കുടിൽ കെട്ടൽ സമരം, വിട്ടുവീഴ്​ചയില്ലാത്ത
ഒരു ആദിവാസി മുന്നേറ്റം

ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം മുഖ്യമന്ത്രി എ.കെ. ആന്റണി സമരപന്തലിൽ വന്ന് അറിയിച്ചശേഷമാണ് 48 ദിവസം നീണ്ട സമരം ഒക്ടോബർ 16ന്​ അവസാനിപ്പിച്ചത്.

അധ്യായം 21

1999- 2000 കാലഘട്ടത്തിൽ 36ഓളം ആദിവാസികൾ പട്ടിണിമൂലം മരിച്ചു. മരിച്ചവരിൽ കൂടുതലും വയനാട്ടിലായിരുന്നു. പുൽപ്പള്ളി മരക്കടവ് കോളനിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. പട്ടിണി മൂലമല്ല, മദ്യം കഴിച്ചും മലിനജലം കുടിച്ചുമാണ് ഇവർ മരിച്ചതെന്നുപറഞ്ഞ് സർക്കാർ ആ വിഷയം വഴിതിരിച്ചുവിട്ടു. എന്നാൽ പോഷകാഹാരക്കുറവ് മരണകാരണമായി കണ്ടെത്തി. യഥാർത്ഥത്തിൽ ഭരണാധികാരികളാണ് മരണത്തിന്റെ ഉത്തരവാദികൾ എന്നതിനെ മറച്ചുവെച്ചാണ്, സർക്കാർ ആദിവാസികളുടെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാൻ ശ്രമിച്ചത്.

ഈ ഘട്ടത്തിലാണ് ആദിവാസികളുടെ പട്ടിണിമരണം തടയണമെന്നും, അവർക്ക് കൃഷി ചെയ്യാൻ ഭൂമി നൽകണമെന്നും ആവശ്യപ്പെട്ട് ആദിവാസി ദലിത് സമരസമിതി 2001 ആഗസ്റ്റ് 29-ന് സെക്രട്ടേറിയറ്റിനുമുന്നിൽ കുടിൽ കെട്ടൽ സമരം തുടങ്ങിയത്​. തുടക്കത്തിൽ 30 പേർ വയനാട്ടിൽ നിന്നെത്തി. അവർ മൂന്ന് ജീപ്പിൽ ഷൊർണ്ണൂർ വരെ കടം പറഞ്ഞാണ്​ വന്നത്​. അവിടുന്ന് ഞാനും എം. ഗീതാനന്ദനും, പ്രവർത്തകരും കള്ളവണ്ടി കേറി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. ടിക്കറ്റ് ചോദിച്ചപ്പോൾ, ഞങ്ങളുടെ കൈയ്യിൽ ടിക്കറ്റില്ല. കുറച്ചുനേരം അവിടെ നിർത്തിയശേഷം ഞങ്ങളെ വിട്ടു. പിന്നെ എല്ലാ ജില്ലകളിൽ നിന്നും ആളുകളെത്തി. പനവല്ലി മിച്ചഭൂമിയിൽ സമരം നടത്തിയിരുന്നവരിൽ ഭൂരിഭാഗവും കുടിൽ കെട്ടൽ സമരത്തിലും പങ്കാളികളായി.

ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം മുഖ്യമന്ത്രി എ.കെ. ആന്റണി സമരപന്തലിൽ വന്ന് അറിയിച്ചശേഷമാണ് 48 ദിവസം നീണ്ട സമരം ഒക്ടോബർ 16ന്​ അവസാനിപ്പിച്ചത്.

സെക്രട്ടറിയേറ്റിനുചുറ്റും നൂറുകണക്കിന്​ കുടിലുകളുയർന്നു. മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിനുമുന്നിലും ഒരു കുടിൽ കെട്ടി സമരം നടത്തി. സമരത്തിലേക്ക് അരിയും സാധനങ്ങളും പിരിവ് നടത്തിയാണ്​ ശേഖരിച്ചത്​. സെക്രട്ടറിയേറ്റിനുമുന്നിൽ തന്നെ ഭക്ഷണമുണ്ടാക്കി കഴിച്ച് ഞങ്ങളവിടെ ഉറങ്ങി. അടുത്തുള്ള പ്രവർത്തകരുടെ വീട്ടിൽ പോയി പ്രാഥമിക കാര്യങ്ങൾ ചെയ്തു. ദേവി ലോഡ്ജിൽ മൂന്ന് മുറികളും എടുത്തു. അങ്ങനെ ഭൂസമരം ശക്തമായി.

ആദിവാസികളല്ലാത്തവരുടെയും, ദലിത് വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരുടെയും പിന്തുണ ഞങ്ങൾക്ക് ലഭിച്ചുതുടങ്ങി. സമരം തുടങ്ങിയ ഘട്ടത്തിൽ തന്നെ, ആദിവാസികളുടെ പട്ടിണിമരണം അവസാനിപ്പിക്കാൻ ആറുമാസം സൗജന്യ റേഷൻ കൊടുക്കാൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാർ തീരുമാനിച്ചു. പട്ടിണി മാറ്റാൻ ലോകത്തൊരിടത്തും സൗജന്യ റേഷൻ ഉപകരിച്ചിട്ടില്ല. ആറുമാസം കൊണ്ട് ആദിവാസികളുടെ ജീവിതം അവസാനിക്കുകയുമില്ല. ജീവിതം പിന്നെയും ബാക്കിയാണ്. അതുകൊണ്ട് ആദിവാസികൾക്ക് കൃഷി ചെയ്ത് ജീവിക്കാനുള്ള ഭൂമിയാണ് കൊടുക്കേണ്ടതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു.

സമരം നീണ്ടുപോയി. എനിക്കെതിരെ മാധ്യമങ്ങളിൽ ആരോപണങ്ങളുയർന്നു. ആദിവാസികളെ റോഡിൽ കിടത്തി, ഞാൻ പഞ്ചനക്ഷത്രഹോട്ടലിലാണ് താമസിക്കുന്നതെന്നും, ഹോട്ടലിൽ പോയി ചിക്കനും, മട്ടനും മാത്രമാണ് കഴിക്കുന്നതെന്നും വാർത്തയായി. ഞാൻ, സമരക്കാർക്കൊപ്പം സെക്രട്ടേറിയറ്റ് നടയിലെ കുടിലിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. എന്നെ കാണാൻ ഒരുപാട് സുഹൃത്തുക്കൾ വരുമായിരുന്നു. അവർ ചായ കുടിക്കാൻ വിളിക്കുമ്പോൾ അവരുടെ കൂടെ പോകും. അതെല്ലാം ഫോട്ടോ എടുത്ത് പത്രത്തിലിട്ട് വാർത്തയാക്കും. അതുകൊണ്ട് സുഹൃത്തുക്കളുടെ കൂടെ ചായ കുടിക്കാൻ പോകാൻ പോലും എനിക്ക് മടിയായിരുന്നു.

എന്നെ കാണാനില്ലെന്നുപറഞ്ഞ് സമരക്കാർ ബഹളം തുടർന്നു. അപ്പോൾ സ്റ്റേഷനിൽ നിന്ന്​ പൊലീസുകാർ എന്നെ സമരസ്ഥലത്ത്​ കൊണ്ടുവിട്ടു. ഗുണ്ടകളെ വിട്ട് സമരം തകർക്കാൻ സർക്കാർ ശ്രമിച്ചുവെങ്കിലും ആദിവാസികൾ ഒറ്റക്കെട്ടായി നിന്നു.

ഇതിനിടെ, കോട്ടയം ജില്ലയിലുള്ള കല്ലറ ബിജു വയനാട്ടിൽവന്ന് സമരത്തിന് ആളുകളെ സംഘടിപ്പിച്ചുവരുന്ന വഴി താമരശ്ശേരി ചുരത്തിൽ വെച്ച് അറ്റാക്ക് വന്ന് മരിച്ചു. സമരത്തിന് ഊർജവും ശക്തിയും പകർന്നുതന്ന ബിജുവിന്റെ മരണം സമരക്കാരെ അഗാധ ദുഃഖത്തിലാഴ്​ത്തി. ഞാനും ഗീതാനന്ദനും കോട്ടയത്ത്​ബിജുവിന്റെ വീട്ടിൽ പോയി. ശവമടക്ക് കഴിഞ്ഞ് വീണ്ടും സെക്രട്ടറിയേറ്റുനടയിലെത്തി. അന്ന് സെക്രട്ടറിയേറ്റിനുമുന്നിലൂടെയുള്ള സർക്കാറിന്റെ ഓണാഘോഷ പരിപാടി ഞങ്ങൾ തടഞ്ഞു. ആദിവാസികൾ പട്ടിണി കിടന്ന്​ മരിക്കുമ്പോൾ ഓണാഘോഷമെന്ന ധൂർത്ത് പാടില്ലെന്ന്​ ഞങ്ങൾ പറഞ്ഞു. സമരക്കാർ റോഡിലിറങ്ങി പരിപാടി തടയാൻ ശ്രമിച്ചപ്പോൾ, ഞങ്ങൾക്കുചുറ്റും പൊലീസ് നിരന്നു. അങ്ങോട്ടുമിങ്ങോട്ടും കടക്കാൻ പറ്റാത്ത അവസ്ഥയായി. അപ്പോൾ നമ്മുടെ ആളുകൾ അവിടെ നിന്ന് നൃത്തം വെക്കാൻ തുടങ്ങി. പൊലീസിന്റെ കാലിൽ ചവിട്ടുകൊണ്ടു. അവരപ്പോൾ അകന്നുനിന്നു. കിട്ടിയ ഗ്യാപ്പിലൂടെ കടന്ന്, ഓണാഘോഷ പരിപാടി വരുന്ന വഴിയ്ക്ക് ഞാൻ കുറുകെ കിടന്നു. വനിതാ പൊലീസ് എന്നെ പൊക്കിയെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി. നമ്മുടെ ആളുകളൊന്നും ഇത് കണ്ടില്ല. എന്നെ കാണായായപ്പോൾ ആളുകൾ ബഹളം വെച്ചു. വനിതാ പൊലീസ് സ്ത്രീകളെ ഉപദ്രവിച്ചു. പുറത്തിടിച്ച്, മുടി കുത്തിനുപിടിച്ച്, കുനിച്ചുനിർത്തി ഉപദ്രവിച്ചു. അവരും വനിതാ പൊലീസും പിടിവലിയായി. വനിതാ പൊലീസിന്റെ സാരി അഴിഞ്ഞുപോയി. 24 മണിക്കൂറിനുള്ളിൽ കേരളത്തിലെ മുഴുവൻ വനിതാ പൊലീസും പാന്റും, ഷർട്ടും അടിച്ച്​ ഇടണമെന്ന്​ സർക്കാർ ഉത്തരവായി. അങ്ങനെ വനിതാ പൊലീസിന്​ പാന്റും, ഷർട്ടും യൂണിഫോമാക്കാനുള്ള ഉത്തരവായത് ഈ ഒറ്റ സമരത്തിലൂടെയാണ്. പാന്റും, ഷർട്ടും യൂണിഫോമാക്കാൻ ചില വനിതാ പൊലീസുകാരുടെ നേതൃത്വത്തിൽ മുമ്പ് സമരം ചെയ്തുവെങ്കിലും അതിന് സർക്കാർ അംഗീകാരം നൽകിയിരുന്നില്ല.

എന്നെ കാണാനില്ലെന്നുപറഞ്ഞ് സമരക്കാർ ബഹളം തുടർന്നു. അപ്പോൾ സ്റ്റേഷനിൽ നിന്ന്​ പൊലീസുകാർ എന്നെ സമരസ്ഥലത്ത്​ കൊണ്ടുവിട്ടു. ഗുണ്ടകളെ വിട്ട് സമരം തകർക്കാൻ സർക്കാർ ശ്രമിച്ചുവെങ്കിലും ആദിവാസികൾ ഒറ്റക്കെട്ടായി നിന്നു. കേരളത്തിലെ എല്ലാ ഗോത്രവിഭാഗങ്ങളും ഒറ്റക്കെട്ടായിനിന്ന്​ ആദിവാസി ഗോത്രമഹാസഭ (എ.ജി.എം.എസ്) എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. സമരം ശക്തമായതോടെ ഒക്ടോബർ 16ന്​ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ ഞങ്ങളെ ചർച്ചക്കുവിളിച്ചു. ഗീതാനന്ദൻ, സണ്ണി എം. കപിക്കാട്, ആർ. പ്രസാദ്, സി.ആർ. ബിജോയ്, എം.കെ. നാരായണൻ എന്നിവരും ഞാനുമാണ്​ ചർച്ചയിൽ പങ്കെടുത്തത്. സർക്കാരിന്റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി, മന്ത്രിമാരായ കെ.എം. മാണി, കെ. ശങ്കരനാരായണൻ, കെ.ആർ. ഗൗരി, പി.കെ.കുഞ്ഞാലിക്കുട്ടി, ഡോ. എം.എ. കുട്ടപ്പൻ, സി.എഫ്. തോമസ്​ എന്നിവരും ഉദ്യോഗസ്​ഥരായ വി. കൃഷ്ണമൂർത്തി, ഗോപാലകൃഷ്ണപ്പിള്ള, പി.കെ. ശിവാനന്ദൻ, പാലാട്ട് മോഹൻദാസ്, വി.എസ്. സെന്തിൽ, സാജൻ പീറ്റർ, പി. കമാൽകുട്ടി, റാം കുമാർ, ഇ.കെ. ഭരത്​ ഭൂഷൻ, എൽ. നടരാജൻ, വി.എസ്. വർഗീസ്, എസ്. സുകുമാരൻ എന്നിവരുമാണ്​ ചർച്ചയിൽ പങ്കെടുത്തത്​.

എ.കെ. ആന്റണി

ചർച്ചക്കുശേഷം കരാർ തയ്യാറാക്കി. ഭൂരഹിത ആദിവാസികളെ പുനരധിവസിപ്പിക്കാൻ ലഭ്യമായ ഭൂമിയുടെ സാധ്യതാകണക്കും ഞങ്ങൾ മുന്നോട്ടുവച്ചു.

ആദിവാസി പ്രൊജക്​റ്റ്​ ഭൂമിയായ വയനാട് ജില്ലയിലെ സുഗന്ധഗിരി ഏലം പദ്ധതി- 4150 ഏക്കർ, പ്രിയദർശിനി ടി എസ്റ്റേറ്റ്-2804 ഏക്കർ, പൂക്കോട് ഡയറി ഫാം- 1540 ഏക്കർ, കോഴിക്കോട് ജില്ലയിലെ വട്ടച്ചിറ കൂട്ടുകൃഷി ഫാം-300 ഏക്കർ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി കോ- ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി-2600 ഏക്കർ, പത്തനംതിട്ടയിലെ നിലയ്ക്കൽ പ്ലാന്റേഷൻ- 4381 ഏക്കർ, വയനാട് ജില്ലയിൽ ചീങ്ങേരിയിലെ 526 ഏക്കർ, നിക്ഷിപ്ത വനഭൂമിയുടെ 50 ശതമാനം- 81,680 ഏക്കർ, മാവൂർ റയോൺസിനുവേണ്ടി പ്ലാന്റേഷൻസിന് നൽകിയ 70,000 ഏക്കർ, കണ്ണൂർ ആറളം ഫാമിന് നൽകിയ 7500 ഏക്കർ, ഉടൻ ക​ണ്ടെത്താൻ കഴിയുന്ന റവന്യൂ ഭൂമി- 59,022 ഏക്കർ, പ്ലാന്റേഷൻ കോർപ്പറേഷൻ, പ്ലാന്റേഷൻ റീഹാബിലിറ്റേഷൻ കോർപ്പറേഷൻ, ഫാമിംഗ് ഡെവലപ്‌മെൻറ്​ കോർപ്പറേഷൻ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈയ്യിലുള്ള 8,50,000 ഏക്കർ എന്നിവിടങ്ങളാണ്​ ഞങ്ങൾ നിർദേശിച്ചത്​. കൂടാതെ, വയനാട് ജില്ലയിലെ പാമ്പ്ര, കല്ലുമല, ചീയമ്പം, വനറാണി, മനലക്ഷ്മി എന്നിവിടങ്ങളിലെ ഭൂമിയും ഇടുക്കി ജില്ലയിലെ ദേവിക്കുളം, ഉടുമ്പൻ ചോല, പീരുമേട് താലൂക്കുകളിലായി വനംവകുപ്പിനെ താൽക്കാലികമായി ഏൽപ്പിച്ച 25,000 ഹെക്ടർ റവന്യൂ ഭൂമിയുടെ കണക്കും ഞങ്ങൾ നൽകി. വിവിധ പവർ പ്രൊജക്ടുകൾക്ക് വൈദ്യുതിബോർഡിന് നൽകിയ ഭൂമി, ടാറ്റയും ഹാരിസണും അടക്കമുള്ള കമ്പനികൾ അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമി, 1971-ലെ നിയമമനുസരിച്ച് കൊടുക്കാവുന്ന ഭൂമി തുടങ്ങിയ കണക്കും ഞങ്ങൾ മുന്നോട്ടുവെച്ചു.

എം. ഗീതാനന്ദൻ

ആദിവാസി സമരം ഒത്തുതീർക്കാൻ മുഖ്യമന്ത്രി 2001 ഒക്ടോബർ16ന്​ വിളിച്ചുകൂട്ടിയ യോഗത്തിലെ തീരുമാനങ്ങൾ ഇതായിരുന്നു: ഓരോ കുടുംബത്തിനും അഞ്ചേക്കറിൽ കുറയാത്ത ഭൂമി ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിച്ച് സുഗന്ധഗിരി, പൂക്കോട് തുടങ്ങിയ പ്രൊജക്ട് പ്രദേശങ്ങളിൽ അധിവസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് അഞ്ചേക്കർ ഭൂമി വീതം നൽകാൻ തീരുമാനിച്ചു. മറ്റു സ്ഥലങ്ങളിൽ ഭൂരഹിതരോ, ഒരേക്കറിൽ കുറഞ്ഞ ഭൂമിയോ ഉള്ള ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കറിൽ കുറയാതെയും, കൂടുതൽ കൃഷി ഭൂമി ലഭ്യമായ സ്ഥലങ്ങളിൽ അഞ്ചേക്കർ വരെയും ഭൂമി വിതരണം ചെയ്യും. ഭൂവിതരണം 2002 ജനുവരി ഒന്നിന് ആരംഭിക്കും, ഇപ്രകാരം നൽകുന്ന ഭൂമിയിൽ നിന്ന് ജീവിക്കുവാൻ ആവശ്യമായ വരുമാനമുണ്ടാക്കുവാൻ കാലതാമസമുണ്ടാകും എന്നതിനാൽ ആദിവാസി കുടുംബങ്ങൾക്ക് സ്ഥിരമായ വരുമാനം ഉണ്ടാക്കുന്നതിന് സഹായകമായ തൊഴിൽ സൗകര്യങ്ങളും, മറ്റു സംരംഭങ്ങളും അഞ്ചു വർഷത്തേക്ക് ഏർപ്പെടുത്തും. 1999-ലെ സംസ്ഥാന പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണം - അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കൽ നിയമം നടപ്പിലാക്കുന്നത്, നിലവിലെ കേസുകളിൽ സുപ്രീംകോടതിയുടെ അന്തിമവിധി അനുസരിച്ചായിരിക്കും. ആദിവാസികളുടെ കൈവശം ഇപ്പോഴുള്ള ഭൂപ്രദേശങ്ങളും, പുതിയതായി പതിച്ചുകൊടുക്കുന്ന ഭൂപ്രദേശങ്ങളും, ഷെഡ്യൂൾഡ് ഏരിയയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസികളുടെ ഭൂമിയും, സംസ്കാരവും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തും. ആദിവാസി വികസനത്തിന്​ സംസ്ഥാന ആസൂത്രണ ബോർഡ് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. മിഷൻ മാതൃകയിൽ സമയബന്ധിതമായി പത്താം പഞ്ചവത്സര പദ്ധതിയുടെ തുടക്കം മുതൽ നടപ്പിലാക്കും. ആദിവാസികളുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കും. വയനാട് ജില്ലയിലെ ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ ആധിക്യം പരിഗണിച്ച് അവർക്ക് നൽകുന്നതിനാവശ്യമായ ഭൂമി, പ്രത്യേകിച്ച്​ നിക്ഷിപ്ത വനഭൂമി, കേന്ദ്രസർക്കാറിന്റെ അനുമതിയോടെ കണ്ടെത്തി സമയ ബന്ധിതമായി വിതരണം ചെയ്യും. ആദിവാസി ഭൂമിയ്ക്ക് രേഖ കൊടുക്കുമ്പോൾ ഭാര്യയ്ക്കും, ഭർത്താവിനും തുല്യ അവകാശമുള്ള ജോയിൻറ്​ പട്ടയം നൽകും. ഇതായിരുന്നു 2001-ൽ കുടിൽ കെട്ടൽ സമരത്തിലുണ്ടാക്കിയ കരാർ.

രാവിലെ ആറിന്​ ഐസക്ക് എന്റെയടുത്തുവന്ന് പറഞ്ഞു, അനിൽ മരിച്ചുവെന്ന്. കഴുത്തിന്റെ സൈഡിലെ ഞരമ്പ് പൊട്ടിയാണ് അവൻ മരിച്ചത്. ഇത് കേട്ടപ്പോൾ വല്ലാത്തൊരു ഞെട്ടലായിരുന്നു എനിക്ക്.

ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം മുഖ്യമന്ത്രി എ.കെ. ആന്റണി സമരപന്തലിൽ വന്ന് അറിയിച്ചശേഷമാണ് 48 ദിവസം നീണ്ട സമരം ഒക്ടോബർ 16ന്​ അവസാനിപ്പിച്ചത്. സമരം അവസാനിച്ച് ആഹ്ലാദ പ്രകടനം നടത്തി കുടിലുകൾ നീക്കി. അന്നുതന്നെ കുറേപേർ നാട്ടിലേയ്ക്ക് പോയി. കുറച്ച് പ്രവർത്തകരും, ഗീതാനന്ദനും ദേവി ലോഡ്ജിൽ താമസിച്ചു. സമരം കഴിഞ്ഞ സന്തോഷത്തിൽ രാത്രി കുറച്ചുനേരം എല്ലാവരും സംസാരിച്ചിരുന്നു. ഭൂ വിതരണത്തെക്കുറിച്ച് ചർച്ച ചെയ്തു. അതിനുശേഷം ഞാൻ സുഹൃത്തായ രാജൻ റോബർട്ടിന്റെ വീട്ടിൽ പോയി. കോട്ടയം കല്ലറയിലെ അനിലും, കുറുപ്പന്തറയിലെ ഐസക്കും, മറ്റ് പ്രവർത്തകരും സംസാരിച്ചിരുന്ന് വെളുപ്പിന് മൂന്നുമണിക്കാണ് ഉറങ്ങിയത്.

രാവിലെ ആറിന്​ ഐസക്ക് എന്റെയടുത്തുവന്ന് പറഞ്ഞു, അനിൽ മരിച്ചുവെന്ന്. കഴുത്തിന്റെ സൈഡിലെ ഞരമ്പ് പൊട്ടിയാണ് അവൻ മരിച്ചത്. ഇത് കേട്ടപ്പോൾ വല്ലാത്തൊരു ഞെട്ടലായിരുന്നു എനിക്ക്. വെളുപ്പിന് മൂന്നുമണിവരെ ഇരുന്ന് സംസാരിച്ച ആളാണ്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ബോഡിയുമായി കല്ലറയിലെ അനിലിന്റെ വീട്ടിലേക്ക് ഞങ്ങൾ പോയി. കുടിൽ കെട്ടൽ സമരത്തിൽ സജീവ പ്രവർത്തകരായ ബിജുവിന്റെയും, അനിലിന്റെയും മരണം ഞങ്ങളിൽ മാനസികമായ വിഷമവും, ബുദ്ധിമുട്ടും ഉണ്ടാക്കി. ആദിവാസി ഭൂസമരത്തിൽ അവർ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. കുടിൽ കെട്ടൽ സമരത്തിന്റെ കരാറുണ്ടാക്കിയതിൽ നെടുനായകത്വം വഹിച്ചവരാണ് ബിജുവും, അനിലും. വീടുകളിൽ പോലും പോകാതെ ആളുകളെ സംഘടിപ്പിക്കുന്നതിലും, ഭക്ഷ്യസാധനങ്ങൾ ശേഖരിക്കുന്നതിലും, സാമ്പത്തികം കണ്ടെത്തുന്നതിലും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവരാണിവർ. ആദിവാസികൾക്ക് കിട്ടുന്ന ഭൂമിയിൽ ആത്​മാർഥമായ പങ്ക്​അവർക്കുണ്ട്. അവരുടെ വിയോഗം നികത്താനാവാത്ത നഷ്​ടമാണ് ഞങ്ങൾക്കുണ്ടാക്കിയത്​.

കുടിൽ കെട്ടൽ സമരത്തിന് പൗരസമൂഹത്തിന്റെ പൂർണപിന്തുണ ലഭിച്ചിരുന്നു. കേരളത്തിലെ എല്ലാ ആദിവാസികൾക്കും ഭൂമി കൊടുക്കണം എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments