രാഷ്ട്രീയക്കാരും നക്‌സലൈറ്റുകളും നാട്ടുകാരും
​എതിർത്ത അമ്പുകുത്തി ഭൂസമരം

നക്‌സലൈറ്റുകൾ ഞങ്ങളുടെ സമരത്തെ എതിർക്കാൻ കാരണമുണ്ടായിരുന്നു. അതുവരെ അവരുടെ പരിപാടികൾക്ക് ആദിവാസികളെയായിരുന്നു കൊണ്ടുപോയിരുന്നത്. ആദിവാസികൾ സ്വന്തം നേതൃത്വത്തിൽ സമരം നടത്താൻ തുടങ്ങിയപ്പോൾ ഇവരുടെ കൂടെ ആരും പോവാതെയായി.

അധ്യായം 11

1963-ലെ ഭൂപരിഷ്‌കരണനിയമവും, സ്വകാര്യ വനങ്ങൾ ഏറ്റെടുക്കുന്നതിലുള്ള മാർഗരേഖയായ കേരള​ പ്രൈവറ്റ്​ ഫോറസ്​റ്റ്​സ്​ ആക്​റ്റ്​- 1971 (The Kerala Private Forests (Vesting and Assignment) Act 1971), കേരള ഷെഡ്യൂൾഡ്​ ട്രൈബ്​സ്​ ആക്​റ്റ്​- 1975 (The Kerala Scheduled Tribes (Restriction of Transfer of land and Restoration of Alienated Lands) Act 1975) ഇവയെല്ലാം വിശദമായി പഠിച്ചശേഷം അമ്പുകുത്തിയിലെ ഭൂമിയെക്കുറിച്ചറിഞ്ഞു. അമ്പുകുത്തിയിലെ ഭൂമിയിലേക്ക് കേറുന്നതിന്​ പല കോളനികളിലും പോയി ഞങ്ങൾ മീറ്റിംഗ് കൂടി. ആളുകളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. അങ്ങനെ 1994 ഏപ്രിൽ മൂന്നിന്​ 128 ഏക്കർ നിക്ഷിപ്ത വനഭൂമിയിലുള്ള മാനന്തവാടി പഞ്ചായത്തിലെ അമ്പുകുത്തിയിൽ ആദിവാസി വികസന പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ 220 ഭൂരഹിത ആദിവാസി കുടുംബങ്ങൾ സ്ഥലം കൈയ്യേറി കുടിൽ കെട്ടി. ഏപ്രിൽ ആറിന്​ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി 220 കുടിലുകൾ നശിപ്പിച്ചു, 317 പേരെ അറസ്റ്റ് ചെയ്തു, 133 പേർക്കെതിരെ കേസെടുത്തു. ഞങ്ങളെ അറസ്റ്റുചെയ്ത് ഒരു രാത്രി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിന്റെ വരാന്തയിൽ താമസിപ്പിച്ചു. പിറ്റേന്ന് ഞങ്ങളെ മാനന്തവാടി മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി.

കൂട്ടമായി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അതിന്റെ ഭീകരതയൊന്നും ഞങ്ങൾക്കുണ്ടാവാറില്ല. കോടതിയെയോ, നിയമത്തെയോ കുറിച്ചൊന്നും ഞങ്ങൾക്ക് പേടിയോ, പ്രശ്‌നമോ ഇല്ലായിരുന്നു

ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ നമ്മളെ ആളുകളുടെ പേരുകൾ തെറ്റിച്ചാണ് ഫോറസ്റ്റുകാർ എഴുതിയിരുന്നത്. ‘കറുത്ത' എന്ന സ്ത്രീയുടെ പേര് ‘തത്ത' എന്നെഴുതുവെച്ചു. കോടതിയിൽ ഹാജരാക്കാൻ പേരുവിളിച്ചപ്പോൾ തത്ത, തത്ത എന്ന് വിളിച്ചു. ആരും പോയില്ല. അപ്പോൾ നമ്മളെ കൂട്ടത്തിലുള്ള ആളുകൾ പറഞ്ഞു, തത്ത പറന്നുപോയി വല്ല മരക്കൊമ്പിലും ഇരിക്കുന്നുണ്ടാവും, പോയി പിടിച്ചോണ്ട് വാ എന്ന്. അവസാനം ‘കറുത്ത' എന്ന് ശരിയാക്കി എഴുതി. കോടതിയിൽ ക്രമനമ്പറിട്ട് ഞങ്ങളെ നിർത്തിയിരിക്കുയായിരുന്നു. കോൺവെൻറ്​ കുന്ന് കോളനിയിലെ ഉണ്ണിയുടെ പേര് വിളിച്ചപ്പോ ഉണ്ണി അവിടെയില്ല. ഉണ്ണിയെവിടെ? എന്നുചോദിച്ചപ്പോൾ നമ്മളെ കൂട്ടത്തിലെ ഒരാൾ പറഞ്ഞു, ഉണ്ണി വല്ല പോത്തിന്റെ മേത്തും ഉണ്ടാവുമെന്ന്. ഉണ്ണിയെ അന്വേഷിച്ച് പോയപ്പോ ഒരു ഹോട്ടലിന്റെ പുറകിൽ വിറകുപൊട്ടിക്കുകയായിരുന്നു അവൻ. അങ്ങനെ ഭയങ്കര രസമായിരുന്നു.

കൂട്ടമായി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അതിന്റെ ഭീകരതയൊന്നും ഞങ്ങൾക്കുണ്ടാവാറില്ല. കോടതിയെയോ, നിയമത്തെയോ കുറിച്ചൊന്നും ഞങ്ങൾക്ക് പേടിയോ, പ്രശ്‌നമോ ഇല്ലായിരുന്നു. ഓരോ വകുപ്പ് ചേർക്കുമ്പോഴും ചിരിച്ചോണ്ടാണ് നിൽക്കുന്നത്. ജാമ്യം കിട്ടാത്ത വകുപ്പെല്ലാം ചേർത്ത് അകത്തിട്ടു കളയുമെന്ന് പറഞ്ഞപ്പോൾ അയിനെന്താ സാറേ, ആയിക്കോട്ടെയെന്ന് പറയും. എല്ലാവരും ആഘോഷമായിട്ടാണ് അറസ്റ്റ് കൈവരിച്ച് ജയിലിലേക്ക് പോയത്. പതിനാല് ദിവസത്തേയ്ക്ക് ഞങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. ജയിലിലെത്തിയപ്പോൾ ഞങ്ങൾക്ക് പുതിയ അനുഭവമായിരുന്നു. രാവിലെ 6 മണിക്ക് എഴുന്നേറ്റിരിക്കണം. രാത്രി ഉണ്ടായിരുന്ന വാർഡൻ, രാവിലെ വരുന്ന വാർഡന് സെല്ലിലുള്ളവരുടെ എണ്ണം കൊടുക്കും. അവർ വന്ന് എല്ലാവരേയും എണ്ണി കഴിയുമ്പോ സെൽ തുറക്കും. പിന്നെയെല്ലാവരും പ്രാഥമിക കാര്യത്തിനു പോകും. ജയിലിൽ ഞങ്ങൾക്ക് സുഖജീവിതമായിരുന്നു. കഴിക്കാൻ നല്ല ഭക്ഷണം കിട്ടി. പതിനാല് ദിവസത്തെ റിമാൻറ്​ കഴിഞ്ഞ് വീണ്ടും മാനന്തവാടി മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി. ഭൂമി തന്നില്ലെങ്കിൽ നമ്മളെ ജയിലിലേക്കുതന്നെ വിടാൻ എല്ലാ ആളുകളും കോടതിയിൽ പറഞ്ഞു. അതു പറ്റില്ലാന്ന് പറഞ്ഞ് മജിസ്​ട്രേറ്റ്​ രണ്ട് പേരെ ആൾ ജാമ്യം നിർത്തി. രണ്ടുപേരുടെ ആൾ ജാമ്യത്തിൽ എല്ലാവരെയും വിട്ടയച്ചു.

ഒന്നര മണിക്കൂർ നേരം അങ്ങോട്ടും ഇങ്ങോട്ടും അടി നടന്നു. ആർക്കും വലുതായിട്ടൊന്നും സംഭവിക്കാതിരിക്കാൻ ഞാൻ അടി നടക്കുന്നതിന്റെ നടുക്ക് കേറീട്ട് ബോധം കെട്ട പോലെ കിടന്നു. തലയ്ക്കും പുറത്തും കുറെ അടി കൊണ്ടു. എന്നിട്ടും ഞാൻ വീണയടുത്തുനിന്ന് എഴുന്നേറ്റില്ല.

ഞങ്ങളുടെ പ്രശ്‌നത്തിൽ അധികാരികൾ ഇടപെടില്ലെന്ന് മനസ്സിലായപ്പോൾ വീണ്ടും അമ്പുകുത്തിയിൽ കേറി കുടിലുകൾ വെച്ചു. ഒരു മാസത്തോളം ഞങ്ങൾ കുടിൽ കെട്ടി താമസിച്ചിരുന്നു. അവിടെ താമസിച്ചുകൊണ്ട് ആളുകൾ പുറത്ത് കൂലിപ്പണിക്കുപോയി. ഒരു ദിവസം പണിക്കു പോയ ആണുങ്ങൾ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. കണ്ണിൽ ഇരുട്ടുവീണ സമയത്ത് മൂന്ന് വണ്ടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വന്നു. അപ്പോളവിടെയുണ്ടായിരുന്ന സ്ത്രീകളെയും, പുരുഷന്മാരെയും കുട്ടികളെയും ഫോറസ്റ്റുകാർ മർദ്ദിച്ചു. ആണുങ്ങൾ കാപ്പിത്തോട്ടത്തിൽ കേറി ഒളിച്ചു. സ്ത്രീകളെ തല്ലിയപ്പോൾ സ്ത്രീകൾ തിരിച്ചു തല്ലി. 220 കുടിലുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടു നശിപ്പിച്ചു. ഇരുട്ടായതുകൊണ്ട് ആരെയും പരസ്പരം കാണുന്നില്ലായിരുന്നു. നമ്മുടെ ആളുകൾക്ക്​ വേദനിച്ചപ്പോൾ അവർ തിരിച്ചും തല്ലി. ഒന്നര മണിക്കൂർ നേരം അങ്ങോട്ടും ഇങ്ങോട്ടും അടി നടന്നു. അടി നിർത്താതെ തുടർന്നപ്പോൾ ആർക്കും വലുതായിട്ടൊന്നും സംഭവിക്കാതിരിക്കാൻ ഞാൻ അടി നടക്കുന്നതിന്റെ നടുക്ക് കേറീട്ട് ബോധം കെട്ട പോലെ കിടന്നു. തലയ്ക്കും പുറത്തും കുറെ അടി കൊണ്ടു. എന്നിട്ടും ഞാൻ വീണയടുത്തുനിന്ന് എഴുന്നേറ്റില്ല. ഞാൻ മരിച്ചുവെന്ന് കരുതി ആളുകൾ പേടിച്ച് അലറിക്കരയാൻ തുടങ്ങി. അപ്പോൾ ഫോറസ്റ്റുകാർ വണ്ടിയിൽ കേറി സ്ഥലം വിട്ടു. എന്നെയും എടുത്ത് നമ്മുടെ ആളുകളെല്ലാവരും മാനന്തവാടി ആശുപത്രിയിൽ പോകാൻ വഴിയിലേക്കിറങ്ങി. കാണുന്ന വാഹനങ്ങൾക്കെല്ലാം കൈ കാണിച്ചു. വാഹനങ്ങളൊന്നും നിർത്താത്തതുകൊണ്ട് പകുതിവരെ ആളുകൾ എന്നെയും എടുത്ത് നടന്നു. തലഭാഗം പിടിച്ചവരോട് ഞാൻ പറഞ്ഞു, ‘ഞാൻ ചത്തിട്ടില്ല, പേടിക്കണ്ടാ’.

പക്ഷേ ആളുകൾ അലറിക്കരഞ്ഞോണ്ടിരിക്കുകയാണ്. കരച്ചിലിന്റെ ബഹളം കാരണം ഞാൻ പറയുന്നതൊന്നും അവർ കേൾക്കുന്നില്ലായിരുന്നു. കൈകാണിച്ചിട്ടും, വാഹനങ്ങൾ നിർത്താതിരുന്നപ്പോൾ നമ്മുടെ ആളുകൾ റോഡിന്റെ ചുറ്റും നിന്ന് വണ്ടികൾ തടഞ്ഞുനിർത്തി. ഒരു ജീപ്പിലുണ്ടായിരുന്ന ആളുകളെ ഇറക്കിവിട്ടശേഷം അതിൽ കേറി ഞങ്ങളെല്ലാവരും മാനന്തവാടി സർക്കാർ ആശുപത്രിയിലെത്തി. പക്ഷേ, ഡോക്ടർ നമ്മളെ ആശുപത്രിയിൽ കിടത്തുന്നില്ല. ആരെയും അഡ്മിറ്റാക്കാൻ പറ്റില്ല, എല്ലാവരും തിരിച്ചു പോയിക്കോ എന്ന് പറഞ്ഞു. നമ്മളെ ആളുകൾ ഡോക്ടറെ വളഞ്ഞ് ഭിഷണിപ്പെടുത്തിയപ്പോൾ ഡോക്ടർ പറഞ്ഞു, എല്ലാവരും ക്യൂവിൽ നിന്നോന്ന്. അങ്ങനെ പതിനാല് പേരെ അഡ്മിറ്റാക്കി. ഇതറിഞ്ഞ ഫോറസ്റ്റുകാരും വന്ന് അഡ്മിറ്റായി. നമ്മുടെ പ്രവർത്തകർ ഓടിവന്ന് എന്നോട് ചോദിച്ചു, ഞങ്ങൾ അഞ്ച് ലിറ്റർ പെട്രോൾ ശേഖരിച്ചു കൊണ്ടുവന്നിട്ടുണ്ട്, അതൊഴിച്ച് അവരുടെ ജീപ്പ് കത്തിക്കട്ടേന്ന്. അപ്പോ ഞാൻ പറഞ്ഞു, കത്തിക്കണ്ടാ, പറ്റുമെങ്കിൽ രണ്ട് അടി കൊടുത്ത് വിട്ടേക്കെന്ന്.

സമരരംഗത്ത് ശക്തമായി നിന്നതേറെയും സ്ത്രീകളായിരുന്നു. പ്രശ്‌നങ്ങൾക്ക് സ്ഥിരമായ പരിഹാരം ആവശ്യപ്പെട്ട് സ്ത്രീകൾ റിലേ നിരാഹാര സമരം ആരംഭിച്ചു.

ആശുപത്രിയിൽ കിടക്കുന്ന പതിനാല് പേരിൽ ഞാനും, മാനന്തവാടി കോൺവെൻറ്​ കുന്ന് കോളനിയിലെ സി. സുരേന്ദ്രനും, നിരാഹാരം തുടങ്ങി. ദ്വാരക പത്തിൽകുന്ന് കോളനിയിലെ ടി. മാധവൻ റവന്യൂ ഡിവിഷനു മുന്നിലും നിരാഹാരം തുടങ്ങി.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഉടൻ തിരിച്ചുനൽകുക, ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് 5 ഏക്കർ വീതം ഭൂമി നൽകുക, അമ്പുകുത്തിയിലെ ഭൂമിയിൽ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് പട്ടയം നൽകുക, എല്ലാ ആദിവാസി വികസന പദ്ധതികളും ആദിവാസികൾക്ക് കൈമാറുക, ആദിവാസി വികസന പദ്ധതികൾക്കായി ചെലവഴിച്ചതും, ചെലവഴിക്കാൻ ഉദ്ദേശിക്കുന്നതുമായ തുകയുടെ വിശദവിവരം പരസ്യമായി പ്രഖ്യാപിക്കുക, ആദിവാസികൾക്കെതിരായ അതിക്രമങ്ങൾക്ക് ഉടൻ അറുതി വരുത്തുക... ഇതായിരുന്നു ഞങ്ങളുടെ ആവശ്യങ്ങൾ.

നിരാഹാരം അഞ്ച് ദിവസം പിന്നിട്ടപ്പോൾ ആത്മഹത്യാശ്രമത്തിന് ക്രിമിനൽ കേസെടുക്കുമെന്ന് പൊലീസ്​ ഭീഷണിയുണ്ടായി. ഏഴ് ദിവസം കഴിഞ്ഞപ്പോൾ സബ് കളക്ടർ ചർച്ചക്കുവന്നു. ഞങ്ങൾ കിടക്കുന്ന ബെഡിന്റെ ചുറ്റും എല്ലാവരും ഇരുന്ന് ചർച്ച നടത്തി. ഒരു മാസത്തിനുള്ളിൽ അമ്പുകുത്തിയിൽ കേറിയ മുഴുവൻ ആളുകൾക്കും അവിടെ തന്നെ ഭൂമി പതിച്ചുനൽകുമെന്ന് ജില്ലാ കളക്ടറുടെയും സബ് കളക്ടറുടെയും വാക്കാലുള്ള ഉറപ്പിന്മേൽ, ഏഴാം ദിവസം നിരാഹാരം അവസാനിപ്പിച്ചു. ‘ആദിവാസി വികസന പ്രവർത്തക സമിതി' പ്രവർത്തകനായ ടി.എൽ. ബാലൻ എനിക്കും, സി. സുരേന്ദ്രനും നാരങ്ങാനീരു നൽകി. റവന്യൂ ഡിവിഷനു മുന്നിൽ നിരാഹാരം കിടന്ന ടി. മാധവന് സെക്രട്ടറി രാമചന്ദ്രൻ നാരങ്ങാ നീരു നൽകി. അങ്ങനെ നിരാഹാര സമരം അവസാനിപ്പിച്ചു.

സമരത്തിൽ ഭയങ്കര ആത്മാർത്ഥതയും സത്യസന്ധതയും നല്ല സഹകരണവുമുള്ള ആളായിരുന്നു മാനന്തവാടി പെരുവക കോളനിയിലെ കെമ്പി അമ്മ. കെമ്പിയമ്മ പ്രസംഗിക്കാറൊന്നുമില്ല. പക്ഷേ നിരാഹാര സമരം കഴിഞ്ഞ് പിറ്റേദിവസം മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിയ പൊതുയോഗത്തിൽ കെമ്പി അമ്മ പ്രസംഗിച്ചു. ‘എനിക്ക് രണ്ട് വർത്തമാനം പറയണം’ എന്നു പറഞ്ഞാണ് മൈക്ക് വാങ്ങിയത്. കെമ്പിയമ്മ പണിയ സമുദായത്തിൽപ്പെട്ട ആളാണ്. സ്റ്റേജിൽ കേറി നിന്ന് പണിയ ഭാഷയിൽ ആദിവാസികളുടെ കഷ്ടപ്പാടും ദുരിതവും കെമ്പിയമ്മ പറഞ്ഞു തുടങ്ങി.‘‘എങ്കക്കു പിരെവെച്ചു താമസിപ്പ സ്ഥല കാണേ... കക്കൂസിക്കു പോവളങ്കു എങ്കക്കു കക്കൂസു കാണേ... കുളിപ്പളങ്കു കുളിപ്പീരെയും കാണേ... എൻന്തങ്കു അതിയ പറയണു, നടപ്പളേങ്കു എങ്കക്കു ബയ് വരെ കാണേ... എങ്കള കട്ടപ്പാടു നിങ്കൾക്കു പറഞ്ചല മനസ്സിലാകാ... എങ്കക്കു പിരെ വെച്ചു താമസിപ്പ ബോണ്ടിയല്ലേ... നാങ്ക സമര നടത്തിഞ്ചെയ്, നാങ്ക ഒരുത്തനവും മുതലും കട്ടടുപ്പണോ, പുടിച്ചു പറിപ്പണോ പോവ കാണേ... എങ്കള മയ്‌ച്ചെ ചത്തു പോയല കുഴിച്ചിടുവ വരെ എങ്കക്കു സ്ഥല കാണേ... ഇനി എങ്കള മയ്‌ച്ചെ ആരെലും ചത്തല സർക്കാറിന ഞെഞ്ഞത്തു കുഴിച്ചിടുവോ നാങ്ക ഇവെ ബൊറുതെ പറയ്‌ഞ്ചെ അല്ല... അന്നെ ചെയ്യുവ ബോണ്ടി തന്നെയാ നാങ്ക പറയ്‌ഞ്ചെ അല്ലാടിക്കല്ല എങ്കക്കു സ്ഥല തരണു നാങ്ക ഇനിയും സമരത്തക്കു പോവോ പോലീച്ചിനെ ബുട്ടാലും, എങ്കള പേരിലി കേസ് എടുത്താലും എങ്കക്കു പോടിയൊഞ്ചും കാണേ...''
(ഞങ്ങൾക്ക് വീടുവെച്ച് താമസിക്കാൻ സ്ഥലമില്ല, കക്കൂസിൽ പോവണമെങ്കിൽ കക്കൂസില്ല. കുളിക്കണമെങ്കിൽ കുളിമുറിയുമില്ല. എന്തിനധികം പറയണം, നടക്കാൻ ഞങ്ങൾക്ക് വഴിപോലും ഇല്ല. ഞങ്ങളുടെ കഷ്ടപ്പാട് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല.
ഞങ്ങൾക്ക് വീടുവെച്ച് താമസിക്കാൻ വേണ്ടിയല്ലേ ഞങ്ങൾ സമരം നടത്തുന്നത്. ഞങ്ങൾ ഒരാളുടെയും മുതൽ കട്ടെടുക്കാനോ, കൊള്ളയടിക്കാനോ, പിടിച്ചു പറിക്കാനോ പോകുന്നില്ലാലോ, ഞങ്ങളുടെ മനുഷ്യര് മരിച്ചുപോയാൽ, കുഴിച്ചിടാൻ വരെ ഞങ്ങൾക്ക് സ്ഥലമില്ല. ഇനി ഞങ്ങളുടെ മനുഷ്യർ ആരേലും മരിച്ചാൽ സർക്കാരിന്റെ നെഞ്ചത്ത് കുഴിച്ചിടും ഞങ്ങൾ.
ഇത് വെറുതെ പറയുന്നതല്ല, അങ്ങനെ ചെയ്യുവാൻ വേണ്ടിത്തന്നെയാണ് ഞങ്ങൾ പറയുന്നത്. അല്ലെങ്കിൽ ഞങ്ങൾക്ക് സ്ഥലം തരണം. ഞങ്ങൾ ഇനിയും സമരത്തിനുപോവും, പൊലീസിനെ വിട്ടാലും, ഞങ്ങളുടെ പേരിൽ കേസെടുത്താലും ഞങ്ങൾക്ക് പേടിയൊന്നും ഇല്ല.)

നമ്മളെ ആളുകളുടെ കേസ് എഴുതിത്തള്ളണമെന്നും, കൈയ്യേറിയ ഭൂമി ആദിവാസികൾക്ക് നൽകണമെന്നും ആവശ്യപ്പെട്ട് 600 ആദിവാസികൾ പൊലീസ്​സ്റ്റേഷനിലേക്കും, റവന്യൂ ഡിവിഷനിലേക്കും മാർച്ച് ചെയ്തു.

‘ലാത്തികൊണ്ടും, തോക്കുകൊണ്ടും പേടിപ്പിക്കാൻ നോക്കേണ്ട' എന്ന് മുദ്രാവാക്യം വിളിച്ചുകൊടുക്കുമ്പോൾ അങ്ങനെ പറയാനറിയാത്തതുകൊണ്ട് കെമ്പിയമ്മയുടെ മനസ്സിൽ തോന്നുന്നതാണ് വിളിക്കുക. അതിലൊന്ന് ഇങ്ങനെയാണ്: ‘തൊപ്പി ഇട്ടൊരു പൊലീസേ, കുപ്പിലാക്കാൻ നോക്കേണ്ടാ...'
ഇത് പൊലീസുകാരുടെ മുഖത്തുനോക്കി വിളിക്കുമായിരുന്നു.
‘കർഷക തൊഴിലാളി യൂണിയൻ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ കെമ്പിയമ്മ വിളിച്ചിരുന്നത് ‘കരിഞ്ചന്ത പൊലയാടി യൂണിയൻ സിന്ദാബാദ്' എന്നായിരുന്നു. കെമ്പിയമ്മ ഇന്ന് ജീവനോടെയില്ല. പക്ഷേ, എന്റെ മനസ്സിൽ കെമ്പിയമ്മയുടെ ആത്മാർത്ഥതയും, സ്നേഹവും, ചുറുചുറുക്കും, സാമർത്ഥ്യവും തെളിഞ്ഞുനിൽക്കുന്നുണ്ട്. അതുകൊണ്ട് ജീവനുള്ളിടത്തോളം കാലം കെമ്പി അമ്മയ്ക്ക് എന്റെ മനസ്സിൽ മരണമില്ല.

കോളനികളിൽ ഇടയ്ക്കിടെ ഞങ്ങൾ മീറ്റിംഗ് കൂടി. നമ്മളെ ആളുകളുടെ കേസ് എഴുതിത്തള്ളണമെന്നും, കൈയ്യേറിയ ഭൂമി ആദിവാസികൾക്ക് നൽകണമെന്നും ആവശ്യപ്പെട്ട് 600 ആദിവാസികൾ പൊലീസ്​ സ്റ്റേഷനിലേക്കും, റവന്യൂ ഡിവിഷനിലേക്കും മാർച്ച് ചെയ്തു. സമരരംഗത്ത് ശക്തമായി നിന്നതേറെയും സ്ത്രീകളായിരുന്നു. പ്രശ്‌നങ്ങൾക്ക് സ്ഥിരമായ പരിഹാരം ആവശ്യപ്പെട്ട് സ്ത്രീകൾ റിലേ നിരാഹാര സമരം ആരംഭിച്ചു. എന്തുകൊണ്ടാണ് സമരം നടത്തുന്നതെന്നും, സമരത്തിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിക്കുന്നതിനും സമരത്തിൽ നടന്ന സംഭവങ്ങൾ വിവരിക്കാനും ഞങ്ങൾ തീരുമാനിച്ചു. എന്നാൽ മാനന്തവാടി ടൗണിൽ പ്രസംഗിക്കാൻ പൊലിസ്​ ഞങ്ങൾക്ക് മൈക്ക് അനുവദിച്ചില്ല. അങ്ങനെ മാനന്തവാടിയുടെ കവലകളിലെല്ലാം പ്രതിഷേധമായി മൈക്കില്ലാതെ പ്രസംഗിച്ചു. അന്ന് നക്‌സലൈറ്റ്​ ഗ്രൂപ്പും, റെഡ് ഫ്ലാഗും, രാഷ്ട്രീയക്കാരും, നാട്ടുകാരും അമ്പുകുത്തി ഭൂസമരത്തെ പരസ്യമായി എതിർത്ത്​ രംഗത്തുവന്നു. അന്ന് ആദിവാസി ഭൂസമരത്തിനെതിരെ മാനന്തവാടി എൽ.പി.സ്കൂളിൽ റെഡ് ഫ്ലാഗിന്റെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്​തത്​ കെ. പാനൂർ ആയിരുന്നു. ഇതിലൂടെതന്നെ ആദിവാസികളോടുള്ള അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് നയം വ്യക്തമായിരുന്നു. നക്‌സലൈറ്റുകൾ ഞങ്ങളുടെ സമരത്തെ എതിർക്കാൻ കാരണമുണ്ടായിരുന്നു. അതുവരെ അവരുടെ പരിപാടികൾക്ക് ആദിവാസികളെയായിരുന്നു കൊണ്ടുപോയിരുന്നത്. ആദിവാസികൾ സ്വന്തം നേതൃത്വത്തിൽ സമരം നടത്താൻ തുടങ്ങിയപ്പോൾ ഇവരുടെ കൂടെ ആരും പോവാതെയായി. അതുകൊണ്ടാണ് നക്‌സലൈറ്റുകൾ ആദിവാസി സമരങ്ങളെ എതിർത്ത് രംഗത്തുവന്നത്. ഞങ്ങളുടെ പ്രശ്‌നത്തിൽ അധികാരികൾ ഇടപെടില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഞങ്ങൾ വീണ്ടും ഭൂമി കൈയ്യേറി കുടിൽ കെട്ടി. എന്നാൽ അവിടെ നിന്ന്​ വീണ്ടും ആളുകളെ കുടിയിറക്കുകയാണുണ്ടായത്. 13 വർഷം കഴിഞ്ഞാണ് അമ്പുകുത്തി സമരക്കേസ് കോടതി തള്ളിയത്. കേസിന്​ഹാജരാവാതിരുന്നവരുടെ കേസ് പിൻവലിച്ചില്ല. കുറെപേർ മരിച്ചുപോയി. അമ്പുകുത്തിയിൽ ആർക്കും ഇതുവരെ ഭൂമി കിട്ടിയില്ല. ▮

(തുടരും)

​വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments