എന്റെ ആദ്യത്തെ കുടിൽകെട്ടൽ സമരം
ആദ്യ ഭൂസമരം

​എ.കെ.ജി യുടെ കാലത്തെല്ലാം മിച്ചഭൂമി കണ്ടെത്തി അവിടെ കൊടി കുത്തിയാണ് സമരം നടത്തിയത്. എന്നാൽ മിച്ചഭൂമിയിൽ കുടിൽ കെട്ടി സമരം ആദ്യം നടത്തിയത് ആദിവാസികളാണ്.

അധ്യായം ഏഴ്​

സാക്ഷരതാക്ലാസിലെ ചെറുപ്പക്കാരുടെ കൂട്ടായ്മ ഞങ്ങൾക്കേറെ പ്രയോജനപ്പെട്ടിരുന്നു. നമ്മുടെ ആളുകളുടെ പ്രശ്‌നം പരിഹരിക്കാൻ ഒരു സംഘടന ഉണ്ടാക്കണമെന്ന ആശയം ഞങ്ങൾക്കിടയിൽ ചർച്ചയായി. അങ്ങിനെ പത്തു ചെറുപ്പക്കാർ ചേർന്ന് ‘ആദിവാസി വികസന പ്രവർത്തക സമിതി' എന്ന സംഘടന ഉണ്ടാക്കി. മെമ്പർഷിപ്പൊന്നും വേണ്ടെന്നും നമ്മുടെ പ്രവർത്തനം മറ്റുള്ളവർക്ക് ഗുണമായാൽ മതിയെന്നും അതില്ലെങ്കിൽ സംഘടന പിരിച്ചുവിടാമെന്നായിരുന്നു തീരുമാനം. പ്രസിഡൻറ്​ ഞാനായിരുന്നു. ബത്തേരി അമ്പലവയൽ കോളനിയിലെ ഇ. ഒ. മാധവൻ ആയിരുന്നു ആദ്യ സെക്രട്ടറി. രണ്ടാമത് സെക്രട്ടറിയായത് വയനാട് വെണ്ണിയോട് കോളനിയിലെ രാമചന്ദ്രനായിരുന്നു. മംഗലോത്ത് കമ്മനം കോളനിയിലെ എം. കെ. ബാലൻ, പാർവ്വതി, കാളി, കമ്മനം വെങ്ങലോട്ട് കോളനിയിലെ തങ്ക, തങ്കയുടെ സഹോദരൻ ബാലൻ, വാകേരിയിലെ മടൂർ കേശവൻ, തവിഞ്ഞാലിലെ തങ്ക, കൃഷ്ണൻ തുടങ്ങിയവർ സംഘടനയിലെ ആദ്യത്തെ സജീവ പ്രവർത്തകരായിരുന്നു.

എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്ത് അവസാനമെത്തുന്നത് ‘ഭൂരാഹിത്യത്തിലായിരുന്നു' ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കാൻ ബോധവത്കരണ ക്ലാസ് കൊടുത്താലൊന്നും പ്രശ്‌നത്തിന് പരിഹാരമുണ്ടാവില്ല. അതിന്​ സ്വന്തമായി ‘ഭൂമി' തന്നെ വേണം.

എന്തിനും ഏതിനും തയ്യാറുള്ള കൂട്ടുകാർ എന്റെ മുന്നോട്ടുള്ള പാതയിൽ വഴികാട്ടികളായിരുന്നു. ഈ സംഘടനയിലൂടെയാണ് ഞാൻ പ്രവർത്തനം ആരംഭിക്കുന്നത്. ആളുകളെല്ലാം പകൽ പണിക്ക് പോകുന്നതുകൊണ്ട് രാത്രിയാണ് കോളനികളിൽ മീറ്റിംഗ് കൂടിയിരുന്നത്. എല്ലാ ദിവസങ്ങളിലും രാത്രി മീറ്റിംഗ് കൂടാൻ തുടങ്ങി. ഏതു കോളനിയിലാണോ പോയത് അവിടുത്തെ പ്രശ്‌നം മാത്രമേ ആ സമയത്ത് ചർച്ച ചെയ്യുകയുള്ളൂ. ഓരോ കോളനിയും സന്ദർശിച്ച് പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ട്? വഴക്കുണ്ടാക്കുന്നത് എന്തിനുവേണ്ടി? ഒരാളുടെ വീട്ടിൽ മറ്റൊരാൾ പോകാത്തത്, പരസ്പരം മിണ്ടാത്തത് എന്തുകൊണ്ട്​?, അവിവാഹിതരായ അമ്മമാർ ഉണ്ടാകുന്നത് എന്തുകൊണ്ട്​? തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു കൂടുതലും ചർച്ച.

പരസ്പരം വഴക്കിന്റെയും, മിണ്ടാത്തതിന്റെയും കാരണം അന്വേഷിച്ചപ്പോൾ പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമില്ലാത്തതിന്റെ പേരിലും, വെറ്റില മുറുക്കി നീട്ടിത്തുപ്പാൻ ഇടമില്ലാത്തതിന്റെ പേരിലും, കുടിക്കാൻ വെള്ളമില്ലാത്തതിന്റെ പേരിലും, നടക്കാൻ വഴിയില്ലാത്തതിന്റെ പേരിലും, കേറിക്കിടക്കാൻ കൂരയില്ലാത്തതിന്റെ പേരിലുമൊക്കെയായിരുന്നു ഇത്തരം പ്രശ്​നങ്ങൾ. ഒരു കുടിലിൽ അഞ്ചും ആറും കുടുംബമുണ്ടാകുമ്പോൾ ഭാര്യക്കും ഭർത്താവിനും സ്വകാര്യമായി സംസാരിച്ചിരിക്കാൻ പോലും അവസരം കിട്ടാറില്ല. ഭർത്താവ് വിളിക്കുമ്പോൾ അവിടെ കുറെയാളുകളുള്ളതുകൊണ്ട് ഭാര്യ പോകാതെയാകും. അതിന്റെ പേരിൽ വഴക്കാവും. അപ്പോൾ കുടുംബക്കാരിടപെടും. അത് വലിയ പ്രശ്‌നമാകും, ഒരാൾ ആത്മഹത്യ ചെയ്യും. ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നമേയുണ്ടാകൂ. പക്ഷേ അതിന്​ അവസരം ലഭിക്കാത്തതുകൊണ്ട് അതൊരു വിരോധമായി മാറുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യും. എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്ത് അവസാനമെത്തുന്നത് ‘ഭൂരാഹിത്യത്തിലായിരുന്നു' ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കാൻ രാവിലെ എട്ടുമണിമുതൽ വൈകീട്ട് അഞ്ചുമണിവരെ ബോധവത്കരണ ക്ലാസ് കൊടുത്താലൊന്നും പ്രശ്‌നത്തിന് പരിഹാരമുണ്ടാവില്ല. അതിന്​ സ്വന്തമായി ‘ഭൂമി' തന്നെ വേണം.

ജന്മിമാർ മീറ്റിംഗ് മുടക്കുന്നതിന്​ കാരണമുണ്ടായിരുന്നു. മീറ്റിംഗിൽ പങ്കെടുത്താൽ കൂലി കൂട്ടിത്തരാനാവശ്യപ്പെടും, കൂടുതൽ സമയം പണിയെടുപ്പിക്കുന്നതിനെ പറ്റി ജന്മിയുടെ നേർക്കുനിന്ന് ആളുകൾ ചോദിക്കും.

കോളനികളിൽ മീറ്റിംഗുകൾ നിരന്തരം നടന്നുകൊണ്ടിരുന്നു. മീറ്റിംഗുകൾ മുടക്കാൻ ജന്മിമാർ പല പദ്ധതികളും നടത്തി. ഞങ്ങൾ ഞായറാഴ്ച മീറ്റിംഗ് കൂടാൻ തീരുമാനിച്ചാൽ ആരെങ്കിലുംവഴി അവിടെയുള്ള ജന്മിമാർ ഇതറിയും. ശനിയാഴ്ച വരെ പണിയെടുത്ത നമ്മുടെ ആളുകളോട് ജന്മി പറയും, ഞായറാഴ്ച ഞണ്ടു പിടിച്ചോണ്ടു വന്നാൽ പൈസ തരാമെന്ന്. അങ്ങിനെ ആളുകളെയെല്ലാം ഞണ്ടു പിടിക്കാൻ പറഞ്ഞുവിടും. ഞങ്ങൾ കോളനിയിലെത്തുമ്പോൾ അവിടെ ആരും ഉണ്ടാവില്ല. ഒരു സ്ഥലത്ത് ജന്മിയുടെ പറമ്പിന്റെ അതിര് മണ്ണുകോരി അടിച്ചു പിടിപ്പിക്കുന്ന പണിയായിരുന്നു ആളുകൾക്ക്. ശനിയാഴ്ചയായപ്പോഴേക്കും ആ പണി തീർന്നു. അതുകൊണ്ട് ഞായറാഴ്ച ഞങ്ങൾ മീറ്റിംഗ് വെച്ചു. ഇത് ജന്മി അറിഞ്ഞു. ശനിയാഴ്ച സന്ധ്യക്ക് മണ്ണുകോരി അടിച്ചു പിടിപ്പിച്ച തിണ്ട്​ ജന്മി ചവിട്ടിപ്പൊളിച്ചിട്ടു. എന്നിട്ട് നമ്മളെ ആളുകളോട് പറഞ്ഞു, നാളെ ഇത് വന്നു പൂർത്തിയാക്കണമെന്ന്. അന്നത്തെ ദിവസത്തെ മീറ്റിംഗിന് ആളുകളെ വിടാതെ ഞായറാഴ്ചയും പണിയെടുപ്പിച്ചു. ഇങ്ങനെയുള്ള സംഭവങ്ങൾ കുറെയുണ്ടായിട്ടുണ്ട്. ജന്മിമാർ മീറ്റിംഗ് മുടക്കുന്നതിന്​ കാരണമുണ്ടായിരുന്നു. മീറ്റിംഗിൽ പങ്കെടുത്താൽ കൂലി കൂട്ടിത്തരാനാവശ്യപ്പെടും, കൂടുതൽ സമയം പണിയെടുപ്പിക്കുന്നതിനെ പറ്റി ജന്മിയുടെ നേർക്കുനിന്ന് ആളുകൾ ചോദിക്കും. ഈയൊരു തിരിച്ചറിവ് ജന്മിമാർക്കുള്ളതുകൊണ്ടായിരുന്നു മീറ്റിംഗ്​ മുടക്കിയിരുന്നത്​.

പകലത്തെ പണിയെല്ലാം കഴിഞ്ഞ് രാത്രിയാണ്​ കോളനിയിലെ ആളുകൾ മീറ്റിംഗ് കൂടാൻ വരിക. ഒമ്പതുമണി മുതൽ വെളുപ്പിന് രണ്ടു മണിവരെയെല്ലാം മീറ്റിംഗ് കൂടിയിട്ടുണ്ട്. രാവിലെ എല്ലാവരും പണിക്കിറങ്ങുമ്പോൾ ഞങ്ങൾ സംഘടനാപ്രവർത്തകർ കാട്ടിലെ കുറുക്കുവഴിയിലൂടെ നടന്ന് അടുത്ത കോളനിയിലേക്ക് പോകും. വണ്ടിയിൽ കേറിപ്പോകാൻ പൈസയില്ലാത്തതുകൊണ്ടാണ് കാട്ടിലെ കുറുക്കുവഴികളിലൂടെ പോകുന്നത്. ചിലപ്പോൾ, ചില കോളനിക്കാർ സഹതാപം വിചാരിച്ച് വണ്ടിക്കൂലിക്ക് എന്തേലും ചില്ലറ തരും. കൂലിപ്പണി നിർത്തി സംഘടനാ പ്രവർത്തനം മാത്രമായതുകൊണ്ട് ബസിൽ സഞ്ചരിക്കാനും ഭക്ഷണം കഴിക്കാനും പൈസയുണ്ടായിരുന്നില്ല. ചില കോളനികളിൽ രാത്രി തങ്ങുമ്പോൾ അവർ കഞ്ഞി തരും, അത് ഞങ്ങൾ കഴിക്കും. ചില കോളനികളിൽ പോയാൽ ഒന്നുമുണ്ടാകില്ല. രാവിലെ കാപ്പിവെള്ളം മാത്രം കുടിച്ച് അടുത്ത കോളനികളിലേക്ക് നടക്കും.

തൊണ്ടിന്റെ പൊടി വെള്ളത്തിലിട്ട് തിളപ്പിച്ചാണ് അന്ന് കാപ്പി കുടിച്ചിരുന്നത്. വിശക്കുമ്പോൾ കടയിൽ നിന്ന്​ ചായകുടിക്കാനെല്ലാം കൊതിയാകും. പക്ഷെ പൈസയില്ലാത്തതുകൊണ്ട് കുടിക്കില്ല.

അന്ന് ഇന്നത്തെപ്പോലെ കാപ്പിപ്പൊടിയോ ചായപ്പൊടിയോ ഒന്നുമില്ലായിരുന്നു. ജന്മിയുടെ വീട്ടിൽ ഉണ്ടക്കാപ്പി കുത്താൻ പോകുമ്പോൾ അതിൽ നിന്ന് പൊടിയാത്ത തൊണ്ടെടുത്ത് വീടുകളിലേക്ക് കൊണ്ടുവരും, ആ കാപ്പിത്തൊണ്ട് വറുത്ത് പൊടിച്ചെടുത്ത് വെയ്ക്കും, തൊണ്ടിന്റെ പൊടി വെള്ളത്തിലിട്ട് തിളപ്പിച്ചാണ് അന്ന് കാപ്പി കുടിച്ചിരുന്നത്. വിശക്കുമ്പോൾ കടയിൽ നിന്ന്​ ചായകുടിക്കാനെല്ലാം കൊതിയാകും. പക്ഷെ പൈസയില്ലാത്തതുകൊണ്ട് കുടിക്കില്ല. കോളനികളിലേക്ക് എത്ര ദൂരമുണ്ടെങ്കിലും ഞങ്ങൾ നടന്നുപോകും. പകൽ മൊത്തം പട്ടിണിയായിരിക്കും. രാത്രി ആരെങ്കിലും തന്നാൽ ഭക്ഷണം കഴിക്കും. ചില കോളനിക്കാർ കഞ്ഞി തരും. ‘തിന്നിട്ട് പൊയ്‌ക്കോ, ഇനി രാത്രി ഏതേലും കോളനിയിൽ പോകുമ്പോൾ അവിടെയുള്ളവർ തന്നാലല്ലേ നിങ്ങൾ കഴിക്കൂ, അതുവരെ പട്ടിണികിടന്നു നടക്കണ്ടേ, അതുകൊണ്ട് ഇവിടെയുള്ളത് കഴിച്ചിട്ട് പൊയ്‌ക്കോ’ എന്നവർ പറയും.

ചില കോളനികളിൽ ചെല്ലുമ്പോൾ ലോഹ്യമെല്ലാമുണ്ടാകും. പക്ഷേ, ആ പരിസരത്തുള്ള ജന്മികളും രാഷ്ട്രീയ പാർട്ടികളും തെറ്റിദ്ധരിപ്പിച്ചതുകൊണ്ട് കഞ്ഞിതരാൻ മനസ്സുണ്ടെങ്കിൽ പോലും അത് തരീപ്പിക്കാതെയിരിക്കും. പരമാവധി എല്ലാ കോളനിയിലും ഞങ്ങൾ മീറ്റിംഗ് കൂടിയിരുന്നു. എല്ലായിടത്തെ ആളുകളും സഹകരിച്ചു. ഒരുദിവസം കൽപ്പറ്റയിലെ വെങ്ങപ്പള്ളി പഞ്ചായത്തിൽ നാഗകുനി എന്ന സ്ഥലത്ത് മീറ്റിംഗിന് നടന്നുപോയാൽ എത്തിപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. വണ്ടിക്കൂലിക്ക് പൈസയില്ലാത്തകൊണ്ട് ഞാൻ കൂലിപ്പണിയെടുത്ത്​ മേടിച്ച കാലിലെ പാദസരം ഊരിവിറ്റു. എന്നിട്ട് ആ പൈസയിൽ ആറുപേർ വണ്ടിക്കൂലി കൊടുത്ത് ചായയും കുടിച്ച് കോളനിയിലേക്ക് മീറ്റിംഗിന് പോയി.

ഞങ്ങളൊരുദിവസം അവിടെ താമസിച്ചപ്പോൾ എത്ര കഠിനമായ വേദനയാണ് അനുഭവിച്ചത്, അപ്പോൾ കാലാകാലങ്ങളായി അവിടെ താമസിക്കുന്നവർ എത്രമാത്രം വേദനയാണ് അനുഭവിക്കുന്നതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

പൊതുപ്രവർത്തന രംഗത്ത് സജ്ജീവമായപ്പോൾ ഒരിക്കൽ സൂര്യ ടി.വിയിൽ പ്രവർത്തിച്ചിരുന്ന കൃഷ്ണമൂർത്തി സാർ ഇന്റർവ്യൂവിന് വന്നപ്പോൾ ചോദിച്ചു, നിങ്ങൾ എങ്ങനെയാണ് മീറ്റിംഗിന് പോകുന്നതെന്ന്? കാട്ടിലെ കുറുക്കുവഴികളിലൂടെ നടന്നുപോകുന്നതും പാദസരം ഊരി വിറ്റതുമെല്ലാം ഞാൻ പറഞ്ഞു. പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് ഞാൻ മീറ്റിംഗിന് പോയപ്പോൾ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിപ്പിച്ചു. എനിക്കുവേണ്ടി സാർ വേടിച്ചു വച്ച പാദസരം അന്നുതന്നു. അതിപ്പോഴും വിൽക്കാതെ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ഒരിക്കൽ വെള്ളമുണ്ട പഞ്ചായത്തിൽ ‘കോളിക്കംപാളി' പണിയ കോളനിയിൽ ഞാനും പ്രവർത്തകരും മീറ്റിംഗ് കൂടാൻ പോയി. അവിടെ ചെന്നപ്പോൾ മൂന്ന് കുടിലുകളിൽ പതിനാറോളം കുടുംബങ്ങൾ ഒന്നിച്ചുതാമസിക്കുന്നതാണ് കണ്ടത്. ആ കുടിലുകളുടെ പുറകിൽ ആദിവാസിയല്ലാത്ത ഒരാളുടെ മതിൽ, മുന്നിൽ മറ്റൊരാളുടെ പാടം. അന്നുരാത്രി അവരോടൊപ്പം ഞങ്ങളും ആ കുടിലിൽ താമസിച്ചു. കാലുനീട്ടിവെച്ച് നീണ്ടുനിവർന്ന് കിടന്നുറങ്ങാൻ സ്ഥലമില്ലാത്തതുകൊണ്ട് കുത്തിയിരുന്ന് നേരംവെളുപ്പിച്ചു. നേരം വെളുത്തപ്പോൾ ഞങ്ങളുടെ കാലിന്റെ മുട്ടിനെല്ലാം വേദനയായിരുന്നു. ഞങ്ങളൊരുദിവസം അവിടെ താമസിച്ചപ്പോൾ എത്ര കഠിനമായ വേദനയാണ് അനുഭവിച്ചത്, അപ്പോൾ കാലാകാലങ്ങളായി അവിടെ താമസിക്കുന്നവർ എത്രമാത്രം വേദനയാണ് അനുഭവിക്കുന്നതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. രാവിലെതന്നെ കോളനിയിലെ രാമനെ കൂട്ടി വില്ലേജ് ഓഫീസറുടെ വീട്ടിൽ പോയി സംസാരിച്ചു. ഇവിടെ മിച്ചഭൂമി ഉള്ളതായി അറിയുമോന്ന് അദ്ദേഹത്തോട് ചോദിച്ചു. ഇവിടെ ഭൂമിയൊന്നും ഇല്ല, തൊട്ടുമുകളിൽ ഒരേക്കർ സ്ഥലമുണ്ട്, അത് ഒരാളുടെ സ്ഥലമാണെന്ന് പറഞ്ഞ് കേസുനടക്കുകയാണെന്ന് പറഞ്ഞു.

ഞങ്ങളതൊന്നും നോക്കാതെ കോളനിയിലെ ആളുകളെ കൂട്ടി ഭൂമിയിൽ കേറി. അവിടെ പത്തു കുടിൽ കെട്ടി താമസിച്ചു. അന്ന് കർക്കിടമാസത്തിലെ കോരിച്ചൊരിയുന്ന മഴയായിരുന്നു. മഴ നനഞ്ഞ് സമരം ചെയ്യുന്നതുകൊണ്ട് എനിക്ക് പനി പിടിച്ചു. കുടിലിൽ തന്നെ കുറേദിവസം കിടന്നു. പനി കുറയാതിരുന്നപ്പോൾ ആശുപത്രിയിൽ പോയി ഏഴ് ദിവസം അഡ്മിറ്റായി. വീണ്ടും തിരിച്ചുവന്ന് സമരം സജ്ജീവമാക്കി. ഞങ്ങളെ കുടിയിറക്കാൻ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും വന്നു. ഞങ്ങൾ കുടിയിറങ്ങിപ്പോകാൻ തയ്യാറായില്ല. ‘കുടിയിറക്കിയാൽ ഇവർക്ക് പോകാൻ വേറെ ഇടമില്ല. അതുകൊണ്ട് ഈ ഭൂമി തന്നെ ഇവിടുത്തെ കുടുംബങ്ങൾക്ക് അനുവദിച്ചു കിട്ടണം’ എന്ന്​ ഞാൻ പറഞ്ഞു. ഞങ്ങൾ സമരമായി അവിടെത്തന്നെ നിന്നു.

റവന്യൂവകുപ്പ് സർക്കാരിലേക്ക് റിപ്പോർട്ട് കൊടുത്തു. മൂന്നു മാസമായപ്പോൾ വില്ലേജ് ഓഫീസർ വന്ന് കണക്കെടുത്തു. നല്ലൂർനാട് വില്ലേജ് ഓഫീസിൽ വെച്ച് പത്തു കുടുംബത്തിന് പത്തുസെൻറ്​ വീതം ഭൂമി അനുവദിച്ചു. ഭൂമി ലഭിച്ചവർ ബാക്കി കുടുംബങ്ങൾക്ക് അഞ്ച് സെൻറ്​ വീതം ഭൂമി കൊടുത്തു. ഇവർക്ക് പട്ടയവിതരണം നടത്തിയത് ഞാനായിരുന്നു. ഭൂമി ലഭിച്ച സമയത്ത് അവരവിടെ കൃഷിയിറക്കി. ഇപ്പോൾ അവരുടെ മക്കളും മക്കളുടെ മക്കളുമായി അവിടെ നീട്ടിത്തുപ്പാനിടമില്ലാത്ത കോളനിയായി മാറി. 1989-ൽ ആദിവാസി വികസന പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരമാണ് എന്റെ ആദ്യത്തെ കുടിൽകെട്ടൽ സമരവും ആദ്യത്തെ ഭൂസമരവും. എ.കെ.ജി യുടെ കാലത്തെല്ലാം മിച്ചഭൂമി കണ്ടെത്തി അവിടെ കൊടി കുത്തിയാണ് സമരം നടത്തിയത്. എന്നാൽ മിച്ചഭൂമിയിൽ കുടിൽ കെട്ടി സമരം ആദ്യം നടത്തിയത് ആദിവാസികളാണ്. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments