അധ്യായം 13
1994-ൽ, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പട്ടികജാതി- പട്ടികവർഗത്തിൽപ്പെട്ട ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകയ്ക്കുള്ള അവാർഡിന് എന്നെയാണ് തിരഞ്ഞെടുത്തത്. മാനന്തവാടി ട്രൈബൽ ഡവലപ്‌മെൻറ് ഓഫീസർ (ടി.ഡി.ഒ.) വീട്ടിൽ വന്ന് പറഞ്ഞപ്പോഴാണ് അവാർഡിനെപ്പറ്റി ഞാനറിയുന്നത്. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 58-ാം വാർഷികത്തോടനുബന്ധിച്ചാണ് ഗവൺമെൻറ് അവാർഡ് പ്രഖ്യാപിച്ചത്. വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തിൽ ആദിവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അവസരം തരാമെന്ന് പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ സമ്മതിച്ചിരുന്നു. ഈ വ്യവസ്ഥയിലായിരുന്നു അവാർഡ് സ്വീകരിക്കാൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വി.ജെ.ടി. ഹാളിലായിരുന്നു ചടങ്ങ്.
‘ഞങ്ങളുടെ ആളുകൾക്ക് ജീവിക്കാൻ ഭൂമിയില്ല. ഞങ്ങളുടെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവർക്കുവേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കിട്ടുന്നതാണ്, യഥാർഥത്തിൽ എനിക്കുള്ള അവാർഡ്.’
1001 രൂപയും പ്രശസ്തിപത്രവും, ഒരു റോസാപൂവുമായിരുന്നു, എനിക്കുലഭിച്ച ആ ആദ്യത്തെ അവാർഡ്. അവാർഡിന് അഞ്ചു പേർ അർഹരായിരുന്നു. ഞാനൊഴികെ ബാക്കി നാലുപേരും ഓരോ രാഷ്ട്രീയ പാർട്ടിക്കാരുടെ പഞ്ചായത്ത് മെമ്പർമാരും പ്രസിഡന്റുമാരുമാണ്. ഇൻഡിപെൻഡന്റായ, പട്ടികവർഗത്തിൽപ്പെട്ട ആൾ ഞാൻ മാത്രമായിരുന്നു. ഈ അവാർഡ് തരുന്ന സമയത്ത് അമ്പുകുത്തി സമര കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അവാർഡ് തരുമ്പോൾ ഞാനവരോട് പറഞ്ഞു, എന്റെ സാമൂഹ്യ പ്രവർത്തനത്തിനുള്ള അംഗീകാരം നിങ്ങളുടെ ഈ 1001 രൂപയും, പ്രശസ്തി പത്രവും, റോസാപൂവും ഒന്നുമല്ല. ഞങ്ങളുടെ ആളുകൾക്ക് ജീവിക്കാൻ ഭൂമിയില്ല. അതിന്റെ പേരിൽ ചൂഷണമനുഭവിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുണ്ട്. അട്രോസിറ്റീസ് ആക്ട് അനുസരിച്ച് കേസെടുക്കുന്നില്ല. അവർക്ക് മാനനഷ്ടം കൊടുക്കുന്നില്ല. അവർക്കുവേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കിട്ടുന്നതാണ്, യഥാർഥത്തിൽ എനിക്കുള്ള അവാർഡ്. നിങ്ങൾ തരുന്ന ഈ 1001 രൂപയും, പ്രശസ്തിപത്രവും കൊണ്ട് കേരളത്തിലെ ആദിവാസികളുടെ ഒരു മിനിറ്റു നേരത്തെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ പറ്റില്ല. അതുകൊണ്ടെനിക്ക് അവാർഡ് വേണ്ട എന്നുപറഞ്ഞ് സ്റ്റേജിൽനിന്നുതന്നെ തിരിച്ചുകൊടുത്തു.
പക്ഷേ, അവരത് സ്വീകരിച്ചില്ല. ഇത് വലിയ പ്രശ്‌നമായി. പൊലീസുകാരിടപെട്ടു. അപ്പോൾ ഞാൻ പറഞ്ഞു, അവാർഡ് തിരിച്ചു കൊടുക്കുന്നതിന് അറസ്റ്റു ചെയ്യാനുള്ള വകുപ്പുണ്ടെങ്കിൽ നിങ്ങളതു ചെയ്‌തോ, പക്ഷേ അതില്ലാതെ എന്നെ അറസ്റ്റു ചെയ്യാൻ പാടില്ല. അന്നേരം അവിടെ പട്ടികജാതിയിൽപ്പെട്ട കുറേ സഹോദരങ്ങളുണ്ടായിരുന്നു. ഞാനിതു ചെയ്തപ്പോൾ ഇവരെല്ലാം കൂവുകയും, കൈയ്യടിക്കുകയും ചെയ്തു. പിറ്റേന്ന് ഞാൻ പത്രസമ്മേളനം നടത്തി അവാർഡ് തിരസ്കരിക്കുന്ന വിവരം അറിയിച്ചു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകാൻ നടപടിയില്ല, ആദിവാസി സ്ത്രീകൾക്കുനേരെയുള്ള ചൂഷണവും, അവിവാഹിതരായ അമ്മമാരുടെ പ്രശ്‌നത്തിനും നടപടിയില്ല, പ്രതികരിക്കുന്ന ആദിവാസികളെ പൊലീസിന്റെയും, ഗുണ്ടകളുടെയും സഹായത്തോടെ രാഷ്ട്രീയക്കാർ അടിച്ചമർത്തുന്നു, ദിനംപ്രതി പട്ടിണിമരണം ഏറിവരുന്നു, ആദിവാസികൾക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു, ആദിവാസി യുവതികളെ വഞ്ചനയിലൂടെ അമ്മമാരാക്കിയ ആളുകളെ അട്രോസ്റ്റീസ് പ്രിവൻഷൻ ആക്ട് പ്രകാരം ശിക്ഷിക്കുകയും, പിതൃത്വം തെളിയിക്കുന്ന ഡി.എൻ.എ. ടെസ്റ്റ് നടത്തുകയും വേണം- ഈ ആവശ്യങ്ങളാണ് ഞാൻ ഉന്നയിച്ചത്. ഇത്തരം ആവശ്യങ്ങൾക്ക് ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ഞങ്ങൾ മാർച്ച് നടത്തുമെന്നും പറഞ്ഞു.
അവാർഡ് ഞാൻ തിരിച്ചുനൽകിയതറിഞ്ഞ് അവിടെയുള്ള പട്ടികജാതിയിൽപ്പെട്ട സഹോദരങ്ങൾ പൊതുപ്രകടനം നടത്തി. അന്നുരാത്രി തന്നെ തിരുവനന്തപുരത്ത് എല്ലാ മതിലുകളിലും എനിക്കഭിവാദ്യമർപ്പിച്ച് പോസ്റ്ററെഴുതി ഒട്ടിച്ചു.
ഞങ്ങളുടെ നേരെ വിരൽചൂണ്ടിയാൽ പോലും ശിക്ഷിക്കാൻ നിയമമുണ്ട്. പക്ഷേ എല്ലാം കടലാസിൽ ഒതുങ്ങുകയാണ്. റേഷൻ കടകളിലേയ്ക്ക് കിലോമീറ്ററോളം ഞങ്ങൾക്ക് നടക്കണമായിരുന്നു. എന്നാൽ ചാരായഷാപ്പുകൾ ഭൂപരിധി ലംഘിച്ച്ഓരോ കോളനികൾക്കുചുറ്റും ഉണ്ടായിരുന്നു. ഇതിനെല്ലാം ഇടയിൽ അവാർഡ് ആർക്കുവേണ്ടിയെന്ന് ഞാൻ ചോദിച്ചു. പത്രസമ്മേളനം കഴിഞ്ഞ് പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയുടെ ഓഫീസിലെത്തി 1001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് തിരിച്ചുനൽകി. മന്ത്രിയോട് വയനാട്ടിൽ കൊല ചെയ്യപ്പെട്ട ഗർഭിണികളായ രണ്ട് ആദിവാസി യുവതികളുടെ കാര്യവും, അവിവാഹിതരായ അമ്മമാരുടെ പ്രശ്‌നങ്ങളും, ആദിവാസി ഭൂമി പ്രശ്‌നങ്ങളും ചർച്ച ചെയ്തു. ‘ബട്ടനമർത്തിയാൽ നടക്കുന്ന കാര്യങ്ങളല്ല ഇതൊന്നും, എനിക്ക് വേറെ പണിയുണ്ട്’ എന്നുപറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.
അവാർഡ് ഞാൻ തിരിച്ചുനൽകിയതറിഞ്ഞ് അവിടെയുള്ള പട്ടികജാതിയിൽപ്പെട്ട സഹോദരങ്ങൾ പൊതുപ്രകടനം നടത്തി. അന്നുരാത്രി തന്നെ അജിത്ത് നന്ദംങ്കോടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എല്ലാ മതിലുകളിലും എനിക്കഭിവാദ്യമർപ്പിച്ച് പോസ്റ്ററെഴുതി ഒട്ടിച്ചു. എനിക്ക് അവരാരെയും പരിചയമുണ്ടായിരുന്നില്ല. പിറ്റേന്ന് പട്ടികജാതി- പട്ടികവർഗ്ഗ ഉദ്യോഗസ്ഥ സംഘടനകൾ ചേർന്ന് പബ്ലിക് മീറ്റിംഗ് വെച്ചു. അതിലവർ ഏർപ്പെടുത്തിയ ജനകീയ അവാർഡ് ഞാൻ സ്വീകരിച്ചു. (തുടരും) ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.