സ്വന്തമായി കരുതലില്ലാത്ത ജീവിതം, ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയ കാലം

ഒറ്റപ്പെട്ട് വീട്ടിലിരുന്നപ്പോഴാണ് എനിക്കുവേണ്ടി ഞാനൊന്നും ചെയ്തുവെച്ചില്ലല്ലോ എന്ന്​ തിരിച്ചറിയാന്‍ തുടങ്ങിയത്. മുന്നോട്ടുള്ള ജീവിതത്തിന് കരുതലായി സാമ്പത്തിക ഭദ്രത ഒരുക്കാതിരുന്നതിന്റെ ബുദ്ധിമുട്ടും വിഷമവും ശരിക്കും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടി.

അടിമമക്ക
അധ്യായം 46

രിക്കല്‍ കോഴിക്കോട് പൊറ്റന്മേലുള്ള വാസുവേട്ടന്റെ (എ. വാസു) വീട്ടില്‍ ഞാന്‍ പോയി. അവിടെ അദ്ദേഹത്തെ കണ്ട് സംസാരിക്കാന്‍ പ്രായമായ ഒരു അച്ഛനും അമ്മയും വന്നു. രണ്ടുപേര്‍ക്കും വാര്‍ദ്ധക്യത്തിന്റെ അവശതയുണ്ടായിരുന്നു. വീടിന്റെ മുകളിലേക്ക് സ്റ്റെപ്പ് കയറാൻ പോലും അവര്‍ ബുദ്ധിമുട്ടി. വാസുവേട്ടന്‍ അവരോട്​ വന്ന കാര്യം ചോദിച്ചു. അപ്പോള്‍ തന്നെ അവരുടെ കണ്ണില്‍ നിന്ന്​ കണ്ണീരിറ്റുന്നുണ്ടായിരുന്നു. സങ്കടം വിതുമ്പി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്​ഥ. എന്നാലും അവര്‍ ബുദ്ധിമുട്ടി കാര്യങ്ങള്‍ പറഞ്ഞു.

അവര്‍ക്ക് മൂന്ന് മക്കളുണ്ട്. എല്ലാവരും ഉയര്‍ന്ന ഉദ്യോഗസ്ഥരായി കുടുംബസമേതം വിദേശത്താണ്. അവരുടെ അദ്ധ്വാനവും ജീവിതവും സമയവുമെല്ലാം മക്കള്‍ക്കു വേണ്ടി ചെലവിട്ടു. പ്രായമായപ്പോള്‍ അവരെ വൃദ്ധസദനത്തില്‍ കൊണ്ടുവിട്ടു. ഇപ്പോള്‍ വൃദ്ധസദനത്തില്‍ നിന്നാണ് വരുന്നതെന്ന് അവര്‍ വിതുമ്പി പറഞ്ഞു.

‘ഞങ്ങള്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഉണ്ടാക്കിയ വീട്ടിലാണ് ഇക്കാലമത്രയും ജീവിച്ചത്. അതുകൊണ്ട് ആ വീട്ടില്‍ കിടന്ന് മരിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനൊരു അവസര മുണ്ടാക്കിത്തരണം, അതിനുവേണ്ടി നിങ്ങളുടെ കാല് ഞങ്ങള്‍ പിടിക്കാം’, അവര്‍ വാസുവേട്ടനോട് പറഞ്ഞു.

അവരുടെ അവസാനത്തെ ആഗ്രഹം സാധ്യമാക്കാന്‍അപേക്ഷിച്ചതു കണ്ടപ്പോള്‍ ഞാനറിയാതെ കണ്ണീരു വന്നു. ആ വല്ല്യച്​ഛന്റെയും വല്ല്യമ്മയുടെയും മുഖവും പറച്ചിലും കരച്ചിലുമെല്ലാം ഇന്നും മനസ്സിലുണ്ട്, ഒരിക്കലും മറക്കാനാകാതെ. ആ മക്കള്‍ക്ക് എങ്ങനെ അവരെ ഉപേക്ഷിക്കാന്‍ കഴിഞ്ഞു? നമ്മുടെയെല്ലാം ആദ്യത്തെയും അവസാനത്തെയും കാണപ്പെട്ട ദൈവം അച്ഛനും അമ്മയുമാണ്. വര്‍ത്തമാനം പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യം പറഞ്ഞു കൊടുക്കുന്നതും വിളിക്കുന്നതും അമ്മ, അച്ഛാ എന്നല്ലേ. പിന്നീടല്ലേ നമ്മള്‍ മറ്റു വാക്കുകള്‍ പറയാന്‍ തുടങ്ങുന്നത്. മക്കള്‍ക്കുവേണ്ടി എത്രയോ രാത്രികള്‍ മാതാപിതാക്കള്‍ ഉറങ്ങാതെയിരുന്നിട്ടുണ്ടാവും, എത്രയോ പ്രാവശ്യം ആഹാരം കഴിക്കാതെ ഇരുന്നിട്ടുണ്ടാവും, മക്കള്‍ക്കുവേണ്ടി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ചിട്ടുണ്ടാവും. മാതാപിതാക്കളുടെ ലോകം തന്നെ അവരുടെ മക്കളാണ്. എന്നാൽ, പ്രായമാവുമ്പോള്‍ അവര്‍ മക്കൾക്ക്​ ബാധ്യതയാകും, യാതൊരു വിലയും കല്‍പ്പിക്കാതെ, മാലിന്യം തള്ളുന്നതുപോലെ അവരെ വൃദ്ധസദനങ്ങളില്‍ തള്ളും.

എന്റെ പേരിലുള്ള റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ പെട്ടതായതുകൊണ്ട് രണ്ട് കിലോ അരി, രണ്ടു പേക്കറ്റ് ആട്ട, അര ലിറ്റര്‍ മണ്ണെണ്ണ എന്നിവ​ കിട്ടും. അതും പൈസ കൊടുത്ത് വാങ്ങണം. വീടിനടുത്തുള്ള ലക്ഷ്മി അവരുടെ കാര്‍ഡിലെ അരി എനിക്ക് വാങ്ങിത്തരും. അങ്ങനെയാണ് പട്ടിണിയില്ലാതെ മുന്നോട്ട് പോയിരുന്നത്.

വൃദ്ധസദനത്തിലിരിക്കുന്ന ഓരോ നിമിഷവും മക്കളെയോര്‍ത്ത് അവര്‍ എത്രമാത്രം വിങ്ങലും വേദനയും അനുഭവിക്കുന്നുണ്ടാവും. മക്കളുടെ ഓരോ വളര്‍ച്ചയിലും സന്തോഷിച്ച് അവരുമൊത്ത് ജീവിച്ച നിമിഷങ്ങള്‍. ആവോളം സ്നേഹം കൊടുത്ത്, ഒന്നിനും കുറവു വരുത്താതെ കരുതലോടെ നോക്കിയതെല്ലാം ഓര്‍ത്ത് അവരുടെ ഹൃദയം നുറുങ്ങുന്നുണ്ട്. ആ വേദനയുടെ കനലില്‍, ജീവിച്ചിരിക്കുന്ന മക്കള്‍ എരിഞ്ഞമര്‍ന്നില്ലാതാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രായമായ അച്ഛനെയും അമ്മയെയും സംരക്ഷിക്കാനും ശുശ്രൂഷിക്കാനും കിട്ടുന്ന അവസരം ലോകത്തിലെ ഏറ്റവും വലിയ പുണ്യമാണെന്ന് നമ്മള്‍ സ്വയം തിരിച്ചറിയണം. അങ്ങനെ നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവരില്‍ നിന്ന്​ നമുക്കു കിട്ടുന്ന പുഞ്ചിരിയും തലോടലും ഈ ജന്മത്തില്‍ നമുക്കുകിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹവും സമ്പത്തും സമാധാനവുമാണ്. അതുകൊണ്ട് നമ്മളാരും അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ കൊണ്ടാക്കരുത്. നമ്മുടെ വീടുകളില്‍ നമ്മളോടൊപ്പം മാതാപിതാക്കളെ ചേര്‍ത്തുനിര്‍ത്തണം.

അധ്യായം 47

നില്‍ക്കാന്‍ നേരമില്ലാതെ, രാപകലെന്നില്ലാതെ, നമ്മുടെ ആളുകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട്​, അതിന് പരിഹാരം തേടി സമരവും മറ്റുമായി ഓട്ടമായിരുന്നു. എങ്ങോട്ടും പോവാതെ വീട്ടില്‍ കുറെ ദിവസം നില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. കോവിഡ് തുടങ്ങിയപ്പോഴാണ് വീട്ടിലിരിക്കാന്‍ സമയം കിട്ടിയത്. അപ്പോള്‍ ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ചറിഞ്ഞു. കുറച്ചെങ്കിലും ആ പ്രശ്‌നത്തിന് പരിഹാരം കണ്ടത് മകളുള്ളതുകൊണ്ടുമാത്രമായിരുന്നു.

സി.കെ ജാനുവും മകളും

അനിയത്തിയുടെ മകന്‍ മരിച്ചതുകൊണ്ട് അവള്‍ തറവാട്ടില്‍ സ്ഥിരമായി താമസിക്കാന്‍ തുടങ്ങി. അമ്മയും അങ്ങോട്ട് പോയി. അതും കൂടിയായപ്പോള്‍എനിക്ക് വല്ലാത്ത അവസ്ഥയായിരുന്നു. ഞാനും മോളും മാത്രമായി വീട്ടില്‍. നന്നായി കൃഷി ചെയ്ത് വരുമാനമുണ്ടാക്കിയിരുന്ന ആളായിരുന്നു ഞാന്‍. അതു മുഴുവന്‍ സംഘടനാ പ്രവര്‍ത്തനത്തിനാണ്​ ചെലവഴിച്ചത്. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു പൈസപോലും മുന്‍കരുതലായി വെച്ചിരുന്നില്ല. കോവിഡ് സമയത്ത് ഒറ്റപ്പെട്ട് വീട്ടിലിരുന്നപ്പോഴാണ് എനിക്കുവേണ്ടി ഞാനൊന്നും ചെയ്തുവെച്ചില്ലല്ലോ എന്ന്​ തിരിച്ചറിയാന്‍ തുടങ്ങിയത്. മുന്നോട്ടുള്ള ജീവിതത്തിന് കരുതലായി സാമ്പത്തിക ഭദ്രത ഒരുക്കാതിരുന്നതിന്റെ ബുദ്ധിമുട്ടും വിഷമവും ശരിക്കും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടി. എന്റെ പേരിലുള്ള റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ പെട്ടതായതുകൊണ്ട് രണ്ട് കിലോ അരി, രണ്ടു പേക്കറ്റ് ആട്ട, അര ലിറ്റര്‍ മണ്ണെണ്ണ എന്നിവ​ കിട്ടും. അതും പൈസ കൊടുത്ത് വാങ്ങണം. വീടിനടുത്തുള്ള ലക്ഷ്മി അവരുടെ കാര്‍ഡിലെ അരി എനിക്ക് വാങ്ങിത്തരും. അങ്ങനെയാണ് പട്ടിണിയില്ലാതെ മുന്നോട്ട് പോയിരുന്നത്. പറമ്പില്‍ അത്യാവശ്യം ചക്കയും പപ്പായയും മാങ്ങയും പീച്ചിങ്ങയും വാഴയ്ക്കയും മത്തങ്ങയുമൊക്കെയുള്ളതുകൊണ്ട് കറി വെയ്ക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. പറമ്പിലെ സാധനങ്ങള്‍ മാത്രം കഴിച്ച് മോൾക്ക്​ മടുപ്പ് വന്നു. ഇറച്ചി വേണം, മീന്‍ വേണം എന്നവൾ പറഞ്ഞു കൊണ്ടിരുന്നു. ‘പൈസയുണ്ടാവുമ്പോള്‍ വാങ്ങി തരാം’ എന്ന്​ ഞാനവളോടു പറഞ്ഞു. പറഞ്ഞാല്‍ മനസ്സിലാവുന്ന കുട്ടിയായതു കൊണ്ട് അടങ്ങിയിരുന്നോളും. ലക്ഷ്മി എനിക്ക് 500 രൂപ തന്നു. ആ പൈസക്ക് മോൾക്ക്​ ഇറച്ചി വാങ്ങി കൊടുത്തു. ലക്ഷ്മി കൂലിപ്പണിയെടുത്ത് കഴിയുന്നവളാണ്. ഒരു ദിവസം എന്റെ അനിയത്തി- മാര കുഞ്ഞമ്മയുടെ മകള്‍- ബിന്ദുവിന്റെ മകന്‍ കണ്ണന്‍ (നികേഷ്) വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിത്തന്നു. വിഷുവിന് എനിക്കും, പൊന്നുവിനും വിഷുക്കോടിയും വാങ്ങി തന്നു. ഞാന്‍സഹായിച്ച, എനിക്കൊരു ആവശ്യം വന്നാല്‍ കൂടെയുണ്ടാവുമെന്ന് ഞാന്‍ വിചാരിച്ച പലരും ഒന്നു വിളിക്കുക പോലും ചെയ്​തില്ല.

വീട് വെയ്ക്കുന്നതിനെപ്പോലും എതിര്‍ത്ത സഹപ്രവര്‍ത്തകരുണ്ടായിരുന്നു. അവരുടെ വാക്ക് കേട്ടിരുന്നെങ്കില്‍ ഇന്ന് കേറിക്കിടക്കാന്‍ പോലും ഇടമില്ലാതായേനെ.

എനിക്ക് നല്ലൊരു തുക കടബാധ്യതയുണ്ട്. ആകെ സമ്പാദ്യം എന്നു പറയുന്നത് വീടും 1 1.3 ഏക്കര്‍ സ്ഥലവും ഒരു വണ്ടിയും മാത്രമാണ്. വണ്ടിയുടെ ലോൺ അടച്ചുതീര്‍ക്കാനുണ്ട്. സ്വന്തമായി കേറി കിടക്കാന്‍ ഒരു വീടുള്ളതു കൊണ്ട് ആത്മഹത്യ ചെയ്യാതെയും ആരുടെയും ആട്ടും, തുപ്പും കൊള്ളാതെയും രക്ഷപ്പെട്ടു. വീട് വെയ്ക്കുന്നതിനെപ്പോലും എതിര്‍ത്ത സഹപ്രവര്‍ത്തകരുണ്ടായിരുന്നു. അവരുടെ വാക്ക് കേട്ടിരുന്നെങ്കില്‍ ഇന്ന് കേറിക്കിടക്കാന്‍ പോലും ഇടമില്ലാതായേനെ. ഓരോ ആവശ്യത്തിന് നമ്മളെ ആളുകള്‍ വിളിക്കുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ഒരു സ്ഥലത്തും പോകാനും വരാനുമുള്ള സാഹചര്യം ഇല്ല. വയനാട്ടില്‍ ഇന്നത്തെ കാലാവസ്ഥ അനുസരിച്ച് കൃഷി അത്ര വിജയകരമല്ല. പ്രളയവും, കാലാവസ്ഥാ വ്യതിയാനവും കൃഷിയെ കാര്യമായി ബാധിച്ചു. കൃഷിയുമായി മുന്നോട്ട് പോകുമ്പോള്‍ ബാധ്യതകള്‍ കൂടുന്ന സ്​ഥിതിയാണ്​. ഒരു കാലത്ത് കൃഷി വിജയകരമായിരുന്നു. നല്ല വരുമാനം കിട്ടുമായിരുന്നു. ഇന്ന് കാപ്പിയില്‍ നിന്നും കുരുമുളകില്‍ നിന്നും കിട്ടുന്ന വരുമാനം കുറഞ്ഞു. അങ്ങനെയാണ് മറ്റൊരു വരുമാന മാര്‍ഗം വേണം എന്ന ചിന്ത ഉണ്ടാവുന്നത്. നാടന്‍ കോഴിഫാം തുടങ്ങണമെന്ന തീരുമാനത്തിലാണ് ഇപ്പോള്‍. അതിന്​ ചെറിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്റെ മോളുടെ വിദ്യഭ്യാസം തടസം കൂടാതെ നടത്താനും ഉപജീവനത്തിനും സ്ഥിരമായ ഒരു വരുമാനമാര്‍ഗം വേണം. ഇതുവരെ ആരെയും ആശ്രയിക്കാതെയാണ് ജീവിച്ചത്. ഇനി അങ്ങോട്ടും അതുപോലെ ജീവിക്കണമെന്നാണ് ആഗ്രഹം.

വീടിന് മുന്നിൽ സി.കെ ജാനു

അമ്മ എന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അമ്മയുടെ പെന്‍ഷന്‍ പൈസയില്‍ നിന്ന്​ മുറുക്കാന്‍ വാങ്ങാനുള്ള പൈസ മാത്രം എടുത്ത് ബാക്കി എനിക്ക് തരുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ചെലവ് കഴിഞ്ഞുപോകുന്നു. ഞാന്‍ ഒറ്റയ്ക്കായിരുന്നുവെങ്കില്‍ ചത്താല്‍ ചത്തു, ജീവിച്ചാല്‍ ജീവിച്ചു എന്ന് കരുതിയേനെ. പക്ഷെ ഇപ്പോൾ മോളും കൂടിയുള്ളതുകൊണ്ട് അങ്ങനെ കരുതാനും പറ്റില്ല.

വീട്ടിലിരുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തി. ആത്മകഥ എഴുതി പൂര്‍ത്തിയാക്കി, ഡ്രൈവിങ്​ പഠിച്ചു. ആദ്യം എനിക്ക്‌ ഡ്രൈവിങ്​ നന്നായി അറിയില്ലായിരുന്നു. വീടിനടുത്തുള്ള ചന്തുവേട്ടനാണ് (സി.ചന്തു) പഠിപ്പിച്ചു തന്നത്. കാട്ടിൽ കൂടിയുള്ള തിരുനെല്ലി- തോല്‍പ്പെട്ടി റോഡിലൂടെയാണ് ഡ്രൈവിങ്​ പഠിച്ചത്. എനിക്കെപ്പോഴും കാടിനോട് ഒരടുപ്പമുണ്ട്. കോവിഡ് കാരണം ആ സമയം വാഹനങ്ങളൊന്നും അതുവഴി അധികമുണ്ടായിരുന്നില്ല. സൗകര്യത്തിന് വണ്ടി ഓടിക്കാമായിരുന്നു. കാടിനുള്ളിൽ കൂടി ഡ്രൈവു ചെയ്​ത്​ പോകുമ്പോള്‍ പ്രത്യേക ഉന്മേഷവും മനസ്സിന് കുളിര്‍മയും നല്ല അനുഭവവും ആയിരുന്നു. ഡ്രൈവിങ്​ പഠിക്കുന്ന എല്ലാ ദിവസവും റോഡിനരികില്‍ ആനയുണ്ടാവും. ദൂരേന്ന് ആനയെ കാണുമ്പോഴെ പേടിച്ച്​ വിറ വരും. അപ്പോൾ ഞാന്‍ ഡ്രൈവിങ്​ സീറ്റില്‍ നിന്ന്​ മാറിയിരിക്കും. പിന്നെ ചന്തുവേട്ടന്‍ വണ്ടിയെടുക്കും. ആന നില്‍ക്കുന്നയിടം കഴിഞ്ഞാല്‍ പിന്നെ ഞാന്‍ വണ്ടിയോടിക്കും. ഒരു പ്രാവശ്യം, ഒരാന റോഡില്‍ തന്നെ നില്‍ക്കുന്നു. മൂന്നുവട്ടം അങ്ങോട്ടുമിങ്ങോട്ടും വണ്ടിയോടിച്ചിട്ടും ആന റോഡിൽനിന്ന്​ മാറുന്നില്ല. വാഹനങ്ങള്‍ തൊട്ടരികെ പോകുമ്പോഴെല്ലാം ഒന്ന്​ ചരിഞ്ഞു കൊടുക്കുകയാണ് ചെയ്തത്, അത്രപോലും റോഡില്‍ നിന്ന്​ മാറിയില്ല. അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്​.

ഡ്രൈവിങ്ങിനോട്​ ആദ്യമേ നല്ല താല്‍പര്യമായിരുന്നു. അതുകൊണ്ട് പരമാവധി വേഗം പഠിക്കാൻ ശ്രമം നടത്തി. ആദ്യം വണ്ടിയോടിച്ചപ്പോള്‍ദൂരേന്ന് വേറെ വണ്ടി വരുന്നത് കാണുമ്പോള്‍ നെഞ്ച്​ ആളും. വണ്ടി ഓടിക്കുന്നത് ഒരു ഭാരം പോലെയായിരുന്നു. പിന്നെ അതെല്ലാം മാറി. ഒരു ദിവസം തിരുനെല്ലി റോഡിലൂടെ ഒറ്റയ്ക്ക് വണ്ടിയോടിച്ച് പോയപ്പോൾ അഞ്ച്​ വലിയ ആനകളും ഒരു കുഞ്ഞും റോഡരികിലുണ്ടായിരുന്നു. തൊട്ടടുത്ത് എത്തിയപ്പോഴാണ് ആനയെ കണ്ടത്. ഒരാന ചീറിക്കൊണ്ട്​ വണ്ടിയുടെ പുറകില്‍ വന്നു. ഞാൻ വേഗത്തില്‍ ഓടിച്ചുപോയി. രണ്ടു മാസം കൊണ്ട് ഡ്രൈവിങ്​ പഠിച്ചു. നമ്മള്‍ ഒരു കാര്യം പഠിക്കണമെന്നു തീരുമാനിച്ചാല്‍ പ്രായമൊന്നും അതിന് ബാധകമാവില്ല. മനസ്സുകൊണ്ട് തീരുമാനിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്താല്‍ എന്തു കാര്യമായാലും പഠിക്കാനും നേടാനും സാധിക്കുമെന്ന്​ ഇതിലൂടെ എനിക്ക് മനസ്സിലായി. അതൊരു വലിയ തിരിച്ചറിവാണ്. നമ്മള്‍ മനസ്സുകൊണ്ട് ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ ആരെക്കെ, എന്തൊക്കെ പറഞ്ഞ് എതിര്‍ത്താലും നമ്മള്‍ നേടിയിരിക്കും. എന്നാൽ, ഒരു തീരുമാനം എടുക്കാന്‍ കഴിയാത്തിടത്തോളം ഒരു കാര്യവും സാധ്യമാക്കാന്‍ കഴിയാതെ വരികയും ചെയ്യും. ലേണിംഗ് ടെസ്റ്റ് വന്നപ്പോള്‍ പേടിയുണ്ടായിരുന്നു. കാരണം, ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങളുടെ പരീക്ഷയാണ് നടന്നിരുന്നത്. ആദ്യമായിട്ടാണ് ഒരു പരീക്ഷ എഴുതുന്നത്. സ്കൂളില്‍ പഠിക്കാത്തതു കൊണ്ട് ജീവിതത്തില്‍ ഇത്തരം പരീക്ഷകളുണ്ടായിട്ടില്ല. ലേണിംഗ് ടെസ്റ്റ് പാസായ നിമിഷം വലിയ ആത്മവിശ്വാസവും സന്തോഷവും തോന്നി. ‘ഒ’ എടുക്കാൻ കുറച്ചു ബുദ്ധിമുട്ടി. ട്രയല്‍ നടത്തുമ്പോള്‍ കമ്പിയിലും റിബണിലും തട്ടാതെ കൃത്യമായി എടുക്കുമായിരുന്നു. പക്ഷേ, ഇന്‍സ്പെക്ടറുടെയും മറ്റുള്ളവരുടെയും മുന്നില്‍ ‘ഒ’ എടുക്കുമ്പോള്‍ രണ്ടുതവണ തെറ്റിപ്പോയി. മൂന്നാമത്തെ തവണയാണ് ടെസ്റ്റ് പാസായത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ലൈസന്‍സ് കിട്ടി.

എന്നെ കാണുമ്പോള്‍ പലരും ലോഹ്യം പറയുമെങ്കിലും ഉള്ളിന്റെയുള്ളിലെ മനോഭാവവും മനസ്സും വേറെയാണ്. ഓരോ കാര്യങ്ങള്‍ ചെയ്യാനിറങ്ങുമ്പോഴാണ് ഇവരുടെ യഥാര്‍ത്ഥ സ്വഭാവം അറിയുക.

ഡ്രൈവിങ്​ പഠിപ്പിക്കാന്‍ ഞാൻ ചന്തുവേട്ടനെ കൂട്ടിയപ്പോള്‍ ആളുകള്‍ ചന്തുവേട്ടനോട് പറഞ്ഞു, അവരെ ഡ്രൈവിങ്​ പഠിപ്പിക്കരുത്, പഠിപ്പിച്ചാല്‍ തന്നെ പെട്ടെന്നൊന്നും പഠിപ്പിക്കരുത്, ആറുമാസമെടുത്ത് പഠിപ്പിച്ചാല്‍ മതി എന്ന്​. ഞാൻ ഡ്രൈവിങ്​ പഠിച്ചാല്‍ അവരുടെ പണിയില്ലാതാവും എന്നും ചന്തുവേട്ടനോട്​ എന്നെ അറിയുന്ന സുഹൃത്തുക്കൾ വരെ പറഞ്ഞു. എന്റെ പഠനം തടസപ്പെടുത്തുന്ന ഇടപെടലുകളുമുണ്ടായിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ഡ്രൈവിങ്​ പഠിച്ചത്. ആദിവാസികള്‍ എക്കാലവും തങ്ങളെ ആശ്രയിച്ച്, തങ്ങളുടെ കീഴില്‍ നിൽക്കണം എന്നാണ് ചിലരുടെ മനോഭാവം. ആദിവാസികള്‍ വാഹനം വാങ്ങരുത്, ഡ്രൈവിങ്​ പഠിക്കരുത്, എക്കാലവും മറ്റുള്ളവരുടെ വാഹനങ്ങളെ ആ​​ശ്രയിച്ച്​ വാടക കൊടുക്കുന്നവരായി നിലനില്‍ക്കണം എന്നാണ് പൊതുസമൂഹത്തിലെ ഭൂരിഭാഗം പേരുടെയും മനോഭാവം. എന്നെ കാണുമ്പോള്‍ പലരും ലോഹ്യം പറയുമെങ്കിലും ഉള്ളിന്റെയുള്ളിലെ മനോഭാവവും മനസ്സും വേറെയാണ്. ഓരോ കാര്യങ്ങള്‍ ചെയ്യാനിറങ്ങുമ്പോഴാണ് ഇവരുടെ യഥാര്‍ത്ഥ സ്വഭാവം അറിയുക. ഡ്രൈവിങ്​ പഠിച്ചുകഴിഞ്ഞ്, ആദ്യ ട്രിപ്പ് 2021 ഫെ​ബ്രുവരി രണ്ടിനായിരുന്നു. 600 രൂപ കൂലി കിട്ടി. ആറു ലക്ഷം രൂപ കിട്ടിയതിന്റെ മതിപ്പും സന്തോഷവുമായിരുന്നു. ഞാന്‍ അവരോട് വാടക പറഞ്ഞില്ല. ‘നിങ്ങള്‍ തീരുമാനിച്ച്​ എത്രയെന്നുവച്ചാൽ തന്നാല്‍ മതി’ എന്നാണ്​ ഞാന്‍ പറഞ്ഞത്​. കൈയ്യില്‍ പൈസയൊന്നുമില്ലാതിരുന്ന സമയം ഒരു ട്രിപ്പ് കിട്ടിയപ്പോള്‍ മനസ്സിന് വല്ലാത്ത സന്തോഷമായിരുന്നു. ഇനിയും ആരെങ്കിലും ടാക്‌സി ഓട്ടത്തിന് വിളിച്ചാല്‍ ഞാന്‍ പോകും.

കോവിഡ് ഒരു ജനാധിപത്യ രീതിയാണ് അവലംബിച്ചത്. പാവപ്പെട്ടവരെന്നും പണക്കാരനെന്നും വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യമായി പാഠം പഠിപ്പിച്ചു. പണമുണ്ടെങ്കില്‍ എല്ലാം നടത്താം, എന്തും നേടാം എന്ന ധാരണയ്ക്ക് ഒരു തിരുത്ത്. കാശു കൊടുത്ത് ക്വാറൻറയിൻ ഒഴിവാക്കാന്‍ പറ്റില്ലല്ലോ? നമുക്കൊരാവശ്യം വന്നാൽ എല്ലാവരും കൂടെയുണ്ടാവുമെന്നു കരുതിയവർക്ക്​ പലരുടെയും തനിസ്വഭാവം അറിയാൻ കഴിഞ്ഞു, നമുക്ക് നമ്മളേയുള്ളൂ എന്ന്​ സ്വയം തിരിച്ചറിയാനും കോവിഡ് കാലം അവസരമുണ്ടാക്കിക്കൊടുത്തു. ‘സ്വയാശ്രയം' എന്താണെന്ന് നമ്മളെ കൃത്യമായി പഠിപ്പിച്ചു. സ്വയം തിരിച്ചറിവാണ് കൂടുതല്‍ ആളുകള്‍ക്കുണ്ടായത്.

എന്തുകാര്യം ചെയ്യുമ്പോഴും അതോടൊപ്പം നമ്മളെക്കുറിച്ചും ചിന്തിക്കുകയും നമ്മുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുകയും വേണം. ഒരു പ്രായം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള്‍ നമുക്കുവേണ്ടി ഒന്നും ചെയ്യാതെ പോയതിന്റെ നഷ്ടമോർത്ത്​ സങ്കടപ്പെടേണ്ടിവരുമെന്ന തിരിച്ചറിവാണ് കോവിഡ് കാലം എനിക്കു നല്‍കിയത്.

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments