കുപ്പിവളയണിഞ്ഞ്​, ചേല ചുറ്റി, മുറുക്കിത്തുപ്പി
നസീറിനെയും ജയഭാരതിയെയും കാണാൻ...

ചെറുപ്പം തൊട്ടേ ഒന്നിനേയും എനിക്ക് പേടിയില്ലായിരുന്നു. രാത്രിയായാലും, പകലായാലും എന്തുചെയ്യേണ്ടി വന്നാലും ഞാൻ ഒറ്റക്ക് ചെയ്യും. നാളത്തേക്ക് ഒരു സമ്പാദ്യം വേണമെന്ന ചിന്ത ചെറുപ്പത്തിലേ എനിക്കുണ്ട്.

അധ്യായം രണ്ട്​

ക്കാലത്ത് അടുക്കളപ്പണിക്കും കുട്ടികളെ നോക്കാനും ആളെ അന്വേഷിച്ചുവരുമായിരുന്നു. എന്റെ ഏഴാമത്തെ വയസ്സിൽ വെള്ളമുണ്ട എട്ടേനാലിലെ ഹൈസ്കൂളിൽ പഠിപ്പിച്ചിരുന്ന മേരിക്കുട്ടി ടീച്ചറുടെ വീട്ടിൽ കുട്ടീനെ നോക്കാൻ ജോലിക്കുപോയി. സാധാരണ കുട്ടികളെ പോലെ അമ്മയെയും, സഹോദരങ്ങളെയേയും വിട്ടുപോയപ്പോൾ സങ്കടമൊന്നും എനിക്ക് തോന്നിയിരുന്നില്ല. വയറു നിറയെ ഭക്ഷണം കഴിക്കണമെന്നായിരുന്നു ചിന്ത. ചേലയുടുത്ത് ടീച്ചറോടൊപ്പം ഞാൻ പോയി. ആദ്യമായി എനിക്ക് പുതിയ ഉടുപ്പ് വാങ്ങി തന്നത് ടീച്ചറായിരുന്നു. ലോഡ്ജിലായിരുന്നു ടീച്ചർ താമസിച്ചിരുന്നത്, കൂടെ വേറെയും ടീച്ചർമാർ ഉണ്ടായിരുന്നു.

വെള്ളമുണ്ട പത്തേനാലിലെ ‘മീനാക്ഷി' തിയ്യേറ്ററിൽ നിന്ന്​ ആദ്യമായി ‘ചെമ്പരത്തി' എന്ന സിനിമ കണ്ടു. ജയഭാരതിയായിരുന്നു അതിൽ നടി. സിനിമ, സിനിമ എന്നൊക്കെ കേട്ടിരുന്നെങ്കിലും അന്നാദ്യമായി സിനിമ കണ്ടു.

ടീച്ചർക്ക് രണ്ടു കുട്ടികളായിരുന്നു. ഷീനയും, ഷൈനിയും. മൂത്ത മകൾ ഷീന ടീച്ചറുടെ നാട്ടിലായിരുന്നു. ഇളയമകൾ ഷൈനിയെ നോക്കാനായിരുന്നു എന്നെ കൊണ്ടു വന്നത്. എന്നും രാവിലെ ടീച്ചർ പാലുകാച്ചി കുപ്പിയിലാക്കി വെക്കും, റസ്കും ഉണ്ടാകും. അതെടുത്ത് ടീച്ചറുടെ കുട്ടിക്ക് കൊടുക്കലായിരുന്നു ജോലി. എന്നും വയറു നിറയെ ഭക്ഷണം കഴിക്കാൻ കിട്ടുന്ന സന്തോഷത്തിൽ ടീച്ചർ കിടക്കുന്ന കട്ടിലിനടിയിൽ പായ വിരിച്ച് സുഖമായി ഞാനുറങ്ങി. ഒരു ദിവസം കിണറ്റിൽ നിന്ന്​വലിയ തൊട്ടിയിൽ കുറേശ്ശെ വെള്ളം കോരി കോരി ബക്കറ്റ് നിറക്കുന്നതിനിടയിൽ കാലുതെറ്റി ഞാൻ കിണറ്റിൽ വീണു. എന്റെ ഒച്ച കേട്ട് ടീച്ചർമാർ വന്ന്​ എന്നെ വലിച്ചുകേറ്റി രക്ഷിച്ചു.

ലോഡ്ജിന്റെ അപ്പുറത്തും ഇപ്പുറത്തും വേറെയും ആളുകൾ താമസിച്ചിരുന്നു. ടീച്ചറുള്ള സമയത്ത് അടുത്ത മുറിയിലെ ചേച്ചിയോടൊപ്പം പാളയെടുക്കാൻ കവുങ്ങിൻ തോട്ടത്തിൽ ഞാൻ പോകും. കുറേ പാളയുണ്ടാകും എടുക്കാൻ, തലയിൽ വെച്ചു നടക്കാൻ പറ്റാത്തതുകൊണ്ട് പാളയുടെ ഓലയെല്ലാം കൂട്ടിപ്പിടിച്ച് അറ്റം വലിച്ച് കൊണ്ടുവരും. നെല്ല് പുഴുങ്ങുമ്പോൾ അടുപ്പിൽ കത്തിക്കാനാണ് പാളയെടുക്കുന്നത്. വെള്ളരിക്ക് വെള്ളമൊഴിക്കാനും ചേച്ചിയോടൊപ്പം കണ്ടത്തിൽ പോകും.

എല്ലാ മാസവും പത്തുരൂപയായിരുന്നു ടീച്ചർ ശമ്പളം തന്നിരുന്നത്. അമ്മ എല്ലാ മാസവും വന്ന് എന്റെ പത്തുരൂപ ശമ്പളം വാങ്ങി പോകും. അമ്മക്ക് അത് വലിയൊരു ആശ്വാസമായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ ടീച്ചർമാരുടെ കൂടെ എന്നെ സിനിമക്ക് കൊണ്ടുപോകും. വെള്ളമുണ്ട പത്തേനാലിലെ ‘മീനാക്ഷി' തിയ്യേറ്ററിൽ നിന്ന്​ ആദ്യമായി ‘ചെമ്പരത്തി' എന്ന സിനിമ കണ്ടു. ജയഭാരതിയായിരുന്നു അതിൽ നടി. സിനിമ, സിനിമ എന്നൊക്കെ കേട്ടിരുന്നെങ്കിലും അന്നാദ്യമായി സിനിമ കണ്ടു. രണ്ടാമത് ടീച്ചർമാരുടെ കൂടെ പോയി കണ്ട സിനിമ ‘അച്ചാണി' ആയിരുന്നു. സ്കൂൾ അവധിക്കാലത്ത് ടീച്ചറുടെ നാടായ കോട്ടയം അതിരംമ്പുഴയിലെ വീട്ടിൽ അവരോടൊപ്പം എന്നെയും കൊണ്ടുപോകും. രണ്ടുതവണ ഞാനവിടെ പോയി. വലിയ വീടും, കുറേ ആളുകളും, കഴിക്കാൻ കപ്പപ്പുഴുക്കും, ചക്കപ്പുഴുക്കുമെല്ലാം ഉണ്ടാകും.

ടീച്ചറുടെ മൂത്തമകൾ ഷീനയെ അപ്പോഴാണ് ഞാൻ കാണുന്നത്. ടീച്ചറുടെ അനിയത്തി സാലിക്കും, എനിക്കും ഒരേ പ്രായമായിരുന്നു. അതുകൊണ്ട് ഞങ്ങൾ വേഗം കൂട്ടുകാരായി. അവളോടൊപ്പം ആടിനെ നോക്കാനും, പുല്ലു ചെത്താനും, വലയിട്ട് മീൻ പിടിക്കാനും ഞാൻ പോകും. ഞായറാഴ്ച പള്ളിയിലും രാത്രിയിലെ കുടുംബ പ്രാർത്ഥനയിലും ഞാൻ പങ്കെടുത്തിരുന്നു. ടീച്ചർക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ അമ്മ വന്നെന്നെ കൂട്ടികൊണ്ടുപോയി. അപ്പോഴേക്കും എനിക്ക് നാലുടുപ്പുകൾ സ്വന്തമായിരുന്നു.

പത്താമത്തെ വയസ്സിൽ ജന്മിയുടെ കീഴിൽ ഞാൻ കൂലിപ്പണിക്കിറങ്ങി. ആ സമയമായപ്പോഴേക്കും വല്ലി മാറി പൈസയാക്കിയിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ പണിയെടുക്കന്നതിന് ചെറിയ ആളുകൾക്ക് ഒരു രൂപയും, വലിയ ആളുകൾക്ക് രണ്ടു രൂപയുമാണ് കൂലി

അങ്ങനെ ഞാൻ ചേക്കോട്ടു കോളനിയിൽ തിരിച്ചെത്തി. ചേക്കോട്ടു കോളനിയിലെ നമ്മളെ ആളുകൾക്കെല്ലാം ആവശ്യത്തിന് ഭൂമിയുണ്ടായിരുന്നു. അച്​ഛന്റെ പേരിലുള്ള ഒന്നരയേക്കർ സ്ഥലത്താണ് ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ മുത്താറി, ചക്കരകായി (മത്തൻ) ചാമ, കുമ്പളകായി (കുമ്പളങ്ങ), കോവളകായി (പീച്ചിങ്ങ), ചൊരങ്ങ തുടങ്ങിയവ നട്ടുണ്ടാക്കിയിരുന്നു.

പത്താമത്തെ വയസ്സിൽ ജന്മിയുടെ കീഴിൽ ഞാൻ കൂലിപ്പണിക്കിറങ്ങി. ആ സമയമായപ്പോഴേക്കും വല്ലി മാറി പൈസയാക്കിയിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ പണിയെടുക്കന്നതിന് ചെറിയ ആളുകൾക്ക് ഒരു രൂപയും, വലിയ ആളുകൾക്ക് രണ്ടു രൂപയുമാണ് കൂലി കൊടുത്തിരുന്നത്. പിറ്റത്തെ വർഷം മുതൽ എനിക്ക് രണ്ടു രൂപ കൂലി കിട്ടാൻ തുടങ്ങി. പിന്നീടങ്ങോട്ട് ഒരു കൂലിപ്പണിക്കാരിയായി. ആറു പണിയെടുത്താൽ ആഴ്ചവസാനം കണക്കു കൂട്ടുമ്പോൾ ജന്മി നാലു പണിയെന്ന് കള്ളകണക്കു പറയും. മുതിർന്നവർ അതൊക്കെ കേട്ടിരിക്കും. ‘ഞാൻ ആറു പണിയെടുത്തു, അതുകൊണ്ട് എനിക്ക് ആറുപണിയുടെ കൂലി വേണം’ എന്ന് ഞാൻ പറയും.
അപ്പോ, അമ്മയോട് ജന്മി പറയും, ഈ ചെറുമിക്ക് എന്തൊരു സാമർത്ഥ്യമാ...

ചെറുമിയെന്താ കണക്കു പറയുന്നതെന്നുപറഞ്ഞ് ജന്മിയെന്നെ അടിക്കാൻ വരും. ജന്മിക്ക് പിടികൊടുക്കാതെ വൈക്കോൽ കൂട്ടിയിട്ടതിനുചുറ്റും ഞാനോടും. അവരോട് അങ്ങനെ കണക്കു പറയാൻ പാടില്ലാന്നുപറഞ്ഞ് അമ്മയെന്നെ വഴക്കു പറയും. എന്നാലും ജന്മി കണക്കു കൂട്ടുമ്പോൾ എന്റെയും മറ്റുള്ളവരുടെയും പണിക്കണക്കു പറഞ്ഞ്​ കൃത്യം കൂലി ജന്മിയിൽ നിന്ന്​ വാങ്ങിക്കും.

ചെറുപ്പം തൊട്ടേ ഒന്നിനേയും എനിക്ക് പേടിയില്ലായിരുന്നു. രാത്രിയായാലും, പകലായാലും എന്തുചെയ്യേണ്ടി വന്നാലും ഞാൻ ഒറ്റക്ക് ചെയ്യും. നാളത്തേക്ക് ഒരു സമ്പാദ്യം വേണമെന്ന ചിന്ത ചെറുപ്പത്തിലേ എനിക്കുണ്ട്. കാട്ടിൽ പോയി ദൂരേന്ന് ഒരു വർഷത്തേക്കുള്ള വിറകും, മറ്റു സാധനങ്ങളും ശേഖരിച്ചുവെക്കുന്ന ശീലമുണ്ടായിരുന്നു. അറിവു വെച്ചപ്പോൾ മുതൽ എന്റെ കുടുംബത്തെ നന്നായി നോക്കണം എന്ന ബോധം എന്നിലുണ്ടായിരുന്നു. കുള്ളിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഞാൻ കൊണ്ടുവരാൻ തുടങ്ങി. പിന്നീട് പൂർണമായിട്ടും കുടുംബനാഥയുടെ ഉത്തരവാദിത്വം എന്നിലേക്കെത്തി. ആദ്യമായി എന്റെ മനസ്സിലേക്ക് ഒരു ആഗ്രഹം കടന്നുവന്നു, ഒരു സാരി മേടിക്കണം. അങ്ങനെ, പണിയെടുത്ത് കിട്ടുന്ന പൈസയിൽ നിന്ന്​ കുറേശ്ശെ മാറ്റിവെച്ച് ഒരു സാരി വാങ്ങി.

അന്ന് സാധനങ്ങൾ അടുക്കിവെക്കാൻ പെട്ടിയോ, അലമാരയോ ഒന്നുമില്ലായിരുന്നു. എന്റെ സാധനങ്ങൾ ഇട്ടുവെക്കാൻ ഞാനൊരു പ്ലാസ്റ്റിക്കിന്റെ ബാസ്കറ്റ് വാങ്ങി. ഒരിക്കൽ അനിയത്തിയും ഞാനും വഴക്കുകൂടിയപ്പോൾ അവൾ തീക്കൊള്ളിയെടുത്തുകൊണ്ടുപോയി ബാസ്കറ്റ് കത്തിച്ചുകളഞ്ഞു.

ഞാറുപറിക്കൽ, നാട്ടിവെക്കൽ, കള പറിക്കൽ ഈ പണിയെല്ലാം കഴിഞ്ഞാൽ പിന്നെ നെല്ല് വിളഞ്ഞ് കൊയ്യാനാവുന്നതുവരെ വേറെ പണിയൊന്നും ഞങ്ങൾക്കുണ്ടാവില്ല. നെല്ലിന്റെ പണി നിൽക്കുന്നതോടെ ഞങ്ങളുടെ കഞ്ഞികുടിയും നിൽക്കും. നെൽപ്പണിക്കുപോകുമ്പോൾ കൂലിയായി തരുന്ന നെല്ല് കുത്തിയാണ് ഞങ്ങൾ കഞ്ഞി വെച്ചു കുടിച്ചിരുന്നത്. മൂന്നാലുമാസം കഴിയണം നെല്ലു വിളയാൻ. കൊയ്ത്തുസമയമാവുന്നതുവരെ ഞങ്ങൾ കാട്ടുകിഴങ്ങ് കിളക്കാൻ രാവിലെ കാട്ടിലേക്ക് പോകും. നല്ല വീതിയിലും, ആഴത്തിലും മണ്ണ് മാറ്റിയാണ് കാട്ടുകിഴങ്ങ് കിളച്ചെടുക്കേണ്ടത്. വിശപ്പ് സഹിച്ച് ഞങ്ങൾ കിഴങ്ങ് കിളക്കും. ദാഹിക്കുമ്പോൾ കാട്ടുചോലയിലെ നീര് കുടിക്കും. കിഴങ്ങും കിളച്ചെടുത്ത് കാടിറങ്ങും. വരുന്ന വഴിക്ക് പുഴയിലോ തോട്ടിലോ ഇരുന്ന് മണ്ണെല്ലാം കളഞ്ഞ് കിഴങ്ങ് കഴുകി വൃത്തിയാക്കിയെടുക്കും. സഞ്ചിയൊന്നും ഇല്ലാത്തതുകൊണ്ട് കിഴങ്ങ് തുണിയിൽ കെട്ടിയാണ് കൊണ്ടുവരുന്നത്. രാത്രി കിഴങ്ങ് പുഴുങ്ങിതിന്ന് കിടന്നുറങ്ങും. രാത്രി കഴിച്ച് ബാക്കിയുള്ള കിഴങ്ങ് രാവിലെയും കഴിക്കും. അതുകഴിഞ്ഞ് വീണ്ടും കാട്ടുകിഴങ്ങ് കുഴിക്കാൻ കാട്ടിലേക്ക് പോകും.

വീട്ടിൽ നിന്ന്​ ചേച്ചിയും, ഞാനും, അനിയത്തി മുത്തയും, അനിയൻ രാജുവും കൂലിപ്പണിക്കിറങ്ങിയതുകൊണ്ട് വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം ഞങ്ങൾ തന്നെ വാങ്ങി. അങ്ങനെ കുറേശ്ശെ പട്ടിണിയൊക്കെ മാറിത്തുടങ്ങി.

പിഞ്ചുപേരയ്ക്ക പുഴുങ്ങിയും, കറിച്ചക്ക, താള്, പലതരം ഇലക്കറികളും കഴിച്ചാണ് കൊയ്തുസമയമാവുന്നതുവരെ ഞങ്ങൾ വിശപ്പടക്കിയത്. മൃഗങ്ങൾ വന്ന് നെല്ല് നശിപ്പിക്കാതിരിക്കാൻ കാവൽമാടം കെട്ടി ചില ആണുങ്ങൾ പാടത്ത് കാവൽ നിൽക്കും. കഞ്ഞിവെച്ചു കുടിക്കാൻ അവർക്ക് ജന്മി നെല്ലു കൊടുക്കും. നെല്ലു വിളഞ്ഞു കഴിഞ്ഞാൽ നെല്ല് കൊയ്തു നിരത്തും. കുറെ ആണുങ്ങൾ കറ്റ വാരി കെട്ടും. ആണുങ്ങളും, പെണ്ണുങ്ങളും നിരനിരയായി കറ്റച്ചുമന്ന് കൊണ്ടുപോയി, ജന്മിയുടെ കളത്തിൽ കൂട്ടിയിടും. കുറെയാളുകൾ കറ്റയുടെ കെട്ടഴിച്ച് വിതറിയിടും. എന്നിട്ട് കന്നുകാലികളെ അതിന്റെ മേലെകൂടി കേറ്റി ചവിട്ടി നടത്തിപ്പിക്കും. കന്നുകാലികൾ ചുറ്റും നടക്കുമ്പോൾ പുല്ലിൽ നിന്ന് നെല്ലെല്ലാം പൊഴിഞ്ഞു വീഴും. കന്നുകാലിയെ ഇങ്ങനെ നടത്തിക്കുന്നതിന് ‘ഒക്കലി'ടുക എന്നാണ് പറയുന്നത്. അതുകഴിഞ്ഞ് മുളംകമ്പ് കൊണ്ട് പുല്ലിളക്കി, കുടഞ്ഞുകുടഞ്ഞ് മാറ്റിയിടും. പുല്ലു മാറ്റി കഴിഞ്ഞ് ആ നെല്ലെല്ലാം വലിച്ചു കൂട്ടും. നെല്ല് വലിച്ചു കൂട്ടുന്നതിന് ‘പൊലി കൂട്ടുക' എന്നാണ് പറയുന്നത്.

പൊലി കൂട്ടിയ നെല്ല് രണ്ടാള് നിന്ന് വാരിയെടുത്ത് കാറ്റിന്റെ ദിശ നോക്കി എറിയും. അപ്പോൾ പൊട്ടും പൊടിയുമെല്ലാം പറന്നുപോയി നെല്ലുമാത്രം കിട്ടും. നെല്ല് വാരി വീശുമുറം കൊണ്ട് വീണ്ടും വീശി, പൊട്ടും പൊടിയും കളഞ്ഞ് ചാക്കിൽ നിറക്കും. പൊട്ടും പൊടിയുമെല്ലാം കൂട്ടി അതിൽ വീണ നെല്ലെല്ലാം മുറത്തിൽ പാറ്റിയെടുക്കും. ‘കുറുവപാറ്റുക' എന്നാണ് ഞങ്ങളിതിനെ പറയുന്നത്. കൊയ്ത്ത് കഴിഞ്ഞാൽ കുറേ ദിവസത്തേക്ക് പണിയൊന്നുമുണ്ടാവില്ല. പിന്നെ മഴപെയ്യുന്നതിനു മുന്നേ പാടത്ത് ചാണകം വാരിയിടൽ, ചപ്പു കൊത്തിയിടൽ, കാപ്പികുരു പറിക്കൽ തുടങ്ങിയ പണികളായിരുന്നു.

വീട്ടിൽ നിന്ന്​ ചേച്ചിയും, ഞാനും, അനിയത്തി മുത്തയും, അനിയൻ രാജുവും കൂലിപ്പണിക്കിറങ്ങിയതുകൊണ്ട് വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം ഞങ്ങൾ തന്നെ വാങ്ങി. അങ്ങനെ കുറേശ്ശെ പട്ടിണിയൊക്കെ മാറിത്തുടങ്ങി. അനിയത്തി മുത്ത അഞ്ചാം ക്ലാസ് വരെ പഠിച്ചതിനുശേഷമാണ് പണിക്കിറങ്ങിയത്. തുടർന്ന് പഠിക്കാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ആ സമയത്ത് അഞ്ചാം ക്ലാസ് വരെ മാത്രമെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചിരുന്നുള്ളൂ. സ്വന്തം പഠിപ്പിക്കാനുള്ള സാഹചര്യമില്ലാതിരുന്നതുകൊണ്ട് അവളുടെ പഠനം നിന്നു. ജന്മിമാരുടെ കുട്ടികൾ പുസ്തകവുമെടുത്ത് ചോറ്റും പാത്രവും തൂക്കി സ്കൂളിൽ പോകുന്നത് കാണുമ്പോൾ സ്കൂളിൽ പോകാനുള്ള കൊതിയോടെ ഞാൻ അവരെ നോക്കി നിന്നിട്ടുണ്ട്.

എല്ലാവരും പഠിക്കാൻ പോയപ്പോൾ ഞങ്ങൾ ജന്മിയുടെ വീട്ടിൽ പണിയെടുത്തു. ഒരാളെങ്കിലും പഠിക്കട്ടെയെന്ന് കരുതി ഇളയ അനുജൻ മല്ലനെ തൃശ്ശിലേരി യു.പി. സ്കൂളിൽ ഞാൻ ചേർത്തു. രാത്രി മല്ലൻ പഠിക്കാനിരിക്കുമ്പോൾ അവൻ വായിക്കുന്ന അക്ഷരങ്ങൾ കണ്ടും, കേട്ടും ഞാൻ പഠിച്ചു. ജന്മിയുടെ പാടത്ത് ചപ്പു കൊത്തിയിട്ടാൽ ചില്ലറ പൈസ കിട്ടും. അതിനുവേണ്ടി അവൻ പഠിത്തം ഉഴപ്പി. അഞ്ചാം ക്ലാസ് വരെ പഠിച്ചതിനുശേഷം അവൻ പഠിത്തം നിർത്തി.

ജന്മി പറയുന്ന എല്ലാ പണിയും നമ്മള് ചെയ്യണമായിരുന്നു. പ്രായമുള്ളവരും, ചെറുപ്പക്കാരുമെല്ലാം പണിക്കുണ്ടാകും. തിരിച്ചറിവായപ്പോൾ തൊട്ട് ജന്മിയുടെ വീട്ടിൽ നിന്നും ഞാൻ കാപ്പികുടിക്കൽ നിർത്തിയിരുന്നു. ഗ്ലാസ് കഴുകി കമിഴ്ത്തുന്നതും, നമ്മൾ ഇരുന്നിടം വെള്ളം തളിക്കുന്നതിനോടും എനിക്ക് എതിർപ്പായിരുന്നു. ജന്മിയുടെ ഭാര്യ വെല്ലമിട്ട കാപ്പി തരുമ്പോൾ ഞാൻ വേണ്ടാന്ന് പറയും. ബാക്കിയുള്ളവരെല്ലാം കാപ്പി കുടിച്ച് ഗ്ലാസ് കഴുകി കമിഴ്​ത്തിവെക്കും.

മഴക്കാലത്ത് മുറ്റത്തിരുന്ന് കളിക്കാൻ പറ്റാത്തതുകൊണ്ട് രാത്രി എല്ലാവരും ഒരു വീട്ടിലിരുന്ന് തമാശ പറയും, കഥ പറയും, ചോലയിൽ പാട്ടുപാടും, തുടിയടിക്കും. ഇതെല്ലാം കഴിഞ്ഞ് ഉറങ്ങാത്തവരെ ചീത്തപറഞ്ഞ് ഉറക്കുമ്പോൾ ഒച്ചപ്പാട് കേട്ട് ഞങ്ങൾ കിടക്കുന്ന വീട്ടിലുള്ളവർ ചീത്തപറയും

പണികേറി ഏഴുമണിക്കാണ് ഞങ്ങൾ വീട്ടിലെത്തുക. മഴക്കാലത്ത് ‘കൊരമ്പക്കുട' തലയിൽ വെച്ചാണ് പണിയെടുത്തിരുന്നത്. പണികേറി വരുമ്പോൾ കനത്ത മഴയിൽ പാടവും, തോടും, പുഴയുമെല്ലാം നിറഞ്ഞൊഴുകും. ചിലപ്പോൾ പുഴകടക്കാൻ പറ്റാതെ ബുദ്ധിമുട്ടാകും. പുഴ കടക്കാൻ പേടിച്ച് എല്ലാവരും മാറിനിൽക്കുമ്പോൾ ഞാൻ മുന്നിലിറങ്ങി നടക്കും. അപ്പോൾ എല്ലാവരും എന്റെ പുറകെ പുറകെ വരും. വീട്ടിലെ പണിയെല്ലാം ചെയ്ത ശേഷം ഞങ്ങൾ കൂട്ടുകാരെല്ലാം ഏതേലും ഒരു കൂട്ടുകാരിയുടെ വീട്ടിലിരുന്ന് വർത്തമാനം പറയും.

വേനൽക്കാലം നിലാവത്ത് വലിയ മുറ്റത്തിരുന്ന് ഞങ്ങളെല്ലാവരും കളിക്കും.
രാത്രി കളിക്കുന്നതിന് വീട്ടുകാർ ഞങ്ങളോട് ഒച്ചപ്പാടുണ്ടാക്കും. തീക്കൊള്ളിയെടുത്ത് ഞങ്ങളെ ഓടിക്കും. കൂട്ടത്തിലുള്ള ഏതേലും കൂട്ടുകാരിയുടെ വീട്ടിൽ പോയി കഞ്ഞി കുടിക്കും. എന്നിട്ട് അടുത്ത കൂട്ടുകാരിയുടെ വീട്ടിലും പോയി കഞ്ഞി കുടിക്കും. പിന്നെ എല്ലാവരുമൊന്നിച്ച്​ ഒരു വീട്ടിൽ ഉറങ്ങാൻ പോകും. മഴക്കാലത്ത് മുറ്റത്തിരുന്ന് കളിക്കാൻ പറ്റാത്തതുകൊണ്ട് രാത്രി എല്ലാവരും ഒരു വീട്ടിലിരുന്ന് തമാശ പറയും, കഥ പറയും, ചോലയിൽ പാട്ടുപാടും, തുടിയടിക്കും. ഇതെല്ലാം കഴിഞ്ഞ് ഉറങ്ങാത്തവരെ ചീത്തപറഞ്ഞ് ഉറക്കുമ്പോൾ ഒച്ചപ്പാട് കേട്ട് ഞങ്ങൾ കിടക്കുന്ന വീട്ടിലുള്ളവർ ചീത്തപറയും. നാളെത്തൊട്ട് ആരും ഇങ്ങോട്ട് കിടക്കാൻ വരണ്ടാന്ന് പറയുമെങ്കിലും പിറ്റേന്ന് പോയില്ലെങ്കിൽ എന്താ വരാത്തേന്ന് ചോദിച്ചു വരും. രാത്രി ചോലയിൽ പാട്ടു വായിക്കുന്ന പ്രധാനയാൾ ഞാനായിരുന്നു.

നല്ല മൂത്ത ഉണക്കമുള കൊണ്ടാണ് ചോലയുണ്ടാക്കുന്നത്. ഇതിൽ നൂലിട്ട് വലിക്കുമ്പോൾ നല്ല ശബ്ദമുണ്ടാകും. വിനോദത്തിനാണ് ഞങ്ങളിത് ഉപയോഗിക്കുന്നത്. ഇതൊക്കെ കഴിഞ്ഞ് ഞങ്ങളെല്ലാവരും ഉറങ്ങുമ്പോൾ ഏകദേശം വെളുപ്പിന് രണ്ടു മണിയാകും. പുൽപ്പായ വിരിച്ച് മുട്ടിമുട്ടിയാണ് എല്ലാവരും കിടക്കുന്നത്. പണിയില്ലാത്ത ദിവസങ്ങളിൽ പുഴയിൽ പോയി പായപ്പുല്ല് അരിഞ്ഞുണക്കും. ഉണങ്ങിക്കഴിയുമ്പോൾ വെള്ളത്തിൽ കുതിർക്കും. കാട്ടിലെ എടംപിരി വലംപിരി മരത്തിന്റെ മേലെയുള്ള തൊലി കളഞ്ഞ്, ഉള്ളിലെ നാരെടുത്ത്, പിരിച്ചതിനുശേഷം വെയിലത്തിട്ട് ഉണക്കും. ഈ നാരിലാണ് പായപ്പുല്ല് കോർത്തെടുക്കുന്നത്. ഇതിൽ കിടന്നാൽ തണുക്കില്ല, നല്ല ചൂട് കിട്ടും.

രാവിലെ എഴുന്നേറ്റ് എല്ലാവരും ജാഥക്ക് പോകുന്നതുപോലെ ചെമ്പെടുത്തു വെള്ളത്തിനു പോകും. അദ്രുമാൻ എന്നയാളുടെ കിണറിലാണ് വെള്ളമെടുക്കാൻ പോകുന്നത്. അയാളുടെ കടയിൽ നിന്നും ഞങ്ങളെല്ലാം സാധനം വാങ്ങുന്നതുകൊണ്ടാണ് നമ്മളെ അവിടെ നിന്നും വെള്ളമെടുക്കാൻ അനുവദിക്കുന്നത്. ഞങ്ങൾ താമസിക്കുന്ന ഇടത്തു നിന്ന്​ കുന്ന് കേറിയും, കുന്നിറങ്ങിയും ഒന്നര കിലോമീറ്റർ ദൂരം നടക്കാനുണ്ട് ഇവിടുത്തേക്ക്. ചെരിപ്പൊന്നും ആർക്കും ഉണ്ടായിരുന്നില്ല. കാലൊക്കെ തണുത്തുമരവിച്ച് മന്തു പിടിച്ച പോലുണ്ടാകും. പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കും. വെള്ളം ചുമന്നുകൊണ്ട് വെച്ച ശേഷം എല്ലാവരും പുല്ലെല്ലാം കൂട്ടി തീ കത്തിച്ച് കാല് ചൂടാക്കും. തണുപ്പ് മാറുമ്പോൾ പണിക്കിറങ്ങേണ്ട സമയമാകും.

പിന്നീട് എനിക്ക് ചെരിപ്പ് വാങ്ങണമെന്ന് ആഗ്രഹമുണ്ടായി. അക്കാലത്ത് വള്ളിച്ചെരുപ്പുകളായിരുന്നു ഉണ്ടായിരുന്നത്. കറുത്ത നിറമുള്ള വള്ളിച്ചെരുപ്പിനോടായിരുന്നു എനിക്കിഷ്ടം. പണിക്കൂലി കിട്ടിയപ്പോൾ കറുത്ത വള്ളിച്ചെരുപ്പു തന്നെ ഞാൻ വാങ്ങിച്ചു. അതുകഴിഞ്ഞ് ഒരു വാച്ച് വാങ്ങണമെന്നായിരുന്നു ആഗ്രഹം. പക്ഷേ വാച്ച് വാങ്ങാനുള്ള അത്ര പൈസയൊന്നും കൈയ്യിലില്ലായിരുന്നു. കുറെ പണിയെടുത്ത്, കുറേശ്ശെ പൈസ മാറ്റി വെച്ച് അങ്ങനെ ഞാനൊരു വാച്ച് വാങ്ങി. ചെറിയ കറുത്ത പട്ടയുള്ള വാച്ച്​. ഇടതുകൈയ്യിലാണ് അത്​ കെട്ടിയത്. അപ്പോൾ ഞങ്ങളുടെ അവിടുത്തെ ഔസേപ്പ് മുതലാളി എന്നോട് ചോദിച്ചു, എല്ലാ സ്ത്രീകളും വലത്തേ കൈയ്യിലാണ് വാച്ചുകെട്ടുന്നത്, നീ മാത്രം എന്താ ഇടത്തേ കയ്യിൽ കെട്ടുന്നത്?
അപ്പൊ ഞാൻ പറഞ്ഞു, എനിക്ക് ഇടത്തേകൈയ്യിൽ വാച്ച് കെട്ടുന്നതാണ് ഇഷ്ടം. അതുകൊണ്ട് ഞാൻ ഇടത്തേകൈയ്യിലെ വാച്ചുകെട്ടൂ, ഇപ്പോഴും വാച്ച് ഇടത്തേകൈയ്യിൽ തന്നെയാണ് കെട്ടുന്നത്.

എനിക്ക് എല്ലാ ആളുകളുമായി കൂട്ടുകൂടാനായിരുന്നു ഇഷ്ടം.
പണിയെടുത്ത് കിട്ടുന്ന പൈസ എല്ലാവർക്കും കൊടുക്കും. കടം വാങ്ങിയത് തന്നില്ലെങ്കിലും ഞാൻ തിരിച്ചുചോദിക്കുമായിരുന്നില്ല. ആഴ്ചവസാനം കൂലി കിട്ടുമ്പോൾ ഞങ്ങൾ ചെറുപ്പക്കാരെല്ലാം സിനിമക്കുപോകും. ആരുടെയെങ്കിലും കൈയ്യിൽ പൈസയില്ലെങ്കിൽ ഞാൻ അവരെ കൂട്ടികൊണ്ടു പോകും.

തൃശ്ശിലേരിയിൽ നിന്ന്​ മാനന്തവാടി വരെ പതിനാല് കിലോമീറ്റർ ദൂരം നടന്ന് ആറുമണിക്കുള്ള സിനിമക്കാണ് പോകുന്നത്. ജയഭാരതിയെയും പ്രേംനസീറിനെയും ആയിരുന്നു എനിക്ക് ഏറെയിഷ്ടം. നമ്മുടെ വീട്ടിലൊന്നും എണ്ണക്കടി ഉണ്ടാക്കാത്തതുകൊണ്ട് സിനിമക്ക് പോകുന്ന ദിവസം നേരത്തെ മാനന്തവാടിയിൽ പോയി ഉണ്ടയും ചായയും കഴിക്കും.

എനിക്ക് അന്നുമിന്നും കറുപ്പ്, ചുവപ്പ്, പച്ച നിറമുള്ള കുപ്പിവളകളോട് കൂടുതൽ ഇഷ്ടമാണ്. രണ്ടു കൈ നിറയെ പല നിറമുള്ള കുപ്പിവള വാങ്ങിയണിയും. സ്വന്തമായി ചേല വാങ്ങും. എവിടേലും പോകുമ്പോൾ കൂട്ടുകാരുടെ ചേലയും മാറ്റി മാറ്റി ഉടുക്കുമായിരുന്നു. ഈ സമയത്ത് ഞാൻ മുറുക്കുമായിരുന്നു. എനിക്ക് സ്വന്തമായി ‘മുറുക്കാൻ പാക്ക്' (വെറ്റിലയും അടക്കയും ഇടുന്ന ചെറിയ തുണി സഞ്ചി) ഉണ്ടായിരുന്നു. മുറുക്കാൻ പാക്കിന് ഞങ്ങളുടെ ഭാഷയിൽ ‘ചീര' എന്നാണ് പറയുന്നത്.

സിനിമ കഴിഞ്ഞ് ഇരുപത്തഞ്ച് പേരടങ്ങുന്ന കൂട്ടുകാരുടെ സംഘം തമാശ പറഞ്ഞു ചിരിച്ച്, നടന്ന ദൂരമത്രയും തിരിച്ചുനടന്ന് വീട്ടിലെത്തുമ്പോൾ രാത്രി ഒരു മണിയാകും. കുറച്ചു സമയം ഉറങ്ങി രാവിലെ എഴുന്നേറ്റ് പണിക്കു പോകും. ഇതിനിടയിൽ കൂലി കൂട്ടികിട്ടാനുള്ള സമരമെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടായിരുന്നു. സമരം തുടർച്ചയായി നടന്നപ്പോൾ നെല്ല് കൊയ്‌ത്തെല്ലാം പതമ്പിനായി. പകൽ മൊത്തം നമ്മളുതന്നെ നെല്ല് കൊയ്ത്, ചെറിയ കറ്റയായി കെട്ടി, ഓരോരുത്തരും കൊയ്യുന്നത് അവരവർ തന്നെ കറ്റയായി ചുമന്ന്, ജന്മിയുടെ കളത്തിൽ അടുക്കിവെക്കും. രാത്രി മൊത്തം കറ്റ തല്ലി, പുല്ലു വേറെ, നെൽമണി വേറെ ആക്കിയെടുക്കും. എന്നിട്ട് ആ നെല്ലിന്റെ പൊട്ടും, പൊടിയും പേറ്റിക്കളയും. ഓരോരുത്തവർ കൊയ്ത നെല്ലിനെ ഓരോ കൂട്ടമായി വെക്കും. ജന്മി വന്ന് അത് അളക്കും. പത്തു പറ നെല്ലുണ്ടെങ്കിൽ ഒമ്പതുപറ നെല്ല് ജന്മി എടുക്കും. ഒരു പറ നെല്ല് കൊയ്ത ആൾക്കും കിട്ടും. ഇരുപതു പറ നെല്ലുണ്ടെങ്കിൽ രണ്ടു പറ നെല്ല് കൊയ്ത ആൾക്ക് കിട്ടും. ഇങ്ങനെ പണിയെടുക്കുന്നതിനെയാണ് ‘പതമ്പിന്‌ കൊയ്യുക' എന്നു പറയുന്നത്. ഇങ്ങനെ നെല്ല് കിട്ടാൻ തുടങ്ങിയപ്പോൾ ഞങ്ങളുടെ ആളുകളുടെ പട്ടിണിയൊക്കെ കുറേശ്ശെ മാറിതുടങ്ങിയിരുന്നു.

ഞായറാഴ്ചകളിൽ ഞങ്ങളെല്ലാവരും കാട്ടിൽ വിറകിനു പോകും. വിറകും എടുത്ത് നാലു കിലോമീറ്ററുകളോളം നടക്കാനുണ്ട്. വിറക് പകുതിക്ക് വെച്ചുവെച്ച് വിശ്രമിച്ച ശേഷമാണ് ഞങ്ങൾ വീട്ടിലെത്തുക. പണിയൊന്നും ഇല്ലാത്ത സമയത്ത് പട്ടിണി മാറ്റാൻ വിറക് കത്തിച്ച് കരിയാക്കി തലയിൽ ചുമന്ന് മാനന്തവാടിയിൽ കൊല്ലന്മാർക്ക് വിൽക്കും. ഒരു ചാക്ക് കരിക്ക് മുപ്പതുരൂപ കിട്ടും. വിറക് ശേഖരിച്ച് ചായക്കടയിൽ കൊണ്ട് വിൽക്കും. ഒരു കെട്ട് വിറകിന് 30 രൂപ തരും. റേഷൻ കടയിൽ നിന്ന്​ കിട്ടുന്ന പഞ്ചസാര ഞങ്ങൾ ഉപയോഗിക്കാതെ ഞങ്ങൾ കടയിൽ വിൽക്കും. ഒമ്പതുരൂപയാണ് റേഷൻ കടയിലെ വിലയെങ്കിൽ കടയിൽ കൊടുക്കുമ്പോൾ അതിന് ഒരു രൂപ കൂട്ടികിട്ടും. ഇങ്ങനെ കിട്ടുന്ന പൈസക്ക് വീട്ടിലേക്കുള്ള സാധനം വാങ്ങി വരും. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments