അടിമമക്ക
അധ്യായം 49 (തുടർച്ച)
ആദിവാസി പ്രശ്നങ്ങളിൽ ഇടപെട്ട് ശക്തമായി പ്രവർത്തിക്കാൻ എല്ലായിടത്തും ആദിവാസിസ്ത്രീകൾ തന്നെ മുന്നിലുണ്ട്. തമിഴ്നാട്ടിൽ ലീലാവതി, മുത്തുക്കണ്ണ്, മല്ലിക, നാഗമ്മ, ശോഭ, ജാർഖണ്ഡിൽ എലീന, ഛത്തീസ്ഗഢിൽ മംമ്ത, ബീഹാറിൽ ജോസ്ന, മലേഷ്യയിൽ ജെനി, ഫിലിപ്പിൻസിൽ ജോൺ, തായ്ലാൻ്റിൽ അഞ്ജലി, നാഗാലാൻ്റിൽ ചോഞ്ചൊൻ, ബോഡോലാൻ്റിൽ അഞ്ജലി തുടങ്ങിയവരെല്ലാം സജീവ ആദിവാസി പ്രവർത്തകരും എന്റെ സുഹൃത്തുക്കളുമാണ്. ഞാൻ ഇവരുമായി ആദിവാസി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും മീറ്റിംങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഓരോ സ്ഥലത്തെയും പ്രശ്നങ്ങൾ അനുസരിച്ച് സമരങ്ങളും, സംവിധാനങ്ങളും വേറെ വേറെ രീതിയിലാണ്.
‘സ്ത്രീ’ എന്ന നിലയിൽ പൊതുപ്രവർത്തനരംഗത്തു വന്നപ്പോൾ തൊട്ട് ഒരുപാട് അപവാദങ്ങളും, അവഗണനയും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഓരോ സമരം നടക്കുമ്പോഴും വിദേശപണം വാങ്ങിയാണ് ഞാൻ സമരം നടത്തുന്നതെന്നും വിദേശചാര പുത്രിയാണെന്നും എൻ.ജി.ഒ. ഫണ്ട് തന്ന് സഹായിച്ചണ് സമരം നടത്തുന്നതെന്നും അപവാദങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. നല്ല വസ്ത്രം ഉടുക്കുന്നതും സ്വർണം അണിയുന്നതും വീടു വെച്ചതും വാഹനം വാങ്ങിയതുമെല്ലാം ആദിവാസികളെ പറ്റിച്ചിട്ടാണെന്ന് പറഞ്ഞുപരത്തി. അങ്ങനെ പറ്റിച്ചു ജീവിക്കുന്നവരുടെ കള്ളത്തരങ്ങൾ മറച്ചു വെയ്ക്കാനാണ് വിവാദം ഉണ്ടാക്കി എന്നെ മുന്നിൽ നിർത്തുന്നത്.
എനിക്ക് ലക്ഷങ്ങൾ വരുമാനമുണ്ടെന്ന് പ്രചരിപ്പിക്കുന്നവർ ആദിവാസികൾക്കിടയിൽ നിന്നുതന്നെ ഒരു നേതാവ് വളർന്നുവരാൻ അനുവദിക്കാത്തവരും ആദിവാസികൾ സംഘടിത ശക്തിയായി അധികാരത്തിൽ വരുന്നതിനെ എതിർക്കുന്നവരുമാണ്. ഒരുപാട് ആരോപണങ്ങൾ കേട്ടുതഴമ്പിച്ച മനസിന്റെ ഉടമയാണ് ഞാൻ. അതുകൊണ്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളെ പുഞ്ചിരിയോടെയാണ് ഞാൻ നേരിടുന്നത്.
ആരോപണങ്ങളിലുള്ള ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. സത്യസന്ധവും, നീതിയുക്തവുമായിട്ടാണ് ഞാൻ എല്ലാ കാര്യത്തിലും ഇടപെടുന്നത്. കഴമ്പില്ലാത്ത നുണകൾ പ്രചരിപ്പിക്കുമ്പോൾ അതിന് അധികം ആയുസ്സില്ല. ‘കുടം’ കമഴ്ത്തിയിട്ട് വെള്ളമൊഴിക്കുമ്പോൾ ആ വെള്ളം നാലുവഴിയിലേക്കും ചിതറിത്തെറിച്ചു പോകുമ്പോഴുള്ള ഒരനുഭൂതിയാണ് ആരോപണങ്ങൾ കേൾക്കുമ്പോൾ എനിക്ക് അനുഭവപ്പെടുന്നത്. ആരോപണം പ്രചരിപ്പിക്കുന്നവർ വിചാരിക്കുന്നത് ഇതോടെ സി.കെ. ജാനു ഇല്ലാതാവും എന്നാണ്. എന്നാൽ നേരെമറിച്ചാണ് സംഭവിക്കുന്നത്. ആരോപണം ഉന്നയിക്കുന്നതിലൂടെ എനിക്ക് വലിയ രീതിയിലുള്ള പ്രചാരണമുണ്ടാക്കി തരുകയാണ് ചെയ്യുന്നത്. കൊടുങ്കാറ്റ് അലറിയിളകുമ്പോൾ തൈമരങ്ങൾ തായ്വേരുറപ്പിക്കുന്നതുപോലെ, ആരോപണങ്ങൾ കേൾക്കുമ്പോൾ എന്റെ പ്രവർത്തനത്തിന് വീറും, വാശിയും കൂടുകയാണ് ചെയ്യുന്നത്. ആരോപണങ്ങളിലൂടെ, ഒന്നുമില്ലെങ്കിലും ഈ ആളുകളെ തിരിച്ചറിയാനെങ്കിലും കഴിഞ്ഞിട്ടുണ്ട്.
എന്തെല്ലാം സഹായം ചെയ്തിട്ടും നമ്മുടെ ചില ആളുകൾ പോലും എനിക്കെതിരെ തിരിയുമ്പോൾ സങ്കടവും ദേഷ്യവുമൊക്കെ വരും. ഇങ്ങനെയുള്ള അനുഭവങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. ആ സമയത്ത് എല്ലാം നിർത്തി വീട്ടിലിരിക്കാൻ തോന്നും. പക്ഷേ, വീണ്ടും നമ്മുടെ ആളുകളുടെ പ്രശ്നങ്ങൾ കാണുമ്പോൾ അവരിലേക്കിറങ്ങും. ചീത്ത പറഞ്ഞാലും, നന്ദി പറഞ്ഞാലും എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്ന രീതിയിലാണ് ഞാൻ. എല്ലാവരും അവരവരുടെ കാര്യങ്ങൾ നേടാനും, പ്രശ്നപരിഹാരത്തിനുമാണ് വരുന്നത്. അത് നേടിക്കഴിയുമ്പോൾ അവർ അവരുടെ വഴിക്കു പോകും. പിന്നെ കണ്ട പരിചയം പോലും ചിലർ കാണിക്കില്ല. ഒരാൾക്ക് ഞാൻ സഹായം ചെയ്യുമ്പോൾ അവരിൽ നിന്ന് ഒരു നന്ദിവാക്കു പോലും കിട്ടില്ലായിരിക്കും. പക്ഷേ വേറെയാരെങ്കിലും വഴി എനിക്ക് ഒരു സഹായം കിട്ടുമെന്ന് വിശ്വസിക്കുന്നുണ്ട്.
ജീവിതസാഹചര്യം മൂലം എനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടില്ല. അത് ഒരു കുറവായിട്ടാണ് പല ആളുകളും കാണുന്നത്. വിദ്യാഭ്യാസം ഇല്ലാത്തത് കുറ്റമായി കാണുകയും അത് എന്നെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി പലരും അതിനെ പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് ഒരു അധികാരസ്ഥാനത്തും എനിക്ക് ഇരിക്കാൻ പറ്റില്ലെന്ന് കൂടെ പ്രവർത്തിച്ച ഒരാളിൽ നിന്നുതന്നെ കേൾക്കേണ്ടിവന്നിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവർ പരമാവധി എന്നെ ചൂഷണം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അത്തരം പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ പെട്ടെന്ന് അത് തിരിച്ചറിയുകയും അതിനെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരിൽ പല അപവാദങ്ങളും കേൾക്കേണ്ടിയും വന്നിട്ടുണ്ട്. എന്ത് സ്ത്രീ- പുരുഷ സമത്വവും ജനാധിപത്യവും പറഞ്ഞാലും ചില പുരുഷന്മാർക്ക് സ്ത്രീകളെ പൂർണ സമത്വത്തിൽ കാണാൻ പറ്റില്ല. എപ്പോഴും അവരുടെയുള്ളിൽ ഒരു പുരുഷക്രിമിനൽ മേധാവിത്വം ഉറങ്ങിക്കിടക്കുന്നുണ്ട്. അത് ഇടയ്ക്കിടെ ഉണർന്നെഴുന്നേൽക്കും.
എന്റെ സ്വഭാവത്തിൽ എനിക്കിഷ്ടമില്ലാത്ത കാര്യമാണ് എടുത്തുചാട്ടം. നമ്മുടെ കൂട്ടത്തിലെ ആരെയെങ്കിലും മറ്റുള്ളവർ ഉപദ്രവിച്ചാൽ എനിക്കത് സഹിക്കാൻ പറ്റില്ല. നിയന്ത്രണം വിട്ടുപോകും. അടി കൊടുക്കേണ്ടിടത്ത് ഞാൻ അടി കൊടുത്തിട്ടുണ്ട്. ഒരു വട്ടം കൂട്ടുകാരെല്ലാം ചേർന്ന് വള്ളിയൂർക്കാവിൽ ഉത്സവത്തിനു പോയപ്പോൾ എന്റെ കൂട്ടുക്കാരിയെ ഒരാൾ തോണ്ടി, അയാൾക്കിട്ട് ഞാൻ നല്ല അടി കൊടുത്തു. അവസാനം അവൻ ഓടി രക്ഷപ്പെട്ടു. പലപ്പോഴും ഈ സ്വഭാവം നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ ഏതൊരാളെയും പെട്ടെന്ന് വിശ്വസിക്കും. അവർ എന്നോട് പെരുമാറുന്ന രീതിവെച്ച് അവിശ്വസിക്കേണ്ടതായി തോന്നിയിട്ടില്ല. പക്ഷേ പിന്നീട് അവരിൽ നിന്ന് മോശം അനുഭവമുണ്ടാവുമ്പോൾ, ഇനിയാരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കും. എന്നാലും, പഴയ പോലെ തന്നെയാവും. എല്ലാവരെയും ആത്മാർത്ഥമായി വിശ്വസിച്ചു പോകും. മറ്റുള്ളവരുടെ സങ്കടം എനിക്ക് കണ്ടു കൂടാ. സങ്കടപ്പെടുന്ന കാര്യങ്ങൾ പറയുമ്പോൾ പരിസരം മറന്ന് കണ്ണു നിറയും. ഇങ്ങനെയൊന്നും ആവരുത് ശരിക്കും. എല്ലാത്തിനും ഒരു നിയന്ത്രണം വേണമെന്നറിയാം. പക്ഷേ പറ്റുന്നില്ല. എനിക്ക് എന്നിൽ ഇഷ്ടമില്ലാത്ത കാര്യമാണിത്.
ആളുകളെ ആത്മാർഥമായി വിശ്വസിച്ച്, സ്നേഹിക്കും. അവർ എന്നെ വിട്ടുപോകുമ്പോൾ സ്വയം തകർന്നു പോകും. വേദനകളൊന്നും പുറമെ കാണിക്കാറില്ല. അപ്പോഴെല്ലാം ഓർക്കും, ആരേയും ആത്മാർഥമായി സ്നേഹിക്കരുതെന്ന്. പക്ഷേ അറിയാതെ വീണ്ടും അങ്ങനെ തന്നെയാവും.
സംഘടനാപ്രവർത്തനത്തിലേക്കും രാഷ്ട്രീയ രംഗത്തേക്കും ഇറങ്ങിയത് വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയല്ല. വ്യക്തിപരമായിട്ടു ജീവിക്കാൻ എനിക്ക് നന്നായിട്ടറിയാം. അതിന് ഒരു അധികാരവും വേണ്ട. രാഷ്ട്രീയ സപ്പോർട്ടും വേണ്ടാ. ഞാൻ ജീവിക്കുന്നത് പണിയെടുത്താണ്. വീടുണ്ടാക്കാൻ പോലും സർക്കാരിന്റെ അഞ്ച് പൈസ ആനുകൂല്യം മേടിച്ചിട്ടില്ല. കൃഷിപ്പണിയുടെ വരുമാനം കൊണ്ടുണ്ടാക്കിയ വീടാണ് എന്റേത്.
എനിക്ക് റോൾ മോഡലുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ആ രീതിയിൽ എനിക്കാരുമില്ല. മറ്റൊരാൾ ചെയ്തപോലെ എനിക്ക് ചെയ്യണം എന്നില്ല. ആളുകളുടെ ദുരിതം നിറഞ്ഞ ദൈനംദിന ജീവിതം മാത്രമാണ് മുന്നിലുള്ളത്. ഭൂമിയും വീടും ഭക്ഷണവും തൊഴിലും വിദ്യാഭ്യാസവും ഇല്ലാതെ, ആശുപത്രിയിൽ പോകാൻ പറ്റാതെ നീറിനീറി ജീവിക്കുന്ന എന്റെ സ്വന്തം ആളുകൾ. അവരുടെ ദുരിതജീവിതത്തിന് ഒരു തരിയെങ്കിലും മാറ്റം ഉണ്ടാക്കാനാണ് ഞാൻ ഇറങ്ങിത്തിരിച്ചത്. എനിക്കീ സമൂഹത്തോട് ചില ഉത്തരവാദിത്വമുണ്ട്, എനിക്കതു ചെയ്യണം. എല്ലാവർക്കും അങ്ങനെ ഓരോ ഉത്തരവാദിത്വമുണ്ട്. അത് തിരിച്ചറിഞ്ഞ് ഓരോരുത്തരും അത് ചെയ്യണം.
എന്തെങ്കിലും പ്രശ്നങ്ങളുമായി നമ്മുടെ ആളുകൾ ഏത് പാതിരാത്രിക്കുവന്നുവിളിച്ചാലും ഞാൻ പോകും. അതെെൻ്റ ഉത്തരവാദിത്വമാണ്. പോവാതിരുന്നാൽ മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തും. സ്ത്രീകളോട് അപമര്യാദയോടെ പെരുമാറിയ പ്രവർത്തകരായ ചില ആണുങ്ങൾക്കെതിരെ കർശനനിലപാട് എടുക്കുകയും, അവരെ പ്രവർത്തനത്തിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. ‘ഞങ്ങൾക്കെല്ലാം പെൺകുഞ്ഞുങ്ങളുണ്ട്, അവരെല്ലാം വളർന്നുവരുകയാണ്, അതുകൊണ്ട് ഞങ്ങൾക്ക് മനസ്സിൽ ഭയങ്കര പേടിയാണ്’ എന്ന് മീറ്റിംഗ് കൂടുന്ന സമയത്ത് പല സ്ത്രീകളും പറയാറുണ്ട്. അപ്പോൾ അതിനു കാരണക്കാരായവരെ സംഘടനയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. അതിന്റെ പേരിൽ എനിക്കെതിരെ അപവാദ പ്രചാരണവുമുണ്ടായിട്ടുണ്ട്.
ആളുകളുടെ സ്നേഹവും ബഹുമാനവും കിട്ടുന്ന കാര്യത്തിൽ ഞാൻ വളരെ സമ്പന്നയാണ്. എന്നിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെയുള്ള സത്യസന്ധവും, ആത്മാർത്ഥതയുള്ളതുമായ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് പൊതു പ്രവർത്തന രംഗത്തേയ്ക്ക് വന്നതുകൊണ്ടാണ്. സമരമെല്ലാം ശക്തമായി നടക്കുന്ന സമയത്ത്, പല സ്ഥലത്തും സ്വീകരണം കിട്ടും. ഒരു പരിപാടിക്കിടയിൽ, സ്റ്റേജിൽ നിന്നുതന്നെ ഒരു ചേച്ചി അവരുടെ മോതിരം ഊരി എനിക്കിട്ടു തന്നു. പിന്നീടൊരിക്കൽ എറണാകുളത്തുള്ള അഡ്വ. സുബ്ബലക്ഷ്മി സ്വർണത്തിന്റെ പറ്റ് കമ്മൽ വാങ്ങി തന്നു. തിരുനാവായ സ്കൂളിൽ നിന്ന് പ്രസംഗം കഴിഞ്ഞിറങ്ങുമ്പോൾ ഒരു ടീച്ചർ അവരുടെ എന്റെ വിരലിലിട്ടു തന്നു. മനസ്സുകൊണ്ട് എന്നെ ഏറെ സ്നേഹിച്ച്, അംഗീകരിച്ചതു കൊണ്ടാവാം അവർ സ്വർണം പോലും ഊരിത്തരുന്നത്. സ്ത്രീകൾ കെട്ടിപ്പിടിച്ച്, ഉമ്മവെച്ച്, കവിളിൽ കടിച്ച് സ്നേഹം പ്രകടിപ്പിക്കും.
നിരവധി പേർ എന്നെ ഇൻ്റർവ്യൂ ചെയ്തിട്ടുണ്ട്. ഭൂ സമരത്തിൽ സജീവമായ സമയത്തെല്ലാം ആളുകൾ ക്യൂ നിന്നാണ് ഇൻ്റർവ്യൂ ചെയ്തത്. ഇൻ്റർവ്യൂ ചെയ്യാൻ വന്ന പലരുമായിട്ടും സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. ഹൈദരാബാദ് യൂണിവേഴ്സിറ്റി, ജെ.എൻ.യു., റാഞ്ചി യൂണിവേഴ്സിറ്റി, കണ്ണൂർ- കാലിക്കറ്റ്- എം.ജി യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിലും ഇന്ത്യയിലെയും കേരളത്തിലെയും പല കോളേജുകളിലും സെമിനാറുകളിലും മറ്റും പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. ആദിവാസിയല്ലാത്ത, ഒരു തുണ്ട് ഭൂമിയില്ലാത്തവർ എന്നെ കാണുമ്പോൾ പറയും; നിങ്ങൾ ഞങ്ങൾക്കാണ് ഇങ്ങനെ ഭൂമി പിടിച്ചു തന്നതെങ്കിൽ, നിങ്ങളെ ദൈവമായി ഞങ്ങൾ പൂജിക്കുമായിരുന്നുവെന്ന്.
വയനാട്ടിലെ കൊയാലിപ്പുര കോളനിയിലുള്ള പ്രായമായ ഒരു വല്ല്യമ്മ പെൻഷൻ കിട്ടുന്ന പൈസ അരയ്ക്ക് ചുറ്റുന്ന തുണിയുടെ അറ്റത്ത് കെട്ടിവയ്ക്കുമായിരുന്നു. ഞാൻ കോളനിയിൽ പോകുന്ന സമയത്ത് അതിൽ നിന്ന് എനിക്ക് പൈസ തരും. വല്ല്യമ്മ തരുന്നത് പത്തു രൂപയാണെങ്കിലും അതിന് പത്ത് ലക്ഷത്തിന്റെ മൂല്യമുണ്ടായിരുന്നു. ഇവരുടെയൊക്കെ സ്നേഹം കിട്ടുകയെന്നത് വിലമതിക്കാനാവാത്തതാണ്. ഈ പ്രപഞ്ചത്തെ പോലെ വിശാലതയുള്ള, കാപട്യമില്ലാത്ത, കളങ്കമില്ലാത്ത സ്നേഹമാണത്. ഇത്രയധികം സ്നേഹം കിട്ടുമ്പോൾ, അതിന്റെ പേരിൽ ഞാനൊരിക്കലും അഹങ്കരിച്ചിട്ടില്ല. പകരം എന്നിൽ അർപ്പിതമായ ഉത്തരവാദിത്വം സ്വയം തിരിച്ചറിയുകയാണ്, അതിനനുസരിച്ച് മനസ്സിനെ പാകപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇത്രയും കാലം എന്റെ ജീവിതം ഏത് വിഭാഗത്തിനു വേണ്ടിയാണോ മാറ്റിവെച്ചത്, അവരിൽനിന്നു തന്നെയാണ് എനിക്ക് ഏറ്റവും കൂടുതൽ മാനസിക പീഢനം അനുഭവിക്കേണ്ടിവന്നത്. എത്രയോ രാത്രികൾ ഞാൻ ഉറങ്ങാതെ കിടന്നിട്ടുണ്ട്. ആളുകൾ പറഞ്ഞതും, ചെയ്തതുമായ കാര്യങ്ങൾ മനസിലേക്ക് കടന്നുവരും.
ഞാൻ അടി കൊണ്ടതു മുഴുവൻ എന്റെ വിഭാഗത്തിനുവേണ്ടിയാണ്. പത്രക്കാർ എന്നോടു ചോദിക്കും, നിങ്ങളെന്താ ചിരിക്കാതെ എപ്പോഴും ഗൗരവത്തിൽ ഇരിക്കുന്നതെന്ന്. സത്യം പറഞ്ഞാൽ എന്റെ ആളുകളുടെ ദുരിതാവസ്ഥ കണ്ട്, ഒന്ന് മനസ്സു തുറന്ന് ചിരിക്കാനെല്ലാം മറന്നുപോയിരുന്നു. ഒരിക്കൽ സതി അങ്കമാലി എന്നെ ഇൻ്റർവ്യൂ ചെയ്യാൻ വന്നിരുന്നു. നമ്മുടെ ആളുകളുടെ ദുരിതവും കഷ്ടപ്പാടും സമരത്തിനിറങ്ങുമ്പോൾ നേരിടുന്ന വെല്ലുവിളികളും, ബുദ്ധിമുട്ടും, ആരോപണങ്ങളുമെല്ലാം പറഞ്ഞുതുടങ്ങിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പൊതുവെ എന്റെ മുഖം വളരെ ഗൗരവത്തിലാണ്. പലരും എന്നെ ഇൻ്റർവ്യൂ ചെയ്യാൻ വരുന്നതുതന്നെ പേടിച്ച് പേടിച്ചാണ്. ഞാൻ എങ്ങനെ പ്രതികരിക്കും, സംസാരിക്കുമോ, ദേഷ്യപ്പെടുമോ എന്നെല്ലാം ചിന്തിച്ചാണ് വരുന്നത്. പക്ഷേ എന്നോട് സംസാരിച്ചു കഴിയുമ്പോൾ തെറ്റിദ്ധാരണയും പേടിയുമെല്ലാം മാറും. എന്റെ ഗൗരവമുള്ള മുഖം ഒരു രക്ഷാകവചമായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പുരുഷനും ദുരുദ്ദേശ്യത്തോടെ എന്നെ ഇന്നുവരെ സമീപിച്ചിട്ടില്ല.
നമ്മുടെ ആളുകൾക്ക് സമരങ്ങളിലൂടെ ഭൂമി നേടി കൊടുത്തു. എന്റെ ഉത്തരവാദിത്വം നൂറിൽ നൂറ് പൂർത്തിയാക്കി. അതിൽ ഞാൻ സംതൃപ്തയാണ്. ഭൂമി വേണ്ടവിധം ഉപയോഗിക്കേണ്ടത് ആളുകളുടെ ഉത്തരവാദിത്വമാണ്. എന്റെ ആളുകൾ അടിമകളും, ആശ്രയരും, അഭയാർത്ഥികളും ആകാതെ സ്വാശ്രയരും സ്വതന്ത്രരും ആകണമെന്നാണ് ഞാൻ സ്വപ്നം കാണുന്നത്. ഇനിയും ഭൂരഹിതരായവർക്ക് ഭൂമി കിട്ടുന്നതുവരെ സജീവമായി സമരരംഗത്ത് നിൽക്കണമെന്നാണ് ആഗ്രഹം. ഇപ്പോഴത്തെ എന്റെ കുടുംബപശ്ചാത്തലത്തിൽ ഇങ്ങനെ സജീവമായി ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പ്രായമായ അമ്മയേയും മകളേയും തനിച്ചാക്കി വീട്ടിൽ നിന്ന് മാറി നിൽക്കാൻ പറ്റില്ല.
പൊതുപ്രവർത്തന രംഗത്തിറങ്ങിയപ്പോൾ മുതൽ എഴുപത്തഞ്ചോളം കള്ളക്കേസുകൾ എന്റെ പേരിൽ ചാർജു ചെയ്തിട്ടുണ്ട്. എല്ലാം ഭൂ സമരവുമായി ബന്ധപ്പെട്ടാണ്. വണ്ടിക്കൂലി ഇല്ലാതെ കേസിനു പോകാൻ കഴിയാതിരുന്നപ്പോൾ വാറണ്ട് ആയിട്ടുണ്ട്. കേസിനായി മുടക്കിയ പൈസ ഉണ്ടായിരുന്നെങ്കിൽ പത്തേക്കർ തോട്ടം വാങ്ങാമായിരുന്നു.
ഒരിക്കൽ അട്ടപ്പാടിയിൽ ആദിവാസികളുടെ 150 ഏക്കർ ഭൂമി ഒരു ഡോക്ടർ കൈയ്യേറിയിരുന്നു. ഞാനും അട്ടപ്പാടിയിലെ സി.എൻ. ബാബുരാജുവും ഈ ഭൂമി നോക്കാൻ പോയി. അതിന്റെ പേരിൽ എന്റെയും ബാബുരാജിന്റെയും പേരിൽ കേസെടുത്തു. പത്ത് വർഷം ഈ കേസുമായി ബന്ധപ്പെട്ട് ഞങ്ങൾ മണ്ണാർക്കാട് കോടതിയിൽ നടന്നു. കേസിനു പോകുമ്പോൾ വെളുപ്പിന് മൂന്ന് മണിക്ക് വയനാട്ടിൽ നിന്ന് പുറപ്പെടണം. പിന്നീട് കേസ് തള്ളി, ആ ഭൂമി ആദിവാസികൾക്കു തന്നെ ലഭിച്ചു.
ഏത് വിധത്തിലും കള്ളക്കേസുണ്ടാക്കി എന്നെ ഒതുക്കാൻ ശ്രമിച്ചിരുന്നു. പ്രവർത്തന രംഗത്തേക്കിറങ്ങിയപ്പോൾ മുതൽ ഭീഷണിയും ആരോപണങ്ങളും എന്നെ വിടാതെ പിൻതുടരുന്നുണ്ട്. ‘അവളെ ജീവനോടെ വെയ്ക്കരുത്, വെടിവെച്ച് കൊല്ലണം’ എന്നൊക്കെ പലരും പരസ്യമായി പറഞ്ഞിട്ടുണ്ട്. എനിക്കെതിരെ എതിർപ്പുകൾ ശക്തമായിരുന്നു. കള്ളക്കേസും അപവാദങ്ങളും പ്രചരിപ്പിക്കുമ്പോൾ എന്നോടൊപ്പമുള്ളവരെയും അത് ബാധിക്കും. പലരെയും ചോദ്യം ചെയ്യും, അവരുടെ വീട് റെയിഡ് നടത്തും.
പനവല്ലി മിച്ചഭൂമി കോളനിയിലെ അമ്മാളുവേച്ചിയുടെ വീടും, കണ്ണൂർ ആറളം ഫാമിലെ വിനീതയുടെ വീടും പോലീസ് റെയിഡ് നടത്തിട്ടുണ്ട്. ഒരിക്കൽ പനമരം പഞ്ചായത്തിലെ നീർവാരം കോളനിയിൽ രാത്രി ഞാൻ മീറ്റിംഗിന് പോയി. ഞാൻ എത്തിയതറിഞ്ഞ് പ്രദേശത്തെ കോൺഗ്രസ് നേതാക്കന്മാർ കാപ്പിത്തോട്ടത്തിൽ പതുങ്ങിയിരുന്നു. ഞാൻ മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവർ തല്ലാൻ വന്നു. ‘നീ തിരുനെല്ലി പഞ്ചായത്തിലുള്ള ആളല്ലേ, നിനക്കെന്താ ഈ പഞ്ചായത്തിൽ കാര്യം, എന്തിനാ നീ രാത്രി കോളനിയിൽ വന്ന് മീറ്റിംഗ് കൂടുന്നത്?’ എന്നെല്ലാം അവർ ആക്രോശിച്ചു. അപ്പോൾ കോളനിയിലെ ചോമിയമ്മയും സോമനും വന്നു. ‘ഞങ്ങളുടെ സമുദായക്കാരിയാണ്, ഞങ്ങളുടെ വീട്ടിൽ വരും, മീറ്റിംഗ് കൂടും, താമസിക്കും, അത് തടയാൻ പാർട്ടിക്കാർക്ക് അവകാശമില്ല, നിങ്ങളുടെ പാർട്ടി കാര്യമല്ല ഇവിടെ നടന്നത്, അതുകൊണ്ട് ഞങ്ങളുടെ കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ട’ എന്ന് അവർ പറഞ്ഞു. അതോടെയാണ് പാർട്ടിക്കാർ പോയത്. അല്ലെങ്കിൽ അവർ എന്നെ തല്ലിയേനെ.
ഓരോ കോളനിയിലും മീറ്റിംഗിന് പോകുമ്പോഴും രാഷ്ട്രീയക്കാർ ഓരോന്നും പറഞ്ഞ് വരും. ‘നീ തൃശ്ശിലേരിക്കാരിയല്ലേ, എന്തിനാ ഇവിടെ വന്നത്, തൃശ്ശിലേരിയിലെ കാര്യം നോക്കിയാൽ മതി, അതിനുള്ള അവകാശം നിനക്കില്ല’ എന്നെല്ലാം തിരുനെല്ലിയിലെ കമ്യൂണിസ്റ്റു പാർട്ടിക്കാർ എന്നോട് പറഞ്ഞിട്ടുണ്ട്.
‘ഞങ്ങൾ ആദിവാസികൾ സഹോദരങ്ങളാണ്, അവർ എവിടെയുണ്ടോ, അവിടെയെല്ലാം ഞാൻ വരും, അത് തടയാൻ നിങ്ങൾക്ക് എന്ത് അവകാശം’ എന്ന് ഞാൻ തിരിച്ചും ചോദിച്ചിട്ടുണ്ട്.
നമ്മുടെ ആളുകളെ സംഘടിപ്പിക്കുന്നത് ശരിക്കും ബുദ്ധിമുട്ടാണ്. ഓരോ കോളനിയിലും പോയി, ആളുകളെ കണ്ട്, കാര്യങ്ങൾ വിശദീകരിച്ച് മനസ്സിലാക്കി കൊടുത്ത്, കമ്മിറ്റി കൂടി വേണം കാര്യങ്ങൾ ചെയ്യാൻ. പൈസ മുടക്കിയും പട്ടിണി കിടന്നും ഉറക്കമൊഴിഞ്ഞും സ്വന്തം ആവശ്യങ്ങളെല്ലാം മാറ്റിവെച്ചും രാപകലില്ലാതെയാണ് കോളനികളിൽ മീറ്റിംഗ് ചേരുക. അങ്ങനെയാണ് പ്രവർത്തനത്തിനും, സമരത്തിനും ആളുകളെ സംഘടിപ്പിക്കുന്നത്. ഒറ്റയടിയ്ക്ക് പോയി പറഞ്ഞാലൊന്നും ആളുകൾ ഇറങ്ങില്ല. ഓരോ കോളനിയിലും അഞ്ചാറുതവണ കേറിയിറങ്ങി സംസാരിക്കണം. ഓരോ ദിവസം പോകുമ്പോഴും ഓരോ സംശയങ്ങളായിരിക്കും. അതെല്ലാം രാഷ്ട്രീയക്കാർ പറഞ്ഞു കൊടുക്കുന്നതാണ്. അതിനെല്ലാം മറുപടി പറഞ്ഞാണ് ആളുകളെ സംഘടിപ്പിക്കുന്നത്.
ഞാൻ കോളനിയിൽ പോയതറിഞ്ഞാൽ പാർട്ടിക്കാർ പരിസരത്ത് ചുറ്റിപ്പറ്റി നിൽക്കും. മീറ്റിംഗ് കഴിഞ്ഞിറങ്ങുമ്പോൾ അവർ കോളനിയിൽ കേറും. സി.കെ. ജാനു എന്താ പറഞ്ഞത്, എന്താ ചെയ്തത് എന്നു ചോദിക്കും. എന്നെക്കുറിച്ച് ഓരോന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കും. അവൾ നക്സലൈറ്റാണ്, അവളുടെ കൂടെ പോയാൽ കേസാവും, ജയിലിലായാൽ ഒരിക്കലും തിരിച്ചു വരാൻ കഴിയില്ല എന്നെല്ലാം അവരോട് പറയും. അവരെ കൂട്ടിക്കൊണ്ടുപോകുന്നതിന് എനിക്ക് ലക്ഷങ്ങൾ കിട്ടുന്നുണ്ടെന്നും അതിനാണ് അവരെ കൊണ്ടുപോകുന്നതെന്നും അതിൽനിന്ന് അഞ്ചു പൈസ അവർക്ക് കൊടുക്കാറുണ്ടോ എന്നെല്ലാം അവരെ തെറ്റിധരിപ്പിക്കും. അങ്ങനെ നമ്മുടെ കൂടെ വരുന്നവരെയെല്ലാം നാലു വഴിക്കാക്കും.
പെൺകുട്ടികൾ നമ്മുടെ കൂടെ പ്രവർത്തനത്തിന് വന്നാൽ അവരുടെ വീട്ടുകാരെ തെറ്റിധരിപ്പിക്കും. രാത്രി മീറ്റിംഗ് കൂടുന്നത് വേശ്യാവൃത്തി നടത്താനാണ്, മക്കളുടെ ഭാവി നശിക്കും, എന്റെ കൂടെ വിടരുത് എന്നെല്ലാം പറയും. പിന്നെ പെൺകുട്ടികളുടെ അച്ഛനും അമ്മയും അവരെ വീട്ടിൽനിന്നിറങ്ങാൻ സമ്മതിക്കില്ല. പ്രായമായവർക്ക് പാർട്ടിക്കാർ ചായയും, ഉണ്ടയും വാങ്ങികൊടുക്കും. ഞങ്ങൾ കോളനിയിൽ പോകുമ്പോൾ അമ്മമാർ പറയും, ഞങ്ങളുടെ ജീവൻ പിടിച്ചുനിന്നത്, അവർ ചായയും ഉണ്ടയും വാങ്ങിത്തന്നിട്ടാണ്, അതുകൊണ്ട് അവർ പറയുന്നതേ ഞങ്ങൾ കേൾക്കൂ.
ഒരിക്കൽ കൽപ്പറ്റയിലെ ഒരു കോളനിയിൽ പോയി. അവിടെയുള്ള ഒരു അമ്മയുടെ കുറേ നാളത്തെ ആഗ്രഹമായിരുന്നു, ഒരു ആടിനെ വാങ്ങണം എന്നത്. അവർ അടുത്തുള്ള ഒരു മുതലാളിയുടെ വീട്ടിൽ പണിക്കു പോകുന്നുണ്ടായിരുന്നു. പണിയെടുക്കുന്ന പൈസ ഒന്നിച്ച് കിട്ടുമ്പോൾ ആടിനെ വാങ്ങാനായിരുന്നു തീരുമാനം. ഇതറിഞ്ഞ മുതലാളി പൈസ ഒരുമിച്ച് കൊടുക്കാതെ ഇരുപത് രൂപ, അമ്പത് രൂപ, നൂറ് രൂപ എന്നിങ്ങനെ ഇടയ്ക്കിടെ ചില്ലറ കൊടുത്ത് പണിക്കൂലി തീർക്കും. ചില്ലറ തന്നാൽ നമ്മുടെ കൈയ്യിൽ ബാക്കിയൊന്നും ഉണ്ടാവില്ലല്ലോ. അങ്ങനെ അവരുടെ ആഗ്രഹം നടക്കാതെപോയി.
സെക്രട്ടേറിയറ്റിൽ സമരത്തിന് പോകുമ്പോൾ കോളനികളിൽ രാഷ്ട്രീയക്കാർ അപവാദങ്ങൾ പറഞ്ഞു പരത്തും. സമരത്തിനല്ല, സ്ത്രീകളെ കൊണ്ടുപോയി കാശു മേടിക്കുന്ന പണിയാണ് ചെയ്യുന്നതെന്ന്. ആണുങ്ങളാണ് സമരത്തിന് വരുന്നതെങ്കിൽ അവരുടെ ഭാര്യമാരോട് പറയും, നിനക്ക് അവസാനം കെട്ടിയോൻ ഉണ്ടാവില്ല എന്ന്. മീറ്റിംഗും സമരവും കഴിഞ്ഞ് തിരിച്ചെത്തിയാൽ, ഭാര്യയും, ഭർത്താവും തമ്മിൽ അടിയും വഴക്കുമാകും. പിന്നെ ഇവരൊന്നും സമരങ്ങൾക്ക് വരില്ല. ഇത്തരം അനുഭവങ്ങൾ കുറേയുണ്ടായിട്ടുണ്ട്.
നമ്മുടെ ആളുകൾ സംഘടിക്കുന്നതിനെ എങ്ങനെയെല്ലാം തടയാൻ പറ്റുമോ അതെല്ലാം രാഷ്ട്രീയക്കാരും മുതലാളിമാരും ചെയ്യാറുണ്ട്. വീണ്ടും വീണ്ടും കോളനികളിൽ പോയി തെറ്റിദ്ധാരണകളെല്ലാം തിരുത്തിയാണ് ഇക്കാലമത്രയും സമരങ്ങൾ നടത്തിയത്. എന്നാലും മുഴുവൻ ആളുകളൊന്നും വരില്ല. വരാമെന്ന് പറയുമെങ്കിലും, രാവിലെ പോകുമ്പോൾ ആരും ഉണ്ടാവില്ല. ഓരോരുത്തർ അവരവരുടെ വഴിയ്ക്ക് പോകും. രാഷ്ട്രീയക്കാർ പറഞ്ഞുപഠിപ്പിക്കുന്നതു പോലെ അവർ പറയും, ചെയ്യും. കോളനിയിൽ നിന്ന് മാറിനിൽക്കും. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ ഈ പ്രവർത്തനം നിർത്തിപ്പോകാൻ തോന്നുന്നില്ലേ എന്ന് പല സുഹൃത്തുക്കളും ചോദിച്ചിട്ടുണ്ട്.
എന്റെ മറുപടി ഇതായിരിക്കും: ഞാൻ എന്റെ ആളുകൾക്കുവേണ്ടി പ്രവർത്തിക്കാൻ ഇറങ്ങി തിരിച്ചതാണ്. അവരെ തെറ്റിദ്ധരിപ്പിച്ച്, മാനസികമായും ശാരീരികമായും ചൂഷണം ചെയ്യാനാണ് മറ്റുള്ളവർ ശ്രമിക്കുന്നതെന്ന് എനിക്ക് നന്നായറിയാം. ഇതിൽ നിന്ന് നമ്മുടെ ആളുകളെ മോചിപ്പിക്കണം. അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും അവർക്കിടിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. എന്തെല്ലാം അവഗണനയും ആരോപണങ്ങളും വേദനയും വിഷമവും മടുപ്പും ഉണ്ടായാലും അവരുടെ പ്രശ്നത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്നത്. എന്റെ വിഷമത്തിനും കഷ്ടപ്പാടിനുമല്ല ഞാൻ വില കൽപ്പിക്കുന്നത്. 2016–ൽ ബത്തേരി നിയോജക മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ‘ഇത്ര ദിവസത്തിനുള്ളിൽ കൊന്നുകളയും’ എന്ന ഭീഷണി കത്ത് വന്നിരുന്നു. ഇത്തരം ഭീഷണികളെ ഞാൻ ശ്രദ്ധിക്കാറില്ല, ഭയപ്പെടാറുമില്ല. ജനനത്തിനൊപ്പം മരണവുമുണ്ട്. അതുകൊണ്ട് മരണത്തെ പേടിച്ച് ഒളിച്ചോടുന്ന പരിപാടിയില്ല.
(തുടരും)