നിയമസഭ നടത്തിയ കൊടുംവഞ്ചന, ആദിവാസി സമരങ്ങളെ നിർജീവമാക്കിയ പാല​ക്കാ​ട്ടെ ബന്ദി നാടകം

​ഞങ്ങൾ രാഷ്ട്രപതിയെ കാണാൻ പോയപ്പോൾ, സർക്കാരിലെ ചില ഉന്നതർ ചോദിച്ചത്, ജാനുവിന് ഇതിനൊക്കെ പണം എവിടെനിന്നാണ് എന്നായിരുന്നു. അന്ന് രാഷ്ട്രപതിയെ കാണാൻ പോകാൻ മലബാറിലെ ചില പത്രപ്രവർത്തകരാണ് വ്യക്തിപരമായി എന്നെ സഹായിച്ചത്.

അധ്യായം 19

നവല്ലി ഭൂസമരം നടക്കുന്ന സമയത്താണ്, ആദിവാസി ഏകോപന സമിതി എന്ന സംഘടന രൂപീകരിക്കുന്നത്. ആദിവാസി വികസന പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ ഭൂസമരം നടത്തുമ്പോൾ വയനാട്ടിൽ മാത്രമായി ഒതുങ്ങുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഭൂസമരത്തിന്റെ പ്രചാരണം എത്തിക്കുന്നതിനാണ് ആദിവാസി ഏകോപന സമിതി രൂപീകരിച്ചത്. ഇതിന്റെ പ്രസിഡൻറ്​ ഞാനും സെക്രട്ടറി ഇടുക്കി ജില്ലയിലെ സലീംകുമാറും ആയിരുന്നു.

സംഘടനയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വാഹനപ്രചാരണജാഥ നടത്താൻ തീരുമാനിച്ചു. ജാഥ ആരംഭിക്കാൻ പൈസയില്ലാത്തതുകൊണ്ട് എന്റെ കാതിലെ ജിമിക്കി കമ്മൽ പണയം വെച്ചു. വയനാട്ടിൽ നിന്നുള്ള ജീപ്പിൽ, 1995 ആഗസ്റ്റ് 13ന് പനവല്ലി മിച്ചഭൂമിയിൽ നിന്ന്​ ജാഥ ആരംഭിച്ചു. മമ്മദും, ബിന്നിയുമായിരുന്നു ഡ്രൈവർമാർ. ആദിവാസികളുടെ രാഷ്ട്രീയഅജണ്ടയും, സമരങ്ങളുടെ നിയമപരവും, സാമൂഹ്യവും രാഷ്ട്രീയവുമായ അടിസ്ഥാനവും പൊതുജനങ്ങളെ അറിയിക്കുക, സമരങ്ങൾക്ക് രാഷ്ട്രീയപാർട്ടികളുടെയും, അടിസ്ഥാന സംഘടനകളുടെയും ഐക്യദാർഢ്യവും സഹായവും ലഭ്യമാക്കുക എന്നിവയായിരുന്നു ജാഥയുടെ ലക്ഷ്യം. ജാഥക്ക് എല്ലാ ജില്ലകളിലും ആളുകൾ സഹകരിച്ച് സ്വീകരണം ഒരുക്കിയിരുന്നു. 22 ദിവസത്തെ ജാഥ സെപ്തംബർ മൂന്നിന് തിരുവനന്തപുരത്ത് അവസാനിച്ചു. ഇതായിരുന്നു എന്റെ ആദ്യ വാഹനപ്രചാരണ ജാഥ.

ആദിവാസി ഭൂസമരം നടന്നുകൊണ്ടിരിക്കുമ്പോൾ, പാലക്കാട് കലക്ടറെ ബന്ദിയാക്കി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ബന്ദിനാടകം ആദിവാസി സമരങ്ങളെ നിർജീവമാക്കാനേ സഹായിച്ചുള്ളൂ. അവർ അങ്ങനെയൊരു പ്രവൃത്തി ചെയ്തത് ആദിവാസികൾക്ക് ഒരു നേട്ടവും ഉണ്ടാക്കിയില്ല.

ആ സമയം വരെ, സ്ഥിരമായി 12 അംഗങ്ങൾ ജാഥയിലുണ്ടായിരുന്നു. ആദിവാസി സംഘടനകളായ തിരുവിതാംകൂർ മലയരയ മഹാസഭ, മണ്ണാൻ മഹാസഭ, വേട്ടുവ മഹാസഭ, അഗസ്ത്യവനം കാണിക്കാർ സമിതി, ദലിത് സംഘടനകളായ കേരള പുലയ മഹാസഭ, അധഃസ്ഥിത നവോത്ഥാന മുന്നണി, ബഹുജൻ സമാജ് പാർട്ടി, ദലിത് പാന്തേഴ്‌സ്, തൊഴിലാളി സംഘടനകളായ ഗ്രോ എന്നിവരുടെ പങ്കാളിത്തവും ഐക്യദാർഢ്യവും ജാഥക്കുണ്ടായിരുന്നു. ഓരോ ജില്ലകളിലും എത്തുമ്പോൾ ആളുകൾ ഇട്ടുതരുന്ന നോട്ടുമാല ജാഥക്കുവേണ്ടി വന്ന ചെലവിലേക്ക് ഉപയോഗിച്ചു. നിരന്തര കോളനി മീറ്റിംഗിന്റെയും ചർച്ചയുടെയും ഭാഗമായി ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട്​സജ്ജീവമായി ഞങ്ങൾ സമരരംഗത്തേക്ക് വന്നു.

ആദിവാസി ഭൂമി അന്യാധീനപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച ധേബർ കമീഷൻ, ഭരണഘടന നടപ്പിൽവന്ന ശേഷം അന്യാധീനപ്പെട്ട ആദിവാസി ഭൂമി മുഴുവൻ തിരിച്ചുകൊടുക്കാൻ നിയമനിർമ്മാണം ആവശ്യമാണെന്ന് നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ആലോചനകൾ പലതും നടന്ന ശേഷമാണ് 1975-ലെ ആദിവാസി ഭൂനിയമം കേരള നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കിയത്. 1975 നവംബർ 11ന് പ്രസിഡന്റിന്റെ അംഗീകാരം നിയമത്തിന് ലഭിച്ചു. 1960 ജനുവരി ഒന്നിനുശേഷം ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമി സർക്കാർ വീണ്ടെടുത്ത് നൽകണമെന്നാണ് ഈ നിയമത്തിൽ പറയുന്നത്. ഈ നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ഭരണഘടനയുടെ 9-ാം ഷെഡ്യൂളിൽ രേഖപ്പെടുത്തുകയും ചെയ്തു. കേരള നിയമസഭ ഐക്യകണ്‌ഠ്യേന അംഗീകരിച്ച ഈ നിയമം നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങൾ തീരുമാനിക്കപ്പെട്ടിരുന്നില്ല. 1986-ൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരത്തിലുണ്ടായിരുന്ന സമയത്താണ് നടപടി ക്രമങ്ങൾ തീരുമാനിക്കപ്പെട്ടത്. അതുകൂടി ചേർന്ന നിയമത്തിലെ വ്യവസ്ഥകൾ ഇതായിരുന്നു:

പരമ്പരാഗതമായി ജീവിച്ചുപോന്ന ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് രേഖകളൊന്നും കൈവശമില്ലാത്തവരായിരുന്നു ഭൂരിപക്ഷം ആദിവാസികളും. അതുകൊണ്ടുതന്നെ പലപ്പോഴും ഭൂമി അന്യാധീനപ്പെട്ടതിനെക്കുറിച്ചുള്ള രേഖകളും അവരുടെ പക്കലില്ലായിരുന്നു. പ്രതിഫലം നൽകാതെ കുടിയേറ്റക്കാർ ആദിവാസി ഭൂമി തട്ടിയെടുക്കുകയാണ് ചെയ്തത്. ചിലർക്ക് തുച്ഛമായ തുക മാത്രം കൊടുത്ത് ഭൂമി കൈവശപ്പെടുത്തി. ചിലരിൽ നിന്ന് ഭൂമി തട്ടിയെടുത്തത് ഒഴിഞ്ഞ കടലാസിൽ ഒപ്പുവാങ്ങിയാണ്. പ്രകൃതിവിഭവങ്ങൾ മാത്രം കഴിച്ചു ജീവിച്ചിരുന്ന, യാതൊരു ദുഃശ്ശീലവും ഇല്ലാതിരുന്ന ആദിവാസികൾക്ക് ചാരായം, വെറ്റില, അടയ്ക്ക, പുകയില എന്നിവ കൊടുത്ത് വശീകരിച്ചും, ഭീഷണിപ്പെടുത്തിയും കുടിയേറ്റക്കാർ ആദിവാസി ഭൂമി കൈവശപ്പെടുത്തി. ഒരു പ്രതിഫലവും നൽകിയില്ല. രേഖകൾ കൈവശമുള്ള കുറച്ചുപേർ മാത്രമാണ് നിയമം അനുശാസിക്കുന്ന കാലയളവിൽ ഭൂമി തിരിച്ചുകിട്ടാൻ അപേക്ഷിച്ചത്. 1986-ൽ നിയമം നടപ്പിൽ വരുത്താനുള്ള നടപടി ക്രമം തീരുമാനിച്ചശേഷവും ആദിവാസി ഭൂമി തിരിച്ചു കൊടുക്കുന്നതിനുള്ള പ്രവർത്തനം മുന്നോട്ടു നീങ്ങിയില്ല.

വയനാട്ടിൽ നിന്ന്​ ഉഷ, ശാന്ത, അമ്മാളുവേച്ചി, മൊണ്ണി, തുടങ്ങിയവർ സെക്രട്ടറിയേറ്റ് സമരത്തിൽ പങ്കെടുക്കാൻ എന്നോടൊപ്പം വന്നിരുന്നു. ആദിവാസി സ്ത്രീകളെ കൂട്ടികൊണ്ടുപോകുന്നത് വിൽക്കാൻ വേണ്ടിയാണെന്ന് പാർട്ടിക്കാർ എനിക്കെതിരെ ആരോപണമുയർത്തി.

1988-ൽ വയനാട്ടിലെ ഡോ. നല്ലതമ്പി തേര ഇതു സംബന്ധിച്ച് ഒരു പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തു. ഇത്​ പരിഗണിച്ച്, 1975 ലെ നിയമം ആറു മാസത്തിനകം നടപ്പിൽ വരുത്തി കോടതിയെ ബോധിപ്പിക്കണമെന്ന് 1993 ഒക്ടോബർ 15ന് വിധിച്ചു. അന്നത്തെ യു.ഡി.എഫ്​ ഗവൺമെന്റിന്റെ അപ്പീൽ അപേക്ഷ പരിഗണിച്ച് നിയമം നടപ്പിൽ വരുത്തുന്നതിന് രണ്ടരകൊല്ലം കൂടി കോടതി അനുവദിച്ചു. കുടിയേറ്റക്കാരായ കൃഷിക്കാരെ ഭൂമിയിൽ നിന്നിറക്കിവിടാതെ, ഭൂമി നഷ്ടപ്പെട്ട ആദിവാസികൾക്ക് ഒരേക്കർ വരെ ഭൂമിയും 25,000 രൂപയും നൽകുമെന്നാണ് യു.ഡി.എഫ്​ സർക്കാർ അംഗീകാരം നൽകിയ ഓർഡിനൻസ്. ഇത് ഗവർണറുടെയും പ്രസിഡന്റിന്റെയും അനുമതിക്ക്​ അയച്ചുവെങ്കിലും നിഷേധിക്കപ്പെട്ടു.

1996 മധ്യത്തിൽ ഇടതുപക്ഷ മുന്നണി അധികാരത്തിൽ വന്നശേഷവും നിയമം നടപ്പിലാക്കിയില്ല. അന്യാധീനപ്പെട്ട ഭൂമി ആറാഴ്ചക്കുള്ളിൽ ആദിവാസികൾക്ക് തിരിച്ചുകൊടുക്കണമെന്നും, നിയമം നടപ്പിൽ വരുത്തിയതായി ആർ.ഡി.ഒമാർ കോടതിയിൽ അഫിഡവിറ്റ് ഫയൽ ചെയ്യണമെന്നും കോടതി വിധിച്ചിരുന്നു. എന്നാൽ കോടതി നിർദ്ദേശം കൃത്യമായി നടപ്പിലാക്കാൻ മിക്ക ആർ.ഡി.ഒമാർക്കും കഴിഞ്ഞില്ല. ഇതിന്റെ ഇടയിൽ ആദിവാസി ഭൂനിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബിൽ വീണ്ടും സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാൻ നീക്കമുണ്ടായി.

1986-നുശേഷം മറ്റുള്ളവർ കൈയ്യേറിയ ഭൂമി മാത്രം ആദിവാസികൾക്ക് തിരിച്ചു നൽകുമെന്നും, അതിനുമുമ്പുള്ള കൈമാറ്റങ്ങളിൽ പകരം ഭൂമിയും 25,000 രൂപ ധനസഹായവും നൽകുമെന്നുമാണ് എൽ.ഡി.എഫ്​ സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച ഭേദഗതിയിൽ പറഞ്ഞിരുന്നത്. എന്നാൽ, 1986-ലാണ് ആദിവാസി ഭൂമി വിൽക്കുന്നതും വാങ്ങുന്നതും നിയമം മൂലം തടഞ്ഞത്. 1986-നുശേഷം മറ്റുള്ളവർക്ക് കയ്യേറാൻ മാത്രം ഭൂമി ആദിവാസികൾക്കിടിയിൽ അവശേഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. കർഷകരുടെയും ആദിവാസികളുടെയും താൽപര്യം സംരക്ഷിക്കുന്നതിനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്നും, നിയമത്തിന്റെ പേരിൽ കർഷകരെ കുടിയിറക്കുന്നത് നീതിയല്ലെന്നും പറഞ്ഞാണ് സംസ്ഥാന സർക്കാർ നിയമഭേദഗതി നടത്താൻ ശ്രമിച്ചത്. കുടിയേറ്റ കർഷകർക്ക് തങ്ങൾ കൈവശം വെച്ചനുഭവിക്കുന്ന ഭൂമി സ്വന്തമാണെന്നവകാശപ്പെടാൻ കഴിയുന്ന വിധത്തിലുള്ള ബില്ലാണ് സർക്കാർ അവതരിപ്പിച്ചത്. ഒരു ഹെക്ടർ വരെ ഭൂമി കൈവശമുള്ള കർഷകർക്ക്​ ആ ഭൂമി സ്വന്തമായി ലഭിക്കും. ഒരു ഹെക്ടറിൽ കൂടുതൽ ഭൂമി ഉള്ളവരിൽ നിന്ന്​ നിശ്ചിത തുക സർക്കാർ ഈടാക്കും. ആദിവാസികൾക്ക് സർക്കാർ പകരം ഭൂമിയും, പുനരധിവാസ തുകയും നൽകുമെന്നായിരുന്നു നിയമ ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നത്. ആദിവാസി ഭൂസംരംക്ഷണ നിയമ ഭേദഗതി ബില്ലിനെ കെ.ആർ. ഗൗരിയമ്മ മാത്രമാണ് എതിർത്തത്​.

കെ. ആർ. ഗൗരിയമ്മ, 1983-ൽ റോബിൻ ജെഫ്രി പകർത്തിയ ചിത്രം

ചെറുകിടക്കാരായ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങൾ പറഞ്ഞ് വൻകിട ഭൂ ഉടമകളായ കൈയ്യേറ്റക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. നിയമമനുസരിച്ച് നിരവധി പേർ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കിട്ടാൻ അപേക്ഷ നൽകിയെങ്കിലും കുറച്ചുപേരുടെ അപേക്ഷകൾ മാത്രമെ പരിഗണനയിൽ കൊണ്ടുവന്നുള്ളൂ.

ആദിവാസി ഭൂനിയമ ഭേദഗതിക്കെതിരെ ഞങ്ങൾ ശക്തമായ പ്രക്ഷോഭം നടത്തി. നിയമം നടപ്പിലാക്കേണ്ടതിനെപ്പറ്റി ചർച്ചയായപ്പോൾ തന്നെ ആദിവാസികളെ ആരും തൊഴിലിനുപോലും വിളിക്കാതായി. ആദിവാസി ഭൂനിയമം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലയോര കർഷക ഫെഡറേഷൻ രംഗത്തുവന്നു. പതിനായിരത്തോളമുള്ള കുടിയേറ്റ കർഷകരുടെ രക്തചൊരിച്ചിലിലൂടെ മാത്രമെ നിയമം നടപ്പിലാകുകയുള്ളൂവെന്നും ഇത് എന്തുവില കൊടുത്തും തടയുമെന്നും ഇവർ പ്രഖ്യാപിച്ചു. ഇതിനിടയിൽ, മാനന്തവാടി ബിഷപ്‌സ് ഹൗസിൽ നടന്ന മത- സാമൂഹ്യ നേതാക്കളുടെയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും കൂടിക്കാഴ്​ച യിൽ, ആദിവാസികൾക്ക് ഭൂമി തിരിച്ചു നൽകുന്ന പ്രക്രിയ തടയാൻ പ്രതിജ്​ഞ ചെയ്തിരുന്നു. ആദിവാസി ഭൂനിയമം ഭേദഗതി ചെയ്​ത്​ സർക്കാർ പുറപ്പെടുവിച്ച വിജ്​ഞാപനം ഏകപക്ഷീയവും കുടയേറ്റ കർഷകർക്ക് അനുകൂലവും ആയിരുന്നു.

പാലക്കാ​ട്ടെ ബന്ദി നാടകത്തിനുശേഷം, സമാധാനപരമായും, ജനാധിപത്യപരമായും ആദിവാസികൾ നടത്തിയ സമരങ്ങളിൽ നക്‌സൽ, മാവോയിസ്​റ്റ്​, തീവ്രവാദ ബന്ധമാരോപിക്കപ്പെട്ടു. ഇത്തരം പ്രവൃത്തി ചെയ്യുന്നവരുടെ ഉദ്ദേശലക്ഷ്യം യഥാർത്ഥ പ്രശ്‌നത്തെ വഴിതിരിച്ചു വിടുക എന്നതാണ്.

അന്യാധീനപ്പെട്ട ഭൂമിയുടെ പ്രശ്‌നവുമായി ആദിവാസികൾ സമരത്തിനിറങ്ങുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചത്. കുടിയേറ്റ കർഷകരെ വിളിച്ചുചേർത്ത് രാഷ്ട്രീയക്കാർ പറയും, ആദിവാസികൾ നിങ്ങൾക്കെതിരെയാണ് സമരം നടത്തുന്നത്, അതുകൊണ്ട് ഞങ്ങളുടെ പാർട്ടിയുടെ കൂടെ നിന്നാൽ നിങ്ങളുടെ പ്രശ്‌നത്തിൽ ഇടപെട്ട് നിങ്ങൾക്കനുകൂലമായ നിലപാട് ഞങ്ങൾ സ്വീകരിക്കും എന്ന്​. അതേസമയം ആദിവാസികളെ വിളിച്ചുകൂട്ടി പറയും, കുടിയേറ്റ കർഷകരാണ് നിങ്ങളുടെ ഭൂമി മൊത്തം തട്ടിയെടുത്തത്, അതുകൊണ്ട് ഞങ്ങളുടെ പാർട്ടിയുടെ ഒപ്പം നിന്നാൽ നിങ്ങളെ ഞങ്ങൾ സഹായിക്കാം എന്നും.

ഇ.കെ. നായനാർ / Photo : Wikimedia Commons

കുടിയേറ്റക്കാരെയും ആദിവാസികളെയും ഒരേസമയം തങ്ങളുടെ പാർട്ടിക്കൊപ്പം നിർത്തുകയും, വോട്ട്​ ഉറപ്പാക്കുകയും ചെയ്യുന്ന തന്ത്രമാണ് രാഷ്ട്രീയക്കാർ പയറ്റിയിരുന്നത്. ആട്ടിൻകുട്ടന്മാരെ തമ്മലിടിപ്പിച്ച് തലപൊട്ടി ചോര വീഴുമ്പോൾ അത് നക്കിക്കുടിക്കുന്ന കുറുക്കന്റെ സൂത്രനിലപാടാണ് രാഷ്ട്രീയക്കാർ സ്വീകരിച്ചത്​. ആദിവാസി ഭൂനിയമം (Kerala Sheduled Tribes Act 1975) ഭേദഗതി ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി ഇ.കെ. നായനാർക്ക് ഞങ്ങൾ മെമ്മോറാണ്ടം കൊടുത്തു. അഭ്യർത്ഥനയുമായി എല്ലാ അധികാരകേന്ദ്രങ്ങളെയും സമീപിച്ചു. സമരങ്ങളും നടത്തി. ഇതിനൊന്നും പരിഹാരമുണ്ടായില്ല. തുടർന്ന്, 1996 ജനുവരി 29ന് സെക്രട്ടറിയേറ്റുപടിക്കൽ ആദിവാസി ഏകോപനസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

ആദിവാസി കൈവശ ഭൂമിക്ക് പട്ടയം നൽകുക, ഭൂമിയില്ലാത്ത ആദിവാസി കുടുംബങ്ങൾക്ക് അഞ്ചേക്കർ വീതം ഭൂമി നൽകുക, ആദിവാസികൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക. വയനാട് ജില്ലയിൽ അമ്പുകുത്തി, സുഗന്ധഗിരി പ്രൊജക്ട്, ചീങ്ങേരി ട്രൈബൽ പ്രൊജക്ട്, പ്രിയദർശിനി പ്രൊജക്ട്, പൂക്കോട് ഡയറി പ്രൊജക്ട്, പനവല്ലി മിച്ചഭൂമി തുടങ്ങിയവ പതിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഭൂരഹിതരായ ആയിരക്കണക്കിന് ആദിവാസികളുള്ളൊരു സാഹചര്യത്തിൽ ഭരണഘടനാപരമായ അവകാശമാണ് ഞങ്ങളുന്നയിച്ചത്. ആദിവാസി ഏകോപന സമിതി സെക്രട്ടറി സമരം ഉദ്ഘാടനം ചെയ്തുപോയിട്ട് പിന്നീട് സജീവമായി സഹകരിച്ചിരുന്നില്ല.

ഞങ്ങളുടെ അവകാശ പോരാട്ടത്തിന് പിന്തുണയുമായി ദ്രാവിഡ വർഗ ഐക്യമുന്നണി, ദ്രാവിഡ യുണൈറ്റഡ് ഫ്രണ്ട്, കേരള ഹരിജൻ സമാജം, ഗ്രോ, പി.ഡി.പി, ഐ.എൻ.എൽ, ദലിത് പാന്തേഴ്‌സ്, ജെ.എസ്.എസ്, ദലിത് പിന്നാക്ക ന്യൂനപക്ഷ ഐക്യവേദി, മാവോ സ്റ്റഡി സെന്റർ, അംബേദ്കർ സോഷ്യലിസ്റ്റ് പാർട്ടി, ദലിത് സാഹിത്യ അക്കാദമി എന്നീ സംഘടനകൾ ചേർന്ന് സമര സഹായ സമിതി രൂപീകരിച്ചിരുന്നു. യുവജനവേദിയുടെയും ആദിവാസി ഐക്യസമിതിയുടെയും സാംസ്കാരിക നായകന്മാരുടെയും പിന്തുണ സമരത്തിനുണ്ടായിരുന്നു. സുകുമാർ അഴീക്കോടിന്റെ നേതൃത്വത്തിലുള്ള ടീം ആദിവാസി ഭൂപ്രശ്‌നം പഠിക്കാൻ വയനാട്ടിൽ സന്ദർശനം നടത്തി. സമരത്തിന് ഓരോ സംഘടനകളും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ധർണകൾ നടത്തിയിരുന്നു.

ആദിവാസി ഏകോപന സമിതിയുടെ പേരിൽ വിദേശപണം പറ്റുന്നു എന്ന് റെഡ് ഫ്ലാഗ്​ ആരോപണമുയർത്തിയിരുന്നു. മറുപടിയായി ഞാൻ പറഞ്ഞത്, ആരോപണം നടത്തുന്നവർ തെളിവ് തരണമെന്നാണ്.

നിരാഹാരം അഞ്ചാം ദിവസമായപ്പോൾ പൊലീസ് അറസ്റ്റു ചെയ്യാൻ വന്നു. സമരക്കാർ ഒച്ചപ്പാടുണ്ടാക്കി തടഞ്ഞു. പത്തു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അറസ്റ്റിനു വന്നു. എന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചു. പക്ഷേ പ്രവർത്തകരെല്ലാം എതിർത്തു. വീണ്ടും രാത്രി എട്ടുമണിയോടെ കണ്ടോൺമെൻറ്​ പൊലീസ് അറസ്റ്റു ചെയ്യാനെത്തി. അതിനെയും ഞങ്ങൾ എതിർത്തു. പൊലീസ്, മെഡിക്കൽ കോളേജ് ഡോക്ടറേയും കൂട്ടിവന്നു. പക്ഷേ എന്റെ ആരോഗ്യനില പരിശോധിക്കാൻ ഞങ്ങൾ ഡോക്ടർമാരെ അനുവദിച്ചില്ല. വീണ്ടും വനിതാ പൊലീസുകാരുമായി കൂടുതൽ പൊലീസ്​എത്തിയെങ്കിലും സമരസഹായ സമിതി പ്രവർത്തകരും കൂടി എതിർത്തതോടെ അവർ പിന്തിരിഞ്ഞു. സ്വയം വന്ന് അറസ്റ്റ് ചെയ്യില്ല, ഞങ്ങൾ പോയി പറഞ്ഞാൽ മാത്രമെ അറസ്​റ്റു ചെയ്യൂ എന്ന്​ പൊലീസ്​ തീരുമാനിച്ചു. അറസ്റ്റ് കൈവരിക്കില്ല എന്ന് ഞാനും തീരുമാനിച്ചു.

മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറായിട്ടുണ്ടെന്ന് എം.എൽ.എമാരായ കെ.കെ. ബാലകൃഷ്ണനും, റോസക്കുട്ടി ടീച്ചറും സമരപന്തലിലെത്തി ഞങ്ങളെ അറിയിച്ചു. ആദിവാസി ഭൂനിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നും, 1975-ലെ ആദിവാസി ഭൂനിയമം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കി ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകണം എന്നുമായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം. അത്​ പരിഗണിക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഞങ്ങൾ ഇറങ്ങിപ്പോന്നു. 22 ദിവസം നിരാഹാരം തുടർന്നപ്പോൾ ഞാൻ അവശനിലയിലായി. അപ്പോൾ കൂടെയുള്ളവർക്കെല്ലാം പേടിയായി, ഞാൻ ചത്തുപോകുമെന്ന് അവർ പേടിച്ചു. പക്ഷേ പൊലീസിനോട് അറസ്റ്റിന്റെ കാര്യമൊന്നും പറഞ്ഞില്ല. സമരക്കാർ എന്റെ കട്ടിലോടെ എടുത്ത്​പ്രധാന ഗേറ്റിലൂടെ സെക്രട്ടറിയേറ്റിന്റെ അകത്ത് കടക്കാൻ ശ്രമിച്ചു. അപ്പോൾ പൊലീസ്​ തടഞ്ഞു. അങ്ങനെ, എന്നെ അറസ്റ്റുചെയ്ത്, ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ കൊണ്ടുപോയി അഡ്മിറ്റാക്കി.

1996ൽ പാലക്കാട് കളക്ടറേറ്റിൽ കലക്ടറെ ബന്ധിയാക്കിയ അയ്യങ്കാളിപ്പടയിലെ അംഗങ്ങൾ. വിളയോടി ശിവൻ കുട്ടി, കല്ലറ ബാബു, അജയൻ മണ്ണൂർ, കാഞ്ഞങ്ങാട് രമേശൻ / ചിത്രങ്ങൾ : ഷഫീഖ് താമരശ്ശേരി

മൂന്നുദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ്ജാക്കാൻ ഞാനാവശ്യപ്പെട്ടു. പക്ഷേ, ഞാൻ സമരസ്ഥലത്തേക്കുതന്നെ വരുന്നതുകൊണ്ട് എന്നെ ഡിസ്ചാർജ്ജാക്കിയില്ല. ബാത്‌റൂമിൽ പോകുന്ന പോലെ വന്നിട്ട്, ഞാൻ ആശുപത്രിയിൽ നിന്ന്​ പുറത്തുചാടി സെക്രട്ടറിയേറ്റിലേക്ക് വന്നു. അപ്പോൾ എനിക്കുപകരം പനവല്ലി മിച്ചഭൂമിയിലെ ശാന്തയും മാനന്തവാടി ഒരപ്പ് കോളനിയിലെ ഉഷയും നിരാഹാരം കിടക്കുന്നുണ്ടായിരുന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന്​ അനുകൂലമായ ഒരിടപെടലുമുണ്ടായില്ല. ഞാനും, പനവല്ലി മിച്ചഭൂമിയിലെ രണ്ട്​ ശാന്തമാരും തിരുനെല്ലിയിലെ മൊണ്ണിയും മാർച്ച് 19-ന് നിയമസഭയിലേക്കുകയറി. വാച്ച് ആൻറ് വാർഡർമാരെ തള്ളിമാറ്റി, അവിടെ നോട്ടീസ് വിതറി. പൊലീസ്​ ഞങ്ങളെ അറസ്റ്റ് ചെയ്ത് രണ്ടു മണിക്കൂർ അവിടെ നിർത്തി, അതുകഴിഞ്ഞ് വിട്ടു. അവിടെയുള്ള സ്റ്റാഫ് ഭക്ഷണം വേണോ എന്നുചോദിച്ചു. ഞങ്ങൾ വേണ്ടെന്നുപറഞ്ഞു.

സമരം ശക്തമായി തുടരുമെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി ഞങ്ങളെ ചർച്ചക്കു വിളിച്ചു. ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യില്ലെന്ന്​ സർക്കാർ ഞങ്ങൾക്ക് ഉറപ്പുതന്നു. നിരാഹാരം കിടന്നവർക്ക് ആദിവാസി ഐക്യദാർഢ്യസമിതി വൈസ് പ്രസിഡൻറ്​ ഡോ. പി. ശിവാനന്ദൻ നാരങ്ങാനീര് നൽകി. മാർച്ച് 21ന് സമരം താൽകാലികമായി അവസാനിപ്പിച്ചു. ദിവസവും സമരത്തിൽ വിവിധ ജില്ലകളിലെ ആദിവാസികളുടെയും ദലിതരുടെയും പങ്കാളിത്തവും സാമ്പത്തിക സഹായവും ഉണ്ടായിരുന്നു. ഇടുക്കി ജില്ലയിലെ മനോജ്, കൊട്ടാരക്കരയിലെ സ്​പെൻസർ തുടങ്ങിയവർ സാമ്പത്തികമായി സഹായിച്ചു. ആദിവാസികളുടെ നേതൃത്വത്തിൽ ശക്തമായ ഭൂസമരം നടന്നുകൊണ്ടിരിക്കുമ്പോൾ, ആദിവാസി ഭൂപ്രശ്‌നത്തിന്റെ പേരിൽ ചിലർ പാലക്കാട് കലക്ടറെ ബന്ദിയാക്കി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ബന്ദിനാടകം ആദിവാസി സമരങ്ങളെ നിർജീവമാക്കാനേ സഹായിച്ചുള്ളൂ. അവർ അങ്ങനെയൊരു പ്രവൃത്തി ചെയ്തത് ആദിവാസികൾക്ക് ഒരു നേട്ടവും ഉണ്ടാക്കിയില്ല. ആദിവാസി സമരത്തേയും, ആദിവാസികളുടെ ആവശ്യങ്ങളെയും ആദിവാസി കൂട്ടായ്മയേയും തകർക്കുന്നതിനുമാത്രമാണ് അതുപകരിച്ചത്. മാധ്യമങ്ങളിൽ വാർത്ത വന്നതുകൊണ്ട് യഥാർത്ഥത്തിൽ ഇരകൾക്ക് എന്തുനേട്ടമാണുണ്ടായത്? സമാധാനപരമായും, ജനാധിപത്യപരമായും ആദിവാസികൾ നടത്തിയ സമരങ്ങളിൽ നക്‌സൽ, മാവോയിസ്​റ്റ്​, തീവ്രവാദ ബന്ധമാരോപിക്കപ്പെട്ടു. ഇതെല്ലാം ആദിവാസികളുടെ തലയ്ക്കു കിട്ടിയ അടിയായിരുന്നു. ഇത്തരം പ്രവൃത്തി ചെയ്യുന്നവരുടെ ഉദ്ദേശലക്ഷ്യം പ്രശ്‌നം പരിഹരിക്കൽ അല്ല, യഥാർത്ഥ പ്രശ്‌നത്തെ വഴിതിരിച്ചു വിടുക എന്നതാണ്. ഞങ്ങളുടെ സമരം തകർക്കാൻ മറ്റാരുടെയെങ്കിലും പ്രേരണയോടെ ആയിരിക്കുമോ പലരും നമ്മളുടെ അടുത്തേക്ക് വരുന്നതെന്നുപോലും സംശയിക്കേണ്ട അവസ്ഥയായിരുന്നു.

ജാനു ആദിവാസിയാണോ?, അവൾ ദിനംപ്രതി ഫാക്‌സിലാണ് എനിക്ക് പരാതി അയക്കുന്നത്, ഏത് ആദിവാസികൾക്കാണ് ഇവിടെ ഫാക്‌സ് അയക്കാൻ ഇങ്ങനെ സൗകര്യമുള്ളത്, അവൾക്ക് വിദേശത്തുനിന്നുള്ളവരുടെ ഫണ്ട് ലഭിക്കുന്നുണ്ട് എന്നെല്ലാം മന്ത്രി പറഞ്ഞതായി ചില പത്രങ്ങളിലെല്ലാം വാർത്ത വന്നു.

ആദിവാസികളുടെ അവകാശ പോരാട്ടം നിർജീവമാക്കാനുള്ള ഇടപെടലുകൾ എക്കാലവും നടന്നിട്ടുണ്ട്. ആദിവാസികളുടെ യഥാർത്ഥ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് അതോടെ വഴിമാറി പോകും. ഞാൻ വിദേശചാര പുത്രിയാണെന്നും, വിദേശ പണം കൈപ്പറ്റുന്നു എന്നും പലരും പറഞ്ഞിട്ടുണ്ട്​. ‘നമ്മുടെ മോചനം നമ്മളിലൂടെ’ എന്ന മുദ്രവാക്യത്തിലൂടെ ആദിവാസി സമരം മുന്നോട്ടുപോയപ്പോൾ പലരുടെയും ഒപ്പം നിൽക്കാൻ ആളുകളെ കിട്ടിയില്ല. അപ്പോൾ അവർ ഞങ്ങളുടെമേൽ നക്‌സൽ, മാവോയിസ്റ്റ് തിവ്രവാദം, റെഡ് ഫ്ലാഗ്​ബന്ധങ്ങൾ ആരോപിക്കുന്നു. ആദിവാസികൾ അവരുടെ വ്യക്തിത്വവും നിലപാടും, രാഷ്ട്രീയതിരിച്ചറിവും വെച്ച്​ നമ്മുടെതായ രീതിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ പലർക്കും അവിടെ റോളില്ലാതാവുന്നു. ആ റോൾ കിട്ടാൻ ഓരോ പരാക്രമങ്ങൾ ചെയ്യുന്നു. ആദിവാസി ഏകോപന സമിതിയുടെ പേരിൽ വിദേശപണം പറ്റുന്നു എന്ന് റെഡ് ഫ്ലാഗ്​ ആരോപണമുയർത്തിയിരുന്നു. മറുപടിയായി ഞാൻ പറഞ്ഞത്, ആരോപണം നടത്തുന്നവർ തെളിവ് തരണമെന്നാണ്.

വയനാട്ടിൽ നിന്ന്​ ഉഷ, ശാന്ത, അമ്മാളുവേച്ചി, മൊണ്ണി, തുടങ്ങിയവർ സെക്രട്ടറിയേറ്റ് സമരത്തിൽ പങ്കെടുക്കാൻ എന്നോടൊപ്പം വന്നിരുന്നു. ആദിവാസി സ്ത്രീകളെ കൂട്ടികൊണ്ടുപോകുന്നത് വിൽക്കാൻ വേണ്ടിയാണെന്ന് പാർട്ടിക്കാർ എനിക്കെതിരെ ആരോപണമുയർത്തി. അതൊന്നും ശ്രദ്ധിക്കാതെ നമ്മൾ പ്രവർത്തനം സജീവമാക്കി. സെക്രട്ടറിയേറ്റിനുമുന്നിലെ​ സമരം താത്കാലികമായി അവസാനിപ്പിച്ചുവെങ്കിലും ആദിവാസി പ്രദേശങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുകയും, ഭൂമിയിൽ കയറി കുടിൽ വെച്ച് സമരം തുടർന്നു. ആദിവാസി ഭൂപ്രശ്‌നത്തെക്കുറിച്ച് റവന്യൂ ഡിപ്പാർട്ട്‌മെൻറ്​ തിരുവനന്തപുരത്ത് യോഗം നടത്തുന്നുണ്ടായിരുന്നു. രാവിലെയാണ്​ വിവരമറിഞ്ഞത്​ എന്നതുകൊണ്ട്​എനിക്ക് അതിൽ എത്താൻ കഴിയില്ല. അതുകൊണ്ട്, എനിക്കും കൂടി എത്താനുള്ള സൗകര്യത്തിൽ മീറ്റിംഗ് കൂടണമെന്ന് പറഞ്ഞ് അന്നത്തെ റവന്യൂ മന്ത്രിക്ക് ഫാക്‌സ് അയച്ചു. ഇത് വിവാദമായി. എന്നെയും ഞാൻ നയിക്കുന്ന പ്രസ്ഥാനത്തേയും അപമാനിക്കുന്ന തരത്തിൽ അടിസ്ഥാനരഹിതമായ പ്രസ്​താവന നടത്തി.

ജാനു ആദിവാസിയാണോ?, അവൾ ദിനംപ്രതി ഫാക്‌സിലാണ് എനിക്ക് പരാതി അയക്കുന്നത്, ഏത് ആദിവാസികൾക്കാണ് ഇവിടെ ഫാക്‌സ് അയക്കാൻ ഇങ്ങനെ സൗകര്യമുള്ളത്, അവൾക്ക് വിദേശത്തുനിന്നുള്ളവരുടെ ഫണ്ട് ലഭിക്കുന്നുണ്ട് എന്നെല്ലാം മന്ത്രി പറഞ്ഞതായി ചില പത്രങ്ങളിലെല്ലാം വാർത്ത വന്നു. ആരോപണങ്ങൾ തെളിവുസഹിതം ഹാജരാക്കിയില്ലെങ്കിൽ മന്ത്രിക്കെതിരെ അട്രോസിറ്റീസ്​ ആക്ട് അനുസരിച്ച് കേസ് കൊടുക്കുമെന്ന് ഞാൻ വാർത്താസമ്മേളനം നടത്തി പറഞ്ഞു. പിറ്റേന്നുതന്നെ മന്ത്രി, താൻ അങ്ങനെ പറഞ്ഞില്ലെന്ന്​ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഞങ്ങൾക്കുതന്ന വാക്കു പാലിക്കാതെ ഭൂനിയമം ഭേദഗതി ചെയ്യുന്നതിന്​ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി പ്രതിനിധികൾ രാഷ്ട്രപതിക്ക് ഭേദഗതിബിൽ നേരിട്ട് സമർപ്പിച്ചു. ഇതിനെതിരെ ആദിവാസി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഞാനും, സെക്രട്ടറി സലീംകുമാറും ഇടുക്കി ജില്ലയിലെ പി.എസ്. ജനാർദ്ദനനും, ഭാസ്കരൻ സാറും രാഷ്ട്രപതി കെ.ആർ. നാരായണനെ നേരിട്ടുകണ്ട് മെമ്മോറാണ്ടം കൊടുത്ത് സംസാരിച്ചു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി, നിയമവകുപ്പുമന്ത്രി എന്നിവർക്കും നിവേദനം നൽകി. ഇതനുസരിച്ച് കേരള സർക്കാർ പാസാക്കിയ ഭേദഗതി ബിൽ രാഷ്​ട്രപതി തിരിച്ചയച്ചു.

ഭൂനിയമം ഭേദഗതി ചെയ്യുന്നതിന്​ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി പ്രതിനിധികൾ രാഷ്ട്രപതിക്ക് ഭേദഗതിബിൽ നേരിട്ട് സമർപ്പിച്ചതിന് ശേഷം

1996-ലെ ആദിവാസി ഭൂനിയമ ഭേദഗതി പരാജയപ്പെട്ടപ്പോൾ 1999-ൽ ഇടതുപക്ഷ സർക്കാർ മറ്റൊരു ഭേദഗതി നിയമം കൊണ്ടുവന്നു. കൈയ്യേറ്റക്കാർ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് അഞ്ചേക്കർ വരെ സാധുത നൽകി. ഇതിനു പകരം ഭൂമി സർക്കാർ ആദിവാസികൾക്കു നൽകാനും, കൈയ്യേറ്റക്കാരുടെ കൈവശമുള്ള അഞ്ചേക്കറിൽ കൂടുതലുള്ള ഭൂമി തിരിച്ചുപിടിച്ച് നൽകാനുമായിരുന്നു ഭേദഗതിയിൽ നിർദ്ദേശിച്ചത്. അതോടൊപ്പം, 1975-ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിർദ്ദേശിച്ചു. ഇടതു-വലതു രാഷ്ട്രീയപാർട്ടികൾ ഒറ്റക്കെട്ടായി നിയമം പാസ്സാക്കി. കെ.ആർ. ഗൗരിയമ്മ മാത്രമാണ് നിയമത്തെ എതിർത്തത്. ഈ നിയമത്തെ ഞങ്ങൾ ശക്തമായി എതിർത്തു. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചപ്പോൾ കേരള സർക്കാർ സ്പെഷ്യൽ ലീവ് പെറ്റീഷനുമായി സുപ്രീംകോടതിയെ സമീപിച്ചു. 2009-ൽ ഭേദഗതി നിയമം ഭാഗികമായി അംഗീകരിച്ച്​ സുപ്രീംകോടതി വിധിയുണ്ടായി.

രാഷ്ട്രീയപാർട്ടികൾ സംയുക്തമായി അംഗീകരിച്ച ഭേദഗതി നിയമമോ, സുപ്രീംകോടതി നിർദ്ദേശങ്ങളോ നാളിതുവരെയും പൂർണമായും നടപ്പാക്കിയിട്ടില്ല. അന്ന് ഞങ്ങൾ രാഷ്ട്രപതിയെ കാണാൻ പോയപ്പോൾ, സർക്കാരിലെ ചില ഉന്നതർ ചോദിച്ചത്, ജാനുവിന് ഇതിനൊക്കെ പണം എവിടെനിന്നാണ് എന്നായിരുന്നു. അന്ന് രാഷ്ട്രപതിയെ കാണാൻ പോകാൻ മലബാറിലെ ചില പത്രപ്രവർത്തകരാണ് വ്യക്തിപരമായി എന്നെ സഹായിച്ചത്. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments