൻസൽ ചെയ്ത് ട്രെയിനിലാണ് വന്നത്. ഫ്ലൈറ്റ് ടിക്കറ്റിന് കൊടുക്കേണ്ട പൈസയും പറമ്പിലെ ആദായത്തിൽനിന്ന് കിട്ടിയ പൈസയും കൂട്ടി വർക്ക്‌ഷോപ്പിൽ നിന്ന് ജീപ്പിറക്കി. ജീപ്പ് എന്റെ ആവശ്യം കഴിഞ്ഞ് പുറമെ ഓട്ടത്തിന് കൊടുത്തു. ആഴ്ചയിൽ ഡ്രൈവർ കണക്ക് പറയുമ്പോൾ മിച്ചം ഇല്ലാതായി. പൈസ എണ്ണയടിച്ചു, മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നെല്ലാം പറഞ്ഞ് അവൻ പോകും. ജീപ്പിന് എന്തെങ്കിലും കേടു വന്നാൽ എന്റെ കൈയ്യിൽ നിന്ന് പൈസയെടുത്ത് നന്നാക്കണം. മാസഅടവും ഞാൻ അടയ്ക്കണം. അതോടെ ജീപ്പ് ഓട്ടത്തിനു കൊടുക്കുന്നത് നിർത്തി. സേട്ട് ലോണിൽ എടുത്ത വണ്ടിയുടെ അഞ്ചാറ് അടവ് തെറ്റി. പിന്നെ അടക്കുന്ന പൈസ മുഴുവനും പലിശയ്ക്ക് പോയി. അങ്ങനെ അടവ് നിർത്തി. അങ്ങനെ സേട്ടിന്റെ ആളുകൾ വണ്ടി അന്വേഷിച്ചുവന്നു. അപ്പോൾ ഞാൻ പനവല്ലി പാടം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുകയായിരുന്നു. സേട്ടിന്റെ ആളുകൾ അവിടെയെത്തി. വീട്ടിലുണ്ടായിരുന്ന വണ്ടി ഞാനവർക്ക് കാണിച്ചുകൊടുത്തു. അവർ സേട്ടിനെ വിളിച്ച് സംസാരിച്ചു. അപ്പോൾ വണ്ടിയെടുക്കേണ്ടെന്ന് സേട്ട് പറഞ്ഞു. സേട്ട് വിളിച്ചിട്ട് ഞാൻ മാനന്തവാടിയിലേക്ക് പോയി. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾക്ക് ഒരു വണ്ടി അത്യാവശ്യമാണ്, മീറ്റിംഗ് പരിപാടിയായിട്ട് നടക്കുന്നതല്ലേ, നിങ്ങൾ തന്നെ വണ്ടിയെടുത്തോ, കുറേശ്ശെയായി അടച്ചു തീർത്താൽ മതി. സാധാരണ ഞങ്ങൾ വണ്ടി പിടിക്കാൻ വരുമ്പോൾ എല്ലാവരും ഒളിപ്പിച്ചു വെക്കും. നിങ്ങളത് ചെയ്തില്ല, ഇന്ന സ്ഥലത്ത് വണ്ടിയുണ്ടെന്ന് കാണിച്ചുതന്നു. അതുകൊണ്ട് നിങ്ങൾ തട്ടിപ്പൊന്നും ചെയ്യുന്ന ആളല്ലെന്ന് മനസ്സിലായി. അതുകൊണ്ട് നിങ്ങൾക്കു തന്നെ വണ്ടി വെക്കാം’.
കേരളത്തിലെ ആദിവാസികളെ വെറും മൂന്നും നാലും സെൻറ് ഭൂമിയിൽ ഒതുക്കിയാൽ അവരെന്നും ഇവിടെയുള്ളവർക്ക് അടിമയായിരിക്കും. ഭൂമിയില്ലാതെ അവർക്ക് കൃഷിയിറക്കാനോ എന്നെപ്പോലെ കാറ് വാങ്ങാനോ വീട് വെക്കാനോ ഒന്നും കഴിയില്ല. അവർക്കതിന് കഴിയരുത് എന്നാണ് മേലാളന്മാരുടെ താല്പര്യം.
ആറുമാസം കഴിഞ്ഞിട്ടും ഞാൻ പൈസയൊന്നും അടച്ചില്ല. അവസാനം അവർ വണ്ടി കൊണ്ടുപോയി. ലോൺ കാൻസൽ ചെയ്ത് എല്ലാ രേഖകളും തിരിച്ചുതന്നു. അതിനുശേഷം 2016- ലാണ് കാറ് വാങ്ങിയത്. ഒമ്പത് ലക്ഷം വിലവരുന്ന ടൊയോട്ട എത്തിയോസ് 4.60 ലക്ഷം രൂപ നൽകിയാണ് വാങ്ങിയത്. ബാക്കി തുക അഞ്ച് വർഷത്തെ അടവിന് ലോണെടുത്തു. എല്ലാ മാസവും 12,000 രൂപ വെച്ച് അടക്കണം. തോട്ടത്തിലെ കുരുമുളകും കാപ്പിയും അഞ്ചുലക്ഷം രൂപയ്ക്ക് വിറ്റിട്ടാണ് കാറിന്റെ തുക നൽകിയത്. ഞാൻ കാറ് വാങ്ങിയപ്പോൾ വലിയ വിവാദമുണ്ടായി. 25 ലക്ഷത്തിന്റെ വണ്ടിയാണ് മേടിച്ചത്, ആദിവാസികളെ പറ്റിച്ച പൈസയ്ക്കാണ് മേടിച്ചത് തുടങ്ങി സോഷ്യൽ മീഡിയയിൽ ഭയങ്കര ബഹളമായിരുന്നു. മാധ്യമങ്ങളിലെല്ലാം ഒരു മാസത്തോളം ലൈവായി വിവാദങ്ങൾ. സ്വൈര്യം തരാതെ ഫോൺ വിളികളും. അവസാനം വാർത്താസമ്മേളനം തന്നെ നടത്തേണ്ടി വന്നു.
ആദിവാസികൾക്ക് കാറോ മറ്റ് വാഹനങ്ങളോ വാങ്ങാൻ പാടില്ല, ആദിവാസി എന്നും ലൈൻ ബസിൽ യാത്ര ചെയ്താൽ മതി എന്ന കാഴ്ചപ്പാടുള്ളവരായിരുന്നു എനിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. മണ്ണിൽ അധ്വാനിച്ച് വിയർപ്പൊഴുക്കി കിട്ടിയ കാശ് കൊണ്ടാണ് കാറ് വാങ്ങിയത്. അല്ലാതെ ഒരാളെപ്പോലും പറ്റിച്ചിട്ടില്ല. കേരളത്തിലെ ആദിവാസികളെ വെറും മൂന്നും നാലും സെൻറ് ഭൂമിയിൽ ഒതുക്കിയാൽ അവരെന്നും ഇവിടെയുള്ളവർക്ക് അടിമയായിരിക്കും. ഭൂമിയില്ലാതെ അവർക്ക് കൃഷിയിറക്കാനോ എന്നെപ്പോലെ കാറ് വാങ്ങാനോ വീട് വെക്കാനോ ഒന്നും കഴിയില്ല. അവർക്കതിന് കഴിയരുത് എന്നാണ് മേലാളന്മാരുടെ താല്പര്യം. അല്ലെങ്കിലെന്തിന് ഞാൻ വാങ്ങിയ കാറിന്റെ പേരിൽ വെറുതെ വിവാദം. ഒരു ആദിവാസി സ്ത്രീ സ്വന്തമായി വാഹനം വാങ്ങുമ്പോൾ കേരളത്തിലെ അടിമ ഫാഷിസ്റ്റ് മനോഭാവമുള്ളവർക്ക് അതിനെ അംഗീകരിക്കാൻ കഴിയില്ല. ആദിവാസി കാറ് വാങ്ങിയത് ലോകവാർത്തയും വിവാദവും ആകുമ്പോൾ, അതിലൂടെ തന്നെ മനസ്സിലാക്കാം, ആദിവാസികളെ മനുഷ്യരായി പരിഗണിച്ചിട്ടില്ല എന്ന്. ആദിവാസികൾ കാറും ബൈക്കും എടുത്ത് റോഡിലിറങ്ങുമ്പോൾ അതൊരു ഫ്യൂഡൽ ജന്മി മനോഭാവത്തിൽ നോക്കിക്കാണുന്നവരാണ് ചുറ്റും. പൊതുപ്രവർത്തനരംഗത്ത് വരുന്ന ചിലർ അഞ്ച് പൈസ വരുമാനമില്ലെങ്കിലും ഇഷ്ടം പോലെ സ്ഥലവും സ്വത്തും വാങ്ങിക്കൂട്ടാറുണ്ട്. അവരുടെ കൂട്ടത്തിലുള്ള ഒരാൾ എന്നപോലെ എന്നെ തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാൽ ഇങ്ങനെ കബളിപ്പിച്ചും തട്ടിപ്പറിച്ചും സ്വത്തും മുതലും ഉണ്ടാക്കുന്നവർക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാറുമില്ല. അധ്വാനിച്ച് സാമ്പത്തികം ഉണ്ടാക്കിയാൽ മാന്യമായി ജീവിക്കാൻ സമൂഹം അനുവദിക്കില്ല. കാറു വാങ്ങുന്ന ആദ്യത്തെ ആദിവാസിയൊന്നുമല്ല ഞാൻ. കാറും വാനും ബൈക്കും, സ്കൂട്ടിയും സ്വന്തമായുള്ള ആദിവാസികളുണ്ട്. ഇവർ ആരെയും കട്ടുമുടിച്ചല്ല വാഹനം വാങ്ങുന്നത്, മണ്ണിൽ അധ്വാനിച്ചും ജോലി ചെയ്തുമാണ്.
ഞാൻ ശരിക്കും ഏറെ വൈകിയാണ് കാറ് വാങ്ങിയത്. സ്വയംപര്യപ്തയായശേഷം വാങ്ങാമെന്ന് തീരുമാനിച്ചതാണ്. നമ്മുടെ ആളുകൾ വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ചാൽ പോലും, ഓ... ആദിവാസിയൊക്കെ പുരോഗമിച്ചുപോയി എന്ന് പുച്ഛത്തോടെ പറയുന്നവരും ‘പ്രബുദ്ധ കേരള’ത്തിലുണ്ട്. ഇവരൊന്നും ആദിവാസികളെ മനുഷ്യരായി പോലും പരിഗണിച്ചിട്ടില്ല. അതുകൊണ്ടാണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്ന വസ്തുക്കൾ ആദിവാസികൾ ഉപയോഗിക്കുമ്പോൾ അതെല്ലാം വലിയ ചർച്ചയാവുന്നത്.
പുറത്തുള്ളവരുടെ മീറ്റിംഗിനുപോയാൽ കാറിന്റെ വാടക തരും. എനിക്ക് മീറ്റിംഗ് ഇല്ലാത്ത സമയത്ത് ഡ്രൈവർ വേറെ ഓട്ടത്തിനു പോകും. ഇങ്ങനെയാണ് കാറിന്റെ അടവും ഡ്രൈവറുടെ കൂലിയും നടന്നുപോയിരുന്നത്. മകൾക്ക് സ്കൂളിൽ പോകാൻ പനവല്ലിയിൽ നിന്ന് കാട്ടിക്കുളം വരെ ഏഴു കിലോമീറ്റർ വരെ ഓട്ടോറിക്ഷയിൽ പോകേണ്ടതുണ്ട്. കാട്ടിക്കുളത്തു നിന്നാണ് സ്കൂൾ ബസ് കിട്ടുക. വൈകുന്നേരവും ഓട്ടോറിക്ഷയിൽ വരണം. അങ്ങനെ, അവളെ സ്കൂളിൽ വിടുന്നതിനുമാത്രം നല്ലൊരു തുക ബാധ്യത വരുമായിരുന്നു. മകൾ പഠിക്കുന്ന വിദ്യാലയത്തിലേക്ക് വേറെയും ഇരുപതോളം കുട്ടികളുണ്ടായിരുന്നു. സ്കൂൾ ട്രിപ്പിന് ഒരു വാഹനം വാങ്ങിയാൽ, ഈ കുട്ടികളുടെ ട്രിപ്പും മകളുടെ കാര്യവും വാഹനത്തിന്റെ മാസഅടവും ഡ്രൈവറുടെ കൂലിയും നടക്കും. കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിച്ച് കാര്യങ്ങൾ തീരുമാനിച്ചു. അങ്ങനെ പയ്യംമ്പള്ളി കാനറാബാങ്കിൽ എന്റെ വീടിന്റെ നികുതി ചീട്ട് പണയപ്പെടുത്തി വാഹനത്തിന് ലോണെടുത്തു. 2019 മെയ് 22 ന് മഹീന്ദ്രയുടെ ബൊലേറോ വാങ്ങി. ബാങ്കിൽ ആറ് വർഷത്തേക്കാണ് അടവ്. വാഹനം വാങ്ങി കഴിഞ്ഞപ്പോഴാണ് സ്കൂൾ അധികൃതർ നാല് പുതിയ ബസ് ഇറക്കിയത്. കുട്ടികളെല്ലാം സ്കൂൾ ബസിൽ പോയി. രണ്ട് വാഹനത്തിന്റെയും മാസ അടവ്, എന്റെ കടബാധ്യത വല്ലാതെ കൂടി. അപ്പോൾ കാറ് രണ്ടു ലക്ഷം രൂപയ്ക്ക് ഒരാൾക്ക് പണയം വെച്ചു.
ബൊലേറോ വാങ്ങിയപ്പോഴും എനിക്കെതിരെ ആരോപണമുണ്ടായി. ജനാധിപത്യ രാഷ്ട്രീയ പാർട്ടി വളർത്താൻ പാർട്ടിക്കു വേണ്ടി കിട്ടിയ പൈസ എടുത്തിട്ടാണ് വാഹനം വാങ്ങിച്ചതെന്ന് നമ്മുടെ പാർട്ടിയിലെ ചില പ്രവർത്തകർ ആരോപണം ഉന്നയിച്ചു.
അത് എന്നെ സംബന്ധിച്ച് വല്ലാത്തൊരവസ്ഥയായിരുന്നു. ഉറങ്ങാനേ കഴിഞ്ഞില്ല. കണ്ണടക്കുമ്പോഴെല്ലാം സ്വപ്നം കാണും. മുറ്റത്തിറങ്ങുമ്പോൾ കാറില്ലാത്ത അവസ്ഥ ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നു. പണയത്തിന് വാങ്ങിച്ചയാൾ ഓടിച്ച് കാർ ആക്‌സിഡന്റായി. അന്ന് ശരീരത്തിൽ നിന്ന് ഒരു അവയവം നഷ്ടമായതു പോലെയുള്ള വേദനയായിരുന്നു എനിക്ക്. ഇൻഷൂറൻസ് ക്ലയിമിൽ പെടുത്തി കാറ് നന്നാക്കി വീട്ടിൽ കൊണ്ടുവന്നു. അപ്പോഴേക്കും പണയം വെച്ചിട്ട് അഞ്ച് മാസമായിട്ടുണ്ടായിരുന്നു. ബാധ്യത കൂടിക്കൂടി വന്നു, രണ്ട് വണ്ടികളുടെയും അടവ് കൃത്യമായി അടയ്ക്കാൻ കഴിയാതെ വന്നു. വീടുതന്നെ നഷ്ടപ്പെടും എന്ന അവസ്ഥയായി. കട ബാധ്യത കാരണം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എത്രയോ രാത്രികൾ പാതിയുറക്കത്തിൽ ഞെട്ടിയുണർന്ന്, നേരം വെളുക്കുന്നതുവരെ ഉറങ്ങാതെയിരുന്നിട്ടുണ്ട്. മറ്റൊരു മാർഗവും ഇല്ലാതായപ്പോൾ, ഏതെങ്കിലും ഒരു വണ്ടി വിൽക്കാമെന്ന് തീരുമാനിച്ചു. ബൊലേറോ വിൽക്കാമെന്ന് കരുതിയെങ്കിലും കാറിനായിരുന്നു ആവശ്യക്കാർ അധികവും. അവസാനം കാറ് വിറ്റ് അതിന്റെ ബാധ്യത തീർത്തു.
ബൊലേറോ വാങ്ങിയപ്പോഴും എനിക്കെതിരെ ആരോപണമുണ്ടായി. ജനാധിപത്യ രാഷ്ട്രീയ പാർട്ടി വളർത്താൻ പാർട്ടിക്കു വേണ്ടി കിട്ടിയ പൈസ എടുത്തിട്ടാണ് വാഹനം വാങ്ങിച്ചതെന്ന് നമ്മുടെ പാർട്ടിയിലെ ചില പ്രവർത്തകർ ആരോപണം ഉന്നയിച്ചു. അപ്പോൾ ഞാൻ കൃത്യമായി പറഞ്ഞു: നിങ്ങൾ ഒരു മൂന്നംഗ കമീഷനെ വെച്ച് അന്വേഷണം നടത്തിക്കോ, ഏത് അന്വേഷണത്തിനും ഞാൻ ഉണ്ടാവും. പൈസ കൈപ്പറ്റിയെന്നോ അത് എന്റെ ആവശ്യത്തിന് ചെലവാക്കിയെന്നോ തെളിയിക്കുന്ന ഒരു രേഖ കിട്ടിയാൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്യും. എവിടെ കേസ് കൊടുത്താലും ഞാൻ ഹാജരാവും. പാർട്ടിയിൽ നിന്ന് സ്വയമേ രാജിവെച്ചു പോകണം എന്നാവശ്യപ്പെട്ടാൽ അതും ചെയ്യും. പക്ഷേ, ആരോപണത്തിന് കൃത്യമായ തെളിവും രേഖയും ഉണ്ടായിരിക്കണം.
അവർ അന്വേഷണം നടത്തി. എന്നാൽ, അന്വേഷണത്തിൽ എന്താണ് മനസ്സിലാക്കിയതെന്ന് അടുത്ത കമ്മിറ്റിയിൽ പറയാതെ വാർത്താസമ്മേളനം നടത്തുകയാണ് ചെയ്തത്. എല്ലാ പത്രത്തിലും വാർത്ത വന്നില്ല. വാർത്തയറിയാത്തവരുടെ വാട്സ്ആപ്പിലേക്ക് വന്ന ന്യൂസ് ഇവർ അയച്ചു കൊടുത്തു.
അവസാനം, ആരോപണം ഉന്നയിച്ചവരുമായി ഞാൻ സംസാരിച്ചു. അവരുടെ കൈയ്യിൽ തെളിവോ രേഖയോ ഒന്നുമില്ല. അവസാനം അവർ എന്നോട് മാപ്പ് പറഞ്ഞു. അബദ്ധം പറ്റിപ്പോയി, ആവർത്തിക്കില്ല, ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ പരസ്പരം സംസാരിച്ച് തീരുമാനം ഉണ്ടാക്കുമെന്ന് അവർ മൂന്നാലു പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു.
ഞാൻ അവരോട് പറഞ്ഞു: ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ട്, അത് ഏറ്റു പറയുന്ന പണി യഥാർത്ഥ രാഷ്ട്രീയക്കാർക്ക് ചേർന്നതല്ല. അപവാദം പറഞ്ഞു പരത്തുമ്പോൾ പറയുന്നയാൾ തന്നെയാണ് ചെറുതാവുന്നത്.
ഇവർക്ക് ഇത്ര രാഷ്ട്രീയബോധമേ ഉള്ളൂ എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നെ മാനസികമായി തളർത്തുകയും പ്രവർത്തനമേഖലയിൽനിന്ന് അകറ്റിനിർത്തുകയുമായിരുന്നു ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യം. എന്നാൽ അടിസ്ഥാനരഹിത ആരോപണങ്ങളെ ഞാൻ ചിരിച്ചുതള്ളുകയാണ് ചെയ്യുന്നത്. ഞാൻ പ്രവർത്തനരംഗത്ത് ഇറങ്ങിയ അന്നുതൊട്ട് ഇന്നുവരെ ആരോപണങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ്. ഒരു ആരോപണവും ഇന്നുവരെ തെളിയിക്കാൻ പറ്റിയിട്ടില്ല. ആരോപണങ്ങൾ പറഞ്ഞ് സ്വയം ആരോപിതരായി മാറുന്നതിനപ്പുറത്തേയ്ക്ക് അത് പ്രയോജനം ചെയ്യുന്നില്ല എന്നത് ഇത്തരം ആളുകൾ ഇനിയെങ്കിലും സ്വയം തിരിച്ചറിയേണ്ടതാണ്. ▮
(തുടരും)