സി.കെ. ജാനു

വയസ്സറിയിക്കൽ കല്ല്യാണം

വയസ്സറിയിച്ച് രണ്ടു വർഷം കഴിയുമ്പോൾ ഞങ്ങളുടെ ഇടയിൽ കല്ല്യാണം കഴിപ്പിച്ച് വിടുമായിരുന്നു. അഞ്ചാറു വർഷം കഴിഞ്ഞാണ് കല്ല്യാണം നടത്തുന്നതെങ്കിൽ അത്രയും വർഷം പെണ്ണിന് ചെക്കൻ ചെലവിന് കൊടുക്കണം.

അധ്യായം 3

തിമൂന്നാമത്തെ വയസ്സിലായിരുന്നു ഞാൻ വയസ്സറിയിച്ചത്.
വയസ്സറിയിച്ചു കഴിഞ്ഞാൽ കാർന്നോമാരെയെല്ലാം വിവരമറിയിക്കണം.
ഏതു ദിവസമാണ് ചടങ്ങ്​ നടത്തേണ്ടതെന്ന് അവർ തീരുമാനിക്കും. വയസ്സറിയിക്കൽ കല്ല്യാണം, മഞ്ചൽനീര് കല്ല്യാണം, നിറഞ്ച കല്ല്യാണം എന്നെല്ലാം ഈ ചടങ്ങിനെ ഞങ്ങൾ പറയാറുണ്ട്.

അമ്മ പോയി കാർന്നോർമാരെ കണ്ട് കാര്യം പറഞ്ഞു.
കോളനിയിലെ മറ്റു പെൺകുട്ടികളുടെ വയസ്സറിയിക്കൽ കല്ല്യാണത്തിന് പങ്കെടുക്കാറുള്ളതുകൊണ്ട് വയസ്സറിയിക്കലിനെക്കുറിച്ചും, അതിന്റെ ചടങ്ങിനെക്കുറിച്ചും എനിക്കറിവുണ്ടായിരുന്നു.

തളുവെയിൽ അഥവാ ഓട്ടുകിണ്ണം, അരി, തേങ്ങ, എണ്ണത്തിരി, നാണയത്തുട്ടുകൾ, വെറ്റില, അടക്ക ഇവയെല്ലാം അടങ്ങിയ പർവളം (താലം) എടുത്ത് എന്റെ ചെമ്മത്തിലെ മുതിർന്ന വല്ല്യമ്മ എന്നെ കുളിപ്പിക്കാൻ കുള്ളിൽ നിന്ന്​ഇറക്കികൊണ്ടുവന്നു. വയസ്സറിയിക്കൽ കല്ല്യാണത്തിനുവന്ന എല്ലാ സ്ത്രീകളും എന്റെ കൂടെ വന്നിരുന്നു. എനിക്കുവാങ്ങിയ പുതിയ ചിന്ത, എന്റെ തലയിൽ കൂടി മൂടി കണ്ണുമാത്രം കാണത്തക്കവിധം തോൾ വരെ പുതച്ചിട്ടാണ് കുളിപ്പിക്കാൻ ഇറക്കികൊണ്ടുവന്നത്.

ഞാൻ പണിയെടുത്ത പൈസകൊണ്ടും സമുദായക്കാർ സഹായിച്ചുമാണ് എന്റെ വയസ്സറിയിക്കൽ ചടങ്ങ് നടത്തിയത്. ഞങ്ങൾക്കിടയിൽ ഏതുചടങ്ങും സമുദായക്കാർ പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് നടത്താറ്​.

കുളിപ്പിക്കുന്ന സ്ഥലത്ത് ഒരു വലിയ പാത്രത്തിൽ ചൂടുവെള്ളം വെച്ചിരുന്നു. തുണി എണ്ണയിൽ മുക്കി, കോലിന്റെ അറ്റത്ത് ചുറ്റി, തീ കത്തിച്ച് ഒരു പന്തം അവിടെ കുത്തി നിർത്തിയിരുന്നു. ഒരു ചൂരൽവടിയും കുത്തിവെച്ചിട്ടുണ്ടായിരുന്നു. കുന്തവടി എന്നാണ് അതിനെ പറയുന്നത്. ഒരു മുറവും ഉണ്ടായിരുന്നു. കിഴക്കോട്ടു മുഖം തിരിച്ച് എന്നെ മുറത്തിൽ നിർത്തി. വല്ല്യമ്മ പർവളത്തിൽ നിന്ന്​എണ്ണത്തിരിയെടുത്തു കത്തിച്ച്, ആദ്യം മൂന്നുതവണ എന്റെ തലയ്ക്കുചുറ്റും ഉഴിഞ്ഞ്, തിരി കിഴക്കോട്ടിട്ടു. രണ്ടാമത് എണ്ണത്തിരി കത്തിച്ച് മൂന്നുതവണ എന്റെ തലയ്ക്കുചുറ്റും ഉഴിഞ്ഞ്, തിരി പടിഞ്ഞാറോട്ടിട്ടു. മൂന്നാമതും ഇതുപോലെ ഉഴിഞ്ഞ് തിരി വടക്കോട്ടിട്ടു. നാലാമത് ഇതുപോലെ ഉഴിഞ്ഞ് തിരി തെക്കോട്ടിട്ടു. അതുകഴിഞ്ഞ് പച്ചമഞ്ഞൾ അരച്ച്, വെളിച്ചെണ്ണയിൽ ചാലിച്ച് പ്രായമായ അമ്മമാർ ആദ്യം ദേഹത്തു പുരട്ടി. പിന്നെ മറ്റു സ്ത്രീകളും പുരട്ടി. ഇങ്ങനെ മഞ്ഞളുതേക്കുന്നതിനെ ‘മഞ്ചൾനീര് ചലിന്റെയ്' എന്നാണ് പറയുന്നത്.

സി.കെ. ജാനു ( വലത് )
സി.കെ. ജാനു ( വലത് )

ഇളം ചൂടുവെള്ളത്തിൽ എന്നെ കുളിപ്പിച്ചു കേറ്റി. പുതിയ ചിന്ത ഉടുപ്പിച്ചു. കൂട്ടുകാരെയെല്ലാം മുന്നിൽ നിർത്തി അവരുടെ ഇടയിൽ കൂടിയാണ് എന്നെ കുള്ളിലേക്ക് നടത്തിച്ചത്. ആകാശം കാണാതിരിക്കാൻ മുകളിൽ വെള്ളത്തുണി വിരിച്ചുപിടിച്ച്​ രണ്ടു പുരുഷൻമാർ മുന്നിലും രണ്ടു പുരുഷൻമാർ പുറകിലും ഉണ്ടായിരുന്നു. ഇങ്ങനെ വെള്ളത്തുണി പിടിക്കുന്നതിനെ ‘പാവാട പുടിക്കിന്റെയ്' എന്നാണ് പറയുന്നത്.

ഞാൻ കുളിച്ചപ്പോൾ ധരിച്ച നനഞ്ഞ ചിന്ത നിലത്ത് കുള്ളിന്റെ പടി വരെ വിരിച്ചിരുന്നു. അതിൽ ചവിട്ടിയാണ് കുള്ളുവരെ ഞാൻ നടന്നത്. എന്റെ കാല് മണ്ണിൽ തൊടാതിരിക്കാനാണ് ഇങ്ങനെ തുണി വിരിച്ചത്. നിലത്ത് തുണി വിരിക്കുമ്പോൾ, കുള്ളിന്റെ പടി വരെ ചിന്ത എത്തിയില്ലെങ്കിൽ വയസ്സറിയിച്ച പെണ്ണ് നടന്നുകഴിഞ്ഞ പിന്നിലെ അറ്റം മുന്നിലേക്ക് വിരിക്കും. ഇതിൽ ചവിട്ടിയാണ് കുള്ളിലേക്ക് കയറുന്നത്. ഞാൻ കുള്ളിലേക്ക് കയറിയപ്പോൾ അവിടെ വെച്ചിരുന്ന കല്ലിൽ കാർന്നോർ തേങ്ങയെറിഞ്ഞ് പൊട്ടിച്ചു. ‘ചൂറ' എറിയുക എന്നാണ് ഇങ്ങനെ ചെയ്യുന്നതിനെ പറയുക. അന്നത്തെ ദിവസം കല്ല്യാണപെണ്ണിനെ പോലെ എന്നെ ഒരുക്കി. ഇടതുവശത്തും, വലതുവശത്തും കാർന്നോർമാർ ചമ്രം പടിഞ്ഞിരുന്ന് തുടിയടിച്ച് ചീനിയൂതി കല്ല്യാണപാട്ട് പാടി. അതെല്ലാം കഴിഞ്ഞ് ആളുകൾ തളുവെയിൽ ദക്ഷിണയിടാൻ വന്നു. അപ്പോൾ വെറ്റിലയും അടക്കയും കൊടുത്ത് ഞാൻ മുതിർന്നവരുടെ കാലുതൊട്ട് തൊഴുത് അനുഗ്രഹം വാങ്ങി.

ഞങ്ങൾ അടിയരുടെ ഇടയിൽ കല്ല്യാണം നടക്കണമെങ്കിൽ നെല്ലുപണം എന്നറിയപ്പെടുന്ന സ്ത്രീധനം കെട്ടിവെക്കണം. ഞങ്ങൾക്കിടയിൽ ആണുങ്ങൾ പെണ്ണുങ്ങൾക്കാണ് നെല്ലുപണം കൊടുക്കുന്നത്.

എന്റെ ചെമ്മത്തിലെ മുതിർന്ന പുരുഷൻ ചെമ്മക്കാരന് പിച്ചളവള കൊടുത്തു. ഇപ്പോൾ പിച്ചളവള കിട്ടാത്തതുകൊണ്ട് വയസ്സറിയിക്കൽ കല്ല്യാണത്തിനെല്ലാം പൈസയാണ് കൊടുക്കുന്നത്. അന്നത്തെ ദിവസം വരുന്നവർക്കെല്ലാം കല്ല്യാണചോറ് കൊടുക്കും. ഞങ്ങളെ സംബന്ധിച്ച് ഈ ചടങ്ങ് ഒരു ചെറിയ കല്ല്യാണമാണ്. ഞങ്ങൾക്കിടയിൽ പരസ്യമായി ചെയ്തുവരുന്ന ആചാരമായതുകൊണ്ട് എന്റെ വയസ്സറിയിക്കൽ കല്ല്യാണം നടത്തിയപ്പോൾ എനിക്ക് വലിയ പുതുമയൊന്നും തോന്നിയില്ല. ഞങ്ങൾക്കിടയിൽ ഇപ്പോഴും ഈ രീതിയിൽ തന്നെയാണ് വയസ്സറിയിക്കൽ കല്ല്യാണം നടത്തുന്നത്. ചടങ്ങെല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോകുമ്പോൾ മൂപ്പനും, തുടിയടിച്ചവർക്കും, ചീനിയൂതിയവർക്കും ഒരു കൂലി കൊടുക്കണം. അവരത് വീതിച്ചെടുക്കും.

ഞാൻ പണിയെടുത്ത പൈസകൊണ്ടും സമുദായക്കാർ സഹായിച്ചുമാണ് എന്റെ വയസ്സറിയിക്കൽ ചടങ്ങ് നടത്തിയത്. ഞങ്ങൾക്കിടയിൽ ഏതുചടങ്ങും സമുദായക്കാർ പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് നടത്താറ്​.
വയസ്സറിയിച്ചു കഴിഞ്ഞാൽ ചടങ്ങു കഴിയുന്നതുവരെ തോടോ പുഴയോ മുറിച്ചുകടക്കാൻ വിടില്ല. ചെകുത്താൻ ബാധയുണ്ടാകും എന്നാണ് വിശ്വാസം. ചടങ്ങിന്റെ അന്ന് ഏതെങ്കിലും ചെക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടാൽ ചെമ്മപ്പേര്​(കുലപ്പേര്) ചോദിക്കും. സഹോദരചെമ്മമാണെങ്കിൽ വിവാഹാലോചന ഉപേക്ഷിക്കും. സഹോദരചെമ്മം അല്ലെങ്കിൽ ചെക്കന്റെ കുടുംബക്കാർ പെണ്ണിന് കല്ലുമോതിരം ഇടും. വയസ്സറിയിച്ച് രണ്ടുവർഷം കഴിയുമ്പോൾ ഞങ്ങളുടെ ഇടയിൽ കല്ല്യാണം കഴിപ്പിച്ച് വിടുമായിരുന്നു. അഞ്ചാറുവർഷം കഴിഞ്ഞാണ് കല്ല്യാണം നടത്തുന്നതെങ്കിൽ അത്രയും വർഷം പെണ്ണിന് ചെക്കൻ ചെലവിന് കൊടുക്കണം. വിറക്, അരി, കറിസാധനങ്ങൾ, എണ്ണ, വസ്ത്രങ്ങൾ, മാല, വള, തുടങ്ങിയവ എത്തിച്ചുകൊടുക്കണം. മുറുക്കുന്ന പെണ്ണാണെങ്കിൽ മുറുക്കാൻ വാങ്ങിക്കൊടുക്കണം. സിനിമ കാണാൻ പോകണമെങ്കിൽ സിനിമക്ക് കൂട്ടികൊണ്ടുപോകണം, ഉത്സവങ്ങൾക്ക് കൂട്ടി പോകണം... അങ്ങനെ പെണ്ണിന്റെ എല്ലാ ചെലവും ചെക്കൻ വഹിക്കണം. അഥവാ ചെക്കന് ഒരു ദിവസം പെണ്ണിന്റെ വീട്ടിൽ നിൽക്കേണ്ടിവന്നാൽ ഭക്ഷണം കഴിച്ചശേഷം അടുത്തുള്ള ചെക്കന്റെ കൂട്ടുകാരുടെ വീട്ടിൽ പോയി കിടന്നുറങ്ങിക്കൊൾക. കാർന്നോർമാരെല്ലാം ഒരു തീയതി കണ്ട് കല്ല്യാണം നടത്തിയശേഷമേ ഒന്നിച്ച് താമസിക്കാൻ അനുവദിക്കൂ.

ഇപ്പോൾ കൂടുതൽ പേരും അമ്പലത്തിൽവെച്ചും ജാതി മാറിയും കല്ല്യാണം കഴിക്കുന്നതുകൊണ്ട് ചടങ്ങൊന്നും അധികം നടത്താറില്ല. വേറെ സമുദായത്തിൽ നിന്ന്​ കല്ല്യാണം കഴിച്ചു വന്നാൽ അവരെ ഞങ്ങളുടെ ഇടയിൽ തന്നെയുള്ള ഏതെങ്കിലും ചെമ്മത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കും.

ഞങ്ങൾ അടിയരുടെ ഇടയിൽ കല്ല്യാണം നടക്കണമെങ്കിൽ നെല്ലുപണം എന്നറിയപ്പെടുന്ന സ്ത്രീധനം കെട്ടിവെക്കണം. ഞങ്ങൾക്കിടയിൽ ആണുങ്ങൾ പെണ്ണുങ്ങൾക്കാണ് നെല്ലുപണം കൊടുക്കുന്നത്. ചെറിയ തുകയും, മൂന്നു പൊതി നെല്ലും ചേർന്നതാണ് നെല്ലുപണം. ഇപ്പോൾ നെല്ലൊന്നും ഇല്ലാത്തതുകൊണ്ട് ഇത്ര പൈസയെന്നു പറയും. ഇത് വലിയ തുകയൊന്നും ആയിരിക്കില്ല. നെല്ലുപണം കെട്ടിവെച്ചാലേ ചെക്കന് പെണ്ണിനെ കല്ല്യാണം കഴിക്കാനുള്ള അനുവാദം കൊടുക്കൂ. നെല്ലുപണം കൊടുത്തില്ലെങ്കിൽ കല്ല്യാണം നടക്കില്ല. നാളെ കല്ല്യാണമെങ്കിൽ ഇന്ന് നെല്ലുപണം കൊടുക്കണം. കല്ല്യാണത്തിന് ബന്ധുക്കളും സുഹൃത്തുക്കളും താലമെടുത്ത് ചെക്കനെയും പെണ്ണിനെയും പന്തലിലേക്ക് കൊണ്ടുവരും. താലത്തിൽ തിരി, അരി, തേങ്ങ, വെറ്റില, അടക്ക, നാണയത്തുട്ടുകൾ ഉണ്ടാകും. ചെക്കനെ കൊരണ്ടിയിലും പെണ്ണിനെ മുറത്തിലും നിർത്തും. ചെക്കനും പെണ്ണും പഴയ വസ്ത്രമായിരിക്കും ധരിക്കുന്നത്. മഞ്ഞൾ വെളിച്ചെണ്ണയിൽ ചാലിച്ച് പ്രായമായ വല്ല്യമ്മമാർ ആദ്യം ചെക്കന്റെയും പെണ്ണിന്റെയും മുഖത്ത് മഞ്ഞൾ തേക്കും. പിന്നെ അവിടെ വന്ന സ്ത്രീകളെല്ലാവരും മുഖത്തും, കാലിലും, കൈയിലും മഞ്ഞൾ തേച്ചുകൊടുക്കും. അതുകഴിഞ്ഞ് പെണ്ണിനെ കല്ല്യാണസാരി പുതപ്പിക്കും. പിന്നെ അത് ബന്ധുക്കൾ എടുത്തുമാറ്റും. എന്നിട്ട് പെണ്ണിന്റെയും ചെക്കന്റെയും ദേഹത്ത് വെള്ളം കോരിയൊഴിച്ച് കുളിപ്പിക്കും. കുളിപ്പിച്ചുകഴിഞ്ഞ് ആകാശം കാണാതിരിക്കാൻ മുകളിൽ വെള്ളത്തുണി വിരിച്ചുപിടിച്ച്​ നാലുപുരുഷന്മാർ മുന്നിലും പുറകിലുമായി നടക്കും. നിലം ചവിട്ടാതിരിക്കാൻ വീടിന്റെ പടിവരെയും തുണി വിരിക്കും. വീടിന്റെ അകത്ത് നിലവിളക്ക് കത്തിച്ച്, പായവിരിച്ച് അതിന്റെ മുകളിൽ അരിവിതറും. അവിടെ ചെക്കനെയും പെണ്ണിനെയും കുറച്ചുനേരം ഇരുത്തും. അതുകഴിഞ്ഞ് ചെക്കനെയും പെണ്ണിനെയും ബന്ധുക്കളും സുഹൃത്തുക്കളും ഒരുക്കാൻ കൊണ്ടുപോകും. ചെക്കന്റെ തലയിൽ പ്രത്യേകരീതിയിൽ തുണികെട്ടും. ‘ഉറുമാൽകെട്ട്' എന്നാണ് ഇതിനെ പറയുന്നത്. ഇപ്പോൾ ഇതൊന്നും കെട്ടാറില്ല.

പെണ്ണിന്റെ കൺപുരികങ്ങളുടെ മുകളിൽ ‘കൊച്ചെകുറി' കുത്തും. അരിപൊടികൊണ്ടുള്ള പൊട്ടുകുത്തലാണിത്. പെണ്ണിനെ ഒരുക്കി പന്തലിൽ കൊണ്ടുവരുമ്പോൾ പെണ്ണിന്റെ വീട്ടുകാരുടെ വകയുള്ള കല്ല്യാണവസ്ത്രമാണ് ധരിക്കുന്നത്. പെണ്ണിന്റെയും ചെക്കന്റെയും ഇടതുവശത്തും, വലതുവശത്തും കാർന്നോർമാർ ഇരുന്ന് തുടിയടിച്ച് ചീനിയൂതി കല്ല്യാണപാട്ട് പാടും. ചെക്കന്റെ പെങ്ങൾ പെണ്ണിന്റെ കഴുത്തിൽ താലികെട്ടും. അമ്പതുപൈസ അല്ലെങ്കിൽ ഇരുപത്തഞ്ചു പൈസയ്ക്ക് കുഴ (കൊളുത്ത്) പിടിപ്പിച്ചതാണ് താലി. ഇത് ചെറിയ കരിമണി മാലയിൽ കോർത്താണ് കെട്ടുന്നത്. അതിനുശേഷം അടക്കയും വെറ്റിലയും ദക്ഷിണകൊടുത്ത് മുതിർന്നവരുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങും.

ചെക്കനെയും പെണ്ണിനെയും കുറച്ചുനേരം പായയിലിരുത്തി, തുടിയടിച്ച്, മറ്റുള്ളവർ ശോപനപ്പാട്ട് പാടും. ഈ പാട്ടിന്റെ വരികളിൽ പെണ്ണ് കാണലിനെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും, പ്രസവത്തെക്കുറിച്ചുമാണ് വർണിക്കുന്നത്. പെണ്ണിന്റെ വീട്ടിലെ ചടങ്ങുകഴിഞ്ഞ് എല്ലാവരും സദ്യ കഴിക്കും. ചെക്കന്റെ വീട്ടിലേക്ക് പോകുമ്പോൾ ചെക്കൻ കൊണ്ടുവന്ന കല്ല്യാണസാരിയാണ് ധരിക്കുന്നത്.

ചെക്കെന്റ വീട്ടിലെ പന്തലിലേക്ക് കയറുന്നതിനുമുന്നേ അമ്മയോ പെങ്ങളോ വെള്ളമെടുത്തുവരും. ചെക്കന്റെയും, പെണ്ണിന്റെയും കാലുകഴുകി വീട്ടിൽ കയറ്റും. ഞങ്ങൾക്കിടയിൽ കല്ല്യാണം രണ്ടുരീതിയിൽ നടത്തുമായിരുന്നു. പെണ്ണിന്റെ തലയിൽ ‘ചുമാട്ടെ' (തെരിക) വെച്ച് കലത്തിൽ വെള്ളം നിറച്ചുവെക്കുന്ന ആചാരത്തോടെ തുടങ്ങുന്നതാണ് ഒന്ന്. ‘വളെപ്പ' കല്ല്യാണം എന്നാണ് ഇതിനെ പറയുക. ഈ കല്ല്യാണത്തിന്റെ തുടർചടങ്ങെല്ലാം മേൽപറഞ്ഞ രീതിയിൽ തന്നെയാണ് നടത്തുന്നത്. വീട്ടുകാർക്ക് എങ്ങിനെ നടത്താനാണോ താൽപര്യം അതുപോലെ നടത്തും. ഇപ്പോൾ കൂടുതൽ പേരും അമ്പലത്തിൽവെച്ചും ജാതി മാറിയും കല്ല്യാണം കഴിക്കുന്നതുകൊണ്ട് ഈ ചടങ്ങൊന്നും അധികം നടത്താറില്ല. വേറെ സമുദായത്തിൽ നിന്ന്​ കല്ല്യാണം കഴിച്ചു വന്നാൽ അവരെ ഞങ്ങളുടെ ഇടയിൽ തന്നെയുള്ള ഏതെങ്കിലും ചെമ്മത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കും. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments