ഗോത്രമഹാസഭ വന്നു,
​രാഷ്​ട്രീയപാർട്ടികൾ വിറച്ചു

ആദിവാസി പ്രശ്‌നങ്ങളിൽ ഗോത്രമഹാസഭ ശക്തമായി ഇടപെട്ടുതുടങ്ങിയപ്പോൾ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ ആദിവാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ആദിവാസികളെ ജാഥത്തൊഴിലാളികളും വോട്ടു കുത്തികളായും മാത്രം കണ്ടിരുന്ന രാഷ്ട്രീയപാർട്ടികൾ ജാതിസംഘടനയുണ്ടാക്കി അവരെ കൂടെ നിർത്തിയത്, ഗോത്രമഹാസഭയിലൂടെ ആദിവാസികൾ സംഘടിക്കുന്നത് ഭയന്നിട്ടാണ്.

അധ്യായം 22

കുടിൽകെട്ടൽ സമരം നടക്കുന്ന സമയത്ത്​, 2001 ഒക്ടോബർ മൂന്നിന്​ രൂപം നൽകിയ സംഘടനയാണ് ആദിവാസി ഗോത്രമഹാസഭ (എ.ജി.എം.എസ്). ചതുരാകൃതിയിൽ താഴെ ഭാഗത്ത് മണ്ണിന്റെ ബ്രൗൺ നിറവും മുകളിൽ പ്രകൃതിയെ കുറിക്കുന്ന പച്ചയും, ഇടതുവശത്തെ പകുതിയിൽ വെളുത്ത നിറത്തിൽ പച്ചയിൽ ആലേഖനം ചെയ്ത വൃക്ഷവും, വലതുവശത്തെ പകുതിയിൽ വെളുത്ത നിറത്തിൽ പച്ചയിൽ ആലേഖനം ചെയ്ത അമ്പും വില്ലും ആണ് ഗോത്രമഹാസഭയുടെ പതാക. വൃക്ഷം, മണ്ണിന്റെ നിറം, പച്ചനിറം ഇതെല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ടതും, വെള്ള നിറം കളങ്കമില്ലാത്ത, ശുദ്ധമായ എന്നർത്ഥത്തിലും, അമ്പും വില്ലും ഞങ്ങളുടെ പാരമ്പര്യവിശ്വാസ ആയുധവുമാണ്.

ഗോത്രമഹാസഭ രൂപീകരിച്ചതിനെതുടർന്ന്​ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ആദിവാസികൾ സമരത്തിനെത്തി. കുടിൽകെട്ടൽ സമരം കഴിഞ്ഞശേഷം തിരുനെല്ലി പഞ്ചായത്തിലെ മുഴുവൻ ആദിവാസികളെയും പങ്കെടുപ്പിച്ച് കാട്ടിക്കുളത്ത് ഗോത്രമഹാസഭ സമ്മേളനം സംഘടിപ്പിച്ചു. മേധാപട്കറായിരുന്നു ഉദ്ഘാടക. ഓരോ പ്രദേശത്തുനിന്നും ആളുകൾ നടന്നാണ് കാട്ടിക്കുളത്ത് എത്തിയത്. കാട്ടിക്കുളം ടൗണിൽ കാലുകുത്താനിടമില്ലാത്ത വിധം ആളുകൾ തിങ്ങിനിറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും​ഗോത്രമഹാസഭയിലേക്ക്​ ആദിവാസികളുടെ ഒഴുക്കായിരുന്നു. ആദിവാസികളുടെ സംഘടന എന്ന സ്വീകാര്യതയോടെ രാഷ്ട്രീയ പാർട്ടികളിൽ നിന്ന്​, രാഷ്ട്രീയം പോലും നോക്കാതെ ആദിവാസികൾ സംഘടനയിലേക്കുവന്നു. ആയിരക്കണക്കിനാളുകൾ ഗോത്രമഹാസഭയുടെ പരിപാടികളിൽ സഹകരിക്കുകയും അതിനെ ഏറ്റെടുക്കുകയും ചെയ്തു. ഓരോ പരിപാടികളിലും അതാതു ജില്ലകളിലെ ആദിവാസികൾ തന്നെ അവരവുടെ ചെലവ്​ വഹിച്ചു.

മുമ്പ് ആദിവാസികളോട് ആരെങ്കിലും ‘ജാതിയേതാണ്​’ എന്നു ചോദിച്ചാൽ പലരും ‘തീയ്യനാണ്, നായരാണ്, നമ്പ്യാരാണ്’ എന്നൊക്കെ നുണ പറയും. ഞാനൊരു ആദിവാസിയാണ് എന്ന് ആത്മാഭിമാനത്തോടെ പറഞ്ഞുതുടങ്ങിയത്​ഗോത്രമഹാസഭയുടെ വരവോടെയാണ്​.

ആദിവാസികൾക്കിടയിൽ രാഷ്ട്രീയ തിരിച്ചറിവുണ്ടാക്കിയത് ഗോത്രമഹാസഭയാണ്. അതുവരെ അന്ധമായി ഒരു രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിച്ച്, രാഷ്ട്രീയ അടിമയായി നിലകൊണ്ടവരായിരുന്നു അവർ. രാഷ്ട്രീയ പാർട്ടികളെല്ലാം ആദിവാസികളെ ഉപയോഗിക്കുയായിരുന്നു. നമ്മുടെ കാര്യങ്ങൾ നടത്താൻ നമ്മളേയുള്ളൂ എന്ന വലിയ തിരിച്ചറിവ് ആദിവാസികൾക്കിടയിലുണ്ടായി. ആദിവാസികൾക്കിടയിൽ ജാതിചിന്ത കൂടുതലായിരുന്നു. ഒരു ജാതിയിൽ പെട്ടവർ മറ്റൊരു ജാതിയിൽ പെട്ടയാളുടെ വീട്ടിൽ പോകരുത്, അവരുടെ അടുത്തുനിന്ന്​ഒന്നും കഴിക്കരുത്, തൊടാൻ പാടില്ല തുടങ്ങിയ അയിത്ത ചിന്താഗതികളുണ്ടായിരുന്നു. എന്നാൽ, ഗോത്രമഹാസഭയിലേക്കു വന്നപ്പോൾ ‘നമ്മളെല്ലാം ഒന്നാണ്’ എന്ന ചിന്ത വന്നു. ഞാനൊരു ആദിവാസിയാണ്, കുറിച്യനാണ്, പണിയനാണ്, അടിയനാണ്, തേൻകുറുമനാണ്, കാണിക്കാരനാണ്, മലയരയനാണ് എന്ന് ആത്മാഭിമാനത്തോടെ പറഞ്ഞുതുടങ്ങിയതും ഗോത്രമഹാസഭയുടെ വരവോടെയാണ്​.

മുമ്പ് ആദിവാസികളോട് ആരെങ്കിലും ‘ജാതിയേതാണ്​’ എന്നു ചോദിച്ചാൽ പലരും ‘തീയ്യനാണ്, നായരാണ്, നമ്പ്യാരാണ്’ എന്നൊക്കെ നുണ പറയും. ആദിവാസിയാണെന്ന് പറയാൻ നാണക്കേടായിരുന്നു. പലരും ജാതിസർട്ടിഫിക്കറ്റ് ഉണ്ടാക്കിയതുപോലും തീയ്യർ, നായർ, നമ്പ്യാർ തുടങ്ങിയ ജാതിപ്പേരുകളിലായിരുന്നു. അവസാനം, ഗോത്രമഹാസഭ ഇടപെട്ട് സർട്ടിഫിക്കറ്റ് തിരുത്തി കൊടുക്കേണ്ട സംഭവങ്ങൾവരെയുണ്ടായി. ഓരോ ജില്ലയിലും ഗോത്രമഹാസഭയുടെ പരിപാടികളിൽ പങ്കെടുക്കുമ്പോൾ, പരസ്യമായി ആദിവാസിയാണെന്ന് പറയാൻ മടിയുള്ള ചില ഉദ്യോഗസ്​ഥർ സ്വകാര്യമായി എന്നോട് പറഞ്ഞിട്ടുണ്ട്, താൻ ഇന്ന സമുദായത്തിൽ പെട്ട ആദിവാസിയാണെന്ന്. ആദിവാസി പാരമ്പര്യവേഷത്തിൽ ടൗണുകളിൽ വരുന്നയാളുകളെ കാണുമ്പോൾ, പാരമ്പര്യവേഷവും, ഭാഷയും ഉപയോഗിക്കാത്തവർ അവിടെ നിന്ന് മാറിയൊളിക്കും. കാരണം, അവരോട് മിണ്ടിയാൽ തങ്ങളും ആദിവാസിയാണെന്ന് തിരിച്ചറിയുമെന്ന ഭയം. ഇത്തരം മനോഭാവമെല്ലാം മാറ്റിയത് ഗോത്രമഹാസഭയാണ്.

ആദിവാസികൾ ഒന്നിനും കൊള്ളാത്തവരാണ്​, വൃത്തിയും വിദ്യാഭ്യാസവും വിവരവുമില്ലാത്തവരാണ്​ എന്നെല്ലാം മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽനിന്ന്​ ആദിവാസികൾ ഇവിടുത്തെ മൊത്തം സമ്പത്തിന്റെ ഉടമയാണ്, പ്രകൃതിയുടെ ഭാഗമാണ്, പ്രകൃതിയെ നിലനിർത്തുന്നതിൽ അവരുടെ അറിവും പങ്കും വലുതും വിലപ്പെട്ടതുമാണ്, വികസന കാര്യങ്ങളിലെല്ലാം മുഖ്യ പങ്കുവഹിക്കേണ്ടവരാണ് എന്നെല്ലാമുള്ള സന്ദേശം ഗോത്രമഹാസഭയിലൂടെ ആദിവാസികളിലെത്തിക്കാനായി. ആദിവാസി വിഷയങ്ങൾ കേരളത്തിൽ ചർച്ചയാവുന്നതും ഗോത്രമഹാസഭയുടെ രൂപീകരണത്തിലൂടെയും അതിന്റെ നേതൃത്വത്തിൽ നടന്ന ഭൂസമരങ്ങളിലൂടെയുമാണ്. ആദിവാസികളെ മറ്റുള്ളവർ മനുഷ്യരായി പരിഗണിച്ചുതുടങ്ങിയതുപോലും ഇതോടുകൂടിയാണെന്നുപറയാം.

ആദിവാസികളെ ജാഥത്തൊഴിലാളികളും പോസ്റ്ററൊട്ടിക്കുന്നവരും വോട്ടു കുത്തികളായും മാത്രം കണ്ടിരുന്ന രാഷ്ട്രീയപാർട്ടികൾ ജാതിസംഘടനയുണ്ടാക്കി കൂടെ നിർത്തിയത്, ഗോത്രമഹാസഭയിലൂടെ ആദിവാസികൾ സംഘടിക്കുന്നത് ഭയന്നിട്ടാണ്.

ആദിവാസി പ്രശ്‌നത്തിൽ ഞങ്ങൾ ശക്തമായി ഇടപെട്ടുതുടങ്ങിയപ്പോൾ കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ ആദിവാസികളുടെ എണ്ണം ഗണ്യമായ തോതിൽ കുറഞ്ഞു. ആദിവാസികളെല്ലാം സംഘടനയിലേക്ക് അണിചേരാനെത്തിയപ്പോൾ അതിനെ തടയുന്നതിന്​ സി.പി.എം ‘ആദിവാസി ക്ഷേമസമിതി’ (എ.കെ.എസ്​) എന്ന സംഘടനയുണ്ടാക്കി. സി.പി.ഐ ‘ആദിവാസി മഹാസഭ' എന്ന സംഘടനയും, യു.ഡി.എഫ് ‘ആദിവാസി കോൺഗ്രസ്​' എന്ന സംഘടനയുമുണ്ടാക്കി. സമുദായ സംഘടനയുണ്ടാക്കി പാർട്ടിക്കൊപ്പം നിർത്തി വീണ്ടും ആദിവാസികളെ ചതിക്കുന്ന പണിയാണ് രാഷ്ട്രീയക്കാർ ചെയ്തത്. എങ്കിലും, ഗോത്രമഹാസഭയുടെ വിജയമായിട്ടാണ് ഞങ്ങളിതിനെ കണ്ടത്. അതുവരെ ആദിവാസികളെ ജാഥത്തൊഴിലാളികളും പോസ്റ്ററൊട്ടിക്കുന്നവരും വോട്ടു കുത്തികളായും മാത്രം കണ്ടിരുന്ന രാഷ്ട്രീയപാർട്ടികൾ ജാതിസംഘടനയുണ്ടാക്കി കൂടെ നിർത്തിയത്, ഗോത്രമഹാസഭയിലൂടെ ആദിവാസികൾ സംഘടിക്കുന്നത് ഭയന്നിട്ടാണ്. രാഷ്ട്രീയ പാർട്ടികളെ കൊണ്ട് നിലപാടെടുപ്പിക്കാൻ ഞങ്ങൾക്കു സാധിച്ചു. മുമ്പത്തെ പോലെ ഇവരെ അവഗണിക്കാൻ പറ്റില്ല, ചൂഷണത്തിലൂടെയെങ്കിലും പരിഗണിക്കണമെന്ന തീരുമാനം അവർക്ക് എടുക്കേണ്ടിവന്നു.

ബ്രിട്ടീഷ് തോട്ടമുടമകളുടെ കടന്നുകയറ്റം, വനംവകുപ്പിന്റെ വനഭൂമി ഏറ്റെടുക്കൽ, കുടിയേറ്റം തുടങ്ങിയ കാരണങ്ങളാൽ ഭൂമി നഷ്ടപ്പെട്ടവരാണ് കേരളത്തിലെ ആദിവാസികൾ. ആദിവാസികളുടെ കൈയ്യിൽ ഒരുപാട് ഭൂമിയുണ്ടായിരുന്നു. പാരമ്പര്യമായി അവർ കൃഷിയും ചെയ്തിരുന്നു. ആ വിഭവങ്ങളെടുത്ത് അവർ ഉപജീവനം കണ്ടെത്തി. ആദിവാസിഭൂമിയിൽ വ്യാപക കൈയ്യേറ്റം നടന്നപ്പോൾ ആദിവാസികളെല്ലാം ഭൂരഹിതരായി. പാരമ്പര്യമായി ആദിവാസികൾ താമസിച്ചിരുന്ന ഭൂമിക്ക് പട്ടയമില്ലായിരുന്നു. മാറിമാറി ഭരിച്ച സർക്കാറുകൾ ആദിവാസിഭൂമിക്ക് പട്ടയം കൊടുക്കാൻ നടപടി സ്വീകരിച്ചില്ല. എന്നാൽ കുടിയേറ്റക്കാർ കൈയ്യേറിയ എല്ലാ ഭൂമിക്കും പട്ടയം കൊടുത്തു. കുടിയേറ്റക്കാർ കൈയ്യേറിയെടുത്തതെല്ലാം ആദിവാസികളുടെ പാരമ്പര്യഭൂമിയായിരുന്നു. കൈയ്യേറ്റം എതിർത്തവരോട് കൈയ്യേറ്റക്കാർ ചോദിച്ചത് പട്ടയമോ, രേഖയോ ഉണ്ടോ എന്നാണ്. പക്ഷേ നമ്മുടെ ആളുകളുടെ കൈയ്യിൽ ഒരു രേഖയും ഇല്ലായിരുന്നു.

ആദിവാസിഭൂമിക്ക് പട്ടയം കൊടുക്കാത്തതിന്റെ കാരണമായി സർക്കാർ പറയുന്നത്, വിദ്യാഭ്യാസവും വിവരവുമില്ലാത്തവരായതുകൊണ്ട് പട്ടയം കൊടുത്താൽ ഭൂമി വിറ്റുകളയുമെന്നാണ്. ആദിവാസിഭൂമി അന്യാധീനപ്പെടുന്നതിന്റെ പ്രധാന ഉത്തരവാദി സർക്കാർ തന്നെയാണ്. ആദിവാസികൾക്ക് പട്ടയം കൊടുത്തിരുന്നെങ്കിൽ ഇത്രയധികം ഭൂമി അന്യാധീനപ്പെടില്ലായിരുന്നു. ഭൂരഹിതരായ ആദിവാസികൾക്ക് കൊടുക്കാൻ ഭൂമിയില്ലെന്നുപറഞ്ഞ് അഞ്ചും പത്തും സെൻറ്​ കൊടുത്ത് അവരെ കോളനികളിൽ ഒതുക്കുകയാണ് പിന്നീട്​ ചെയ്തത്​. അന്നുമുതലാണ് പട്ടിണിമരണവും, ആരോഗ്യപ്രശ്‌നങ്ങളും ആദിവാസികൾക്കിടയിൽ നിരന്തരമുണ്ടായത്. ‘എത്ര ആനുകൂല്യം കൊടുത്താലും ആദിവാസികൾ നന്നാവില്ല’ എന്നാണ്​ പൊതുസമൂഹത്തിന്റെ കാഴ്​ചപ്പാട്​, ആദിവാസികൾ അലസരും, മടിയരും, ഒരിക്കലും നന്നാവാത്തവരുമാണ്​ എന്നാണ്​ പൊതുധാരണ.

ആദിവാസികൾക്ക്​ ആടിനെയും പശുവിനെയും കൊടുക്കുന്നു, തെങ്ങിൻ തൈയും കുരുമുളകു തൈയും കശുമാവിൻ തൈയും കൊടുക്കുന്നു, ഇതെല്ലാം അവർ എന്തുചെയ്യും? നീണ്ടുനിവർന്ന് കിടന്നുറങ്ങാൻ സ്ഥലമില്ലാത്തവർ തൈകൾ എവിടെ നടും, പശുവിനെ എവിടെ കെട്ടും? ആനുകൂല്യം നൽകുന്നവർ ഇതൊന്നും ആലോചിക്കുന്നില്ല. തൈകൾ നടാനും, മൃഗങ്ങളെ പരിപാലിക്കാനും ഭൂമിയില്ല. അപ്പോൾ കുറഞ്ഞ വിലക്ക് ആവശ്യക്കാർ ഇതെല്ലാം തട്ടിയെടുക്കും. തലതിരിഞ്ഞ വികസന പരിപാടിയുടെ ഇരകളാണ് ആദിവാസികൾ. വിശന്നിട്ട് തലവേദന വരുമ്പോൾ നാം രോഗത്തെ ചികിത്സിക്കുകയാണ് ചെയ്യുന്നത്, ഭക്ഷണം കൊടുക്കുന്നില്ല. പകരം തലവേദനയുടെ ഗുളികയാണ് കൊടുക്കുന്നത്. അത് പ്രശ്‌നം പരിഹരിക്കാൻ സഹായിക്കില്ല.

ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ഭൂസമരം ശക്തമായതോടെ, രാഷ്ട്രീയ പാർട്ടിക്കാർ അണികളായ ആദിവാസികളെ വെച്ച് ഓരോ സ്ഥലത്തും ഭൂമിയിൽ കുടിൽകെട്ടൽ സമരം നടത്തി. ഇതിലൂടെ ആദിവാസികളെ കബളിപ്പിക്കുന്നതിന്റെ ഒരു പടി കൂടി അവർ പിന്നിട്ടു.

ഭൂമിയാണ് ആദിവാസികളുടെ അടിസ്ഥാന ആവശ്യം. ഭൂമിയില്ലാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. ഭൂമിയും, കൃഷിയും ഉണ്ടെങ്കിൽ തന്നെ ആദിവാസികളുടെ ജീവിതനിലവാരത്തിന് മാറ്റമുണ്ടാകും. ഈ അനുഭവങ്ങളിൽ നിന്നാണ് ‘ആദിവാസികൾക്ക്​ ഭൂമി’ എന്ന മുദ്രാവാക്യം ഗോത്രമഹാസഭ ഉയർത്തിയത്​. ഭൂമിയെന്ന അടിസ്ഥാന ആവശ്യത്തിനായി ഞങ്ങൾ സമരം നടത്തുമ്പോൾ പലരും പറയുന്നത്, ‘ഗോത്രമഹാസഭ ആദിവാസികളെ വിറ്റ് കാശുണ്ടാക്കുന്നു’ എന്നാണ്. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ; ഗോത്രമഹാസഭ 2001-ലാണ് രൂപീകരിച്ചത്. അതിനുമുമ്പ് യു.ഡി.എഫിലും, സി.പി.എമ്മിലും, ബി.ജെ.പി.യിലും ആയിരുന്നല്ലോ മൊത്തം ആദിവാസികൾ. എന്നിട്ട്, അവരുടെ ജീവിതത്തിന് എന്തുമാറ്റമുണ്ടാക്കാനായി? നിന്നു തിരിയാനിടമില്ലാത്തവിധം കോളനികളിൽ ഒതുക്കുകയായിരുന്നില്ലേ ചെയ്തത്. പട്ടണത്തിലെ ചേരികളേക്കാൾ കഷ്ടമായിരുന്നില്ലേ ആദിവാസികളുടെ ജീവിതം. കാര്യങ്ങൾ കൃത്യമായി ചെയ്തിരുന്നുവെങ്കിൽ സെക്രട്ടറിയേറ്റിനുമുന്നിൽ അവകാശങ്ങൾക്കുവേണ്ടി മാസങ്ങളോളം സമരം നടത്തേണ്ട ഗതികേട് ഞങ്ങൾക്കുണ്ടാവില്ലായിരുന്നു.

ഗോ​ത്രമഹാസഭ ഉന്നയിച്ച ഭൂമി എന്ന മുദ്രാവാക്യം പിന്നീട് രാഷ്ട്രീയപാർട്ടികൾ ഏറ്റെടുത്തു. ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ഭൂസമരം ശക്തമായതോടെ, രാഷ്ട്രീയ പാർട്ടിക്കാർ അണികളായ ആദിവാസികളെ വെച്ച് ഓരോ സ്ഥലത്തും ഭൂമിയിൽ കുടിൽകെട്ടൽ സമരം നടത്തി. ഇതിലൂടെ ആദിവാസികളെ കബളിപ്പിക്കുന്നതിന്റെ ഒരു പടി കൂടി അവർ പിന്നിട്ടു. മുമ്പ്, ഭൂമിയിൽ കയറി, കുടിൽവച്ച് ഭൂസമരം നടത്തിയ ചരിത്രം ഒരു രാഷ്ട്രീയ പാർട്ടിക്കുമില്ല.

2003-ൽ ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ ഭൂസമരം നടന്നപ്പോൾ ആദിവാസി ക്ഷേമസമിതി വയനാട് ജില്ലയിലെ ഇരുളത്ത് ആദിവാസികളെ ഭൂമിയിൽ കയറ്റി കുടിൽ വെപ്പിച്ചു. അധികാരത്തിൽ കേറിയാൽ ഈ ഭൂമി ആദിവാസികൾക്ക് പതിച്ചുനൽകുമെന്നാണ് അവർ പറഞ്ഞത്. പക്ഷേ അതിനുശേഷം പല തവണ അധികാരത്തിൽ കേറുകയും, ഇറങ്ങുകയും ചെയ്തിട്ട്, ഈ പ്രശ്‌നം പരിഹരിക്കാൻ അവർക്കിന്നും കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഭൂമി പതിച്ചുകിട്ടാതെ പ്ലാസ്റ്റിക് കുടിലിനുള്ളിൽ അഭയാർത്ഥികളെ പോലെ ആദിവാസികൾ കഴിയുന്നു. ഭൂമി കണ്ടെത്തി ആദിവാസികൾക്ക് വിതരണം നടത്തേണ്ട രാഷ്ട്രീയപാർട്ടികൾ കുടിൽകെട്ടി സമരം നടത്തി സ്വയം അപഹാസ്യരാവുകയാണ്. സ്വന്തം പാർട്ടിയിൽ നിൽക്കുന്ന ആദിവാസികളുടെയങ്കിലും നരകജീവിതത്തിന് മാറ്റം വരുത്താൻ ഈ കാലമത്രയും രാഷ്ട്രീയപാർട്ടികൾക്കു കഴിഞ്ഞിട്ടില്ല. സ്വന്തം ദുരിതജീവിത്തിന്​പരിഹാരം കാണാൻ കഴിയാത്ത രാഷ്ട്രീയ പാർട്ടികളുടെ ജാഥയ്ക്ക് നീളം കൂട്ടാനും, പോസ്റ്ററൊട്ടിക്കാനും, മുദ്രാവാക്യം വിളിക്കാനും, അവർക്ക്​ വോട്ട് ചെയ്യാനും വേണ്ടി എന്തിനാണ് ഈ നൂറ്റാണ്ടിലും ആദിവാസികൾ നിന്നുകൊടുക്കുന്നത്?.

ഡോ. ബി.ആർ. അംബേദ്ക്കർ ഞങ്ങൾക്കുവേണ്ടി എഴുതിച്ചേർത്ത അവകാശത്തെ രാഷ്ട്രീയക്കാർ അവരുടെ ഔദാര്യമാക്കി മാറ്റി, ആദിവാസികളെ ആശ്രിതരും അഭയാർത്ഥികളും ആക്കി മാറ്റുകയാണ് ചെയ്യുന്നത്. കേരളത്തിലെവിടെയെല്ലാം ഞങ്ങൾ ഭൂമിയിൽ കയറി കുടിൽകെട്ടൽ സമരം നടത്തിയാലും അവിടെയെല്ലാം രാഷ്ട്രീയപാർട്ടികളുടെ പോഷകസംഘടനക്കൊപ്പം നിൽക്കുന്ന ആദിവാസികളെയും ഭൂമിയിൽ കയറ്റി കുടിൽ വെപ്പിക്കും. ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഭൂസമരങ്ങളെ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സമരമായി മാറ്റാനാണ് രാഷ്ട്രീയപാർട്ടികൾ ശ്രമിച്ചിരുന്നത്.

2001ലെ കുടിൽകെട്ടൽ സമര കരാറനുസരിച്ച് ഇടുക്കിയിലെ ആദിവാസികൾക്ക് കൈവശരേഖ കൊടുത്തുവെങ്കിലും ഭൂമി കാണിച്ചുകൊടുത്തിരുന്നില്ല. എത്രയും പെട്ടെന്ന് ഈ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ ഞങ്ങൾ കലക്​ടർക്ക്​നിവേദനം നൽകി. ഉടൻ പ്രശ്‌നപരിഹാരം കാണാൻ കഴിയില്ലെന്ന്​ കലക്ടർ പറഞ്ഞു. അപ്പോൾ, നിവേദനം ഞങ്ങൾ കലക്​ടറേറ്റിനുമുന്നിൽ വെച്ച് കത്തിച്ചു. പൊലീസ് ഞങ്ങളെ അറസ്റ്റുചെയ്തു. കുറച്ചുകഴിഞ്ഞ് വിട്ടയച്ചു.

ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുമ്പോൾ പട്ടയമല്ല കൊടുക്കുന്നത്, കൈവശാവകാശരേഖയാണ്. അത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കരമടച്ച രശീതി ഇല്ലാത്തതുകൊണ്ട് ആദിവാസികൾക്ക്​ കാർഷിക സബ്‌സിഡി കിട്ടില്ല.

ആദിവാസികൾക്ക് കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമി കൊടുത്തുതുടങ്ങിയത് ഗോത്രമഹാസഭയുടെ ഭൂസമര കരാറിലൂടെയാണ്. ഏറ്റവും കൂടുതൽ ഭൂവിതരണം നടന്ന സ്​ഥലങ്ങൾ ഇവയാണ്​:

ഒരേക്കർ മുതൽ അഞ്ചേക്കർ വരെയാണ് ഭൂമി കൊടുത്തത്​. 15 സെൻറ്​ വരെയുള്ളവർ ഭൂരഹിതരിൽ പെടും. 95 സെൻറ്​ വരെ ഭൂമിയുള്ളവർക്ക് അഞ്ചു സെന്റും കൂടി ചേർത്ത് ഒരേക്കറായി കൊടുക്കാൻ സർക്കാരിനെ കൊണ്ട് ഞങ്ങൾ ഉത്തരവിടീച്ചു. അഞ്ചു സെൻറ്​ ഭൂമി പോലും ആദിവാസികൾക്ക് കൊടുക്കാതിരുന്ന അവസ്​ഥയിൽനിന്ന്​, ഗോത്രമഹാസഭയുടെ സമരത്തിലൂടെ അഞ്ചേക്കർ ഭൂമി വരെ സർക്കാരിനെ കൊണ്ട് കൊടുപ്പിക്കാൻ സാധിച്ചു. ഭൂമി കിട്ടിയപ്പോൾ അതിന്റേതായ മാറ്റം ആദിവാസികളിലുണ്ടായി. ഭൂമി കൊടുത്തതുപോലെ വീട്​, കുടിവെള്ളം, റോഡ്, വൈദ്യുതി, തൊഴിൽ, സ്കൂൾ തുടങ്ങിയവ ഉൾപ്പെട്ട പുനരധിവാസ പാക്കേജുകൾ കൃത്യമായി നടപ്പിലാക്കിയാൽ തന്നെ ആദിവാസികളുടെ ജീവിതപ്രശ്​നങ്ങൾക്ക്​ ശാശ്വത പരിഹാരമാകും. പാറക്കെട്ട്​, ചോല തുടങ്ങി പരിസ്ഥിതി ദുർബല മേഖലകളിൽ ആദിവാസി പുനഃരധിവാസം പാടില്ലെന്ന് ആദിവാസി പുനരധിവാസ വികസന മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും പലർക്കും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളാണ് കൊടുത്തത്. അതിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നവരുമുണ്ട്.

ആദിവാസി ഭൂസമരങ്ങളിൽ ഗീതാനന്ദൻ ഭീകരമർദ്ദനങ്ങൾക്കിരയായിട്ടുണ്ട്. അദ്ദേഹത്തിന്റെയും കൂടി ത്യാഗത്തിന്റെയും പ്രവർത്തനത്തിന്റെയും ഭാഗമായിട്ടാണ് കേരളത്തിൽ ഇത്രയും ആദിവാസികൾക്ക് ഭൂമി ലഭിച്ചത്.

ഗോത്രമഹാസഭയുടെ ഭൂസമരങ്ങളിൽ എല്ലാ വിഭാഗം ആദിവാസികളും പങ്കെടുക്കാറുണ്ട്. കുറിച്യർക്കും, മുള്ളകുറുമർക്കും കൂടുതൽ ഭൂമിയുള്ളതായി പറയുന്നുണ്ട്. അവർ കൂട്ടുകുടുംബത്തിൽ ജീവിക്കുന്നതുകൊണ്ടാണ്, അവർക്ക് ഭൂമിയുള്ളതായി തോന്നാൻ കാരണം. ഒരിക്കൽ ഒരു കുറിച്യതറവാട്ടിൽ ഞാൻ പോയിരുന്നു. അവരുടെ ഭൂമിയെല്ലാം അവിടുത്തെ തറവാട് കാർന്നോന്മാരുടെ പേരിലാണ്. ആ തറവാട്ടിൽ എത്രയോ കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നുണ്ടായിരുന്നു. പക്ഷേ അവർക്കൊന്നും സ്വന്തമായി ഭൂമിയില്ല. കാർന്നോന്മാരുടെ പേരിലുള്ള തറവാട്ടുഭൂമി വീതിച്ചെടുത്താൽ ഒരു കുടുംബത്തിന് ഒരു കാപ്പിച്ചെടിയേ കിട്ടൂ.

ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുമ്പോൾ പട്ടയമല്ല കൊടുക്കുന്നത്, കൈവശാവകാശരേഖയാണ്. അത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കരമടച്ച രശീതി ഇല്ലാത്തതുകൊണ്ട് ആദിവാസികൾക്ക്​ കാർഷിക സബ്‌സിഡി കിട്ടില്ല. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചാലും ഒന്നും കിട്ടില്ല, കാരണം കരമടച്ച രസീതിയില്ല. ബാങ്ക് വായ്​പയെടുക്കാനും കഴിയില്ല. കൈവശാവകാശരേഖ നൽകി, രണ്ടാംതരം പൗരന്മാരാക്കി, അവകാശങ്ങളിൽ നിന്നകറ്റിനിർത്തുകയാണ് ചെയ്യുന്നത്. ആദിവാസികൾക്ക് ഒറിജനൽ പട്ടയമാണ് കൊടുക്കേണ്ടത്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാം, അഗസ്ത്യാർകൂടം എന്നിവിടങ്ങളിൽ കാണിക്കാർ സുമുദായത്തിലുള്ള ആദിവാസികളായിരുന്നു താമസം. ഈ പ്രദേശം മുഴുവൻ ആദിവാസികളുടേതാണെന്നുപറഞ്ഞ് അന്നത്തെ അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ രാജാവ് അവർക്ക് ചെമ്പ് പട്ടയം നൽകിയിരുന്നു. ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നശേഷം ആദിവാസികൾക്ക് കൊടുത്ത ഈ പ്രദേശത്ത് മുഴുവൻ കൈയ്യേറ്റം നടന്നു. ഈ ഭൂമി കൈയ്യേറിയവർക്ക് സർക്കാർ പട്ടയം നൽകി. ബാക്കി സ്ഥലത്ത് ഡാം നിർമിച്ച് അവിടുത്തെ ആദിവാസികളെ പൂർണമായും ഭൂരഹിതരാക്കി. അങ്ങനെ അവർ കോളനികളിലും റോഡ്, തോട്, പുറമ്പോക്കുകളിലേക്കും തള്ളപ്പെട്ടു.

ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ഇപ്പോഴും ഭൂസമരം നടക്കുന്നുണ്ട്. 2012 മെയ് 31നാണ് വയനാട് ജില്ലയിലെ കാട്ടിക്കുളത്തിനുടത്തുള്ള പുളിമൂട് മിച്ചഭൂമിയിൽ കയറിയത്. ഭൂമി കണ്ടതിനുശേഷം കോളനികളിൽ മീറ്റിംഗ് കൂടി. അതിനുശേഷം 48 ഏക്കർ മിച്ചഭൂമിയിൽ കുടിൽ വെച്ചു. രണ്ട് ജീപ്പിലായി കാരമാട്ട്, ചക്കിനി കോളനികളിലെ പത്തുപേരാണ് ആദ്യം പുളിമൂട്ടിലെത്തിയത്. മൂന്നുദിവസം ഇവർ തന്നെ കാടുവീശി, പിന്നെ തൊട്ടടുത്ത പുളിമൂട് കോളനിക്കാരും, പരിസരത്തുള്ള കോളനിക്കാരും എത്താൻ തുടങ്ങി. അങ്ങനെ 52 കുടുംബങ്ങൾ പുളിമൂട് മിച്ചഭൂമിയിൽ കാടുവീശി കുടിലുകെട്ടി. ഭൂമി സംരക്ഷിക്കുന്നതിക്കുറിച്ചും, കൃഷിയിറക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ഇപ്പോഴും അവിടെ 52 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതുവരെ ആർക്കും സർക്കാർ ഭൂമി പതിച്ചുകൊടുത്തിട്ടില്ല.

ആദിവാസി ഗോത്രമഹാസഭ എന്ന സംഘടന ആദിവാസികളുടെ മാത്രം പ്രസ്ഥാനവും കൂട്ടായ്മയുമാണ്. കേരളത്തിലെ എല്ലാ ആദിവാസി വിഭാഗത്തിന്റെയും പങ്കാളിത്തം ഈ പ്രസ്ഥാനത്തിനുണ്ട്. ആദിവാസികൾക്ക് ഇതിൽ അംഗമാവാനും പ്രവർത്തിക്കാനുമുള്ള അധികാരമുണ്ട്. ആദിവാസി അല്ലാത്തവർക്ക് ഇതിൽ അംഗമാവാനുള്ള അധികാരമോ, അവകാശമോ ഇല്ല. സംഘടനയിൽ ആദിവാസി അല്ലാത്തൊരാൾ ആദ്യം തൊട്ടുണ്ടായിരുന്നത് എം. ഗീതാനന്ദനാണ്. അദ്ദേഹം കോ- ഓഡിനേറ്റർ എന്ന നിലയിലാണ് പ്രവർത്തിച്ചത്. തുടക്കം മുതൽ ഇന്നുവരെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് ഞാനാണ്. തൃശൂർ വലക്കാവിലെ ടി.ജെ. മാമൻ മാസ്റ്റർ ആയിരുന്നു വൈസ്​ പ്രസിഡൻറ്​. അദ്ദേഹം മരിച്ചശേഷം ആ സ്ഥാനത്തേക്ക് ആരെയും തിരഞ്ഞെടുത്തിട്ടില്ല.

ആദിവാസി ഗോത്രമഹാസഭ എന്ന സംഘടനാസംവിധാനത്തിന് ഓരോ ജില്ലകളിലും യൂണിറ്റുണ്ടാക്കി, മെമ്പർഷിപ്പ് കൊടുത്ത് ആളുകളുടെ ഉത്തരവാദിത്വത്തിലേക്ക് വളർത്തിക്കൊണ്ടുവരാനായിരുന്നു ഞാൻ ശ്രമിച്ചത്.

കോ- ഓഡിനേറ്റർ എന്ന നിലയിൽ എം. ഗീതാനന്ദൻ ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നു. ഞങ്ങളെല്ലാവരും വളരെ സ്​നേഹബഹുമാനങ്ങ​ളോടെ അദ്ദേഹത്തെ ‘മാഷ്' എന്നായിരുന്നു വിളിച്ചിരുന്നത്. ആദിവാസി ഭൂസമരങ്ങളിൽ അദ്ദേഹം ഭീകരമർദ്ദനങ്ങൾക്കിരയായിട്ടുണ്ട്. അദ്ദേഹത്തിന്റെയും കൂടി ത്യാഗത്തിന്റെയും പ്രവർത്തനത്തിന്റെയും ഭാഗമായിട്ടാണ് കേരളത്തിൽ ഇത്രയും ആദിവാസികൾക്ക് ഭൂമി ലഭിച്ചത്. മാഷിന്റെ ശക്തവും ആത്മാർഥവുമായ പ്രവർത്തനത്തെ ഞങ്ങൾ ഒരിക്കലും ചെറുതായി കാണില്ല. തുടക്കം മുതലേ ഗോത്രമഹാസഭയുടെ പ്രവർത്തനങ്ങൾക്ക് ദലിത് സമുദായങ്ങളുടെ ശക്തമായ സഹകരണവും, പിന്തുണയും, കൂട്ടായ്മയും ഉണ്ടായിരുന്നു. അതിനോടൊപ്പം പൊതു സമൂഹത്തിന്റെ പിന്തുണയും.

ആദിവാസി ഗോത്രമഹാസഭ എന്ന സംഘടനാസംവിധാനത്തിന് ഓരോ ജില്ലകളിലും യൂണിറ്റുണ്ടാക്കി, മെമ്പർഷിപ്പ് കൊടുത്ത് ആളുകളുടെ ഉത്തരവാദിത്വത്തിലേക്ക് വളർത്തിക്കൊണ്ടുവരാനായിരുന്നു ഞാൻ ശ്രമിച്ചത്. എന്നാൽ, ആ ശ്രമങ്ങളെ തുടക്കം മുതൽ ചിലർ ശക്തമായി ഒളിഞ്ഞും, തെളിഞ്ഞും എതിർത്തു. എക്കാലവും ആദിവാസികളുടെ അപ്പോസ്തലനായി നിൽക്കാൻ ചിലർ ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് വ്യവസ്ഥാപിതമായി വളർന്നു വരേണ്ടിയിരുന്ന ഒരു സംഘടനാ സംവിധാനം എതിർക്കപ്പെട്ടത്. തുടക്കത്തിലെ ആളുകളെ നിലനിർത്തിക്കൊണ്ടുവന്നിരുന്നെങ്കിൽ ആദിവാസി ഗോത്രമഹാസഭ തനിയെ ഒരു രാഷ്ട്രീയപാർട്ടിയായി മാറിയേനെ. ആദിവാസികൾ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പരിവർത്തനപ്പെടുന്നതിനെ ചിലർ ഭയപ്പെടുന്നുണ്ടായിരുന്നു. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments