1998ൽ തായ്​ലാൻറിൽ നടന്ന ഏഷ്യ ഇൻഡിജിനസ് പീപ്പിൾ പാക്​ടിന്റെ ഏഷ്യൻ ഇൻഡിജിനസ് വിമെൻ കോൺഫറൻസിൽ സി.കെ. ജാനു മറ്റ്​ പ്രതിനിധകൾക്കൊപ്പം​

ലോകരാഷ്ട്രങ്ങളിലെആദിവാസി പ്രശ്‌നങ്ങളിലൂടെ...

ബർമയിലെ ആദിവാസികൾക്ക് റേഷൻകാർഡില്ല, ഐഡന്റിറ്റി കാർഡില്ല, മറ്റു രേഖകളൊന്നും ഇല്ല. അവരുടെ ഭൂമി മറ്റുള്ളവരും, ഗവൺമെന്റും പിടിച്ചെടുക്കുമ്പോൾ അത് തങ്ങളുടേതാണെന്ന് തെളിയിക്കാനുള്ള രേഖകൾ പോലും ഇല്ലായിരുന്നു. അവിടുത്തെ ആളുകളുടെ ദുരിതജീവിതം കാണുമ്പോൾ നമ്മൾ സ്വയം മാറും, നമ്മുടെ ദുരിതം ഒന്നുമല്ലെന്ന് തോന്നും.

അധ്യായം 10

1993-ൽ ഏഷ്യ ഇൻഡിജീനസ് പീപ്പിൾ പാക്​ടിന്റെ (Asia Indigenous People Pact - AIPP) കമ്മിറ്റിയിൽ പങ്കെടുക്കുന്നതിന് ഞാൻ തായ്​ലാന്റിൽ പോയി. കേരളത്തിൽ നിന്ന്​ ഞാൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എനിക്ക് മലയാളം മാത്രം അറിയുന്നതുകൊണ്ട് ഭാഷ ട്രാൻസലേറ്റു ചെയ്യാൻ കോയമ്പത്തൂരിലുള്ള സി. ആർ. ബിജോയ് കൂടെ വന്നു. ഗുജറാത്തിലെ ഒരു ആദിവാസി നേതാവായ സിദ്ധരാജ് സോളാങ്കിയുമുണ്ടായിരുന്നു. ഞങ്ങൾ മൂന്നുപേരും ടൂറിസ്റ്റ് വിസയിലാണ് മീറ്റിംഗിന് പോയത്. ഡൽഹി എയർപോർട്ടിൽ നിന്ന്​ ലഗേജ് വിട്ടശേഷം ബോഡി ചെക്കപ്പിന് പോയി. സി. ആർ. ബിജോയി​യും, സിദ്ധരാജ് സോളാങ്കിയും എന്റെ മുന്നിലായിരുന്നു. പാസ്പോർട്ട് പരിശോധിച്ച് അവരെ കടത്തിവിട്ടു. എന്റെ പാസ്പോർട്ട് നോക്കിയശേഷം അവർ സംശയത്തോടെ എന്നെ നോക്കി, ഹിന്ദിയിലും ഇംഗ്ലീഷിലും കാര്യം പറഞ്ഞു. എനിക്കാണെങ്കിൽ അറിയുന്ന ഭാഷ മലയാളവും, കുറച്ചു തമിഴുമാണ്.

ബാങ്കോക്കിലാണ് ലൈസൻസുള്ള ഏറ്റവും വലിയ വേശ്യാലയമുള്ളതെന്ന് ഞാൻ കേട്ടിട്ടുണ്ട്. അവിടെ പോയിപ്പെടുന്ന പെണ്ണുങ്ങളൊന്നും രക്ഷപ്പെടില്ല എന്നാണ് കേട്ടിട്ടുള്ളത്. ആ ഒരു പേടി മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് ബാങ്കോക്ക് എയർപോർട്ടിന്റെ പുറത്തേക്കൊന്നും ഞാൻ പോയില്ല.

പാസ്​പോർട്ടിൽ , No Clear Emigration എന്നെഴുതിയിട്ടുണ്ട്. Emigration ക്ലിയർ അല്ലാത്തതുകൊണ്ട് എന്നെ തിരിച്ചുവിട്ടു. സി. ആർ. ബിജോയിയോട്, അടുത്തദിവസം വരാമെന്ന് ഞാൻ പറഞ്ഞു. രാത്രി പന്ത്രണ്ടുമണിക്കാണ് ഫ്ലൈറ്റ്. എന്റെ ലഗേജ് തായ്​ലാന്റിലേക്ക് പോയി. എയർപോർട്ട് ടാക്‌സായി അടച്ച 300 രൂപ ഞാൻ തിരിച്ചുവാങ്ങി. എന്നിട്ട് എയർപോർട്ടിൽ കസേരയിലിരുന്ന് നേരം വെളുപ്പിച്ചു. പിറ്റേന്നുരാവിലെ ടാക്‌സിയിൽ ഡൽഹി പാസ്​പോപോർട്ട് ഓഫീസിൽ പോയി. അവിടെ കുറേപേർ ഫോം ഫിൽ ചെയ്യുന്നുണ്ടായിരുന്നു. ഇംഗ്ലീഷിൽ ഫോം ഫിൽ ചെയ്യാൻ അറിയാത്തതുകൊണ്ട് ഞാനവരോട് ആംഗ്യഭാഷയിൽ സഹായം ചോദിച്ചു. അവർ ഫോം പൂരിപ്പിച്ചുതന്നു. അവരുടെ കൂടെ ക്യൂവിൽ നിന്ന് ഒരു മാസത്തേക്ക് Emigration ക്ലിയർ ചെയ്ത് സീൽ അടിച്ചുവാങ്ങി.

അതുകഴിഞ്ഞ് തായ് എംബസിയിലേക്ക് പോകണമായിരുന്നു. അതെവിടെയെന്ന് അറിയില്ലായിരുന്നു. ഒരു ടാക്‌സിയിൽ തായ് എംബസിയിലേക്കുപോയി. അവിടെ ചെന്നപ്പോൾ വിമാനസീറ്റെല്ലാം ഫില്ലായി. ഞാനവരോട് ആംഗ്യഭാഷയിലൊക്കെ പറഞ്ഞ് എങ്ങനെയൊക്കെയോ എമർജൻസി ക്വാട്ടയിൽ ഉൾപ്പെടുത്തി ടിക്കറ്റ് ശരിയാക്കി. പിറ്റേദിവസം രാത്രി പന്ത്രണ്ട് മണിക്കാണ് അവിടെ നിന്ന്​ തായ്ലാന്റിലേക്ക് ഞാൻ പുറപ്പെട്ടത്. ബാങ്കോക്കിലിറങ്ങി വേറെ വിമാനത്തിൽ കേറി ചിയാങ്മായ് (Chiangmai) എന്ന സ്ഥലത്താണ് മീറ്റിംഗിന് പോവേണ്ടത്.

ബാങ്കോക്കിലാണ് ലൈസൻസുള്ള ഏറ്റവും വലിയ വേശ്യാലയമുള്ളതെന്ന് ഞാൻ കേട്ടിട്ടുണ്ട്. അവിടെ പോയിപ്പെടുന്ന പെണ്ണുങ്ങളൊന്നും രക്ഷപ്പെടില്ല എന്നാണ് കേട്ടിട്ടുള്ളത്. ആ ഒരു പേടി മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് ബാങ്കോക്ക് എയർപോർട്ടിന്റെ പുറത്തേക്കൊന്നും ഞാൻ പോയില്ല. വിസക്കായി അവിടെ ഒരു ഫോം പൂരിപ്പിക്കണമായിരുന്നു. ആംഗ്യഭാഷയിൽ പറഞ്ഞ് ഫോം പൂരിപ്പിക്കുന്നവരെക്കൊണ്ട്​ അത്​ ചെയ്​തു. അതുകഴിഞ്ഞ് ക്യൂ നിന്ന് അഞ്ചു ഡോളർ കൊടുത്ത് പാസ്പോർട്ടിൽ വിസ അടിച്ചു. ചിയാങ്മായിലേക്ക്​ വിമാനം കേറുന്നിടത്തേക്ക് ഞാൻ പോയി. ആ ഭാഗത്തേക്ക് പോകേണ്ടവർക്ക് ഒരു സീൽ തന്നിരുന്നു. ആ സീൽ കുത്തിയ ആളുകൾ പോയവഴിക്ക് ഞാനും പോയി ഗേറ്റിന്റെ അടുത്തിരുന്നു. വിമാനം കേറാൻ എല്ലാവരും പോയപ്പോൾ ഞാനും പോയി. അങ്ങനെ ചിയാങ്മായിലെത്തി. അവിടെ നിന്ന്​ പുറത്തു കടക്കുന്നതിനു മുന്നേ ഒരു ഫോം പൂരിപ്പിച്ചു കൊടുക്കണമായിരുന്നു. അവരത് സീലടിച്ച് പാസ്പോർട്ടിന്റെ കൂടെ തന്നു. വിമാനത്തിൽ കൂടെ വന്നവരുടെ സഹായത്തോടെയാണ് ഫോം പൂരിപ്പിച്ചത്.

ഞാൻ പുറത്തിറങ്ങിയപ്പോൾ ‘സി. കെ. ജാനു' എന്ന് പേരെഴുതിയ ബോർഡ് പിടിച്ച് അഞ്ജലി എന്നുപേരുള്ള ഒരു ആദിവാസി പെൺകുട്ടി അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഞാനവരുടെ അടുത്തേക്കുപോയി.
അവൾ എന്നോട് ‘സി. കെ. ജാനു’ ആണോ എന്നു ചോദിച്ചു. ഞാൻ ‘അതെ’ എന്നുപറഞ്ഞു. അവരോടൊപ്പം കാറിൽ പോയി. എനിക്കുവേണ്ടി അവിടെ ഒരു റൂം ഏർപ്പാടു ചെയ്തിരുന്നു. ലഗേജ് ബിജോയ് റൂമിലെത്തിച്ചിരുന്നു. പിന്നെ കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ച് മീറ്റിംഗിന് പോയി. ഭാഷയും, എഴുത്തും, വായനയും അറിയാത്ത ഞാൻ ഇവിടെ എങ്ങനെ എത്തിയെന്നുപറഞ്ഞ് ബിജോയിക്ക്​അതിശയമായിരുന്നു.

എനിക്ക് ഭാഷയും എഴുത്തും വായിക്കാനും അറിയില്ല, ആളുകളെയാരേയും പരിചയവുമില്ല. മീറ്റിംഗ് സ്ഥലത്ത് ഞാനെത്തുമെന്ന് മനസ്സിന് ഒരു ധൈര്യമുണ്ടായിരുന്നു. ധൈര്യം മാത്രമായിരുന്നു കൈമുതൽ. മീറ്റിംഗിൽ ഞാൻ മലയാളത്തിൽ പറയുന്നത് ബിജോയ് ഇംഗ്ലീഷിൽ അവിടെയുള്ളവർക്ക് പറഞ്ഞുകൊടുത്തു. അവർ പറയുന്നത് മലയാളത്തിൽ എനിക്കും പറഞ്ഞുതന്നു. ചിയാങ്മായിലിന്റെ അതിർത്തിയാണ് ബർമ. പുഴയിലൂടെ ബോട്ടിലാണ് ബർമയിലേക്ക് പോയത്. ഇവിടെ ഭയങ്കരമായ ഗുഹകളുണ്ട്. പളുങ്ക് ഒലിച്ചുവന്ന് ഗുഹകളോട് ചേർന്നിരിക്കുന്നു. മ്യൂയാംഗ് ഗുഹകൾ കണ്ടു. അഞ്ചാറ് മണിക്കൂർ ഗുഹയുടെ ഉള്ളിൽക്കൂടി നടന്നു. ഗുഹയുടെ ഉള്ളിലൂടെയും വെള്ളം ഒഴുകുന്നുണ്ട്. ബർമയിലെ ആളുകളെ ബർമ വിട്ട് പുറത്തേക്കുപോകാൻ അനുവദിക്കില്ലായിരുന്നു. അവിടുത്തെ ഗവൺമെൻറ്​ പാസ്പോർട്ട് അനുവദിക്കില്ല. ആദിവാസികളെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. ആദിവാസികളുടെ നേർക്കുള്ള സൈനികാക്രമങ്ങൾ ഇവിടെ സാധാരണമായിരുന്നു.

ഇന്ത്യയിലെ ആദിവാസികൾ ഒഴികെ മറ്റുള്ള രാജ്യങ്ങളിലെ ആദിവാസികൾ മാർക്കറ്റിനെ ആശ്രയിക്കാതെ സ്വന്തമായി തന്നെയാണ് വസ്ത്രം നിർമിക്കുന്നത്. ഇതിലൂടെ അവർ, സ്വയാശ്രയത്വം കൈവരിക്കുകയാണ് ചെയ്യുന്നത്.

ഞങ്ങൾ അവിടെ പോയ സമയത്ത് അവർക്ക് റേഷൻകാർഡില്ല, ഐഡന്റിറ്റി കാർഡില്ല, മറ്റു രേഖകളൊന്നും ഇല്ല. അവരുടെ ഭൂമി മറ്റുള്ളവരും, ഗവൺമെന്റും പിടിച്ചെടുക്കുമ്പോൾ അത് തങ്ങളുടേതാണെന്ന് തെളിയിക്കാനുള്ള രേഖകൾ പോലും ഇല്ലായിരുന്നു. അവിടുത്തെ ആളുകളുടെ ദുരിതജീവിതം കാണുമ്പോൾ നമ്മൾ സ്വയം മാറും, നമ്മുടെ ദുരിതം ഒന്നുമല്ലെന്ന് തോന്നും. അവിടെ വിദ്യഭ്യാസമുള്ളവർ ഗവൺമെൻറ്​ സഹായമില്ലാതെ സ്കൂളുണ്ടാക്കി പഠിപ്പിക്കുകയാണ് ചെയ്യുന്നത്. സ്കൂൾ എന്നുപറയാൻ പറ്റില്ല, ‘ഷെഡ്' കെട്ടിയാണ് പഠിപ്പിക്കുന്നത്. പുറത്തേയ്ക്ക് പഠിക്കാനൊന്നും വിടില്ല. ഇപ്പോൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ ധാരാളമുണ്ട്.

ബർമയിലും മറ്റുമുള്ള ആദിവാസികളുടെ ആഭരണങ്ങളും ഉപകരണങ്ങളും മറ്റും വിൽക്കാൻ ചന്ത പോലെയുള്ള കേന്ദ്രങ്ങളുണ്ട്​. അവിടുത്തെ ആദിവാസികൾ സ്വന്തമായി ഉണ്ടാക്കുന്ന വസ്​ത്രവും ആഭരണവുമാണ്​ അണിയുന്നത്. ഇന്ത്യയിലെ ആദിവാസികൾ ഒഴികെ മറ്റുള്ള രാജ്യങ്ങളിലെ ആദിവാസികൾ മാർക്കറ്റിനെ ആശ്രയിക്കാതെ സ്വന്തമായി തന്നെയാണ് വസ്ത്രം നിർമിക്കുന്നത്. ഇതിലൂടെ അവർ, സ്വയാശ്രയത്വം കൈവരിക്കുകയാണ് ചെയ്യുന്നത്. ബർമ ഗവൺമെൻറ്​ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാത്തകൊണ്ട് അവിടുത്തെ ആദിവാസികൾക്കും കൂടി മീറ്റിംഗിനെത്താൻ വേണ്ടിയാണ് ചിയാങ്മായിലിൽ മീറ്റിംഗ് നടത്തിയത്.

1998 മാർച്ച് 25 മുതൽ 30 വരെ AIPPയുടെ നേതൃത്വത്തിൽ ഞാൻ തായ്​ലാന്റിലെ കഞ്ചനപുരിയിൽ പോയി. കിലോമീറ്ററുകളോളം കാടിന്റെ അപ്പുറത്താണ് ഈ ഗ്രാമം. ഞങ്ങൾ അഞ്ച് ഗ്രൂപ്പുകളുണ്ടായിരുന്നു. ഞാൻ കഞ്ചനപുരിയിലേക്ക് പോവേണ്ട ഗ്രൂപ്പിലായിരുന്നു. അവിടെ അവരുടെ പഴയ കമ്യൂണിറ്റി ഹാളിലായിരുന്നു മീറ്റിംഗ്. അടുത്തടുത്ത കുടിലുകളുമായി വലിയ കോളനിയാണിവിടം. ഒറ്റ മുറി മാത്രമുള്ള ഷീറ്റിട്ട കുടിലുകളിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വെളുത്ത, നല്ല പൊക്കമുള്ളവരായിരുന്നു ഇവിടുത്തെ ആദിവാസികൾ. മരകഷ്ണങ്ങളും, മുത്തുകളും ചേർത്താണ് ആഭരണങ്ങൾ നിർമിക്കുന്നത്. ഹോട്ടലുകളിൽ നിന്നും, റിസോർട്ടുകളിൽ നിന്നും കൊണ്ടുവരുന്ന തുണി അലക്കലാണ് ഇവരുടെ തൊഴിൽ. കൃഷിതോട്ടത്തിൽ കുരുമുളക്, ചക്ക, ബബ്ലൂസ് തുടങ്ങിയ കേരളത്തിലുള്ള മിക്ക സാധനങ്ങളും ഉണ്ടായിരുന്നു. കഴിക്കാൻ പന്നി, കോഴി, പോത്ത് തുടങ്ങിയ വിഭവങ്ങളുണ്ടായിരുന്നു. നമ്മളെ നാട്ടിൽ കറിവെക്കുന്ന പോലെയൊന്നുമായിരുന്നില്ല. പുഴുങ്ങി നേരിട്ട് തരുകയാണ് ചെയ്യുക. മഞ്ഞൾപ്പൊടിയൊന്നും ചേർക്കില്ല. എരുവ് മാത്രമുണ്ടാവും.

AIPP യുടെ മീറ്റിംഗിലൂടെയാണ് ലോകരാഷ്ട്രങ്ങളിലെ ആദിവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയുന്നത്. അതുവഴി വിവിധ ആദിവാസി സംഘടനകളെയും, ഒരുപാട് ആളുകളെയും പരിചയപ്പെടാനും, സുഹൃത്ത് ബന്ധം സ്ഥാപിക്കാനും കഴിഞ്ഞു. മീറ്റിംഗിന് പോകുന്ന ഇടങ്ങളിലെല്ലാം കൾച്ചറൽ പ്രോഗ്രാമുണ്ടാവാറുണ്ട്. ഓരോ വിഭാഗത്തിലെയും ആദിവാസികൾ പാരമ്പര്യ വേഷത്തിലും, ഭാഷയിലുമാണ് പാരമ്പര്യകലകൾ അവതരിപ്പിക്കുന്നത്. AIPP യിൽ ഞാനിന്നും അംഗമാണ്. സമയം കിട്ടുമ്പോഴെല്ലാം മീറ്റിംഗുകളിൽ പങ്കെടുക്കാൻ പോവാറുണ്ട്. ▮​

(തുടരും)​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments