സി.കെ. ജാനു

ആദ്യമായി മൈക്കിനുമുന്നിൽ,
​വിറയ്​ക്കാതെ...

ആദിവാസികളുടെ ദുരിതത്തെക്കുറിച്ചും, കഷ്​ടപ്പാടിനെക്കുറിച്ചുമാണ് ഞാൻ സംസാരിച്ചത്. രാഷ്ട്രീയത്തെക്കുറിച്ചൊന്നും സംസാരിച്ചില്ല. ആദ്യമായി മൈക്ക് പിടിക്കുന്നതിന്റെ പേടിയോ, വിറയലോ ഒന്നും ഉണ്ടായില്ല. മനസ്സിൽ ആദിവാസികളുടെ ദുരിതജീവിതം മാത്രമായിരുന്നു.

അധ്യായം നാല്​

1985-ൽ ഞങ്ങളുടെ പ്രദേശത്ത് ‘കാൻഫെഡിന്റെ സാക്ഷരതാ ക്ലാസ് ആരംഭിച്ചു. പകൽ എല്ലാവരും പണിക്കുപോകും. രാത്രി ഏഴു മുതൽ 10 വരെയായിരുന്നു ക്ലാസ്. ഏതെങ്കിലും ഒരു വീടിന്റെ മുറ്റത്തായിരുന്നു ഞങ്ങളെ പഠിപ്പിച്ചിരുന്നത്​. പഠിക്കാനുള്ളവരെല്ലാം അവിടെയെത്തും. പിന്നെ ക്ലാസെടുക്കാൻ ഞങ്ങളെല്ലാവരും ചേർന്ന് ഒരു ഷെഡ് വെച്ചു. കോളനിയിലെ ചെറുപ്പക്കാരും പ്രായമുള്ളവരും ക്ലാസിലുണ്ടായിരുന്നു.

സാക്ഷരതാ ക്ലാസ് ഏറെ തമാശ നിറഞ്ഞതായിരുന്നു.
‘ക' ക്ക് വള്ളിയിട്ടാൽ എങ്ങനെ വായിക്കുമെന്ന് ടീച്ചർ ചോദിക്കുമ്പോൾ വയസ്സായ പഠിതാക്കൾ പറയും, ‘കായിവള്ളി' എന്ന്. ‘കൽപ്പറ്റ' എന്നെഴുതി എങ്ങനെ വായിക്കുമെന്ന് ടീച്ചർ ചോദിക്കുമ്പോൾ, ‘കൽപ്പററ’ എന്നുപറയും. പകലുമുഴുവൻ പണിയെടുത്തതിന്റെ ക്ഷീണമുണ്ടെങ്കിലും അക്ഷരം പഠിക്കാൻ കൊതിച്ച ഞങ്ങൾക്ക് ഈയൊരു പഠനക്ലാസ് വേണ്ടവിധം പ്രയോജനപ്പെട്ടില്ല. പഠിപ്പിക്കുന്നവർക്ക് വെറുതെ ഒപ്പിട്ട് അലവൻസ് വാങ്ങാനുള്ള ഒരുപകരണം മാത്രമായിരുന്നു ഞങ്ങൾ. കൃത്യമായി ക്ലാസിൽ വരികയോ, പഠിപ്പിക്കുകയോ ചെയ്യാതെ ഒരു മാസം മുഴുവൻ പഠിപ്പിച്ചുവെന്ന് കള്ളറിപ്പോർട്ട് കൊടുത്ത് മാസശമ്പളം അവർ കൃത്യമായി മേടിച്ചു. അതുകൊണ്ട് ‘കാൻഫെഡി'ന്റെ സാക്ഷരതാ ക്ലാസ് കുറച്ചു മാസങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾക്ക് ക്ലാസെടുത്തിരുന്നത് അടുത്തുള്ള, വാര്യർ സമുദായത്തിൽപെട്ട ഒരു ചേച്ചിയായിരുന്നു.

അക്ഷരം പഠിച്ചതിനു ശേഷം ഞാൻ ഏറ്റവും കൂടുതൽ വായിച്ചത് മംഗളം, മനോരമ മാഗസിനുകളായിരുന്നു. എല്ലാ ആഴ്ചയും വാങ്ങി വായിക്കും.

ഇതേവർഷം, സോളിഡാരിറ്റി എന്ന സർക്കാരിതര സംഘടനയുടെ നേതൃത്വത്തിൽ ഞങ്ങളുടെ പ്രദേശത്ത് രണ്ടാമത് സാക്ഷരതാ ക്ലാസ് ആരംഭിച്ചു. ഇതിന്റെ സെക്രട്ടറി ജോസ് സെബാസ്​റ്റ്യനായിരുന്നു, പ്രസിഡൻറ്​ കണിയാരത്തുള്ള കെ. നാരായണനും. ഓരോ കോളനിയിലും ഇവരുടെ സാക്ഷരതാ സെന്ററുകളുണ്ടായിരുന്നു. രാത്രി ഏഴു മുതൽ പത്തുവരെയാണ് ക്ലാസ്. മണ്ണെണ്ണ വിളക്കിന്റെ ചെറിയ വെട്ടത്തിൽ ഞങ്ങളെല്ലാവരും വട്ടത്തിലിരുന്ന് പഠിക്കും. എല്ലാ ദിവസവും ക്ലാസുണ്ടായിരുന്നു. ആഴ്ചയിൽ മൂന്നുദിവസം അക്ഷരം പഠിക്കലും, മൂന്ന് ദിവസം ആളുകളുടെ പ്രാദേശിക വിഷയങ്ങൾ ചർച്ചയുമായിരുന്നു.

നിട്ടമാനി, പ്ലാമൂല, ചേക്കോട്ട് തുടങ്ങിയ കോളനികളിലെ സെന്ററുകൾ മാറി മാറിയായിരുന്നു ക്ലാസ്. ഓരോ സെന്ററിലും പതിനഞ്ചിൽ കൂടുതൽ പഠിതാക്കളുണ്ടായിരുന്നു. നമ്മളെ പഠിപ്പിച്ചിരുന്നത് സിബി, ഗ്രേസി, ജോണി, ഓമന, പൗലോസ്, ആന്റണി, വനജ എന്നിവരായിരുന്നു. ഇതിന്റെ കോ- ഓർഡിനേറ്റർമാർ കെ. നാരായണൻ, ചോയിമൂലയിലെ കെ. എം. അലവിക്കുട്ടി എന്നിവരായിരുന്നു. ഇടക്കിടെ ഇവർ സെന്ററുകളിൽ സന്ദർശനം നടത്തും. അലവിക്കുട്ടി നല്ലൊരു മനുഷ്യനായിരുന്നു. നമ്മളെപ്പോലെ ദുരിതമനുഭവിക്കുന്ന ആൾ. മുതിരേരി കൊളത്താട പുല്ലാര കോളനിയിലെ കൊളുമ്പനായിരുന്നു സാക്ഷരതയുടെ ജനറൽ കൺവീനർ.

ക്ലാസ് നല്ല രീതിയിൽ മുന്നോട്ടുപോയി. കുറച്ചുദിവസങ്ങൾ കൊണ്ട് മറ്റുള്ളവരേക്കാൾ മുന്നേ ഞാൻ അക്ഷരങ്ങൾ വശത്താക്കി. ഒരു വർഷം ഞാൻ സാക്ഷരതയിൽ പഠിച്ചു. രണ്ടാമത്തെ വർഷം സാക്ഷരത ഇൻസ്ട്രക്ടറായി എന്നെ നിയമിച്ചു. സാക്ഷരതാ ഇൻസ്ട്രക്ടർക്കുള്ള ചെറിയ വേതനവും കിട്ടി. പഠിക്കാൻ കൊതിച്ചതുപോലെ പഠിപ്പിക്കാനും ഞാൻ ഉത്സാഹവതിയായിരുന്നു. പഠിപ്പിക്കുന്നവരിൽ ഞാൻ മാത്രമായിരുന്നു ആദിവാസി. അക്ഷരം പഠിച്ചതിനു ശേഷം ഞാൻ ഏറ്റവും കൂടുതൽ വായിച്ചത് മംഗളം, മനോരമ മാഗസിനുകളായിരുന്നു. എല്ലാ ആഴ്ചയും വാങ്ങി വായിക്കും. ഒരു സെന്ററിൽ നിന്ന്​മറ്റു സെന്ററിലേക്ക് പോകുമ്പോൾ അവിടെ നടക്കുന്ന ക്ലാസും, കലാപരിപാടിയും കാണും, അതാത് പ്രദേശത്തെ പ്രശ്‌നമെന്തെന്ന് മനസ്സിലാക്കാനും സാധിച്ചു. അതോടൊപ്പം ഓരോ കോളനിയിലും കൂട്ടുബന്ധം ഉണ്ടാക്കാനും ശ്രമിച്ചു.

വഴിപ്രശ്‌നം, കുടിവെള്ള പ്രശ്‌നം, മദ്യപാനം തുടങ്ങിയവയെക്കുറിച്ചെല്ലാം ക്ലാസിൽ ചർച്ച ചെയ്ത് ഞായറാഴ്ച ദിവസങ്ങളിൽ കൂട്ടമായി നിന്ന് ഓരോ പ്രശ്‌നങ്ങളും പരിഹരിച്ചു കൊടുത്തു. വഴിത്തർക്കം പരിഹരിക്കാൻ കാടുമൂടികിടക്കുന്ന വഴിയെല്ലാം വെട്ടിതെളിച്ച് നടപ്പാതയൊരുക്കി, കിണറുകൾ വൃത്തിയാക്കി കുടിവെള്ളം പ്രശ്‌നം പരിഹരിച്ചു, വിധവകളായ അമ്മമാർക്ക് കുടിലു വെക്കാനുള്ള മുളയും, കഴുകോലും, പുല്ലും ഞങ്ങൾ വെട്ടിക്കൊണ്ടുകൊടുത്തു. പൊലീസ് കേസ് അടക്കമുള്ള പ്രശ്‌നങ്ങളിലും ചെറുതായി ഞങ്ങൾ ഇടപെട്ടുതുടങ്ങി. അങ്ങനെ കോളനികളിലെ ആളുകൾ നമ്മളോട് സഹകരിക്കാൻ തുടങ്ങി. സ്വാതന്ത്ര്യദിനം, ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഞങ്ങളെല്ലാവരും പൈസ പിരിവെടുത്ത് പായസം വെക്കും. കോളനിയിൽനിന്ന് സാക്ഷരതാ സെന്ററുകളിൽ വരുന്നവർക്കെല്ലാം ഞങ്ങൾ സന്തോഷപൂർവ്വം പായസം വിളമ്പും.

ആദിവാസികളുടെ പ്രശ്‌നങ്ങൾ, മറ്റുള്ളവരുടെ ചൂഷണം, ഭരണാധികാരികളുടെ ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ പറയുമ്പോൾ നാരായണേട്ടന്റെ കണ്ണിൽക്കൂടി കണ്ണീര്​ വരും. അത്രയും ആത്മാർത്ഥതയോടെയാണ് ക്ലാസെടുത്തിരുന്നത്.

സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ ഒരിക്കൽ തിരുവനന്തപുരം അഞ്ചുതെങ്ങിൽ ടൂർ പോയി. അഞ്ചു ദിവസം അവിടുത്തെ മുക്കുവക്കുടിലിൽ താമസിച്ചു. ഓരോ ദിവസം ഓരോ പരിപാടികളാണ്. അവിടെ നിന്നാണ് അതിരാവിലെ അഞ്ചുമണിക്ക് പിടക്കുന്ന മീൻ കൊണ്ടുവരുന്നത് ആദ്യമായി കാണുന്നത്. ഓരോ ദിവസത്തെ പരിപാടി കഴിയുമ്പോൾ വൈകുന്നേരം ആറുമുതൽ പത്തുവരെ മീറ്റിംഗ് കൂടും. എന്തൊക്കെ കണ്ടു, എന്ത് മനസിലായി തുടങ്ങിയ വിലയിരുത്തലുകൾ നടത്തും. ആ സമയത്ത് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ക്ലാസെടുത്തത് നാരായണേട്ടൻ എന്ന്​ ഞങ്ങൾ വിളിച്ചിരുന്ന കെ. നാരായണൻ ആയിരുന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്. മനസ്സിൽ തട്ടിയാണ് ക്ലാസെടുത്തിരുന്നത്. ആദിവാസികളുടെ പ്രശ്‌നങ്ങൾ, മറ്റുള്ളവരുടെ ചൂഷണം, ഭരണാധികാരികളുടെ ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ പറയുമ്പോൾ നാരായണേട്ടന്റെ കണ്ണിൽക്കൂടി കണ്ണീര്​ വരും. അത്രയും ആത്മാർത്ഥതയോടെയാണ് ക്ലാസെടുത്തിരുന്നത്. എന്ത് തിരക്കുണ്ടെങ്കിലും ഞാൻ നാരായണേട്ടെന്റ ക്ലാസ് ഒഴിവാക്കാറില്ലായിരുന്നു. അദ്ദേഹം ഒരു കാര്യത്തെക്കുറിച്ച് ക്ലാസെടുത്തുകഴിയുമ്പോൾ നമുക്കും കൂടി ചിന്തിക്കാൻ അവസരം തരും. ക്ലാസെടുത്തു കഴിഞ്ഞ്, ‘എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്, അതിന്റെ കാരണങ്ങൾ നിങ്ങൾ കണ്ടുപിടിക്കണം’ എന്ന്​ ഞങ്ങളോട് പറയും.

പറയുന്നയാൾക്കും കേൾക്കുന്നയാൾക്കും പങ്കാളിത്തമുണ്ടാക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്. ഞങ്ങൾ വിലയിരുത്തുന്ന കാര്യങ്ങൾ നാരായണേട്ടൻ നോട്ടായി എഴുതിവെക്കും. ചിലർ ക്ലാസെടുക്കുമ്പോൾ ചോദ്യവും ഉത്തരവും അവർ തന്നെ പറഞ്ഞിട്ട് അവർ പോകും. ഞങ്ങൾക്ക് കേട്ടിരിക്കാനുള്ള റോൾ മാത്രമെ ഉണ്ടാവാറുള്ളൂ. നാരായണേട്ടൻ ആത്മാർത്ഥതയുള്ള മനുഷ്യനാണ്. നമുക്കെപ്പോഴും വിശ്വസിക്കാം. അദ്ദേഹം എല്ലാ കാര്യവും തുറന്നുപറയും. ഒളിച്ചൊന്നും വെക്കില്ല. ആരെയെങ്കിലും വെച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്ന ചിന്തയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. സമ്പന്നനായി മാറാനുള്ള എല്ലാ സാധ്യതകളും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ അങ്ങനെയൊരു മനോഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇപ്പോഴും സാധാരണതയിൽ, കഷ്ടതയിൽ തന്നെയാണ് ജീവിക്കുന്നത്. ആ സമയത്തുതന്നെ നാരായണേട്ടന് എന്നോടൊരു പ്രത്യേക പരിഗണനയും പ്രതീക്ഷയും ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ പ്രവൃത്തിയിലും, ഇടപെടലിലും മനസ്സിലാകുമായിരുന്നു. അദ്ദേഹം എന്നോട് പറയും, എല്ലാ ആളുകളേയും അങ്ങനെ അന്ധമായി വിശ്വസിക്കരുത്, കിടന്നുറങ്ങുമ്പോഴും നാലു ചുവരുകളെപോലും സംശയത്തോടെയെ കാണാവൂ എന്ന്. ഒരു സഹോദരന്റ സ്ഥാനത്തായിരുന്നു ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്. നാരായണേട്ടെന്റ ക്ലാസുകൾ എനിക്ക് ഒരുപാട് പ്രയോജനമായിട്ടുണ്ട്.

അഞ്ചുതെങ്ങിലേക്കുള്ള യാത്ര ഒരു പഠനമായിട്ടാണ് ഞാൻ കണ്ടത്. സംസാരിക്കുന്ന കാര്യവും ഇപ്പോഴുള്ള അവസ്ഥയും മനുഷ്യരുടെ ജീവിതവുമായി ഒത്തുപോകുന്നുണ്ടോ എന്ന് വിലയിരുത്തുമ്പോഴാണ് കാര്യങ്ങൾ കുറെക്കൂടി ബോധ്യമാവുന്നത്. പറച്ചിലുകൾക്കപ്പുറമാണ് ഇടപെടലുകൾ നടത്തേണ്ടത് എന്ന് ഞാൻ മനസ്സിലാക്കി. ഏതൊരു കാര്യവും നമ്മൾ ചെയ്യുമ്പോൾ ആർക്കും ദോഷമല്ലാത്തതും, എല്ലാവർക്കും പ്രയോജനപ്പെടുന്നതും, സത്യസന്ധവും ആയിരിക്കണം. അങ്ങനെയുള്ള കാര്യത്തിനുവേണ്ടി ആരൊക്കെ നമ്മളെ എതിർത്താലും, ആരൊക്കെ നമ്മളെ മോശമായി ചിത്രീകരിച്ചാലും മനുഷ്യജീവിതം നിലനിർത്താനും, നാടിന്റ നന്മക്കുവേണ്ടിയുമാണ് എന്റെ പ്രവൃത്തിയെന്ന് സ്വയം തിരിച്ചറിഞ്ഞാൽ ഓരോ എതിർപ്പിലും നമുക്ക്​ ശക്തിയും വാശിയും കൂടുകയാണ് ചെയ്യുക.
ചെറുപ്പത്തിലേ വാശിയുള്ള ആളാണ് ഞാൻ. ചെയ്യുന്ന കാര്യം സത്യസന്ധവും നീതിയുക്തവുമാണെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ അത് പ്രാവർത്തികമാക്കാൻ ഏതറ്റം വരെയും പരിശ്രമം നടത്താറുണ്ട്.

ആദിവാസികൾക്ക് വീടും റേഷൻകാർഡും ഇല്ലാത്തതിനെപ്പറ്റി, കോളനികളിൽ കറൻറും കുടിവെള്ളവും ഇല്ലാത്തതിനെപ്പറ്റി, പട്ടിണിയെക്കുറിച്ച്, വിദ്യാഭ്യാസം ലഭിക്കാത്തതിനെക്കുറിച്ച്​... അങ്ങനെ, ആദിവാസികൾക്കുനേരെ നടക്കുന്ന അനീതിയ്ക്കും ചൂഷണത്തിനും എതിരെ കുറെ സമയമെടുത്ത് ഞാൻ പ്രസംഗിച്ചു.

1987-ൽ കാട്ടിക്കുളം ടൗണിൽ നടന്ന സാക്ഷരത കലാജാഥയിലാണ് ഞാൻ ആദ്യമായി മൈക്കിൽ പ്രസംഗിച്ചത്. പ്രസംഗിക്കാൻ പറ്റില്ലാന്നുപറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി. രണ്ട് വാക്ക് സംസാരിച്ചിട്ട് നീ നിർത്തിക്കോ എന്നുപറഞ്ഞ് സഹപ്രവർത്തകർ നിർബന്ധിച്ച് കൈയ്യിൽ മൈക്ക് പിടിപ്പിച്ചു. പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ പിന്നെ എനിക്ക് നിർത്താൻ കഴിഞ്ഞില്ല. ഓരോ ആദിവാസി കോളനിയിലും പോയി താമസിച്ച് അവിടുത്തെ ദുരിതവും കഷ്ടപ്പാടും എനിക്ക് നന്നായി അറിയാമായിരുന്നു. അത് ഓരോന്നും മനസ്സിലേക്ക് കടന്നുവന്നു. ഒന്നും മറച്ചുവെയ്ക്കാതെ അതെല്ലാം ഞാൻ പച്ചയ്ക്ക് തുറന്നുപറഞ്ഞു. ആദിവാസികൾക്ക് വീടും റേഷൻകാർഡും ഇല്ലാത്തതിനെപ്പറ്റി, കോളനികളിൽ കറൻറും കുടിവെള്ളവും ഇല്ലാത്തതിനെപ്പറ്റി, പട്ടിണിയെക്കുറിച്ച്, വിദ്യാഭ്യാസം ലഭിക്കാത്തതിനെക്കുറിച്ച്​... അങ്ങനെ, ആദിവാസികൾക്കുനേരെ നടക്കുന്ന അനീതിയ്ക്കും ചൂഷണത്തിനും എതിരെ കുറെ സമയമെടുത്ത് ഞാൻ പ്രസംഗിച്ചു. നിർത്തിയപ്പോഴേക്കും ഒരു മണിക്കൂറായി. ഞാൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ആളുകൾ കുറവായിരുന്നു. തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അവിടം മുഴുവൻ ആളുകൾ നിറഞ്ഞു. പ്രസംഗം കഴിഞ്ഞപ്പോൾ ഭയങ്കര കൈയ്യടിയായിരുന്നു. നന്നായി സംസാരിച്ചുവെന്നുപറഞ്ഞ് എല്ലാവരും വന്ന് കൈ തന്നു.

ആദിവാസികളുടെ ദുരിതത്തെക്കുറിച്ചും, കഷ്​ടപ്പാടിനെക്കുറിച്ചുമാണ് ഞാൻ സംസാരിച്ചത്. രാഷ്ട്രീയത്തെക്കുറിച്ചൊന്നും സംസാരിച്ചില്ല. ആദ്യമായി മൈക്ക് പിടിക്കുന്നതിന്റെ പേടിയോ, വിറയലോ ഒന്നും ഉണ്ടായില്ല. മനസ്സിൽ ആദിവാസികളുടെ ദുരിതജീവിതം മാത്രമായിരുന്നു.

വർഷത്തിലൊരിക്കൽ സാക്ഷരത കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. എല്ലാ വർഷവും ഞങ്ങളെല്ലാവരും കലാപരിപാടികളിൽ പങ്കെടുക്കും. ഓട്ടവും, ചാട്ടവും ഒഴികെ കഥാപ്രസംഗം, പ്രച്​ഛന്നവേഷം, പ്രസംഗം, ലളിതഗാനം, നാടൻപാട്ട്, മോണോ ആക്ട്, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിൽ ഞാൻ സജീവമായിരുന്നു. കാട്ടിക്കുളം സ്കൂളിൽ നടത്തിയ പരിപാടിയിലും മാനന്തവാടി ഹൈസ്കൂളിൽ നടത്തിയ പരിപാടിയിലും വ്യക്തിഗത ചാമ്പ്യൻ ഞാനായിരുന്നു. അന്നാദ്യമായി ഒരു നിലവിളക്കും, ടോർച്ചും സമ്മാനമായി ലഭിച്ചു. പിന്നീടുള്ള പരിപാടികളിൽ ഗ്ലാസും, പ്ലെയിറ്റുമെല്ലാം സമ്മാനമായി കിട്ടി. അ​ന്ന്​ എന്റെ പ്രിയ സഹപാഠികളായിരുന്നു കമ്മനം കോളനിയിലെ പാർവ്വതിയും, കമ്മനം വെങ്ങലോട്ട് കോളനിയിലെ തങ്കയും.

സാക്ഷരത ക്ലാസിൽ കൂടെയുണ്ടായിരുന്നവരെല്ലാം ഇന്നും കോളനിയിലും ടൗണിലും പോകുമ്പോഴെല്ലാം കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇന്നവരെല്ലാവരും കല്ല്യാണം കഴിച്ച് കുടുംബമായി ജീവിക്കുന്നു. എവിടെയെങ്കിലും വെച്ച് ഞങ്ങൾ കണ്ടുമുട്ടുമ്പോൾ പഴയ സ്വാതന്ത്ര്യത്തിൽ തന്നെ ഇടപെടുന്നു. എനിക്കങ്ങനെ വ്യത്യസ്തയായ ഒരാളാവാൻ പറ്റില്ലെന്ന് അവർക്കറിയാം.
സാക്ഷരതാ സെന്ററുകളിൽ നിന്ന്​ നിട്ടമാനിയിലെ എന്റെ കുടിയിലെത്താൻ ഒരു കിലോമീറ്ററോളം ദൂരമുള്ളതിനാൽ ക്ലാസിൽ നിന്ന്​ രാത്രി ഒമ്പതര ആകുമ്പോഴേക്കും ഞാനിറങ്ങും. ഒരുദിവസം പ്ലാമൂല കോളനിയിലെ ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ വഴിയിൽ ഇരുട്ടത്തിരുന്ന് ഒരു പെൺകുട്ടി കരയുന്നു. ഞാൻ അവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവളുടെ പേര് ‘പൊന്ന' എന്നായിരുന്നു. അവളുടെ അച്ഛനും അമ്മയും മരിച്ചുപോയി, അവൾ അമ്മാവന്റെ വീട്ടിലായിരുന്നു താമസം. ഇവിടേക്ക് വലിയ കുന്നിന്റെ താഴേന്ന് കയറ്റം കയറി വെള്ളം കൊണ്ടുവരണം. രണ്ടു ദിവസം അവൾക്ക് പനിയായതുകൊണ്ട് വെള്ളം കോരി കൊണ്ടുവരാൻ പറ്റിയില്ല. ഇക്കാര്യം അവളുടെ അമ്മാവനോട് അമ്മായി പറഞ്ഞുകൊടുത്തു. അമ്മാവൻ ആ കുട്ടിയെ കുറേ അടിച്ചു. ഞാൻ നോക്കുമ്പോൾ അവളുടെ ദേഹത്ത് അടികൊണ്ട പാടുകൾ തടിച്ചിരിക്കുന്നു. അവൾക്ക് അരിവാൾ രോഗം (സിക്കിൾസൈൻ അനീമിയ) ഉണ്ടായിരുന്നു. അതുകൊണ്ട് പ്രായത്തിനനുസരിച്ചുള്ള ശരീരവളർച്ചയില്ലായിരുന്നു. വീട്ടിൽ പോവില്ലാന്ന് പറഞ്ഞവൾ കരഞ്ഞുകൊണ്ടിരുന്നു. ഞാനവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

അന്നുരാത്രി അവൾക്ക് പനി വല്ലാതെ കൂടി. പിറ്റേന്ന് ഞാൻ മാനന്തവാടി ഗവൺമെൻറ്​ ആശുപത്രിയിൽ കൊണ്ടുപോയി. രണ്ടാഴ്ച അവളെ ആശുപത്രിയിൽ കിടത്തി. അവളുടെ അമ്മാവനെയും അമ്മായിയേയും വിവരമറിയിച്ചു. പക്ഷേ അവരാരും വരികയോ വിവരമന്വേഷിക്കുകയോ ചെയ്തില്ല. ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ എന്റെ വീട്ടിലേക്കുതന്നെ അവളെ ഞാൻ കൂട്ടിവന്നു. പിന്നെ അവൾ നമ്മുടെ വീട്ടിലെ ഒരംഗമായി. അവൾക്കുവേണ്ട മരുന്ന്, വസ്ത്രം എല്ലാം ഞാൻ മേടിച്ചുകൊടുത്തു. അസുഖമുള്ളതുകൊണ്ട് കൂലിപ്പണിക്കൊന്നും അവൾക്ക് പോകാൻ പറ്റില്ല. അതുകൊണ്ട് വീട്ടിലെ ചെറിയ പണിയെല്ലാം ചെയ്യും. ഇടക്ക് അവൾക്ക് പനി വരും. കൈയ്ക്കും കാലിനും ഭയങ്കര വേദനയായിരിക്കും. ഒന്നരയാഴ്ചയോളം വേദന നീണ്ടുനിൽക്കും. അപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി കിടത്തും.

ഒരുദിവസം അവൾക്ക് അസുഖം കൂടി ആശുപത്രിയിലായി, അവിടെവെച്ച് അവൾ മരിച്ചു. അന്നവളോടൊപ്പം എന്റെ അമ്മയും അനിയത്തിയുമാണ് ഉണ്ടായിരുന്നത്. ആ സമയത്ത് ഞാൻ തിരുവനന്തപുരത്ത് ഒരു മീറ്റിംഗിലായിരുന്നു. അവളുടെ മരണത്തിൽ എനിക്കെത്താൻ സാധിച്ചില്ല. മരണാനന്തരചടങ്ങെല്ലാം ഞങ്ങൾ നടത്തി. പന്ത്രണ്ടു വർഷമാണ്​ അവൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്​. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments