കമ്യൂണിസ്​റ്റ്​ പാർട്ടി സർക്കാറിന്റെ കാലത്തും തുടർന്ന അടിമത്തം, സഖാവ്​ വർഗീസ്​ എന്ന രക്ഷകൻ

കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരുന്നിട്ടും വയനാട്ടിലെ ആദിവാസികള്‍ വള്ളിയൂര്‍ക്കാവിലെ ഉത്സവപ്പറമ്പില്‍ അടിമകളായി കൈമാറ്റം ചെയ്യപ്പെടുകയും കൂലി കിട്ടാതെ നരകിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു.

അടിമമക്ക
അധ്യായം 48

ലകളും, ഇടതൂര്‍ന്ന് തിങ്ങിനില്‍ക്കുന്ന കാടും പുല്‍മേടും ചെറിയ കുന്നുകളും നീരുറവകളും, കൈത്തോടുകളും വലിയ തോടുകളും പുഴകളും പാടശേഖരങ്ങളും നിറഞ്ഞതായിരുന്നു എന്റെ ചെറുപ്പത്തിലെ വയനാട്. വയനാട്ടില്‍ പ്രത്യേകിച്ച് ആദിവാസികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടവിടങ്ങളിലായി കുറച്ച് ജന്മിന്മാരും. അന്ന് മഞ്ഞും തണുപ്പും കൂടുതലായിരുന്നു.

രാവിലെ വെള്ളമെടുക്കാന്‍ പോകുന്ന വഴികളില്‍ എട്ടുകാലി വലയുണ്ടാവും. മുത്തുമണികള്‍ പോലെ വലയില്‍ തങ്ങിനില്‍ക്കുന്ന മഞ്ഞുതുള്ളികള്‍ ഞങ്ങള്‍ മുഖത്ത് തേയ്ക്കും. തണുപ്പുകൊണ്ട് കൈയ്യും കാലും മരവിച്ചിരിക്കും. വേദന കാരണം കൈയ്യും കാലും നിവര്‍ത്താനാവില്ല. രാത്രി പുതപ്പില്ലാതെ കിടന്നുറങ്ങാന്‍ പ്രയാസം. തീ കത്തിച്ച് അതിന്റെ ചുറ്റും കിടന്നാണ് ഉറങ്ങിയിരുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയൊക്കെ ആവുമ്പോഴാണ് വെയിലിന്റെ ചൂട് ശക്തമാവുന്നത്. അപ്പോഴാണ് ശരീരത്തിനും ചൂട് അനുഭവപ്പെടുക. വൈകുന്നേരം മൂന്ന് മണിയോടെ വീണ്ടും തണുപ്പ് തുടങ്ങും.

അക്കാലത്ത് കൂടുതലും നെല്‍കൃഷിയായിരുന്നു. വേറെ കൃഷിപ്പണിയുണ്ടായിരുന്നില്ല. തൊണ്ടി, ഗന്ധകശാല, ജീരകശാല, കളിച്ചര്‍, വെളിയന്‍, കുറുവ, കല്ലടിയാര്‍, അടയ്ക്ക മണിയന്‍, വസൂരി, ചോമാല, കയമ, തയ്ചിംങ്ങ്, അയ്യീട്ടി തുടങ്ങിയ നെല്ലിനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നെൽവയല്‍ വിശാലമായിരുന്നു. വയനാടിന്റെ നെല്ലറകളായിരുന്നു തൃശ്ശിലേരിയും, തിരുനെല്ലിയും.

എഴുപതുകള്‍ക്കുശേഷവും അടിമത്തവും അടിമപ്പണിയും തുടര്‍ന്നു. ഞാനെല്ലാം എടുത്ത പണി, അടിമപ്പണിയായിരുന്നു.

വയനാട് ജില്ലയിലെ പ്രസിദ്ധ ക്ഷേത്രമാണ് വള്ളിയൂര്‍ക്കാവ്. ആദിവാസികളുടെ പ്രധാന ആരാധന സ്ഥാനം. കാവിനെക്കുറിച്ച് അടിയര്‍ക്ക് ഒരു ഐതീഹ്യമുണ്ട്. അടിയ സമുദായത്തിലെ പെരുമ്മന്, അതായത്​, പ്രായമായ ആള്‍, എപ്പോഴും പശുവിനെ മേയ്ക്കാന്‍ പോകും. തിരിച്ചുവരുമ്പോള്‍ പൈയിന്റെ അകിടില്‍ പാലുണ്ടാവില്ല. ഇതിന്റെ കാരണമറിയാൻ പെരുമ്മന്‍, പൈയ്​ പോകുന്ന വഴിയേ നടന്നു. കാട്ടുവള്ളികൾ പടർന്നുകിടക്കുന്ന വലിയ കാടാണത്. ചീങ്ങക്കാടിന്റെ ഉള്ളില്‍ ഒരു തൂണവരിക്ക പ്ലാവുണ്ടായിരുന്നു. അതിന്റെ ശിഖരങ്ങളിലെല്ലാം കാട്ടിലെ ഞാണാര്‍ വള്ളി പടര്‍ന്ന് തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ആ വള്ളിയില്‍ ഒരു സ്ത്രീ ഊഞ്ഞാലാടുന്നത് അദ്ദേഹം കണ്ടു. പെരുമന്‍ അടുത്തേയ്ക്ക് പോയപ്പോൾ അവർ അപ്രത്യക്ഷമായി. പൈയ്​ പോയ വഴിയേ പോയി നോക്കിയപ്പോള്‍ തൂണവരിക്ക പ്ലാവിന്റെ തൊട്ടപ്പുറത്തുള്ള ഒരു പുറ്റിന്റെ അടുത്ത് പൈയ്​ നില്‍ക്കുന്നു. അകിടില്‍ നിന്ന്​ പാല്‍ തനിയെ ചുരന്ന് പുറ്റിലേക്കൊഴുകുന്നതാണ്​ പെരുമന്‍ കണ്ടത്. തൂണവരിക്ക പ്ലാവില്‍ ഊഞ്ഞാലാടിക്കൊണ്ടിരുന്നത് വള്ളിയൂരമ്മ ആണെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇവിടെയാണ് മേലേക്കാവ് (മേലേ വള്ളൂര്‍ക്കാവ്) ക്ഷേത്രം പണിതിരിക്കുന്നത്. ‘പുറ്റ്’ ഉണ്ടായിരുന്ന സ്ഥലത്താണ് ഇന്നത്തെ പാല്‍ത്തറ.

വള്ളിയൂര്‍ക്കാവ് ക്ഷേത്രം
വള്ളിയൂര്‍ക്കാവ് ക്ഷേത്രം

പണ്ട് ആദിവാസി കാവായിരുന്നു ഇതെന്ന് കാര്‍ന്നോന്മാര്‍ പറയുന്നു. കാവിന്റെ പരിസരത്ത് ഇപ്പോഴും പണിയ, അടിയ വിഭാഗത്തിലെ ആദിവാസികള്‍ താമസിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ആര്‍ക്കും കാവിലെ പൂജാദി കര്‍മങ്ങളിലോ, ക്ഷേത്രം നോക്കി നടത്തുന്നതിലോ പങ്കാളിത്തമില്ല. കാവ് അടിച്ചുവാരി ചാണകം തളിക്കുന്ന പണി മാത്രമാണ് ആദിവാസികള്‍ക്ക്. ഇന്ന് ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് വള്ളിയൂര്‍ക്കാവ് ക്ഷേത്രം. പണ്ടുകാലത്ത് താഴത്തെ വള്ളിയൂര്‍ക്കാവിനു മുമ്പിലാണ് അടിമചന്ത നടത്തിയിരുന്നത്. മീനം ഒന്നു മുതല്‍ 14 ദിവസം വരെ നടക്കുന്ന ഉത്സവനാളിൽ കാവിലമ്മയെ മുന്‍നിര്‍ത്തി ജന്മിമാര്‍ ആദിവാസികള്‍ക്ക് അടിമപ്പണം നല്‍കിയിരുന്നു. ഒരു വര്‍ഷത്തേയ്ക്ക് അടിമപ്പണി ചെയ്യാനുള്ള കരാര്‍പ്പണമാണിത്. അതൊരു ചെറിയ പൈസയായിരിക്കും.

വയനാട്ടിലെ ആദിവാസികള്‍ നേരിട്ട അടിമത്വത്തിനെതിരെ ആദ്യമായി പ്രതികരിച്ച ആളായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന സഖാവ് വര്‍ഗീസ്. ‘നിങ്ങള്‍ ചെയ്യുന്ന പണി അടിമപ്പണിയാണ്​’ എന്ന്​ അദ്ദേഹം
ആദിവാസികളോടു പറഞ്ഞു.

ഉത്സവനാളില്‍ വയനാട്ടിലെ പണിയരും അടിയരും കുടുംബസമേതം വള്ളിയൂരമ്മയുടെ മുമ്പാകെ എത്തും. ജന്മിമാരും എത്തും. ഉത്സവമൈതാനത്ത് നമ്മുടെ ആളുകളെല്ലാം ഇരിക്കും. അപ്പോള്‍ ഓരോ ജന്മിയും വന്ന് അവര്‍ക്കിഷ്ടപ്പെട്ട തടിമിടുക്കും, ആരോഗ്യമുള്ളവരെ തെരഞ്ഞെടുക്കും. വള്ളിയൂര്‍ക്കാവിലെ അടുത്ത കൊല്ലത്തെ ഉത്സവം തുടങ്ങുന്നതുവരെ ഒരു കൊല്ലം ഈ ജന്മിയുടെ കീഴില്‍ ജോലി ചെയ്‌തോളാമെന്ന് നമ്മുടെ ആളുകളെകൊണ്ട് വള്ളിയൂരമ്മയുടെ മുന്നില്‍ സത്യം ചെയ്യിപ്പിക്കും. ആദിവാസികള്‍ക്ക് വള്ളിയൂരമ്മയെ വിശ്വാസമാണ്. ആയതിനാല്‍ സത്യം തെറ്റിച്ചാല്‍ ഭവിഷ്യത്തുണ്ടാകുമെന്നുപേടിച്ച് ജന്മിയുടെ ഏതുതരം പീഡനങ്ങളും സഹിച്ച് അവരവിടെ നില്‍ക്കും. ആദിവാസികളുടെ വിശ്വാസ മനഃസ്ഥിതിയെയാണ് ജന്മിമാര്‍ കച്ചവടമാക്കിയത്.

ഒരു വര്‍ഷത്തേയ്ക്ക് ഒരു കുടുംബം മുഴുവന്‍ ഏതെങ്കിലും ജന്മിയുടെ അടിമയായി മാറും. അടുത്തവര്‍ഷം ഉത്സവസമയത്ത് ഒരു ജന്മിയുടെ അടുത്ത് പണിയെടുത്ത അടിമകളെ മറ്റൊരു ജന്മിക്ക്​ കൈമാറും. ഇതായിരുന്നു ‘അടിമക്കച്ചവടം’. ആടുമാടുകളെയും കന്നുകാലികളെയും ചന്തയില്‍ വില്‍ക്കുന്നതുപോലെ ആദിവാസികളെയും അവര്‍ കച്ചവടം നടത്തി വിറ്റുകൊണ്ടിരുന്നു.

തൃശ്ശിലേരി കൈതവള്ളി സ്വാമിയുടെയും പ്ലാമൂല അനന്തവാരിയരുടെയും വീട്ടുമുറ്റത്താണ് വയനാടിന്റെ ചരിത്രത്തിലാദ്യമായി ‘വല്ലീസമരം’ അരങ്ങേറിയത്.

ജന്മിയുടെ കൃഷിഭൂമിയുടെ വിസ്തൃതിയനുസരിച്ച് നിരവധി കുടുംബങ്ങളെ അടിമയാക്കും. ജന്മിയുടെ വിശാലമായ കൃഷിയിടത്തില്‍ നമ്മുടെ ആളുകളെ കുടില്‍ കെട്ടാന്‍ അനുവദിക്കില്ല. ഉപയോഗക്ഷമമല്ലാത്ത കാട്ടുപ്രദേശം കാണിച്ചു കൊടുക്കും, അവിടെയാണ്​ കുടില്‍ കെട്ടി താമസിക്കുക. കുടിലിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ച് മാവും പിലാവും വാഴയും നടും. അവ അല്‍പം വളരുമ്പോള്‍ ജന്മി പറയും, ഇനി നിങ്ങള്‍ ഇവിടെ താമസിക്കേണ്ട, അക്കരെ കുന്നില്‍ താമസിച്ചോ എന്ന്. അടുത്ത കാട്ടുപ്രദേശവും വെട്ടിത്തെളിച്ചുകഴിഞ്ഞാൽ ജന്മി അവിടെ നിന്നും മാറിത്താമസിക്കാന്‍ പറയും. നമ്മുടെ ആളുകളെ സ്ഥിരമായി ഒരിടത്ത് താമസിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെ വഞ്ചനയിലൂടെ കാട് തെളിച്ച് ജന്മി കൃഷിയിടം വികസിപ്പിക്കും.

ചേക്കോട്ടുകോളനിയിലെ എന്റെ വല്ല്യച്ഛന്‍ കുറുമന്‍ പുഴയുടെ അരികിലെ കൈതോലക്കാട് മൊത്തം വെട്ടി കുറ്റിയെല്ലാം പറിച്ച് പാടമാക്കി കൃഷി ചെയ്യാനുള്ള പണി തുടങ്ങിയപ്പോള്‍ ആ സ്ഥലം ജന്മിവന്ന് കൈയ്യടക്കിയ കാര്യമെല്ലാം അദ്ദേഹം പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.

ഒരു ജന്മിയുടെ അടുത്തുനിന്ന് ‘അടിമപ്പണം’ വാങ്ങിയാല്‍ ഈ ജന്മിയുടെ ബാധ്യത തീരുന്നതുവരെ അടിമകള്‍ക്ക് മറ്റൊരു ജന്മിയുടെ അടുത്ത്​ പണിയ്ക്കു പോകാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. അടിമപ്പണത്തിന്റെ ബാധ്യത തീര്‍ന്നില്ലെന്ന്​ കള്ളം പറഞ്ഞ് ചില ജന്മിമാര്‍വര്‍ഷങ്ങളായി നമ്മുടെ ആളുകളെ ഇവരുടെ കീഴില്‍ തന്നെ പണിയെടുപ്പിച്ചിരുന്നു. ‘അടിമപ്പണം’ വാങ്ങാതെയും നമ്മുടെ ആളുകള്‍ ജന്മിമാരുടെ കീഴില്‍ പണിയെടുത്തിരുന്നു. അങ്ങനെയുള്ളവര്‍ ജന്മിമാരുടെ അടിയും ഇടിയും സഹിക്കാനാകാതെയാവുമ്പോള്‍ രാത്രി കുള്ളിലെ മുറവും കൊട്ടയും മണ്‍കലവും എടുത്ത് കുടക് മല കേറി ജന്മി കാണാത്തിടത്തേയ്ക്ക് പോകും. നേരം വെളുത്താല്‍ ജന്മി കാണും, ജന്മി കണ്ടാല്‍ അടിച്ചോടിച്ച് വീണ്ടും സ്ഥലത്ത് കൊണ്ടാക്കി പണിയെടുപ്പിക്കും, അതുകൊണ്ടാണ്​ രാത്രി തന്നെ പോകുന്നത്​.

അന്ന്​ നമ്മുടെ ആളുകളുടെ കുള്ളുകളിലെല്ലാം അവര്‍ തന്നെ മുള ചീകിയെടുത്ത് മെടഞ്ഞുണ്ടാക്കുന്ന മുറവും കൊട്ടയും ഉണ്ടാവും. കൂലിയായി നെല്ല് കിട്ടുന്നതുകൊണ്ട് അത് ഇട്ടുവെയ്ക്കാനാണ് കൊട്ട. നെല്ല് കുത്തി പേറ്റിയാണ് കഞ്ഞിവെച്ചു കുടിച്ചിരുന്നത്. അതുകൊണ്ട് കൊട്ടയും മുറവും അത്യാവശ്യമായിരുന്നു.

അക്കാലത്ത് ജന്മിയെ പേടിച്ച് ആരും എതിര്‍ത്ത് സംസാരിച്ചിരുന്നില്ല. ഈ സംഭവങ്ങളെല്ലാം ചേക്കോട്ടു കോളനിയിലുള്ള അച്​ഛന്റെ പെങ്ങള്‍, മാമ്മിയാണ്​ പറഞ്ഞുതരിക. മാമ്മിയുടെ പേര് കുറുമാട്ടി എന്നാണ്.

സഖാവ് വര്‍ഗീസ്
സഖാവ് വര്‍ഗീസ്

കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരുന്നിട്ടും വയനാട്ടിലെ ആദിവാസികള്‍ വള്ളിയൂര്‍ക്കാവിലെ ഉത്സവപ്പറമ്പില്‍ അടിമകളായികൈമാറ്റം ചെയ്യപ്പെടുകയും കൂലി കിട്ടാതെ നരകിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. അടിമക്കച്ചവടം അവസാനിപ്പിക്കണമെന്നുപറഞ്ഞ് ജന്മിന്മാര്‍ക്കെതിരെ സഖാവ്​ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. വയനാട്ടിലെ ആദിവാസികള്‍ നേരിട്ട അടിമത്വത്തിനെതിരെ ആദ്യമായി പ്രതികരിച്ച ആളായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന സഖാവ് വര്‍ഗീസ്. ‘നിങ്ങള്‍ ചെയ്യുന്ന പണി അടിമപ്പണിയാണ്, ജന്മിമാര്‍ നിങ്ങളെ ചൂഷണം ചെയ്യുകയാണ്, ഇതില്‍നിന്നൊരു മോചനം വേണം, ഇതിലും നന്നായി ജീവിക്കണം, കൂലി കൂട്ടിക്കിട്ടണം, നിങ്ങള്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണം’ എന്നെല്ലാം നമ്മുടെ ആളുകളോട് പറഞ്ഞ ഒരേയൊരാൾ സഖാവ് വര്‍ഗീസായിരുന്നു.

ഒരിക്കല്‍ കൂടുതല്‍ കൂലി ചോദിച്ച ഒരു ആദിവാസിയെ ജന്മി വാസുദേവ അഡിഗ കൊന്ന് കെട്ടിത്തൂക്കിയിരുന്നുവെന്ന് കാര്‍ന്നോര്‍മാര്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.

തൃശ്ശിലേരി കൈതവള്ളി സ്വാമിയുടെയും പ്ലാമൂല അനന്തവാരിയരുടെയും വീട്ടുമുറ്റത്താണ് വയനാടിന്റെ ചരിത്രത്തിലാദ്യമായി ‘വല്ലീസമരം’ അരങ്ങേറിയത്. കൂലി നെല്ലായോ നെല്ലിന്റെ മാര്‍ക്കറ്റ് വിലയായോ നല്‍കണമെന്നായിരുന്നു സഖാക്കളുടെ ആവശ്യം. പിറ്റേക്കൊല്ലം മുതല്‍ നെല്ല് ലിറ്റര്‍ അടിസ്ഥാനത്തില്‍ നല്‍കി തുടങ്ങി. ആണുങ്ങള്‍ക്ക് അഞ്ച് ലിറ്റര്‍, പെണ്ണുങ്ങള്‍ക്ക് നാല് ലിറ്റര്‍, ഇതിനു പുറമെ ആണുങ്ങള്‍ക്ക് ഒരു രൂപയും, പെണ്ണുങ്ങള്‍ക്ക് 75 പൈസയും പണമായി കൂലി നല്‍കാന്‍ തീരുമാനമായി. അങ്ങനെ നമ്മുടെ ആളുകള്‍ സഖാവ് വര്‍ഗീസിനൊപ്പം നിന്നു. ജന്മികളെ ഭീഷണിപ്പെടുത്തി ആദിവാസികള്‍ക്ക് ന്യായമായ കൂലി വാങ്ങിക്കൊടുത്ത സഖാവ്​ നമ്മുടെ ആളുകള്‍ക്ക് പ്രിയപ്പെട്ടവനായി. നമ്മുടെ ആളുകളുടെ കുള്ളുകളിൽ വരികയും സംസാരിക്കുകയും ഭക്ഷണം കഴിച്ച് വെറും നിലത്ത് പുൽപ്പായ വിരിച്ച് കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു സഖാവ്​.

കൂലിയായി കൊടുക്കുന്ന നെല്ലില്‍ നിന്ന്​ പകുതി നെല്ല് മാത്രമാണ് ദിവസവും നമ്മുടെ ആളുകള്‍ക്ക് കൊടുത്തിരുന്നത്. ബാക്കി നെല്ല് ജന്മി മാറ്റിവെയ്ക്കും. അത് വര്‍ഷാവസാനം വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് കണക്ക് കൂട്ടുന്ന സമയത്താണ് കൊടുത്തിരുന്നത്. ഇങ്ങനെ കൊടുക്കുന്നതിനെ ‘കുണ്ടല്‍നെല്ല്’ കൊടുക്കുക എന്നാണ് പറഞ്ഞിരുന്നത്. വര്‍ഷത്തിലൊരിക്കല്‍ കണക്ക് കൂട്ടുമ്പോള്‍ ഒരാള്‍ക്ക് ഒന്നുരണ്ട് ചാക്ക് നെല്ല് കൊടുക്കും. രണ്ട് ചാക്ക് നെല്ല് ഒരാള്‍ക്ക് കൂലിയായി കൊടുക്കാനുണ്ടെങ്കില്‍ അതില്‍ പേറ്റിയിട്ട് മാറ്റിവച്ച പതിര് കൂടി ചേര്‍ത്താണ് ജന്മി കൊടുക്കുക. കുള്ളുകളിൽ വന്ന് നമ്മുടെ ആളുകള്‍ നെല്ല് പേറ്റി പെറുക്കിക്കഴിയുമ്പോള്‍ ഒരു ചാക്ക് പതിരും ഒരു ചാക്ക് നെല്ലുമാണ് കിട്ടിയിരുന്നത്. പൈസയായി കൊടുക്കുന്ന കൂലിയുടെ പകുതിയും പിടിച്ച് വെയ്ക്കും. അതും വര്‍ഷാവസാനം കൂട്ടി 25 രൂപയോ അമ്പതു രൂപയോ കൊടുക്കും. ഇത് കൃത്യം കൂലിയൊന്നുമായിരിക്കില്ല. കണക്കുപോലും കൃത്യം കൂട്ടാതെ ജന്മിയ്ക്ക് തോന്നുന്ന കൂലിയാണ് നമ്മുടെ ആളുകള്‍ക്ക് കൊടുത്തിരുന്നത്. ജന്മി കള്ളകണക്ക് പറഞ്ഞ് കൂലി കുറച്ചുകൊടുത്താലും, അത് തന്നേയ്ക്ക് തമ്പിരാനേ... എന്നു പറഞ്ഞ് നമ്മുടെ ആളുകള്‍ കൈനീട്ടി വാങ്ങും. കണക്കുകൂട്ടാനും, ജന്മിയോട് തിരിച്ചുപറയാനും ആളുകള്‍ക്ക് ഭയമായിരുന്നു.

അടിയാളരുടെ സമൂലമാറ്റത്തിന് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിയമസഭാ പങ്കാളിത്തമോ ഭരണമോ സഹായകമാവുന്നില്ലെന്ന് വർഗീസ്​ തിരിച്ചറിഞ്ഞു. അടിമത്തത്തിനെതിരെ പ്രതികരിക്കുന്ന ആളുകള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന്​ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.

ഒരിക്കല്‍ കൂടുതല്‍ കൂലി ചോദിച്ച ഒരു ആദിവാസിയെ ജന്മി വാസുദേവ അഡിഗ കൊന്ന് കെട്ടിത്തൂക്കിയിരുന്നുവെന്ന് കാര്‍ന്നോര്‍മാര്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. ജന്മിമാരുടെ കൈവശമെല്ലാം അന്ന് തോക്കുണ്ടായിരുന്നു. ‘കുണ്ടല്‍നെല്ല്’ അവസാനിപ്പിച്ച് കൂലിയായി പൈസ മതിയെന്നുപറഞ്ഞ് ആദിവാസികളെ സംഘടിപ്പിച്ച്​ സഖാവ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അക്കാലത്ത് സമരം നടന്നിരുന്നു. പക്ഷേ ഈ വ്യവസ്ഥകള്‍ക്ക് ഒന്നും മാറ്റവുമുണ്ടായില്ല. അടിയാളരുടെ സമൂലമാറ്റത്തിന് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിയമസഭാ പങ്കാളിത്തമോ ഭരണമോ സഹായകമാവുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അടിമത്തത്തിനെതിരെ പ്രതികരിക്കുന്ന ആളുകള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന്​ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹവും നിരവധി സഖാക്കളും 1968 ആഗസ്റ്റ് നാലിന്​ സി.പി.എം വിട്ടു. ആദിവാസികളെ നിരന്തരം ചൂഷണം ചെയ്യുന്നതിനും കള്ളക്കണക്ക് പറഞ്ഞ് അവരെ എന്നും കടക്കാരാക്കി അടിമവേല ചെയ്യിപ്പിക്കുന്നതിനും കൃത്യമായി കൂലി കൊടുക്കാത്തതിനും ആദിവാസി സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്ന ജന്മിമാർക്കും എതിരെ സഖാവ് വര്‍ഗീസും പ്രവര്‍ത്തകരും ശക്തമായി രംഗത്തു വന്നു. ജന്മിമാരുടെ കൈവശമുണ്ടായിരുന്ന പാട്ടരേഖകളെല്ലാം കത്തിച്ചു. ചില്ലറ പൈസ കൊടുത്ത് ചെറുകിട കര്‍ഷകരില്‍ നിന്ന്​ കൃഷിഭൂമിയുടെ പാട്ടം രേഖകള്‍ കൈവശപ്പെടുത്തി വിളവ് മുഴുവന്‍ ജന്മിമാര്‍ എടുക്കുന്ന ചൂഷണരീതിയായിരുന്നു ഇത്. സഖാവും കൂട്ടരും ജന്മിമാരുടെ കൈവശമുണ്ടായിരുന്ന തോക്കുകള്‍ കൈക്കലാക്കി അവരെ ഭീഷണിപ്പെടുത്തി.

വര്‍ഗീസിനെയും പ്രവര്‍ത്തകരെയും പിടിക്കാന്‍ 1969-70 കാലത്ത്​ തിരുനെല്ലിയില്‍ സി.ആര്‍.പി.എഫ്​ ക്യാമ്പ് ആരംഭിച്ചിരുന്നു. തിരുനെല്ലി ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു അവരുടെ താമസം.
വര്‍ഗീസിനെയും പ്രവര്‍ത്തകരെയും പിടിക്കാന്‍ 1969-70 കാലത്ത്​ തിരുനെല്ലിയില്‍ സി.ആര്‍.പി.എഫ്​ ക്യാമ്പ് ആരംഭിച്ചിരുന്നു. തിരുനെല്ലി ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു അവരുടെ താമസം.

വര്‍ഗീസിനെയും പ്രവര്‍ത്തകരെയും പിടിക്കാന്‍ 1969-70 കാലത്ത്​ തിരുനെല്ലിയില്‍ സി.ആര്‍.പി.എഫ്​ ക്യാമ്പ് ആരംഭിച്ചിരുന്നു. തിരുനെല്ലി ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു അവരുടെ താമസം. വർഗീസിനെയും പ്രവര്‍ത്തകരെയും അന്വേഷിച്ച്​ പോലീസുകാരും സി.ആര്‍.പി.എഫും കൊടും കാടുകളിലും ഊരുകളിലും കയറിയിറങ്ങി. ഇവരെ പേടിച്ച് നമ്മുടെ ആളുകള്‍ കൂട്ടത്തോടെ കുള്ളുകളിൽ താമസിച്ചു. തുടക്കത്തില്‍ വര്‍ഗീസിനെയും പ്രവര്‍ത്തകരെയും കുറിച്ച് ഇവർക്ക്​ വിവരമൊന്നും ലഭിച്ചില്ല. കുടിച്ചു, കൂത്താടി, ആദിവാസി കുടിലുകള്‍ തോറും നരനായാട്ട് നടത്തി, ഭീകരത സൃഷ്ടിച്ച് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കി. പുരുഷന്മാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും സ്ത്രീകളെ അവര്‍ ബലാത്സംഗം ചെയ്തു. ഭാര്യയുടെയും അമ്മയുടെയും സഹോദരിയുടെയും മകളുടെയും നിലവിളി കേട്ടുനില്‍ക്കാനേ നമ്മുടെ പുരുഷന്മാര്‍ക്ക്​ കഴിഞ്ഞിരുന്നുള്ളൂ. സ്ത്രീകളുടെ നിലവിളികള്‍ തിരുനെല്ലി കാടിനുള്ളില്‍ നിശ്ശബ്​ദമാക്കപ്പെട്ടു. ജന്മിമാരുടെയും പോലീസുകാരുടെയും കുഞ്ഞുങ്ങള്‍ ഇവിടെ ജനിച്ചു. അങ്ങനെ തിരുനെല്ലിയില്‍ അവിവാഹിതരായ ആദിവാസി അമ്മമാരുടെ എണ്ണം വര്‍ദ്ധിച്ചു.

ആദിവാസികളെ സംബന്ധിച്ച് സഖാവ് വര്‍ഗീസ് അവരുടെ രക്ഷകനായിരുന്നു. എല്ലാവരാലും ചൂഷണം ചെയ്യപ്പെട്ട നമ്മുടെ ആളുകള്‍ അദ്ദേഹത്തെ കാണുമ്പോള്‍ കെട്ടിപ്പിടിച്ച് കരയുമായിരുന്നു. അത്രയ്ക്ക് സ്നേഹവും, വിശ്വാസവുമായിരുന്നു അദ്ദേഹത്തോട്.

1970 ഫെബ്രുവരി 18-ന് സഖാവ് വര്‍ഗീസിനെ സി.ആര്‍.പി.എഫ് പിടികൂടി. കാട്ടില്‍ നീണ്ട ദിവസത്തെ അലച്ചിലിനൊടുവില്‍ ജന്മിയുടെ കാവല്‍ക്കാരനായ ശിവരാമന്‍നായരുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്നു വർഗീസ്​. ശിവരാമന്‍ നായര്‍ അദ്ദേഹത്തെ ഒറ്റുകൊടുക്കുകയായിരുന്നു. അങ്ങനെ പിടിയിലായ വർഗീസിനെ തിരുനെല്ലി കാട്ടില്‍ കൊണ്ടുപോയി വെടിവെച്ചുകൊന്നു. തിരുനെല്ലി പോലീസ് സ്റ്റേഷന്റെ മുകള്‍ഭാഗത്ത് ഒരു പാറയുടെ മുകളില്‍ നിര്‍ത്തിയാണ് വെടിവെച്ചത്. ആ സ്ഥലം വര്‍ഗീസ്​ പാറ എന്നാണ് അറിയപ്പെടുന്നത്.

സഖാവ് വര്‍ഗീസിനെ സി.ആര്‍.പി.എഫ് പിടികൂടി. അങ്ങനെ പിടിയിലായ വർഗീസിനെ തിരുനെല്ലി കാട്ടില്‍ കൊണ്ടുപോയി വെടിവെച്ചുകൊന്നു.
സഖാവ് വര്‍ഗീസിനെ സി.ആര്‍.പി.എഫ് പിടികൂടി. അങ്ങനെ പിടിയിലായ വർഗീസിനെ തിരുനെല്ലി കാട്ടില്‍ കൊണ്ടുപോയി വെടിവെച്ചുകൊന്നു.

അക്കാലത്ത് ആദിവാസികളെ സംബന്ധിച്ച് സഖാവ് വര്‍ഗീസ് അവരുടെ രക്ഷകനായിരുന്നു. എല്ലാവരാലും ചൂഷണം ചെയ്യപ്പെട്ട നമ്മുടെ ആളുകള്‍ അദ്ദേഹത്തെ കാണുമ്പോള്‍ കെട്ടിപ്പിടിച്ച് കരയുമായിരുന്നു. അത്രയ്ക്ക് സ്നേഹവും, വിശ്വാസവുമായിരുന്നു അദ്ദേഹത്തോട്. ആദിവാസികള്‍ അനുഭവിച്ച ചൂഷണവും വേദനയും വിഷമവും മനസ്സിലാക്കിയ നല്ലൊരു ചെറുപ്പക്കാരനായിരുന്നു വര്‍ഗീസ്​ എന്ന്​ എന്റെ അമ്മ പറയുമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ അമ്മക്ക്​ ഇപ്പോഴും സങ്കടം വരും.

ആദിവാസികള്‍ക്കിടയില്‍ നിന്ന്​ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവരായിരുന്നു തൃശ്ശിലേരി വരുനിലം കോളനിയിലെ ചോമ മൂപ്പന്‍, ഗോണി, കൈതവള്ളി കോളനിയിലെ കരിയന്‍, ചമ്പരന്‍, ബട്ടി, കൊറിയന്‍, ചേക്കോട്ട് കോളനിയിലെ കാളന്‍, തിരുനെല്ലിയിലെ മരച്ചാത്തന്‍എന്നിവര്‍. ഗോണിയും കാളനും മാത്രമാണ് ജീവിച്ചിരിക്കുന്നത്​. കോഴിക്കോട് പൊറ്റന്മേലുള്ള വാസുവേട്ടനും (എ. വാസു) സഖാവ് വര്‍ഗീസിനോടൊപ്പം പ്രവര്‍ത്തിച്ച ആളാണ്. ഗോണിയണ്ണനും വാസുവേട്ടനും ആ കാലഘട്ടത്തില്‍ നടന്ന സംഭവങ്ങള്‍ എന്നോട് പറയുമായിരുന്നു. ഇവരെല്ലാം 1970-ല്‍ അറസ്റ്റിലാവുകയും എഴ് വര്‍ഷവും രണ്ടു മാസവും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്​തു.

തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടി എന്നറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ തന്നെ അടിമത്തം അവസാനിപ്പിക്കേണ്ടതായിരുന്നു.

1957-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാർട്ടി സർക്കാർ അധികാരത്തില്‍ വന്നെങ്കിലും അടിമത്തവും അടിമക്കച്ചവടവും അടിമപ്പണിയും അവസാനിപ്പിച്ചിരുന്നില്ല. തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടി എന്നറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ തന്നെ അടിമത്തം അവസാനിപ്പിക്കേണ്ടതായിരുന്നു. 1970-ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവനുസരിച്ചാണ് അടിമക്കച്ചവടം അവസാനിക്കുന്നത്. ഒരു ജന്മി നമ്മുടെ ആളുകളെ മറ്റൊരു ജന്മിയ്ക്ക് വില്‍ക്കുന്ന അടിമക്കച്ചവടം അവസാനിച്ചുവെങ്കിലും അടിമത്തവും അടിമപ്പണിയും അവസാനിച്ചില്ല. അതൊരു തുടര്‍ക്കഥപോലെ നീണ്ടു നിന്നു. കമ്യൂണിസ്റ്റ് ഗവണ്‍മെൻറിന്​​ ഇക്കാര്യത്തിൽ കൃത്യമായ നിലപാടും ഇടപെടലും ഉണ്ടായിരുന്നില്ല എന്ന്​ ഇതിലൂടെ ബോധ്യപ്പെടും. കൃത്യമായ തീരുമാനമെടുത്തിരുന്നെങ്കില്‍ 1970 വരെ അടിമക്കച്ചവടം നിലനില്‍ക്കില്ലായിരുന്നു. എഴുപതുകള്‍ക്കുശേഷവും അടിമത്തവും അടിമപ്പണിയും തുടര്‍ന്നു. ഞാനെല്ലാം എടുത്ത പണി, അടിമപ്പണിയായിരുന്നു.

1957-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാർട്ടി സർക്കാർ അധികാരത്തില്‍ വന്നെങ്കിലും അടിമത്തവും അടിമക്കച്ചവടവും അടിമപ്പണിയും അവസാനിപ്പിച്ചിരുന്നില്ല.
1957-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാർട്ടി സർക്കാർ അധികാരത്തില്‍ വന്നെങ്കിലും അടിമത്തവും അടിമക്കച്ചവടവും അടിമപ്പണിയും അവസാനിപ്പിച്ചിരുന്നില്ല.

തൃശ്ശിലേരിയുടെ ഭൂരിഭാഗം പ്രദേശവും ഒരു ജന്മിയുടെ കീഴിലായിരുന്നു. നൂറുകണക്കിനാളുകളെ കൊണ്ട് ജന്മി അടിമപ്പണി ചെയ്യിപ്പിച്ചു. അവസാനം സ്ഥലങ്ങളെല്ലാം കുറേശ്ശെ വിറ്റുവിറ്റ് ജന്മി നശിച്ചു. അദ്ദേഹത്തിനുകീഴില്‍ അടിമപ്പണി ചെയ്തിരുന്ന ആളാണ് എന്റെ മാമന്‍. മാമന്റെ പേര് പൊട്ടന്‍ എന്നായിരുന്നു. ജന്മി ഒരു ഗതിയുമില്ലാതെയിരുന്നപ്പോള്‍, മാമന്‍, തനിക്കു കിട്ടിയ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കൊണ്ട്​ ജന്മിക്ക് റേഷനരി വാങ്ങിക്കൊടുത്തിട്ടുണ്ട്. അത്രയ്ക്ക് ഗതി കെട്ടിരുന്നു ജന്മി.

ആദിവാസി ജനതയുടെ ഉന്മൂലനത്തിന് പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചത് അടിമവ്യവസ്ഥിതിയും ജന്മിത്വവ്യവസ്ഥിതിയും ഇവ സമ്മാനിച്ച ചൂഷണവും തന്നെയാണ്. ഇന്നും ഇതിന്റെ പ്രതിരൂപങ്ങള്‍ സമൂഹത്തില്‍ തങ്ങിനില്‍ക്കുന്നതായി പലപ്പോഴും എനിക്ക് കാണാന്‍ കഴിയുന്നുണ്ട്.

(തുടരും)


Summary: Slavery continued during the Communist Party government, Comrade Varghese was the savior. C K Janu writes


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments