ആട്ടിൻകൂട്ടിലൊളിച്ചുകഴിഞ്ഞും ചോര ചിന്തിയും​വിജയിപ്പിച്ച ഭൂസമരങ്ങൾ

ഫോറസ്റ്റുകാരും, സമരക്കാരും തമ്മിൽ അടി നടന്നു. വലിയ തോക്കിന്റെ ചട്ട വെച്ചാണ്​ ഫോറസ്റ്റുകാർ അടിച്ചത്​, എനിക്കും കുറെ അടി കിട്ടി.

അധ്യായം 20

ന്ത്യൻ പ്രസിഡൻറിനെ കാണാൻ ഡൽഹിയിൽ പോയപ്പോൾ റെയിൽവെ ക്വാർ​ട്ടേഴ്​സിലാണ്​ താമസിച്ചത്. ഡെക്കാൻ ക്രോണിക്കിൾ പത്രത്തിന്റെ റിപ്പോർട്ടർ എന്നെ ഇന്റർവ്യൂ ചെയ്യാൻ വന്നു. അപ്പോൾ, എന്റെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ, ജാനുവിനെ മാത്രം ഇന്റർവ്യൂ ചെയ്യാൻ പറ്റില്ല, നാലുപേരെയും ഇന്റർവ്യൂ ചെയ്യണമെന്നാവശ്യപ്പെട്ടു. റിപ്പോർട്ടർ, എന്നെ മാത്രമേ ഇൻറർവ്യൂ ചെയ്യൂ എന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതേച്ചൊല്ലി, അവർ തമ്മിൽ വാക്കുതർക്കമായി. അവസാനം, റിപ്പോർട്ടർ പോകാനൊരുങ്ങി. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങൾ എന്നെ ഇന്റർവ്യൂ ചെയ്യാൻ വന്നതാണെങ്കിൽ അതു ചെയ്യൂ, വെറുതെ പരസ്പരം എന്തിനാണ്​ തർക്കിക്കുന്നത്.

അങ്ങനെ ഞാൻ ഇന്റർവ്യൂ കൊടുത്തു. അരമണിക്കൂർ കൊണ്ട് ഇന്റർവ്യൂ തീർക്കണം എന്നാണ്​ ഞാൻ വിചാരിച്ചിരുന്നത്​. കൂട്ടത്തിലുണ്ടായിരുന്ന ആൾ എന്നെ മാ​ത്രമായി ഇന്റർവ്യൂ ചെയ്യുന്നതിനെ എതിർത്തതുകൊണ്ട്, ഒരു മണിക്കൂർ ഇരുന്നുകൊടുത്തു. ഇന്റർവ്യൂ ചെയ്യുന്നതിനെ എതിർത്തയാൾ നല്ല വിദ്യാഭ്യാസമുള്ള ആളാണ്. പൊതുപ്രവർത്തനവും, രാഷ്ട്രീയപ്രവർത്തനവും നടത്തിയിട്ടുണ്ട്. ഞാനൊരു ആദിവാസി സ്ത്രീയായതുകൊണ്ട് എനിക്ക് ഇന്റർവ്യൂവിൽ കാര്യങ്ങൾ സംസാരിക്കാനുള്ള അറിവില്ല എന്ന പുരുഷമേധാവിത്ത ചിന്താഗതി അദ്ദേഹത്തിനുണ്ടായിരുന്നു. അത് പലപ്പോഴും പ്രവൃത്തിയിലൂടെയും സംസാരത്തിലൂടെയും എനിക്ക് ബോധ്യമായിട്ടുണ്ട്. എന്നെ ഇന്റർവ്യൂ ചെയ്താൽ അതിൽ എന്റെ പേരു മാത്രമേ ഉണ്ടാകൂ, ബാക്കിയുള്ളവരുടെ പേരുണ്ടാകില്ലല്ലോ. അവരുടെ പേരും കൂടി ഉൾപ്പെടുത്തണം എന്നുപറഞ്ഞായിരുന്നു പ്രശ്‌നം.

ആദിവാസി ഏകോപനസമിതിയിൽ സെക്രട്ടറി, എനിക്ക്​ എൻ.ജി.ഒ. ബന്ധമുണ്ട്, അതുവഴി പൈസ വാങ്ങുന്നുണ്ട് എന്നെല്ലാം വിവാദമുണ്ടാക്കി. സത്യത്തിൽ അങ്ങനെയൊരു സംഭവമുണ്ടായിരുന്നില്ല. പക്ഷേ, സെക്രട്ടറി തുടരെ തുടരെ കമ്മിറ്റിയിൽ ആരോപണമുന്നയിച്ചുകൊണ്ടിരുന്നു. ആരോപണം തെളിവുസഹിതം ഹാജരാക്കാൻ ഞാനാവശ്യപ്പെട്ടു. അതിനു കഴിയാതെ, കഴമ്പില്ലാത്ത നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പണി ആവർത്തിച്ചുകൊണ്ടിരുന്നു. ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ കമ്മിറ്റിയിൽ പങ്കെടുക്കാതിരുന്നു, അണികളും പങ്കെടുത്തില്ല. ആരോപണമുയർത്തി എന്നെ ആദിവാസി ഏകോപനസമിതിയിൽ നിന്ന്​ പുറത്താക്കാം എന്നായിരുന്നു സെക്രട്ടറിയുടെ ഉദ്ദേശ്യം. മനസ്സിൽ പുരുഷമേധാവിത്തമുള്ളവർക്ക് ഒരു സ്ത്രീ മുന്നിൽനിന്ന് പ്രസ്ഥാനത്തെ നയിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

ബൊദ്ധ മൂപ്പന്റെ ഭാര്യ നഞ്ചമ്മ ഉറഞ്ഞുവന്ന് എന്നെ വട്ടംപിടിച്ച്​ പറഞ്ഞു; ‘ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തരണം, നിങ്ങൾക്കത് എടുത്തുതരാൻ പറ്റും, നിങ്ങളത് എടുത്തുതരണം.’ ആ വല്ല്യമ്മ ഉറഞ്ഞുതുള്ളി വന്നെന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാനാകെ അന്ധാളിച്ചു.

കൊടൈക്കനാലിലെ ഭൂസമരങ്ങൾ

കമ്മിറ്റിയിൽ പങ്കെടുക്കാതെ ഞാൻ കൊടൈക്കനാലിലുള്ള കൂട്ടുകാരി ലീലാവതിയുടെ അടുത്തേക്കുപോയി. കേരളത്തിൽ നിരന്തരമായി നടന്ന ഭൂസമരങ്ങൾ പത്രത്തിലും മാസികയിലും കണ്ട് എന്നെ പരിചയപ്പെടാൻ തമിഴ്‌നാട്ടിൽനിന്ന്​ വയനാട്ടിലെത്തിയ പത്ത്​ ആദിവാസികൾക്കൊപ്പം ലീലാവതിയുമുണ്ടായിരുന്നു. എന്നെ പരിചയപ്പെട്ടശേഷം ബാക്കിയുള്ളവർ തിരിച്ചുപോയിട്ടും ലീലാവതി എന്നോടൊപ്പം ഒരുമാസം താമസിച്ചു. ഞാൻ നടത്തുന്ന സമരത്തിലും നമ്മുടെ ആളുകൾക്കരികിലേക്കും ലീലാവതിയെ കൊണ്ടുപോയി. ഓരോന്നും കണ്ടും കേട്ടും അവൾ കാര്യങ്ങൾ മനസ്സിലാക്കി. ഒരുമാസം കഴിഞ്ഞപ്പോഴാണ്​ അവളുടെ വീട്ടിൽ കൊണ്ടുവിട്ടത്​. എന്നെ കാണാൻ വന്ന സമയത്ത് ലീലാവതിക്ക്​ മൂന്ന് കുട്ടികളുണ്ടായിരുന്നു. അവരെ ഭർത്താവിന്റെ അടുത്താക്കിയിട്ടാണ് അവൾ ഒരു മാസം എന്നോടൊപ്പം നിന്നത്. അന്നു തുടങ്ങിയ സുഹൃദ്​ബന്ധമാണ് ലീലാവതിയുമായി.

കൊടൈക്കനാലിൽ താമസിക്കുന്ന സമയം ഞാൻ അവിടുത്തെ ആദിവാസി കോളനികളിൽ മീറ്റിങ് നടത്തി. അവിടുത്തെയും പ്രധാന പ്രശ്‌നം ഭൂമിയായിരുന്നു. അവിടങ്ങളിൽ പാറയുടെ മുകളിൽ വേറെ സ്ഥലത്തുനിന്ന് മണ്ണ് കൊണ്ടുവന്ന് തട്ടിയാണ് വീടുകൾക്ക് തറ കെട്ടിയിരുന്നത്. തീപ്പെട്ടി ആകൃതിയിലുള്ള ഒറ്റമുറി വീടുകളിൽ നാലും അഞ്ചും കുടുംബങ്ങളാണ് താമസം. പാറയായതുകൊണ്ട് കക്കൂസുണ്ടാക്കാനും പറ്റില്ല. രാത്രി മീറ്റിങ് കൂടി അവരെ സമരത്തിന് തയ്യാറാക്കി. അങ്ങനെ, പണ്ണൈക്കാട് കള്ളക്കിണർ എന്ന സ്ഥലത്ത് ഭൂസമരം തുടങ്ങി. പാരമ്പര്യമായി ആദിവാസി ഭൂമിയായിരുന്നു അത്. എന്നാൽ ഫോറസ്റ്റുകാർ വനഭൂമിയാണെന്ന് പറഞ്ഞ് പിടിച്ചെടുത്തിരുന്നു. ഫോറസ്റ്റുകാരും, സമരക്കാരും തമ്മിൽ അടി നടന്നു. വലിയ തോക്കിന്റെ ചട്ട വെച്ചാണ്​ ഫോറസ്റ്റുകാർ അടിച്ചത്​, എനിക്കും കുറെ അടി കിട്ടി. 14 ആദിവാസികളെ അറസ്റ്റുചെയ്തു. ഞാൻ അറസ്റ്റിൽ പെടാതെ മാറിനിന്നു. രാത്രി വരെ ഫോറസ്റ്റുകാരും നമ്മുടെ ആളുകളും തമ്മിൽ ഭയങ്കര സംഘർഷമായിരുന്നു. രാത്രി രണ്ടുമണിക്ക് പണ്ണൈക്കാട് പൊലീസ്​സ്റ്റേഷനിൽ ഞാനും കുറച്ചാളുകളും പോയി എസ്.ഐ.യോട്​ സംസാരിച്ചു. ഫോറസ്റ്റ് റെയ്ഞ്ചർക്കും, ഗാർഡൻമാർക്കും, റവന്യു ഉദ്യോഗസ്ഥനും എതിരെ അട്രോസിറ്റീസ് പ്രിവൻഷൻ ​ആക്​റ്റ്​ അനുസരിച്ച് കേ​സെടുപ്പിച്ചു. അവർ കേസ് ഒത്തുതീർപ്പാക്കാൻ വന്നു. ഞങ്ങൾ അതിന്​ തയ്യാറായില്ല. ‘അവരോട് സംസാരിക്കാൻ പോയപ്പോഴാണ് അവർ ഞങ്ങളെ അടിച്ചത്, അതുകൊണ്ട് നിങ്ങൾ പറയുന്നത് കേൾക്കാൻ തയ്യാറല്ല’ എന്നു​ ഞങ്ങൾ പറഞ്ഞു. കേസ് തന്നെ തുടരട്ടെ എന്നു ഞങ്ങൾ തീരുമാനിച്ചു. അട്രോസിറ്റീസ് പ്രിവൻഷൻ ​ആക്​റ്റ്​ ആയതുകൊണ്ട് മദ്രാസ് ഹൈക്കോടതിയിൽ പോയിട്ടാണ് അവർ ജാമ്യത്തിലിറങ്ങിയത്. കേസിനൊടുവിൽ, ആ ഭൂമി ആദിവാസിഭൂമിയാണെന്ന് കണ്ടെത്തി. അങ്ങനെ നൂറേക്കർ ഭൂമി ആദിവാസികൾക്ക് പതിച്ചുനൽകി. ആദിവാസികളുടെ പേരിലുള്ള കേസ് തള്ളിപ്പോയി.

പൊലീസ്​ പിടിക്കാതെ റെയിൽവെ സ്റ്റേഷൻ വരെ വന്നത്​, ഏഴ്​ ഓ​ട്ടോറിക്ഷകൾ വിളിച്ചാണ്​. മുന്നിലും പിന്നിലും മൂന്ന് ഓട്ടോറിക്ഷ വീതം, നടുക്കുള്ള ഓട്ടോറിക്ഷയിൽ എന്നെ റെയിൽവേ സ്റ്റേഷനിലേക്ക് കയറ്റിവിട്ടു. സുരക്ഷിതമായി കോഴിക്കോട് റെയിൽവെ സ്റ്റേഷനിലിറങ്ങി. പിന്നെ മൂന്ന് വർഷത്തേക്ക് ഞാൻ തമിഴ്‌നാട്ടിലേക്ക് പോയിട്ടില്ല.

ലീലാവതി താമസിക്കുന്നത് മൂലയാർ കോളനിയിലാണ്. അവിടെയാണ് ഞാൻ താമസിച്ചിരുന്നത്. അവിടെയുള്ളവർ മലമൂത്ര വിസർജനം നടത്തുന്നത്, അടുത്തുള്ള പാറയുടെ മുകളിലായിരുന്നു. അവിടെയാണെങ്കിൽ കാലുകുത്താൻ ഇടമില്ല. നിവൃത്തിയില്ലാത്തതുകൊണ്ട് എനിക്കും പാറയുടെ മുകളിൽ പോകേണ്ടിവന്നു. ഇവിടെയുള്ളവരുടെ വീടിന്റെ ഭിത്തിക്ക് ആദിവാസിയല്ലാത്തൊരാൾ ഭൂമി കൈയ്യേറി കമ്പിവേലി അടിച്ചിരുന്നു. ഞങ്ങൾ മീറ്റിങ് കൂടിയശേഷം കമ്പിവേലി പൊളിച്ച് മൂന്നേക്കർ സ്ഥലത്തിന്റെ അപ്പുറത്ത് കൊണ്ടുപോയി വേലികെട്ടി, ആ ഭൂമിയിൽ കുടിൽകെട്ടി സമരം നടത്തി. ‘ഊരുമക്കളെ അനുമതി ഇല്ലാമെ, ഉള്ളെ നുളയ കൂടാത്' എന്ന് ബോർഡും എഴുതിവെച്ചു. ഉദ്യോഗസ്ഥർ ഈ ബോർഡ് കണ്ട് തിരിച്ചുപോകും. ആ ഭൂമി ആദിവാസിഭൂമിയായതുകൊണ്ട് വലിയ പ്രശ്‌നങ്ങളില്ലാതെ മൂന്നേക്കർ ഭൂമി തിരിച്ചുകിട്ടി. ആ ഭൂമിയിൽ ആദിവാസികൾ വീടുവെച്ചു, കക്കൂസുണ്ടാക്കി.

അതുകഴിഞ്ഞ് പൂളത്തൂര് ഊരിലെ പ്രശ്‌നത്തിൽ ഇടപെടാൻ പോയി. അവിടെ ആദിവാസി ഊരിന്റെ പേരിൽ പഞ്ചായത്ത് കിണറു കുത്തി പൈപ്പിട്ട് മോ​ട്ടോറിൽ വെള്ളമടിക്കുന്നുണ്ട്. പക്ഷേ, തൊട്ടടുത്ത പൂളത്തൂർ ഊരിലേക്ക് വെള്ളം കൊടുക്കാതെ നാട്ടുകാർക്കാണ്​ വിതരണം ചെയ്​തിരുന്നത്​. ഇതിനെതിരെ ആദിവാസികൾ ഒരുപാട് പരാതിയും നിവേദനവും കൊടുത്തിട്ടും പരിഹാരമുണ്ടായില്ല. ഞാൻ അവിടെപോയി കോളനിക്കാരെ വിളിച്ചുകൂട്ടി ചർച്ച നടത്തി ഒരു തീരുമാനമെടുത്തു. കിണറ്റിലെ മോട്ടോർ അഴിച്ചുകൊണ്ടുവന്ന് ഊരിൽ വെക്കാൻ കമ്മിറ്റി തീരുമാനിച്ചു. അതനുസരിച്ച് ആദിവാസികൾ മോട്ടോർ അഴിച്ച് കോളനിയിൽ കൊണ്ടുവെച്ചു. പിറ്റേന്ന്​ ആളു വന്നപ്പോൾ മോട്ടോർ ഇല്ല. പഞ്ചായത്ത് പ്രസിഡൻറ്​ ഇടപെട്ടു, ആദിവാസികളുമായി ചർച്ച നടത്തി. ആദ്യം അടിക്കുന്ന വെള്ളം ഊരിലേക്ക് നൽകുമെന്ന് തീരുമാനമാക്കി. അതിനുശേഷമാണ് മോട്ടോർ വിട്ടുകൊടുത്തത്.

ഈ ഊരിൽ ആദിവാസി അല്ലാത്തൊരാൾ കച്ചവടം നടത്തുന്നുണ്ടായിരുന്നു. ഊരിലെ ആളുകളുടെ കച്ചവടമാണ് അയാളുടെ ഏക വരുമാനം. വെള്ളത്തിന്റെ പ്രശ്‌നം വന്നപ്പോൾ ഇയാൾ നാട്ടുകാരോടൊപ്പവും, പഞ്ചായത്ത് പ്രസിഡൻറിന്റെ കൂടെ നിന്നും ആദിവാസികൾക്കെതിരായി സംസാരിച്ചു. ആദിവാസികളാരും ഇനി അവിടെ നിന്ന്​ സാധനങ്ങൾ വാങ്ങില്ല എന്ന് മീറ്റിങ് കൂടി ഞങ്ങൾ തീരുമാനിച്ചു. ഊരിലെ എല്ലാവരും ചേർന്ന് പിരിവെടുത്ത 25,000 രൂപയ്ക്ക് ഒരു ജീപ്പ് നിറയെ സാധനങ്ങൾ വാങ്ങി ഊരിലെ ഒരാളുടെ വീട്ടിൽ കച്ചവടം തുടങ്ങി. പിന്നീട്, കച്ചവടം തുടങ്ങാൻ സഹായിച്ചവരുടെ പൈസയെല്ലാം തിരിച്ചുകൊടുത്ത്, സ്വന്തമായി കട നടത്തി അദ്ദേഹം കച്ചവടക്കാരനായി. ആദിവാസി അല്ലാത്തയാൾ അവസാനം കച്ചവടം നിർത്തി പോയി.

തമിഴ്​നാട്ടിൽനിന്ന്​ വയനാട്ടിലേക്ക്​ ഒരു രക്ഷപ്പെടൽ

തമിഴ്‌നാട്ടിൽ സമരം തുടരാൻ ഞാൻ തീരുമാനിച്ചു. കൊടൈക്കനാൽ ടൗണിൽ 5000 പേരെ അണിനിരത്തി ഭൂമി ആവശ്യപ്പെട്ട് സമരം നടത്തി. വീണ്ടും ഭൂമിയിൽ കയറാൻ പദ്ധതിയിട്ടപ്പോഴാണ്, എന്നെ അറസ്റ്റുചെയ്ത് മദ്രാസ് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകാനുള്ള നടപടി പൂർത്തിയാക്കിയിട്ടുണ്ടെന്ന്​ ഒരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വഴി അറിഞ്ഞത്. അദ്ദേഹത്തിന്റെ സഹായത്തോടെ അന്നുരാത്രി ഞാൻ കോയമ്പത്തൂർക്ക് പോയി. അവിടെ മാതൃഭൂമി ലേഖകനായ ഒരു മലയാളി സുഹൃത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ കട്ടിലിനടിയിൽ ഒരാഴ്​ച ഒളിവിൽ കഴിഞ്ഞു. അന്വേഷണം അവിടേക്കും വരുന്നുണ്ടെന്നറിഞ്ഞപ്പോൾ കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. പൊലീസ്​ പിടിക്കാതെ റെയിൽവെ സ്റ്റേഷൻ വരെ വന്നത്​, ഏഴ്​ ഓ​ട്ടോറിക്ഷകൾ വിളിച്ചാണ്​. മുന്നിലും പിന്നിലും മൂന്ന് ഓട്ടോറിക്ഷ വീതം, നടുക്കുള്ള ഓട്ടോറിക്ഷയിൽ എന്നെ റെയിൽവേ സ്റ്റേഷനിലേക്ക് കയറ്റിവിട്ടു. സുരക്ഷിതമായി കോഴിക്കോട് റെയിൽവെ സ്റ്റേഷനിലിറങ്ങി. പിന്നെ മൂന്ന് വർഷത്തേക്ക് ഞാൻ തമിഴ്‌നാട്ടിലേക്ക് പോയിട്ടില്ല. ഞാൻ തമിഴ്നാട്ടിൽ നിന്ന്​വന്നപ്പോഴേക്കും ‘ആദിവാസി ഏകോപനസമിതി' എന്ന സംഘടന പിരിഞ്ഞുതീർന്നിരുന്നു. പിന്നെ അതിന്റെ പുനർനിർമാണമുണ്ടായില്ല.

അതിനുശേഷം, ആദിവാസി കൂട്ടായ്മയുണ്ടാക്കി വീണ്ടും പ്രവർത്തനരംഗത്തേക്ക് വന്നു. എം. ഗീതാനന്ദനുമായി ചേർന്ന് ‘ആദിവാസി ദലിത് സമരസമിതി' എന്ന സംഘടനയുണ്ടാക്കി. അതിലൂടെ സജീവപ്രവർത്തനം ആരംഭിച്ചു. 1998-1999 കാലത്ത്​ കണ്ണൂർ ജില്ലയിലെ ആദിവാസികൾ കലക്​ടറേറ്റ്​ പടിക്കൽ നടത്തിയ ‘തിരുവോണപ്പുറം' സമരത്തിനും നേതൃത്വം നൽകി. അവിടെയുള്ളവർക്ക് ഒന്നരയേക്കർ ഭൂമി ലഭിച്ചു. ആദിവാസിമേഖലയിലെ കുടിയിറക്ക് അവസാനിപ്പിക്കുക, വനസംരക്ഷണ ഓർഡിനൻസ് നിയമമാക്കുക, മൂന്നാറിൽ ആദിവാസിഭൂമിയിൽ എൻജിനീയറിങ് കോളേജ് സ്ഥാപിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, ആദിവാസിമേഖലകളിലെ ഇക്കോ ടൂറിസം പദ്ധതി ഉപേക്ഷിക്കുക, 1975-ലെ ആദിവാസി ഭൂനിയമം നടപ്പിലാക്കുക, ഭൂരഹിത ആദിവാസികൾക്ക്​ ഭൂമി നൽകുക, കൈവശഭൂമിക്ക് പട്ടയം നൽകുക, ആദിവാസി​ പ്രൊജക്ട് ഭൂമികൾ കൈയ്യേറാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2000 ഡിസംബർ 20-ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. തിരുവനന്തപുരത്തെ അജിത്ത് നന്ദങ്കോട്, സദാശിവൻ കാണി, അനിൽകുമാർ പാലോട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമരസഹായ സമിതിയുടെയും സഹകരണമുണ്ടായിരുന്നു.

സർക്കാർ കോളേജ് പൊളിച്ചുമാറ്റിയില്ലെങ്കിൽ, ഞങ്ങൾ തന്നെ പൊളിച്ചുമാറ്റി ആദിവാസിഭൂമി തിരിച്ചുപിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. സർക്കാരിന് നിവേദനവും നൽകി. പക്ഷേ സർക്കാർ ഞങ്ങളുടെ വാക്കിന് വിലകൽപ്പിച്ചില്ല. അവർ കോളേജ് പൊളിച്ചുമാറ്റിയില്ല.

കുണ്ടളക്കുടിയിൽ, ഗുണ്ടകൾക്കുനടുവിൽ ഒരു ഭൂസമരം

ഇടുക്കി ജില്ലയിലെ കുണ്ടളക്കുടിയിൽ ആദിവാസിഭൂമി കൈയ്യേറി സർക്കാർ എൻജിനീയറിങ് കോളേജ് കെട്ടിയെന്നുപറഞ്ഞ് മാധ്യമം ആഴ്​ചപ്പതിപ്പിൽ ഒരു ഫീച്ചർ വന്നിരുന്നു. ഞാനും ഗീതാനന്ദനും മറ്റു പ്രവർത്തകരും കുണ്ടളക്കുടിയിലേക്കുപോയി. ഭൂരഹിത ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന് കുണ്ടളക്കുടിയിൽ 1977-ൽ 61 ഏക്കർ ഭൂമി കണ്ടെത്തിയിരുന്നു. പട്ടികവർഗക്കാരുടെ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ഫാമിങ് സൊസൈറ്റി രൂപീകരിക്കുകയും മാട്ടുപ്പെട്ടി ഇന്തോ- സ്വിസ് പ്രൊജക്ടിന്റെ സഹായത്തോടെ 70 ആദിവാസി ‘മുതുവാൻ' കുടുംബങ്ങൾക്ക് ധനസഹായവും, സങ്കരയിനം പശുക്കളെയും നൽകി. 1979 മുതൽ ഇവിടെ ഫാമിങ് പ്രവർത്തനം നടന്നുവരികയായിരുന്നു. ഇവിടെ സർക്കാർ എൻജിനീയറിങ് കോളേജ് സ്ഥാപിക്കാനും ശ്രമം നടത്തി. കോളേജിന്​ മൂന്നാറിലെവിടെയും സ്ഥലമില്ലെന്നുപറഞ്ഞാണ് ആദിവാസി ഭൂമി കയ്യേറിയത്. അവിടെ ഓഫീസും, കാന്റീനും നിർമിക്കുകയും നീളത്തിലുള്ള പശുത്തൊഴുത്തിന് ഇടഭിത്തി കെട്ടി ക്ലാസ് മുറികളായി തിരിക്കുകയും ചെയ്​തിരുന്നു. മറ്റേതെങ്കിലും വിഭാഗത്തിന്റെയോ മതവിഭാഗങ്ങളുടെയോ ഭൂമിയിൽ ഇതുപോലെ ചെയ്യാൻ സർക്കാർ ധൈര്യം കാണിക്കില്ല. ആദിവാസികളുടെ ഭൂമിയായതുകൊണ്ടാണ് സർക്കാർ ഇത്ര ധൈര്യത്തിൽ ഇങ്ങനെ ചെയ്തത്. ‘ഇത് ഞങ്ങളുടെ ഭൂമിയാണ്, ഇവിടെ എഞ്ചിനീയറിങ് കോളേജ് കെട്ടരുത്​’ എന്നുപറഞ്ഞ് ആദിവാസികൾ കേസ് കൊടുത്തിരുന്നു. ആദിവാസിഭൂമിയായതിനാൽ നിർമാണപ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഓർഡറിന്റെ കോപ്പി കോളേജ് ഭിത്തിയിലും ഒട്ടിച്ചു.

അവിടെയുള്ളവരുമായി ഞങ്ങൾ കാര്യങ്ങൾ ചർച്ചചെയ്തു. മൂന്നാർ ടൗണിൽ പൊതുയോഗം നടത്തി, സർക്കാർ അനധികൃതമായി കെട്ടിയ കോളേജ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടു. കോളേജ് നിർമാണ പ്രവർത്തനം നടത്തിയവരുമായി ഞങ്ങൾ സംസാരിച്ചു. ഹൈക്കോടതി സ്റ്റേ ഓർഡറിന്റെ കോപ്പി അവരെ കാണിച്ചു. അപ്പോൾ അവർ പറഞ്ഞത്, ഹൈക്കോടതിയിൽ പോയാൽ ഏത് പട്ടിക്കും സ്റ്റേ ഓർഡർ കിട്ടും എന്നാണ്. സർക്കാർ കോളേജ് പൊളിച്ചുമാറ്റിയില്ലെങ്കിൽ, ഞങ്ങൾ തന്നെ പൊളിച്ചുമാറ്റി ആദിവാസിഭൂമി തിരിച്ചുപിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. സർക്കാരിന് നിവേദനവും നൽകി. പക്ഷേ സർക്കാർ ഞങ്ങളുടെ വാക്കിന് വിലകൽപ്പിച്ചില്ല. അവർ കോളേജ് പൊളിച്ചുമാറ്റിയില്ല.

ഞങ്ങൾ ആ ഭൂമിയിൽ ഗോത്രപൂജ നടത്തിയശേഷം ഓഫീസും കാന്റീനും ഇടിച്ചുനിരത്തി. തൊഴുത്തിന് ഇടഭിത്തി കെട്ടിയുണ്ടാക്കിയ ക്ലാസ് മുറി പൊളിച്ച്, പഴയപോലെ തൊഴുത്താക്കി മാറ്റി. ടാറ്റാ എസ്റ്റേറ്റിലെ എ.ഐ.ടി.യു.സി. സംഘടനയും ഗുണ്ടകളും ഞങ്ങളെ ഭീകരമായി ആക്രമിച്ചു. ആദിവാസികളും, തൊഴിലാളികളും തമ്മിൽ അടിയായി. സഹപ്രവർത്തകനായ എം.ടി. തോമസിന്റെ കാല് വെട്ടി, മൂക്കിന് അടി കിട്ടി. എല്ലിന്റെ കഷ്ണം വായിലൂടെയാണ് അദ്ദേഹം തുപ്പിക്കളഞ്ഞത്. എനിക്കും ഗീതാനന്ദനും ഭീകരമർദനമേറ്റു. തമിഴ്‌നാട്ടിലുള്ള പ്രവർത്തകരായ മുത്തുക്കണ്ണ്, ലീലാവതി, നാഗമ്മ, മുരുകേശൻ, നാഗപാണ്ടി എന്നിവരും കൂടെയുണ്ടായിരുന്നു. അടി നടന്നപ്പോൾ അവിടെയുള്ള ആദിവാസികൾ യൂക്കാലിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. എനിക്ക് കാലിന്റെ മുട്ടിന് അടികൊണ്ടതുകൊണ്ട് ഓടാൻ പറ്റിയില്ല. ഗീതാനന്ദനെ സജിയും കൂട്ടരും എടുത്ത് യൂക്കാലി കാട്ടിലേക്ക് കൊണ്ടുപോയി. കാലിന് വെട്ടേറ്റ എം.ടി. തോമസിനെ ആരൊക്കെയോ വലിച്ചുകൊണ്ടുപോയി. കോട്ടയത്തുനിന്നുള്ള കുറെ പ്രവർത്തകരുമുണ്ടായിരുന്നു. നാഗപാണ്ടിക്കും, മുരുകേശനും, ലീലാവതിക്കും, മുത്തുക്കണ്ണിനും ഭീകര അടിയേറ്റു. ലീലാവതിയുടെ ചെറുവിരൽ ഒടിഞ്ഞു. അടി കിട്ടിയ ഞങ്ങൾ ഓടാൻ പറ്റാതെ അവിടെ കിടന്നു. അവസാനം ഞങ്ങൾ മാത്രം ബാക്കിയായി. കുറേ ഗുണ്ടകൾ കമ്പിപ്പാര, വാക്കത്തി, പിക്കാസ്, കുറുവടി എന്നിവയുമായി വീണ്ടും വന്നു. വയനാട്ടിൽ നിന്ന് വന്ന പെണ്ണ് എവിടെയാണെന്ന്​ അവർ എന്നോട്​ തമിഴിൽ ചോദിച്ചു. ‘ഇവിടെയുള്ള ആണുങ്ങളെല്ലാവരും മീശവെച്ചല്ലേ നടക്കുന്നത്, വയനാട്ടിൽ നിന്നുവന്ന ഒരു പെണ്ണിന് ഇതുപോലുള്ള പണികൾ ചെയ്യാൻ എന്തവകാശം’ എന്നവർ ചോദിച്ചു. അടിച്ചുകൊന്ന് കുഴിച്ചുമൂടാനാണ് തങ്ങൾ വന്നത് എന്നും അവർ ഭീഷണി മുഴക്കി.

തമിഴ് ഗുണ്ടകൾ ചുറ്റിലും നിൽക്കുന്നുണ്ടായിരുന്നു. അവർ എന്നെ അടിക്കാൻ ഓടിവന്നു. പൊലീസ്​ചുറ്റും നിന്ന് രക്ഷപ്പെടുത്തി. മൂന്നാറിലിറങ്ങിയാൽ തോട്ടം തൊഴിലാളി ഗുണ്ടകൾ അടിച്ചുകൊല്ലുമെന്ന് പേടിച്ച് ഞങ്ങളെ പൊലീസ്​ ജീപ്പിൽ കൊണ്ടുപോയി അടിമാലി ആശുപത്രിയിൽ അഡ്മിറ്റാക്കി.

വഴക്കുകൂടുന്ന സമയത്ത് അവർ ഇവിടെയുണ്ടായിരുന്നു, അതുകഴിഞ്ഞ് അവർ എങ്ങോട്ട് പോയെന്നറിയില്ല എന്ന്​ ഞാൻ തമിഴിൽ അവരോടു പറഞ്ഞു. അപ്പോൾ അവർ എന്നോട്​ പേര് ചോദിച്ചു. ‘മല്ലിക' എന്നുപറഞ്ഞു. അച്​ഛന്റെ പേര് ചോദിച്ചപ്പോൾ ‘മരുതൻ' എന്നും പറഞ്ഞു. തമിഴ്‌നാട്ടിലെ കൂട്ടുകാരിയുടെ ഭർത്താവിന്റെ പേരായിരുന്നു അത്. ഊരിന്റെ പേര് ചോദിച്ചപ്പോൾ ലീലാവതിയുടെ ഊരായ ‘മൂലയാർ' എന്നുപറഞ്ഞു. തമിഴ് അറിയുന്നതുകൊണ്ട് ഭാഗ്യത്തിന്​ ഞാൻ രക്ഷപ്പെട്ടു. രണ്ടുമണിക്കൂർ അവരവിടെ ചുറ്റിപ്പറ്റിനിന്നു. ലീലാവതിയും, നാഗമ്മയും, മുത്തുക്കണ്ണും, മുരുകേശനും പേടിച്ചുവിറയ്ക്കുന്നുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ മൂന്നാറിൽ നിന്ന്​ പൊലീസ്​ എത്തി. അവർ എന്നോട് മലയാളത്തിലാണ്​ സംസാരിച്ചത്​. തമിഴ് ഗുണ്ടകൾ ചുറ്റിലും നിൽക്കുന്നുണ്ടായിരുന്നു. അവർ എന്നെ അടിക്കാൻ ഓടിവന്നു. പൊലീസ്​ചുറ്റും നിന്ന് രക്ഷപ്പെടുത്തി. ഞങ്ങളെ മൂന്നാർ പൊലീസ്​ സ്റ്റേഷനിൽ കൊണ്ടുപോയി പരാതിയെഴുതി ഒപ്പിടുവിച്ചു. മൂന്നാറിലിറങ്ങിയാൽ തോട്ടം തൊഴിലാളി ഗുണ്ടകൾ അടിച്ചുകൊല്ലുമെന്ന് പേടിച്ച് ഞങ്ങളെ പൊലീസ്​ ജീപ്പിൽ കൊണ്ടുപോയി അടിമാലി ആശുപത്രിയിൽ അഡ്മിറ്റാക്കി. അവിടെ ഗീതാനന്ദനും ബാക്കിയുള്ളവരും വന്നു. കാലിനു വെട്ടേറ്റ എം.ടി. തോമസും ആശുപത്രിയിലുണ്ടായിരുന്നു. നാലുദിവസം കഴിഞ്ഞ് ഡിസ്ചാർജായശേഷം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ അഡ്മിറ്റായി. 20 ദിവസം അവിടെ കിടന്നു. അതിനുശേഷം, തൊടുപുഴയിൽ പോയി ഏഴുദിവസം നിരാഹാരം കിടന്നു.

ഇതിനിടയിൽ കുണ്ടള ആദിവാസി സമര ഐക്യദാർഢ്യ കൺവെൻഷൻ നടന്നു. പി.യു. ദേവസ്യ, ഇ. മാർട്ടിൻ, ടി.കെ. നാരായണൻ കുമാരമംഗലം എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൺവെൻഷൻ. അന്ന് അൽഫോൺസ് കണ്ണന്താനം ആയിരുന്നു ഇടുക്കി കലക്ടർ. അദ്ദേഹം ഞങ്ങളുമായി ചർച്ച നടത്തി. കുണ്ടള ആദിവാസിഭൂമി നമ്മൾക്കുതന്നെ തിരിച്ചുതരുമെന്നും, ആദിവാസിഭൂമിയിൽ എൻജിനീയറിങ് കോളേജ് സ്ഥാപിക്കില്ലെന്നും കരാറുണ്ടാക്കിയ ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്. അതിനുശേഷം കുണ്ടളയിലെ ഭൂമി സർവേ നടത്തി. 93 കുടുംബങ്ങൾക്ക് അഞ്ചേക്കർ ഭൂമി വെച്ച് അളന്ന് കൈവശരേഖ നൽകി. ഭൂമിക്ക് അതിരുതിരിച്ച് അളന്നുകൊടുത്ത ശേഷമാണ് ഞങ്ങൾ അവിടെ നിന്നിറങ്ങിയത്. എന്റെ ജീവൻ രക്ഷിച്ച ഭാഷയാണ് തമിഴ്. ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് ഈ ഭാഷ അറിഞ്ഞതുകൊണ്ടാണ്. തമിഴ് സംസാരിക്കാൻ അറിയില്ലായിരുന്നെങ്കിൽ കുണ്ടളക്കുടിയിൽ ഒരു ‘സ്മാരകം' ഉണ്ടായേനെ. അതുകൊണ്ട് തമിഴ് ഭാഷയോട് എനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്.

ആദിവാസികൾ തിരിച്ചുപിടിച്ച തൂവൈപ്പതി

തമിഴ്‌നാടുമായി അതിരിടുന്ന അട്ടപ്പാടി വീരപാണ്ടി വില്ലേജിൽ തൂവൈപ്പതി ഊരിലെ അമ്പതോളം വരുന്ന ‘ഇരുളർ' വിഭാഗത്തിൽപെട്ട ആദിവാസികളുടെ ഭൂപ്രശ്‌നത്തിൽ ഇടപെടുന്നതിന്​ ഞാനും കൃഷ്ണദാസും പോയി. അവിടെ രംഗസ്വാമി നായ്ക്കർ എന്നയാൾ ആദിവാസികളുടെ 400 ഏക്കർ ഭൂമി കയ്യേറിയിരുന്നു. ഈ സ്ഥലത്തുനിന്ന്​ മൂന്ന് കിലോമീറ്റർ മാറി ആലമരമേടിൽ വെച്ച് അട്ടപ്പാടിയിലെ ആദിവാസി നേതാക്കൾ കുറേപ്പേർ പ്രശ്‌നപരിഹാരത്തിന്​ നിരന്തരം യോഗം കൂടുന്നുണ്ടായിരുന്നു. എന്നിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ല. ഞങ്ങളാണ് അവിടെ അവസാനമായി കമ്മിറ്റിയിൽ പങ്കെടുക്കുവാൻ പോകുന്നത്.

രംഗസ്വാമി നായ്ക്കർക്ക് രാഷ്ട്രീയപിന്തുണയുണ്ട്, ഇഷ്ടംപോലെ പണമുണ്ട്, അതുകൊണ്ട് അയാൾക്കെതിരെ ഒന്നും ചെയ്യാൻ പറ്റില്ല എന്നായിരുന്നു അവിടുത്തെ ആദിവാസി നേതാക്കൾ പറഞ്ഞത്. കോളനിയിലെ ആരെങ്കിലും അയാൾക്കെതിരെ പറഞ്ഞാൽ വീട്ടിലെ പട്ടിയെ അഴിച്ചുവിട്ട് ഇവരെ കടിപ്പിക്കും. അങ്ങനെ രണ്ടുപേർ അവിടെ മരിച്ചിട്ടുണ്ട്. ‘നിങ്ങളുടെ തന്നെയാണോ ഭൂമി, നിങ്ങൾക്ക് ഈ ഭൂമി തിരിച്ചുവേണോ’ എന്ന്​ കർശനമായി ഞാൻ ചോദിച്ചു. ഭൂമി തിരിച്ചുവേണമെന്ന് അവർ പറഞ്ഞു. അവിടുത്തെ ബൊദ്ധ മൂപ്പന്റെ ഭാര്യ നഞ്ചമ്മ ഉറഞ്ഞുവന്ന് എന്നെ വട്ടംപിടിച്ച്​ പറഞ്ഞു; ‘ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തരണം, നിങ്ങൾക്കത് എടുത്തുതരാൻ പറ്റും, നിങ്ങളത് എടുത്തുതരണം.’
ആ വല്ല്യമ്മ ഉറഞ്ഞുതുള്ളി വന്നെന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാനാകെ അന്ധാളിച്ചു. മൂപ്പൻ വന്ന് എന്നോട് പറഞ്ഞു, ഭൂമി എടുത്തുകൊടുക്കുമെന്ന് പറ എന്ന്. ഞാൻ അങ്ങനെ പറഞ്ഞപ്പോൾ വല്ല്യമ്മയുടെ ഉറഞ്ഞുതുള്ളൽ പതിയെ നിന്നു.

അന്ന് വൈകുന്നേരം അവരുടെ ഊരിലേക്ക് ഞാനും കൃഷ്ണദാസും പോയി. ആളുകളെ വിളിച്ചുകൂട്ടി, അടുത്തമാസം ഒമ്പതിന് ഞാൻ തിരിച്ചുവരും, അന്ന് എല്ലാവരും ഇവിടെയുണ്ടാകണം എന്നു പറഞ്ഞു. പറഞ്ഞ തീയതിക്ക് ഞാനും ഗീതാനന്ദനും ലീലാവതിയും നാഗപാണ്ടിയും ഐസക്കും തൂവൈപ്പതി ഊരിലെത്തി. രംഗസ്വാമി നായ്ക്കർ കൈയ്യേറിയ 400 ഏക്കർ ആദിവാസിഭൂമിയിൽ കല്ലുനാട്ടി മുള്ളുകമ്പിവേലി കെട്ടിയിരിക്കുകയാണ്. അവിടെയുള്ളവരോട് ഇരുമ്പ് കട്ടർ കൊണ്ടുവരുവാൻ ഞങ്ങൾ പറഞ്ഞു. രാവിലെ ആറുമണിയാവുമ്പോഴേക്കും കല്ലൊക്കെ അടിച്ചുപൊട്ടിച്ച്, മുള്ളുകമ്പിവേലി മുറിച്ച് കഷ്ണങ്ങളാക്കി വരാൻ പറഞ്ഞു. പറഞ്ഞപോലെ കല്ലെല്ലാം അടിച്ചുപൊട്ടിച്ച് കമ്പിവേലി മുറിച്ച് കഷ്ണങ്ങളാക്കി അവർ തിരിച്ചെത്തി. അതുകഴിഞ്ഞ് അവരുടെ കുലദൈവത്തിനുമുന്നിൽ, മണ്ണുപൂജ നടത്താൻ അധികാരമുള്ള ഗോത്രമൂപ്പനായ ‘മണ്ണുകാരൻ', മണ്ണുപൂജ നടത്തി. രംഗസ്വാമി നായ്ക്കർ കൈയ്യേറിയ ഭൂമിയിലും പൂജ നടത്തി. മണ്ണുകാരൻ കുടത്തിൽ വെള്ളമെടുത്ത് ഉറഞ്ഞുതുള്ളിവന്ന് മണ്ണ് നനച്ചു. മാടിനെ കൊണ്ടുവന്ന് നിലം ഒരുക്കി. അവിടെ കരനെല്ല് വിതച്ചു. വൈകുന്നേരം മൂന്നാല് ഇടിവണ്ടിയിൽ പൊലീസ്​ വന്നു. കുറച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ ജയിലിലേക്ക് കൊണ്ടുപോയി. ഞാനും ഗീതാനന്ദനും, ഐസകും, കുറച്ചു പ്രവർത്തകരും ഒരു തോടു കടന്ന് തൊട്ടതിർത്തിയായ കേരള തൂവൈപ്പതി കോളനിയിലേക്ക് വന്നു. ഞങ്ങളെ കണ്ട് കോളനിക്കാർ പേടിച്ചു. അവരുടെ വീട്ടിൽ ഞങ്ങളെ ഒളിപ്പിച്ചാൽ അവരെ പൊലീസ്​ പിടിക്കുമെന്ന് അവർ ഭയന്നു. ആട്ടിൻകൂട്ടിലാണ്​ ഞങ്ങളെ കയറ്റിയത്​. ആട്ടിൻമൂത്രവും കൊതുകുകടിയും കൊണ്ട്, ആ രാത്രി പൊലീസ് കാണാതെ ഞങ്ങൾ ​നേരം വെളുപ്പിച്ചു. പിറ്റേന്ന് കോയമ്പത്തൂർ കലക്ടറെ കണ്ട് ആളുകളെ ജാമ്യത്തിലിറക്കി. ഭൂമിയുടെ കാര്യം സംസാരിച്ചപ്പോൾ ഇടപെടാൻ പറ്റില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

സി.ആർ. ബിജോയിയും ഞാനും ചെന്നൈയിൽ പോയി മുഖ്യമന്ത്രി ജയലളിതയെ കണ്ട് സംസാരിച്ചു. പട്ടികജാതി-പട്ടികവർഗ സെക്രട്ടറിയെ കാണാൻ പറഞ്ഞു. സെക്രട്ടറി ആയിരുന്ന ശിവകാമിയെ കണ്ട് ഞങ്ങൾ കാര്യങ്ങൾ ധരിപ്പിച്ചു. അവർ ഒരു അന്വേഷണ കമ്മിഷനെ വിട്ടു. കമീഷൻ അന്വേഷണം നടത്തി. ആദിവാസികളുടെ ഭൂമിയാണെന്ന് സെക്രട്ടറിക്ക് ബോധ്യപ്പെട്ടു. രംഗസ്വാമി നായ്ക്കരുടെ കൈവശമുള്ള 400 ഏക്കർ ഭൂമിയും ആദിവാസികൾക്ക് വിട്ടുകൊടുക്കാൻ ഉത്തരവായി. ഇന്ന് ആദിവാസികൾ വ്യാപകമായ രീതിയിൽ അവിടെ കൃഷിയിറക്കുന്നുണ്ട്. ▮

​​​​​​​(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments