നക്​സലൈറ്റ്​ വേട്ടയുടെ മറവിൽ ആദിവാസി സ്​ത്രീകൾക്കുനേരെ ​പൊലിസ്​ നടത്തിയ ലൈംഗികാക്രമണങ്ങൾ

തിരുനെല്ലി പഞ്ചായത്തിലൊക്കെ അവിവാഹിതരായ അമ്മമ്മാരുടെ എണ്ണം വർദ്ധിച്ചത് നക്‌സലൈറ്റുകാരെ പിടിക്കാൻ പൊലീസ്- സി.ആർ.പി. ക്യാമ്പ് നടത്തിയപ്പോഴാണ്. നക്‌സലുകളുണ്ടെന്നുപറഞ്ഞ് പൊലീസുകാർ ആദിവാസി കോളനികളിൽ കയറിയിറങ്ങി. പുരുഷന്മാരെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തു.

അധ്യായം 12

ന്മിയുടെയടുത്ത് പണിയെടുക്കുന്ന കാലത്ത്, ജന്മി നമ്മളെ സ്ത്രീകളെ മാനഭംഗപ്പെടുത്തിയാലും അവർ ഒന്നും മിണ്ടില്ല. ഉപജീവനത്തിന് ജന്മിയെ ആശ്രയിക്കുമ്പോൾ എന്ത് മോശം പെരുമാറ്റമുണ്ടായാലും അവർ സഹിക്കും. കുടുംബത്തിലെ ആളുകൾ പട്ടിണിയാവാതിരിക്കാൻ അവർ വീണ്ടും പണിക്കുപോകും. അപ്പോൾ ഇവരെ വീണ്ടും വീണ്ടും ജന്മി ഉപയോഗിക്കും.

നമ്മളെ ആണുങ്ങൾ ലഹരികളൊന്നും ഉപയോഗിക്കാത്തവരായിരുന്നു. ജന്മി നിർബന്ധിച്ച് ആണുങ്ങൾക്ക് ചാരായം കൊടുക്കും. വേണ്ടാന്ന് പറഞ്ഞാൽ ജന്മി അവരോട് പറയും, ‘നീയൊക്കെ ഒരു ആണാണോടാ, ആണുങ്ങളായാൽ ലേശം കള്ളു കുടിക്കണ്ടെ എന്ന്.’ അങ്ങനെ ആണത്തത്തെ ചോദ്യം ചെയ്ത് ചാരായം കുടിപ്പിക്കും. രണ്ടുമൂന്ന് ദിവസം സൗജന്യമായി ചാരായം കൊടുക്കും. പിന്നെ നമ്മളെ ആളുകൾ ചാരായത്തിനടിമയാകും. അങ്ങനെ അവർ സ്വയം കാശു കൊടുത്ത് മേടിച്ചു കുടിക്കാൻ തുടങ്ങി. ആണുങ്ങളെ വയലിൽ കാവൽ നിൽക്കാൻ രാത്രി പറഞ്ഞുവിട്ടിട്ട് ജന്മി കുള്ളിൽ വന്ന് സ്​ത്രീകളെ ബലാത്സംഗം ചെയ്യുന്നത് പതിവായിരുന്നു. അങ്ങനെ അവിവാഹിതരായ അമ്മമാരും, അച്ഛനില്ലാത്ത കുട്ടികളും ഉണ്ടായി. ആ സമയത്തെല്ലാം മറ്റുള്ളവരെ കാണുന്നതുപോലും നമ്മളെ ആളുകൾക്ക് ഭയമായിരുന്നു. പേടിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, മർദ്ദിച്ചും, വലിച്ചിഴച്ചുകൊണ്ടുപോയും ചെറിയ പെൺകുട്ടികളടക്കമുള്ള സ്ത്രീകളുടെ മനസ്സും, ആത്മാഭിമാനവും, ജീവനുമെല്ലാം ഇവർ കവർന്നെടുത്തു. അപ്പോഴത്തെ സാഹചര്യത്തിൽ ഇതിനെതിരെ പ്രതികരിക്കാൻ അവർക്ക് പേടിയായിരുന്നു. ബലാത്സംഗം ചെയ്താലും, ഉപദ്രവിച്ചാലും അതെല്ലാം സഹിക്കുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു. സംരക്ഷിച്ചു നിർത്തേണ്ട നിയമപാലകരും ഇതിനുത്തരവാദികളാണ്. അവരുടെ അടുത്ത് പരാതിയുമായി ചെല്ലുമ്പോൾ നമ്മളെ സ്ത്രീകളെ ഇവർ ഉപയോഗിക്കുന്നു. അതുകൊണ്ട്​, നമ്മളെ ആളുകൾ പരാതി പറയാതെയായി. കാമം തീർക്കുന്ന ഈയൊരു കാര്യത്തിൽ ആദിവാസിയെന്നോ, അയിത്തമെന്നോ ഇവർക്കില്ലായിരുന്നു.

ആദിവാസി ഭൂമി അന്യാധീനപ്പെട്ടതുപോലെ നമ്മളെ സ്ത്രീകളുടെ ആത്മാഭിമാനവും മറ്റുള്ളവർ ക്രൂരമായി കവർന്നെടുത്തു. നാൾക്കുനാൾ വയനാട്ടിലെ കോളനികളിൽ ലൈംഗിക ചൂഷണം മൂലമുള്ള അവിവാഹിത സ്ത്രീകളുടെ ഗർഭം നിത്യസംഭവമായി.

തിരുനെല്ലി പഞ്ചായത്തിലൊക്കെ അവിവാഹിതരായ അമ്മമ്മാരുടെ എണ്ണം വർദ്ധിച്ചത് നക്‌സലൈറ്റുകാരെ പിടിക്കാൻ പൊലീസ്- സി.ആർ.പി. ക്യാമ്പ് നടത്തിയപ്പോഴാണ്. കാടിനകത്തെ ഒറ്റപ്പെട്ട ഗ്രാമമായിരുന്നു തിരുനെല്ലി. നക്‌സലുകളുണ്ടെന്നുപറഞ്ഞ് പൊലീസുകാർ ആദിവാസി കോളനികളിൽ കയറിയിറങ്ങി. പുരുഷന്മാരെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തു. അന്നുമുതലാണ് അവിവാഹിതരായ അമ്മമാരുടെ എണ്ണം തിരുനെല്ലിയിൽ കൂടാൻ തുടങ്ങിയത്. ഇവരുടെ ലൈംഗികചൂഷണത്തിൽ നിന്ന്​രക്ഷപ്പെടാൻ തിരുനെല്ലി വിട്ട് വേറെ സ്ഥലങ്ങളിലേക്ക് പോകാൻ നമ്മളെ ആളുകൾക്ക് അറിവില്ലായിരുന്നു. അന്ന് വിദ്യാഭ്യാസമില്ല, കാശില്ല. ഇപ്പോഴാണ് പുറംലോകവുമായി ഇടപെട്ടുതുടങ്ങിയത്.

ആദിവാസി ഭൂമി അന്യാധീനപ്പെട്ടതുപോലെ നമ്മളെ സ്ത്രീകളുടെ ആത്മാഭിമാനവും മറ്റുള്ളവർ ക്രൂരമായി കവർന്നെടുത്തു. നാൾക്കുനാൾ വയനാട്ടിലെ കോളനികളിൽ ലൈംഗിക ചൂഷണം മൂലമുള്ള അവിവാഹിത സ്ത്രീകളുടെ ഗർഭവും, നിയമവിരുദ്ധ ഗർഭഛിദ്രവും ഇതിന്റെ ഫലമായി ആദിവാസി യുവതികൾ മരിക്കുന്നതും നിത്യസംഭവമായി.

1984-ൽ കൽപ്പറ്റയിൽ ഒരു കോളനിയിൽ 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ഗർഭിണിയാക്കി. കോളനി സ്ഥിരമായി സന്ദർശിക്കാറുള്ള ഒരു പ്രമുഖ വ്യക്തിയായിരുന്നു ഉത്തരവാദി. ഇതേപ്പറ്റി ചോദിക്കാൻ ചെന്ന പിതാവിനോടും, ബന്ധുക്കളോടും അയാൾ പറഞ്ഞത് മകൾ പ്രസവിക്കട്ടെ, എല്ലാറ്റിനും ഞാനിവിടെയില്ലേ എന്നാണ്. പെൺകുട്ടി പ്രസവിച്ചപ്പോൾ, വിവരം പുറത്തുപറഞ്ഞാൽ എല്ലാറ്റിനെയും കൊന്നുകളയുമെന്ന്​ അയാൾ പെൺകുട്ടിയെയും, കുടുംബക്കാരെയും ഭീഷണിപ്പെടുത്തി. ആ പെൺകുട്ടിയുടെ ജീവിതം തകർത്ത്, കുറ്റവാളി പുറത്ത് വിലസി നടന്നു.

അവിവാഹിതരായ അമ്മമാർ ഏറ്റവും കൂടുതലുണ്ടായിരുന്നത് തിരുനെല്ലി പഞ്ചായത്തിലായിരുന്നു. കാട്ടിക്കുളം ചേലൂർ കോളനിയിലെ 27കാരിയെ പ്രാകൃത ഗർഭഛിദ്രത്തിനുവിധേയമാക്കി കൊലപ്പെടുത്തിയ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1994 ജൂൺ ആറിനായിരുന്നു സംഭവം. കോളനി പരിസരത്തെ ആദിവാസി അല്ലാത്തൊരാൾ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നുപറഞ്ഞ്​ പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണം ചെയ്തുകൊണ്ടിരുന്നു. ഗർഭിണിയായി ഏഴുമാസമായപ്പോൾ, ഗർഭം അലസിപ്പിക്കുന്നതിന്​ ഇയാൾ ഒരു ഹോമിയോ ഡോക്ടറുടെ സഹായത്തോടെ പെൺകുട്ടിക്ക് മരുന്ന് കൊടുത്തു. ഗർഭം അലസി, നിലയ്ക്കാത്ത രകതസ്രാവമുണ്ടായി, അവൾ മരിച്ചു. കോളനിക്കാർ വിവരം പൊലീസിലറിയിച്ചു. എന്നാൽ പ്രതികളുടെ പേരുവിവരം പുറത്തറിയിച്ചില്ല, അവർക്കെതിരെ ദിവസങ്ങളോളം നടപടിയെടുത്തുമില്ല. ദൃക്‌സാക്ഷികളെയും വിവരം ധരിപ്പിക്കാൻ കഴിവുള്ളവരെയും പണം കൊടുത്തും, ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാൻ ശ്രമം നടന്നു. പെൺകുട്ടിയുടെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ‘ആദിവാസി വികസന പ്രവർത്തക സമിതി'യുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. നമ്മൾ വക്കീലിനെ വെച്ച് കേസ് നടത്തി. സംഘടനകളും പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. മുഴുവൻ അവിവാഹിത അമ്മമാരെയും ഡി.എൻ.എ ടെസ്റ്റിനു വിധേയരാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ പ്രതിഷേധിച്ച പല സംഘടനകളും പിൻവാങ്ങി. പ്രതികളെ അറസ്റ്റ് ചെയ്തുവെങ്കിലും കുറച്ചുദിവസം കഴിഞ്ഞ് വിട്ടയച്ചു. പിന്നീട് കേസ് ഇല്ലാതായി.

അമ്മമാരുടെ പേരുപറഞ്ഞ് സർക്കാർ വാഹനങ്ങൾ കുറെ തലങ്ങും വിലങ്ങും ഓടി. ഇതിന്റെ പേരിൽ കുറെ പണം വാരിക്കോരി ചെലവഴിക്കപ്പെട്ടു എന്നല്ലാതെ അവിവാഹിതരായ അമ്മാർക്ക് പ്രയോജനമുണ്ടായില്ല.

1989-1991 കാലത്ത്​ പി. മൈക്കൽ വേദശിരോമണി ആയിരുന്നു വയനാട് കലക്ടർ. അന്നാണ് തിരുനെല്ലിയിൽ അവിവാഹിതരായ ആദിവാസി അമ്മമാരുടെ ആദ്യത്തെ സർവ്വെ നടത്തിയത്. അദ്ദേഹം വളരെ കൃത്യമായി കാര്യങ്ങൾ ചെയ്തിരുന്നു. ക്യാമ്പിലെത്തിയ അമ്മമാർ തങ്ങളുടെ കുട്ടികളെ വളർത്താൻ ഒരു ജോലി വേണമെന്നാണ് മുഖ്യമായും ആവശ്യപ്പെട്ടത്. അവർക്കായി സ്വയംതൊഴിൽ പദ്ധതി നടപ്പിലാക്കാൻ നിർദ്ദേശിക്കുന്ന റിപ്പോർട്ട്​ തയ്യാറാക്കി ബന്ധപ്പെട്ടവർക്ക്​ അയച്ചിരുന്നു. തൊട്ടുപുറകെ കലക്ടറെ തിരുവനന്തപുരത്ത് മിൽമ ഡയറക്ടറായി സ്ഥലം മാറ്റി. പിന്നീടുണ്ടായത് തോരാത്ത പ്രസ്താവനകളും, പ്രഖ്യാപനങ്ങളും മാത്രം. ഓരോ കമ്മിറ്റിയും മുമ്പാകെ പതിവായി എത്തി പരാതി പറയേണ്ട ഗതിയായിരുന്നു. പരാതി കേൾക്കാനെത്തുന്നവരുടെ മുന്നിൽ കാഴ്ചവസ്തുക്കളായിനിന്ന് അവിവാഹിതരായ അമ്മമാർ മടുത്തു. അവസാനം പരാതി പറയാൻ ഒരാൾ പോലും പോവാതെയായി.

ഈ അമ്മമാരുടെ പേരുപറഞ്ഞ് സർക്കാർ വാഹനങ്ങൾ കുറെ തലങ്ങും വിലങ്ങും ഓടി. ഇതിന്റെ പേരിൽ കുറെ പണം വാരിക്കോരി ചെലവഴിക്കപ്പെട്ടു എന്നല്ലാതെ അവിവാഹിതരായ അമ്മാർക്ക് പ്രയോജനമുണ്ടായില്ല. ഇനി ഇത്തമൊരവസ്ഥ ഉണ്ടാവാതിരിക്കാനും കുഞ്ഞുങ്ങൾക്ക് സംരക്ഷണം കിട്ടാനും വേണ്ടിയാണ് അവർ വരുന്നവർക്കെല്ലാം മൊഴി കൊടുത്തത്. പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാവും എന്നാണ് അമ്മമാർ വിചാരിച്ചത്. വീണ്ടും, വീണ്ടും, സിറ്റിംഗ് നടത്തി പ്രശ്‌നങ്ങൾ കേൾക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടായില്ല, മാത്രമല്ല അവിവാഹിത അമ്മാരുടെ ഫീച്ചറുകൾ മാധ്യമങ്ങളിൽ വന്നപ്പോൾ മറ്റുള്ള ആളുകളുടെ ശല്യം കൂടി, ഇവരെ നോക്കി മോശം കമന്റുകൾ പറയാൻ തുടങ്ങി, അത്​ അവർക്ക്​ മറ്റൊരു പീഡനമായി മാറി.

അവിവാഹിതരായ അമ്മമാർ വനിതാ കമീഷന്​ പരാതി നൽകുമ്പോൾ, ജില്ലാ അധികൃതർക്ക് ഇതുസംബന്ധിച്ച് അറിവുണ്ടായാലും പരാതികളില്ലെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കും. പിതൃത്വ നിർണയ പരിശോധനക്ക്​, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പിതൃത്വം ആരോപിക്കപ്പെട്ടവരുടെയും രക്തം ശേഖരിച്ച് ഡി.എൻ.എ. ടെസ്റ്റ് നടത്തണമെന്ന് ആറു വർഷത്തോളം ആദിവാസി സംഘടനകളെല്ലാം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ, ഹൈദരാബാദിൽ ഡി.എൻ.എ. ടെസ്റ്റ് നടത്താൻ ഓരോ ടെസ്റ്റിനും 50,000 രൂപയിലധികം വരുമെന്നുപറഞ്ഞ് അധികൃതർ പിന്മാറി. തിരുവനന്തപുരത്ത് ഡി.എൻ.എ. ടെസ്റ്റ് നടത്താൻ സംവിധാനമായതോടെയാണ് വനിതാ കമീഷൻ വയനാട്ടിൽ നിന്ന്​ആദ്യമായി ടെസ്റ്റിന് രക്തം ശേഖരിച്ചത്.

1997-ൽ സുൽത്താൻ ബത്തേരിയിലെ ഒരു ആദിവാസി കോളനിയിലെ ഏഴുമാസം ഗർഭിണിയായ യുവതിയെ പ്രാകൃത ഗർഭഛിദ്രം നടത്തി കൊലപ്പെടുത്തിയിരുന്നു. ഹോട്ടലിൽ തൊഴിൽ ചെയ്തിരുന്ന യുവതിയെ മൂന്നുപേർ ചേർന്ന് ചികിത്സിക്കാനെന്നു പറഞ്ഞ് മൂലംകാവിലെ ഒരു ഡോക്ടറുടെ ക്ലിനിക്കിൽ കൊണ്ടുപോയി, അവിടെ വെച്ചാണ് ഗർഭഛിദ്രം നടത്തിയത്. ലൈംഗികമായി ആ​ക്രമിച്ചവരുടെ പേരോ, ഗർഭം ഒഴിവാക്കിയ വിവരമോ പുറത്തറിയിച്ചാൽ കൊന്നുകളയുമെന്ന് അവളെ അവർ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രം നടത്തി പിറ്റേന്ന്​100 രൂപയും​ കൊടുത്ത്​ അവളെ ഒരു ഓട്ടോറിക്ഷയിൽ കയറ്റിവിട്ടു. വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ അവളുടെ നില ഗുരുതരമായി, ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്​തു. പോസ്റ്റ്‌മോർട്ടം പോലും നടത്താതെ അതിവേഗം മറവുചെയ്തു.

ഇത്തരം പ്രശ്‌നങ്ങൾ കൂടിക്കൊണ്ടിരുന്നപ്പോൾ, പട്ടികജാതി, പട്ടികവർഗ നിയമസഭാ കമ്മിറ്റിയുടേതായി ഒരു പ്രസ്​താവന വന്നു; വയനാട്ടിലെ അവിവാഹിതരായ ആദിവാസി അമ്മമാർ പ്രബുദ്ധകേരളത്തിന് അപമാനമാണ്​ എന്ന്​. വിരോധാഭാസപരവും, ബാലിശവുമായ പ്രസ്താവനയായിരുന്നു ഇത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തിനുണ്ടാക്കിയ കമീഷൻ തന്നെ അവിവാഹിതരായ അമ്മമാരെ അപമാനിക്കുന്ന അഭിപ്രായപ്രകടനം നടത്തുകയാണ് ചെയ്തത്. പിന്നെ ആർക്കുവേണ്ടിയാണ് ഈ കമീഷൻ?. അവിവാഹിതരായ അമ്മമാരെ സൃഷ്ടിക്കുന്ന ഉത്തരവാദികളായ പുരുഷന്മാരാണ് പ്രബുദ്ധകേരളത്തിന് അപമാനം.

ഇത്രയധികം അവിവാഹിതരായ ആദിവാസി അമ്മമാരുണ്ടായിട്ടും വിവരവും, ബുദ്ധിയും, വിദ്യാഭ്യാസവും, രാഷ്ട്രീയബോധവും ഇല്ലെന്ന് നിങ്ങൾ പറയുന്ന ഒരു ആദിവാസി പുരുഷനും, അവിവാഹിതയായ ഒരു അമ്മയെയും സൃഷ്ടിച്ചിട്ടില്ല. ആദിവാസി പുരുഷൻ ഇതര വിഭാഗത്തിലെ സ്ത്രീയെ ഇഷ്ടപ്പെട്ട് കൂടെ കൂട്ടിയാൽ കൂലിപ്പണിയെടുത്തായാലും അവരെ അന്തസ്സോടെ പോറ്റും. ഇങ്ങനെ ജീവിച്ച പലരെയും മറ്റുള്ളവർ സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചിരുന്നില്ല. പുറത്ത്, വിവരവും ബുദ്ധിയും രാഷ്ട്രീയബോധവുമുണ്ടെന്നുപറഞ്ഞ് കൊട്ടിഘോഷിച്ചു നടക്കുന്ന മറ്റുള്ള ആളുകളാണ് അവിവാഹിതരായ അമ്മമാരുടെ ഉത്തരവാദികൾ. സമൂഹത്തിലെ അത്തരം മാന്യന്മാരാണ് അവിവാഹിതരായ അമ്മമാരെ സൃഷ്ടിച്ചത്. അവർക്ക് വോട്ടും പണവുമുണ്ട്. ഇത് രണ്ടുമാണ് രാഷ്ട്രീയക്കാർക്ക് ആവശ്യം. അതുകൊണ്ടുതന്നെ ഇത്തരക്കാരെ പിണക്കാൻ രാഷ്ട്രീയക്കാർക്ക് താൽപര്യമില്ലായിരുന്നു. പകൽമാന്യന്മാരായി വിലസിനടക്കുന്ന ഇവർക്ക് എല്ലാ സഹായവും നൽകി, നിയമം അടക്കമുള്ള സംവിധാനങ്ങൾ കുറ്റവാളികൾക്ക് അനുകൂലമാക്കി മാറ്റി, അവരെ സംരക്ഷിക്കുന്ന പണിയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. പൊലീസുകാർ, രാഷ്​ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ഭൂവുടമകൾ എന്നിവരടക്കമുള്ളവരുടെ ലൈംഗിക ചൂഷണത്തിന്റെ ഇരകളായിരുന്നു അവിവാഹിതരായ അമ്മമാർ. അതുകൊണ്ടു തന്നെ പൊലീസുകാരുടെ അടുത്ത് നമ്മളെ സ്ത്രീകൾ പരാതിയുമായി ചെന്നാൽ ഇവർ എങ്ങനെ പരാതി സ്വീകരിക്കും?. ‘വേലി തന്നെ വിള തിന്നുന്ന' അവസ്ഥ. അടച്ചുറപ്പുള്ള വീടില്ലാതിരുന്നതുകൊണ്ട് ആർക്കും എപ്പോൾ വേണമെങ്കിലും നമ്മളെ സ്ത്രീകളെ ഉപദ്രവിക്കാൻ പറ്റുമായിരുന്നു. എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചത്​.

അവിവാഹിതരായ അമ്മമാരുടെ ജീവിതം ഇപ്പോഴും വഴിമുട്ടിയ അവസ്ഥയിൽ തന്നെയാണ്. ഇവർക്കുവേണ്ടി പുനരധിവാസ പദ്ധതികളും, പാക്കേജുകളും പാസാക്കി അതും കൊള്ളയടിക്കുന്ന പണിയാണ് ഇവിടെ നടക്കുന്നത്.

കൃഷിചെയ്ത് ജീവിക്കാനാവശ്യമായ ഭൂമി ഇല്ലാതിരുന്നതുകൊണ്ട് നമ്മളെ ആളുകൾക്ക് തൊഴിലിനായി മറ്റുള്ളവരുടെ അടുത്ത് പോകണമായിരുന്നു. തൊഴിലിടങ്ങളിൽ ചൂഷണത്തിന് വിധേയരാകുമ്പോൾ നമ്മളെ ആളുകൾ പ്രതികരിക്കില്ല. കാരണം, പ്രതികരിച്ചാൽ തൊഴിൽ നഷ്ടമാവും. അതോടെ കുടുംബം പട്ടിണിയാവും. അതുകൊണ്ട്​ അവർ വീണ്ടും അവിടേക്കുതന്നെ​ പണിക്കുപോവും. ഈ ആശ്രിതത്വ മനോഭാവം മൂലമാണ്​ അവിവാഹിതരായ അമ്മമാരുടെ എണ്ണം വർദ്ധിച്ചത്​. അപമര്യാദയോടെ പെരുമാറുമ്പോൾ അതിനെ എതിർത്ത് മാറി നിൽക്കണമെങ്കിൽ ബദലായി ഒരു സംവിധാനം വേണം. സ്വന്തമായ നിലനിൽപ്പ് ഇല്ലാത്തതുകൊണ്ട് ഇത്തരം ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതാവസ്​ഥയെയാണ്​ ഇത്തരം ആളുകൾ മുതലാക്കുന്നത്.

അവിവാഹിതരായ അമ്മമാരുടെ ജീവിതം ഇപ്പോഴും വഴിമുട്ടിയ അവസ്ഥയിൽ തന്നെയാണ്. ഇവർക്കുവേണ്ടി പുനരധിവാസ പദ്ധതികളും, പാക്കേജുകളും പാസാക്കി അതും കൊള്ളയടിക്കുന്ന പണിയാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായ അമ്മമാരുടെ പേരിൽ നടപ്പിലാക്കുന്ന പദ്ധതികളൊന്നും ഇവർ അറിയുന്നുപോലുമില്ല. ഇവരുടെ പരിസരത്തുപോലും അതിന്റെ ഗുണം എത്തുന്നില്ല. എല്ലാം പത്രത്തിലും, പരസ്യത്തിലും മാത്രം ഒതുക്കുന്നു. ശാരീരിക- മാനസിക പീഡനത്തിനിരയായി, അസ്ഥിത്വമില്ലാത്ത ആത്മാവിനെ പോലെയാണ് അവരുടെ ജീവിതം.

അപ്പപ്പാറയിലെ ഒരു ആദിവാസി സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ ഞങ്ങൾ ഇടപെട്ട് കേസ് കൊടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കും എന്ന അവസ്ഥയിലെത്തിയപ്പോൾ ആ പ്രതിയേയും കൂട്ടി, ഞങ്ങൾക്കുവേണ്ടി വാദിക്കുന്ന വക്കീൽ ഒത്തുതീർപ്പിനായി എന്നെ കാണാൻ വന്നു. എങ്ങനെയെങ്കിലും ഈ കേസ് ഒത്തുതീർപ്പാക്കണം, എന്ത് സാമ്പത്തിക സഹായവും തരാം എന്ന് അവർ പറഞ്ഞു. ഞാനപ്പോൾ വക്കീലിനോട് പറഞ്ഞു, ‘ഒത്തുതീർപ്പ് എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. കേസ് നടത്താനാണ് വക്കീലിനെ ആക്കിയത്. വക്കീലത് ചെയ്താൽ മതി.’

എന്നാൽ പ്രതിയും കൂട്ടരും ആക്രമണത്തിനിരയായ പെണ്ണിന്റെ വീട്ടിൽ പോയി. അച്ഛനും, അമ്മയും, അവളും അടങ്ങുന്നതാണ് കുടുംബം. ഈ സംഭവം കേസായാൽ അവളെ 12 വർഷം ജയിലിലിടും, പുറത്തുവരാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. നിങ്ങളുടെ മകൾ ജയിലിൽ പോകും, നിങ്ങളെ നോക്കാൻ ആരും ഉണ്ടാവില്ല എന്നൊക്കെ അവളുടെ അച്​ഛനോടും പറഞ്ഞു. അവസാനം അവൾ കോടതിയിൽ പ്രതിക്കനുകൂലമായി പറഞ്ഞു, കേസ് ഇല്ലാതായി. എന്റെ മോതിരം പണയം വെച്ചിട്ടാണ് കേസ് നടത്താൻ വക്കീലിനെ വെച്ചത്. കേസിനുപോകുമ്പോൾ ഇവരുടെ ചെലവ് എടുത്തതുപോലും ഞാനായിരുന്നു.

ഇതുപോലെയുള്ള സംഭവങ്ങളിൽ ഞങ്ങളിടപ്പെട്ടാലും സാക്ഷികളെയും, ആരോപണം ഉന്നയിക്കുന്നവരെയും ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും, കൊലപ്പെടുത്തിയും കേസ് അവസാനം ഒന്നുമല്ലാതെയാക്കും. പ്രതികൾ രക്ഷപ്പെടും. രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയും പ്രതികൾക്കായിരുന്നു. പട്ടികജാതി - പട്ടികവർഗ പീഢന നിരോധന നിയമം (Scheduled Caste and Scheduled Tribe -Prevention of Atrocities- Act, 1989) നിലവിലുണ്ടായിട്ടും കുറ്റവാളികളെ പിടികൂടാനും ശിക്ഷ നൽകാനും അധികൃതർ ഇന്നും തയ്യാറാവുന്നില്ല. ഒരു കുറ്റവാളിയെങ്കിലും നിയമാനുസൃതം ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിൽ ലൈംഗിക ചൂഷണവും, കൊലപാതകങ്ങളും കുറഞ്ഞേനെ.

ആദിവാസികൾക്കുനേരെ നടക്കുന്ന ചൂഷണത്തെക്കുറിച്ചും, അവിവാഹിതരായ അമ്മമാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും പറഞ്ഞ് ഞങ്ങൾ സമരം നടത്തിയാൽ അതൊന്നും പത്രത്തിൽ വാർത്തയാകില്ല. ‘കാട്ടിലെ ആനയും, ആദിവാസികളും' പത്രം വായിക്കാറില്ല, അതുകൊണ്ട് വാർത്ത കൊടുക്കേണ്ടതില്ല എന്നാണ് പത്രക്കാർ പറയാറ്​. അങ്ങനെ, 1990 ലും 1992 ലും മാനന്തവാടി ടൗണിൽ വെച്ച് ഞങ്ങൾ എല്ലാ പത്രങ്ങളും കത്തിച്ചു. അതിനുശേഷമാണ് കുറച്ചെങ്കിലും പത്രവാർത്തകൾ വരാൻ തുടങ്ങിയത്.

പട്ടികജാതിക്കാർക്കും, പട്ടികവർഗക്കാർക്കും എതിരെയുള്ള നിയമലംഘനങ്ങളും അതിക്രമങ്ങളും തടയുന്നതിന് 1989 സെപ്റ്റംബർ 11 ന് നിലവിൽ വന്ന പട്ടികജാതി-പട്ടികവർഗ പീഢന നിരോധന നിയമത്തിൽ, വിചാരണക്ക്​ പ്രത്യേക കോടതികൾ ഏർപ്പെടുത്താനും, കുറ്റങ്ങൾക്കിരയാകുന്നവർക്ക് ആശ്വാസ നടപടിക്കും, പുനരധിവാസത്തിനും വ്യവസ്ഥ ചെയ്യുന്നുണ്ട്. കർശനമായ നിരവധി വ്യവസ്​ഥകളുള്ളതാണ്​ ഈ നിയമം.

നിയമപ്രകാരമുള്ള ചില പ്രധാന കുറ്റകൃത്യങ്ങൾ:

ഇത്രയും കർശനമായ നിയമവ്യവസ്ഥയുണ്ടായിട്ടും ആദിവാസികൾക്കും, ദലിതർക്കും എതിരെ ക്രൂരവും പൈശാചികവുമായ അതിക്രമം നിരന്തരം നടക്കുന്നു. ആദിവാസികളുടെ ഭൂമി പൂർണമായും കൈയ്യേറ്റം ചെയ്യപ്പെടുന്നു, അവർ ആവാസവ്യവസ്ഥയിൽ നിന്ന്​ കുടിയിറക്കപ്പെടുന്നു, ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കപ്പെടുന്നു, അവിവാഹിതരായ അമ്മമാരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു, ആദിവാസി പെൺകുട്ടികളെ കെട്ടിയിട്ട് ലൈംഗികമായി ആക്രമിക്കുന്നു, ഭർത്താക്കന്മാർക്ക് മദ്യം കൊടുത്ത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു, ആദിവാസികളെ പ്രദർശനവസ്തുവാക്കുന്നു, കള്ളക്കേസിൽ കുടുക്കുന്നു, പേടിപ്പിച്ചും ബലം പ്രയോഗിച്ചും വോട്ട് ചെയ്യിപ്പിക്കുന്നു.
കർണ്ണാടകയിൽ ഇഞ്ചിപ്പാടത്ത് കൊണ്ടുപോയി ആദിവാസികളെ അടിമകളെ പോലെ പണിയെടുപ്പിക്കുന്നു. അവിടെ നിന്ന്​ പല ആളുകളുടെയും മൃതശരീരമാണ് ഇങ്ങോട്ടുവരുന്നത്.

ഇതെല്ലാം ഇന്നും ആദിവാസികളുടെയും ദലിതരുടെയും നേർക്ക് മനഃപൂർവ്വം നടത്തുന്ന അതിക്രമങ്ങളാണ്. ഓരോ അതിക്രമത്തിനും നൽകേണ്ട കർശനശിക്ഷ ഏതൊക്കെയെന്ന് വ്യക്തമായി പറയുന്ന വകുപ്പുകളെക്കുറിച്ച്​ അറിയുന്ന നിയമപാലകർ തന്നെ ആദിവാസികളും ദലിതരും പരാതിയുമായി ചെല്ലുമ്പോൾ, ദുർബലമായ വകുപ്പുകൾ മാത്രം ചേർത്ത് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. 2014-ൽ നിൽപ്പുസമരം നടക്കുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ തൃശ്ശൂർക്കാരിയായ ഒരു സ്ത്രീ എനിക്കെതിരെ വളരെ മോശം അപവാദ പ്രചാരണം നടത്തിയിരുന്നു. ഞാൻ പരാതി കൊടുത്തിട്ട് ഈ ആക്ട് അനുസരിച്ച് അവർക്കെതിരെ കേസെടുത്തില്ല. നിയമം പരിരക്ഷിക്കേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ അവരും ശിക്ഷാർഹരാണെന്നിരിക്കേ ഇതൊന്നും ആർക്കും ബാധകമാവുന്നില്ല. പ്രതികളുടെ മുൻകൂർ ജാമ്യം പോലും തടയുന്ന കർശന നിയമമുണ്ടായിട്ടും നിയമപാലകർ പലരും കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്കുശേഷവും ആദിവാസി - ദലിത് വിഭാഗത്തിനുനേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ജനാധിപത്യ ഭരണത്തെ സംബന്ധിച്ച്​ തികച്ചും ലജ്ജാവഹമാണ്. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments