ജന്മിമാർക്കൊപ്പം നിന്ന് വിറ്റുകാശാക്കിയ കമ്യൂണിസ്റ്റ് പാർട്ടി
അധ്യായം അഞ്ച്
ചെറുപ്പകാലം തൃശ്ശിലേരി ഗ്രാമത്തിലായിരുന്നു.
അമ്മയോടുവഴക്കടിച്ച് അവരുടെ കൂടെ ഞാനും വലിയ ലോറിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജാഥയ്ക്ക് പോകുമായിരുന്നു. ലോറി നിറയെ നമ്മളെ ആളുകളുണ്ടാകും. ഇത് എന്റെ കുഞ്ഞുമനസ്സിന് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. തൃശ്ശിലേരിക്കപ്പുറത്തേക്ക് മറ്റൊരു ലോകമില്ലെന്നു കരുതിയ ഞാൻ അന്നാദ്യമായി ബത്തേരിയും കൽപറ്റയും കണ്ടു.
കൂലിപ്പണിയെടുക്കുന്ന സമയത്തും പാർട്ടിപരിപാടിക്ക് പോകും. എല്ലാവരും കമ്യൂണിസ്റ്റ് പാർട്ടിയുടെ ജാഥയ്ക്ക് പോകും. പാർട്ടിനയം എന്താണെന്നോ, മാനിഫെസ്റ്റോ എന്താണെന്നോ, പ്രത്യയശാസ്ത്രം എന്താണെന്നോ ഞങ്ങൾക്കറിയില്ലായിരുന്നു. കൂലിക്കുവേണ്ടി സമരത്തിനിറങ്ങുന്ന പാർട്ടിയാണ്. അവർ വിളിക്കും, ഞങ്ങൾ പോകും.
സഖാക്കൾ തരുന്ന കൊടിയും പിടിച്ച്, അവർ പറഞ്ഞുതരുന്ന മുദ്രാവാക്യവും വിളിച്ച്, ഞങ്ങൾ പോകും. നമ്മളെ ആളുകൾ ഗോത്രഭാഷ മാത്രം സംസാരിക്കുന്നവരായിരുന്നു. മലയാളമൊന്നും അറിയില്ല. പാർട്ടിക്കാർ മലയാളത്തിൽ മുദ്രാവാക്യം വിളിച്ചുകൊടുക്കുമ്പോൾ നമ്മളെ ആളുകൾക്ക് അതുപറയാൻ കിട്ടില്ല. അപ്പോൾ ഞങ്ങളിൽ ചിലർ ഗോത്രഭാഷയിൽ അങ്ങനെത്തന്നെ എന്നർഥമുള്ള ‘ആണത്തന്നെ' സിന്ദാബാദ് എന്നുപറയും.
പാർട്ടിപരിപാടി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ രാത്രിയാകും. രാത്രി ഒന്നും വെച്ചുതിന്നാനൊന്നും സമയമുണ്ടാവില്ല, പട്ടിണിയിൽ കിടന്നുറങ്ങും. രാവിലെ എഴുന്നേറ്റ് എല്ലാവരും പണിക്കുപോകും.
പനി വല്ലാതെ കൂടി ബോധം നഷ്ടപ്പെട്ടു. അങ്ങനെ ആശുപത്രി ബെഡിൽ കിടന്ന് ഞാൻ ‘ഇക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചു. ഞാൻ ഉച്ഛത്തിൽ മുദ്രാവാക്യം വിളിച്ചപ്പോൾ നഴ്‌സുമാരെല്ലാം ഓടിവന്നുവെന്ന് അവർ പറഞ്ഞു.
ജാഥയ്ക്കുപോയിപ്പോയി ഞാൻ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി. പ്രസിഡന്റും, സെക്രട്ടറിയുമെല്ലാം മറ്റു സമുദായക്കാരായിരുന്നു. ആദിവാസികൾ പാർട്ടിയിൽ വെറും മെമ്പർമാർ മാത്രം. പട്ടിണി കിടന്നും വെയിലും മഴയും കൊണ്ടും പാർട്ടിപ്രവർത്തനം നടത്തി എനിക്ക് പനി പിടിച്ചു. അത് വകവെക്കാതെ വീണ്ടും പ്രവർത്തനത്തിനിറങ്ങി. അത് ടൈഫോയിഡ് പനിയായി. മാനന്തവാടി ഗവൺമെൻറാശുപത്രിയിൽ അഡ്മിറ്റായി. പനി വല്ലാതെ കൂടി ബോധം നഷ്ടപ്പെട്ടു. അങ്ങനെ ആശുപത്രി ബെഡിൽ കിടന്ന് ഞാൻ ‘ഇക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചു. പിറ്റേദിവസം നഴ്‌സ് വന്നു ചോദിച്ചു, ഇന്നെന്താ മുദ്രാവാക്യവും പ്രകടനവുമൊന്നും നടത്തണ്ടേ? ഞാൻ ഉച്ഛത്തിൽ മുദ്രാവാക്യം വിളിച്ചപ്പോൾ നഴ്‌സുമാരെല്ലാം ഓടിവന്നുവെന്ന് അവർ പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോഴാണ് ഡിസ്ചാർജ്ജായത്. അന്ന് അമ്മ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. അനിയൻ രാജു ഇടയ്ക്കുവന്ന് അന്വേഷിച്ചിട്ട് പോയി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ കൂലിക്കുവേണ്ടി ഞങ്ങൾ സമരം ചെയ്തു. കൂലിയുടെ കാര്യത്തിൽ തീരുമാനമാവാതെ പണിയെടുക്കരുതെന്നുപറഞ്ഞ്, പണിയെടുക്കുന്നവരെ പാടത്തുനിന്ന് കേറ്റിവിടാൻ സഖാക്കൾ എന്നോടുപറയും. ആ സമയത്തെല്ലാം ഞാൻ മുന്നിൽനിന്ന് കാര്യങ്ങൾ ചെയ്യും. അന്നത്തെ ഏതാണ്ടെല്ലാ ജന്മിമാരും രാഷ്ട്രീയപാർട്ടി നേതാക്കൻമാരായിരുന്നു. പണിമുടക്കിൽ സഹകരിക്കണമെന്നുപറഞ്ഞ് ഓരോ സ്ഥലത്തും ആളുകളെ കേറ്റിവിടാൻ നമ്മളോടൊപ്പം ഓടിനടന്ന ജന്മിയും പാർട്ടിനേതാവുമായ ഒരാളുടെ പാടത്ത് എത്തിയപ്പോൾ അവിടെ നാൽപതോളം സ്ത്രീകളും പുരുഷന്മാരും പണിയെടുക്കുന്നതാണ് ഞങ്ങൾ കണ്ടത്.
അദ്ദേഹത്തോട് ഞങ്ങൾ പറഞ്ഞു, എല്ലാ സ്ഥലത്തും പണിയെടുത്തുകൊണ്ടിരുന്ന ആളുകളെ കേറ്റിവിട്ടിട്ട് നിങ്ങളുടെ പാടത്ത് മാത്രം ഇത്രയധികം ആളുകളെകൊണ്ട് പണിയെടുപ്പിക്കുന്നത് ശരിയല്ല. എന്നിട്ട്, എല്ലാവരെയും ഞങ്ങൾ പാടത്തുനിന്ന് കേറ്റിവിട്ടു.
രണ്ടുരൂപയിൽ നിന്ന് ഇരുപത്തഞ്ചു പൈസ കൂടി കൂട്ടിക്കിട്ടാനാണ് സമരം. സമരത്തിനൊടുവിൽ സഖാക്കളും മുതലാളികളും നമ്മളെ കൂട്ടാതെ ചർച്ച നടത്തും. അങ്ങനെ ഇരുപത്തഞ്ചു പൈസക്കുപകരം പത്തുപൈസക്ക് ഒത്തുതീർപ്പാക്കും. സഖാക്കൾ പോയിക്കഴിയുമ്പോൾ ജന്മി നമ്മളോടു പറയും, ഞങ്ങൾ ഇരുപത്തഞ്ചു പൈസയിൽ ഒത്തുതീർപ്പാക്കാനിരുന്നതാണ്, സഖാക്കൾ പത്തുപൈസയിൽ ഒത്തുതീർപ്പാക്കി എന്ന്.
നമ്മളെ ആളുകൾ രാവിലെ വല്ല കാട്ടുകിഴങ്ങോ, പച്ചവെള്ളമോ കുടിച്ച് പട്ടിണിയൊക്കെ കിടന്നാണ് സമരം ചെയ്യുക. അങ്ങനെയുള്ള സമരങ്ങളെയാണ് പാർട്ടിക്കാർ വിറ്റുകാശുണ്ടാക്കുന്നത്. ഒരു ചർച്ചയിലും ആദിവാസികളെ ഉൾപ്പെടുത്തില്ല.
കൈകൂലി വാങ്ങി സഖാക്കൾ ഞങ്ങളെ പറ്റിക്കുകയാണ്, ഞങ്ങൾ ഇത് സഖാക്കളോടു ചോദിക്കും. ജന്മിമാർ നുണപറയുന്നതാണെന്നായിരിക്കും അവരുടെ മറുപടി. ഇക്കുറി കൃഷി നഷ്ടമാണ്, അടുത്തകൊല്ലം കൂലി കൂട്ടിത്തരും എന്നൊക്കെയുള്ള ഉറപ്പുകളും തരും. അതു വിശ്വസിച്ച് വീണ്ടും ഞങ്ങൾ പാർട്ടിപരിപാടിക്ക് പോയിക്കൊണ്ടിരുന്നു. ലോറിയിൽ കയറിയാൽ ഞങ്ങൾക്ക് വിമാനത്തിൽ കയറിയ പോലെയായിരുന്നു. നമ്മളെ ആളുകൾ കുറെപേർ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും കുറെ പേർ കോൺഗ്രസിനൊപ്പവുമാണ്പോയിക്കൊണ്ടിരുന്നത്. ഒരുദിവസം കോൺഗ്രസ് ജാഥ നടന്നപ്പോൾ അതിൽ എത്രയാളുകളുണ്ട്, ആരൊക്കെ വന്നു എന്നുനോക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ ആളുകൾ വഴിയരികിൽ നിൽക്കുന്നുണ്ടായിരുന്നു.
ആ ജാഥയിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പോയ ആദിവാസികളുമുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാർ വിചാരിക്കും, അവരുടെ കൂടെയുള്ള ആദിവാസികൾ കോൺഗ്രസിൽ പോയെന്ന്. സഖാക്കൾക്ക് മനസ്സിലാകാൻ വേണ്ടി നമ്മളെ ആളുകൾ കോൺഗ്രസുകാർ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം വിളിക്കാതെ ഗോത്രഭാഷയിൽ സ്വന്തം മുദ്രാവാക്യം വിളിക്കും, ‘ജാഥയിൽ വഞ്ചനെ നോക്കണ്ട... ഒച്ചക്കു നടാന്തു വരുവാ പോടിച്ചിച്ചാ...' (ജാഥയുടെ കൂടെ വന്നത് നോക്കണ്ടാ... ഒറ്റയ്ക്ക് നടന്നുവരാൻ പേടിച്ചിട്ടാണ്...)
കമ്യൂണിസ്റ്റുകാരെ നോക്കി നമ്മളെ ആളുകൾ ഇങ്ങനെ വിളിച്ചുപറയാൻ കാരണം, നാളെ അവരെ എന്തെങ്കിലും ചെയ്യുമോ, പറയുമോ എന്ന് പേടിച്ചിട്ടാണ്.
കമ്യൂണിസ്റ്റുപാർട്ടിയിൽ ഞാൻ സജീവപ്രവർത്തകയായി.
പതിനഞ്ചാമത്തെ വയസ്സിൽ പാർട്ടി ബ്രാഞ്ച് മെമ്പറും, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി മെമ്പറും ആയി. ഒരു പ്രദേശത്തെ പാർട്ടി മെമ്പറായ ആരുടെയെങ്കിലും വീട്ടിൽ വെച്ചായിരുന്നു ബ്രാഞ്ച് മീറ്റിങ്.
കാപ്പിക്കും കുരുമുളകിനും നെല്ലിനും തേങ്ങക്കും അടയ്ക്കക്കും വില വേണം എന്ന മുദ്രാവാക്യം വിളിച്ച് സമരം നടത്തും. നാലഞ്ചുമാസം കഴിയുമ്പോൾ ഇതിനെല്ലാം വില കൂടും.
മുദ്രാവാക്യം വിളിച്ച നമ്മൾക്ക് എന്താണ് പ്രയോജനം?
നമ്മൾക്ക് കുരുമുളക് വള്ളിയില്ല, നെൽവയലില്ല, കവുങ്ങില്ല, തെങ്ങില്ല, സ്വന്തമായി ഒരു കാന്താരിചീനി നട്ട് പറിച്ചെടുക്കാനുള്ള സ്ഥലമില്ല.
പിന്നെ ആർക്കുവേണ്ടിയാണ് മുദ്രാവാക്യം വിളിച്ചത്? നമുക്കുവേണ്ടിയല്ല, നമ്മൾക്കുവേണ്ടി നമ്മൾ ഒന്നും ചെയ്യുന്നില്ല. ഇത് തിരിച്ചറിഞ്ഞപ്പോൾ പാർട്ടിപരിപാടിക്ക് പോകുന്നത് ഞാൻ നിർത്തി. പല സ്ഥലത്തും പല സമരങ്ങളും നടന്നുവെങ്കിലും എല്ലാ സമരവും ഈ രീതിയിലായിരുന്നു.
മദ്യം, ചായ, കടി, വെറ്റിലയടയ്ക്ക എന്നിവയെല്ലാം കൊടുത്ത് പാർട്ടിക്കാർ ഗോത്രമൂപ്പൻമാരെ വശീകരിച്ചു. നമ്മളെയാളുകൾക്ക് ഒന്നും അറിയില്ല. ആടുമാടുകളെ മേച്ചുകൊണ്ടുപോകുന്ന പോലെ പാർട്ടിപരിപാടിക്ക് ആളുകളെ കൊണ്ടുപോയിക്കൊണ്ടിരുന്നു. നമ്മളെ ആളുകൾ രാവിലെ വല്ല കാട്ടുകിഴങ്ങോ, പച്ചവെള്ളമോ കുടിച്ച് പട്ടിണിയൊക്കെ കിടന്നാണ് സമരം ചെയ്യുക. അങ്ങനെയുള്ള സമരങ്ങളെയാണ് പാർട്ടിക്കാർ വിറ്റുകാശുണ്ടാക്കുന്നത്. ഒരു ചർച്ചയിലും ആദിവാസികളെ ഉൾപ്പെടുത്തില്ല.
പാർട്ടിക്കാർ പോയിക്കഴിയുമ്പോൾ ജന്മിമാർ വന്ന്, പാർട്ടിക്കാർ കൈകൂലി വാങ്ങിയതിനെപ്പറ്റി ഞങ്ങളോട് പറയാൻ കാരണം, അവരുടെ മേഖലയിൽ പാർട്ടിയുടെ നേതൃത്വത്തിൽ ഇനിയൊരു സമരം ഇല്ലാതിരിക്കാനും, കൂലി കൂട്ടാതിരിക്കാനും വേണ്ടിയാണ്. അല്ലാതെ ആളുകളുടെ അധ്വാനത്തിന്റെ കൂലി കൊടുക്കണമെന്ന് വിചാരിച്ചിട്ടല്ല.
പാർട്ടി ആദിവാസികളെ ചൂഷണം ചെയ്യുന്നതുകണ്ട് അതിനെതിരെ ഞാൻ പറഞ്ഞപ്പോൾ, ഇവിടെനിന്ന് തീരുമാനം എടുക്കാൻ പറ്റില്ല എന്നും മേൽകമ്മിറ്റി തീരുമാനിക്കണമെന്നും സഖാക്കൾ പറഞ്ഞു. ആളുകളെ ചൂഷണം ചെയ്യുന്ന മേൽകമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിക്കാൻ പറ്റില്ല എന്നുപറഞ്ഞ് 1987-ൽ ഞാൻ കമ്യൂണിസ്റ്റ് പാർട്ടി വിട്ടു. ഇവിടുത്തെ ഏറ്റവും വലിയ പാർട്ടി ഒന്ന് കമ്യൂണിസ്റ്റ് പാർട്ടിയും മറ്റൊന്ന് കോൺഗ്രസുമാണ്. ഇതുരണ്ടും വിചാരിച്ചാലും ആദിവാസികളെ ഒന്നിച്ചുനിർത്താനാകില്ല. എന്നിട്ടിപ്പോൾ അക്ഷരം അറിയാത്ത ‘അടിയാത്തി' പെണ്ണ് വിചാരിച്ചാൽ എന്തുചെയ്യാൻ പറ്റുമെന്ന് പാർട്ടി നേതാക്കൾ എന്നോട് ചോദിച്ചു.
അപ്പോഴത്തെ വാശിക്ക് ഞാൻ തിരിച്ചുചോദിച്ചു, പതിനായിരം ആളുകളെ ഞാൻ ഒന്നിച്ചുനിർത്താം, നിങ്ങൾക്ക് എണ്ണാൻ ധൈര്യമുണ്ടോ?
അന്ന് എന്റെ കൂടെ പത്തുപേർ പോയിട്ട്, ഒരാൾ പോലുമുണ്ടായിരുന്നില്ല.
കൂടെ ആരേലും കൂടുമോ? എന്നെ ആരേലും കൂട്ടുമോ? എന്നൊന്നും എനിക്കറിയില്ലായിരുന്നു. എനിക്ക് ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പാർട്ടിപരിപാടിക്കെല്ലാം പോയിരുന്നത്. പാർട്ടി വിട്ടപ്പോൾ ഒരുമിച്ചു നടന്നവർ എന്നെ കാണുമ്പോൾ മുഖം തിരിച്ചുനടന്നു. വ്യക്തിവിരോധം പോലെ കണ്ടാൽ മിണ്ടാതായി. മാനസികമായി ഭയങ്കരമായ ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപ്പോഴും സത്യത്തിനും, നീതിക്കും വേണ്ടിയും ചൂഷണത്തിനെതിരെയും ഉറച്ച നിലപാടോടുകൂടി നിന്നു.
ഇതിനെല്ലാം പ്രചോദനമായിരുന്നത് ഇത്തരം ഒറ്റപ്പെടലും, അകറ്റിനിർത്തലും, അയിത്തവും ആയിരുന്നു. നമ്മളെ ആളുകളെല്ലാം കൂലിപ്പണി എടുക്കുന്നവരായതുകൊണ്ട് കൂലിക്കുവേണ്ടി സമരം ചെയ്യാൻ മുന്നിട്ടിറങ്ങുന്ന പാർട്ടി എന്ന നിലയിലാണ് അന്ന് നമ്മളെ ആളുകൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ പോയത്. ഇന്ന് ആട് കിട്ടും, പശു കിട്ടും, കോഴി കിട്ടും, വീട് കിട്ടും എന്ന് പറഞ്ഞിട്ടാണ് പാർട്ടിയിലേക്ക് പോകുന്നത്. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.