അധ്യായം 6
ഈ സമയത്ത് അനിയൻ രാജു നടവയലിൽ ഒരാളുടെ വീട്ടിൽ കന്നുകാലിയെ നോക്കാൻ പണിക്കുനിന്നു. ഒരു ദിവസം ഞാൻ അവന്റെ അടുത്തുപോയി തിരിച്ച് ഒണ്ടയങ്ങാടിയിൽ ബസിറങ്ങിയപ്പോൾ രാത്രി എട്ടുമണിയായി. ഒണ്ടയങ്ങാടിയിൽ നിന്ന് തൃശ്ശിലേരിയിൽ എന്റെ വീട്ടിലെത്താൻ വാഹനസൗകര്യമില്ലായിരുന്നു. വെട്ടമൊന്നുമില്ലാതെ ഏഴ് കിലോമീറ്റർ കാട്ടിലെ ചെറിയ നടപ്പാതയിലൂടെ നടന്ന് രാത്രി പന്ത്രണ്ടിനാണ് ഞാൻ വീട്ടിലെത്തിയത്. പകൽപോലും ഈ കാടുവഴിയിലൂടെ നടന്നുവരാൻ ആളുകൾ പേടിച്ചിരുന്നു. ആ വഴിയിലൂടെ ഞാനൊറ്റയ്ക്കുവന്നപ്പോൾ വീട്ടുകാർക്ക് പേടിയും, അതിശയവുമായിരുന്നു.
ഞാനും സഹോദരങ്ങളും കൂലിപ്പണിക്കിറങ്ങിയപ്പോൾ മുതൽ അച്ഛനോട് പലരും ഓരോന്ന് പറഞ്ഞു. നിന്റെ മക്കളൊക്കെ വലുതായിട്ട് നിനക്കൊരു ഉപകാരവുമില്ലാല്ലോ എന്നൊക്കെ പറയാൻ തുടങ്ങി. അങ്ങനെ അച്ഛൻ എപ്പോഴും കുടിച്ചുവന്ന് വഴക്കുണ്ടാക്കും. ഞങ്ങളെ ഉപേക്ഷിച്ചുപോയ അച്ഛൻ വഴക്കിടാൻ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. അച്ഛനെ നോക്കേണ്ട, അച്ഛനൊന്നും കൊടുക്കേണ്ട എന്നൊക്കെ അമ്മ പറഞ്ഞിട്ടാവുമെന്നു വിചാരിച്ച്, ഒരു ദിവസം അച്ഛൻ അമ്മയെ തല്ലാൻ വന്നു. അമ്മയെ തൊടരുതെന്നുപറഞ്ഞ് ഞാൻ അച്ഛന്റെ കോളറിൽ പിടിച്ച് മുറ്റത്തേക്ക് തള്ളിയിട്ടു. പിന്നെപ്പിന്നെ അച്ഛൻ ബാക്കിയുള്ളവരുമായി വഴക്ക് നിർത്തി എന്നോടു മാത്രമായി കച്ചറ. സ്വൈര്യക്കേടായപ്പോൾ അമ്മയും, സഹോദരങ്ങളും തൃശ്ശിലേരി കഴുതവള്ളി കോളനിയിലെ ‘നെല്ലി' അമ്മാവന്റെ അടുത്തേക്കുപോയി. അപ്പോൾ ഞാൻ മാത്രമായി വീട്ടിൽ. അന്നും അച്ഛൻ കള്ളുകുടിച്ചു വന്നു. അച്ഛന്റെ സ്ഥലത്തുനിന്ന് ഞങ്ങളോട് ഇറങ്ങിപ്പോകണമെന്ന് പറഞ്ഞു.
അച്ഛനോട് വഴക്കുണ്ടാക്കിയതുകൊണ്ട് റേഷൻ കാർഡിൽ പേര് ചേർക്കുന്ന സമയം, ഞാൻ അച്ഛന്റെ മകളല്ലെന്നുപറഞ്ഞ്, എന്റെ പേര് റേഷൻ കാർഡിൽ ചേർക്കുന്നത് ഒഴിവാക്കി.
‘നിങ്ങളെയൊന്നും നോക്കിയിട്ട് കാര്യമില്ല, നിങ്ങള് പെര പൊളിച്ച് ഇറങ്ങിപ്പോയാൽ, ആ പെരത്തറയിൽ മുരിക്ക് കാല് കുഴിച്ചിട്ട്, അതിന്റെ ചുവട്ടിൽ കുരുമുളക് വള്ളി നട്ടാൽ അതിന്റെ വരുമാനം എനിക്ക് കിട്ടും, വാഴ വെച്ചാൽ കുലവെട്ടി വിൽക്കാം’, എന്നൊക്കെ അച്ഛൻ പറഞ്ഞു. ഞങ്ങൾ അച്ഛന്റെ സ്ഥലത്തുനിന്നാൽ തനിക്കൊന്നും കിട്ടില്ല എന്നുപറഞ്ഞ് അച്ഛൻ ബഹളം വെച്ചു.‘അല്ലെങ്കിലും മൂച്ചിളക്കി നിങ്ങൾ എവിടെ പോകാനാ, നാട് മൊത്തം അലഞ്ഞുതിരിഞ്ഞ് നടന്നാലും ഒരു സെൻറ് ഭൂമി പോലും നിങ്ങൾക്ക് കിട്ടില്ല, വീടുവെക്കാനുള്ള സ്ഥലം തരണമെന്നുപറഞ്ഞ്, അവസാനം എന്റെ നീ വന്ന് കാലുപിടിക്കും’ എന്നെല്ലാം അച്ഛൻ പറഞ്ഞുകൊണ്ടിരുന്നു.
അച്ഛൻ വഴിക്കിടുന്ന പോലെ ഞാനും വഴക്കുണ്ടാക്കി; ‘ഞങ്ങൾക്ക് വീടുവെക്കാനുള്ള ഒരു സെൻറ് ഭൂമി അച്ഛന്റെ കാലുപിടിച്ച് ഞങ്ങൾക്ക് വേണ്ടാ, ഈ വാശിയുള്ള അച്ഛന്റെ മകളാണ് ഞാൻ. ഇതേവാശി എനിക്കും ഉണ്ട്’, ഞാൻ പറഞ്ഞു. ‘എന്റെ കല്യാണത്തിന് വിളക്കുതെളിച്ച ആളല്ലേ നീ’ എന്ന് അച്ഛൻ പറഞ്ഞു.‘ഞങ്ങളെല്ലാം വലുതായിട്ടും ഇപ്പോഴും കല്യാണം കഴിച്ചുനടക്കുന്ന അച്ഛന് വിളക്കു പിടിച്ച കാർന്നോരന്മാരായിട്ടുള്ള ആളുകളെല്ലാം മരിച്ചുപോയി, അതുകൊണ്ടാണ് ഞാൻ വിളക്കുപിടിച്ചത്’ എന്ന് ഞാൻ തിരിച്ചുപറഞ്ഞു.
ഞാൻ ‘വിളക്ക്' പിടിച്ചിട്ടില്ല. അച്ഛൻ പറഞ്ഞപ്പോൾ അതിന് മറുപടി പറഞ്ഞതാണ്. അന്നുരാത്രി മുഴുവൻ വഴക്കായിരുന്നു.
അക്കാലത്ത് ആണുങ്ങളുടെ പേരിലായിരുന്നു റേഷൻ കാർഡ്. അച്ഛനോട് വഴക്കുണ്ടാക്കിയതുകൊണ്ട് റേഷൻ കാർഡിൽ പേര് ചേർക്കുന്ന സമയം, ഞാൻ അച്ഛന്റെ മകളല്ലെന്നുപറഞ്ഞ്, എന്റെ പേര് റേഷൻ കാർഡിൽ ചേർക്കുന്നത് ഒഴിവാക്കി. അമ്മയുടെയും ഇളയ സഹോദരങ്ങൾ മൂന്നുപേരുടെയും, മൂത്ത സഹോദരിയുടെയും പേര് ചേർത്തു. എനിക്ക് 19 വയസായ സമയത്താണ് പേര് ചേർക്കാൻ അമ്മ പോയത്. അതുവരെ റേഷൻകാർഡിൽ എന്റെ പേരില്ലായിരുന്നു. രണ്ടുമാസം അമ്മയോടിനടന്നിട്ടും പേര് ചേർക്കാൻ കഴിഞ്ഞില്ല.
അമ്മ പറഞ്ഞു, ‘ഇനി നിന്റെ പേര് അങ്ങനെ തന്നെ നിക്കട്ടെ. കല്യാണം കഴിഞ്ഞിട്ട് റേഷൻ കാർഡ് ആക്കിയാൽ മതി’.
അപ്പോൾ ഞാൻ വാശിയോടെ അമ്മയുടെ കൈയിൽ നിന്ന് റേഷൻ കാർഡിൽ പേരു ചേർക്കേണ്ട ഫോമെല്ലാം വാങ്ങി വില്ലേജ് ഓഫീസിൽ പോയി.‘കുടുംബത്തിലെ ബാക്കിയെല്ലാവരുടെയും പേരുണ്ടല്ലോ? നിന്റെ മാത്രം എന്താ ഇല്ലാത്തത്. നീ അവരുടെ ആരുമല്ലായിരിക്കും. അതാണ് പേര് ചേർക്കാത്തത്’ എന്ന്വില്ലേജ് ഓഫീസർ പറഞ്ഞു. ഞാനും വില്ലേജ് ഓഫീസറും തമ്മിൽ വഴക്കും വാക്കുതർക്കവുമായി. വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് തരില്ലെന്നുപറഞ്ഞു. അപ്പോൾ ഞാൻ കുറച്ച് ഒച്ചയെടുത്ത് വില്ലേജ് ഓഫീസറോട് പറഞ്ഞു, ‘ഒറ്റ മണിക്കൂർ കൊണ്ട് നിങ്ങൾ ഈ സർട്ടിഫിക്കറ്റിൽ എന്റെ പേരു ചേർക്കുന്നത് ഞാൻ കാണിച്ചുതരാം.’
വില്ലേജ് ഓഫീസിൽ നിന്ന് ഞാനിറങ്ങിയപ്പോൾ, വില്ലേജ് ഓഫീസർ പുറകെ വന്ന് എന്നെ തിരിച്ചുവിളിച്ചു. സർട്ടിഫിക്കറ്റിൽ പേര് ചേർത്തുതന്നു. ഞാനത് സപ്ലൈ ഓഫീസിൽ കൊണ്ടുകൊടുത്ത് റേഷൻ കാർഡിൽ പേര് ചേർത്തു.
ജന്മിയുടെ ഭാര്യയോട് ഞാൻ പറഞ്ഞു, നിങ്ങളുടെ കന്നുകാലിക്കും, നിങ്ങൾക്കും വെള്ളം കോരണമെങ്കിൽ നാല് മണിയാകുമ്പോൾ രണ്ടാളെ വേറെ കൂട്ടിക്കോ. ഞങ്ങൾ പണികേറിവന്നാൽ വെള്ളം കോരില്ല.
ഞങ്ങളെ ഉപേക്ഷിച്ചുപോയശേഷം അച്ഛൻ മൂന്ന് വിവാഹം കഴിച്ചിരുന്നു. ഞങ്ങളുടെ കുടുംബക്കാരെ തന്നെയാണ് വിവാഹം കഴിച്ചത്. അതിൽ ‘വെള്ള'യെന്ന സ്ത്രീയിൽ ഒരു മകനുണ്ട്, കൃഷ്ണൻ. എന്റെ അമ്മ അച്ഛന്റെ ഭാര്യമാരുമായി നല്ല കൂട്ടായിരുന്നു. അച്ഛൻ വഴക്ക് പതിവായപ്പോൾ ഞാനും അമ്മാവന്റെ വീട്ടിലേക്കുപോയി. അമ്മാവന്റെ സ്ഥലത്ത് ചെറിയ മാടം കെട്ടി അവിടെ താമസിച്ചു. അമ്മാവന്റെ കുള്ളിന്റെ ഉള്ളിൽ അധികം പേർക്ക് കിടന്നുറങ്ങാൻ ഇടമില്ലാത്തതിനാൽ ആ കുള്ളിന്റെ കോലായിലാണ് ഞാനും അമ്മയും സഹോദരങ്ങളും രാത്രി കിടന്നുറങ്ങിയത്. അന്നത്തെക്കാലത്ത് മുളയും, ഓടയും, വൈക്കോലും, മണ്ണും കൊണ്ട് നിർമിച്ച ഒറ്റ മുറിയും, അതിൽ തന്നെ അടുപ്പും, ഒരു കോലായും അടങ്ങിയ കുള്ളുകളിലായിരുന്നു നമ്മളെ ആളുകൾ താമസിച്ചിരുന്നത്. അന്ന് ഞാൻ കണ്ടതിൽ ഏറ്റവും വലിയ കുള്ള് മാമി എന്നു വിളിക്കുന്ന അച്ഛന്റെ സഹോദരി ‘കുറുമാട്ടി’യുടേതായിരുന്നു. മണ്ണുകൊണ്ടുള്ള കട്ട മുറിച്ച്, ഉണക്കി അതുകൊണ്ട് നിർമിച്ച കുള്ളായിരുന്നു അത്. ഒരു അടുക്കളയും, നടുക്ക് ഒരു മുറിയും, ചുറ്റോടുചുറ്റും കോലായുമുണ്ടായിരുന്നു. അവിടം വലിയ മുറ്റമായിരുന്നു. ആ മുറ്റത്തിന്റെ നടുക്ക് പൊക്കമുള്ള വലിയ കല്ല് സ്ഥാപിച്ചിരുന്നു. ‘മേട്ടികല്ല്' എന്നാണ് ഞങ്ങളതിനെ പറഞ്ഞിരുന്നത്. അവിടെവെച്ച് ചെമ്മത്തിലെ ആചാരപരിപാടികൾ നടത്തുമ്പോൾ, ഈ മേട്ടിക്കല്ലിൽ ചാരിയിരുന്നാണ് കർമി ചടങ്ങുകൾ നടത്തുന്നത്.
അമ്മാവന്റെ സ്ഥലത്തുനിന്ന് എന്റെ ചേച്ചിയെ കെട്ടിച്ചുവിട്ട തൃശ്ശിലേരിയിലെ ‘നിട്ടമാനി' എന്ന സ്ഥലത്തേക്ക് ഞങ്ങൾ താമസം മാറി. ഈ സമയമായപ്പോഴേക്കും ഒരു ജന്മിയുടെ കീഴിൽ എനിക്ക് സ്ഥിരം കൂലിപ്പണിയായി. ജന്മിക്ക് അത്യാവശ്യം പോവേണ്ട സ്ഥലങ്ങളുണ്ടെങ്കിൽ ജന്മിയുടെ അമ്പതുപണിക്കാരുടെ ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ച് പോകും. ജന്മിയുടെ വീടിനടുത്ത് ഒരു അംഗൻവാടിയുണ്ടായിരുന്നു. അവിടെ എന്നെ ‘ഹെൽപറാ’യി എടുക്കാൻ തീരുമാനിച്ചു. ഒരു ദിവസം അംഗൻവാടിയിൽ ചേർന്ന കമ്മിറ്റിയിൽ ജന്മിയുടെ ഭാര്യ പോയി പറഞ്ഞു, അവൾ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്, മാസം 25 രൂപ ശമ്പളത്തിൽ ജോലി ചെയ്താൽ അവൾക്ക് കുടുംബം പോറ്റാൻ പറ്റില്ലെന്ന്. എന്നോട് ചോദിക്കാതെ, എന്റെ കാര്യത്തിൽ അഭിപ്രായം പറഞ്ഞത് എനിക്കിഷ്ടമായില്ല. എന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ നിങ്ങളാരാണെന്ന് ഞാൻ അവരോട് ചോദിച്ചു. രാവിലെ എട്ടുമണിയ്ക്ക് പണിക്കിറങ്ങിയാൽ വൈകുന്നേരം അഞ്ചു മണിയ്ക്കാണ് കേറുന്നത്. അതുകഴിഞ്ഞ് ജന്മിയുടെ വീട്ടിലേക്കും, കന്നുകാലികൾക്കും കിണറ്റിൽ നിന്ന് വെള്ളം കോരിവെച്ചു കൊടുക്കണം. അതിന് കൂലിയൊന്നും തരില്ല. അഞ്ചുമണിവരെ പണിയെടുത്ത കൂലി മാത്രമേ തന്നിരുന്നുള്ളൂ. അവരുടെ വീട്ടിലെ പണിയെല്ലാം തീർത്ത് വീട്ടിലെത്തുമ്പോൾ ഇരുട്ടാവും.
പിറ്റേന്ന് ജന്മിയുടെ ഭാര്യയോട് ഞാൻ പറഞ്ഞു, നിങ്ങളുടെ കന്നുകാലിക്കും, നിങ്ങൾക്കും വെള്ളം കോരണമെങ്കിൽ നാല് മണിയാകുമ്പോൾ രണ്ടാളെ വേറെ കൂട്ടിക്കോ. ഞങ്ങൾ പണികേറിവന്നാൽ വെള്ളം കോരില്ല.
പക്ഷേ അവർ ആരെയും വിളിച്ചില്ല. ഞങ്ങൾ പണിക്കേറി വന്നപ്പോൾ പാത്രമെല്ലാം എടുത്തുവച്ചിരുന്നു. ഞാനാരെയും വെള്ളം കോരാൻ വിട്ടില്ല. പിറ്റേന്ന് ഞങ്ങൾ പോയപ്പോൾ ജന്മിയുടെ ഭാര്യ പറഞ്ഞു, ഇന്നലെ വെള്ളം കോരീട്ട് അവിടെ വേദന, ഇവിടെ വേദന എന്നൊക്കെ. എന്റെ കൂട്ടത്തിലുണ്ടായിരുന്നവർ ഒന്നും മിണ്ടിയില്ല. ‘നിങ്ങളുടെ വീട്ടിലെ പണി ചെയ്തതിന് ഞങ്ങളോട് പറയണ്ട, നിങ്ങളുടെ കെട്ടിയോനോട് പറ, ഞങ്ങടെ വീട്ടിലെ പണിയെടുത്തെങ്കിൽ പറഞ്ഞാ മതി, അതിന്റെ കൂലി ഞങ്ങൾ തരാം’ എന്ന് ഞാൻ പറഞ്ഞു.‘നിന്റെ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നത് ഞങ്ങളുടെ ഇവിടെ പണി ഉള്ളതുകൊണ്ടാണ്’, ജന്മിയുടെ ഭാര്യ പറഞ്ഞു.‘ഇവിടെ ഒരു ജന്മിയുണ്ടെന്ന് കരുതിയല്ല ദൈവം എന്നെ ജനിപ്പിച്ചത്. പണിയറിയുന്ന എനിക്ക് എവിടെ പോയാലും പണി കിട്ടും’ ഞാൻ തിരിച്ചുപറഞ്ഞു.
ഓരോ വർഷവും കൃഷിയിറക്കി വരുമാനം കിട്ടുമ്പോൾ കൃഷിയുടെ ഓർമയ്ക്കായി ഞാൻ എന്തെങ്കിലും സാധനങ്ങൾ വാങ്ങി സൂക്ഷിക്കും. കൂടുതൽ ലാഭം കിട്ടിയാൽ സ്വർണവളയോ മാലയോ വാങ്ങും. ലാഭം കുറവാണെങ്കിൽ മോതിരം വാങ്ങും.
അങ്ങനെ ഞാനവിടുത്തെ കൂലിപ്പണി അവസാനിപ്പിച്ചു. പിന്നീട് ഞാൻ സ്വന്തമായി പാടം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. അര ഏക്കറോളം പാടം ഒറ്റയ്ക്കു കിളച്ചിട്ടു. വരമ്പ് ചെത്തി, ചളി ചവിട്ടി, വരമ്പ് വെച്ച്, വിത്ത് പാകി, ഞാറുമുളപ്പിച്ച്, ഞാറുപറിച്ച്, നാട്ടിവെച്ച്, ഒറ്റയ്ക്ക് കൊയ്ത് നെല്ലിറക്കി. പാടത്തിന്റെ ഉടമയ്ക്ക് പകുതി നെല്ല് കൊടുക്കും. പകുതി ഞാനും എടുക്കും. പിന്നെ മൂന്നുനാലേക്കർ സ്ഥലത്ത് ഇഞ്ചികൃഷി നടത്തി. ഇതിൽ കൂട്ടുകാരെയും സഹായത്തിന് കൂട്ടി. അവർക്ക് ഞാൻ കൂലി കൊടുത്തു. അതോടൊപ്പം തയ്യൽ ക്ലാസിനും പോയി തുടങ്ങി. കാട്ടിക്കുളത്ത് ശോഭ ടീച്ചറുടെ കീഴിലാണ് തയ്യൽ പഠിക്കാൻ പോയത്. സ്കൂളിൽ പഠിക്കാത്തതുകൊണ്ട് സർക്കാർ സ്ഥാപനത്തിൽ തയ്യൽ പഠിക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് ഒരാഴ്ച പണിക്കുപോയിട്ട് ഫീസടച്ചായിരുന്നു തയ്യൽ പഠിച്ചത്. നിട്ടമാനി മുതൽ കാട്ടിക്കുളം വരെ എട്ടു കിലോമീറ്റർ ദൂരം നടന്നാണ് ക്ലാസിനുപോയിരുന്നത്. തയ്യൽ ക്ലാസിൽ ഞങ്ങൾ പത്തുപേരുണ്ടായിരുന്നു- ജയലക്ഷ്മി, അംബിക, അനിത, സുധ, പുഷ്പ, ഷൈല, കമല തുടങ്ങിയർ. അംബികയായിരുന്നു പ്രിയ കൂട്ടുകാരി. അവൾക്ക് മുട്ടോളം നല്ല മുടിയുണ്ടായിരുന്നു. ആ സമയത്ത് അവൾ ഒരാളെ സ്നേഹിക്കുന്നുണ്ടായിരുന്നു. അയാളെ കല്യാണം കഴിച്ചുകൊടുക്കുന്നതിൽ അവളുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. വീട്ടുകാർ മറ്റൊരാളെക്കൊണ്ട് കെട്ടിക്കാൻ പെണ്ണുകാണൽ ചടങ്ങ് നടത്തി. അവൾക്ക് ആ വിവാഹം ഇഷ്ടമല്ലായിരുന്നു. വീട്ടുകാർ നിർബന്ധിച്ചു കെട്ടിക്കാൻ ശ്രമിച്ചപ്പോൾ ചേട്ടന്റെ ബൈക്കിന്റെ പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തി അവൾ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ കൊണ്ടുപോയതുകൊണ്ട് വൈകുന്നേരം വരെ കാത്തുനിന്ന് അവസാനമായി അവളെ കാണാൻ കഴിയാതെ ഞാൻ മടങ്ങി.
ആത്മാർഥ കൂട്ടുകാരിയുടെ മരണം എന്നെ ഏറെ വിഷമിപ്പിച്ചു. ഞാനും മരിക്കാൻ തീരുമാനിച്ചു. എന്റെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഒരാഴ്ച ടീച്ചറോടൊപ്പം അവരുടെ വീട്ടിൽ താമസിപ്പിച്ചു. പിന്നെ ഞാൻ എന്റെ കുള്ളിൽ നിന്ന് ക്ലാസിനു പോയി തുടങ്ങി. ആറുമാസം കൊണ്ട് തയ്യൽ പഠിച്ചു. 5000 രൂപ ബാങ്ക് ലോൺ എടുത്ത് മെഷീനും കത്രികയും സ്റ്റൂളും മേശയും വാങ്ങി. തൃശ്ശിലേരിയിൽ ഒരു കട വാടകയ്‌ക്കെടുത്ത് തയ്ക്കാൻ തുടങ്ങി. ബ്ലൗസ്, പാവാട, പെറ്റിക്കോട്ട്, ട്രൗസർ, പാൻറ്, ഷർട്ട് തുടങ്ങിയവയെല്ലാം അടിച്ചുകിട്ടുന്ന പൈസ കുറേശ്ശെ മാറ്റിവെച്ച് നിട്ടമാനിയിൽ ചേച്ചിയുടെ കുള്ളിനുസമീപം അറുപതു സെൻറ് ഭൂമി വാങ്ങി. അവിടെ വീട് വെയ്ക്കാൻ അമ്മയുടെ പേരിൽ സർക്കാർ വക 12,000 രൂപ അനുവദിച്ചുകിട്ടി. പകൽ തയ്ക്കാൻ പോകും. രാത്രി ഒറ്റയ്ക്ക് നിലാവെട്ടത്ത് വീടിന്റെ തറ വെട്ടി നിരത്തി, മണ്ണ് വലിച്ചു. രാത്രി പന്ത്രണ്ടുമണി വരെ വീടിന്റെ പണിയെടുത്തു. പരിസരത്തുനിന്ന് കല്ലിളക്കി തറ കെട്ടാൻ അടുപ്പിച്ചിട്ടു. തറ കെട്ടാൻ ആളെ കൂട്ടി. കൈപ്പണിക്ക് ഞാനും അവരോടൊപ്പം കൂടി. കട്ട മുറിക്കാൻ മണ്ണും വെള്ളവും അടുപ്പിച്ചുകൊടുത്തു. കട്ട ചെത്തി ചൂള വെച്ച് ചുട്ടെടുത്തത് ഞാനൊറ്റയ്ക്കായിരുന്നു. അങ്ങനെ കോലായിയും ഹാളും മൂന്നുമുറിയും അടുക്കളയും അടങ്ങിയ എന്റെ ആദ്യ വീട് പണിതു. അവിടെ അമ്മയും, ഞാനും, സഹോദരങ്ങളും താമസിച്ചു. ഇന്ന് ആ സ്ഥലത്ത് അനിയത്തി മുത്തയുടെ മകൻ പുതിയ വീട് വെച്ച് താമസിക്കുന്നുണ്ട്.
നിട്ടമാനിയിൽ ഇഞ്ചി കൃഷി ചെയ്യാൻ തൃശ്ശിലേരി മുത്തുമാരിയിലുള്ള കുഞ്ഞേപ്പ് ചേട്ടന്റെ കൈയിൽ നിന്ന് കിലോ ഇഞ്ചി വാങ്ങി കൃഷി ചെയ്തു. എട്ടു ചാക്കോളം ഇഞ്ചി കിട്ടി. ഒരിഞ്ചിപോലും വിൽക്കാതെ മുഴുവൻ വിത്തായി എടുത്ത് സൂക്ഷിച്ച് പിറ്റത്തെ വർഷം ഒരേക്കറോളം ഭൂമി പാട്ടത്തിനെടുത്ത് കുറേയധികം ഇഞ്ചി നട്ടു. പിന്നീടങ്ങനെ അഞ്ചേക്കർ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി ചെയ്തുകൊണ്ടിരുന്നു. ഓരോ വർഷവും കൃഷിയിറക്കി വരുമാനം കിട്ടുമ്പോൾ കൃഷിയുടെ ഓർമയ്ക്കായി ഞാൻ എന്തെങ്കിലും സാധനങ്ങൾ വാങ്ങി സൂക്ഷിക്കും. കൂടുതൽ ലാഭം കിട്ടിയാൽ സ്വർണവളയോ മാലയോ വാങ്ങും. ലാഭം കുറവാണെങ്കിൽ മോതിരം വാങ്ങും.
നിട്ടമാനിയിൽ ഞങ്ങൾ വീട് വെച്ചു താമസിക്കുന്ന സമയം, അച്ഛന്റെ പേരിലുള്ള സ്ഥലത്ത് കാപ്പി കൃഷി ചെയ്യാൻ അച്ഛൻ ലോണെടുത്തു. കാപ്പി കൃഷി ചെയ്യാതെ ആ ലോൺ മദ്യപിച്ചും വേറെ കല്യാണം കഴിച്ചും ആ പൈസ തീർത്തു. അങ്ങനെ ആ സ്ഥലത്തിന് ജപ്തി നോട്ടീസ് വന്നു. ജപ്തി നോട്ടീസ് വന്നപ്പോൾ എന്റെ സഹോദരങ്ങളോട് അച്ഛൻ പൈസ ചോദിച്ചു. ആ സ്ഥലം നിങ്ങൾക്ക് അവകാശപ്പെട്ടതാണ്, എല്ലാവരും കുറേശ്ശെ പൈസ തന്ന് സഹായിക്കണമെന്ന് പറഞ്ഞു. എന്നോട് അച്ഛൻ പിണക്കമായതിനാൽ എന്നോടുമാത്രം പൈസ ചോദിച്ചില്ല. സഹോദരങ്ങളെ കാണുമ്പോൾ അവരോട് പറഞ്ഞുകൊണ്ടിരുന്നു. ‘അച്ഛനോട് നേരിട്ടുവന്ന് എന്നോട് പറയാൻ പറ, എന്റെ കൈയിലാണ് പൈസ’ എന്നു പറയാൻ ഞാനവരോട് പറഞ്ഞു. അവർ പറഞ്ഞതനുസരിച്ച് പൈസ ചോദിക്കാൻ അച്ഛൻ എന്റെയടുത്തുവന്നു.
അച്ഛനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു, കണ്ടത്തിന്റെ വരമ്പിൽനിന്ന് സംസാരിച്ചാൽ മതി. ഈ സ്ഥലത്ത് കേറി സംസാരിക്കണ്ട, ഇത് എന്റെ സ്ഥലമാണ്. അതുകൊണ്ട് വരമ്പിൽ നിന്നാണ് അച്ഛൻ എന്നോട് സംസാരിച്ചത്.
അച്ഛനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു, കണ്ടത്തിന്റെ വരമ്പിൽനിന്ന് സംസാരിച്ചാൽ മതി. ഈ സ്ഥലത്ത് കേറി സംസാരിക്കണ്ട, ഇത് എന്റെ സ്ഥലമാണ്. അതുകൊണ്ട് വരമ്പിൽ നിന്നാണ് അച്ഛൻ എന്നോട് സംസാരിച്ചത്.
സ്ഥലം ജപ്തിയാണ്, എല്ലാവരും കുറേശ്ശെ പൈസ തന്നാൽ ജപ്തി അടക്കാം. അത് നിങ്ങൾക്കുള്ള ഭൂമിയാണ്, അച്ഛൻ പറഞ്ഞു.
ഞാൻ അച്ഛനോട് ചോദിച്ചു, പൈസയെടുത്തിട്ട് എന്താണ് ചെയ്തത്?
അതൊക്കെ ചെലവായി പോയീന്ന് അച്ഛൻ പറഞ്ഞു.
‘എനിക്കറിയാം, നിങ്ങളാ പൈസ എന്താ കാണിച്ചതെന്ന്. കള്ളുകുടിച്ച്, പെണ്ണുകെട്ടി നടക്കുവല്ലായിരുന്നോ? അതുകൊണ്ട് ഒരു കാര്യം ചെയ്യ്. ആദ്യം കെട്ടിയ പെണ്ണിനെ മുതലിന് അടക്ക്, രണ്ടാമത് കെട്ടിയ പെണ്ണിനെ പലിശക്ക് അടക്ക്, എന്നിട്ട് പട്ടയം മേടിച്ചു വാ’ എന്ന് ഞാൻ പറഞ്ഞു.
അങ്ങോട്ടുമിങ്ങോട്ടും പോകുവാനുള്ള വണ്ടിപ്പൈസ ചോദിച്ചപ്പോൾ, ഞങ്ങളെ അവിടെനിന്നിറക്കിവിട്ടപ്പോൾ നട്ട വാഴയും കുരുമുളകും പറിച്ചുവിറ്റ് ആ കാശെടുത്ത് പോകാൻ ഞാൻ പറഞ്ഞു. ഞാൻ പൈസ കൊടുത്തില്ല.
പിന്നീട് പൈസ അടയ്ക്കാതെ ലോൺ സർക്കാർ എഴുതിത്തള്ളി. അച്ഛന്റെ കൂടെയുള്ളവരെല്ലാം ലോൺ എഴുതിത്തള്ളിയപ്പോൾ പട്ടയം വാങ്ങി. അച്ഛൻ മാത്രം വാങ്ങിയില്ല. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.