എല്ലാ ആദിവാസി വിഭാഗങ്ങൾക്കും അവരുടെ ഗോത്രവും ആചാരവും വിശ്വാസവും ആരാധനയും സംസ്കാരവും നിലനിർത്തി ‘ആദിവാസി മതം’ എന്ന പേരിൽ ഒരു പൊതു മതം ഉണ്ടാകണമെന്ന് സി.കെ. ജാനു. ആദിവാസി എന്നതിനെത്തന്നെ പരിവർത്തനപ്പെടുത്തി ‘ആദിവാസി മതം' എന്നാക്കണമെന്നും ട്രൂകോപ്പി വെബ്സീനിൽ പ്രസിദ്ധീകരിക്കുന്ന ‘അടിമമക്ക’ എന്ന ആത്മകഥയിൽ അവർ എഴുതുന്നു.
‘‘ആദിവാസി വിഭാഗങ്ങളുടെ മതം ‘ഹിന്ദു' എന്നെഴുതുന്നതിനുപകരം ‘ആദിവാസി' എന്നാവുകയാണെങ്കിൽ ഞങ്ങൾക്ക് സമൂഹത്തിൽ കുറെകൂടി അംഗീകാരം ലഭിച്ചേനെ. മതത്തിന്റെ പേരിൽ വിലപേശൽ നടത്തുന്ന രാഷ്ട്രീയ കേരളത്തിൽ ഞങ്ങൾക്കും ഇടം ലഭിക്കുമായിരുന്നു.’’
‘‘ഇന്നത്തെ കാലഘട്ടത്തിൽ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ജനങ്ങളെ ഏകീകരിച്ചുകൊണ്ടിരിക്കുന്നത്. അപ്പോൾ ആദിവാസികൾക്കും ദലിതർക്കും മാത്രം കൃത്യമായ ഒരു മതത്തിന്റെയോ, വിശ്വാസത്തിന്റെയോ പേരിൽ ഒരുമിക്കാൻ സാധ്യമാവുന്നില്ല. ഈ സാഹചര്യത്തെയാണ് എല്ലാവരും ചൂഷണം ചെയ്യുന്നത്. എല്ലാ ആദിവാസി വിഭാഗങ്ങൾക്കും അവരുടെ ഗോത്രവും ആചാരവും വിശ്വാസവും ആരാധനയും സംസ്കാരവും നിലനിർത്തി ഒരു പൊതു ‘മതം' ഉണ്ടാവേണ്ടതുണ്ട്. ആദിവാസികൾക്കും ദലിതർക്കും സ്വന്തമായി ഒരു മതം ഇല്ലാത്തതുകൊണ്ട് എല്ലാ മതങ്ങളിലേക്കും ആദിവാസികളെയും ദലിതരെയും വശീകരിച്ചുകൊണ്ടുപോകുന്ന ഇടപെടലും വീതം വെക്കലും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. വ്യത്യസ്ത ഗോത്ര വിഭാഗത്തിൽപ്പെട്ടവരായതുകൊണ്ടും വ്യത്യസ്ത ഗോത്രാചാരമനുസരിച്ച് ജീവിക്കുന്നവരായതുകൊണ്ടും ആദിവാസികൾക്ക് ഒരു പരിധിവരെ ഒരുമിച്ച് നിൽക്കാൻ കഴിയാതെവരുന്നു.’’
‘‘വ്യത്യസ്ത ആചാരവും വിശ്വാസവും ഭാഷയും ഉണ്ടെങ്കിലും കുറിച്യർ, കാണിക്കാർ, അടിയർ, പണിയർ, മലവേടർ, മുള്ളകുറുമർ, തേൻകുറുമർ (കാട്ടുനായ്ക്കർ), വെട്ടകുറുമർ (ചോലനായ്ക്കർ), ഇരുളർ, ഈരാളി, മുതുവാൻ, മണ്ണാൻ, ഉള്ളാടർ, മലമ്പണ്ടാരം, മുഡുകർ, കൊറഗർ, മാവിലർ, കരിമ്പാലർ, കാടർ, ഇരവാലൻ, ഹിൽപുലയ, മലയരയർ, മറാട്ടി, കുണ്ടുവടിയർ, അരനാടർ, കൊണ്ടറെഡ്ഡി, തച്ചനാടൻ, കൊച്ചുവേലൻ, മഹാമലസർ, കമ്മാറ, കൊണ്ടകപൂസ്, മന്നാൻ, പള്ളിയർ, മലവേട്ടുവർ, മലയൻ, കുറുമ്പർ തുടങ്ങിയ എല്ലാ ഗോത്ര വിഭാഗങ്ങളും ആദിവാസി എന്ന പേരിനെ അംഗീകരിക്കുകയും അതിന്റെ ഭാഗമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ആദിവാസി എന്നതിനെത്തന്നെ പരിവർത്തനപ്പെടുത്തി ‘ആദിവാസി മതം' എന്നാക്കി സ്വീകരിക്കണം. ആദിവാസി വിഭാഗങ്ങളുടെ മതം ‘ഹിന്ദു' എന്നെഴുതുന്നതിനുപകരം ‘ആദിവാസി' എന്നാവുകയാണെങ്കിൽ ഞങ്ങൾക്ക് സമൂഹത്തിൽ കുറെകൂടി അംഗീകാരം ലഭിച്ചേനെ. മതത്തിന്റെ പേരിൽ വിലപേശൽ നടത്തുന്ന രാഷ്ട്രീയ കേരളത്തിൽ ഞങ്ങൾക്കും ഇടം ലഭിക്കുമായിരുന്നു.’’
‘‘ആദിവാസികളുടെ ആചാരവും വിശ്വാസവും ഗോത്രപരമായിട്ടുള്ളതാണ്. അത് ഹിന്ദു സംസ്കാരത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നു. ഞങ്ങൾ ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഞങ്ങളുടെ ദൈവപ്പുരകളിലേക്കും ദൈവവിശ്വാസങ്ങളെയും ഹിന്ദു സമൂഹത്തിലെ മറ്റു വിഭാഗങ്ങൾ അംഗീകരിച്ചേനെ. ലോകത്ത് എത്ര ക്ഷേത്രങ്ങളുണ്ട്, ഹിന്ദു ആക്കപ്പെട്ട ഞങ്ങളെ അതിന്റെ ഏതെങ്കിലും തലത്തിൽ പരിഗണിച്ചിട്ടുണ്ടോ? ക്ഷേത്രത്തിന്റെ ഭരണസംവിധാനത്തിന്റെ അകത്ത് ഇടപെടൽ നടത്തുന്നതിൽ ഞങ്ങളില്ല. ഒരു ആദിവാസിയും ശാന്തിക്കാരനായിട്ടില്ല. ഹിന്ദുമതത്തിന്റെ ആചാരം, പഠനം എന്നിവയിലും നമ്മളെ പരിഗണിച്ചിട്ടില്ല. ബ്രാഹ്മണരും നമ്പ്യാർമാരും നായന്മാരും പട്ടരും വാര്യരും എല്ലാം വരുന്നിടത്ത് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ അവർ ഒരിക്കലും അംഗീകരിക്കില്ല.’’
‘‘ഇന്ന് വോട്ടു പിടിക്കുന്നതുപോലും വിശ്വാസത്തിന്റെ പേരിലാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ സംഘടിപ്പിച്ച് ഒരുമിച്ച് നിർത്തിയാണ് രാഷ്ട്രീയാധികാരം പോലും നേടുന്നത്. നമ്മളുടെ ആളുകൾ പല മതത്തെയും ആശ്രയിച്ച് പോകുന്നതും പല മതത്തിന്റെയും ആശ്രയരാക്കി നമ്മളെ ആളുകളെ മാറ്റുന്നതും സ്വന്തമായി ഒരു മതം ഇല്ലാത്തതുകൊണ്ടാണ്. ഇപ്പോഴത്തെ സാമൂഹ്യ വ്യവസ്ഥയിൽ മതവും വിശ്വാസവുമാണ് അധികാരവും അജണ്ടയും തീരുമാനിക്കുന്നത്. ആദിവാസി എന്ന പേര് ലോകരാഷ്ട്രീയ തലങ്ങളിൽ ആദിവാസികൾ അംഗീകരിച്ച പേരാണ്. അതുകൊണ്ട് ആദിവാസി എന്ന പേര് തന്നെ ‘മതം' ആയി പരിവർത്തനപ്പെടുത്തണം. അപ്പോൾ ആദിവാസികൾക്ക് ഒരു ഏകീകൃത കൂട്ടായ്മ ഉണ്ടാകും.’’
താൻ വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ആരോപണങ്ങൾക്കും സി.കെ. ജാനു മറുപടി പറയുന്നുണ്ട്: ‘‘ആദിവാസികൾക്ക് കാറോ മറ്റ് വാഹനങ്ങളോ വാങ്ങാൻ പാടില്ല, ആദിവാസി എന്നും ലൈൻ ബസിൽ യാത്ര ചെയ്താൽ മതി എന്ന കാഴ്ചപ്പാടുള്ളവരായിരുന്നു എനിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. മണ്ണിൽ അധ്വാനിച്ച് വിയർപ്പൊഴുക്കി കിട്ടിയ കാശ് കൊണ്ടാണ് കാറ് വാങ്ങിയത്. അല്ലാതെ ഒരാളെപ്പോലും പറ്റിച്ചിട്ടില്ല. കേരളത്തിലെ ആദിവാസികളെ വെറും മൂന്നും നാലും സെൻറ് ഭൂമിയിൽ ഒതുക്കിയാൽ അവരെന്നും ഇവിടെയുള്ളവർക്ക് അടിമയായിരിക്കും. ഭൂമിയില്ലാതെ അവർക്ക് കൃഷിയിറക്കാനോ എന്നെപ്പോലെ കാറ് വാങ്ങാനോ വീട് വെക്കാനോ ഒന്നും കഴിയില്ല. അവർക്കതിന് കഴിയരുത് എന്നാണ് മേലാളന്മാരുടെ താല്പര്യം. അല്ലെങ്കിലെന്തിന് ഞാൻ വാങ്ങിയ കാറിന്റെ പേരിൽ വെറുതെ വിവാദം. ഒരു ആദിവാസി സ്ത്രീ സ്വന്തമായി വാഹനം വാങ്ങുമ്പോൾ കേരളത്തിലെ അടിമ ഫാഷിസ്റ്റ് മനോഭാവമുള്ളവർക്ക് അതിനെ അംഗീകരിക്കാൻ കഴിയില്ല. ആദിവാസി കാറ് വാങ്ങിയത് ലോകവാർത്തയും വിവാദവും ആകുമ്പോൾ, അതിലൂടെ തന്നെ മനസ്സിലാക്കാം, ആദിവാസികളെ മനുഷ്യരായി പരിഗണിച്ചിട്ടില്ല എന്ന്. ആദിവാസികൾ കാറും ബൈക്കും എടുത്ത് റോഡിലിറങ്ങുമ്പോൾ അതൊരു ഫ്യൂഡൽ ജന്മി മനോഭാവത്തിൽ നോക്കിക്കാണുന്നവരാണ് ചുറ്റും.’’
‘‘കാറു വാങ്ങുന്ന ആദ്യത്തെ ആദിവാസിയൊന്നുമല്ല ഞാൻ. കാറും വാനും ബൈക്കും, സ്കൂട്ടിയും സ്വന്തമായുള്ള ആദിവാസികളുണ്ട്. ഇവർ ആരെയും കട്ടുമുടിച്ചല്ല വാഹനം വാങ്ങുന്നത്, മണ്ണിൽ അധ്വാനിച്ചും ജോലി ചെയ്തുമാണ്.’’
‘‘നമ്മുടെ ആളുകൾ വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ചാൽ പോലും, ഓ... ആദിവാസിയൊക്കെ പുരോഗമിച്ചുപോയി എന്ന് പുച്ഛത്തോടെ പറയുന്നവരും ‘പ്രബുദ്ധ കേരള’ത്തിലുണ്ട്. ഇവരൊന്നും ആദിവാസികളെ മനുഷ്യരായി പോലും പരിഗണിച്ചിട്ടില്ല. അതുകൊണ്ടാണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്ന വസ്തുക്കൾ ആദിവാസികൾ ഉപയോഗിക്കുമ്പോൾ അതെല്ലാം വലിയ ചർച്ചയാവുന്നത്.’’
‘‘ബൊലേറോ വാങ്ങിയപ്പോൾ എനിക്കെതിരെ ആരോപണമുണ്ടായി. ജനാധിപത്യ രാഷ്ട്രീയ പാർട്ടി വളർത്താൻ പാർട്ടിക്കു വേണ്ടി കിട്ടിയ പൈസ എടുത്തിട്ടാണ് വാഹനം വാങ്ങിച്ചതെന്ന് നമ്മുടെ പാർട്ടിയിലെ ചില പ്രവർത്തകർ ആരോപണം ഉന്നയിച്ചു. അപ്പോൾ ഞാൻ കൃത്യമായി പറഞ്ഞു: നിങ്ങൾ ഒരു മൂന്നംഗ കമീഷനെ വെച്ച് അന്വേഷണം നടത്തിക്കോ, ഏത് അന്വേഷണത്തിനും ഞാൻ ഉണ്ടാവും. പൈസ കൈപ്പറ്റിയെന്നോ അത് എന്റെ ആവശ്യത്തിന് ചെലവാക്കിയെന്നോ തെളിയിക്കുന്ന ഒരു രേഖ കിട്ടിയാൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്യും. എവിടെ കേസ് കൊടുത്താലും ഞാൻ ഹാജരാവും. പാർട്ടിയിൽ നിന്ന് സ്വയമേ രാജിവെച്ചു പോകണം എന്നാവശ്യപ്പെട്ടാൽ അതും ചെയ്യും. പക്ഷേ, ആരോപണത്തിന് കൃത്യമായ തെളിവും രേഖയും ഉണ്ടായിരിക്കണം.’’
‘‘ആരോപണം ഉന്നയിച്ചവരുമായി ഞാൻ സംസാരിച്ചു. അവരുടെ കൈയ്യിൽ തെളിവോ രേഖയോ ഒന്നുമില്ല. അവസാനം അവർ എന്നോട് മാപ്പ് പറഞ്ഞു. അബദ്ധം പറ്റിപ്പോയി, ആവർത്തിക്കില്ല, ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ പരസ്പരം സംസാരിച്ച് തീരുമാനം ഉണ്ടാക്കുമെന്ന് അവർ മൂന്നാലു പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു.’’