ജഗദമ്മ; അമ്മയെക്കുറിച്ച് ഡോ. എ.കെ. ജയശ്രീ

എന്റെ അമ്മ സ്‌കൂളിൽ അദ്ധ്യാപിക ആയിരുന്നത് കൊണ്ട് അച്ചടക്കവും പരീക്ഷകളും മറ്റുമാണ് ജീവിതമൂല്യങ്ങളായി കണ്ടിരുന്നത്. ഉപ്പും ഉള്ളിയും മുളകും തീരുന്നതിനു മുൻപ് കൃത്യമായി അത് ഓർത്തുവച്ച് പലചരക്കുകടയിൽ ആളെ വിട്ടു. പാലുകാരനും അലക്കുകാരിക്കും കൃത്യദിവസം പണം നൽകണമെന്ന് ഓർത്തുവച്ചു. അയലത്തെ വീട്ടുകാർ കൊണ്ടു തരുന്ന കറിവേപ്പില ഇതളുകളിൽ പോലും ആഹ്ലാദം കണ്ടെത്തുന്ന ആളാണ് എന്റെ അമ്മ. എന്നെ പോലെ സ്വതന്ത്രമായി പൊട്ടിച്ചിരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അമ്മ ഇപ്പോൾ എന്നെ അനുകരിച്ച് അതേ പോലെ ചിരിക്കുന്നു. നീ ഇങ്ങനെയാണ് ചിരിക്കുന്നതെന്ന് പറഞ്ഞ് സന്തോഷിക്കുന്നു- ഡോ. എ.കെ. ജയശ്രീ അമ്മ ജഗദമ്മയെക്കുറിച്ച് ട്രൂ കോപ്പി വെബ്‌സീനിൽ എഴുതിയ ആത്മകഥയിൽനിന്നാണിത്. ജഗദമ്മ സപ്തംബർ 24ന് അന്തരിച്ചു.

Truecopy Webzine

സ്ത്രീകൾ ദേവതകളോ പിശാചുക്കളോ എന്ന ചോദ്യം പുരുഷലോകത്തിൽ പുരാതനകാലം മുതൽ നിലനിന്നുപോരുന്നു. ഇതിൽ ഏതെങ്കിലും ഒന്നിൽ അവരെ തളക്കുകയും വേണം. പുരുഷന്മാരുണ്ടാക്കിയ ഒരു ലോകത്തിൽ സ്ത്രീകൾ അവരുടെ അപരരായി പല തരം വേഷങ്ങൾ ചമച്ച് അതിജീവനം നടത്തുകയാണ്. അത് മതങ്ങളുണ്ടാക്കിയ കെട്ടുകഥകളിലെ പോലെ സ്ത്രീയുടെ സഹജമായ ചാപല്യം കൊണ്ടല്ല. ജീവശാസ്ത്രപരമായ സവിശേഷതകൾ ഒരു ദൗർബ്ബല്യവുമല്ല. കാലം കടന്നു പോകുന്നതിനിടയിൽ സ്ത്രീകളുടെ മേൽ പതിച്ച ഒരനിവാര്യതയായി അത് കാണാവുന്നതാണ്.

മനുഷ്യരാശിയുടെ നില നിൽപ്പിനായി സ്ത്രീകൾ അവരുടെ ശരീരവും ആത്മാവും വിട്ടു നൽകുകയായിരുന്നോ? ആണെങ്കിൽ തീർച്ചയായും അത് എന്നെന്നേക്കുമായല്ല. അവരവരുടെ വ്യത്യസ്തനിലകളിൽ നിന്ന് കൊണ്ട് സ്വന്തം അസ്തിത്വം തിരയുക കൂടി ചെയ്തു കൊണ്ടാണവർ ജീവിക്കുന്നത്. സ്ത്രീകൾ മനുഷ്യരാണെങ്കിൽ മനുഷ്യരുടെ എല്ലാ സ്വഭാവങ്ങളും ഏറിയും കുറഞ്ഞും സ്ത്രീകളിലും ഉണ്ടാവും.

സ്ത്രീകളിലെല്ലാം ഒരേ ഭാവത്തിൽ എല്ലാ സ്ഥലത്തും എല്ലാ കാലത്തും കണ്ടെത്തിയിട്ടുള്ള ഗുണം മാതൃത്വത്തിന്റേതാണ്. എപ്പോഴും എല്ലാവർക്കും, തങ്ങൾക്കുള്ളതെല്ലാം നൽകി കൊണ്ടിരിക്കുന്ന ഈ വിശിഷ്ടഗുണത്തെ പ്രകൃതിയുമായി താരതമ്യം ചെയ്യുന്നതും കാണാം. മറ്റുള്ളവർക്ക് കവർന്നെടുക്കാനുള്ളതെല്ലാം അതിൽ അടങ്ങിയിട്ടുണ്ടത്രേ. അതിൽ ചില അമ്മമാരും സന്തുഷ്ടി കണ്ടെത്തുന്നു. വീട്ടിലെ പുരുഷന്മാരുടെയോ മറ്റുള്ളവരുടെയോ കൊള്ളരുതായ്മകളൊന്നും അവരെ ബാധിക്കുകയില്ല. ഇതു പോലെയുള്ള ഒട്ടനവധി സാധ്വികളായ സ്ത്രീകളെ നമുക്ക് കാണാൻ സാധിക്കും.

കഴിഞ്ഞ ആഴ്ച വരെ എനിക്ക് ഭക്ഷണം എടുത്തു തന്ന എൺപത്തൊമ്പതു വയസ്സായ എന്റെ അമ്മ ഇപ്പോൾ കട്ടിലിൽ വീണു കിടക്കുന്നു. അമ്മക്ക് ഇപ്പോൾ മറ്റുള്ളവർ ഭക്ഷണം വായിൽ വച്ചു കൊടുക്കണം. എന്നെയും എന്റെ അനുജത്തിയേയും മകളേയും കുളിപ്പിക്കുകയും ദീർഘകാലം ഊട്ടി വളർത്തുകയും ചെയ്തത് അമ്മയാണ്. അധ്യാപികയായിരുന്നു എങ്കിലും സ്‌കൂളിൽ നിന്ന് തിരിച്ചു വന്നാൽ പിന്നെ അടുക്കളയും ഭക്ഷണവും ഞങ്ങളുടെ പഠിപ്പുമായിരുന്നു അമ്മയുടെ ലോകം. അച്ചടക്കത്തിന്റെ ഒരു പ്രതിരൂപമായിരുന്നു അമ്മ എന്ന് പറയാം.

കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുകയും അത് സ്വന്തം ആളുകളെ കൊണ്ട് കഴിപ്പിക്കുകയും ചെയ്തിരുന്ന ആളായിരുന്നു അമ്മ. അമ്മയുടെ രണ്ടാമത്തെ തലമുറയിൽ ഇപ്പോഴുള്ള ഒരേ ഒരാൾ കനിയാണ്. അവൾക്ക് ഇതുവരെ കുഞ്ഞുങ്ങൾ ജനിച്ചിട്ടില്ലെന്നതിനാൽ പാരമ്പര്യം എങ്ങനെ നിലനിർത്താനാവും എന്ന കാര്യത്തിൽ അമ്മ ഇടക്കിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം തന്നെ വീട്ടിലുള്ള ഞങ്ങൾക്കാർക്കും തന്നെ അത്തരം ഉത്കണ്ഠ ഇല്ലാത്തതിനാൽ അമ്മക്ക് അതിന്റെ ആവശ്യകതയെ പറ്റിയുള്ള ബോദ്ധ്യം കുറയുകയും ചെയ്യാറുണ്ട്. ഓർമകൾ മങ്ങി കൊണ്ടിരിക്കുന്ന ഈ വേളയിലും ഇടക്കിടെ ഈ ചിന്ത ഉണ്ടാകുന്നുണ്ടെന്ന് തോന്നുന്നു. കനിക്കുശേഷം ആരാണുണ്ടാവുക എന്നൊരു ചോദ്യം ഇടക്കെപ്പോഴോ പൊന്തി വന്നു.

സഹോദരി രാജശ്രീക്കും അമ്മയ്ക്കും അച്ഛനുമൊപ്പം ജയശ്രീയും മൈത്രേയനും.

തലമുറകളിലൂടെ മനുഷ്യരാശിയെ നിലനിർത്തുക എന്നത് അബോധത്തിലും ബോധത്തിലും എല്ലാവരിലും ഉണ്ടാകും. എന്നാൽ, അത് സ്വന്തം ശരീരത്തിലൂടെ തന്നെ സംഭവിക്കണമെന്ന് സ്ത്രീകളും സ്വന്തം ബീജം തന്നെ വിതച്ചു കൊയ്യണമെന്ന് പുരുഷന്മാരും ആഗ്രഹിക്കുന്നത് സമൂഹം കൽപ്പിച്ചു കൂട്ടിയെടുത്ത ആശയത്തിൻ മേലാണ്. ബീജത്തിൽ നിന്നും സ്വന്തമായി കുഞ്ഞിനെ രൂപപ്പെടുത്തിയെടുക്കാൻ പുരുഷന് സ്ത്രീയുടെ സഹായം ഉണ്ടെങ്കിലേ കഴിയൂ. സ്വന്തം കുഞ്ഞിനെ ഉത്പാദിപ്പിക്കാൻ ആഗ്രഹിക്കുന്ന പുരുഷന് മറ്റു പുരുഷന്മാരുമായി മത്സരിച്ചു മാത്രമേ ഇത് സാദ്ധ്യമാകൂ. സ്ത്രീയിൽ ജനിക്കുന്നത് ആരുടെ കുഞ്ഞാണെന്ന ഉത്കണ്ഠ പുരുഷനെ വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കും. അതിന് സ്ത്രീയെ വരുതിയിലാക്കി സ്വന്തമാക്കി വച്ചു കൊണ്ടിരിക്കുകയേ മാർഗ്ഗമുള്ളൂ. സ്ത്രീയേയും കുഞ്ഞുങ്ങളെയും പോറ്റാനുള്ള വിഭവങ്ങൾ പണിയെടുത്തോ മറ്റുള്ളവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയോ ചൂഷണം ചെയ്തോ ഉണ്ടാക്കാനുള്ള ബാദ്ധ്യത പുരുഷന് വന്നു ചേരുന്നു. ഇവ ഉപയോഗിച്ച് സ്ത്രീയുടെ മേൽ ആധിപത്യം നേടുന്നു. മറുവശത്ത് സ്ത്രീകൾ ഒരു പുരുഷനെ സ്വന്തമാക്കി വക്കുക വഴി കുഞ്ഞുങ്ങളുടെയും തന്റേയും നില നിൽപ്പ് ഭദ്രമാക്കാനാഗ്രഹിക്കുകയും ചെയ്യുന്നു. ഇങ്ങനെ പരസ്പരം ഉപയോഗം കണ്ടെത്തുന്നുണ്ടെങ്കിലും, എത്രത്തോളം പരസ്പരം വിശ്വസ്തമായിരിക്കാമെന്ന ഭീതി ഇരു കൂട്ടരേയും അലട്ടി കൊണ്ടിരിക്കുകയും ചെയ്യും.

വിവാഹം പോലെയുള്ള വ്യവസ്ഥകൾ കൊണ്ടാണ് ഈ ഭീതി മറികടക്കാൻ ശ്രമിച്ചിട്ടുള്ളത്. ശരീരത്തിന്റെ കാമനകൾ ഈ സാമൂഹ്യാവശ്യങ്ങൾക്കും അപ്പുറത്തുള്ളതാണ്. അതിനാൽ എന്തെല്ലാം വ്യവസ്ഥകളുണ്ടായാലും, മനുഷ്യർ തമ്മിൽ വിവാഹത്തിനു പുറത്തും ഗാഢബന്ധങ്ങളുണ്ടാകാം. മനുഷ്യരെ സംബന്ധിച്ച് വൈകാരികവും ധാർമികവും സർഗ്ഗാത്മകവുമായ മണ്ഡലങ്ങൾ കൂടി വികസിച്ചിട്ടുണ്ട്. അതിനാൽ, മനുഷ്യരുടെ ചോദനകൾ പ്രജനനത്തിലും അതിന്റെ തൊട്ടടുത്ത പരിസരത്തിലും മാത്രമൊതുങ്ങുന്നില്ല. പ്രജനനം ഭാവിയിലേക്കുള്ള സ്വയം എടുത്തെറിയലും, നശ്വരതയെ കീഴടക്കാനുള്ള ശ്രമവുമാണെന്നിരിക്കെ, സർഗ്ഗാത്മക ചിന്തയേയും സൃഷ്ടികളെയും കൂടി അങ്ങനെ അനുഭവിക്കാൻ സാധിക്കും. ഒരു പടി കൂടി കടന്ന് ഉണ്മയിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ആൾ കാലം തന്നിലൂടെ കടന്നു പോകുന്ന മായാജാലമായി അനുഭവിച്ചു കൊണ്ട് നശ്വരത മറി കടക്കും.

ഇങ്ങനെ വ്യത്യസ്തങ്ങളായ രീതിയിൽ ഉത്കണ്ഠകൾ ശമിപ്പിക്കുകയാണ് എല്ലാ കാലത്തും സ്ത്രീകളും പുരുഷന്മാരും ക്വിയർ ജനങ്ങളും ചെയ്തിട്ടുള്ളത്. എന്നാൽ ജീവനമാർഗ്ഗങ്ങളുടെ പരിമിതികൾ കൊണ്ട് എല്ലാവർക്കും സർഗ്ഗാത്മകമായ സരണികൾ പിന്തുടരാൻ കഴിയുന്നില്ല. ആവശ്യങ്ങൾ ഞെരുക്കുന്ന ജീവിതങ്ങളാണ് നമുക്ക് ചുറ്റും കാണുന്നത്. ഈ പശ്ചാത്തലത്തിൽ നമുക്ക് സ്ത്രീകളുടെ വ്യത്യസ്തമായ ജീവിതാവസ്ഥകൾ കാണാൻ കഴിയും.
പഴയ തലമുറയിലൊക്കെ എന്റെ അമ്മയെ പോലെയുള്ള സ്ത്രീകളെയാണ് ധാരാളമായി കണ്ടിട്ടുള്ളത്. സ്വന്തം കുട്ടികൾക്കും കുടുംബത്തിനും വേണ്ടി സേവനം ചെയ്തു കൊണ്ടിരിക്കാൻ അവർ സദാ സന്നദ്ധരാണ്. അസ്വാതന്ത്ര്യത്തിന്റെ തടവിലാകുമ്പോഴും അവർ ഓരോരോ തരത്തിൽ ഉയിരിനെ ഉരുവം ചെയ്‌തെടുക്കുന്നു. ദേവതകളിലോ ഉപാസനാ മൂർത്തികളിലോ മനസ്സർപ്പിച്ച് സ്വന്തം ധർമ്മം നിർവ്വഹിക്കുന്നവരുണ്ട്.

വഴിപാടുകളിലൂടെയും പൂജയിലൂടെയും തങ്ങളുടെ കർമ്മങ്ങൾക്ക് ഫലപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിച്ച് ജീവിതത്തിന് അർത്ഥം കണ്ടെത്തുന്നവരുണ്ട്. ആധുനിക ജീവിതത്തിൽ സ്ത്രീകളും വീടിനു പുറത്തുള്ള പദ്ധതികളിൽ കൂടി ഏർപ്പെടുന്നവരാണ്. അവിടെ നിന്നും അവർ ആത്മസാധനക്ക് പുതിയ ഉപകരണങ്ങളും കണ്ടെത്തുന്നു. കൂടെ ചേർന്ന് നിൽക്കുന്നവർ നടത്തുന്ന ചൂഷണവും കൊള്ളരുതായ്മകളും അറിയുക പോലും ചെയ്യാത്തവരുണ്ട്. എന്റെ അമ്മ സ്‌കൂളിൽ അദ്ധ്യാപിക ആയിരുന്നത് കൊണ്ട് അച്ചടക്കവും പരീക്ഷകളും മറ്റുമാണ് ജീവിതമൂല്യങ്ങളായി കണ്ടിരുന്നത്. അമ്മക്ക് നൽകപ്പെട്ട കർത്തവ്യങ്ങൾ തികഞ്ഞ അച്ചടക്കത്തോടെ പരിപാലിച്ചു. ഉപ്പും ഉള്ളിയും മുളകും തീരുന്നതിനു മുൻപ് കൃത്യമായി അത് ഓർത്തുവച്ച് പലചരക്കുകടയിൽ ആളെ വിട്ടു. പാലുകാരനും അലക്കുകാരിക്കും കൃത്യദിവസം പണം നൽകണമെന്ന് ഓർത്തു വച്ചു. രാവിലെ ദോശയുണ്ടാക്കാൻ തലേ ദിവസം മാവ് തയാറാക്കി വെക്കാൻ മറന്നില്ല. അമ്മക്കുള്ള പല തരം മരുന്നുകൾ തെറ്റാതെ കൃത്യമായി എടുത്ത് കഴിച്ചു. എപ്പോഴും ഇതെല്ലാം മറന്നു പോവുകയും തെറ്റിക്കുകയും ചെയ്യുന്ന എന്നെ ഓർമ്മപ്പെടുത്തി. ആവർത്തനവിരസത ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ എങ്ങനെയാണ് രസകരമായും സന്തോഷത്തോടെയും ചെയ്യാൻ സാധിക്കുന്നതെന്നത് എന്നെ എപ്പോഴും അതിശയിപ്പിച്ചിരുന്നു. അയലത്തെ വീട്ടുകാർ കൊണ്ടു തരുന്ന കറിവേപ്പില ഇതളുകളിൽ പോലും ആഹ്ലാദം കണ്ടെത്തുന്ന ആളാണ് എന്റെ അമ്മ. വാർദ്ധക്യം മൂലം അമ്മക്ക് ഓർമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മറന്നു പോകുന്നതിനെ കുറിച്ചുള്ള ഓർമ്മകൾ അമ്മയെ ദുഃഖിപ്പിക്കുന്നു. തെറ്റി, തെറ്റി എന്നാവർത്തിച്ച് കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിയാത്തതിൽ വേവലാതിപ്പെടുന്നു. ബോധത്തിന്റെ കെട്ടുകൾ അഴിയവേ, നേരത്തേ അടഞ്ഞു കിടന്ന ചില വഴികൾ കണ്ടെത്തുകയും ചെയ്യുന്നു. എന്നെ പോലെ സ്വതന്ത്രമായി പൊട്ടിച്ചിരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അമ്മ ഇപ്പോൾ എന്നെ അനുകരിച്ച് അതേപോലെ ചിരിക്കുന്നു. നീ ഇങ്ങനെയാണ് ചിരിക്കുന്നതെന്ന് പറഞ്ഞ് സന്തോഷിക്കുന്നു.

ഞാൻ കുട്ടിക്കാലം മുതൽ കണ്ട് വളർന്നവരിൽ അമ്മയുടെ ഒരു സഹോദരി പൂർണമായും ഒരു വീട്ടമ്മ അഥവാ മുഴുവൻ സമയ ഗൃഹസേവിക ആയിരുന്നു. മറ്റു സഹോദരിമാർ അമ്മയെ പോലെ കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോയവരാണ്. വീട്ടിൽ സാമ്പത്തികമായി ഏറ്റവും പിൻനിലയിലുണ്ടായിരുന്നത് പുറത്ത് ജോലി ലഭിക്കാത്ത കുഞ്ഞമ്മയായിരുന്നു. എങ്കിലും, ജീവിതത്തിൽ ഏറ്റവും പരാതിയില്ലാതെ എപ്പോഴും മറ്റുള്ളവരിലേക്ക് എല്ലാം ചൊരിഞ്ഞു കൊണ്ടിരുന്നതും അവരായിരുന്നു. കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും നല്ല ഉടുപ്പുകൾ നൽകിയത് അവരാണ്. ആരോടും കയർത്തു സംസാരിച്ചു കണ്ടിട്ടില്ല. ഇത് പോലെയുള്ളവർ കർമം കൊണ്ട് ഏതു മഹാത്മാക്കളേയും മറി കടക്കുന്നു. എപ്പോഴും അവർ മറ്റുള്ളവരിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ സ്വയം ഭാരം അനുഭവിക്കുകയില്ല. ഈശ്വരന്റെ ഒരു കടാക്ഷം അവരിൽ വീണു കൊണ്ടിരിക്കും. പക്ഷെ, നിങ്ങൾ അങ്ങനെയാകണമെന്ന് പറയാൻ മറ്റുള്ളവർക്ക് അധികാരമുണ്ടോ എന്നതാണ് ചോദ്യം.

മാതൃത്വം ഉദാത്തമായി കാണുമ്പോഴും, സാമൂഹ്യമായി സ്ത്രീകൾ രണ്ടാം തരം മനുഷ്യരായി ഇകഴ്ത്തപ്പെടുന്നു എന്ന സ്ത്രീകളുടെ തിരിച്ചറിവ് ഉണ്ടാകാൻ തുടങ്ങിയത് പുതിയ കാലത്താണ്. സാങ്കല്പികമായ സ്ത്രീമാതൃകക്കനുസരിച്ച് സമ്പൂർണയായ ഒരു സ്ത്രീയെ ഒരു പക്ഷേ, എവിടെയും കാണാൻ കഴിയില്ല. പുരുഷന്റെ അപരയായി മാത്രം കാണപ്പെട്ടിട്ടുള്ള സ്ത്രീകളുടെ വിഷയിത്വം ഇനിയും രൂപപ്പെടേണ്ടതായാണുള്ളതെന്ന് ഇറിഗാരെയെ (Irigaray) പോലെയുള്ള ഫെമിനിസ്റ്റുകൾ പറയുന്നുണ്ട്. സ്ത്രീകളുടെ ധർമങ്ങൾ പുരുഷകേന്ദ്രിതമായ സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിർവ്വചിക്കപ്പെടുകയാണുണ്ടായിട്ടുള്ളത്. ചരിത്രത്തിലുടനീളം സ്ത്രീകൾ വിവിധ തരം റോളുകൾ വഹിച്ചിരുന്നു എന്ന് കാണാം. അതിൽ ഏത് വേണ്ടത്, ഏത് വേണ്ടാത്തത് എന്നത് സമൂഹത്തിന്റെ പൊതുവായ ആവശ്യത്തിനനുസരിച്ച് നിർധാരണം ചെയ്യപ്പെടുകയാണ്. മാതൃത്വം എല്ലാ കാലത്തും സ്ത്രീകൾക്ക് ഏറ്റവും പ്രധാനമായി കരുതി പോന്നു. മറ്റു റോളുകൾ കാലത്തിനനുസരിച്ചും. കൃഷിയിലും കച്ചവടത്തിലും കലഹങ്ങളിലും യുദ്ധങ്ങളിലും എല്ലാം സ്ത്രീകൾ പങ്കെടുത്തിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ച ധാരണകൾ, തൊഴിലിന്റെ അടിസ്ഥാനത്തിൽ, പല തരത്തിൽ അവരെ വിഭജിച്ച് നിർത്തുന്നതിന് കാരണമായി. ഉന്നത കുടുംബത്തിൽ ജീവിക്കുന്ന സ്ത്രീകൾ, ഗൃഹിണികളായി മാത്രം കഴിയുക എന്നത് മാതൃകയായി പോലും കരുതുന്നുണ്ട്. വർഗ്ഗപരമായും ജാതിപരമായും താ?ഴ്?ന്ന സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പണിയെടുക്കട്ടെ എന്നാണ്. ഇതിൽ ആരാണ് സ്ത്രീ? പണിയെടുക്കുന്ന സ്ത്രീ വാഴ്?ത്തപ്പെടുന്ന സ്ത്രീമഹിമകൾക്ക് യോജിച്ചവളാകില്ല. വെയിലത്ത് പണിയെടുക്കുന്ന സ്ത്രീക്ക് പൊൻ നിറവും ചുവന്നു തുടുത്ത കവിളും ഉണ്ടാകണമെന്നില്ല.അവളുടെ കൈകൾ പണിയെടുത്ത് തഴമ്പുള്ളതിനാൽ പരുപരുത്തവയായിരിക്കും. അവളുടെ കുഞ്ഞിന് മുലപ്പാൽ നല്കുന്നതെങ്ങനെ? മുലപ്പാലിനെ ഏറെ വാഴ്?ത്തുമ്പോഴും മുലപ്പാൽ നൽകാത്തത് സ്ത്രീയുടെ കുറ്റമായി ആരോപിക്കുമ്പോഴും മിക്ക പണിസ്ഥലങ്ങളിലും മുലപ്പാൽ നൽകാനോ കുഞ്ഞിനെ നോക്കാനോ ഉള്ള സംവിധാനങ്ങളുണ്ടാവില്ല. അതിനുള്ള അവധിയും പല തൊഴിൽദായകരും നൽകാറില്ല.

ജഗദമ്മയോടൊപ്പം ജയശ്രീയും മൈത്രേയനും.

വീടിനുള്ളിൽ ദേവതയെ പോലെ പൂജിച്ച് ഇരുത്തിയിട്ടുള്ള സ്ത്രീകളുടെ അവസ്ഥയും അവരുടെ അനുഭവത്തിൽ സന്തോഷകരമാണെന്ന് പറയാൻ കഴിയില്ല. വിക്ടോറിയൻ കാലഘട്ടത്തിൽ ഇംഗ്ലണ്ടിലും മറ്റും ഉന്നതകുലജാതരായ സ്ത്രീകളുടെ ദുർബ്ബല ശരീരം സ്ത്രീത്വത്തിന്റെ ലക്ഷണമായി കരുതിയിരുന്നു. ബുദ്ധിപരവും കായികവുമായ പ്രവർത്തനങ്ങളിൽ സ്ത്രീകൾ ഏർപ്പെടുന്നത് സ്ത്രൈണതയെ കളങ്കപ്പെടുത്തുന്നതായാണ് മനസ്സിലാക്കിയത്. അവരുടെ ഊർജ്ജം മുഴുവൻ ഗർഭാശയത്തിലേക്കും പ്രത്യുത്പാദനത്തിലേക്കും കേന്ദ്രീകരിക്കണമെന്നായിരുന്നു സങ്കൽപ്പം. വളരെ കുറച്ച് സ്ത്രീകൾക്ക് മാത്രമായിരിക്കും ഇത് ജീവിതത്തിലേക്ക് പകർത്താനായിട്ടുണ്ടാവുക. പല സ്ത്രീകളും അതിന് ശ്രമിക്കുകയും ഒരു അതിജീവനകല എന്ന തരത്തിൽ പരിശീലിക്കാൻ നോക്കിയിട്ടും ഉണ്ടാവും എന്ന് മാത്രം. ഇപ്പോഴും അതിന്റെ സൂക്ഷ്മമായ അംശങ്ങൾ ലിംഗപദവിവ്യവസ്ഥയിൽ കുടി കൊള്ളുന്നു. സ്ത്രീകൾ അത് ഏറെക്കുറെ ഉൾക്കൊള്ളുന്നത് കൊണ്ട് മാത്രമാണ് ഇപ്പോഴും ഉയർന്ന വിദ്യാഭ്യാസം നേടിയ സ്ത്രീകളും അവരുടെ കരിയർ താൽപ്പര്യങ്ങളെ പിന്നോട്ട് മാറ്റി വർഷങ്ങൾ പ്രത്യുത്പാദനത്തിനു വേണ്ടി ചെലവാക്കുന്നത്. തൊഴിൽ സ്ഥലത്ത് സ്ത്രീകൾ പിന്നിലാകുന്നത് അവർ അപമാനമായി കാണുന്നില്ല. രണ്ടും അതിവിദഗ്ധമായി കൊണ്ട് പോകുന്നവരും കുടുംബകാര്യങ്ങൾ ഞങ്ങൾ ഒരിക്കലും പ്രൊഫഷന് വേണ്ടി വിട്ടുവീഴ്ചക്ക് വിട്ടു കൊടുക്കില്ലെന്ന് അഭിമാനപൂർവ്വം പറയുന്നു. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സീനിയർ ആയ പെൺകുട്ടികൾ, വീട്ടുകാർ വിവാഹം ആലോചിക്കുന്നതും അതെ പറ്റി ആഘോഷമായി സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ പാരച്യൂട്ടിൽ അഭ്യാസം കാണിക്കുന്നവരും രാഷ്ട്രീയ പ്രബുദ്ധത ഉള്ളവരും ഒക്കെയായ പെൺകുട്ടികളൊക്കെ ഉണ്ടായിരുന്നിട്ടും പല പെൺകുട്ടികളും മന്ദം മന്ദം കാൽ വിരൽ നോക്കി നടക്കാനും പതിയെ സംസാരിക്കാനും പരിശീലിച്ചതായി കണ്ടിട്ടുണ്ട്.

എന്തായാലും, കുടുംബസേവനം കൊണ്ട് നിങ്ങൾക്ക് ലഭ്യമാകും എന്ന് പറയുന്ന സംരക്ഷണയിലും പൂജനീയതയിലും സംശയാലുക്കളായ സ്ത്രീകൾ ആധുനിക കാലത്ത് കൂടുതലായി ഉണ്ടായി കൊണ്ടിരിക്കുന്നു. അവരിലൂടെയാണ് കാലം മാറ്റങ്ങൾ കൊണ്ട് വരുന്നത്. എന്നാൽ മാറ്റത്തിന്റെ വാഹകരായാണ് തങ്ങൾ നില കൊള്ളുന്നതെന്ന് പലരും അറിയുന്നില്ല. സ്വന്തം ധർമത്തെ പോലും പഴിക്കേണ്ട അവസ്ഥയിലേക്ക് വ്യവസ്ഥിതി അവരെ തള്ളി വിടുന്നുണ്ട്. വീടിനു പുറത്ത് പണിയെടുക്കുകയും സേവനം നൽകുകയും ചെയ്യുന്നവരായ സ്ത്രീകൾ കുടുംബത്തിലെ ധർമ്മത്തിൽ നിന്ന് വ്യതിചലിച്ചവരായാണ് സ്വയം മനസ്സിലാക്കുന്നത്. ഈ അവസ്ഥ ഏറെക്കുറെ എല്ലാ സ്ത്രീകളിലും പല തോതിൽ കാണുന്നുണ്ട്. സ്ത്രീകളെ ദേവതകളെന്നോ പിശാചുക്കളെന്നോ രണ്ട് തരത്തിൽ മാത്രം കാണുന്നത് യാഥാർഥ്യത്തിന് നിരക്കുന്നതല്ല.
കാൽപ്പനികതയുടെ തടവറയിൽ നിന്ന് മോചിതരാകുന്നതിനനുസരിച്ച് സ്ത്രീകർതൃത്വങ്ങൾ രൂപപ്പെട്ടു കൊണ്ടിരിക്കും.

എഴുകോൺ
ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ
ട്രൂ കോപ്പി ​വെബ്​സീനിൽ വായിക്കാം, കേൾക്കാം

Comments