അധ്യായം ഒമ്പത്
1992-ൽ മാനന്തവാടിയിൽവെച്ച് സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ആദിവാസി സംഗമം' നടത്തി. സാക്ഷരതാക്ലാസിൽ ഇതിന്റെ ചർച്ച നടത്തിയിരുന്നു. ഈയൊരു സംഗമം എന്നെ സംബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള ഒരു വാശിതീർക്കൽ കൂടിയായിരുന്നു. പാർട്ടി വിട്ടപ്പോൾ പാർട്ടിയിലെ ചില നേതാക്കൾ പറഞ്ഞത്, ‘പത്താളുകളെ ഒരുമിച്ചുനിർത്തി തലയെണ്ണാൻ നിനക്ക് പറ്റില്ല എന്നും അക്ഷരമറിയാത്ത അടിയാത്തിപെണ്ണിന് ആദിവാസികളെ ഒന്നിച്ചുനിർത്താൻ കഴിയില്ല’ എന്നുമായിരുന്നു.
എന്നാൽ പതിനായിരക്കണക്കിന് ആദിവാസികളാണ് സംഗമത്തിൽ അണിനിരന്നത്. ഭാഗ്യമെന്നുപറയട്ടെ, സംഗമപ്രവർത്തനത്തിന് നേതൃത്വം നൽകാനും, സംഗമത്തിൽ രൂപീകരിച്ച ‘സൗത്ത് സോൺ ആദിവാസി ഫോറ'ത്തിന്റെ (SZAF) വൈസ് പ്രസിഡൻറ് ആവാനും എനിക്ക് അവസരം ലഭിച്ചു. ഇതിന്റെ പ്രസിഡന്റായി കർണാടക കുശാൽ നഗറിലുള്ള ജെ.പി. രാജുവിനെയും, സെക്രട്ടറിയായി ഗൂഢല്ലൂരിലെ സുബ്രണ്യനെയും, ജോയിൻറ് സെക്രട്ടറിയായി അമ്പലവയൽ കോളനിയിലെ ഇ.ഒ. മാധവനെയുമാണ് തിരഞ്ഞെടുത്തത്. തമിഴ്‌നാട്, കർണാടക, കേരള സംസ്ഥാനങ്ങളിൽ നിന്ന് നേതാക്കളും അണികളും പങ്കെടുത്തു. ബാക്കി സംസ്ഥാനങ്ങളിൽ നിന്ന് നേതാക്കൾ മാത്രം പങ്കെടുത്തു. സൗത്ത് സോൺ ആദിവാസി ഫോറത്തിൽ കുറുമ സമുദായസംഘടന, ആദിവാസി വികസന പ്രവർത്തക സമിതി, ആദിവാസി ഐക്യസമിതി, ഗൂഢല്ലൂർ ആദിവാസി മുന്നേറ്റ സംഘം, കർണാടകയിലെ ബുടക്കെട്ട് കൃഷിക്കര സംഘം, തമിഴ്‌നാട്ടിലെ മലയോര മക്കൾ ചേരാവ് തുടങ്ങിയ സംഘടനകളുണ്ടായിരുന്നു. റാഞ്ചി യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാൻസലറും, ഇന്ത്യൻ കോൺഫെഡറേഷൻ ഓഫ് ഇൻഡിജീനസ് ആൻറ് ട്രൈബൽ പീപ്പിളിന്റെ (Indian Confederation of Indigenous and Tribal Peoples- ICITP) പ്രസിഡന്റുമായിരുന്ന രാംദയാൻ മുണ്ടയെപോലെ പ്രശസ്തരായവർ സംഗമത്തിൽ പങ്കെടുത്തിരുന്നു.
അന്ന് പാർട്ടി നേതാക്കളുടെ മുഖത്തുനോക്കി ഞാൻ പറഞ്ഞു, ആദിവാസികളെ ഞാൻ അണിനിരത്തി, എണ്ണമെടുക്കാൻ സഹായത്തിന് ആളെ വേണമായിരുന്നെങ്കിൽ ഞാൻ വിടുമായിരുന്നു.
അപ്പോൾ പാർട്ടി നേതാവ് പറഞ്ഞു; ഓ... നീ പെണ്ണാണെന്ന് സമ്മതിച്ചു എന്ന്.
ചെറുചിരിയോടെ ഞാൻ പറഞ്ഞു; പെണ്ണാണെന്നുള്ള സർട്ടിഫിക്കറ്റ് നിങ്ങളുടെ കൈയിൽ നിന്ന് എനിക്കുവേണ്ട.
1992 ഓടെ സാക്ഷരതാക്ലാസിന് പോകുന്നത് നിർത്തി. പിന്നീട് ഭൂസമരരംഗത്തേക്ക് സജീവമായി വരികയും, പലതും ചെയ്യുകയും, ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ‘ഞങ്ങളാണ് ജാനുവിനെ വളർത്തിക്കൊണ്ടുവന്നത്’ എന്ന്പലരും അവകാശപ്പെട്ടിരുന്നു. ‘കുട്ടി നല്ലതാണെങ്കിൽ അത് എന്റേതാണെന്ന് എല്ലാവരും പറയും, കുട്ടി മോശമാണെങ്കിൽ ചില അച്ഛന്മാർ പോലും പറയും, അതെന്റെ കുട്ടിയല്ലെന്ന്.’
സോളിഡാരിറ്റി എന്ന സന്നദ്ധ സംഘടനയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ സന്നദ്ധസംഘടനകളിലൂടെ വളർന്നുവന്ന ആളല്ല ഞാൻ. സന്നദ്ധ സംഘടനകൾ നടത്തിയ പരിശീലനപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അവരുടെ സാക്ഷരതാ ക്ലാസിലും പങ്കെടുത്തിട്ടുണ്ട്, കമ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചിട്ടുണ്ട്. അത്രയൊക്കെയേയുള്ളൂ. സ്വന്തം അജണ്ടയും, അവരുടെ ലക്ഷ്യവും മാത്രമെ സന്നദ്ധസംഘടനകൾക്കും രാഷ്ട്രീയപാർട്ടികൾക്കും ഉള്ളൂ.
വീട്ടിൽ നിന്ന് മൂന്നുമാസത്തോളം ഞാൻ ഭക്ഷണം കഴിച്ചില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമായിരുന്നു വീട്ടിലുള്ളവരോട് മിണ്ടിയത്. കോളനി മീറ്റിങ്ങിന് പോകുമ്പോൾ അവിടെയുള്ളവർ എന്താണോ കഴിക്കുന്നത് അത് നമുക്കും തരും, നമ്മളത് കഴിക്കും
മാനന്തവാടിയിലാണ് സോളിഡാരിറ്റി ഓഫീസ്. ആദിവാസികളുടെ പേരിൽ ഫണ്ട് വാങ്ങിച്ചാണ് അരയേക്കർ സ്ഥലവും, അതിലൊരു കെട്ടിടവും ഉണ്ടാക്കിയത്. ആദിവാസികളുടെ ഫണ്ടുപയോഗിച്ച് വാങ്ങിയ ആ സ്ഥലവും, കെട്ടിടവും ആദിവാസികൾക്ക് വിട്ടുകൊടുക്കേണ്ടതാണ്. 1987-ൽ പാർട്ടി വിട്ടശേഷമാണ് ഞാൻ സോളിഡാരിറ്റിയുടെ സാക്ഷരതാപഠനത്തിലേക്ക് വരുന്നതും കോളനി പ്രശ്‌നത്തിൽ ഇടപെടുന്നതും. അതുകൊണ്ടുതന്നെ, കമ്യൂണിസ്റ്റ് പാർട്ടി എനിക്കെതിരെ ആരോപണങ്ങളും വെല്ലുവിളികളുമായി എപ്പോഴും രംഗത്തുണ്ടായിരുന്നു. വിദേശചാരപുത്രിയാണെന്നും സോളിഡാരിറ്റിയുമായി ബന്ധപ്പെട്ട് വിദേശ ഫണ്ട് വാങ്ങിയാണ് ഞാൻ സമരം ചെയ്യുന്നതെന്നും കമ്യൂണിസ്റ്റ് പാർട്ടികാർ ആരോപിച്ചു. രാത്രികാലങ്ങളിൽ കോളനി മീറ്റിങ്ങിന് പോകുന്നതിനെതിരെ എന്റെ വീട്ടുകാരോട് പാർട്ടിക്കാർ വന്നുപറഞ്ഞു, അവൾ ‘വേശ്യാവൃത്തി’ക്കാണ് രാത്രി പോകുന്നതെന്ന്. ഇത് വീട്ടിൽ വലിയ പ്രശ്‌നമായി. മീറ്റിങ്ങിന് പോകുന്നതിന് വീട്ടിൽ നിന്ന് വലിയ എതിർപ്പായി. ഞാനും അനിയൻ രാജുവും ഭയങ്കര വഴക്കായി. അവന്റെ ചേച്ചിയാണെന്ന് പറയാൻ നാണക്കേടാണെന്നും പുറത്തിറങ്ങാൻ പറ്റുന്നില്ലാന്നും അവൻ പറഞ്ഞു. അതുകൊണ്ട് വീട്ടിൽ നിന്നിറങ്ങിപ്പോകാനും, ഭക്ഷണമോ, പച്ചവെള്ളമോ കൊടുക്കരുതെന്നും കുടുംബത്തിലെ എല്ലാവരോടും അവൻ പറഞ്ഞു. എല്ലാവരും അവനോടൊപ്പം നിന്നു. ‘ഞാനിപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാണെന്ന് നിങ്ങൾ ഒരിക്കൽ തിരിച്ചറിയു’മെന്ന് ഞാനവരോട് പറഞ്ഞു.
അങ്ങനെ വീട്ടിൽ നിന്ന് മൂന്നുമാസത്തോളം ഞാൻ ഭക്ഷണം കഴിച്ചില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമായിരുന്നു വീട്ടിലുള്ളവരോട് മിണ്ടിയത്. കോളനി മീറ്റിങ്ങിന് പോകുമ്പോൾ അവിടെയുള്ളവർ എന്താണോ കഴിക്കുന്നത് അത് നമുക്കും തരും, നമ്മളത് കഴിക്കും. കോളനി മീറ്റിങ് ഇല്ലാത്ത സമയത്ത് വീട്ടിലിരുന്നാലും അവിടെനിന്ന് ഭക്ഷണമൊന്നും കഴിക്കില്ല. മൂന്നുമാസം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ നീണ്ടുപോയപ്പോൾ അമ്മയ്ക്ക് വിഷമമായി. അമ്മ കഞ്ഞി വിളമ്പിവെയ്ക്കും. ഞാൻ കഴിക്കില്ല. പിന്നെ ഞാൻ കഞ്ഞി കുടിക്കാൻവേണ്ടി അമ്മ വഴക്കുണ്ടാക്കി. ഞാൻ പണിക്കൊന്നും പോകാതെ സംഘടനാപ്രവർത്തനവുമായി നടക്കുന്നതുകൊണ്ട് സഹോദരങ്ങളായിരുന്നു വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്.
ഒരു ദിവസം ഗൂഢല്ലൂരിൽ നിന്ന് മീറ്റിങ് കഴിഞ്ഞ് ദ്വാരകയിലെത്തിയപ്പോൾ രാത്രി ഒരുമണിയായി. കുന്നിറങ്ങിയും കുന്ന് കേറിയും പാടവും ഇടുങ്ങിയ വഴികളിലൂടെയും നടന്ന് സഹപ്രവർത്തകയായ വെങ്ങലോട്ട് കോളനിയിലെ തങ്കയുടെ വീട്ടിൽ വെളുപ്പിന് മൂന്നിന് ഞാനെത്തി. ഒറ്റയ്ക്കിങ്ങനെ നടക്കരുതെന്നുപറഞ്ഞ് തങ്കയുടെ അമ്മ എന്നെ വഴക്കുപറഞ്ഞു. തങ്കയുടെ അമ്മ എന്നെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നത്. പിറ്റേന്ന് നിട്ടമാനിയിലെ എന്റെ വീട്ടിലേക്ക് ഞാൻ വന്നു. സംഘടനാ പ്രവർത്തനത്തിനിറങ്ങി കടമായപ്പോൾ ആകെയുള്ള സമ്പാദ്യമായ തയ്യൽ സാമഗ്രികളെല്ലാം വിറ്റ് കടം വീട്ടി. ഇതിനിടയിലും കൃഷിപ്പണി ഉപേക്ഷിക്കാതെ ചെറുതായിട്ട് ചെയ്തു. വരുമാനം ഭൂരിഭാഗവും സംഘടനാപ്രവർത്തനത്തിന് ചെലവാക്കി.
ആദിവാസികളുടെ ഭൂമി കൈയേറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, ആദിവാസികൾക്ക് അനുവദിക്കുന്ന ഭൂമി അന്യാധീനപ്പെട്ടുപോകാതിരിക്കാൻ നിയമാനുസൃതമായ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാൻ പട്ടയം നൽകുക, അനുവദിക്കുന്ന ഭൂമിയിൽ അവർക്ക് സ്വന്തമായി അധ്വാനിക്കുന്നതിന് സൗകര്യം ചെയ്തു കൊടുക്കുക, ആദിവാസികളുടെ വീടുനിർമാണം ആദിവാസി സംഘടനകൾക്ക് വിട്ടുകൊടുക്കുക, കോളനികളിലേക്ക് കുടിവെള്ളവും വൈദ്യുതിയും എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ നിരന്തരം കലക്ടറോടും മുഖ്യമന്ത്രിയോടും ആദിവാസി വികസന പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.