ആക്​റ്റിവിസത്തിന്റെ
​ആഗോള നെറ്റ്​വർക്കിലേക്ക്​

ഞാൻ വിദേശത്തുപോയി ഇംഗ്ലീഷ് പഠനം കഴിഞ്ഞ് വരുമ്പോഴേക്കും ഈ കുടുംബങ്ങളെ കുടിയിറക്കും, അവർ അനാഥരാകും. 52 കുടുംബങ്ങൾ വഴിയാധാരമാവാതിരിക്കാൻ, അവരുടെ കുടുംബ ജീവിതം നിലനിർത്താൻ, കുഞ്ഞുങ്ങൾ വഴിയാധാരമാവാതിരിക്കാൻ എന്റെ വിദേശപഠനം വേണ്ടെന്നു വെച്ചു.

അധ്യായം 18

ഗോളവൽക്കരണത്തിന്റെ കെടുതികൾ തീക്ഷ്ണമായി അനുഭവപ്പെട്ടുതുടങ്ങിയപ്പോൾ ഇതിനെതിരായി ലോകതലത്തിൽതന്നെ ‘പീപ്പിൾസ് ഗ്ലോബൽ ആക്ഷൻ' എന്ന നെറ്റ്​വർക്ക്​ പ്രസ്ഥാനം രൂപപ്പെട്ടു. ഇന്ത്യയിൽ ഇതിന്റെ പ്രധാന സംഘാടകർ പ്രൊഫ. നഞ്ചുണ്ട സ്വാമിയും, മഹേന്ദ്രസിംഗ് ടിക്കായത്തുമായിരുന്നു. 1999-ൽ ജർമനിയിലെ കൊളോണിൽ നടന്ന ജി-8 സമ്മിറ്റിനെതിരായും, സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടന്ന വേൾഡ് എക്കണോമിക്‌സ് ഫോറത്തിനെതിരായും, പാരീസിലെ ഇന്റർനാഷണൽ ചേമ്പർ ഓഫ് കോമേഴ്‌സിനെതിരെയും, സ്വിസ് ബാങ്കുകൾക്കെതിരായും സമരം സംഘടിപ്പിക്കുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ പ്രാഥമിക ലക്ഷ്യം. ഈ സമരത്തിൽ കർഷകരെയും ആദിവാസികളെയും സജീവമായി പങ്കെടുപ്പിക്കണം എന്ന് തീരുമാനിച്ചിരുന്നു.

ഇന്ത്യയിൽനിന്ന് ഇത്തരത്തിലുള്ള 600 ആളുകളെ ഒരു മാസം യൂറോപ്പിൽ പര്യടനം നടത്തിച്ച് പ്രക്ഷോഭത്തിൽ അണിനിരത്താൻ ‘പീപ്പിൾസ് ഗ്ലോബൽ ആക്ഷൻ' തീരുമാനിച്ചു. ഇത്രയും പേർക്കാവശ്യമായ ഫണ്ടും മറ്റും സ്വരൂപിക്കാൻ സംഘടനക്കുവേണ്ടി യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനം നടത്താൻ ഇന്ത്യയിൽ നിന്ന് നഞ്ചുണ്ട സ്വാമിയേയും, ഷേത്കാരി സംഘടനാ നേതാവ് വിജയ് ജവന്തിയേയും, എന്നെയുമാണ് നിശ്ചയിച്ചത്. ‘പി. ജി. എ' എന്ന പ്രസ്ഥാനമാണ് ഇതിനുള്ള ചെലവ്​ വഹിച്ചത്.

ഇന്ത്യൻ സംഘം 18 ബസുകളിലായി യൂറോപ്പിൽ സഞ്ചരിച്ച് യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തും, മൾട്ടിനാഷണൽ കമ്പനികളുടെ കേന്ദ്ര ആസ്ഥാനങ്ങളിലും ജി- 8 സമ്മിറ്റ് നടക്കുന്ന കോളോണിലും ശക്തമായ പ്രക്ഷോഭം നടത്തി. ജർമൻ പൊലീസ് ഞങ്ങളെ അറസ്റ്റ് ചെയ്തു.

1999-ൽ നടത്തിയ ഈ പര്യടനത്തിൽ ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻറ്​, സ്വിറ്റ്‌സർലാൻറ്​, ഓസ്ട്രിയ, നോർവെ, സ്പെയിൻ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലായി വിവിധ സംഘടനകൾ സംഘടിപ്പിച്ച 120 യോഗങ്ങളിൽ ഞാൻ പ്രസംഗിച്ചു. എന്റെ മലയാള പ്രസംഗം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താൻ കൂടെ വന്നത് വയനാട് പൊഴുതനയിലുള്ള പി.ടി. ജോൺ ആയിരുന്നു. ആഗോളവൽക്കരണത്തിലൂടെയുള്ള നവകോളനിവൽക്കരണത്തിനെതിരായ മർദിത ജനവിഭാഗങ്ങളുടെ ചെറുത്തുനിൽപ്പിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണം എന്ന വിഷയത്തിനാണ്​ ഞാൻ പ്രസംഗത്തിൽ ഊന്നൽ കൊടുത്തത്​.

യൂറോപ്യൻ പര്യടനം എനിക്ക്​ പുതിയ ലോകമാണ്​ തുറന്നുതന്നത്​. സ്വിറ്റ്‌സർലാൻറിലെ ഗ്രാമങ്ങളിലേക്കാണ് ആദ്യം പോയത്, കർഷകരുടെ അടുത്തേക്ക്. സ്വിറ്റ്‌സർലാന്റിലെ ‘സ്വിസ്' ബാങ്കിനു മുൻപിലും, ടൗൺ ഏരിയകളിലും സമരവും പത്രസമ്മേളനവും നടത്തി. വയനാടാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന പ്രദേശമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. സ്വിറ്റ്‌സർലാൻഡിൽ നല്ല തണുപ്പാണെന്ന് എല്ലാവരും പറഞ്ഞപ്പോൾ അതിനെ അതിജീവിക്കാൻ പറ്റുമെന്ന ധാരണയിലായിരുന്നു ഞാൻ പോയത്. പക്ഷേ അവിടെയെത്തിയപ്പോൾ തണുപ്പിന്റെ വേദന ഞാനറിഞ്ഞു. കയ്യോ, കാലോ, വിരലോ പുറത്തുവന്നാൽ ശരീരത്തിൽ സൂചികൊണ്ടു കുത്തുന്ന വേദനയായിരുന്നു. ഊഷ്​മാവ്​ മൈനസ് ഡിഗ്രിയിലായിരുന്നു. രണ്ടു സെറ്ററും, പാന്റു പോലത്തെ മൂന്ന്​ സോക്‌സും അതിന്റെ മുകളിൽ പാന്റും, അതിന്റെ മുകളിൽ മുട്ടുവരെയുള്ള ഓവർകോട്ടും, നാല് കയ്യുറയും ധരിച്ചാണ് അവിടെ പോയത്. ആളുകൾ എല്ലാം ഇതെല്ലാം ഇട്ടുനിന്നപ്പോൾ ബൊമ്മകുട്ടികളെപോലെ തോന്നിച്ചു. സാധാരണ വസ്ത്രം ധരിക്കാൻ എനിക്ക് കൊതി തോന്നി. പക്ഷേ അവിടെ അതൊക്കെ ഇട്ടാൽ ചത്തതുതന്നെ. അവിടുത്തെ ആളുകൾക്ക് ഈ തണുപ്പും ഈ വസ്ത്രവും ശീലമാണ്. നമ്മൾക്ക് ഇതു താങ്ങാൻ കഴിയില്ല.

തണുപ്പിന്റെ യഥാർത്ഥ വേദന ഞാനറിഞ്ഞു. സൂചി കുത്തി മാംസം കുത്തിയിളക്കുന്ന വേദന. ആ സമയത്ത് അവിടെ ട്രെയിനിൽ മാത്രമായിരുന്നു യാത്ര ചെയ്തിരുന്നത്. ട്രെയിനിന്റെ മുമ്പിൽ ബ്ലേഡ് പിടിപ്പിച്ചിരുന്നു. ഇത് പാളത്തിലെ മഞ്ഞുകട്ടകളെ ഒരു സൈഡിലേക്ക് കീറിമറിക്കും. രാപകൽ ട്രെയിനിനുള്ളിൽ ചൂടുഹീറ്ററുണ്ടായിരുന്നു. റോഡൊന്നും കാണുന്നില്ല. റോഡുകളിൽ വലിയ ഐസുമലകളാണ്​. ബസോ, കാറോ, മറ്റു വാഹനങ്ങളോ ഇല്ല. നിർത്തിയിട്ട വാഹനങ്ങൾക്കുമേൽ മഞ്ഞുകട്ടകൾ കൊണ്ട് മൂടിയിരുന്നു. വലിയ മരങ്ങളുടെ മുകളിലെ കൂമ്പ് മാത്രമെ കാണാൻ കഴിയൂ, ബാക്കിയെല്ലാം മഞ്ഞു കട്ടകളാൽ മൂടിയിരുന്നു. പുഴകളുടെയെല്ലാം മുകളിൽ 25 അടി കനത്തിൽ മഞ്ഞുകട്ടകളാണ്. അതിന്റെ അടിയിലാണ് വെള്ളം ഒഴുകുന്നത്. കോടാലി കൊണ്ട് മഞ്ഞുകട്ടയുടെ ഒരു സൈഡ് വെട്ടിയപ്പോൾ കുറച്ച് വെള്ളം പൊങ്ങി വന്നു. അത് ആ സെക്കന്റിൽ തന്നെ ഐസ്കട്ടയായി. ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അഞ്ചുമിനിറ്റ് പുറത്തുവെച്ചാൽ മതി, അത്​ ഐസുകട്ടയാകും.

വർക്ക്‌ഷോപ്പിൽ പണിയെടുക്കുന്നവരും പെയിന്റിംഗ്, റോഡുനിർമാണ തൊഴിലാളികളും ഗ്രൂപ്പായി കൂലിയുടെ വിഹിതം ശേഖരിച്ച്​ എന്റെ വിദ്യഭ്യാസത്തിന്​ മാറ്റിവെക്കാൻ തയ്യാറായി. മൂന്ന് വർഷത്തേക്കാണ് അവർ എല്ലാം റെഡിയാക്കിയത്. പക്ഷെ ഒരു വർഷം മതിയെന്ന് ഞാൻ പറഞ്ഞു. ഞാൻ പഠിക്കാൻ തയ്യാറായി.

രാത്രി കിടന്നുറങ്ങുന്ന വീട് ഒരു മഞ്ഞുമലപോലെയായിരിക്കും. ജനലൊന്നും തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഭിത്തിപോലെ മഞ്ഞുമതിൽ. ചൂടുമോട്ടോർ അടിച്ച്, മഞ്ഞുരുക്കി, കഷ്ണങ്ങളാക്കി തട്ടിമാറ്റിയാണ് ജനൽ തുറക്കുക. കട്ടിലിനടിയിലെല്ലാം ചൂടുഹീറ്റർ വെച്ചാണ് എല്ലാവരും കിടന്നുറങ്ങുക. തണുപ്പിനെ അതിജീവിക്കാൻ സ്ത്രീകളും, പുരുഷന്മാരും പുക വലിക്കും. തണുപ്പ് ശരീരത്തിൽ കേറാതിരിക്കാനാണ് അവിടെയുള്ളവർ ഫുൾകൈ ഷർട്ടും, കഴുത്തിൽ ടൈയും ഇട്ടു നടക്കുന്നത്. പ്രധാന ഭക്ഷണം പച്ചക്കറികൾ അകത്തുപൊതിഞ്ഞ ബ്രഡും, ജ്യൂസുമായിരുന്നു. ഒരു സ്ഥലത്ത് പോയപ്പോൾ ഉരുളക്കിഴങ്ങ് മാത്രമായിരുന്നു കഴിക്കാൻ. ഒരു കുപ്പി വെള്ളവും. നമ്മുടെ നാട്ടീന്ന് ഉരുളക്കിഴങ്ങ് മാത്രം കഴിക്കുമ്പോൾ ഗ്യാസിന്റെ പ്രശ്‌നമുണ്ടാകും. അവിടെ അത്തരം പ്രശ്​നങ്ങളില്ല. ഹോട്ടലെല്ലാം ബാറും കൂടി ചേർന്നതായിരുന്നു. അവിടെയുണ്ടാക്കുന്ന വൈൻ ഒറിജിനലാണ്. അവർ ഏറ്റവും കൂടുതൽ കഴിക്കുന്നതും ഇതുതന്നെ. അവിടെ ഏതു സമയത്തും സ്ത്രീകൾക്ക് പുറത്തിറങ്ങി നടന്ന് തിരിച്ച് വീട്ടിൽ പോകാം. ആരും ശ്രദ്ധിക്കില്ല, ആരും കൂടിയിരുന്ന് കമൻറ്​ പറയില്ല.

ഞങ്ങൾ പിന്നീട്​ ബെൽജിയത്തിലേക്കും പോയി. സർജീവൻ, കോളിയ, പാലിയൻ തുടങ്ങിയ നേതാക്കൻമാർ അവിടെയുണ്ടായിരുന്നു. അവരുടെ നേതൃത്വത്തിലാണ് കാര്യങ്ങൾ നടന്നത്. അവിടെ വർക്ക്‌ഷോപ്പിൽ പണിയെടുക്കുന്നവരും പെയിന്റിംഗ്, റോഡുനിർമാണ തൊഴിലാളികളും ഗ്രൂപ്പായി കൂലിയുടെ വിഹിതം ശേഖരിച്ച്​ എന്റെ വിദ്യഭ്യാസത്തിന്​ മാറ്റിവെക്കാൻ തയ്യാറായി. പഠിക്കാനും, താമസിക്കാനുമുള്ള സൗകര്യങ്ങൾ റെഡിയാക്കി. അവിടെ നിന്ന്​ പഠിച്ചാൽ അവിടെയുള്ള കർഷക യൂണിയനിൽ പ്രവർത്തിക്കാൻ എനിക്ക് കഴിയും. മൂന്ന് വർഷത്തേക്കാണ് അവർ എല്ലാം റെഡിയാക്കിയത്. പക്ഷെ ഒരു വർഷം മതിയെന്ന് ഞാൻ പറഞ്ഞു. ഞാൻ പഠിക്കാൻ തയ്യാറായി. പര്യടനം കഴിഞ്ഞ് നാട്ടിൽ പോയി, തിരിച്ച്​ ബെൽജിയത്തിലേക്ക് വരാൻ തീരുമാനിച്ചു.

ബെൽജിയത്തുനിന്ന് ഞങ്ങളുടെ സംഘം ജനീവയിലേക്ക് പോയി. ഇവിടെ ബസിനുമുകളിൽ നിന്നാണ് ഞാൻ പ്രസംഗിച്ചത്. പുതിയ കൃഷിരീതി വരുമ്പോൾ മണ്ണിനും, ജലത്തിനും, പരിസ്​ഥിതിക്കുമുണ്ടാകുന്ന മാറ്റം, അത്​ മനുഷ്യജീവിതത്തിലുണ്ടാക്കുന്ന മാറ്റം, പേറ്റൻറുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് അവിടെ സംസാരിച്ചത്. അവിടെയുള്ള കർഷകരുടെ പ്രദേശങ്ങൾ നേരിൽ കണ്ടു. അവിടങ്ങളിലെ റോഡുകളെല്ലാം എപ്പോഴും അടിച്ചുവാരി വൃത്തിയാക്കിയതുപോലെയാണ്. ഒരു മിഠായി കഴിച്ചാൽ കടലാസ് വേസ്റ്റ് ബാസ്കറ്റിൽ ഇടും. നമ്മുടെ നാട്ടിൽ കാണുന്ന പോലെ വേസ്റ്റുകളൊന്നും റോഡുകളില്ല. ഇറ്റാലിയൻ പാർലമെൻറിൽ പോയി ഗ്രീൻ പാർട്ടിയുടെ എം.പി.മാരുമായി സംസാരിച്ചു. പേറ്റന്റിനെതിരായ കാര്യങ്ങളാണ് കൂടുതൽ സംസാരിച്ചത്.

ജർമനിയിലെ കൊളോണിയയിലേക്ക് ട്രെയിനിലാണ് പുറപ്പെട്ടത്, എന്നാൽ സമരസ്ഥലത്ത് ഞങ്ങളെ ഇറക്കാതെ പോലീസ് വളഞ്ഞു. സമരം ചെയ്യേണ്ട സമയം കഴിഞ്ഞപ്പോഴാണ് വെറുതെ വിട്ടത്. ജർമൻ യൂണിവേഴ്‌സിറ്റിയിൽ നടന്ന മീറ്റിങ്ങിൽ പങ്കെടുത്തശേഷം ചെറിയ ചെറിയ സ്ഥലങ്ങളിലേക്ക് ഞങ്ങൾ പോയി. മുന്തിരി, ഉരുളക്കിഴങ്ങ്, ഗോതമ്പ്, ചോളം തുടങ്ങിയ കൃഷികളും, പശുഫാമും ഇവിടങ്ങളിൽ ധാരാളമുണ്ടായിരുന്നു. ഒരു കർഷകന്റെ വീട്ടിലാണ്​ ഞങ്ങൾ താമസിച്ചത്​. സ്വന്തം സ്ഥലത്ത് കൃഷി ചെയ്ത്, സ്വന്തം കന്നുകാലി ഫാം നടത്തി, അത്യാവശ്യം മരം മുറിക്കുന്ന പണി ചെയ്ത് ജീവിക്കുന്ന ആളായിരുന്നു അദ്ദേഹം. ആ സമയത്തൊക്കെ മരം മുറിക്കുന്ന മെഷീൻ അവിടെയുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ ആ കാലത്ത് ഇതൊന്നും ഇല്ലായിരുന്നു. പകൽ കൃഷി ഇയിടങ്ങളിൽ കർഷകരോടൊപ്പം ഞങ്ങളും പോകും. വൈകുന്നേരം കർഷകന്റെ വീട്ടിൽ താമസിക്കും. എന്റെ കൈയ്യിൽ നീല കളറിലുള്ള വൂളൻ ഷോളുണ്ടായിരുന്നു. ഇതു പുതച്ചാൽ നല്ല ചൂട് കിട്ടും. അവിടുത്തെ വാഷിംഗ് മെഷീനിൽ കഴുകിയപ്പോൾ നൂൽ പൊന്തി നാശമായി. ആദ്യമായിട്ടാണ് വാഷിംഗ് മെഷീനിൽ ഞാൻ തുണിയിടുന്നത്​. അതിനുശേഷം ഒരു വസ്ത്രവും വാഷിംഗ് മെഷീനിൽ ഞാനിടാറില്ല. എന്റെ വീട്ടിൽ ഇതൊന്നുമില്ല.

പര്യടനത്തിനിടെ ഞങ്ങൾ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ 30 എം.പിമാരെയും, ഇറ്റാലിയൻ പാർലമെന്റിൽ 19 എം.പിമാരെയും അഭിസംബോധന ചെയ്​തു. ‘പീപ്പിൾ ഗ്ലോബൽ ആക്ഷൻ നെറ്റ് വർക്കി’ന്റെ രണ്ടാമത് അന്തർദേശീയ കോൺഫറൻസ് 2000-ൽ 10 ദിവസം ബാംഗ്ലൂരിലാണ് നടത്തിയത്. ഇവിടെയും ഞാൻ പങ്കെടുത്തിരുന്നു.

ജർമനിയിൽ പോയപ്പോൾ അതിശയമായി തോന്നിയത്, നമ്മുടെ നാട്ടിലുള്ളവർ ഭൂമി കൈയ്യേറുമ്പോൾ അവിടെയുള്ളവർ, പണിത ഫ്ലാറ്റുകൾ കൈയ്യേറി സമരം ചെയ്യുന്ന കാഴ്ചയാണ്. ഇവിടെയുള്ള കുട്ടികൾ രാവിലെ മുതൽ ഉച്ചവരെ പഠിക്കാൻ പോകും. ഉച്ചകഴിഞ്ഞ് ജോലിക്കാണ് പോകുന്നത്. എന്ത് ജോലി വേണമെങ്കിലും അവർ ചെയ്യും. ഹോട്ടൽ പണിയാണെങ്കിലും എടുക്കും. ആ കൂലി കൊണ്ട് അവരുടെ ആവശ്യങ്ങൾ നടത്തും. ഒരു പരിധി കഴിഞ്ഞാൽ അച്ഛനെയും അമ്മയെയും ആശ്രയിക്കാതെ വിദ്യാഭ്യാസം, ജോലി, മറ്റു ചെലവുകളെല്ലാം അവർ തന്നെ നോക്കും. ആരേയും ആശ്രയിക്കാതെ സ്വയം അദ്ധ്വാനിച്ചാണ് അവർ ജീവിക്കുന്നത്. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാവുകയാണവർ. എവിടെയെങ്കിലും യാത്ര പോകണം, എന്തിനെക്കുറിച്ചെങ്കിലും പഠനം നടത്തണം എന്നു തോന്നിയാൽ അവർക്ക് ധൈര്യത്തോടെ പോകാം. കാരണം സ്വയം അധ്വാനിച്ച പൈസയുണ്ട് കൈയ്യിൽ. മറ്റുള്ളവരെ ആശ്രയിച്ചുനിന്നാൽ അവർക്ക് പോകാൻ പറ്റില്ല.

വിശക്കുമ്പോൾ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നതും അവരവർ തന്നെ. നമ്മുടെ ഇവിടെ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളല്ല. ഒരു വീട്ടിൽ അഞ്ചുപേരുണ്ടെങ്കിൽ, ആ അഞ്ചാളും വീട്ടിൽ എന്താണോ ഉണ്ടാക്കുന്നത്, അതു കഴിക്കണം. പക്ഷേ അവിടെ അവരവർ തന്നെ അധ്വാനിച്ച പൈസക്ക് ഇഷ്ടമുള്ളത് വാങ്ങിയും ഉണ്ടാക്കിയും കഴിക്കും. അവിടുത്തെ ആളുകൾ പരസ്പരം ഇഷ്ടപെട്ടാൽ ഒന്നിച്ചു ജീവിക്കും. അതുകഴിഞ്ഞ് പിരിയണമെന്ന് തോന്നിയാൽ പിരിയും. ആ നാടുകളിൽ റേപ്പ്​ കുറവാണ്. ആരെ വേണമെങ്കിലും കാണാം, അവരോടൊപ്പം നടക്കാം, അതുകഴിഞ്ഞു വരാം, അവരവരുടെ പണി അവർക്ക്. ഉള്ളവർ ഇല്ലാത്തവർ എന്നില്ല, എല്ലാവരും ഒരുപോലെ നടക്കുന്നു. നാം ഇവിടെ സ്വർണമെല്ലാം വാരിയണിഞ്ഞ് ആഢംബരം കാണിച്ചുനടക്കുന്നു. പാശ്ചാത്യനാടുകളിൽ ജീവിച്ചവർക്ക് തിരിച്ച് ഇന്ത്യയിലെത്തുമ്പോൾ ഇന്ത്യൻ സംസ്കാരത്തോട് പൊരുത്തപ്പെടാൻ കഴിയാതെ വരുന്നു. അവർ വീണ്ടും അങ്ങോട്ടു പോകാൻ ശ്രമിക്കുന്നു. അവിടെയെല്ലാവർക്കും നല്ല സ്വാതന്ത്ര്യമാണ്. ഇവിടെ മുഴുവൻ ആളുകളെയും വരിഞ്ഞുകെട്ടിവെക്കുകയാണ്.

ബെൽജിയത്തിലേക്ക് പഠനത്തിനുപോകാൻ ഞാൻ റെഡിയായി. പ്രൊഫ. നഞ്ചുണ്ടസ്വാമിയെ വിളിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, വീരപ്പൻ സിനിമാനടൻ രാജ്കുമാറിനെ തട്ടികൊണ്ടുപോയിരിക്കുകയാണ്, ഭയങ്കര പ്രശ്‌നമാണ്, സമാധാനപരമായി വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ ഇവിടെ വന്നാൽ മതിയെന്ന്.

1999ൽ വീണ്ടും യൂറോപ്പിൽ പോയപ്പോൾ ഞങ്ങൾ 397 പേരുണ്ടായിരുന്നു. കേരളത്തിൽ നിന്ന് നാല് പത്രപ്രവർത്തകരും, ഫാർമേഴ്‌സ് റിലീഫ് ഫോറത്തിന്റെ പ്രവർത്തകരും ഉണ്ടായിരുന്നു. ഇന്ത്യൻ സംഘം 18 ബസുകളിലായി യൂറോപ്പിൽ സഞ്ചരിച്ച് യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തും, മൾട്ടിനാഷണൽ കമ്പനികളുടെ കേന്ദ്ര ആസ്ഥാനങ്ങളിലും ജി- 8 സമ്മിറ്റ് നടക്കുന്ന കോളോണിലും ശക്തമായ പ്രക്ഷോഭം നടത്തി. ജർമൻ പൊലീസ് ഞങ്ങളെ അറസ്റ്റ് ചെയ്തു. വിസ കാലാവധി തീർന്നതുകൊണ്ടുമാത്രം വിട്ടയച്ചു. സംഘത്തിൽപെട്ടവർക്കാവശ്യമായ വിസ സംഘടിപ്പിച്ചുതന്നത് യൂറോപ്പിലെ സോഷ്യലിസ്റ്റ് പാർട്ടി എം.പി.മാരും, ട്രേഡ് യൂണിയൻ നേതാക്കളും, ഗ്രീൻപാർട്ടി എം.പിമാരുമാണ്. ‘ഇന്റർകോണ്ടിനെന്റൽ കാരവാൻ 'എന്നായിരുന്നു ഈ പ്രക്ഷോഭപര്യടനത്തിന്റെ പേര്. പര്യടനത്തിനിടെ ഞങ്ങൾ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ 30 എം.പിമാരെയും, ഇറ്റാലിയൻ പാർലമെന്റിൽ 19 എം.പിമാരെയും അഭിസംബോധന ചെയ്​തു. ‘പീപ്പിൾ ഗ്ലോബൽ ആക്ഷൻ നെറ്റ് വർക്കി’ന്റെ രണ്ടാമത് അന്തർദേശീയ കോൺഫറൻസ് 2000-ൽ 10 ദിവസം ബാംഗ്ലൂരിലാണ് നടത്തിയത്. ഇവിടെയും ഞാൻ പങ്കെടുത്തിരുന്നു. കോൺഫറൻസിലെത്തിയ യൂറോപ്പിലെ ആക്റ്റിവിസ്റ്റുകളും, പൗരാവകാശ പ്രതിനിധികളുമായ 35 പ്രതിനിധികൾ വയനാട്ടിൽ എന്റെ കുള്ളിൽ വന്നിരുന്നു.

ബെൽജിയത്തിലേക്ക് പഠനത്തിനുപോകാൻ ഞാൻ റെഡിയായി. മദ്രാസിൽ നിന്നാണ് അങ്ങോട്ട്​ വിമാനം. പനവല്ലിയിൽ നിന്ന്​ രണ്ടു ബാഗിൽ ലഗേജുമായി കാട്ടിക്കുളത്തേക്ക് വന്നു. ടെലഫോൺ ബൂത്തിൽ നിന്ന്​ പ്രൊഫ. നഞ്ചുണ്ടസ്വാമിയെ വിളിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, വീരപ്പൻ സിനിമാനടൻ രാജ്കുമാറിനെ തട്ടികൊണ്ടുപോയിരിക്കുകയാണ്, ഇവിടെ റോഡിൽ വണ്ടിയെല്ലാം എറിഞ്ഞു തകർക്കുകയാണ്. ഭയങ്കര പ്രശ്‌നമാണ്, സമാധാനപരമായി വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ ഇവിടെ വന്നാൽ മതിയെന്ന്.

കാട്ടിക്കുളത്തുനിന്ന്​ ലഗേജെല്ലാം എടുത്ത് ഞാൻ വീണ്ടും പനവല്ലിയിലേക്ക് വന്നു. 15 ദിവസം കഴിഞ്ഞപ്പോൾ പ്രശ്​നങ്ങളെല്ലാം തീർന്നു. അപ്പോൾ പനവല്ലി സമരഭൂമിയിലെ 52 കുടുംബങ്ങളെ കുടിയിറക്കാൻ ഓർഡർ വന്നു. ഞാൻ വിദേശത്തുപോയി ഇംഗ്ലീഷ് പഠനം കഴിഞ്ഞ് വരുമ്പോഴേക്കും ഈ കുടുംബങ്ങളെ കുടിയിറക്കും, അവർ അനാഥരാകും. 52 കുടുംബങ്ങൾ വഴിയാധാരമാവാതിരിക്കാൻ, അവരുടെ കുടുംബ ജീവിതം നിലനിർത്താൻ, കുഞ്ഞുങ്ങൾ വഴിയാധാരമാവാതിരിക്കാൻ എന്റെ വിദേശപഠനം വേണ്ടെന്നു വെച്ചു. അവസാനം ഇവിടെത്തന്നെ സമരവും, കേസും, കോടതിയുമായി 52 കുടുംബങ്ങളെ നിലനിർത്തി. എന്റെ വിദ്യാഭ്യാസത്തേക്കാൾ അവരുടെ ജീവിതനിലനിൽപ്പിനാണ് ഞാൻ പ്രാധാന്യം നൽകിയത്. ​▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments