സിനിമാനടിയും കവിയുമായ സി.കെ. ജാനു

എന്റെ ജീവിതത്തില്‍ ഇക്കാലമത്രയും അഭിനയം ഉണ്ടായിരുന്നില്ല, യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമായിരുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അഭിനയത്തിലേക്ക് വരുമ്പോഴുണ്ടായ ബുദ്ധിമുട്ടാണ് എനിക്കുണ്ടായത് എന്നു കരുതി ഞാന്‍ ഒഴിഞ്ഞുമാറിയില്ല. അതിനെയെല്ലാം തരണം ചെയ്ത് "പസീന' എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചു.

അടിമമക്ക
അധ്യായം 43

1995- തൊട്ട് എന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു. പക്ഷെ ആ സമയത്തെല്ലാം ഭൂസമരം ശക്തമായി നടക്കുകയായിരുന്നു. ഒരുപാടുപേരുടെ നിലനില്‍പിന്റെ സമരമായതുകൊണ്ട് അവരെ പാതിവഴിയിലുപേക്ഷിച്ചുപോരാന്‍ എനിക്ക് പറ്റില്ലായിരുന്നു. ഇവരുടെ ജീവിത നിലനില്‍പിന് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ എനിക്ക് മാറിനില്‍ക്കാനുമാവില്ല. അങ്ങനെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം ഒഴിവാക്കി.

2020ല്‍ ചിറയ്​ക്കൽ മൂവീസ് അവതരിപ്പിക്കുന്ന 'പസീന' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. കുടുവന്‍ രാജന്‍ ആണ് രചനയും സംവിധാനവും. എന്റെ വീട്ടില്‍ വന്ന് പല പ്രാവശ്യം അവര്‍ സംസാരിച്ചു. കുടുംബ ചിത്രമാണ്. കഥ കേട്ടപ്പോള്‍ എനിക്കിഷ്ടമായി. കാരണം ആ സിനിമ നിലവിലുള്ള സിനിമകളില്‍നിന്ന് വ്യത്യസ്തമായിരുന്നു. സമൂഹത്തില്‍ നിന്ന് അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന പാരമ്പര്യതൊഴിലാണ് മണ്‍പാത്ര നിര്‍മാണം. മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ ജീവിതം ഈ സിനിമയുടെ ഒരു ഭാഗമാണ്. ഭിന്നശേഷിയുള്ള കുട്ടികളാണ് പാട്ടു പാടുന്നത്. പലരും അകറ്റിനിര്‍ത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരും അഭിനയിക്കുന്നുണ്ട്. ആദിവാസി വിഭാഗത്തില്‍ നിന്ന് സിനിമാരംഗത്ത് അധികം ആളുകളില്ല. ആദിവാസികള്‍ക്ക് സിനിമ ബാലികേറാമലയൊന്നുമല്ല. നമ്മുടെ ആളുകള്‍ അഭിനയരംഗത്തേക്കും വരേണ്ടതുണ്ട്. അങ്ങനെ ഒരു ചിന്തയുടെ ഭാഗമായിട്ടാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.

അപ്പോള്‍ സമരം സജീവമായി നടക്കാത്ത സമയമായതുകൊണ്ട് അഭിനയിക്കാന്‍ പോകാന്‍ പറ്റിയ സാഹചര്യവുമായിരുന്നു. മണ്‍പാത്രങ്ങളുണ്ടാക്കുന്ന കുടുംബത്തിലെ അംഗമായി അഭിനയിക്കാനാണ് എനിക്ക് അവസരം ലഭിച്ചത്. ഭാര്യയും ഭര്‍ത്താവും ഒരു മകനും അടങ്ങുന്നതാണ് സിനിമയിലെ എന്റെ കുടുംബം. മണ്‍പാത്രങ്ങളുണ്ടാക്കുന്ന രംഗം അഭിനയിക്കുമ്പോള്‍ മുണ്ടും ബ്ലൗസും തോര്‍ത്തുമാണ് വേഷം. കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. സിനിമയൊക്കെ കാണുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നത്, അഭിനയം എളുപ്പമാണെന്നാണ്. പക്ഷെ, അഭിനയിച്ചപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലാക്കിയത്. അഭിനയിച്ച് ഫലിപ്പിക്കാന്‍ വിചാരിക്കുന്ന അത്ര എളുപ്പമല്ലെന്നുമാത്രമല്ല, ബുദ്ധിമുട്ടുമാണ്. ചിലപ്പോള്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടായിരിക്കാം. എന്റെ ജീവിതത്തില്‍ ഇക്കാലമത്രയും അഭിനയം ഉണ്ടായിരുന്നില്ല, യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമായിരുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അഭിനയത്തിലേക്ക് വരുമ്പോഴുണ്ടായ ബുദ്ധിമുട്ടാണ് എനിക്കുണ്ടായത് എന്നുകരുതി ഞാന്‍ ഒഴിഞ്ഞുമാറിയില്ല. അതിനെയെല്ലാം തരണം ചെയ്ത് "പസീന' എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചു.

അധ്യായം 44:
പാട്ടില്‍ ലയിച്ചും കവിതയെഴുതിയും....

പാട്ടുകളോട് വളരെ ഇഷ്ടമുള്ള ആളാണ് ഞാന്‍. എന്തു വിഷമമുണ്ടായാലും ഞാനത് കാലാകാലങ്ങളായി മനസ്സില്‍ വെച്ച് നടക്കാറില്ല. എന്തെങ്കിലും കാര്യത്തില്‍ സങ്കടമോ വിഷമമോ തോന്നുമ്പോഴും ഒരു സ്ഥലത്ത് വെറുതെയിരിക്കുമ്പോഴും ഞാന്‍ ഉറക്കെ പാട്ട് പാടും. ഒന്നൊന്നര മണിക്കൂര്‍ പാടിയാല്‍ വിഷമം മാറും. വീട്ടില്‍ ഉച്ചത്തില്‍ പാട്ടുപാടുമ്പോള്‍ ഇതെന്തൊരു ഒച്ചപ്പാടും ബഹളവുമാണെന്നുപറഞ്ഞ് അമ്മ വഴക്കുപറയും. പണ്ട് റേഡിയോയില്‍ വരുന്ന പാട്ടുകള്‍ സ്ഥിരമായി കേള്‍ക്കുമായിരുന്നു. ‘കാട്ടുപൂക്കള്‍' എന്ന മലയാള സിനിമയിലെ ‘മാണിക്യവീണയുമായെന്‍ മനസ്സിന്റെ താമര പൂവിലുണര്‍ന്നവളെ...' എന്ന ഗാനവും, ‘നദി' എന്ന സിനിമയിലെ ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി' എന്ന ഗാനവും എനിക്ക് പ്രിയപ്പെട്ടവയാണ്.

സ്വന്തമായി കവിത കുറിക്കാറുണ്ട്. ജീവിതാനുഭവത്തില്‍ നിന്നാണ് കവിതകളുണ്ടാകുന്നത്. കവിത എഴുതാന്‍ പ്രത്യേകിച്ച് സമയമൊന്നും കണ്ടെത്താറില്ല.

ഒരു പാട്ട് കേള്‍ക്കുമ്പോള്‍ അതിന്റെ ഓരോ വരികളിലും ഞാന്‍ ലയിച്ചിരിക്കും. അപ്പോള്‍ മറ്റു കാര്യങ്ങളെല്ലാം മറക്കും. ഏതു ഭാഷയിലെ പാട്ടായാലും ആസ്വദിച്ചിരിക്കും. തമിഴ് പാട്ടിനോടും സിനിമയോടും വല്ലാത്ത ഇഷ്ടമാണ്. പണ്ട് ഒരു സിനിമ പോലും ഒഴിവാക്കാതെ കൂട്ടുകാരോടൊപ്പം കാണാന്‍ പോകുമായിരുന്നു. ഇപ്പോള്‍ അതിനൊന്നും സമയം കിട്ടാറില്ല. വീട്ടിലുള്ളപ്പോള്‍ ടി.വിയില്‍ വരുന്ന സിനിമ കണ്ടിരിക്കും. ആദ്യമൊക്കെ പരമാവധി സമയം കണ്ടെത്തി പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. രാത്രിയും പകലും മീറ്റിംഗും സമരങ്ങളുമായി വല്ലാതെ സജീവമായപ്പോള്‍ പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കിട്ടാതായി.

സ്വന്തമായി കവിത കുറിക്കാറുണ്ട്. ജീവിതാനുഭവത്തില്‍ നിന്നാണ് കവിതകളുണ്ടാകുന്നത്. കവിത എഴുതാന്‍ പ്രത്യേകിച്ച് സമയമൊന്നും കണ്ടെത്താറില്ല. യാത്ര ചെയ്യുമ്പോഴൊക്കെ മനസ്സിലൂടെ ഓരോ കാര്യങ്ങള്‍ കടന്നുവരും. അത് മനസ്സില്‍ കുറിച്ചുവെച്ച് ഞാന്‍ പാടും. കവിത ചൊല്ലാന്‍ പറ്റുന്ന അവസരത്തിലൊക്കെ ചൊല്ലാറുണ്ട്. സ്ത്രീയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഞാനെഴുതിയ കവിതകള്‍ ഇതാ:

പ്രകൃതി

പ്രകൃതിയില്‍ വിരിയുന്ന
പൂക്കളില്ല...
പൂക്കള്‍ വിതറും
സുഗന്ധമില്ല...
കരളെരിയും കാടിന്റെ
കാഴ്ച മാത്രം (2)
കാട്ടരുവി ചോലയിലെ
നീരുറവ പറയുന്നു
കാട്ടാറിന്‍ പതനത്തിന്‍
കദനകഥ.
വന്‍മരച്ചില്ലകള്‍ ആടിയുലയുന്നു.
മണ്ണിന്റെ മാറിടം
പൊട്ടിപ്പിളരുന്നു.
അടിവേരു വെട്ടുന്ന അന്തകാ,
നീ നിന്റെ അസ്ഥിവാരത്തിന്റെ
അകക്കുഴി തോണ്ടുന്നു.
അരുവികള്‍,
പൂഞ്ചോല,
നീരുറവ
വറ്റുന്നു
മണ്ണിന്റെ രക്തഞരമ്പുകള്‍
പിടയുന്നു
ഭൂഗര്‍ഭ ഊഷ്മാവ്
ഉദരത്തില്‍ ഉടയുന്നു,
മലനിരകള്‍ മായുന്നു,
മരങ്ങള്‍ മരിക്കുന്നു...
മനുഷ്യാ... നീയെന്നും
അര്‍ത്ഥശൂന്യന്‍ (2)
അര്‍ത്ഥങ്ങളില്ലാത്ത
ആദര്‍ശമില്ലാത്ത
ആയുസ്സുമില്ലാത്ത
ചാവുപിള്ള
കൂരിരുള്‍ കോട്ടകള്‍
കീറി മുറിക്കുന്ന
മുനയമ്പ് ആകുന്നു
നിന്റെ കണ്ണ്
നീയെന്റ പ്രകൃതിയെ
ഭസ്മമാക്കി (2)
പക്ഷികള്‍ ചിലക്കുന്നു
പട്ടണം കത്തുന്നു
പക്ഷിസങ്കേതങ്ങള്‍
സാങ്കല്‍പ്യമായി
ജീവജാലങ്ങളാം
നിശ്ചലദൃശ്യത്തില്‍
അസ്ഥിപഞ്ചരത്തിന്‍
ആഴിക്കൂട്ടം
ആര്‍ത്തിഭ്രാന്തിന്റെ
അണിയറക്കുള്ളിലെ
കഠിനഹൃദയനാം രക്തദാഹി
നീയൈന്റ തലമുറയെ
തിന്നുതീര്‍ത്തു (2)

സ്ത്രീ

സ്ത്രീയെന്ന നാമത്തില്‍
അകതാരില്‍ എരിയുന്ന
അഗ്നികുണ്ഡത്തില്‍ കരിയുന്നില്ല
ശിഥിലമാം സ്ത്രീയുടെ ചിറകടി.
താളത്തില്‍ തീക്ഷ്ണമാം
ചിന്തകള്‍ ചേര്‍ത്തുവെച്ചു...
വിങ്ങും വികസന മണ്ണില്‍
മയങ്ങുന്ന അമ്മതന്‍ പ്രകാശം
പൊലിയുന്നില്ല...
പുണ്യമാം പുത്തരിപ്പാടത്തു
വിളയുന്ന വിപ്ലവവിത്തു
വിതയ്​ക്കുന്നവള്‍...
അന്ധകാരത്തിന്നാത്മാവ്
ചൊല്ലുന്നു
ഇനി നീ സടകുടഞ്ഞെഴുന്നേറ്റീടൂ...(2)
ബന്ധനാം ചങ്ങല വേദനാ
വേഷങ്ങള്‍ പൊട്ടിച്ചെറിഞ്ഞവള്‍
പുഞ്ചിരിച്ചു.
ദീര്‍ഘമാം നിതാന്ത നിഗൂഢതന്‍
ഊഞ്ഞാലില്‍
ഉറങ്ങി ഉണര്‍ന്നു പ്രകാശരശ്മി (2)
മൂകമാം മുക്തികുടീരത്തിന്‍
നെറുകയില്‍
എരിയുന്ന തീ നാളമായി ജ്വലിച്ചു (2)

അധ്യായം 45: അമ്മ

ന്റെ അമ്മയുടെ അച്ഛന്റെ പേര് കാളന്‍ എന്നും അമ്മയുടെ പേര് അമ്മിണി എന്നും ആണ്. അമ്മക്ക് നാലു സഹോദരങ്ങളാണ്- പൊന്തന്‍, ദേവി, നെല്ലി, മാര. പൊന്തന്‍മാമനും ദേവി കുഞ്ഞമ്മയും മരിച്ചു. ഇവര്‍ തിരുനെല്ലിയിലായിരുന്നു താമസം. നെല്ലിമാമന്‍തൃശ്ശിലേരിയും മാരകുഞ്ഞമ്മ തിരുനെല്ലിയിലും താമസിക്കുന്നുണ്ട്. ഞങ്ങള്‍, മക്കളെല്ലാം കുഞ്ഞായിരുന്ന സമയത്താണ് എന്റെ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചുപോയത്. ആ സമയത്ത് അമ്മ ഗര്‍ഭിണിയായിരുന്നു. അമ്മ ഒറ്റക്ക് പണിയെടുത്താണ് ഞങ്ങള്‍ അഞ്ചു മക്കളെ നോക്കിയത്. ഞങ്ങളുടെ വിശപ്പുമാറ്റാന്‍ അമ്മ, വയറില്‍ തേര്‍ത്ത് ചുറ്റിക്കെട്ടി, കാട്ടില്‍ കിഴങ്ങ് ശേഖരിക്കാന്‍ പോകും. കിഴങ്ങ് കിളക്കല്‍ ഒരു പണിയാണ്. മണ്ണ് വീതിയില്‍ കിളച്ചുമാറ്റി കുഴിച്ചെടുക്കണം. കാട്ടുകിഴങ്ങ് കിളച്ചെടുക്കാനും നല്ല ഉഷാറു വേണം. ക്ഷീണം മാറാന്‍ കുറച്ച് ഇരുന്ന ശേഷമാണ് വീണ്ടും കിളക്കാന്‍ തുടങ്ങുന്നത്. രാത്രി എട്ടുമണി വരെയൊക്കെ കിഴങ്ങ് കിളച്ച്, വിറകുമെടുത്ത് അമ്മ വരും. കിഴങ്ങ് പുഴുങ്ങി കഴിക്കും. ബാക്കി വരുന്നത് രാവിലെയും കഴിക്കും. അമ്മ എന്നോട് സ്‌നേഹം പ്രകടിപ്പിച്ചതൊന്നും ഓര്‍മ്മയില്ല. താഴെ അനിയന്‍മാരും അനിയത്തിയുമുണ്ടായിരുന്നു. അമ്മക്ക് എല്ലാവരെയും നോക്കണം. അമ്മയുടെ ആറാമത്തെ പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു, കാളിയും കാളനും. അസുഖം വന്ന് ചെറുപ്പത്തിലേ രണ്ടാളും മരിച്ചു.

അമ്മ അമ്മിണിയും സി.കെ. ജാനുവും

ചെറിയ പ്രായത്തിലേ ഞാന്‍ പറഞ്ഞാല്‍ അനുസരിക്കില്ലായിരുന്നു. അമ്മ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ തിരിച്ച് നല്ലോണം പറയുന്നതുകൊണ്ട് എന്നോട് അമ്മ വലിയ ലോഹ്യത്തിനൊന്നും നില്‍ക്കില്ല. നമ്മുടെ കുള്ളിന്റെയടുത്ത് കൃഷിയൊന്നും ചെയ്യാതെ വലിയൊരു കുന്നുണ്ടായിരുന്നു. അവിടെ പോത്തുകളെ മേയ്ക്കാന്‍ കൊണ്ടുവരും. ഒരു ദിവസം പോത്തിന്റെ മുകളില്‍ കയറി വീണ് എന്റെ പല്ല് പോയി. പറഞ്ഞാല്‍ കേള്‍ക്കാതാവുമ്പോള്‍ അമ്മ നല്ല അടി വെച്ചുതരും. ഒരു ദിവസം എന്റെ കണ്ണില്‍ കാന്താരിമുളക് തേച്ചു.

എത്ര വലിയ മരമായാലും ഞാന്‍ വലിഞ്ഞു കേറും. ഇപ്പോഴും കുരുമുളക് പറിക്കാന്‍ ആളെ കിട്ടിയില്ലെങ്കില്‍ ഞാന്‍ കേറി പറിക്കും. ചെറുപ്പത്തില്‍, ഞാന്‍ മുടിയൊന്നും കെട്ടാറില്ലായിരുന്നു. മുഖത്തേക്ക് വീണുകിടക്കുന്ന മുടി വകഞ്ഞുപോലും മാറ്റാതെ അതിനിടയില്‍ കൂടിയാണ് ഞാന്‍ എല്ലാവരെയും നോക്കുക. ചെറിയ അറിവായപ്പോള്‍ തൊട്ട് ഞാന്‍ അമ്മയെ സഹായിച്ചുതുടങ്ങി. ഞങ്ങള്‍ മക്കളെല്ലാം കൂലിപ്പണിക്കിറങ്ങിയപ്പോള്‍ അമ്മയെ പണിക്കുവിട്ടില്ല. അമ്മയെ ആശ്രയിച്ചു ജീവിച്ചവരാണ് ഞങ്ങള്‍. അതോണ്ട് അമ്മക്ക് എന്തെങ്കിലും ചെറിയ അസുഖം വരുന്നത് ഞങ്ങള്‍ക്ക് വിഷമമായിരുന്നു.

എന്റെ പ്രവര്‍ത്തനങ്ങളോട് ആദ്യമെല്ലാം അമ്മക്ക് എതിര്‍പ്പായിരുന്നു. വഴക്കു പറഞ്ഞും വിലക്കിയും അമ്മ എന്നെ എതിര്‍ത്തുകൊണ്ടിരുന്നു. പക്ഷെ അമ്മ പറയുന്നതുപോലെ ഞാന്‍ നില്‍ക്കില്ല. പറഞ്ഞുപറഞ്ഞ് അമ്മ മടുത്തു.

അമ്മ വലിയ അന്ധവിശ്വാസിയാണ്. പ്രായത്തിനനുസരിച്ച് എന്തെങ്കിലും അസുഖം വന്നാല്‍ വേറെ എന്തോ കുഴപ്പം കൊണ്ടാണെന്ന് പറയും. നമ്മുടെ കൂട്ടത്തില്‍ കര്‍മം ചെയ്യുന്നവരുടെ അടുത്തെല്ലാം പോയി നോക്കിക്കും. ആദ്യമെല്ലാം, പെന്‍ഷന്‍ പൈസയും എന്റെ കൈയില്‍നിന്ന് വാങ്ങുന്ന തുകയുമെല്ലാം ഇതിനായി ചെലവഴിക്കും. അമ്മക്ക് പൈസ കൊടുത്തില്ലെങ്കില്‍ എന്നെ ചീത്ത പറയും. പണ്ട് അമ്മ വേറെ ജാതിക്കാരെ വീട്ടില്‍ കേറ്റില്ല. അമ്മയുടെ ഈ സ്വഭാവം എനിക്കറിയുന്നതുകൊണ്ട് എന്റെ കൂടെ വീട്ടിലേക്കുവരുന്ന സഹപ്രവര്‍ത്തകരോട് എന്റെ അടിയ സമുദായത്തിലെ ഏതെങ്കിലും ചെമ്മത്തിന്റെ പേര് മുന്‍കൂറായി പറഞ്ഞുകൊടുക്കും. വന്നപാടെ അമ്മ ചോദിക്കും; ആരാ വന്നത്, റാവുളര്‍ ആണോ?

സി.കെ. ജാനുവിന്റെ അമ്മ അമ്മിണി

അപ്പോള്‍ അവര്‍, അതേ എന്നു പറയും. ഇതുകേട്ടയുടന്‍ അമ്മ ചെമ്മപ്പേര് ചോദിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞുകൊടുത്ത ചെമ്മത്തിന്റെ പേര് അവര്‍ പറയും. പണിയ സമുദായത്തില്‍പെട്ട പ്രഭാകരനാണ് ആദ്യമായി എന്റെ വീട്ടില്‍ വന്നത്. കൊടകിലാണ് അദ്ദേഹത്തിന്റെ വീട്. വീട്ടിലേക്ക് വരുന്ന വഴി എന്റെ ചെമ്മപ്പേര് ഞാന്‍ പറഞ്ഞുകൊടുത്തിരുന്നു.

ഇപ്പോള്‍ ആരു വന്നാലും പോയാലും അമ്മക്ക് ഒരു കുഴപ്പവുമില്ല. ആരും വരാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. എന്താ അവര് വരാത്തേ, ഇവര് വരാത്തേ എന്ന് ചോദിച്ചോണ്ടിരിക്കും. രാഷ്ട്രീയപാര്‍ട്ടിക്കാര്‍ എന്നെപ്പറ്റി മോശമായി ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു. അതുകൊണ്ട് എന്റെ പ്രവര്‍ത്തനങ്ങളോട് ആദ്യമെല്ലാം അമ്മക്ക് എതിര്‍പ്പായിരുന്നു. വഴക്കു പറഞ്ഞും വിലക്കിയും അമ്മ എന്നെ എതിര്‍ത്തുകൊണ്ടിരുന്നു. പക്ഷെ അമ്മ പറയുന്നതുപോലെ ഞാന്‍ നില്‍ക്കില്ല. പറഞ്ഞുപറഞ്ഞ് അമ്മ മടുത്തു. അവസാനം എന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന മനോഭാവത്തിലേക്ക് അമ്മയെ മാറ്റി. ഇപ്പോള്‍ കുഴപ്പമില്ല.

നെല്ലും ഇഞ്ചിയും കാപ്പിയും കുരുമുളകും വിറ്റുകിട്ടുന്ന വരുമാനം മുഴുവന്‍ ഞാന്‍ പൊതുപ്രവര്‍ത്തനത്തിനാണ് ചെലവഴിച്ചത്. മറ്റുള്ളവര്‍ക്കായി ചെലവാക്കുന്ന കണക്കും കാര്യവും അമ്മയോട് ഇതുവരെ പറഞ്ഞിട്ടില്ല.

മുത്തങ്ങ സമരം കഴിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂ എടുക്കാനെത്തിയവരോട് അമ്മ പറഞ്ഞു: ‘എന്റെ മകളെ പോലീസ് കൊല്ലുമോ എന്നെനിക്കറിയില്ല. ഞാന്‍ ചാവും മുന്‍പേ എനിക്കവളെ ഒന്നു കാണണം. ജാനുവിനെ ഞങ്ങള് സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കുന്ന ആള്‍ക്കാരുമുണ്ട്. പാവങ്ങള്‍ക്കുവേണ്ടി എന്റെ മകള്‍ മരിച്ചാലും എനിക്ക് സന്തോഷം തന്നെയാണ്.'

നെല്ലും ഇഞ്ചിയും കാപ്പിയും കുരുമുളകും വിറ്റുകിട്ടുന്ന വരുമാനം മുഴുവന്‍ ഞാന്‍ പൊതുപ്രവര്‍ത്തനത്തിനാണ് ചെലവഴിച്ചത്. മറ്റുള്ളവര്‍ക്കായി ചെലവാക്കുന്ന കണക്കും കാര്യവും അമ്മയോട് ഇതുവരെ പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നുവെങ്കില്‍ എന്നെ വീട്ടില്‍ നിന്ന് പണ്ടേ ഇറക്കിവിട്ടേനേ. ഞാന്‍ സമരത്തിനും മീറ്റിംഗിനും പോയതിന്റെ ഫോട്ടോകളെല്ലാം സൂക്ഷിച്ചുവെച്ചിരുന്നു. ഞാന്‍ വീട്ടിലില്ലാത്ത സമയത്ത്, വരുന്ന ആളുകള്‍ ഫോട്ടോകളെല്ലാം നോക്കും. വരുന്നവര്‍ക്ക് അമ്മ ഈ ഫോട്ടോകള്‍ കൊടുത്തുകളയും. എനിക്ക് സമ്മാനം കിട്ടുന്ന പാത്രവും ഗ്ലാസുകളും വരുന്നവര്‍ക്കു കൊടുക്കും. ഇപ്പോഴും അമ്മ ഇങ്ങനെത്തന്നെയാണ്. ആര് വന്ന് എന്തു ചോദിച്ചാലും വീട്ടിലുള്ള സാധനമാണെങ്കില്‍ അവര്‍ക്ക് കൊടുക്കും. കറിവെക്കാനുള്ള സാധനമായാലും വസ്ത്രമായാലും നമ്മുടെ ആവശ്യത്തിന് വേണ്ടതാണെന്ന ചിന്തയില്ല. വീട്ടില്‍ വരുന്നവര്‍ക്ക് ഒന്നും കൊടുക്കാതെ വിടുന്നത് അമ്മക്ക് വിഷമമാണ്.

ഞാന്‍ വിവാഹം കഴിക്കാത്തതില്‍ അമ്മക്ക് സങ്കടമായിരുന്നു. അമ്മയുടെ കാലശേഷം എനിക്ക് ആരുമുണ്ടാവില്ല, എന്നെ ആരുനോക്കും എന്നെല്ലാമാണ് ചിന്ത. ഞങ്ങളുടെ സമുദായചടങ്ങുകള്‍ക്ക് പോകുമ്പോള്‍ പലരും എന്നെ കല്ല്യാണമാലോചിച്ചിരുന്നു. അപ്പോഴെല്ലാം അമ്മ എന്നെ നിര്‍ബന്ധിക്കും. പക്ഷെ അമ്മ പറയുന്നത് ഞാന്‍ അനുസരിക്കില്ല. ബന്ധുക്കളോടും അടുത്ത വീട്ടിലെ ലക്ഷ്മിയോടും അമ്മാളുവേച്ചീനോടും അമ്മ പറയും, ഏതു ജാതിക്കാരനായാലും കുഴപ്പമില്ല, എന്നോട് കല്യാണം കഴിക്കാന്‍ പറയാന്‍. ഞാനൊരു കുഞ്ഞിനെ ദത്തെടുത്തപ്പോഴാണ് അമ്മയുടെ പരാതി തീര്‍ന്നത്. കുടുംബത്തിലെ ഞങ്ങളുടെ ആചാരപരിപാടിക്ക് എല്ലാത്തിനും മുടങ്ങാതെ ഇപ്പോഴും അമ്മ പോകും. കുറെ കൂട്ടുകാരുണ്ട് അമ്മക്ക്. അവരെല്ലാം കൂട്ടുകൂടി അടക്ക പെറുക്കാനും ചപ്പിനുമായിട്ടൊക്കെ നടക്കും.

അമ്മക്ക് ഇപ്പോള്‍ കറിയിലൊന്നും എരിവ് പാടില്ല. ഇച്ചിരി എരിവായാല്‍ ബഹളം വെക്കും. മുറുക്കാന്‍ ചവയ്ക്കുന്നത് കുറച്ചാല്‍ എരിവ് കൂട്ടാന്‍ പറ്റൂന്ന് ഞാന്‍ പറയും. ആദ്യമൊക്കെ ഞാന്‍ അമ്മക്ക് മുറുക്കാന്‍ വാങ്ങിക്കൊണ്ടുകൊടുക്കുമായിരുന്നു. ഇപ്പോള്‍ അതെല്ലാം കുറച്ചു. വല്ലപ്പോഴും മാത്രം വാങ്ങിക്കൊടുക്കും. പെന്‍ഷന്‍ കിട്ടുന്ന പൈസക്ക് അതൊക്കെ അമ്മ നോക്കികൊള്ളും. മരണത്തെ ഭയങ്കര പേടിയാണ് അമ്മക്ക്. എന്റെ വീട് കുറച്ചുദൂരെയായതിനാല്‍ ഇവിടെ ബന്ധുക്കള്‍ക്ക് വേഗമെത്താന്‍ പറ്റില്ല. അതുകൊണ്ട് അനിയത്തിയുടെ മകന്‍ താമസിക്കുന്ന നിട്ടമാനിയിലെ തറവാട്ടുവീട്ടില്‍ പോയി താമസിക്കണം. അവിടെയാകുമ്പോള്‍ എല്ലാവര്‍ക്കും വേഗമെത്താന്‍ പറ്റുമെന്ന് അമ്മ ഇടക്കിടക്ക് പറയും. ഇപ്പോള്‍ അമ്മ നിട്ടമാനിയിലെ തറവാട്ടുവീട്ടിലാണ് അധികവും താമസിക്കുന്നത്. ഇടക്കുമാത്രം എന്റെ വീട്ടിലേക്കുവരും.
(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments